എഴുത്തുകാരന്‍ എന്നും പ്രതിപക്ഷത്തായിരിക്കണം

അഭിമുഖം : 
ഇ.പി. ശ്രീകുമാര്‍‌ X ഇളവൂര്‍ ശ്രീകുമാര്‍

മലയാളസാഹിത്യത്തിലെ വേറിട്ട സഞ്ചാരപാതയാണ് ഇ.പി. ശ്രീകുമാറിന്‍റേത്. പ്രമേയസ്വീകരണത്തിലെ വൈവിധ്യമാണ് ഈ എഴുത്തുകാരനെ ശ്രദ്ധേയനാക്കുന്നത്. മലയാളത്തിന് അപരിചിതമായ ലോകങ്ങളിലേക്കാണ് ശ്രീകുമാറിന്‍റെ ഓരോ നോവലും നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. തന്‍റെ നേവലുകളെക്കുറിച്ച്, എഴുത്തുവഴികളെക്കുറിച്ച്, നിലപാടുകളെക്കുറിച്ച് ഇ.പി. ശ്രീകുമാര്‍ സംസാരിക്കുന്നു.


നോവലെഴുത്തിൽ ധാരാളം  ചെറുപ്പക്കാർ വരുന്നു. ധാരാളം പുതിയ നോവലുകളും പ്രസിദ്ധീകരിക്കപ്പെടുന്നു. എന്നാല്‍ ക്ലാസിക് ടച്ചുള്ള നോവലുകള്‍ എന്ന് എടുത്തുപറയാന്‍ ഏറെയൊന്നുമില്ല. ആധുനികതയുടെ കാലത്തേതുപോലെ ഒരു ലാവണ്യ കലാപത്തിനുള്ള സാധ്യതകള്‍ നോവലില്‍ ഇനി ഇനി പ്രതീക്ഷിക്കാമോ?

= ക്ലാസിക് സ്വഭാവമുള്ള നോവലുകൾ ഏതുകാലത്തും അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. പരിധിയില്ലാത്ത സാധ്യതകൾക്കും അത്ഭുതങ്ങൾക്കും ഇടമുള്ള ഒരു മാധ്യമമാണ് നോവൽ. പ്രത്യേകിച്ച്, ലോകം മുഴുവൻ അതിരുകളില്ലാതെ ഒന്നായി മാറുകയും പുതിയ സംഭവ വികാസങ്ങൾ അതതു സമയത്തു തന്നെ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന കാലത്ത് . സാങ്കേതികവിദ്യയുടെ വിസ്മയകരമായ വളർച്ച പുസ്തകങ്ങളെയും വായനയെയും എഴുത്തിനെയും പുതിയ തലങ്ങളിലേക്ക് ഉയർത്തിയിരിക്കുന്നു. ഈ കാലഘട്ടത്തിൽ നോവലിൽ വമ്പിച്ച മാറ്റങ്ങൾ എപ്പോഴും പ്രതീക്ഷിക്കാവുന്നതാണ് . നോവലിന് വളരാൻ കഴിയുന്ന വളക്കൂറുള്ള മണ്ണ് എന്നു പറയാൻ കഴിയുമാറ്, അനിശ്ചിതമായ ഇന്നത്തെ ലോകക്രമത്തിന്‍റെ സമസ്ത മേഖലകളുo സങ്കീർണ്ണവും ഇരുളടഞ്ഞതുമായ അവസ്ഥയിലാണ്. അവിടെ വിസ്ഫോടനം ഉണ്ടാക്കാനാവുന്ന കൃതികൾ ഉണ്ടാവാതെ തരമില്ല. അവ സമീപ ഭാവിയിൽ വരാനിരിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. 

പലരും പറഞ്ഞിട്ടുള്ളതുപോലെ എഴുത്തുകാരൻ എന്നും പ്രതിപക്ഷത്തായിരിക്കണം എന്നതിനോടൊപ്പമാണ് ഞാനും. അയാൾ ജനപക്ഷത്തു നിന്ന് ഭരണകൂടങ്ങളെ തിരുത്തേണ്ടവനാണ്. അവർക്ക് നിർദ്ദേശങ്ങൾ നൽകേണ്ടവനാണ്. 

എഴുത്ത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?  സാഹിത്യത്തിന് വേണ്ടിയുള്ള സംഘടനകള്‍ക്ക് (ഉദാ. പു.ക.സ) എന്ത് പ്രസക്തിയാണ് ഇന്നുള്ളത്?

എന്‍റെ എഴുത്ത് എന്‍റെ രാഷ്ട്രീയമാണ്. ഇവിടെ രാഷ്ട്രീയമെന്നാൽ കക്ഷിരാഷ്ട്രീയം എന്ന് അർത്ഥമാകുന്നില്ല . വിവിധ കഷ്ടപ്പാടുകളിൽ, പ്രതിസന്ധികളിൽ ഉഴറി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു വഴിയുമില്ലാതെ നിസ്സഹായാവസ്ഥയിൽ മരണത്തിനു മുമ്പിൽ എത്തിനിൽക്കുന്ന മനുഷ്യനെക്കുറിച്ച് എഴുത്തുകാരൻ എടുക്കുന്ന നിലപാടാണ് അയാളുടെ രാഷ്ട്രീയം. എഴുത്തിനുള്ള വിഷയങ്ങളുടെ തെരഞ്ഞെടുപ്പിൽ തുടങ്ങുന്നു അത് . കോവിലനോട് ബഷീർ ചോദിച്ചില്ലേ, ' 'നീ എന്തിന് എഴുതുന്നു? ' എന്ന് . എഴുത്തിന്‍റെ ലക്ഷ്യത്തെ സംബന്ധിച്ച സുപ്രധാന ചോദ്യമാണിത്.  രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെടുത്തിയുള്ള എഴുത്തിൽ എനിക്കു താല്പര്യമില്ല. എഴുത്തിലെ രാഷ്ട്രീയം ഒരു ആശയമാണ്. നിലപാടുകളുടെ ധാരയാണ്. സഹാനുഭൂതിയാണ്. കനിവാണ്. ചിലത് ചൂണ്ടിക്കാണിക്കലാണ്. ശ്രദ്ധ ക്ഷണിക്കലാണ്. മുന്നറിയിപ്പുകളാണ്. ഇത്തരം എഴുത്തിൽ മുഖം നോക്കാതെ ചോദ്യങ്ങൾ ചോദിക്കും. പ്രതിഷേധിക്കും. നിഷേധിക്കും.

വിവിധ കഷ്ടപ്പാടുകളിൽ, പ്രതിസന്ധികളിൽ ഉഴറി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു വഴിയുമില്ലാതെ നിസ്സഹായാവസ്ഥയിൽ മരണത്തിനു മുമ്പിൽ എത്തിനിൽക്കുന്ന മനുഷ്യനെക്കുറിച്ച് എഴുത്തുകാരൻ എടുക്കുന്ന നിലപാടാണ് അയാളുടെ രാഷ്ട്രീയം.

 ചോദ്യോത്തരങ്ങൾ പോലെ എഴുത്തും സ്വതന്ത്രമായിരിക്കണം. എന്‍റെ എഴുത്തിലെ രാഷ്ട്രീയo, ദുരിത ജീവിതത്തിൽ നൊന്ത് പിടയുന്നവന്‍റെ തേങ്ങലുകളുടെ മാറ്റൊലിയാണ്. അതായിരിക്കണം ഒരെഴുത്തുകാരന്‍റെ പ്രത്യയശാസ്ത്രം എന്ന് ഞാൻ കരുതുന്നു. പലരും പറഞ്ഞിട്ടുള്ളതുപോലെ എഴുത്തുകാരൻ എന്നും പ്രതിപക്ഷത്തായിരിക്കണം എന്നതിനോടൊപ്പമാണ് ഞാനും. അയാൾ ജനപക്ഷത്തു നിന്ന് ഭരണകൂടങ്ങളെ തിരുത്തേണ്ടവനാണ്. അവർക്ക് നിർദ്ദേശങ്ങൾ നൽകേണ്ടവനാണ്. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും ഗ്രൂപ്പുകളും കൂട്ടായ്മകളും ചേർന്ന് ഇവിടെ ഒരു സജീവത നിലനിർത്തുന്നുണ്ട് എന്നത് ഒരു സത്യമാണ് . വിയോജിപ്പുകൾക്കിടയിലും ഇത്തരം സംഘടനകൾ കാലങ്ങളായി നിലനിൽക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്. 

? ഇന്ന് എഴുത്തുകാരെ പലതരം ഭയങ്ങൾ ഭരിക്കുന്നുണ്ട്. തങ്ങള്‍ നിരാകരിക്കപ്പെടുമോ എന്ന ചിന്തയാണ് പ്രധാനമായും അതിനു പിന്നില്‍. പല ജനകീയ വിഷയങ്ങളിലും എഴുത്തുകാർ പാലിക്കുന്ന മൗനം ഇതിനു തെളിവല്ലേ? 

= എഴുത്തിൽ കടന്നു വരുന്ന ഒരു പ്രധാന ഭയം മത വിദ്വേഷത്തിന്‍റെയും വർഗ്ഗീയതയുടെയും പ്രയോക്താക്കളിൽ നിന്നുണ്ടാകാൻ ഇടയുള്ള ഭീഷണിയാണ്. എന്തിലും ഏതിലും മത ചിഹ്നങ്ങൾ കണ്ടെത്തുന്ന ഇത്തരക്കാരുടെ ഇടപെടലുകൾ ഭയന്ന് ഒരു കഥാപാത്രത്തിന് പേരിടുന്നതിനു തന്നെ ആശങ്കയോടെയാണ്. സാഹിത്യത്തെ സാഹിത്യമായി കാണാതെ , മതത്തിന്‍റെയും ജാതിയുടെയും സങ്കുചിത താല്പര്യത്തിൽ എഴുത്ത് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയെയാണ് എഴുത്തുകാരൻ സന്ദേഹത്തോടെ കാണുന്നത് . എഴുതുന്ന ഓരോ വാക്കിനെയും വർഗ്ഗീയതയുടെ കണ്ണിലൂടെ മാത്രം കണ്ട് വിലയിരുത്തുന്ന സങ്കുചിതമായ സമീപനം സാഹിത്യത്തെയും സംസ്കാരത്തെയും ഏറെ തളർത്തുകയാണ് ചെയ്യുന്നത് . സ്വതന്ത്രമായ ചിന്തയും നിർഭയമായ മനസ്സും ഉണ്ടായാൽ മാത്രമേ മൂല്യവത്തായ സാഹിത്യകൃതി സൃഷ്ടിക്കാനാവൂ. വരാനിടയുള്ള ആക്ഷേപങ്ങൾ ഒഴിവാക്കാൻ രചനയിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട കഥാപാത്രങ്ങളുടെ അവതരണങ്ങൾ അതീവ ശ്രദ്ധയോടെ സമതുലിതമാക്കേണ്ടതുണ്ട്. രചനാപ്രക്രിയ ഇത്തരത്തിൽ പുറത്തുനിന്നുള്ള പ്രേരണകൾക്ക് വിധേയമാകേണ്ടി വന്നാൽ, അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നാൽ അത് കൃതിയുടെ മൊത്തം ഏകാഗ്രതയെയും മൂല്യത്തെയും ബാധിക്കുമെന്നുള്ളതാണ് സത്യം.. എഴുത്തുകാരുടെ മൗനത്തിന് പല കാരണങ്ങളുണ്ട്. സാമൂഹിക പ്രശ്നങ്ങളിലെ നിലപാടുകൾ തന്‍റെ എഴുത്തിലൂടെ സമൂഹത്തെ അറിയിച്ചിട്ടുള്ളതായതുകൊണ്ട് മറ്റൊരു മാധ്യമത്തിലൂടെ അത് ആവർത്തിക്കേണ്ടതില്ലെന്ന് കരുതിയിട്ടാവാം. ഏതെങ്കിലും ഒരു പക്ഷത്ത് നിൽക്കേണ്ടി വരുന്നത് ഒഴിവാക്കുവാൻ , അതിലൂടെ ആരെയും പിണക്കാതിരിക്കാൻ വേണ്ടിയുമാവാം . താൻ നിരാകരിക്കപ്പെടുമോ എന്ന ഭയം ഉണ്ടാകുന്നത് സ്വന്തം എഴുത്തിലുള്ള ആത്മവിശ്വാസക്കുറവുകൊണ്ടാണ് .

എഴുത്തിൽ കടന്നു വരുന്ന ഒരു പ്രധാന ഭയം മത വിദ്വേഷത്തിന്‍റെയും വർഗ്ഗീയതയുടെയും പ്രയോക്താക്കളിൽ നിന്നുണ്ടാകാൻ ഇടയുള്ള ഭീഷണിയാണ്. എന്തിലും ഏതിലും മത ചിഹ്നങ്ങൾ കണ്ടെത്തുന്ന ഇത്തരക്കാരുടെ ഇടപെടലുകൾ ഭയന്ന് ഒരു കഥാപാത്രത്തിന് പേരിടുന്നതിനു തന്നെ ആശങ്കയോടെയാണ്.

? നമ്മുടെ സാഹിത്യത്തിന്‍റെ ഉള്ളടക്കം ഇപ്പോഴും പുതുക്കപ്പെടുന്നില്ല. പൊതുവേ സ്ഥിരം പരിവൃത്തത്തിനുള്ളില്‍നിന്നാണ് ഇപ്പോഴുമത് എഴുത്തിന്‍റെ സാധ്യതകള്‍ അന്വേഷിക്കുന്നത്. ഗ്ലോബല്‍ വില്ലേജ് എന്ന സങ്കല്പം യാഥാര്‍ഥ്യമായിക്കഴിഞ്ഞിട്ടും മലയാളത്തിലെ എഴുത്തുകാരുടെ അനുഭവലോകം വികസിക്കുന്നില്ല എന്നു പറഞ്ഞാല്‍ യോജിക്കുമോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. 

= ഒരു എഴുത്തുകാരൻ നിർബ്ബന്ധമായി ഏറ്റെടുക്കേണ്ട ബാധ്യത, തന്‍റെ എഴുത്ത് കാലോചിതമായി പുതുക്കിക്കൊണ്ടിരിക്കുക എന്ന പ്രവർത്തനമാണ്. ഇതിവൃത്തത്തിന്‍റെ കാര്യത്തിലും ആഖ്യാന രീതിയിലും എഴുത്ത് നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കണം. അതിന് പരന്ന വായനയും വിസ്തൃതമായ ലോക വീക്ഷണവും കൂടിയേ കഴിയൂ. സാഹിത്യത്തിന്‍റെ സഞ്ചാരവും ഗതിമാറ്റങ്ങളും പരിവർത്തനങ്ങളും സസൂഷ്മം ശ്രദ്ധിക്കേണ്ടതുണ്ട്. എഴുത്തുകാരന്‍റെ അനുഭവലോകം വിശാലമായിരിക്കണമെന്നില്ല . അതേസമയം ആഴത്തിലുള്ള ജീവിതാനുഭവങ്ങളുടെ കരുത്ത് നേടിയവരിൽനിന്നും എഴുത്തുകാരന് ഒട്ടേറെ സ്വീകരിക്കാനും സ്വാംശീകരിക്കാനും കഴിയും, അത് അവന്‍റെ എഴുത്തിന് മുതൽക്കൂട്ടാക്കുവാനും സാധിക്കും. അതേ സമയം, പരിചിതമായ പരിവൃത്തത്തിന് പുറത്തു കടന്നുള്ള എഴുത്തിന് സാധ്യത കണ്ടെത്തുന്ന ഫലപ്രദമായ ചില പരിശ്രമങ്ങളും ഇവിടെ കാണാനാവുന്നുണ്ട് എന്ന് എടുത്തു പറയേണ്ടതുണ്ട്.

ഇതിവൃത്തത്തിന്‍റെ കാര്യത്തിലും ആഖ്യാന രീതിയിലും എഴുത്ത് നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കണം. അതിന് പരന്ന വായനയും വിസ്തൃതമായ ലോക വീക്ഷണവും കൂടിയേ കഴിയൂ. 

താങ്കളുടെ നോവലുകളുടെ ഏറ്റവും വലിയ പ്രത്യേകത പ്രമേയപരമായി അത് പുലർത്തുന്ന വൈവിധ്യമാണ്. ഓരോ നോവലും പ്രമേയപരമായി വ്യത്യസ്തമാണ് ഈയൊരു വ്യത്യസ്തത മനപ്പൂർവ്വം കൊണ്ടുവരുന്നതാണോ? അങ്ങനെയെങ്കില്‍ കാരണം? 

എഴുത്തിന്‍റെ രംഗത്ത് പ്രവേശിച്ച സമയത്ത് ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു . അതിലൊന്ന്, പലരും പറഞ്ഞു പഴകിയ വിഷയങ്ങളിൽ എഴുതേണ്ടതില്ലെന്നാണ് . ആരും പറഞ്ഞിട്ടില്ലാത്ത കഥ, ആരും എഴുതാത്ത ശൈലിയിൽ രചിക്കൻ കഴിയുമോ എന്ന ലക്ഷ്യത്തിലേക്കുള്ള കൊച്ചു കൊച്ചു അന്വേഷണങ്ങളായിരുന്നു എന്‍റെ എഴുത്ത്, അത് കഥയായാലും നോവലായാലും . എന്നാൽ അതിനായി മനപ്പൂർവമായ ശ്രമങ്ങൾ നടത്തിയിട്ടില്ല. നേരത്തെ മനസ്സിൽ രൂപംകൊണ്ടു കിടന്നിരുന്ന പ്രമേയങ്ങളാണ് പിൽക്കാലത്ത് നോവലുകളായി എഴുതിയത്. ഉദാഹരണത്തിന്, ബാങ്ക് ജീവിതകാലത്ത് മനസ്സിനെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന ആഗോള സമാന്തര നാണ്യഘടനയുടെ അനന്ത വ്യവഹാരങ്ങൾ, ഔദ്യോഗിക രംഗത്തുനിന്നും പുറത്തുവന്ന ഉടനെ നോവലാക്കി എഴുതിയതാണ് ' ദ്രവ്യം '.. അതുപോലെതന്നെയാണ് 'സ്വരം ' നോവൽ. മറവി രോഗത്തിന്‍റെ ശാപാനുഭവത്തിന് ഇരയായി മരണപ്പെടേണ്ടി വന്ന അച്ഛന്‍റെ തീഷ്ണമായ രോഗാവസ്ഥകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ തന്നെ, അവ മനസ്സിൽ കുറിച്ചു തുടങ്ങിയിരുന്നു ഞാൻ .മറവി തീഷ്ണവും ഭീകരവുമായ ഒരു വ്യാധിയായി മാറുന്നത് എങ്ങനെയെന്ന് എന്നെ കാണിച്ചും അനുഭവപ്പെടുത്തിയും തന്നു അച്ഛൻ. ആ അനുഭവം വെച്ച് , ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത അൽഷിമേഴ്സ് രോഗത്തെക്കുറിച്ച്, രോഗിയെ കുറിച്ച് , രോഗിയെ പരിചരിക്കുന്നവരെക്കുറിച്ച് എഴുതണമെന്ന് നിശ്ചയിച്ചു. അത് എന്‍റെ സമൂഹത്തോടുള്ള കടപ്പാടു കൂടിയായിരുന്നു. അതിലൂടെ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും രോഗത്തെ പ്രാരംഭത്തിൽ തിരിച്ചറിയുവാനും മറ്റും ഇടയാക്കിയാൽ എഴുത്ത് സാർത്ഥകമാകും എന്ന് ഞാൻ വിശ്വസിച്ചു.

താങ്കളുടെ ആദ്യ നോവൽ “മാറാമുദ്ര” ഭയാനകമായ ഒരു ഭാവിയെക്കുറിച്ചുള്ള വിപൽശങ്കകൾ പങ്കുവയ്ക്കുകയായിരുന്നു. ഇന്ന് അവയിൽ പലതും യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന് ഒരു നടുക്കത്തോടെ നാം അറിയുന്നു. അക്കാലത്തെ നോവലുകളുടെ പൊതുധാരയിൽ നിന്ന് മാറി ചിന്തിക്കാൻ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു?

എഴുത്തിന്‍റെ രംഗത്ത് പ്രവേശിച്ച സമയത്ത് ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു . അതിലൊന്ന്, പലരും പറഞ്ഞു പഴകിയ വിഷയങ്ങളിൽ എഴുതേണ്ടതില്ലെന്നാണ്.

= ഒരു നോവൽ എഴുതണം എന്ന് തീരുമാനിച്ച് എഴുതിയതല്ല 'മാറാമുദ്ര '. നീണ്ട കാലം വായനക്കാർ ഒരു മാറ്റത്തിനായി ദാഹിക്കുകയായിരുന്നു. വരണ്ട സാഹിത്യത്തെ പാടേ അവഗണിച്ചുകൊണ്ട് പുതിയ മാനങ്ങൾ ഉള്ള, പുതിയകാല മനുഷ്യന്‍റെ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന വ്യത്യസ്തമായ ഒരു സൃഷ്ടിക്കായി അവർ കാത്തിരിക്കുകയാണ് എന്ന വസ്തുത പല സഹൃദയ കൂട്ടായ്മകളിലും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ഏറെനാളത്തെ ആലോചനയിൽ ഉരുത്തിരിഞ്ഞുണ്ടായ ചില ആശയങ്ങളും നിരീക്ഷണങ്ങളും മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. അതിൽ, സമകാല ലോകാവസ്ഥയിലെ ആശങ്കകളായിരുന്നു പ്രധാനം. കൂടാതെ, ഭാവി പ്രതീക്ഷകളുടെ അന്ധകാരം നിറഞ്ഞ ദുർഘട വഴികളും, തൊഴിലില്ലായ്മയുടെ ഭീകരഘട്ടത്തിലെത്തി വഴിതെറ്റിപ്പോകുന്ന യുവത്വത്തിന്‍റെ പ്രതിലോമകരമായ അയനങ്ങളുമുണ്ടായിരുന്നു. ജീവിത പ്രതിസന്ധികളിലും കുരുക്കുകളിലും പെട്ട് കർമ്മോത്സുകത നഷ്ടപ്പെടുന്ന ചെറുപ്പക്കാരും അവരെ സഹായിക്കാനാവാതെ അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യകളും ഉണ്ടായിരുന്നു. ഇത്തരം ചിന്തകൾ വളർന്നു വന്നപ്പോൾ മറക്കാതിരിക്കാൻ കുത്തിക്കുറിച്ചു വെച്ചു. ആദ്യ സംരംഭം, ആ കുറിപ്പുകളെ വെച്ച് ഒരു ചെറുകഥ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ആശയങ്ങൾ അതിൽ ഒതുങ്ങില്ലെന്ന് വന്നപ്പോൾ നോവലെറ്റിനെക്കുറിച്ച് ചിന്തിച്ചു. എന്നാൽ, പിന്നീട് എഴുതി വന്നപ്പോൾ അതിലും നിൽക്കാതെ ഒരു നോവൽ രൂപമായി. ദീർഘകാലമെടുത്തു ആ പ്രവർത്തനത്തിന്. അത് ഞാൻ പോലും പ്രതീക്ഷിക്കാതെ സ്വാഭാവികമായി രൂപംകൊണ്ട ഒരു പരിണാമ പ്രക്രിയയായിരുന്നു.

 എന്നെ സംബന്ധിച്ചിടത്തോളം, ഏറെനാളത്തെ ആലോചനയിൽ ഉരുത്തിരിഞ്ഞുണ്ടായ ചില ആശയങ്ങളും നിരീക്ഷണങ്ങളും മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. അതിൽ, സമകാല ലോകാവസ്ഥയിലെ ആശങ്കകളായിരുന്നു പ്രധാനം. 

'മാറാമുദ്ര' ആണ് മലയാളത്തിലെ ആദ്യ ശാസ്ത്ര നോവല്‍ എന്നൊരു നിരീക്ഷണമുണ്ടല്ലോ. അതേക്കുറിച്ച്?

=ശാസ്ത്ര നോവൽ എഴുതണമെന്ന് ഉദ്ദേശിച്ചിട്ടേയില്ലായിരുന്നു . 'മാറാമുദ്ര 'എഴുതി പൂർത്തിയായ ശേഷവും അത് ഒരു ശാസ്ത്ര നോവൽ ആണെന്ന് ഞാൻ അവകാശപ്പെട്ടില്ല. ആ നോവലിന് കറന്റ് ബുക്സിന്‍റെ (ഡി.സി.ബുക്സിന്‍റെ ) സുവർണ്ണ ജൂബിലി നോവൽ അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് അറിയാമല്ലോ. അവാർഡ് നിശ്ചയിച്ച ജഡ്ജിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന പ്രശസ്ത എഴുത്തുകാരൻ സക്കറിയയാണ് ആദ്യമായി മാറാമുദ്ര സയൻസ് ഫിക്ഷൻ ആണെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് പുസ്തകത്തിന്‍റെ പരസ്യങ്ങളിലും അത് പ്രത്യക്ഷപ്പെട്ടു. 'സയൻസ് ഫിക്ഷന്‍റെ മേഖലയിലേക്ക് ഒരുപക്ഷേ ആദ്യമായി നടത്തപ്പെടുന്ന കാൽവെപ്പാണ് ഈ നോവൽ' എന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നത്. അതാണ് ഈ നോവൽ സയൻസ് ഫിക്ഷൻ എന്ന നിലയിൽ ചർച്ച ചെയ്യപ്പെടാൻ കാരണം.

ശാസ്ത്രീയ സംഗീതം വെറും ഭക്തി രസം പ്രകടിപ്പിക്കാനുള്ള ഉപാധി എന്ന നിലയിൽ നിന്നും മാറി, മറ്റനേകം ഭാവരസങ്ങൾക്കു കൂടി ഇടമുള്ള ഒന്നാണെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഒപ്പം, സംഗീതം ഒരു സമരായുധം കൂടിയാണ് എന്നും പറഞ്ഞുവെക്കാൻ ഞാൻ ആഗ്രഹിച്ചു.

? സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട നോവലാണ് 'സ്വരം.' സ്വരത്തിന്‍റെ എഴുത്തുവഴികള്‍ എങ്ങനെയായിരുന്നു?  

മലയാളത്തിൽ സമ്പൂർണ്ണമായി സംഗീത പശ്ചാത്തലത്തിൽ ഒരു നോവൽ ഇല്ലാത്തതിന്‍റെ കുറവ് എന്നും മനസ്സിലുണ്ടായിരുന്നു. അതോടൊപ്പം, അനേകകാലത്തെ സംഗീത പ്രവർത്തനത്തിൽ ആർജ്ജിച്ച അനുഭവങ്ങളും രൂപപ്പെടുത്തിയ സംഗീത സങ്കല്പങ്ങളും ഉത്തരം തേടിയ അനേകം സന്ദേഹങ്ങളും, നേരിട്ട സാമൂഹിക പ്രശ്നങ്ങളും പങ്കുവെക്കപ്പെടേണ്ടതാണെന്നുള്ള തോന്നലും എനിക്കുണ്ടായിരുന്നു. സംഗീതരംഗത്ത് കാലങ്ങളായി നിലനിൽക്കുന്ന ജാതീയ അവഗണനകൾ, പുരുഷമേധാവിത്വം, ലിംഗ വിവേചനം, സ്ത്രീ വിരുദ്ധത തുടങ്ങിയ സങ്കീർണ വിഷയങ്ങൾ സമൂഹത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഞാൻ ആഗ്രഹിച്ചു. ശാസ്ത്രീയ സംഗീതം വെറും ഭക്തി രസം പ്രകടിപ്പിക്കാനുള്ള ഉപാധി എന്ന നിലയിൽ നിന്നും മാറി, മറ്റനേകം ഭാവരസങ്ങൾക്കു കൂടി ഇടമുള്ള ഒന്നാണെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഒപ്പം, സംഗീതം ഒരു സമരായുധം കൂടിയാണ് എന്നും പറഞ്ഞുവെക്കാൻ ഞാൻ ആഗ്രഹിച്ചു. അതിൽ സമര സംഗീതം എന്ന ഒരു പുതിയ വിഭാഗം കൂടി അവതരിപ്പിക്കുന്നുണ്ട് . ഇത്തരം ചിന്തകളിലൂടെ ആണ് സ്വരം നോവൽ രൂപപ്പെട്ടത്.  ഈ നോവലെഴുത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ന്യൂറോ സയൻസും സംഗീത ശാസ്ത്രവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതായി ഞാൻ മനസ്സിലാക്കിയത്. ലോകമെമ്പാടും ഡിമെൻഷ്യയുമായി ബന്ധപ്പെട്ട് നടക്കുന്ന പരീക്ഷണങ്ങളിൽ സംഗീതവും ഭാഗമാകുന്നുണ്ട് . ആ പുതിയ അറിവ് സ്വരം നോവലിന് ഏറെ പ്രയോജനം ചെയ്യുമെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെയാണ് സംഗീതവും ഓർമ്മയും ഇഴ ചേരുമ്പോൾ ഉണ്ടാകുന്ന സർഗ്ഗാത്മകതയുടെ കഥയിലേക്ക് എത്തുന്നത് . ഇക്കാര്യത്തിൽ ഡോക്ടർ വി. എസ്. രാമചന്ദ്രൻ എന്ന ലോകപ്രശസ്ത ന്യൂറോ സയന്‍റിസ്റ്റിന്‍റെ നിരീക്ഷണങ്ങൾ വലിയ അളവിൽ സഹായിച്ചു. ഡിമെൻഷ്യ മരുന്നില്ലാത്ത ഒരു മാറാരോഗമാകുന്നു. വിള്ളൽ വീണ മൺകുടത്തിൽ വെള്ളം നിറയ്ക്കും പോലെ ചോർന്നു പോകുന്ന ഓർമ്മകളെക്കുറിച്ചു പറയവെയാണ് അദ്ദേഹം 'സിനസ്തേഷ്യ ' എന്ന അത്ഭുത പ്രതിഭാസത്തെ വിശദീകരിക്കുന്നത്. യാഥാർത്ഥ്യത്തിനും മായക്കാഴ്ചയ്ക്കും മധ്യേയുള്ള അപൂർവ്വ ലോകത്ത് ജീവിക്കുന്ന 'സിനസ്തെറ്റുകൾ '. അവർ ആകൃതികളെ കേൾക്കുന്നു. നിറം രുചിച്ചറിയുന്നു. ശബ്ദം കാണുന്നു. ശാസ്ത്രത്തിന്‍റെ ഈ അത്ഭുത കണ്ടെത്തൽ ഉണ്ടാക്കിയ അമ്പരപ്പിലൂടെ ഒരു സ്വപ്നാടനം പോലെ ഞാൻ മുന്നോട്ടു പോയി. അങ്ങനെയാണ് ഞാൻ വിസ്മൃതിയും സംഗീതവും മസ്തിഷ്കത്തിൽ നിരുപാധികം വിലയിക്കുമ്പോൾ ഉണ്ടാകുന്ന സർഗ്ഗസാദ്ധ്യതയുടെ മഹാപ്രപഞ്ചത്തിൽ എത്തുന്നത്.

? സ്വരം എന്ന നോവലിനെയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തെയും മുൻനിർത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചിരുന്നല്ലോ.

= അതെ. സ്വരം നോവൽ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സി 'ൽ സ്ഥാനം പിടിച്ച് ഐ. ബി. ആർ. അച്ചീവർ ബഹുമതി നേടി. മലയാളത്തിൽ ആദ്യമായിട്ടാണ് ഒരു പുസ്തകം ഈ നേട്ടത്തിന് അർഹമാകുന്നത്. നോവലിന്‍റെ ഉള്ളടക്കമാണ് (content)  ഇതിന് കാരണമായത്.

? സ്വരത്തിന് നല്‍കിയ സംഗീതാവിഷ്ക്കാരം വേറിട്ടൊരനുഭവമായിരുന്നു.  നോവലിന് സംഗീതാവിഷ്കരണം മലയാളത്തില്‍ അത്ര സാധാരണമല്ല. 'സ്വര'ത്തിന്‍റെ സംഗീതാവിഷ്കരണത്തിലേക്കെത്തിയ വഴികള്‍?

=  ഈ നോവലെഴുത്തിന്‍റെ വഴികളിലെല്ലാം സംഗീതവും എന്‍റെ കൂടെ സഞ്ചരിച്ചിരുന്നു. അപ്പോഴൊക്കെ നോവൽ ഒരു സംഗീതാലാപനമായിരുന്നു എന്‍റെ മനസ്സിൽ. നോവലിനെ ആദ്യാവസാനം സംഗീത ആഖ്യാനത്തിന് വിധേയമാക്കാൻ കഴിയും എന്ന് വിശ്വാസം തരുന്ന വിവിധ രാഗ സഞ്ചാരങ്ങൾ മനസ്സിൽ നിറഞ്ഞിരുന്നു . അത് ഒരു സംഗീത ശില്പമാക്കി ഒരുക്കിയെടുക്കാൻ മനസ്സ് വെമ്പി. ഭാഗ്യവശാൽ മികച്ച സംഗീതജ്ഞാനവും അനുഭവ പരിചയവുമുള്ള മനസ്സിനിണങ്ങിയ ആറ് വാദ്യകലാകാരന്മാരും ആഖ്യാതാവായി ഒരു ശബ്ദ കലാകാരനും ഇക്കാര്യത്തിൽ സഹായവുമായി കൂടെ വന്നു. ശൂന്യതയിൽ നിന്നും ഒരു മാജിക് പോലെയാണ് നോവലിന്‍റെ സംഗീത ഭാഷ്യം ഉരുത്തിരിഞ്ഞു വന്നത്. നാല്പത്തിയൊന്ന് അധ്യായങ്ങളെ സംഗ്രഹിച്ച് ഏഴു ഖണ്ഡങ്ങളാക്കി. കഥാഗതി പ്രകടമാവുന്നതും സംഗീതാവിഷ്കരണത്തിന് വഴങ്ങുന്നതും സംഗീതത്തിലൂടെ ആശയപ്രകടനത്തിന് ആവുന്നതുമായ വിധത്തിലാണ് ഭാഗങ്ങളാക്കി തിരിച്ചത്. ഭാഗങ്ങൾ ഓരോന്നിനും യോജിച്ച വൈകാരിക ഭാവത്തിനനുസൃതമായുള്ള രാഗങ്ങൾ തിരഞ്ഞെടുത്തു. ഓരോ ഖണ്ഡത്തിനും ആമുഖമായി ഹ്രസ്വമായ ഒരു ആഖ്യാനം കൂടി വന്നപ്പോൾ അത് പൂർത്തിയായി. അങ്ങനെ നോവൽ, അക്ഷരങ്ങളുടെ മാധ്യമത്തിൽ നിന്നും സംഗീതത്തിന്‍റെ മാധ്യമത്തിലേക്ക് പരിഭാഷപ്പെട്ടു. മലയാളത്തിൽ ഇത് പ്രഥമ സംരംഭമാണ്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 'സ്വരപ്രമാണം ' സംഗീത ശില്പം വേദികളിൽ അവതരിപ്പിച്ചത്, പുസ്തകം വായിച്ചവരും അല്ലാത്തവരുമായ ആസ്വാദകർ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഈ സംഗീത ആഖ്യാനം ഡി.സി. ബുക്സ്, ക്യു. ആർ. കോഡ് സ്കാൻ ചെയ്ത് കേൾക്കാൻ കഴിയും വിധം നോവലിൽ ചേർത്തു. വായനയോടൊപ്പം അതിന്‍റെ സംഗീത ആവിഷ്കരണവും കേൾക്കാൻ ഇത് ഇട നൽകി. ഇക്കാര്യവും മലയാളത്തിൽ ആദ്യമാണ്. ഇതുപോലെ വിവിധ കലകളിൽ ഉണ്ടാകുന്ന സർഗ്ഗസൃഷ്ടികൾ മറ്റൊരു കലയിൽ ആഖ്യാനിക്കാനും സമാന്തര ഭാഷ്യം ചമക്കുവാനും കഴിയുമെന്ന് തെളിയിക്കുവാൻ കഴിഞ്ഞു. കലകൾ മാധ്യമങ്ങൾ മാത്രമാണെന്നും ഒരു പരിഭാഷ പോലെ ആശയങ്ങൾ പരസ്പരം കലകളിലേയ്ക്ക് കൈമാറാൻ കഴിയുമെന്നും ഇതിലൂടെ വെളിവാകുന്നുണ്ട്.

വായനക്കാരനോട് പറയേണ്ടത് പുതിയ കാര്യങ്ങളാവണം. അത് അയാളെ ബോധ്യപ്പെടുത്തുകയും വേണം . ബൗദ്ധികതയും വൈകാരികതയും ഒരുപോലെ ചേർന്നതാകണം നോവൽ എന്നതാണ് എന്‍റെ മതം.

ദ്രവ്യം എന്ന നോവലിലേക്കെത്തുമ്പോള്‍ സൊമാലിയയും കടല്‍ക്കൊള്ളയും സമ്പദ്ഘടനയുമെല്ലാം ചേര്‍ന്ന മറ്റൊരു ലോകത്തേക്കാണ് വായനക്കാരെ കൊണ്ടുപോകുന്നത്. വിശദമായ പഠനഗവേഷണങ്ങളിലൂടെ മാത്രം സാദ്ധ്യമാകുന്ന ഒന്നാണിത്. താങ്കള്‍ക്ക് നോലെഴുത്ത് ബുദ്ധിപരമായ ഒരു പ്രക്രിയയാണോ?    

= ദീർഘകാലo ബാങ്ക് ജോലിയിലിരിക്കെ, എവിടെയൊക്കെയോ സഞ്ചരിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെ ചിഹ്നങ്ങൾ ഞാൻ കണ്ടിരുന്നു. അറിയാനുള്ള ഔത്സുക്യത്തിൽ കാണാമറയത്ത് നടക്കുന്ന പ്രതിലോമ ധനതത്ത്വങ്ങളുടെ നവീന രീതിശാസ്ത്രങ്ങളിലേക്ക് കടക്കാൻ ഞാൻ ശ്രമിച്ചു. അവിടെ എനിക്ക് സഹായമായത് സൗഹൃദമുള്ള ഏതാനും റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥന്മാരായിരുന്നു. നിയമവിരുദ്ധതയെ നേരിടാൻ അധികാരപ്പെട്ടവർ. അവരിലൂടെ അറിഞ്ഞതും അതിലൂടെ ചെന്നപ്പോൾ കണ്ടതും കേട്ടതും ധനത്തിന്‍റെ പ്രച്ഛന്ന വേഷങ്ങളായിരുന്നു - അധികാരം, ശക്തി , അദൃശ്യത, നിഗൂഢത, അനിശ്ചിതത്വം, സാധ്യത... പഠനവും അന്വേഷങ്ങളും ആഴത്തിലേയ്ക്ക് കടന്നു. അങ്ങനെയാണ് ഞാൻ ക്രിപ്റ്റൊ കറൻസി എന്ന സങ്കൽപ്പിക രഹസ്യ നാണയത്തെ അറിഞ്ഞത്. സങ്കീർണ്ണമായ ഗണിതശാസ്ത്രവും കമ്പ്യൂട്ടർ എൻജിനീയറിങ്ങും അടിസ്ഥാനമാക്കിയുള്ള ഇതിന്‍റെ നിർമ്മിതിയിൽ ഗൂഢാക്ഷര ലേഖനവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. രഹസ്യാത്മകവും സാങ്കല്പികവുമായതാണ് ഇതിന്‍റെ ആകർഷണം. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നു എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി. ആഗോളതലത്തിൽ വിനിമയം ചെയ്യുന്ന സാങ്കല്പിക നാണയംവെച്ചുള്ള ഊഹക്കച്ചവടത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ആണത് . കമ്പ്യൂട്ടർ ശൃംഖല വഴി അവിടെ നടത്തുന്ന പണത്തിന്‍റെ കൈമാറ്റങ്ങൾ ലോകത്ത് ആർക്കും കണ്ടുപിടിക്കാനാവില്ല. ഔദ്യോഗിക സംവിധാനങ്ങളെ ഒഴിവാക്കി, കേന്ദ്ര ബാങ്കിംഗ് വ്യവസ്ഥയെ നിഷ്പ്രഭമാക്കിക്കൊണ്ട്, ക്രിപ്റ്റൊ കറൻസി എന്ന അദൃശ്യ സൈബർ കറൻസി ലോകത്തെവിടെയും കാലതാമസമോ ചെലവോ കൂടാതെ വിനിമയം ചെയ്യാനാവും. സോമാലിയ രാജ്യത്തെ പശ്ചാത്തലമാക്കി 'ദ്രവ്യം ' രചിക്കുമ്പോൾ അവിടത്തെ മനുഷ്യന്‍റെ അതിതീവ്രവും യാതനാപൂർണ്ണവുമായ ജീവിതമായിരുന്നു എന്‍റെ ഉള്ളിൽ . ദാരിദ്ര്യം, പട്ടിണി, വരൾച്ച, അധിനിവേശം, തൊഴിലില്ലായ്മ, വിദ്യാഭ്യാസമില്ലായ്മ എന്നിവ കൂടാതെ വെറും ഉപഭോഗ വസ്തുവായി കണക്കാക്കപ്പെടുന്ന സ്ത്രീകളുടെ അടിമജീവിതം മനസ്സിനെ മഥിച്ചു . ചേലാകർമ്മത്തിന് വിധേയമാക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളുടെ യാതനകൾ, വാടക ഗർഭങ്ങൾ ചുമക്കുന്നവരുടെ ദുരന്തങ്ങൾ തുടങ്ങിയവ അറിഞ്ഞതോടെ അവ എഴുതാതിരിക്കാനാവാത്തവിധം ഞാൻ അതിന് നിർബ്ബന്ധിതമാവുകയായിരുന്നു. നോവൽ എഴുത്തിൽ പഠനവും ഗവേഷണവും ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളായി കാണേണ്ടതുണ്ട്. വായനക്കാരനോട് പറയേണ്ടത് പുതിയ കാര്യങ്ങളാവണം. അത് അയാളെ ബോധ്യപ്പെടുത്തുകയും വേണം . ബൗദ്ധികതയും വൈകാരികതയും ഒരുപോലെ ചേർന്നതാകണം നോവൽ എന്നതാണ് എന്‍റെ മതം.

ജെൻസിയുടെയും ജെൻ ആൽഫയുടെയും ചിന്തകളെയും അവർ പോകുന്ന വഴികളെയും മുൻകൂട്ടി നിശ്ചയിക്കാനാവുന്നില്ല. അവർ ആരുടെയും വരുതിയിൽ നിൽക്കുമെന്ന് പ്രതീക്ഷിക്കേണ്ട.

? താങ്കളുടെ ചില രചനകള്‍ വരുംകാലത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന പ്രവചനസ്വാഭാവം ഉള്‍ക്കൊള്ളുന്നതായി കാണാം.  പ്രതീതി എന്ന കഥ ഉദാഹരണം. വെര്‍ച്വല്‍ റിയാലിറ്റിയുടെ അമ്പരപ്പിക്കുന്ന ഒരു ലോകത്തേക്കാണ് കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് വരുംകാലയാഥാര്‍ത്ഥ്യങ്ങളെയാണ് എഴുത്തുകാരൻ ഇനി അഡ്രസ്സ് ചെയ്യേണ്ടത് എന്ന് കരുതുന്നുണ്ടോ?

എന്നും കരുതാം. ജെൻസിയുടെയും ജെൻ ആൽഫയുടെയും ചിന്തകളെയും അവർ പോകുന്ന വഴികളെയും മുൻകൂട്ടി നിശ്ചയിക്കാനാവുന്നില്ല. അവർ ആരുടെയും വരുതിയിൽ നിൽക്കുമെന്ന് പ്രതീക്ഷിക്കേണ്ട . വീട് ,നാട് ,സമൂഹം ,രാജ്യം, ജോലി തുടങ്ങിയ വിഷയങ്ങളിൽ അവർ വ്യവസ്ഥാപിത സങ്കൽപ്പങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കില്ല. ഏറ്റവും പുതിയ കാലത്തിന്‍റെ ലോകത്തുള്ള ജീവിതമാണ് അവർ തെരഞ്ഞെടുക്കുന്നത് . ' പ്രതീതി ' എന്ന കഥ അങ്ങനെ ഉണ്ടായിട്ടുള്ള ആശങ്കയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. എല്ലാ കാലത്തും എഴുത്തുകാർ ചിലതൊക്കെ ചൂണ്ടിക്കാണിക്കുകയും ചോദ്യം ചെയ്യുകയും മുന്നറിയിപ്പുകൾ നൽകുകയുമൊക്കെ ചെയ്യാറുണ്ട്. വരുംകാലത്തെ കണ്ടുകൊണ്ടുള്ള എഴുത്തും അഭികാമ്യം തന്നെ.

അഭിമുഖം തയ്യാറാക്കിയത്: ഇളവൂര്‍ ശ്രീകുമാര്‍



Comments
* The email will not be published on the website.