
ക്ലാസിക് കഫേ
ബെന്നി ഡൊമിനിക്
പോർച്ചുഗലിന്‍റെ സാഹിത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രധാനമായും മൂന്നു മഹാരഥന്മാരെക്കുറിച്ച് ഓർമ്മ വരുന്നു. ഫെർണാണ്ടൊ പെസോവ, ഷുസെ സരമാഗു, അന്‍റോണിയോ ലോബോ അന്‍റ്യൂൺസ് എന്നിവരാണവർ. ഇവർ മൂവരും പകരം വയ്ക്കാനില്ലാത്ത പ്രതിഭാ ശക്തിയാൽ അനുഗൃഹീതരായിരുന്നു. എങ്കിലും സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിനർഹനായ ഒരേയൊരു പോർച്ചുഗീസ് നോവലിസ്റ്റ് ഷുസെ സരമാഗു ആയിരുന്നു. മറ്റു രണ്ടു പേരും നൊബേൽ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടില്ല എന്നതുകൊണ്ട് അവരുടെ മഹത്വം ഒട്ടും കുറയുന്നില്ല. ഇവരിൽ ഒടുവിലത്തെയാൾ 2026 മാർച്ച് മാസം അന്തരിക്കുകയുണ്ടായി. ലോബോ അന്‍റ്യൂൺസ് നിരവധി തവണ നൊബേലിന് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ആ മഹനീയ പുരസ്കാരം അദ്ദേഹത്തിനു ലഭിക്കുകയുണ്ടായില്ല. ആഖ്യാനകലയിൽ സ്വന്തമായ മുദ്ര പതിപ്പിക്കുകയും നോവൽ കലയിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ലോബോ.
ലോബോയുടെ കൃതികളുടെ സത്ത ആത്മകഥാപരമാണ്. ആ കൃതികളിലെ ചരിത്ര വസ്തുതകൾക്ക് ഒന്നുകിൽ രൂപാന്തരം സംഭവിച്ച് അല്ലെങ്കിൽ അവയ്ക്ക് രൂപഭേദം വരുത്തിയാണ് നോവലിൽ അവതരിപ്പിക്കുന്നത്.

അന്‍റോണിയോ ലോബോ അന്‍റ്യൂൺസ്
കോൺറാഡിന്‍റെയും ഫോക്നറുടെയും പിൻഗാമി എന്ന് ജോർജ് സ്റ്റീനർ വിശേഷിപ്പിച്ചിട്ടുള്ള ലോബോ അന്‍റ്യൂൺസ് ഭൂതകാലത്തിന്‍റെ നിരന്തരമായ ഓർമ്മയിലൂടെ അവയെ വർത്തമാനകാല യാഥാർത്ഥ്യമാക്കിത്തീർക്കുന്നു. ഭൂതകാലത്ത് പലയവസരങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ ഓർമ്മകളെ വർത്തമാന കാലത്തെ ഒറ്റ ബിന്ദുവിൽ, വിശേഷിച്ച് ഒറ്റ ദിവസത്തെ ചിന്തകൾക്കും ഓർമ്മകൾക്കുമിടയിൽ കൂട്ടിക്കലർത്തി കഥ പറയുന്ന താരതമ്യേന സങ്കീർണ്ണമായ ആഖ്യാനരീതിയാണ് അന്‍റ്യൂൺസ് സ്വീകരിക്കുന്നത്. ഓർമ്മയുടെ ഈ ആഖ്യാനത്തിൽ പ്രഥമപുരുഷനും തൃതീയപുരുഷനും വ്യവസ്ഥയില്ലാതെ ഇടകലരുകയും നോവലിന്‍റെ ഘടനയെ സങ്കീർണ്ണമാക്കിത്തീർക്കുകയും ചെയ്യുന്നു. ലോബോ അന്‍റ്യൂൺസിന്‍റെ ഫിക്ഷനിൽ ആഖ്യാനശൈലി രൂപപ്പെടുന്നത് ഒരു പ്രത്യേക സംഭവം, അവ വ്യത്യസ്തയാളുകളിൽ സൃഷ്ടിക്കുന്ന അനുരണനങ്ങൾ വിവരിക്കുന്നു എന്ന മട്ടിലാണ്. അതാവട്ടെ, യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളുടെ യഥാതഥമായ വിവരണമല്ല, മറിച്ച് ഓരോ വ്യക്തിയിലും ഉളവാക്കിയ പ്രതീതിയുടെ പ്രതിഫലനങ്ങളായിട്ടാണ്.
ഈ എഴുത്തുകാരന്‍റെ മിക്ക നോവലുകളും പോർച്ചുഗലിലെ, കഴിഞ്ഞ കുറെ ദശകങ്ങളിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എഴുതിയിട്ടുള്ളവയാണ്. അവയെ ഫിക്ഷന്‍ അനുരൂപമാക്കിത്തീർത്തുകൊണ്ട് രൂപാന്തരപ്പെടുത്തുകയാണ് നോവലിസ്റ്റ് ചെയ്തിട്ടുള്ളത്. ലോബോയുടെ കൃതികളുടെ സത്ത ആത്മകഥാപരമാണ്. ആ കൃതികളിലെ ചരിത്ര വസ്തുതകൾക്ക് ഒന്നുകിൽ രൂപാന്തരം സംഭവിച്ച് അല്ലെങ്കിൽ അവയ്ക്ക് രൂപഭേദം വരുത്തിയാണ് നോവലിൽ അവതരിപ്പിക്കുന്നത്. ചരിത്ര വസ്തുതകളെ അതേപടി ചിത്രീകരിക്കുക എന്നത് ലോബോയുടെ രീതിയല്ല. അവയെക്കുറിച്ചുള്ള പുതിയ അവബോധം സൃഷ്ടിക്കുകയാണ് എഴുത്തുകാരന്‍റെ ലക്ഷ്യം.
സാധാരണക്കാർ സ്വമേധയാ പട്ടാളക്കാരുടെ റൈഫിളുകളുടെ ബാരലുകളിൽ ചുവന്ന കാർണേഷൻ പൂക്കൾ വച്ചതോടെയാണ് ഈ രക്തരഹിതമായ വിപ്ലവം ആരംഭിച്ചത്. ഇതുകൊണ്ടാവണം കാർണേഷൻ വിപ്ലവം എന്ന പേരിൽ ഈ അട്ടിമറി അറിയപ്പെടുന്നത്.

മെമ്മോറിയ ഡെ എലിഫാന്തേ(Elephant’s Memory) ആണ് ലോബോയുടെ ആദ്യ നോവൽ. ഈ നോവലിലെ നായകൻ ആഫ്രിക്കയിലെ അംഗോളയിൽ നടന്ന കൊളോണിയൽ യുദ്ധത്തിൽ പങ്കെടുത്ത് മിലിട്ടറി സർവീസ് കഴിഞ്ഞ് തിരികെയെത്തുന്നു. ഭാര്യയിൽ നിന്നും പെൺമക്കളിൽ നിന്നും വേർപിരിഞ്ഞ് ജനിച്ച നാട്ടിൽ വേരുകളില്ലാതെ, തന്‍റെ ജീവിതത്തിൽ സംഭവിച്ച എല്ലാ മാറ്റങ്ങളും കുഴപ്പങ്ങളും വരുത്തിവയ്ക്കുന്ന മാനസികാഘാതമനുഭവിക്കുന്ന ഒരാളാണ് ഈ നോവലിലെ നായകകഥാപാത്രം. സൗത്ത് ഓഫ് നോവേർ (South of Nowhere) എന്ന നോവലിലും എലിഫന്‍റ്സ് മെമ്മറിയിലെന്നപോലെ അതേ സാമൂഹികാവസ്ഥയുടെ പ്രതിഫലനമാണുള്ളത്. അംഗോളയിലെ യുദ്ധത്തിൽ സേവനമനുഷ്ഠിച്ച് തിരികെയെത്തിയ ഒരു പട്ടാളക്കാരൻ ബാറിൽ വച്ച് ഒരു സ്‌ത്രീയോട് അവിടത്തെ യുദ്ധത്തെക്കുറിച്ചും പോർച്ചുഗലിന്‍റെ ഇടുങ്ങിയ താത്പര്യങ്ങൾക്ക് വിധേയരായിത്തീർന്ന പട്ടാളക്കാരുടെ അവസ്ഥയെക്കുറിച്ചും നീണ്ട ഏകാന്ത ഭാഷണത്തിലൂടെ വിവരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.ആ സ്‌ത്രീ നോവലിൽ സംസാരിക്കുന്നതേയില്ല. കേൾവിക്കാരിയുടെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടെന്ന പ്രതീതിയുളവാക്കുന്നതു പോലെ ഒരു ദ്വിഭാഷണ(dialogue ) മാണ് നടക്കുന്നതെന്ന മട്ടിലുള്ള ഏകഭാഷണമാണ് നോവലിലുടനീളം ഉപയോഗിക്കുന്നത്.
ലോബോ അന്‍റ്യൂൺസ് വളരെ സർക്കാസ്റ്റിക്കായാണ്(sarcastic) സ്വേച്ഛാധിപതിയുടെ ഭയം നിറഞ്ഞ ഇത്തരം പ്രവൃത്തികളെ വിവരിക്കുന്നത്. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ചെറിയൊരു എതിർശബ്ദം പോലും അവരെ ഭയപ്പെടുത്തും.

1960-70 കാലയളവിൽ ആഫ്രിക്കൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനെതിരെ പോർച്ചുഗലിന്‍റെ യുദ്ധത്തിൽ ഡോക്ടറായി സേവനമനുഷ്ഠിച്ച അനുഭവം ലോബോ അന്‍റ്യൂൺസിനുണ്ട്. അവിടുന്ന് തിരികെയെത്തി ആസ്പത്രികളിൽ സൈക്യാട്രിക് പ്രാക്റ്റീഷണറായി പ്രവർത്തിച്ച അനുഭവം കൊളോണിയലിസത്തിന്‍റെ പ്രവർത്തന രീതിയെക്കുറിച്ച് നേരിട്ടറിയുന്നതിന് അദ്ദേഹത്തിന് അവസരമുളവാക്കി. 1980 കളുടെ ഒടുവിൽ ലിസ്ബണിലെ മെന്‍റൽ ഹോസ്പിറ്റലിൽ സൈക്യാട്രിസ്റ്റിന്‍റെ ജോലിയുപേക്ഷിച്ച് മുഴുവൻ സമയ എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് സമഗ്രാധിപത്യം, കൊളോണിയൽ യുദ്ധം, ഡെമോക്രാറ്റിക് വിപ്ലവം എന്നിവ അന്‍റ്യൂൺസിന്‍റെ നോവലുകളുടെ പശ്ചാത്തലമായി വരുന്നു.
ട്രീറ്റൈസ് ഓൺ ദ പാഷൻസ് ഓഫ് ദ സോൾ,ദ നാച്വറൽ ഓർഡർ ഓഫ് തിംഗ്സ്,ദ ഡെത്ത് ഓഫ് കാർലോസ് ഗാർഡൽ എന്നീ നോവലുകൾ ബെൻഫിക ട്രിലജി (Benfica Trilogy)എന്നറിയപ്പെടുന്നു. പോർച്ചുഗലിലെ അന്‍റോണിയൊ ഡെ ഒലീവേര സാലസറുടെ സ്വേച്ഛാധിപത്യ ഭരണകൂടം അഴിച്ചു വിട്ട ജനദ്രോഹനടപടികളുടെ പശ്ചാത്തലത്തിൽ രചിച്ചിട്ടുള്ള ഇൻക്വിസിറ്ററുടെ കൈപ്പുസ്തകം (The Inquisitor's Manual) എന്ന നോവൽ ലോബോയുടെ ആഖ്യാന വൈഭത്തിനു ഉത്തമ ഉദാഹരണമാണ്. സാലസറുടെ ഏകാധിപത്യത്തെക്കുറിച്ച് അന്‍റ്യൂൺസ് നിരന്തരം എഴുതിയിട്ടുണ്ട്. 1968 ൽ സാലസറുടെ ഏകാധിപത്യ ഭരണകൂടത്തിന് അറുതി കുറിച്ചു. 1974 ൽ കാർണേഷൻ വിപ്ലവത്തിലൂടെ പോർച്ചുഗലിൽ ജനാധിപത്യം തിരികെയെത്തി. സാലസറുടെ ഭരണകാലത്തെ ജനാധിപത്യ ധ്വംസനങ്ങളുടെ ഓർമ്മകൾ ഫിക്ഷനിലൂടെ ലോബോ അന്‍റ്യൂൺസ് പുന:സൃഷ്ടിക്കുകയായിരുന്നു. നോവലിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് നോവൽ രചിക്കാനിടയായ രാഷ്ട്രീയ, സാംസ്കാരിക പശ്ചാത്തലം അല്പം അറിയേണ്ടതുണ്ട്.
ഇൻക്വിസിറ്റേഴ്സ് മാനുവൽ എന്ന നോവലിനെ ആധുനികകാലത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് അത് കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍റെ ഗൗരവസ്വഭാവം കൊണ്ടു മാത്രമല്ല, മറിച്ച് ആഖ്യാനകലയിൽ ലോബോ നടത്തുന്ന പരീക്ഷണങ്ങൾ കൊണ്ട് കൂടിയാണ്.
കാർണേഷൻ വിപ്ലവം
അന്‍റോണിയൊ ഡെ ഒലീവേര സാലസറിന്‍റെ നേതൃത്വത്തിൽ പോർച്ചുഗലിൽ നിലനിന്നിരുന്ന സ്വേച്ഛാധിപത്യ ഭരണകൂടം ( 1932 മുതൽ 1974 വരെ) എസ്റ്റാഡോ നോവോ (New State) എന്നാണറിയപ്പെട്ടിരുന്നത്. കത്തോലിക്ക, കൊളോണിയൽ മൂല്യങ്ങൾ, യാഥാസ്ഥിതികത്വം, ദേശീയത, കോർപ്പറേറ്റിസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഈ ഭരണം 1974 ലെ കാർണേഷൻ വിപ്ലവത്തിലൂടെയാണ് അന്ത്യം കുറിച്ചത്. കാർണേഷൻ എന്നത് ചുവപ്പുനിറമുള്ള പൂവാണ്. രക്തരഹിതമായ ഒരട്ടിമറിയിലൂടെ വിപ്ലവകാരികൾ അന്നത്തെ ഭരണാധികാരിയായിരുന്ന മാർസിലൊ കൈതാനൊയെ അധികാരഭ്രഷ്ടനാക്കുകയായിരുന്നു. സാധാരണക്കാർ സ്വമേധയാ പട്ടാളക്കാരുടെ റൈഫിളുകളുടെ ബാരലുകളിൽ ചുവന്ന കാർണേഷൻ പൂക്കൾ വച്ചതോടെയാണ് ഈ രക്തരഹിതമായ വിപ്ലവം ആരംഭിച്ചത്. ഇതുകൊണ്ടാവണം കാർണേഷൻ വിപ്ലവം എന്ന പേരിൽ ഈ അട്ടിമറി അറിയപ്പെടുന്നത്. ഇത് പോർച്ചുഗീസ് കോളനികളുടെ ജനാധിപത്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിച്ചു. അംഗോളയിലും മൊസാംബിക്കിലും നീണ്ടു നിന്ന സൈനികപ്രവർത്തനം പട്ടാളക്കാരെ നിരാശരും അസ്വസ്ഥരുമാക്കി. കൊളോണിയൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് ഭരണകൂടത്തോടു തോന്നിയ പ്രതിഷേധമാണ് ഈ വിപ്ലവത്തിലേക്കു നയിച്ച ഒരു ഘടകം. കാർണേഷൻ വിപ്ലവത്തിനു രണ്ട് ദശകങ്ങൾക്കു ശേഷമാണ് (1996)ഇൻക്വിസിറ്ററുടെ കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
എത്രമാത്രം അറപ്പ് ജനിപ്പിക്കും വിധം സാലസർ ഭരണത്തിന്‍റെ അന്തരീക്ഷം മലിനമായിരുന്നു എന്നാണ് ഈ ബ്രില്യന്‍റ് കല്പനയിലൂടെ നോവലിസ്റ്റ് വ്യക്തമാക്കുന്നത്.

ഇൻക്വിസിറ്റേഴ്സ് മാനുവൽ എന്ന നോവലിനെ ആധുനികകാലത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് അത് കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍റെ ഗൗരവസ്വഭാവം കൊണ്ടു മാത്രമല്ല, മറിച്ച് ആഖ്യാനകലയിൽ ലോബോ നടത്തുന്ന പരീക്ഷണങ്ങൾ കൊണ്ട് കൂടിയാണ്. അത്രയെളുപ്പം ആർക്കും അനുകരിക്കാനാവാത്ത ആഖ്യാന കൗശലം നോവലിനെ വേറിട്ടതാക്കിത്തീർക്കുന്നു. അന്‍റ്യൂൺസിന്‍റെ ആഖ്യാനകല ആരോടും കടപ്പെട്ടിട്ടില്ലാത്ത, പൂർവ്വമാതൃകകളില്ലാത്ത തികച്ചും സ്വകീയമായ ഒന്നാണ്. നോവലിൽ വിവരിക്കുന്ന സംഭവവികാസങ്ങൾ നേരത്തേ തന്നെ പൂർത്തിയായിക്കഴിഞ്ഞിട്ടുള്ളതാണ്. അതിനെക്കുറിച്ചുള്ള ഓർമ്മകളും സാക്ഷ്യങ്ങളും റിപോർട്ട്, കമന്‍ററി എന്നീ രൂപത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നാം കേൾക്കുന്നു. ഓർമ്മയുടെ വിഭിന്ന സ്രോതസ്സുകൾ നോവലിലെ കേന്ദ്രപ്രമേയത്തെ വ്യത്യസ്ത വീക്ഷണകോണിലൂടെ വിവരിക്കുകയാണെന്നു പറയാം. യഥാർത്ഥ സംഭവങ്ങളുടെ വ്യത്യസ്ത തലങ്ങൾ അനാവരണം ചെയ്യുന്നതിന് ഈ രചനാരീതി ഉപകരിക്കുന്നു. ബഹുവിധങ്ങളായ ആഖ്യാനത്തിന്‍റെ കൂടിക്കലരൽ പക്ഷേ, യഥാർത്ഥത്തിൽ ഉണ്ടായതിനെക്കുറിച്ച് സ്ഫടികസുതാര്യമായ ചിത്രം നൽകുന്നുമില്ല. ഈയൊരു ആഖ്യാനതന്ത്രമാണ് ലോബോയുടെ മിക്ക നോവലുകളിലും കാണാൻ കഴിയുന്നത്. ഇൻക്വിസിറ്ററുടെ കൈപ്പുസ്തകത്തിലും ഈ ആഖ്യാനരീതി സ്വീകരിച്ചിരിക്കുന്നു.
നോവലിൽ വിവരിക്കുന്ന സംഭവങ്ങൾ നേരത്തേ നടന്നു കഴിഞ്ഞിട്ടുള്ളതാണ്. അവയെ സംബന്ധിച്ച വിഭിന്നങ്ങളായ ഓർമ്മകളാണ് ഒഴുകിയെത്തുന്നത്. ഇത് ചിത്രീകരിക്കാൻ ബോധധാരാ സങ്കേതവും ഫാന്‍റസിയും ഉപയോഗിക്കുന്നുണ്ട് നോവലിസ്റ്റ്.

36 വർഷം പോർച്ചുഗലിലെ ഏകാധിപതിയായിരുന്ന അന്‍റോണിയോ സാലസറുടെ മന്ത്രിയും ഉപദേശകനുമായ സെനോർ ഫ്രാൻസിസ്കൊയാണ് നോവലിലെ കേന്ദ്രകഥാപാത്രം. സെനോർ ഫ്രാൻസിസ്കൊയെ ഒരു ഫിക്ഷണൽ മിനിസ്റ്ററായാണ് ഈ നോവലിൽ അവതരിപ്പിച്ചിട്ടുള്ളത്. സാലസറുടേത് ഫാഷിസ്റ്റ് ഭരണമായിരുന്നു. എതിരാളികളെയും വിമർശകരെയും രഹസ്യപ്പൊലീസിന്‍റെ സഹായത്തോടെ സാലസർ അമർച്ച ചെയ്തുകൊണ്ടിരുന്നു. ഭരണകൂടത്തിന് അതൃപ്തി തോന്നുന്നവരെ കമ്യൂണിസ്റ്റുകൾ എന്ന മുദ്രകുത്തി കാരാഗൃഹത്തിലടയ്ക്കുന്ന സംവിധാനമാണുണ്ടായിരുന്നത്. സാലസറുടെ ഭരണം അനിഷ്ടകരമായ യാതൊന്നും വാഴാൻ അനുവദിച്ചിരുന്നില്ല. ഒരൊറ്റ വാക്യം കൊണ്ട് ലോബോ അത് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. “The Prime minister doesn’t want any rain here” P. 128. പ്രകൃതി ശക്തികളെ വരെ സാലസർ ഇഷ്ടക്കേടുണ്ടായാൽ വെറുതെ വിടില്ല എന്നാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. സാലസറുടെ ഫാഷിസ്റ്റ് ഭരണസംവിധാനത്തിന്‍റെ അമിതാധികാരവും ജനവിരുദ്ധതയും അത് സൃഷ്ടിച്ച സ്വാതന്ത്ര്യധ്വംസനത്തെയും വ്യക്തമാക്കുന്നതിന് വളരെ സമർത്ഥമായ ഒരു കല്പന നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്.” a wet stickiness like vomit under a vomit - coloured sky,a rain of vomit” P. 428. എത്രമാത്രം അറപ്പ് ജനിപ്പിക്കും വിധം സാലസർ ഭരണത്തിന്‍റെ അന്തരീക്ഷം മലിനമായിരുന്നു എന്നാണ് ഈ ബ്രില്യന്‍റ് കല്പനയിലൂടെ നോവലിസ്റ്റ് വ്യക്തമാക്കുന്നത്. ലോബോ അന്‍റ്യൂൺസ് വളരെ സർക്കാസ്റ്റിക്കായാണ്(sarcastic) സ്വേച്ഛാധിപതിയുടെ ഭയം നിറഞ്ഞ ഇത്തരം പ്രവൃത്തികളെ വിവരിക്കുന്നത്. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ചെറിയൊരു എതിർശബ്ദം പോലും അവരെ ഭയപ്പെടുത്തും. ഫ്രാൻസിസ്കൊയുടെ സേതുബലിലുള്ള ഫാമിൽ പ്രൊഫസ്സർ സാലസർ സന്ദർശിക്കുമ്പോൾ ഒരു കാക്ക പോലും കരയാൻ പാടില്ല എന്ന നിഷ്ഠയുണ്ട്. നാഷണൽ ഗാർഡ്സ് കാക്കകളെ ഷൂട്ട് ചെയ്യുന്നതായി നോവലിൽ വിവരണമുണ്ട്.(“before Professor Salazar's last visit a bunch of National Guard jeeps commanded by a corporal spent a week gunning down the crows, leaving dozens of them lying dead in the orchard, and the corporal would kick them over with his boot "That'll teach you not to make fun of the Prime Minister”) P. 23. ഇറ്റാലിക്സിലാണ് ഈ ഭാഗം കൊടുത്തിട്ടുള്ളത്.
ഒന്നാം അധ്യായത്തിൽ മിനിസ്റ്ററുടെ മകൻ ഷുയാവൊ (Joao) യുടെ റിപോർട്ടാണ് നാം വായിക്കുന്നത്. സ്റ്റുവാർഡിന്‍റെ മകൾ ഒഡേറ്റെയാണ് കമന്‍ററി ചെയ്യുന്നത്. ആഖ്യാനമധ്യേ വരുന്ന ചില ഇടപെടലുകളെയോ കാലവ്യതിയാനത്തെയോ കുറിക്കുന്നതിനാവാം ഇങ്ങനെ ഇറ്റാലിക്സിൽ കൊടുക്കുന്നത്. അർജന്‍റീനയിലെ പ്രതിഭാശാലിയായ എഴുത്തുകാരൻ ഏണസ്‌റ്റോ സബാറ്റൊയുടെ ‘ഓൺ ഹീറോസ് ആന്‍റ് ടൂംബ്സ്’ എന്ന നോവലിൽ ഇങ്ങനെ ഇറ്റാലിക്സിൽ വിവരണങ്ങൾ കൊടുത്തിട്ടുള്ളത് ഓർമ്മിക്കുന്നു. കഥയുടെ ഇടയ്ക്ക് ചരിത്രസംഭവങ്ങളെ വിവരിക്കുമ്പോൾ സബാറ്റോ ഇറ്റാലിക്സിൽ കൊടുക്കുന്നു അവ. പ്രൊഫസ്സർ സാലസർ കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പാമില(Palmela ) ഫാം ഒരു ശവപ്പറമ്പായി മാറിയിരുന്നു. അങ്ങനെയാണ് സർവ്വാധികാരിയെ ആരും പരിഹസിക്കുന്നില്ലെന്ന് ഗാർഡുകൾ ഉറപ്പുവരുത്തിയത്!(when Professor Salazar got out of his car the farm was a cemetery of birds and nobody made fun of him, not even the frogs from the swamp with their algae-swollen throats) P. 23. ഇവിടെ ജനത്തെ കാക്കകളായും തവളകളായും പരിഹാസത്തോടെ കാണുന്നതിനെ സൂചിപ്പിച്ചിരിക്കുന്നു. ടിറ്റിനയ്ക്ക് (ഡോണ ആൽബെർട്ടിന) തൊഴുത്തിൽ വച്ച് കുട്ടി പിറക്കുമ്പോൾ ‘കാക്ക കരച്ചിൽ കേട്ടു, ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു’ എന്നാണ് വിവരിക്കുന്നത്.” I heard the whining of crow, the anguished whining of a baby “ P. 167
ചരിത്ര വസ്തുതകളെ അതേപടി ചിത്രീകരിക്കുക എന്നത് ലോബോയുടെ രീതിയല്ല. അവയെക്കുറിച്ചുള്ള പുതിയ അവബോധം സൃഷ്ടിക്കുകയാണ് എഴുത്തുകാരന്‍റെ ലക്ഷ്യം.
ആഖ്യാനകല
റിപോർട്ട്, കമന്‍ററി എന്നിങ്ങനെയാണ് നോവലിൽ ആഖ്യാനം രൂപം പ്രാപിക്കുന്നത്. ആകെ അഞ്ചു റിപോർട്ടുകൾ. അവയെ അഞ്ച് അധ്യായങ്ങളായി കണക്കാക്കാം.അഞ്ച് പേരാണ് റിപോർട്ട് വിവരിക്കുന്നത്. റിപോർട്ടിന്‍റെ രൂപത്തിലുള്ള ആഖ്യാനം ഭരണകൂടത്തിന്‍റെ രഹസ്യ നിരീക്ഷണത്തെ അനുസ്മരിപ്പിക്കും വിധത്തിലാണ് നിർവ്വഹിച്ചിട്ടുള്ളത്. റിപോർട്ട് സെനോർ ഫ്രാൻസിസ്കൊയ്ക്ക് ഒപ്പം പ്രവർത്തിക്കുകയോ ഏതെങ്കിലും വിധം ബന്ധപ്പെടുകയോ ചെയ്യുന്ന വ്യക്തികളുടെ അനുഭവ വിവരണമാണ്. അവ പൊലീസ് കേസ്ഫയലുകൾ പോലെയോ ഭരണകൂടത്തിന്‍റെ ഭാഷ്യത്തെ പ്രതിരോധിക്കുന്നതു പോലെയോ ആണ് തയ്യാറാക്കിയിട്ടുള്ളത്. അഥവാ അത്തരം ലിഖിതങ്ങളെ ഹാസ്യാനുകരണം ചെയ്യുന്നതുപോലെയോ ആണ് ക്രമപ്പെടുത്തിയിട്ടുള്ളത്. തുടർന്നുള്ള കമന്‍ററികളെ വ്യാഖ്യാനങ്ങളെന്നോ സാക്ഷ്യപ്പെടുത്തലുകൾ എന്നോ വിളിക്കാം.ഈ ഭാഗം റിപോർട്ടിനെ അപേക്ഷിച്ച് ഹ്രസ്വമാണ്. ഒരു മേജർ റിപോർട്ടിൽ ( അധ്യായമെന്ന് അവയെ കരുതാം) തന്നെ മൂന്ന് ഉപറിപ്പോർട്ടും അതിനോടനുബന്ധിച്ചുള്ള കമന്‍ററിയും വരുന്നു. ഈ കമന്‍ററികൾ പലപ്പോഴും റിപോർട്ടിനെ നിരാകരിക്കുന്നതും അതിക്രമിക്കുന്നതുമാണ്. അവ റിപോർട്ട് എന്നു വിളിക്കുന്ന വിവരണത്തെ സാധൂകരിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നു. ഇതാവട്ടെ, ഭരണകൂടം ശരാശരി പൗരന്മാരുടെ ജീവിതത്തെ എങ്ങനെ രഹസ്യമായി നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുന്നു, അവയെ തരം തിരിച്ച് ആർക്കൈവ് ചെയ്തു സൂക്ഷിക്കുന്നു എന്നതിന്‍റെ ഏകദേശ രൂപമാണ്. ഇതിന്‍റെ ഹാസ്യാനുകരണമെന്നപോലെ ആഖ്യാനം നിർവഹിക്കുന്നു. ഇസ്മായിൽ കദാരെയുടെ (Ismail Kadare) ദ് പാലസ് ഓഫ് ഡ്രീംസ് ( സ്വപ്നങ്ങളുടെ രാജമന്ദിരം ) എന്ന നോവലിൽ പൗരന്മാരുടെ സ്വപ്നങ്ങൾ ശേഖരിച്ച് അവയെ വിചാരണ ചെയ്ത് ഭരണകൂട വിരുദ്ധതയെ നിർണ്ണയിക്കുന്നതായി വിവരിച്ചിട്ടുള്ളത് ഇവിടെ ഓർമ്മിക്കുന്നു.
അന്‍റ്യൂൺസിന്‍റെ നോവലിലെ റിപോർട്ടുകൾ വസ്തുനിഷ്ഠമാണ് എന്നു പറയാൻ നിർവാഹമില്ല. ഓരോ വ്യക്തിക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അതിനനുസരിച്ചാണ് വിവരണം. അതിനാൽ ഏവർക്കും യോജിക്കാവുന്ന കൃത്യതയുള്ള ഒരു കഥയോ സംഭവഗതിയോ നോവലിലില്ല. അവർ സ്വന്തം താത്പര്യങ്ങൾ, പക്ഷപാതങ്ങൾ, അവരനുഭവിച്ച ആഘാതങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി യഥാർത്ഥ സംഭവങ്ങളെ പുന:സൃഷ്ടിക്കുകയാണ്. നോവലിൽ വിവരിക്കുന്ന സംഭവങ്ങൾ നേരത്തേ നടന്നു കഴിഞ്ഞിട്ടുള്ളതാണ്. അവയെ സംബന്ധിച്ച വിഭിന്നങ്ങളായ ഓർമ്മകളാണ് ഒഴുകിയെത്തുന്നത്. ഇത് ചിത്രീകരിക്കാൻ ബോധധാരാ സങ്കേതവും ഫാന്‍റസിയും ഉപയോഗിക്കുന്നുണ്ട് നോവലിസ്റ്റ്. ഈ ഓർമ്മകളെ നിർദ്ധാരണം ചെയ്ത് വിശ്വാസ്യതയും സത്യവും നിശ്ചയിക്കേണ്ട ഉത്തരവാദിത്വം വായനക്കാരിൽ നിക്ഷിപ്തമാണ്. ആഖ്യാനം ഇവിടെ കാലഗണനയെയും സ്ഥലത്തെയും കുറിച്ച് വിഭ്രമം ജനിപ്പിക്കുംവിധം സങ്കീർണ്ണമാണ്. സാലസർ ഭരണത്തിന്റെ കാലത്ത് ജനം അനുഭവിച്ച ആന്തരസംഘർഷവും സമൂഹത്തിൽ നടമാടിയ ജീർണ്ണതയും ആശയക്കുഴപ്പവും അവതരിപ്പിക്കുന്നതിൽ ഏറ്റവും സമർത്ഥമായ ഒരു രചനാരീതിയെ കൈക്കൊണ്ടു എന്നതിലാണ് ഈ ആഖ്യാതാവിന്‍റെ ശക്തിയും വ്യതിരിക്തതയുമിരിക്കുന്നത്. സാലസറുടെ ഭരണം അവസാനിച്ചിട്ടും അത് അവശേഷിപ്പിച്ച ആഘാതവും തകർച്ചയും എങ്ങനെ നിലനിൽക്കുന്നു എന്നാണ് ലോബോ വ്യക്തമാക്കാൻ ശ്രമിക്കുന്നത്. റിപോർട്ടുകളിലുടനീളം വാക്യങ്ങളുടെയും പ്രയോഗങ്ങളുടെയും ഓർമ്മയുടെയും ആവർത്തനം പ്രത്യക്ഷപ്പെടുന്നു. ഇത്തരം ആവർത്തനങ്ങളിലൂടെ സമഗ്രാധിപത്യം എങ്ങനെ അതിന്‍റെ പൗരന്മാരെ മാനസ്സികമായി വേട്ടയാടി എന്ന് ധ്വനിപ്പിക്കുന്നു. ഇവിടെയൊക്കെ ഒരു തരം കറുത്ത ഹാസ്യം ആഖ്യാനത്തിന്‍റെ സ്വഭാവത്തെ നിർണ്ണയിച്ചു തുടങ്ങുന്നു.
വളരെ സമർത്ഥമായ, എന്നാൽ വേറെവിടെയും വേണ്ടത്ര പരീക്ഷിച്ചു വിജയിക്കാത്ത ഒരു രചനാരീതിയാണിത്. എന്നാൽ ഈയൊരു ആഖ്യാനരീതി തികച്ചും നൂതനമാണെന്നു പറയാനും നിർവാഹമില്ല.
ആദ്യ നാല് അധ്യായങ്ങളിൽ ഓരോന്നിലും മൂന്ന് റിപോർട്ടും മൂന്ന് കമന്‍ററിയും അഞ്ചാം അധ്യായത്തിൽ മൂന്ന് റിപോർട്ടും രണ്ട് കമന്‍ററിയും. ഇങ്ങനെ ആകെക്കൂടി ഇരുപത്തൊമ്പത് വിവരണങ്ങൾ. മിക്കവാറും എല്ലാ റിപോർട്ടും മിനിസ്റ്ററുമായി ബന്ധപ്പെട്ടുനിൽക്കുന്നവരാണ്. ഇതു കൂടാതെ നോവലിൽ ഒരു അഭിമുഖകാരന്‍റെ സാന്നിധ്യവും സൂക്ഷ്മവായനയിൽ ബോധ്യപ്പെടും.
സമഗ്രാധിപത്യം
അന്‍റോണിയൊ ഡെ സാലസറിന്‍റെ സമഗ്രാധിപത്യ ഭരണകൂടം എല്ലാവരെയും സംശയദൃഷ്ടിയോടെ കാണുകയും തന്മൂലം അപകടകാരികളായി കരുതി അവരെ രഹസ്യനിരീക്ഷണത്തിനു വിധേയമാക്കുന്നതും സാലസറുടെ മുഖ്യ ഉപദേഷ്ടാവ് സെനോർ ഫ്രാൻസിസ്കൊയുടെ ചിത്തഭ്രമവും ഒക്കെ സമർത്ഥമായി ചിത്രീകരിക്കുന്നതിന് ഒരു മുഖ്യ ആഖ്യാതാവിനെ ആശ്രയിച്ച് മാത്രം കഴിയുന്നതല്ല. ഇവിടെയാണ് മിനിസ്റ്ററുമായി അടുത്ത് ബന്ധമുള്ള അഞ്ചുപേരുടെ റിപോർട്ടും അതിനെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലും (commentary) ആഖ്യാനതന്ത്രമായി സ്വീകരിക്കുന്നതിന്‍റെ ഔചിത്യമിരിക്കുന്നത്. സ്വേച്ഛാധിപത്യം എങ്ങനെ സമൂഹത്തെ ദുഷിപ്പിക്കുകയും ജനങ്ങളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നുള്ളത് ഇത്തരം ആഖ്യാനത്തിലൂടെ, വിശദാംശങ്ങൾ നൽകി കൂടുതൽ ഫലപ്രദമായി തുറന്നു കാട്ടാൻ കഴിയുമെന്നതാണ് ഇത്തരം അവതരണത്തിന്‍റെ സവിശേഷത.
കരുതിക്കൂട്ടി ആഖ്യാനത്തെ അവ്യവസ്ഥപ്പെടുത്തുന്നതിനും വാക്യങ്ങളെ അപൂർണ്ണമായി വിട്ടുകൊണ്ട് വിച്ഛിത്തി വരുത്തുന്നതിനും ലോബോയുടെ ഭാഗത്തു നിന്നും ശ്രമമുണ്ട്.

മരിയൊ വർഗാസ് യോസ
വളരെ സമർത്ഥമായ, എന്നാൽ വേറെവിടെയും വേണ്ടത്ര പരീക്ഷിച്ചു വിജയിക്കാത്ത ഒരു രചനാരീതിയാണിത്. എന്നാൽ ഈയൊരു ആഖ്യാനരീതി തികച്ചും നൂതനമാണെന്നു പറയാനും നിർവാഹമില്ല. മരിയൊ വർഗാസ് യോസയുടെ ‘ദ് ഗ്രീൻ ഹൗസ് ‘( 1966) ‘കോൺവർസേഷൻ ഇൻ ദ് കതീഡ്രൽ ‘(1969) ‘ക്യാപ്റ്റൻ പന്‍റോജ ആൻഡ് ദ് സ്പെഷൽ സർവീസ് ‘(1978) എന്നീ നോവലുകളിൽ ഇത്തരം ആഖ്യാനം കണ്ടിട്ടുണ്ട്. എന്നാൽ വ്യതിയാനങ്ങളോടെയാണ് ലോബോയുടെ കൃതികളിൽ ഇത് പരീക്ഷിച്ചിട്ടുള്ളത്. ലോബോയെ ഇക്കാര്യത്തിൽ വർഗാസ് യോസയിൽ നിന്ന് വ്യത്യസ്തനാക്കുന്നത് നോവലിലെ പോയറ്റിക് റിഥം ആണ്. വാക്യങ്ങളുടെയും പ്രയോഗങ്ങളുടെയും ആവർത്തനങ്ങളിലൂടെ സൃഷ്ടിക്കുന്ന ഇംപാക്ട് എടുത്തു പറയേണ്ടതാണ്. കവിതയിൽ ആവർത്തിച്ചുപയോഗിക്കുന്ന റിഫ്രെയ്ൻ(refrain) പോലെ ലോബോയുടെ ഗദ്യത്തിൽ വാക്യങ്ങളും പ്രയോഗങ്ങളും ആവർത്തിച്ചുകൊണ്ട് താളാത്മകത (rhythm)മാത്രമല്ല അർത്ഥസാന്ദ്രതയും സൃഷ്ടിക്കുന്നു. ചില ഉദാഹരണങ്ങൾ ഇവിടെ എടുത്തെഴുതാതെ വയ്യ.'Are you a moron, young man, or are you just pretending?’,Time to go wee-wee, Senhor Francisco,time for wee-wee’,(ഷുയാവൊ തന്‍റെ ബാല്യകാലത്തെക്കുറിച്ച് ഓർമ്മിക്കുന്നതിനിടയിൽ, സ്ഥലവും കാലവും കൂടിക്കുഴയുന്നതും മിനിസ്റ്ററോട് മൂത്രമൊഴിക്കാൻ സമയമായി എന്ന് പല കുറി ഓർമ്മിപ്പിക്കുന്നതും നാം വായിക്കുന്നു.‘My God how clear it all is now ‘, മസ്തിഷ്കാഘാതം സംഭവിച്ച് മരണശയ്യയിൽ കിടക്കുന്ന ഫ്രാൻസിസ്കൊയുടെ ശിഥിലമായ ഓർമ്മകൾ ഈ വാക്യത്തിന്‍റെ ഇടയ്ക്കിടെയുള്ള പ്രയോഗം കൊണ്ട് ധ്വനിപ്പിക്കുന്നു.‘It's useless to cry Francisco don’t cry’, ഫ്രാൻസിസ്കൊ ചിത്തഭ്രമത്തിനു കീഴടുങ്ങുന്നു. പക്ഷാഘാതം ബാധിച്ച് ഒരു നഴ്സിംഗ് ഹോമിലെത്തുന്നു. അയാൾക്ക് നിസ്സഹായനായി കരയാനേ ഇപ്പോൾ നിവൃത്തിയുള്ളു.‘ Mommy Daddy Mommy Daddy’,‘Shoot if you see a communist’,‘Scram you commies ‘,(മിനിസ്റ്റർ തന്‍റെ ഫാമിലെ വേലക്കാരെ വിളിക്കുന്നത് കമ്മീസ് എന്നാണ്. വിദ്വേഷമുള്ളവരെയും സംശയമുള്ളവരെയും വിളിക്കുന്നതും കമ്മീസ് എന്നു തന്നെയാണ്. കമ്യണിസത്തോടുള്ള വിരോധം സാലസർ ഭരണകാലത്തിന്‍റെ ഒരു സവിശേഷതയാണ്) ‘Don't kiss me Francisco, don’t kiss me’ ( തന്‍റെ ഭാര്യ ഇസബെലിനോട് രൂപസാദൃശ്യമുള്ള മിലയെ ചുംബിക്കാൻ ശ്രമിക്കുന്ന മിനിസ്റ്ററെ മില തടയുന്നു. ഈ ഓർമ്മ മിനിസ്റ്റർ പക്ഷാഘാതം ബാധിച്ച് ചലനശേഷിയില്ലാതെ കഴിയുന്ന കാലത്ത് അയാളെ ഹോണ്ട് ചെയ്യുന്നത് വ്യക്തമാക്കാൻ ഈ വാക്യം നിരവധി തവണ ആവർത്തിക്കുന്നു) തന്‍റെ യൗവനത്തിൽ അംഗോളയിൽ സൈനിക സേവനത്തിനു പോയ അനുഭവം അയാൾ ഈ അവശതയിലും ഓർത്തെടുക്കുന്നു.
“at the beginning of the war in Africa, in 1961, when blacks murdered whites in Luanda and mounted their heads on poles, forced teenagers to eat their fathers' testicles, decapitated children, yanked fetuses from wombs and hung them from branches like balloons for the feast of Saint Anthony, and strung intestines between the columns of houses like streamers at outdoor fairs, in 1961, when whites… ” P. 428. (ഇവിടെ കൊളോണിയൽ യുദ്ധത്തിന്‍റെ ക്രൂരതയും മനുഷ്യവിരുദ്ധതയും നോവലിസ്റ്റ് എടുത്തു കാട്ടുന്നു.)
‘I do everything a woman wants except take my hat off, so that she won’t forget who’s boss’ ഈ വാക്യം നിരവധി തവണ നോവലിൽ ആവർത്തിക്കുന്നുണ്ട്. മിനിസ്റ്ററുടെ ആണൂറ്റവും അധികാരഗർവ്വും എത്രമാത്രമുണ്ട് എന്ന് ഓർമ്മിപ്പിക്കുകയാണ് ലക്ഷ്യം. നിരവധി സ്‌ത്രീകളുമായി മിനിസ്റ്റർ വേഴ്ചയിലേർപ്പെടുന്നുണ്ട്. പക്ഷേ, അവരെ ഫാമിലെ മൃഗങ്ങളെപ്പോലെയാണ് അയാൾ കരുതുന്നത്. സെനോർ ഫ്രാൻസിസ്കൊ പാമിലയിൽ ഒരു ഫാം നടത്തുന്നുണ്ട്. തൊപ്പിയൂരാതെയാണ് അയാൾ ഫാമിലെ ആശ്രിതരായ പെണ്ണുങ്ങളുമായി ലൈംഗിക വേഴ്ചയിലേർപ്പെടുന്നത്. അധികാരത്തിന്‍റെ ജീർണ്ണതയെ വെളിപ്പെടുത്തുന്ന ഒരുജ്ജ്വല രംഗമാണ് മിലയുമായി വേഴ്ചയിലേർപ്പെടാൻ ശ്രമിക്കുന്ന വൃദ്ധനായ ഫ്രാൻസിസ്കൊയുടെ വിവരണത്തിലൂടെ ലോബോ ചിത്രീകരിക്കുന്നത്. “I who didn't want a flabby chest weighing on my chest, scrawny legs between my legs, a withered tongue in my mouth, an old man's smell mixed in with my smell” P.322ഇത്തരം വാക്യങ്ങൾ സന്ദർഭമനുസരിച്ച് ആവർത്തിക്കുന്നു. അത് സൃഷ്ടിക്കുന്ന അർത്ഥവും താളവും ലോബോയുടെ ഗദ്യത്തെ കവിതയോടടുപ്പിക്കുന്നു. സേതുബലിലുള്ള ഈ ഫാം പശ്ചാത്തലമാക്കിയാണ് സ്റ്റേറ്റിന്‍റെ ഏകാധിപത്യവും ക്രൂരതയും ചൂഷണവും മറനീക്കി കൊണ്ടുവരുന്നത്. മിനിസ്റ്ററുടെ ഈ ഫാമിനെ ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ ഒരു പരിഛേദമായി കാണുന്നതിൽ അപാകതയില്ല. ഫ്രാൻസിസ്കൊ ഫാമിലെ സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. പാചകക്കാരി ടിറ്റിനയടക്കം പാൽക്കാരന്‍റെ മകളെ വരെ അയാൾ ലൈംഗികമായി ഉപയോഗിക്കുന്നുണ്ട്. പാചകക്കാരി മിനിസ്റ്ററുടെ അവിഹിത സന്തതിയെ പ്രസവിക്കുന്നത് ഈ ഫാമിൽ വച്ചാണ്. പ്രസവത്തിന് ഒരു ഡോക്ടർക്കു പകരം അയാൾ ഒരു വെറ്ററിനറി ഡോക്ടറെയാണ് വിളിക്കുന്നത്.
പാചകക്കാരി മിനിസ്റ്ററുടെ അവിഹിത സന്തതിയെ പ്രസവിക്കുന്നത് ഈ ഫാമിൽ വച്ചാണ്. പ്രസവത്തിന് ഒരു ഡോക്ടർക്കു പകരം അയാൾ ഒരു വെറ്ററിനറി ഡോക്ടറെയാണ് വിളിക്കുന്നത്.
ആദ്യ റിപോർട്ട് മിനിസ്റ്ററുടെ മകൻ ഷുയാവൊയുടേതാണ്. പിതാവുമായുള്ള ബന്ധം, ഭാര്യ സോഫിയയുടെ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള കോടതി വ്യവഹാരം എന്നിവയാണ് ഇതിൽ വിവരിക്കുന്നത്. കമന്‍ററി സ്റ്റുവാർഡിന്‍റെ പുത്രി ഒഡേറ്റെയുടേതാണ്.രണ്ടാമത്തെ റിപോർട്ട് ടിറ്റിനയുടേതാണ്. അവൾ മിനിസ്റ്ററുടെ പാചകക്കാരിയും കുടുംബകാര്യങ്ങൾ നോക്കുന്നവളുമാണ്. മിനിസ്റ്ററുടെ ഭാര്യ ഇസബെലിന്‍റെ കാമുകനുമൊത്തുള്ള ഒളിച്ചോട്ടം ഈ ഭാഗത്ത് സാക്ഷ്യപ്പെടുത്തുന്നു. മൂന്നാമത്തെ റിപോർട്ട് പാചകക്കാരിയുടെ മകൾ പൗലയുടേതാണ്. കമന്‍ററി നടത്തുന്നത് പൗലയുടെ തലതൊട്ടമ്മ ആലീസാണ്. നാലാം റിപോർട്ട് മിലയുടേതാണ്. മിനിസ്റ്ററുടെ ഭാര്യ ഡോണ ഇസബെലിനോട് രൂപസാദൃശ്യമുണ്ട് മിലയ്ക്ക്. ഇവിടെ മിലയുടെ അമ്മ ഡോണ ഡോറിസിന്‍റെ വകയാണ് കമന്‍ററി. അഞ്ചാം റിപോർട്ട് സെനോർ ഫ്രാൻസിസ്കൊയുടേതാണ്. ഇസബെലിന്‍റെ ഒളിച്ചോട്ടം, അവളോട് എന്താണ് ചെയ്യേണ്ടിയിരുന്നത് എന്നൊക്കെയുള്ള കാര്യങ്ങളാണ് ഈ റിപോർട്ടിലുള്ളത്. ഇതിലെ ഒരു ഉപറിപോർട്ടിൽ തനിക്ക് ഇപ്പോഴും അധികാരമുണ്ടെന്ന് ഫ്രാൻസിസ്കൊ സങ്കൽപ്പിക്കുന്നു. 1961ൽ അംഗോളയിലേക്ക് തന്നെ സൈനിക സേവനത്തിന് അയക്കുന്ന കാര്യങ്ങളൊക്കെ ഓർമ്മിക്കുന്നു. നോവലിന്‍റെ രൂപഘടനയെക്കുറിച്ച് ഏകദേശരൂപം നൽകുന്നതിനാണ് ഈയൊരു ചെറു വിവരണം നൽകുന്നത്. ചുരുക്കി വിവരിക്കുമ്പോൾ യാന്ത്രികമായി തോന്നാവുന്ന ഈ ചട്ടക്കൂടിനുള്ളിലാണ് ലോബോ അന്‍റ്യൂൺസ് തന്‍റെ അസാധാരണമായ ആഖ്യാനകൗശലം ഒരുക്കി വയ്ക്കുന്നത്.
ഇത്തരം ആവർത്തനങ്ങളിലൂടെ സമഗ്രാധിപത്യം എങ്ങനെ അതിന്‍റെ പൗരന്മാരെ മാനസ്സികമായി വേട്ടയാടി എന്ന് ധ്വനിപ്പിക്കുന്നു. ഇവിടെയൊക്കെ ഒരു തരം കറുത്ത ഹാസ്യം ആഖ്യാനത്തിന്‍റെ സ്വഭാവത്തെ നിർണ്ണയിച്ചു തുടങ്ങുന്നു.
ഒരു വായനക്കാരൻ എന്ന നിലയിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന ലോബോ അന്‍റ്യൂൺസിന് തന്‍റെ ജന്മനാട്ടിലെ ഭാഷ കൂടാതെ സ്പാനിഷ്, കാറ്റലാൻ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ അനായാസം സംസാരിക്കാൻ കഴിയുമായിരുന്നു. റഷ്യൻ ഭാഷയും അത്യാവശ്യം നന്നായി മനസ്സിലാവുമായിരുന്നു അദ്ദേഹത്തിന്. പത്തൊമ്പതാം നൂറ്റാണ്ടിലെ എഴുത്തുകാരോടായിരുന്നു ഈ സാഹിത്യകാരന് ആഭിമുഖ്യം. അമേരിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ്, റഷ്യ എന്നീ രാജ്യങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രതിഭാശാലികളായ മുപ്പത് പേരെങ്കിലും ഉണ്ടായിരുന്നു. ഇന്ന് ലോകത്ത് ആകെക്കൂടി നോക്കിയാൽ അഞ്ച് പേരുണ്ടായേക്കാം. ഇതായിരുന്നു ലോബോയുടെ കാഴ്ചപ്പാട്. വായനയുടെ കാര്യത്തിലായാലും എഴുത്തിന്‍റെ കാര്യത്തിലായാലും ഇന്നത്തെ എഴുത്തുകാരന് ലോബോ അന്‍റ്യൂൺസിന്‍റെ നിലവാരത്തിലെത്തണമെങ്കിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുന്നതു പോലെ ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതു പോലെ ദുഷ്കരമായ കാര്യമാണത് എന്നൊരു പറച്ചിലുണ്ട് ചില എഴുത്തുകാർക്കിടയിൽ. കോർമാക് മക്കാർത്തിയെയും W.G.സിബാൾഡിനെയും ലോബോ ഇഷ്ടപ്പെട്ടിരുന്നു. സോൾ ബെല്ലോയുടെ എഴുത്തിനോടും ലോബോയ്ക്ക് മതിപ്പായിരുന്നു ( ഒളിവർ ഫെറിയുടെ ലേഖനത്തോട് കടപ്പാട്)
ചുരുക്കി വിവരിക്കുമ്പോൾ യാന്ത്രികമായി തോന്നാവുന്ന ഈ ചട്ടക്കൂടിനുള്ളിലാണ് ലോബോ അന്‍റ്യൂൺസ് തന്‍റെ അസാധാരണമായ ആഖ്യാനകൗശലം ഒരുക്കി വയ്ക്കുന്നത്.
കരുതിക്കൂട്ടി ആഖ്യാനത്തെ അവ്യവസ്ഥപ്പെടുത്തുന്നതിനും വാക്യങ്ങളെ അപൂർണ്ണമായി വിട്ടുകൊണ്ട് വിച്ഛിത്തി വരുത്തുന്നതിനും ലോബോയുടെ ഭാഗത്തു നിന്നും ശ്രമമുണ്ട്. ഇതാവട്ടെ കഥാപാത്രങ്ങളുടെ വിരസതയും സംഭ്രമവും സൂചിപ്പിക്കുന്നതിനാകുന്നു.നോവൽ അവസാനിക്കുന്നതു തന്നെ ഒരു അപൂർണ്ണ വാക്യത്തിലാണ്. “how can I say this, how can I make it clear, please tell my idiotic son that I may not have been but that, tell him that I may have made mistakes but that, tell my idiotic son, do you hear, tell my idiotic son
please don't forget to tell my idiotic son that in spite of everything I.. ” P. 431. ഫ്രാൻസിസ്കൊ മകനെ എന്നും ഒരു ഇഡിയറ്റായിട്ടാണ് കണക്കാക്കിയിരുന്നത്. തന്‍റെ അന്ത്യനിമിഷത്തിലും മിനിസ്റ്റർക്ക് മകനെക്കുറിച്ചുള്ള ഉത്കണ്ഠ വ്യക്തമാക്കുന്ന ഭാഗമാണിത്. ഈ വാക്യം മുഴുമിപ്പിക്കുന്നില്ല എന്നത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. മിനിസ്റ്ററുടെ മരണം പരോക്ഷമായി സൂചിപ്പിക്കുകയാണിവിടെ.
ജീവിതം
അന്‍റോണിയൊ ലോബോ അന്‍റ്യൂൺസ് പോർച്ചുഗലിലെ ലിസ്ബണിൽ 1942 ൽ ജനിച്ചു. മെഡിക്കൽ ഡോക്ടറായിരുന്നു. സൈക്യാട്രിയിൽ സ്പെഷലൈസേഷൻ ചെയ്തു. പോർച്ചുഗീസ് ആർമിയിൽ ലെഫ്റ്റനന്‍റ് മിലിട്ടറി ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1961 - 1974 കാലത്ത് പോർച്ചുഗീസ് കൊളോണിയൽ യുദ്ധത്തിൽ ആഫ്രിക്കയിലെ അംഗോളയിലുള്ള ഒരു മിലിട്ടറി ഹോസ്പിറ്റലിൽ ജോലി ചെയ്തു.ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ്(2000), ഓവിഡ് പ്രൈസ്, ജറുസലെം പ്രൈസ്, കാമൂഷ് പ്രൈസ്, ഹുവാൻ റൂൾഫൊ പ്രൈസ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചു. നൊബേൽ പുരസ്കാരത്തിന് നിരവധി തവണ നോമിനേറ്റ് ചെയ്യപ്പെട്ടു. അനർഹരായ എഴുത്തുകാരെ സ്വീഡിഷ് അകഡെമി പുരസ്‌കാരം നൽകി വാഴ്ത്തിയപ്പോൾ അന്‍റ്യൂൺസ് തഴയപ്പെട്ടു. പക്ഷേ, ലോകസാഹിത്യത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരനായിരുന്നു ലോബോ എന്ന് സഹൃദയർ തിരിച്ചറിഞ്ഞു. ലോബോ അന്‍റ്യൂൺസ് 2026 മാർച്ച് മാസം അന്തരിച്ചു.
കൃതികൾ
South of Nowhere,Fado Alexandrio,Act of the Damned,The Return of the Caravels,Knowledge of Hell,An Explanation of the birds,The Splendor of the Portugal,Exhortation to the Crocodiles,The Inquisitors Manual എന്നിവയാണ് പ്രധാന കൃതികൾ.
അവലംബം:
1.Lost in Translation:The curious obscurity of Antonio Lobo Antunes : Oliver Farry2.When the mucking of the crows turned to whining. The Salazar era and the Carnation Revolution in Antonio Lobo Antune's novel Engelbert Jorissan3.The Inquisitor's Manual : Antonio Lobo Antunes