നിലവിളികൾ സംഗീതത്തെ വിഴുങ്ങുന്ന കാലം

അഭിമുഖം : 
രാവുണ്ണി / ഇ.ഡി.ഡേവിസ്

കവിതയെ പോരാട്ടത്തിന്‍റെ മാധ്യമമാക്കിയ കവിയാണ് രാവുണ്ണി. മനുഷ്യന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കലാണ് സാഹിത്യത്തിന്‍റെ പ്രധാന ദൌത്യങ്ങളിലൊന്ന് എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തന്‍റെ എഴുത്തിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുന്ന ഈ കവി മാറുന്ന കാലത്തിന്‍റെ അഭിരുചികളെ നിരാകരിക്കാതെയും ആവശ്യമുള്ളതിനെ സ്വാശീകരിച്ചും കാവ്യസഞ്ചാരം തുടരുന്നു. നെപ്ട്യൂണ്‍ വെബ് മാഗസിനുവേണ്ടി രാവുണ്ണി സംസാരിക്കുന്നു.
 
?  ഡോ. സി. രാവുണ്ണിയുടെ സാഹിത്യ ജീവിതത്തിന് അരനൂറ്റാണ്ട് പിന്നിടുന്ന വേളയാണിത്. സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിനും ഈ ദൈർഘ്യം ഉണ്ടെന്നു കരുതുന്നു. തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?
=  ഇത്ര കാലമായിട്ടും എനിക്കൊരു പക്വതയും വന്നിട്ടില്ല എന്നാണ് തോന്നുന്നത്. എനിക്കാണോ ലോകത്തിനാണോ പക്വതയെത്താത്തത് എന്ന സംശയവും ചില നേരങ്ങളിൽ തോന്നാതില്ല. കവിതയിൽ അമ്പതു കൊല്ലം പിന്നിട്ടു എന്നതിനേക്കാൾ എനിക്ക് അതിശയം  ഞാൻ എഴുപതിൽ എത്തുന്നു എന്നതാണ്. ബ്രേക്ക് ഇല്ലാത്ത തുക്കടാ വണ്ടി ഓവർ സ്പീഡിൽ ഓടിച്ച് നടന്ന തല്ലിപ്പൊളി ഡ്രൈവറാണ് ഞാൻ. ഇതുവരെയും ഇടിച്ചു തകർന്നില്ല എന്ന അതിശയം മാത്രമാണ് ബാക്കി.


കവിതയിൽ ജനകീയതയുടെയും ജനാധിപത്യത്തിന്‍റെയും മഹോത്സവമാണ്. എല്ലാ കുത്തകകളും  തകർന്നിരിക്കുന്നു. എഴുത്തിലെ ചാതുർവർണ്യത്തെ തൂത്തെറിഞ്ഞു. പുറമ്പോക്കിൽ ഉണ്ടായിരുന്നവർ കയറിവന്ന് അധികാരം സ്ഥാപിച്ചു. 

? കവിത ഇന്ന് കൂടുതൽ ജനകീയമാണ്. കവിതയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നു , കവിതയ്ക്കായി പല ഒത്തുചേരലുകൾക്ക് അവസരമുണ്ടാകുന്നു. ഈ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?


=  കവിതയിൽ ജനകീയതയുടെയും ജനാധിപത്യത്തിന്‍റെയും മഹോത്സവമാണ്. എല്ലാ കുത്തകകളും  തകർന്നിരിക്കുന്നു. എഴുത്തിലെ ചാതുർവർണ്യത്തെ തൂത്തെറിഞ്ഞു. പുറമ്പോക്കിൽ ഉണ്ടായിരുന്നവർ കയറിവന്ന് അധികാരം സ്ഥാപിച്ചു. വായ് പൊത്തി ഓച്ഛാനിച്ചു നിന്നിരുന്നവർ അരങ്ങത്ത് കടന്നു വന്ന് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. അപമാനിക്കപ്പെട്ടവർ വേദിയിൽ വിളങ്ങുകയാണ്. ഊമകൾ സംസാരിക്കുന്ന കാലമാണിത്.

? സാമൂഹിക മാധ്യമങ്ങൾ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു? ഗുണദോഷവിചിന്തനം കൂടാതെ എല്ലാ രചനകളെയും സ്വീകരിക്കുക എന്ന രീതി സ്വീകാര്യമാണോ ?

സാഹിത്യത്തിലെ അധികാരകേന്ദ്രങ്ങളെ തകർക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ ചെയ്തത്. ലോകത്തിലെ ഏത് അറ്റത്തിരുന്നും ഹിമാലയത്തിനു മുകളിൽ ഇരുന്നും മലയാളിയായ ഒരാൾ പോലും ഒപ്പം ഇല്ലാതിരുന്നിടങ്ങളിലും സ്വന്തം ഭാഷ ഉപയോഗിക്കാവുന്ന നിലയിലേക്ക് സാമൂഹ്യ മാധ്യമങ്ങൾ അക്ഷരകലയെ സാർവത്രികവും സർവ്വലൗകികവും സാർവ്വദേശീയവും ആക്കി മാറ്റി. അത് വലിയ മുന്നേറ്റമാണ്. മുകളിൽ ആരുമില്ല എന്നൊരു അവസ്ഥ സംജാതമായി. അധികാര സ്ഥാനത്തുനിന്ന് പണ്ഡിതർ പുറന്തള്ളപ്പെട്ടു. പാമരർ എഴുത്തുകാരും പ്രഭാഷകരുമായി. പാമരജീവിതം സാഹിത്യത്തിന്‍റെ പ്രമേയമായി മാറി. അവരുടെ കണ്ണീരും നോവും സ്വപ്നവും പ്രണയവും എഴുത്തിൽ ഇടം നേടി. ഇത്തരമൊരു സമ്പൂർണ്ണ ജനാധിപത്യവൽക്കരണം സാധ്യമാക്കിയത് സോഷ്യൽ മീഡിയ ആണ്. ഞാനുമൊരു പാമര കവിയാണ്.

ഗുണദോഷ വിചിന്തനം ഓരോരുത്തരും സ്വന്തം നിലയിൽ നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ. എല്ലാവർക്കും സ്വീകര്യമായ സാഹിത്യം ഉണ്ടാവുകയില്ല. വായിക്കുന്നവർക്കെല്ലാം ഗുണമായി തോന്നുന്ന, അല്ലെങ്കിൽ ദോഷമായി തോന്നുന്ന, ഒരു കാര്യവും ഇന്നത്തെ കാലത്ത് ഉണ്ടാവണമെന്നില്ല.

പാമരജീവിതം സാഹിത്യത്തിന്‍റെ പ്രമേയമായി മാറി. അവരുടെ കണ്ണീരും നോവും സ്വപ്നവും പ്രണയവും എഴുത്തിൽ ഇടം നേടി. ഇത്തരമൊരു സമ്പൂർണ്ണ ജനാധിപത്യവൽക്കരണം സാധ്യമാക്കിയത് സോഷ്യൽ മീഡിയ ആണ്.

? കവിതകളിൽ പ്രാദേശികമായ സവിശേഷതകൾ പലതും കടന്നു വരുന്നു. ഇതേക്കുറിച്ച് വിശദീകരിക്കാമോ ?
ഞാൻ ജീവിച്ച ഗ്രാമത്തിലെ അനുഭവങ്ങളാണ് കവിതയിൽ കടന്നുവരുന്നത്. നാട്ടുഭാഷ, നാട്ടുജീവിതം, നാട്ടുമനുഷ്യർ, നാട്ടുകാഴ്ചകൾ, നാട്ടനുഭവങ്ങൾ മാറ്റിനിർത്തിയാൽ പിന്നെ എന്‍റെ കവിതയിൽ ഒന്നും ഉണ്ടാവില്ല. ദേശത്തെ മണ്ണിൽ ചവിട്ടിയാണ് ഞാൻ നടക്കുന്നത്. ദേശത്തെ വായുവാണ് ഞാൻ ശ്വസിക്കുന്നത്. ദേശത്തെ വെള്ളമാണ് ഞാൻ കുടിക്കുന്നത്. ദേശത്തിലെ അരിയാണ് ഞാൻ ഉണ്ണുന്നത്. ഞാൻ ദേശിയാണ് വിദേശി അല്ല.
?  കവി , സംഘാടകൻ , സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായി ഇടപെടുന്ന ആൾ - ഇങ്ങനെ ബഹുമുഖമായ പ്രവർത്തനമണ്ഡലങ്ങളിൽ നിന്നുള്ള അനുഭവസമ്പത്ത് എഴുത്തിനെ എങ്ങനെയെല്ലാം സ്വാധീനിച്ചിട്ടുണ്ട് ?
=  വാസ്തവത്തിൽ ഇത് ബഹുമുഖണോ? ഇതെല്ലാം ഒന്നു തന്നെയല്ലേ? പരസ്പരാശ്രിതമല്ലെ? കവിതയും സാംസ്കാരിക പ്രവർത്തനവും സാമൂഹിക പ്രവർത്തനവും തമ്മിൽ എന്താണ് വ്യത്യാസം? കവിത എല്ലാറ്റിനെയും ഉൾക്കൊള്ളുന്നു. കവിതയിൽ ഇതെല്ലാം ഉണ്ട്.
എഴുത്തുകാർ പഴയ കാലത്തെപ്പോലെ ആദരിക്കപ്പെടുന്നുണ്ടോ?
= ദൈവങ്ങളല്ല, വെറും മനുഷ്യരാണ് എഴുത്തുകാർ . മഹാന്മാരുടെയും മഹതിമാരുടെയും പാരമ്പര്യം നമുക്കുണ്ടാവാം. ശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും മഹാത്മാക്കൾ ഉണ്ടായിരുന്നു. ഇപ്പോൾ സാധാരണക്കാരുടെ കാലമാണ്. ട്രമ്പിനെപ്പോലെയും നെതന്യാഹുവിനെപ്പോലെയുള്ള ചില പിശാചുകൾക്ക് മാത്രമാണ് അസാധാരണത്വമുള്ളത്. 

ഗാന്ധിജിയുടെയും ടാഗോറിന്‍റെയും ലോകമല്ല,അതിക്രൂരരായ നെതന്യാഹുമാരുടെ ലോകമാണിത്. ഈ പോക്ക് പോയാൽ ലോകത്തിന് ഒരു ഭാവിയും കാണുന്നില്ല.

? ഇന്നത്തെ ലോകം എങ്ങനെയുണ്ട്?

ഗാന്ധിജിയുടെയും ടാഗോറിന്‍റെയും ലോകമല്ല, അതിക്രൂരരായ നെതന്യാഹുമാരുടെ ലോകമാണിത്. ഈ പോക്ക് പോയാൽ ലോകത്തിന് ഒരു ഭാവിയും കാണുന്നില്ല. ഓരോ യുദ്ധവും ഭൂമിയുടെ ആയുസ്സിനെ വലിയ തോതിൽ വെട്ടിച്ചുരുക്കുകയാണ് . ജീവജാലങ്ങളുടെ എണ്ണം കുറയുന്നു. നിലവിളികൾ സംഗീതത്തെ വിഴുങ്ങുന്ന കാലം 

? 'നാളെ ' എന്നൊരു കവിത പണ്ട് എഴുതിയിട്ടുണ്ടല്ലൊ. നാളെയായോ അച്ഛാ എന്ന് ഉറക്കത്തിൽ നിന്നെണീറ്റ മകൾ ചോദിക്കുന്നതായി ആരംഭിക്കുന്നതായിട്ട്. നാളെ എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടോ?

= ഭൂമിയുടെ നാളെ, മനുഷ്യവംശത്തിന്‍റെ നാളെ, ജീവജാലങ്ങളുടെ നാളെ എന്തെന്ന് കാത്തിരുന്ന് കാണണം. സാമ്രാജ്യത്വം, മുതലാളിത്തം, സമ്പത്തിനും മേധാവിത്വത്തിനും വേണ്ടിയുള്ള ആർത്തി, എന്നിവ നാളെയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു. പക്ഷേ സാമ്രാജ്യത്വത്തിന് അപ്പുറത്ത് മനുഷ്യൻ എന്നൊന്നുണ്ട്. മനുഷ്യൻ / മനുഷ്യത്വം ഉയിർത്തെഴുന്നേല്ക്കുക തന്നെ ചെയ്യും.

? മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ 'തിരസ്കൃതർ പറയാൻ തുടങ്ങുമ്പോൾ ' എന്നൊരു പഴയ കവിത ഓർമ്മ വരുന്നു. അകത്തുള്ളവർക്കല്ല പുറത്തുള്ളവർക്കാണ് ഭ്രാന്ത് എന്നല്ലെ ആ കവിത പറഞ്ഞത്?

= 'എനിക്ക് ചവിട്ടി നിൽക്കാൻ 

ഇത്തിരി മണ്ണു വേണം 

നിന്ദിതരുടെ കണ്ണീരു വീണ് കുതിരാത്ത 

ഒരടിമണ്ണ് '

 മാനസികരോഗ ആശുപത്രിയിലെ അന്തേവാസിയായ ഒരാൾ മരത്തിന്‍റെ മുകളിൽ കയറി നിൽക്കുകയാണ്. അയാളെ ഇറക്കാൻ ഉദ്യോഗസ്ഥർ പെടാപ്പാട് പെട്ടുകൊണ്ടിരിക്കുമ്പോൾ മരക്കൊമ്പിൽ നിന്നയാൾ  ഉറക്കെ വിളിച്ചു പറഞ്ഞതാണ് ഇത്. 10 -40 വർഷം മുമ്പ് എഴുതിയ 'തിരസ്കൃതർ പറയാൻ തുടങ്ങുമ്പോൾ' എന്ന കവിതയിലാണ് .

നാല്പതാണ്ട് പിന്നിട്ടിട്ടും ഈ കവിത റദ്ദായിപ്പോകാതെ വീണ്ടും അങ്ങനെ തന്നെ എഴുതിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതായ മുടിഞ്ഞ ലോകമാണ് മുമ്പിലുള്ളത്.

ലോകം മാറി, പുരോഗമിച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. പഴയ അതേ ഹിംസാത്മക പിന്തിരിപ്പൻ ലോകം തന്നെയാണ് ഇപ്പോഴുമുള്ളത്.സാക്ഷാൽ മനോരോഗികളിലേറെയും ഭരണചക്രങ്ങൾ തിരിച്ചു കൊണ്ടിരിക്കുന്നു.

പുതിയ തലമുറയ്ക്ക് അച്ചടക്കം ഇല്ല ,ഒതുക്കമില്ല,ബഹുമാനമില്ല,സ്നേഹമില്ല എന്നൊക്കെയാണ് നമ്മൾ ,പഴമക്കാർ, പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത്രയൊക്കെ അച്ചടക്കമേ ആവശ്യമുള്ളൂ. വല്ലാത്ത അച്ചടക്കം അടിമത്തമാണ്.

? എൺപതുകളുടെ തുടക്കത്തിൽ വന്ന താങ്കളുടെ 'ഏകാകിയുടെ പ്രണയ രാത്രി' പുതുക്കപ്പെട്ട കാവ്യഭാഷ കൊണ്ടും അസാധാരണമായ ശില്പചാരുതകൊണ്ടും മലയാളിയുടെ മനം കവർന്നു. ഈ കവിതയുടെ രചനയെയും അതിൻ്റെ പശ്ചാത്തലത്തെയും പറ്റി പറയാമോ?

= പ്രണയം നിത്യദീപ്തിയോടെ നിന്നു പെയ്യുന്നത് വിരഹത്തിലാണ് എന്ന ചിന്തയിൽ നിന്നാണ് ആ കവിത വരുന്നത്. ദാമ്പത്യത്തിലും വാർദ്ധക്യത്തിലും പ്രണയവസന്തം എന്നതാണ് ഇപ്പോഴത്തെ എൻ്റെ വിചാരം.

? ഇന്നത്തെ കേരളീയ പൊതുമണ്ഡലം വളരെ കലുഷിതമാണല്ലോ? വലതുപക്ഷം തങ്ങൾ ആണ് യഥാർത്ഥ ഇടതുപക്ഷം എന്ന മുദ്രാവാക്യം ഉയർത്തുന്നു. വിശാല ഇടതുപക്ഷം എന്നു സ്വയം വിശേഷിപ്പിക്കുന്നവർ വലതുപക്ഷത്തു ചേക്കേറിയിരിക്കുന്നു. ഈയൊരവസ്ഥയിൽ കേരളത്തിൽ  ഭരണമാറ്റം ഉണ്ടായി. അതിനെ തുടർന്നും ഇടതുപക്ഷം വൻതോതിൽ ആക്രമിക്കപ്പെടുന്നു. എന്താണ് പ്രതികരണം ?

= വലതുപക്ഷക്കാരെല്ലാം ഒന്നായി. എല്ലാ വർഗ്ഗീയതയും ഒരു കുടക്കീഴിൽ ആർത്തുല്ലസിക്കുന്നു. നുണക്ക് നേരിനെക്കാൾ ഭംഗിയും വിശ്വസനീയതയും കിട്ടുന്ന കാലം. പെരുംനുണയുടെ രാജവാഴ്ചയാണ്. കുന്നിൻ മുകളിൽ നിന്നു കൊണ്ട് നിരന്തരം നേരുവിളിച്ചു പറയേണ്ട കാലം വന്നു ചേർന്നിരിക്കുന്നു .

? സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളോട് അതതു സന്ദർഭത്തിൽ പ്രതികരിച്ചുകൊണ്ട് തികച്ചും രാഷ്ട്രീയമായ കവിതകൾ ഒട്ടെറെ എഴുതിയത് ഓർക്കുന്നു. അത്തരം കവിതകൾ ഓരോരോ സന്ദർഭത്തിൽ ഉണ്ടാക്കിയ ചലനങ്ങളെപ്പറ്റിയും പിൽക്കാലത്തുള്ള അവയുടെ വായനയെപ്പറ്റിയും എന്തെല്ലാം പറയാനുണ്ട് ?

 = കവിതയെ കവിതയാക്കുന്നത് രാഷ്ട്രീയമാണ് എന്നതാണ് എൻ്റെ ബോദ്ധ്യം. അധികാരവുമായുള്ള ഏറ്റുമുട്ടലും അധികാരത്തിനു വേണ്ടിയുള്ള യുദ്ധങ്ങളുമാണ് നമ്മുടെ പുരാണങ്ങളിൽ പോലും നിറഞ്ഞു നില്ക്കുന്നതു്. സാമൂഹ്യവും രാഷ്ട്രീയവുമായ കാര്യങ്ങൾ സദാ ജാഗ്രതയോടെ പിന്തുടരുന്ന ഒരാളാണ് ഞാൻ. എൻ്റെ കവിതയും ഇങ്ങനെയാവട്ടെ. സർവ്വസ്വീകാര്യനായ പുണ്യാളനാവണ്ട എനിക്ക്. എൻ്റെ കവിത അത്ര പരിശുദ്ധവുമാവണ്ട. കുറച്ച് അശുദ്ധി തീണ്ടട്ടെ. പുണ്യാശ്രമങ്ങളിലൊന്നും എൻ്റെ കവിതക്ക് പ്രവേശനം വേണ്ട. എല്ലാം തികഞ്ഞ ഒരു കവിയായി എനിക്ക് ജീവിക്കുകയും വേണ്ട.

ലോകം മാറി, പുരോഗമിച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. പഴയ അതേ ഹിംസാത്മക പിന്തിരിപ്പൻ ലോകം തന്നെയാണ് ഇപ്പോഴുമുള്ളത്.സാക്ഷാൽ മനോരോഗികളിലേറെയും ഭരണചക്രങ്ങൾ തിരിച്ചു കൊണ്ടിരിക്കുന്നു.

? അടിയന്തിരാവസ്ഥയിലെ അർദ്ധഫാസിസ്റ്റു വാഴ്ചക്കാലത്ത് കോളേജിൽ പഠിക്കുകയായിരുന്നല്ലോ. അക്കാലത്തെ കവികളും കലാകാരന്മാരും എങ്ങനെ പ്രതിരോധിച്ചു എന്നതിൻ്റെ നേരനുഭവങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ അതേ പറ്റിയും മററും വിശദീകരിക്കാമോ?

= അടിയന്തിരാവസ്ഥയിൽ ഞാൻ കോളേജിലല്ല. ഹാജരില്ലാത്തതിനാൽ റിസൽറ്റ് വിത്ത്ഹെൽഡായി. കോളേജിൽ നിന്ന് പുറത്തായി. ആ സമയത്ത് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസം തൃശൂരിലും നാട്ടിലും നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. എൻ്റെ സഹപ്രവർത്തകരായിരുന്ന ജോർജ്ജും മണിയും ബാലനും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ഭീകര മർദ്ദനമേറ്റു. തീർത്തും ഒറ്റപ്പെട്ട അരക്ഷിത കാലം. സാഹിത്യം പ്രധാന അഭയമായത് ആ കാലത്താണ്. പിന്നീട് മുല്ലനേഴിയുമൊത്തുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 77 ലാണ് കോളേജിൽ തിരിച്ചെത്തുന്നത്.

? ആധുനിക കവിതയെ നിങ്ങൾ എങ്ങനെ നിർവചിക്കും? പരമ്പരാഗത കവിതയിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

 = അരക്ഷിതവും ക്രമരഹിതവുമായ ഒരു ലോകം രൂപപ്പെട്ടു വരികയാണ്. പരമ്പരാഗതമായ ഒന്നും അതേപടി നിലനില്ക്കില്ല. വല്ലാത്ത കൊടുങ്കാറ്റും കുത്തൊഴുക്കുമാണ്. പലതും തകർന്നു വീഴുന്നു. പലതും ഒലിച്ചുപോവുന്നു. പരിചിതമല്ലാത്ത പലതും രൂപം കൊള്ളുന്നു. എഴുത്തിലും ഇതൊക്കെ സംഭവിക്കുന്നു.

? നിങ്ങളുടെ കവിതകളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ കവികളോ കലാകാരന്മാരോ ആരൊക്കെയാണ്? 

എല്ലാ കവികളുടെയും തുടർച്ചയാണ് ഞാൻ. വായിച്ച എല്ലാ കവികളും എന്നിൽ പാർക്കുന്നുണ്ട്.

 എന്നെയിങ്ങനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യരുത്. ഞാൻ ആധുനിക കവിതയുടെ മൊത്തവ്യാപാരിയല്ല. എന്നെക്കൊണ്ടാവുമ്പോലെ മനസ്സിൽ തോന്നിയതെഴുതുന്നു. അതേയുള്ളു. 

? സമകാലിക സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ (കാലാവസ്ഥാ വ്യതിയാനം, യുദ്ധം, സ്ത്രീപുരുഷ അസമത്വം മുതലായവ) നിങ്ങളുടെ കവിതയിൽ എങ്ങനെ പ്രതിഫലിക്കുന്നു?

സമകാലിക സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ എന്നല്ല പറയേണ്ടത്. ജീവിതപ്രശ്നങ്ങൾ എന്നാണ്. ജീവിതം ഇവയോടെല്ലാം ഉരസുന്നു, കലഹിക്കുന്നു, ഏറ്റുമുട്ടുന്നു .ഇവ അനുഭവത്തിലും  മനോവാക്കർമ്മങ്ങളിലും ( ചിന്തയിലും എഴുത്തിലും അടക്കം) പ്രതിഫലിക്കാതെ വയ്യ.

? സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും കവിതയുടെ വ്യാപനത്തെയും സ്വീകാര്യതയെയും എങ്ങനെ മാറ്റിയെന്നു തോന്നുന്നു?

= ഒരു കാർണിവൽ കൂടാരത്തിൽ എത്തിപ്പെട്ട പോലെ തോന്നുന്നു. ജ്ഞാനത്തിനും അനുഭവത്തിനും പകരം ദൃശ്യവും ദൃശ്യഭാഷയും പ്രാമുഖ്യം കൈവരിക്കുന്നുണ്ട്. തിക്കും തിരക്കുമാണ്. ഏകാഗ്രതയും ഏകാന്തതയുമില്ല. എന്നാലും പുതിയൊരുണർവും ആവേശവുമാണ്. ഇതു വരെ കാണാത്തവരെ കാണാനാവുന്നു. ഇത്രകാലവും കേൾക്കാതെ പോയവരെ കേൾക്കാൻ കഴിയുന്നു. പഴമയെ കെട്ടിപ്പിടിച്ചിരുന്നിട്ട് കാര്യമൊന്നുമില്ല. പുതുകാലത്തെ വരവേല്ക്കുക. വലിയ ലോകത്തിൽ നമുക്കും ഒരിടം തേടുക.

? ഒരു കവി എന്ന നിലയിൽ, ഭാഷയുടെ പരമ്പരാഗത ഘടനകളെ തകർക്കുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? ഉദാഹരണങ്ങൾ നൽകാമോ?

ഞാൻ തകർക്കേണ്ട കാര്യമൊന്നുമില്ല. പഴഞ്ചനായതൊക്കെ തകരുക തന്നെ ചെയ്യും. ചത്തു ചീഞ്ഞാൽ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുക തന്നെ. ഒരാചാരം എന്ന നിലയിൽ വേണമെങ്കിൽ നിലവിളിക്കാം. നെഞ്ചത്തടിക്കുകയും ചെയ്യാം.അതു കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

നിങ്ങളുടെ കവിത വായനക്കാരനിൽ എന്ത് പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്? രസം, ചിന്ത, പ്രതിഷേധം, അല്ലെങ്കിൽ വേറെ എന്തെങ്കിലും?

= അത്ര വലിയ പ്രതീക്ഷയൊന്നുമില്ലെന്നേ.നമ്മൾ വിളമ്പുന്നത് ഒന്നു തൊട്ടു നോക്കിയാൽ ആശ്വാസം. രുചിച്ചു നോക്കിയാൽ സന്തോഷം. വയറു നിറയെ കഴിച്ച് നന്നായി എന്നു പറഞ്ഞാൽ ആനന്ദം. പുസ്തകം കാശു കൊടുത്തു വാങ്ങിയാൽ പരമാനന്ദം.

? പ്രണയം, ഏകാന്തത, മരണം തുടങ്ങിയ ശാശ്വത വിഷയങ്ങളെ ആധുനിക കവിത എങ്ങനെയാണ് സമീപിക്കുന്നത്?

= ഞാനിക്കാര്യത്തിൽ നിരപരാധിയാണ്. എന്നെയിങ്ങനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യരുത്. ഞാൻ ആധുനിക കവിതയുടെ മൊത്തവ്യാപാരിയല്ല. എന്നെക്കൊണ്ടാവുമ്പോലെ മനസ്സിൽ തോന്നിയതെഴുതുന്നു. അതേയുള്ളു. എന്തായാലും ചോദ്യം പ്രധാനം തന്നെ. വരൂ. നമുക്കൊന്നിച്ച് അന്വേഷിക്കാം.

അങ്ങയുടെ കാവ്യജീവിതം കരുത്താർജ്ജിക്കുന്നത് 1970-കളിലെ അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലാണ്. അന്നത്തെ ഭരണകൂട ഫാസിസത്തിനെതിരെയുള്ള സാംസ്കാരിക പ്രതിരോധവും, ഇന്നത്തെ കാലത്ത് രാജ്യം നേരിടുന്ന സംഘപരിവാർ ഫാസിസ്റ്റ് പ്രവണതകളും തമ്മിൽ താത്വികമായും പ്രായോഗികമായും എന്ത് വ്യത്യാസമാണുള്ളത്? എഴുത്തുകാരൻ എന്ന നിലയിൽ അന്ന് നേരിട്ടതിനേക്കാൾ വലിയ വെല്ലുവിളിയാണോ ഇന്ന് നേരിടുന്നത്?

= തീർച്ചയായും. അതേ ബുൾഡോസർ തന്നെ ഇത്. പ്രത്യക്ഷ ഭീകരത നേർക്കു നേരാണ്. വേഗം തിരിച്ചറിയാം. പരോക്ഷ ഭീകരതകളെയാണ് തിരിച്ചറിയാൻ പ്രയാസം. പഴയ അടിയന്തിരാവസ്ഥ ഓരോ പോലീസ് ജീപ്പും വിളിച്ചു പറയും. ഇന്ന് വിശ്വാസത്തിൻ്റെയും ആചാരത്തിന്‍റെയും ദേശസ്നേഹത്തിൻ്റെയും പേരിലാണ് അടിച്ചമർത്തലും പുറന്തള്ളലും. സൗന്ദര്യവൽക്കരണത്തിൻ്റെ പേരിലും 'അനധികൃത'പാർപ്പിൻ്റെ പേരിലും ചേരി നിർമാർജ്ജനം, ബുൾഡോസർ രാജ്... അതേ മുരൾച്ച ഇന്നും കേൾക്കാവുന്നു.

കൊടിയ യുദ്ധങ്ങളും വറുതിയും പട്ടിണിയും നിറഞ്ഞ ഒരു ലോകത്തെ നിർമ്മിച്ച നമ്മളോട് കുട്ടികൾ ഇത്രയൊക്കെ ബഹുമാനം കാട്ടിയാൽ മതിയെന്നേ. നമ്മളിൽ നിന്ന് അകലം പാലിക്കുകയാണ് അവർക്ക് നല്ലത്.

? വർത്തമാനകാല ഇന്ത്യയിൽ എഴുത്തുകാർ സാംസ്കാരിക ഉപരോധം നേരിടുകയും കൊല്ലപ്പെടുകയും, വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവർ വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഒരു 'ഭയത്തിന്‍റെ അന്തരീക്ഷം' ബോധപൂർവ്വം സൃഷ്ടിക്കപ്പെടുമ്പോൾ, എഴുത്തുകാരൻ തന്‍റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതനാകുന്നുണ്ടോ? ഇത്തരം കാലഘട്ടത്തിൽ ഒരു കവിക്ക് എങ്ങനെയാണ് ഭയരഹിതമായി ജനപക്ഷത്ത് നിലയുറപ്പിക്കാൻ കഴിയുന്നത്?"

= ഭരണകൂടഭീകരതകളെ മുഴുവൻ എതിരിട്ടു മുന്നേറിയതാണ് ചരിത്രം. പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക.വെടികൊണ്ടു വീണവരും കുത്തേറ്റു വീണവരും തുറുങ്കിലടക്കപ്പെട്ടവരും എത്ര? അവരാണ് ഈ നാട് കെട്ടിപ്പടുത്തത്. നഷ്ടപ്പെടുത്തിയ സ്വജീവിതം കൊണ്ടാണ് അവർ മറ്റുള്ളവർക്ക് സ്വാതന്ത്ര്യം സമ്മാനിച്ചത്.

ഞാൻ യോജിച്ചാലും ഇല്ലെങ്കിലും സമൂഹം കവിതയെ മാറ്റും. ജീവിതമാണ് സമൂഹത്തെ മാറ്റുക. കവിതക്ക് സമൂഹത്തെ മാറ്റാൻ കഴിയില്ല. മാറണം, മാറ്റണം എന്ന തോന്നലുണ്ടാവാൻ കവിത കാരണമായെന്നു വരും. 

? കവി എന്നതിന് പുറമെ താങ്കളുടെ ജീവിതം എങ്ങനെയാണ് എഴുത്തിനെ സ്വാധീനിക്കുന്നത്?

 = എൻ്റെ ജീവിതം കവിതയെയല്ല; കവിത എൻ്റെ ജീവിതത്തെയാണ് സ്വാധീനിക്കുന്നത്

? ഡിജിറ്റൽ യുഗത്തിൽ കവിതകൾ വായനക്കാരിലേക്ക് എത്തുന്നുണ്ട് . ഇത് ഗുണനിലവാരത്തെ നെഗറ്റീവായാണോ പോസിറ്റീവായണോ ബാധിച്ചിരിക്കുന്നത്?

= പോസിറ്റീവ് ആയാണ് കാണുന്നത്. നൂറു കവിതയെങ്കിലും ഒരു ദിവസം മുമ്പിലെത്തും. ഇഷ്ടം പോലെ വായിക്കാം. വായിക്കാതിരിക്കാം. കവിതയാണ് ഇക്കാലത്ത് കൂടുതൽ വായിക്കപ്പെടുന്നത് എന്നതുറപ്പാണ് 

?  സമകാലിക പ്രശ്നങ്ങളോടും രാഷ്ട്രീയ മാറ്റങ്ങളോടും ഒരു കവി പ്രതികരിക്കേണ്ടതുണ്ടോ?

= കവിയായാലും കാമുകനായാലും ഭ്രാന്തനായാലും വഴിപോക്കനായാലും യാചകനായാലും പ്രതികരിക്കണം എന്നു തോന്നിയാൽ പ്രതികരിക്കണം. കവികൾക്ക് കവിതയിലൂടെ പ്രതികരിക്കലാണ് എളുപ്പം.

എൻ്റെ പ്രധാനപ്രതിരോധം കവിതയാണ്. ജാഥയിൽ പങ്കെടുക്കുന്നതും മുദ്രാവാക്യം എഴുതുന്നതും വിളിക്കുന്നതും പോസ്റ്റർ ഒട്ടിക്കുന്നതും കൂക്കുവിളിക്കുന്നതും ഇറങ്ങിപ്പോരുന്നതും എൻ്റെ പ്രതിരോധങ്ങളാണ്.

? കവിത ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ മാർഗമാണോ?

= എൻ്റെ പ്രധാനപ്രതിരോധം കവിതയാണ്. ജാഥയിൽ പങ്കെടുക്കുന്നതും മുദ്രാവാക്യം എഴുതുന്നതും വിളിക്കുന്നതും പോസ്റ്റർ ഒട്ടിക്കുന്നതും കൂക്കുവിളിക്കുന്നതും ഇറങ്ങിപ്പോരുന്നതും എൻ്റെ പ്രതിരോധങ്ങളാണ്.

? കവിത ഇന്ന് കൂടുതൽ ജനകീയമാണ് . കവിതയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നു, കവിതയ്ക്കായി പല ഒത്തുചേരലുകൾക്ക് അവസരമുണ്ടാകുന്നു. ഈ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?

= കവിത എഴുതാൻ കഴിയുന്നതു കൊണ്ടു മാത്രം ഭ്രാന്തു പിടിക്കാതെ ജീവിക്കുന്ന എത്രയോ മനുഷ്യരെ എനിക്കറിയാം. കവിതയുള്ളതുകൊണ്ടു മാത്രം ആത്മഹത്യ ചെയ്യാതെ പോകുന്ന എത്രയോ മനുഷ്യർ നമ്മുടെ ചുറ്റിലുമുണ്ട്. അതിരുകൾ തകർത്ത് കവിത മുന്നോട്ടൊഴുകുന്നു. കവിത പെയ്യുന്നു. കവിത വീശിയടിക്കുന്നു. എല്ലാവരിലും എല്ലായിടത്തും കവിത മുട്ടിവിളിക്കുന്നു. കവിത പരക്കുന്നതിൽ, പടരുന്നതിൽ ഞാൻ ആഹ്ളാദഭരിതനാണ്

തല നരച്ചവർ ഡൈ വാരിത്തേച്ച് യുവാക്കളെന്ന് അഭിനയിക്കുംപോലെ ആധുനികരായിത്തീരാൻ മുതിർന്ന കവികൾ ജെൻസിക്കാരെക്കൊണ്ട് ട്യൂഷനെടുപ്പിക്കുന്നുണ്ട് . എന്തൊരു ബോറാണത്.? രാജ്യസ്നേഹിയായ ഒരു കവി എന്നതിലുമുപരി മലയാളികളുടെ കാവ്യവാസനയെ പ്രോത്സാഹിപ്പിക്കുവാനായി എഴുതി ത്തുടങ്ങുന്നവർക്ക് തെളിയാനായി അങ്ങ് ഒരു കവിതാഗ്രൂപ്പ് തുടങ്ങിയിട്ടുണ്ടെന്നും ഒരു ദശകത്തോളമായി ആ കൂട്ടായ്മ മലയാളത്തിലെ മറ്റേത് ഗ്രൂപ്പിനെക്കാളും കേമമായിട്ട് പോകുന്നുണ്ടെന്നും അറിയുന്നു . കാവ്യശിഖഎന്ന ആ ഗ്രൂപ്പിനെ കുറിച്ച് പറയാമോ?
കവികളും കവിതയും നിർലോഭം പരിഹസിക്കപ്പെടുന്ന, നിന്ദിക്കപ്പെടുന്ന കാലമാണിത്. കവിയാണിയാൾ എന്ന് ഒരാളെ പരിചയപ്പെടുത്തിയാൽ 'വട്ടുകേസാണല്ലെ' എന്ന മട്ടിൽ ശ്രോതാവ് ഒരു ചിരി ചിരിക്കും. കേരളത്തിൽ ജനസംഖ്യയേക്കാൾ കവികളാണെന്ന് കളിയാക്കും. കേരളത്തിൽ ഒരു ബോംബ് വന്നു വീണാൽ ലക്ഷം കവികൾ എങ്കിലും  മരിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും ഉണ്ട്. കവികളുടെ കൂട്ടുചേരൽ എന്ന നിലയിലാണ് കാവ്യശിഖ തുടങ്ങിയത്. എഴുത്തുകാർ വായനക്കാർ കൂടിയാകണം എന്ന നിർബന്ധം ആദ്യം മുതലേ പുലർത്തി. സാഹിത്യ ക്യാമ്പുകളും പുസ്തക പ്രസിദ്ധീകരണവും മാസിക പ്രസാധനവും ലിറ്റററി ഫെസ്റ്റിവലുമൊക്കെ നടത്തിവരുന്നു. സച്ചിദാനന്ദന്‍, കെ.വി.രാമകൃഷ്ണൻ മാഷ്, ഡോ. എസ്.കെ.വസന്തൻ,സാറ ജോസഫ്, അശോകൻ ചരുവിൽ, ടി.ഡി.രാമകൃഷ്ണൻ, പ്രൊഫ.വി.മധുസൂദനൻ നായർ, ഷീജ വക്കം, കുരീപ്പുഴ ശ്രീകുമാർ ,എൻ എസ് സുമേഷ് കൃഷ്ണൻ, ബി.കെ.ഹരിനാരായണൻ,ഡോ.ബിജു ബാലകൃഷ്ണൻ തുടങ്ങിയ ഒട്ടേറെ എഴുത്തുകാർ ഒപ്പമുണ്ട്. ശിഖയിലുടെ വന്ന കവികൾ പ്രധാന ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. അംഗങ്ങൾ തമ്മിലുള്ള സാഹോദര്യമാണ് ഏറ്റവും പ്രധാന നേട്ടമായി ഞാൻ കാണുന്നത്.
? താങ്കളെപ്പോലെ മുതിർന്നവർ ജെൻസി കുട്ടികളിലേക്കിറങ്ങി ചെല്ലേണ്ടതല്ലെ?
= തല നരച്ചവർ ഡൈ വാരിത്തേച്ച് യുവാക്കളെന്ന് അഭിനയിക്കുംപോലെ ആധുനികരായിത്തീരാൻ മുതിർന്ന കവികൾ ജെൻസിക്കാരെക്കൊണ്ട് ട്യൂഷനെടുപ്പിക്കുന്നുണ്ട് . എന്തൊരു ബോറാണത്. വാർദ്ധക്യം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം എന്ന മട്ടിൽ എന്തിനാണീ ഇളക്കം? 81 കാർ 18 കാരെപ്പോലെ പെരുമാറുന്നതും 18 കാർ 81 കാരെപ്പോലെ പെരുമാറുന്നതും ഒരുപോലെ അശ്ലീലമാണ്. നിങ്ങൾ നിങ്ങളെ എഴുതുക.

രാജ്യം ഭരിക്കുന്നവർക്ക് ജനാധിപത്യം മുഖംമൂടിയാണ്. ഒന്നാം അടിയന്തിരാവസ്ഥയിൽ എന്ന പോലെ ഇന്നത്തെ രണ്ടാം അടിയന്തിരാവസ്ഥയിലും കാര്യങ്ങളിൽ മാറ്റമൊന്നുമില്ല.

?  ഒരു ജനാധിപത്യരാഷ്ട്രം എന്ന നിലയിൽ നമ്മുടെ ഭാവി എന്താണ് ? 

=  രാജ്യം ഭരിക്കുന്നവർക്ക് ജനാധിപത്യം മുഖംമൂടിയാണ്. ഒന്നാം അടിയന്തിരാവസ്ഥയിൽ എന്ന പോലെ ഇന്നത്തെ രണ്ടാം അടിയന്തിരാവസ്ഥയിലും കാര്യങ്ങളിൽ മാറ്റമൊന്നുമില്ല.സ്റ്റാൻ സ്വാമിയും വരവരറാവുവും പ്രബീർ പുർകായസ്തയും ആനന്ദ് തെൽത്തുമ്പ്ദെയും സിദ്ധിക് കാപ്പനും മുഹമ്മദ് സുബൈറും രൂപേഷ് കുമാർ സിങ്ങും കൽബുർഗ്ഗിയും ധബോൽക്കറും ഗോവിന്ദ് പൻസാരെയും ഗൗരി ലങ്കേഷുമൊക്കെ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് എഴുപതുകളിലെ പ്രഖ്യാപിത അടിയന്തിരാവസ്ഥയില്ലല്ലൊ.

ന്യൂസ് ക്ലിക്ക് , ബിബിസി, ദി വയർ, ന്യൂസ് ലോണ്ട്രി തുടങ്ങിയ മാദ്ധ്യമങ്ങൾ വേട്ടയാടപ്പെട്ടതും 'അച്ഛാദിൻ' നാളുകളിലല്ലെ. വിചാരണ പോലുമില്ലാതെ തടവിൽ കഴിയുന്നവർ എത്ര? സത്യം പറഞ്ഞതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയോ പുറംലോകം കാണാത്ത തടവിൽ ആവുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങൾ എത്രയെത്ര. ജനാധിപത്യത്തിൻ്റെ നാലു തൂണുകളും ചേർന്ന് ഒറ്റത്തൂണായതുപോലെ. ഒറ്റക്കാലിൽ നില്ക്കുന്ന രാജ്യം കാണണോ? ഇങ്ങോട്ടു നോക്കൂ.

? വായിക്കാത്ത, സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാത്ത മൊബൈൽ നോക്കികളാണ് പുതിയ തലമുറ എന്ന് പറയുന്നതു കേൾക്കുന്നുണ്ടല്ലൊ

=  മൊബൈലിൽ നോക്കിയിരിക്കുന്നവർ ലോകത്തിൻ്റെ പരപ്പുകളിൽ സഞ്ചരിക്കുകയാണ്. അവർ കുഞ്ഞുമുറിയിൽ ഒളിച്ചിരിക്കുകയല്ല. ഭൂഖണ്ഡാന്തര വിസ്തൃതികളിൽ വിഹരിക്കുകയാണ് .

ഇന്നത്തെ യുദ്ധവും പലായനങ്ങളും നിലവിളികളും വർഗ്ഗീയതയും അമിതാധികാരവാഴ്ചയും നിറഞ്ഞ ലോകം അവരെ മടുപ്പിച്ചിട്ടുണ്ടാവും. പുതിയ തലമുറയ്ക്ക് അച്ചടക്കം ഇല്ല, ഒതുക്കമില്ല, ബഹുമാനമില്ല, സ്നേഹമില്ല എന്നൊക്കെയാണ് നമ്മൾ ,പഴമക്കാർ, പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത്രയൊക്കെ അച്ചടക്കമേ ആവശ്യമുള്ളൂ. വല്ലാത്ത അച്ചടക്കം അടിമത്തമാണ്. അത് കവികൾക്ക് ഒട്ടും ഭൂഷണം അല്ല .

 കൊടിയ യുദ്ധങ്ങളും വറുതിയും പട്ടിണിയും നിറഞ്ഞ ഒരു ലോകത്തെ നിർമ്മിച്ച നമ്മളോട് കുട്ടികൾ ഇത്രയൊക്കെ ബഹുമാനം കാട്ടിയാൽ മതിയെന്നേ. നമ്മളിൽ നിന്ന് അകലം പാലിക്കുകയാണ് അവർക്ക് നല്ലത്. നമ്മൾ ഉണ്ടാക്കിയ ഇരുട്ട് നിറഞ്ഞ, തിന്മ നിറഞ്ഞ  ലോകത്തെ മാച്ചുകൊണ്ടു മാത്രമേ പുതിയ തലമുറയ്ക്ക് അവരുടെ ലോകത്തെ നിർമ്മിക്കാനാവൂ. അവരാണ് നമ്മളെക്കാൾ ശരി.

യുദ്ധത്തിന്‍റെ ദാരിദ്ര്യത്തിന്‍റെ പലായനത്തിന്‍റെ കാഴ്ചകളും നിലവിളികളുമാണ് ചുറ്റിലും പലായനത്തിനിടയിൽ ജീവൻ രക്ഷിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ മൃതശരീരങ്ങളായി കരക്കടിഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അവരും കാണുന്നുണ്ട്. അതൊക്കെ മനസ്സിൽ നിന്ന് എങ്ങനെ മായാനാണ്. ആ  ദൃശ്യങ്ങൾ കുട്ടികൾ ആവർത്തിച്ച് കാണുന്നു. അതുകൊണ്ടാണ് അവർ അനുസരണക്കേട് ഉള്ളവരായി തീരുന്നത്. വാസ്തവത്തിൽ ഈ അനുസരണക്കേടാണ് ഭാവിയുടെ പ്രതീക്ഷ

?  അടിയന്തിരാവസ്ഥ മുതൽ കോൺഗ്രസ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ നയങ്ങളാണ് ബി ജെ പി പിന്തുടരുന്നതെന്ന് പറയുന്നുണ്ടല്ലൊ. ദേശീയ ഭരണകക്ഷിയും മുഖ്യപ്രതിപക്ഷവും തമ്മിൽ വ്യത്യാസമൊന്നുമില്ലെ?

=  ഖദറിട്ട ബിജെപി ആണ് കോൺഗ്രസ്സ്. 

കാവിയണിഞ്ഞ കോൺഗ്രസ് ആണ് ബിജെപി .

അഭിമുഖം തയ്യാറാക്കിയത്: ഇ.ഡി.ഡേവീസ്


Comments
* The email will not be published on the website.