സാഹിത്യ നിരൂപണത്തിൻ്റെ പടർച്ചകൾ

ഓപ്പണ്‍ ഫോറം

നിഷി ലീല ജോർജ്

                                              1
കഴിഞ്ഞ മൂന്നു ലക്കങ്ങളിലായി നെപ്ട്യൂൺ വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ച സാഹിത്യനിരൂപണ സംബന്ധിയായ ലേഖനങ്ങളിൽ മലയാളനിരൂപണത്തിൻ്റെ വർത്തമാനത്തെക്കുറിച്ചുള്ള ചില ആശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കപ്പെട്ടു. ആ ലേഖനങ്ങളോടുള്ള പ്രതികരണമാണ് ഈ എഴുത്ത്. 
നോവൽ മരിച്ചു കവിത മരിച്ചു എന്നൊക്കെ പറയുന്നവർ തന്നെയാണ് സാഹിത്യ വിമർശനം മരിച്ചു എന്ന് പറയുന്നതും. ഭൂതകാലത്തിലേക്ക് നോക്കി താരതമ്യം ചെയ്തു കൊണ്ട് നടത്തുന്ന പ്രസ്താവനകളാണ് ഇവ. ഭൂതകാലം ഇവർക്ക് സിംഹ പ്രതാപികളായ എഴുത്തുകാരുടെ കാലമാണ്.  കവിത്രയങ്ങൾ,  വിമർശനത്രയങ്ങൾ എന്നൊക്കെ ചിലരെ സിംഹാസനത്തിൽ കയറ്റിയിരുത്തിയിരുന്ന ഭൂതകാലത്തിനോട് താരതമ്യം ചെയ്യുമ്പോൾ ഇന്ന് അത്തരം ഉഗ്രപ്രതാപികളുടെ പ്രതിഷ്ഠകൾ സാഹിത്യ മണ്ഡലത്തിൽ ഇല്ല. രാഷ്ട്രീയ മേഖലയിൽ ഇപ്പോഴും അത്തരം പ്രതിഷ്ഠകളുണ്ട്. എന്നാൽ സാംസ്കാരിക മേഖലയിൽ താരതമ്യേന കൂടുതൽ ജനാധിപത്യം പ്രകടമാകുന്നുണ്ട്. വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുള്ള ധാരാളം പേർ സാഹിത്യ മണ്ഡലത്തിലേക്ക് കടന്നു വന്നതോടെയും നിലവിലിരുന്ന സാഹിത്യ നിർവ്വചനങ്ങളെ ചോദ്യം ചെയ്തതോടെയും സാഹിത്യ മണ്ഡലത്തിന് കൂടുതൽ ജനാധിപത്യ സ്വഭാവമുണ്ടായി. സിംഹ പ്രകൃതിയുള്ള നിരൂപകരും എഴുത്തുകാരും ജനാധിപത്യ കാലത്തിൻ്റെ മുഖങ്ങളല്ല. കവിത്രയങ്ങൾ , വിമർശനത്രയങ്ങൾ എന്ന മട്ടിലുള്ള ഉയർത്തി പ്രതിഷ്ഠകൾ ഇനി ആവശ്യമില്ല.മരണമല്ല പരിണാമമാണ് നിരൂപണത്തിൽ സംഭവിച്ചിരിക്കുന്നത്.

നോവൽ മരിച്ചു കവിത മരിച്ചു എന്നൊക്കെ പറയുന്നവർ തന്നെയാണ് സാഹിത്യ വിമർശനം മരിച്ചു എന്ന് പറയുന്നതും. ഭൂതകാലത്തിലേക്ക് നോക്കി താരതമ്യം ചെയ്തു കൊണ്ട് നടത്തുന്ന പ്രസ്താവനകളാണ് ഇവ. ഭൂതകാലം ഇവർക്ക് സിംഹ പ്രതാപികളായ എഴുത്തുകാരുടെ കാലമാണ്. 

സാഹിത്യനിരൂപണത്തിൻ്റെ വർത്തമാനം
സാഹിത്യ നിരൂപണം ഇന്ന് പല വഴികളിൽ മുന്നോട്ട് പോകുന്നുണ്ട്.
1. ധാരാളം പുസ്തകങ്ങളുണ്ടാകുന്നുണ്ട് എന്നതുകൊണ്ടുതന്നെ അവയോടൊപ്പം അവതാരികകൾ, ബ്ലർബുകൾ, പഠനങ്ങൾ എന്നിവയുമുണ്ടാകുന്നുണ്ട്. ആനുകാലികങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് എന്നതിനാൽ അവയിലൂടെ പ്രത്യക്ഷമാകുന്ന സാഹിത്യ നിരൂപണങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട് .
2. മറ്റൊരു വഴി ഓൺലൈൻ നിരൂപണങ്ങളുടേതാണ്. പുസ്തകങ്ങൾ ഇറങ്ങിയ ഉടനെയും അല്ലാതെയുമുള്ള ഇത്തരം നിരൂപണങ്ങളിൽ സാമാന്യമായ ആസ്വാദനങ്ങൾ മുതൽ സവിശേഷമായ പഠനങ്ങൾ വരെ ഉണ്ട്. ഫേസ്ബുക്ക്‌, ബ്ലോഗുകൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ, വാട്ട്സാപ്പ് , ഇൻസ്റ്റഗ്രാം തുടങ്ങി ക്ലബ്ബ് ഹൗസിൽ വരെ ഇത് പടർന്നു കയറിയിട്ടുണ്ട്. റീലുകളിലൂടെയും വീഡിയോകളിലൂടെയും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന രീതികളുമുണ്ട്. ഇൻസ്റ്റഗ്രാമാണ് ഇതിൻ്റെ വാസസ്ഥലം. വാട്ട്സാപ്പ് സാഹിത്യ ചർച്ചകളാണ് പുതുകാലനിരൂപണം പ്രത്യക്ഷമാകുന്ന മറ്റൊരു വഴി. ലോക്ക് ഡൗൺ കാലത്ത് രൂപപ്പെട്ടു വന്ന ഇത്തരമൊരു നിരൂപണ ഇടം നിരൂപണത്തെയും എഴുത്തിനെയും എത്ര വളർത്തിയിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.  എഴുത്തുകാർ ആവശ്യപ്പെടുന്ന, കണ്ടെത്തുന്ന നിരൂപകരാണ് പലപ്പോഴും ഇത്തരം ചർച്ചകളിൽ കൃതികളെ പരിചയപ്പെടുത്താൻ വരുന്നത്. എഴുത്തുകാരെ തൃപ്തിപ്പെടുത്തുന്ന തലോടൽ നിരൂപണമാണ് പൊതുവെ സ്വീകരിച്ചു കാണുന്നത്.
3. പി ജി തലത്തിലും പി എച്ച് ഡി തലത്തിലുമുള്ള സാഹിത്യ സംബന്ധിയായ ഗവേഷണപ്രബന്ധങ്ങളാണ് സാഹിത്യനിരൂപണങ്ങൾ പ്രത്യക്ഷമാകുന്ന മറ്റൊരിടം. ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന നിരൂപണ സംബന്ധിയായ സെമിനാറുകൾ , അവയിൽ നിന്ന് രൂപപ്പെടുന്ന പുസ്തകങ്ങൾ എന്നിവയും നിരൂപണത്തിൻ്റെ  സഞ്ചാരവഴികളിലൊന്നാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതലാളുകൾ ഓരോ വർഷവും കടന്നു വന്നുകൊണ്ടിരിക്കുന്നതിനാൽ ഇത്തരം അക്കാദമിക  വഴികളുംവലുതായിക്കൊണ്ടിരിക്കുന്നു. 
4. സ്ത്രീപക്ഷ നിരൂപണങ്ങൾ , ദളിത്പക്ഷ നിരൂപണങ്ങൾ , പാരിസ്ഥിതിക നിരൂപണങ്ങൾ, കോളനിയനന്തര,സത്യാനന്തര,മാനവികാനന്തര പഠനങ്ങൾ , സാംസ്കാരിക വിമർശങ്ങൾ മുതൽ എ ഐ നിരൂപണങ്ങൾ വരെ -വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചും  വിവിധ രീതിശാസ്ത്രങ്ങളും സിദ്ധാന്തങ്ങളുമുപയോഗിച്ചും -പല വഴികളിൽ നിരൂപണം മുന്നോട്ടു  നീങ്ങുന്നു. സാഹിതീയതയുമായി ബന്ധപ്പെട്ട്  മനസ്സിലാക്കുന്നതിനു പകരം സാംസ്കാരികത എന്ന നിലയിൽ കൃതികളെ മനസ്സിലാക്കുന്നതിലേക്കുള്ള മാറ്റം നിരൂപണ മേഖലയിൽ പ്രകടമാണ്. അന്തർ വൈജ്ഞാനിക പഠനങ്ങളായും സാഹിത്യ നിരൂപണങ്ങൾ മാറിയിട്ടുണ്ട്.
മുകളിൽ പറഞ്ഞവയൊക്കെയും നിരൂപണത്തിൻ്റെ കൂട്ടത്തിൽ പെടുത്താമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ എന്താണ് സാഹിത്യനിരൂപണം എന്ന് കൃത്യമായി നിർവ്വചിക്കേണ്ടി വരും. വിമർശനം ,വിമർശം, നിരൂപണം എന്നീ വാക്കുകൾ ഏതാണ്ട് ഒരേ അർത്ഥത്തിൽ മലയാളത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. വ്യത്യസ്ത അർത്ഥങ്ങളിൽ ഇവ പ്രയോഗിക്കുന്നവരുമുണ്ട്.ആസ്വാദനം, വിശകലനം, വിലയിരുത്തൽ എന്നീ മൂന്ന് പ്രക്രിയകൾ സാഹിത്യ നിരൂപണത്തിലുണ്ട് എന്ന് പൊതുവേ കരുതപ്പെടുന്നു. 
വിമർശനം ഒരു മൈനർ ആർട്ടാണ് എന്ന് പറയുന്ന കെ.പി അപ്പൻ തുടർന്ന് അതിനെ ഇങ്ങനെ വിശദീകരിക്കുന്നു. "എങ്കിലും അതു ദുർബ്ബലമായ കലാരൂപമല്ല. കാരണം, ഒരു വിമർശകൻ്റെ വിശ്വാസം ചിലപ്പോൾ ഒരു സൈന്യത്തിൻ്റെ ശക്തി പ്രകടിപ്പിക്കാറുണ്ട്. നമുക്കറിയാം, കവിതയും നാടകവും നോവലും നേരിട്ടു ചെയ്യാത്ത കാര്യങ്ങൾ വിമർശനകല ചെയ്യുന്നു. വിമർശന കലയാണ് നമ്മുടെ മുമ്പിൽ മനുഷ്യൻ്റെ ധൈഷണിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ മൂല്യനിർണ്ണയത്തിൻ്റെ ലോകം തുറന്നിട്ടത്. വസ്തുനിഷ്ഠമാക്കപ്പെട്ട സൗന്ദര്യവും (കലാസൃഷ്ടി) മനുഷ്യ മനസ്സും തമ്മിലുള്ള ഉന്നതമായ സംഭാഷണ പ്രക്രിയയെക്കുറിച്ച് നമ്മോട് സംസാരിക്കുന്നതും സാഹിത്യ വിമർശനമാണ് .അതുകൊണ്ടുതന്നെ പരിഹരിക്കാൻ വയ്യാത്ത ഒരു സംഘർഷം നമ്മുടെ ബുദ്ധിപരമായ ജീവിതത്തിൽ അത് എപ്പോഴും നിലനിർത്തുന്നു. എൻ്റെ വിനീതമായ സാഹിത്യ പ്രവർത്തനങ്ങളും ഈ സംഘർഷത്തെ സജീവമാക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു" (കെ.പി അപ്പൻ 2003, 75 ). കെ.പി അപ്പൻ്റ ഈ വിശദീകരണം സാഹിത്യ വിമർശനത്തെയും സാഹിത്യ വിമർശകൻ്റെ പങ്കിനെയും വ്യക്തമാക്കുന്നതാണ്. ഈ അഭിപ്രായത്തെ ഒന്ന് വിശകലനം ചെയ്ത് നോക്കാം. 

സിംഹ പ്രകൃതിയുള്ള നിരൂപകരും എഴുത്തുകാരും ജനാധിപത്യ കാലത്തിൻ്റെ മുഖങ്ങളല്ല. കവിത്രയങ്ങൾ , വിമർശനത്രയങ്ങൾ എന്ന മട്ടിലുള്ള ഉയർത്തി പ്രതിഷ്ഠകൾ ഇനി ആവശ്യമില്ല.മരണമല്ല പരിണാമമാണ് നിരൂപണത്തിൽ സംഭവിച്ചിരിക്കുന്നത്.

മൂന്ന് കാര്യങ്ങളാണ് ഈ അഭിപ്രായത്തിൽ തെളിഞ്ഞു വരുന്നത്.
1. വിമർശനകല മൂല്യനിർണയത്തിൻ്റെ ലോകം തുറന്നിടുന്നു.
2. കലാസൃഷ്ടി മനുഷ്യമനസ്സിൽ ഇടപെടുന്ന വിധത്തെക്കുറിച്ച് വിമർശന കല സംസാരിക്കുന്നു.
3. ഒരു കൃതി  വിമർശകനിൽ  പരിഹരിക്കാൻ കഴിയാത്ത സംഘർഷമുണ്ടാക്കുന്നു. ഈ സംഘർഷത്തെ സജീവമാക്കലാണ് തൻ്റെ വിമർശനം വഹിക്കുന്ന പങ്ക്. 
ഇതിൽ ഒന്നാമത് പറഞ്ഞ മൂല്യനിർണ്ണയത്തിൻ്റെ രണ്ട് വഴികളാണ് ഖണ്ഡനവും മണ്ഡനവും. നല്ല കൃതി /മോശം കൃതി എന്ന മട്ടിൽ കൃതികളുടെ മൂല്യനിർണ്ണയം നടത്തുക എന്നത് പുതുനിരൂപണം പൊതുവെ പിന്തുടരുന്ന രീതിയല്ല.  എഴുത്തുകാർ, വായനക്കാർ, നിരൂപകർ എന്നിവരുടെ അറിവിൻ്റെയും കാഴ്ച്ചപ്പാടിൻ്റെയും അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് നല്ല കൃതി /മോശം കൃതി എന്ന കാഴ്ച്ച എന്നതു കൊണ്ടു കൂടിയാണ് ഇത്.
രണ്ടാമത്തെ കാര്യമെടുത്താൽ സാഹിത്യ കൃതികൾ വായനക്കാരിൽ ഏവരിലും ഒരുപോലെയല്ല പ്രവർത്തിക്കുന്നത്. ജനപ്രിയമായിത്തീരുന്ന കൃതികളിൽ അവ എന്തുകൊണ്ട് ജനപ്രിയമായി എന്ന് നിരൂപകന് വിശകലനം ചെയ്യാം. വൈലോപ്പിള്ളിയുടെ മാമ്പഴത്തിൻ്റെ ജനപ്രിയതയ്ക്ക് എം എൻ വിജയൻ കണ്ടെത്തുന്ന കാരണമാവണമെന്നില്ല മറ്റൊരു നിരൂപക കണ്ടെത്തുക. അതായത് വായനക്കാരിലും നിരൂപകരിലും ഒര് കൃതി പല മട്ടിൽ പ്രവർത്തിക്കാം. ആ പ്രവർത്തനത്തിൽ അവരുടെ സാഹചര്യങ്ങളെന്ന പോലെ സ്വയം ബോധ്യങ്ങളും പങ്ക് വഹിക്കാം.

"പത്രാധിപരായ സി.പി. ഏതാണ്ടൊരു മജിസ്റ്റീരിയലധികാരത്തോടെയാണ് അരവ്യാഴവട്ടക്കാലം നമ്മുടെ സാഹിത്യ മണ്ഡലത്തിൽ വ്യവഹാരം നടത്തിയത് . അദ്ദേഹത്തിൻ്റെ വിധികൾ അപ്പീലില്ലാത്തതായിരുന്നു" എന്ന് എസ്. ഗുപ്തൻ നായർ സി .പി അച്യുതമേനോനെക്കുറിച്ച് എഴുതുന്നു.

മൂന്നാമത്തെ അഭിപ്രായത്തിലേക്ക് വന്നാൽ ഒരു കൃതി  വിമർശകരിൽ ഇടപെടുന്നത് പല വിധത്തിലാണ്. എല്ലാവരിലും എല്ലായ്പ്പോഴും അത് പരിഹരിക്കാൻ കഴിയാത്ത സംഘർഷം സൃഷ്ടിക്കണമെന്നില്ല. സങ്കീർണ്ണ കൃതികളിലെ കുരുക്കഴിക്കാൻ രീതിശാസ്ത്രങ്ങൾ ചിലപ്പോൾ സഹായകമായേക്കാം. കുരുക്കുകളഴിച്ച് ആന്തരികാർത്ഥങ്ങളെ വെളിപ്പെടുത്തുകയാണ് നിരൂപക ധർമ്മം എന്നല്ല സങ്കീർണ്ണതകളെയും സംഘർഷങ്ങളെയും ബലപ്പെടുത്തുകയാണ് തൻ്റെ ധർമ്മമെന്നാണ് കെ പി അപ്പൻ കരുതുന്നത്. നിരൂപണത്തിൻ്റെ ജോലിയെന്ന് പൊതുവെ കരുതപ്പെടുന്ന രീതിയല്ല ഇത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
കെ.പി അപ്പൻ്റെ മേൽപ്പറഞ്ഞ അഭിപ്രായം ഇവിടെ എടുത്തെഴുതിയത് എന്താണ് നിരൂപണം, എന്താണ് നിരൂപകധർമ്മം തുടങ്ങിയ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം എന്ന നിലയിലാണ്. സാഹിത്യ കൃതികളെ ഗ്രേഡ് തിരിക്കുക എന്നതാണ് നിരൂപണത്തിൻ്റെ ധർമ്മം എന്ന് കരുതുന്നില്ല. ഭാവിയുടേതായി തോന്നുന്നവയെ ഉയർത്തിക്കാണിക്കാം. അതേ സമയം തന്നെ എത് നിലവാരത്തിലുള്ളതിനെയും പഠിക്കുകയും വിലയിരുത്തുകയും ചെയ്യാം. കൃതിയുടെ ഗുണദോഷ വിചിന്തനം നടത്തുക മാത്രമല്ല നിരൂപക ധർമ്മം. അതിലെന്തുണ്ട് എന്ന് അടരടരായി പൊളിച്ചു കാണിച്ചു തരികയാണ്. നിരൂപകർ കൃതിയിലൂടെ നടത്തുന്ന സഞ്ചാരം ചിലപ്പോൾ കൃതിയെ കൂടുതൽ ആഴമുള്ളതായി അനുഭവിപ്പിച്ചുവെന്നു വരും. കൃതിയെ തുറന്നിടുകയും ലളിതമാക്കുകയും ചെയ്യുക എന്ന പോലെ രഹസ്യാത്മകമാക്കുകയും സങ്കീർണ്ണമാക്കുകയും ചെയ്യുക എന്നതും ചിലപ്പോൾ നിരൂപണത്തിൻ്റെ വഴിയാണ്. ഭാഷയുടെ ശേഷികളും പരിമിതികളും  അടയാളപ്പെടുത്തുകയും എഴുത്തിലും എഴുത്താളിലും ഇടപെടുന്ന കാലത്തെ തൻ്റെ വീക്ഷണകോണിലൂടെ തുറന്നിടുകയുമാണ് മറ്റ് ചിലപ്പോൾ നിരൂപണം ചെയ്യുന്നത്.

കൃതിയുടെ ഗുണദോഷ വിചിന്തനം നടത്തുക മാത്രമല്ല നിരൂപക ധർമ്മം. അതിലെന്തുണ്ട് എന്ന് അടരടരായി പൊളിച്ചു കാണിച്ചു തരികയാണ്. നിരൂപകർ കൃതിയിലൂടെ നടത്തുന്ന സഞ്ചാരം ചിലപ്പോൾ കൃതിയെ കൂടുതൽ ആഴമുള്ളതായി അനുഭവിപ്പിച്ചുവെന്നു വരും.

ഖണ്ഡനത്തിൻ്റെയും മണ്ഡനത്തിൻ്റെയും പരിമിതികൾ

പൊതുവേ ഖണ്ഡന നിരൂപണമാണ് മലയാളത്തിൽ നിരൂപണമായി അംഗീകരിക്കപ്പെട്ടു വരുന്നത്. മലയാളത്തിലെ ആദ്യ നിരൂപകൻ കേരളവർമ്മ വലിയകോയിത്തമ്പുരാനാണോ സി പി അച്യുതമേനോനാണോ എന്ന തർക്കത്തിൽ സി പി യുടെ തട്ട് ഉയർത്തി വെക്കുന്നവർ ഖണ്ഡനമാണ് നിരൂപണമെന്ന് കരുതുന്നവരാണ്. എന്നാൽ എല്ലായ്പ്പോഴും തലോടൽ നയങ്ങൾ സ്വീകരിച്ചയാളല്ല കേരള വർമ്മയെന്നും എല്ലായ്പ്പോഴും ഖണ്ഡനമായിരുന്നില്ല സി.പിയുടെ രീതിയെന്നും കുറച്ചു കൂടി അടുത്തു നിന്ന് ഇവരെ കാണാൻ ശ്രമിച്ചവരുമുണ്ട്. 
പിൽക്കാലങ്ങളിലെ സാഹിത്യ നിരൂപകരെ പരിശോധിച്ചാലും ഖണ്ഡനത്തിൻ്റെ വഴി സ്വീകരിച്ചവരെയും മണ്ഡനത്തിൻ്റെ വഴി സ്വീകരിച്ചവരെയും ഇരുവഴികളിലും മാറി മാറി സഞ്ചരിച്ച വരെയും കാണാൻ സാധിക്കും. ഈ വഴികളൊക്കെ ചേർത്താണ് വിമർശന സാഹിത്യശാഖയെ നമ്മൾ മനസ്സിലാക്കുന്നത്. എന്നാൽ അതിൽ അതികായരായി ഉയർന്നു നിന്നവരിലേറെയും ഖണ്ഡനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടവരാണ്. "പത്രാധിപരായ സി.പി. ഏതാണ്ടൊരു മജിസ്റ്റീരിയലധികാരത്തോടെയാണ് അരവ്യാഴവട്ടക്കാലം നമ്മുടെ സാഹിത്യ മണ്ഡലത്തിൽ വ്യവഹാരം നടത്തിയത് . അദ്ദേഹത്തിൻ്റെ വിധികൾ അപ്പീലില്ലാത്തതായിരുന്നു" എന്ന് എസ്. ഗുപ്തൻ നായർ സി .പി അച്യുതമേനോനെക്കുറിച്ച് എഴുതുന്നു (പ്രൊഫ. പന്മന രാമചന്ദ്രൻ നായർ (എഡി) 2008, 37). ഏതാണ്ടിതേ കാര്യം എം.കൃഷ്ണൻ നായരെക്കുറിച്ചും പറയാവുന്നതാണ്. എം.പി അപ്പൻ പുരുഷ കലയാണ് വിമർശനം എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നതും ഈ പരുഷസമീപനത്തെയാണ്. 

നവ മാധ്യമങ്ങളുടെയും എ ഐ യുടെയും പുതിയ കാലത്ത് ഭാഷയിലും ഭാവനകളിലുമുണ്ടാകുന്ന മാറ്റം പഠിക്കാൻ നിരൂപകർ പൊതുവേ താല്പര്യപ്പെട്ട് കാണുന്നില്ല.


വ്യത്യസ്തമായി ശ്രദ്ധിക്കപ്പെടാനുള്ള ഒരു വഴി കൂടിയാണ്  ഖണ്ഡന വിമർശനത്തിൻ്റേത്. അതോടൊപ്പം അത് ശത്രുക്കളെ ഉണ്ടാക്കുന്ന വഴിയുമാണ്. 1954ൽ പ്രസിദ്ധീകരിച്ച 'ആശാൻ്റെ സീതാകാവ്യ 'മാണ് സുകുമാർ അഴീക്കോടിൻ്റെ ആദ്യ വിമർശനഗ്രന്ഥമെന്നിരുന്നാലും   'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു ' എന്ന കൃതിയിലൂടെയായിരുന്നു സുകുമാർ അഴീക്കോട് സാഹിത്യവിമർശന മേഖലയിൽ ഇരിപ്പുറപ്പിച്ചത്.  ജി.ശങ്കരക്കുറുപ്പിനെപ്പോലെ സർവ്വ സമ്മതനായ ഒരെഴുത്തുകാരനെ വിമർശിച്ചത് തൻ്റെ വിമർശനം ശ്രദ്ധിക്കപ്പെടാൻ സഹായകമായി എന്ന് അഴീക്കോട് തന്നെ സമ്മതിച്ചിട്ടുണ്ട്. ഖണ്ഡനം മാത്രം എഴുതിയ ആളല്ല സുകുമാർ അഴീക്കോട്. എന്നാൽ ഖണ്ഡന വിമർശകനായി അഴീക്കോടിനെ സ്ഥാനപ്പെടുത്തുന്നതിൽ ഈ കൃതി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.   വിമർശനമെന്ന് വായനക്കാർക്ക് അനുഭവപ്പെടണമെങ്കിൽ ഖണ്ഡനമാകാതെ തരമില്ല എന്ന നില മിക്കപ്പോഴും ഉണ്ടായിരുന്നു എന്നു പറയാം. വിമർശനം എന്ന വാക്ക് അതിൻ്റെ സാധാരണ ഉപയോഗത്തിൽ ഉണ്ടാക്കുന്ന അർത്ഥം കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുക എന്നതാണല്ലോ. എന്നാൽ വിപുലമായ അർത്ഥത്തിൽ സാഹിത്യ വിമർശനം ഖണ്ഡനത്തിൽ മാത്രം ഒതുങ്ങുന്നതല്ല.
നിലവാരമില്ലെന്ന് തോന്നിയ എഴുത്തുകളെയും പ്രോത്സാഹിപ്പിക്കേണ്ട ഗതികേട് തനിക്ക് വന്നതിനെക്കുറിച്ച് കേരളവർമ്മ വലിയകോയിത്തമ്പുരാന് പ്രയാസമുണ്ടായിരുന്നു. ഇതേ പ്രയാസം ഇന്ന് സച്ചിദാനന്ദനെപ്പോലുള്ള കവികളും അനുഭവിക്കുന്നുണ്ട്.  പ്രശസ്തരുടെ ബ്ളർബുകൾ  സാഹിത്യ കൃതികളിലെ ഐ എസ് ഐ മുദ്രകളാണ്. സച്ചിദാനന്ദനെപ്പോലുള്ള സീനിയർ കവികളുടെ മുദ്രകൾക്കായി നൂറുകണക്കിന് എഴുത്തുകാർ താണു വണങ്ങിയും ശുപാർശ ചെയ്തും കാത്തു നിൽക്കുന്നു. തൻ്റെ തിരക്കുകൾക്കിടയിൽ ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിൻ്റെ പ്രതിസന്ധിയെക്കുറിച്ച് കവി സച്ചിദാനന്ദൻ തന്നെ പലപ്പോഴും എഴുതിയിട്ടുണ്ട്. കേരളവർമ്മയുടെ കാലത്ത് പുസ്തകങ്ങൾ കുറവായിരുന്നു എന്നതുകൊണ്ട് കൂടിയാണ് അദ്ദേഹം പ്രോത്സാഹനക്കുറിപ്പുകൾ എഴുതിക്കൊടുത്തിരുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. പുസ്തകങ്ങൾക്ക് ക്ഷാമമില്ല. എന്നാൽ തൻ്റെ പുസ്തകത്തെക്കുറിച്ച് പുകഴ്ത്തിയെഴുത്ത് പ്രതീക്ഷിച്ച് നിരൂപകനെ സമീപിക്കുന്ന എഴുത്തുകാരെ നിരാശരാക്കാൻ വയ്യാത്തതിൻ്റെ പ്രതിസന്ധി ഏത് കാലത്തെയും നിരൂപകർ നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ എവിടെയും തൊടാതെ ചിലതെഴുതുക, മയപ്പെടുത്തി വിമർശിക്കുക, ചില ഗുണങ്ങൾ ചൂണ്ടിക്കാട്ടുക, ഗുണദോഷ വിചിന്തനത്തിനു പോകാതെ ഉള്ളടക്ക വിശകലനം നടത്തുക തുടങ്ങി പല വഴികൾ അവതാരിക എഴുതുന്നവർ സ്വീകരിക്കാറുണ്ട്. അമിത പ്രശംസ നടത്താൻ ഒട്ടും മടി കാണിക്കാത്തവരുമുണ്ട്. അമിത പ്രശംസകൾ പറയുന്നവർക്കും കേൾക്കുന്നവർക്കും താൽക്കാലികമായി ചില സന്തോഷങ്ങൾ ഉണ്ടാക്കുമെന്നല്ലാതെ സാഹിത്യ മേഖലയെ സംബന്ധിച്ച് ഗുണകരമാണ് എന്ന് കരുതുന്നില്ല. പ്രശംസിക്കപ്പെടുന്ന എഴുത്തുകാർക്ക് ഇത് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇതിനും ഗുണവും ദോഷവുമുണ്ട്.

കഠിനമായ വിമർശനങ്ങൾക്കും പല പ്രശ്നങ്ങളുണ്ട്. എം കൃഷ്ണൻ നായരുടെ കഠിന വിമർശനങ്ങളേറ്റ് എഴുത്ത് നിർത്തിയവരുണ്ട്. എഴുത്തിൻ്റെ മേഖലയിലേക്ക് കാലെടുത്തുവെക്കുമ്പോൾ തന്നെ മുഖത്തടിച്ച് തിരിച്ചു പറഞ്ഞയയ്ക്കുന്നത് ഉചിതമായ രീതിയാണ് എന്ന് കരുതുന്നില്ല. 

കഠിനമായ വിമർശനങ്ങൾക്കും പല പ്രശ്നങ്ങളുണ്ട്. എം കൃഷ്ണൻ നായരുടെ കഠിന വിമർശനങ്ങളേറ്റ് എഴുത്ത് നിർത്തിയവരുണ്ട്. എഴുത്തിൻ്റെ മേഖലയിലേക്ക് കാലെടുത്തുവെക്കുമ്പോൾ തന്നെ  മുഖത്തടിച്ച് തിരിച്ചു പറഞ്ഞയയ്ക്കുന്നത് ഉചിതമായ രീതിയാണ് എന്ന് കരുതുന്നില്ല. ആദ്യശ്രമങ്ങൾ പരാജയമാണ് എന്നത് കൊണ്ട് എഴുതിത്തെളിഞ്ഞു കൂടാ എന്നുമില്ല. സാക്ഷരതയിലുണ്ടായ വർദ്ധനവിന് ആനുപാതികമായി ധാരാളം ആളുകൾക്ക് ഭാവനയെയും ചിന്തയെയും ഭാഷപ്പെടുത്താൻ കഴിയുന്നു എന്നത് സമൂഹത്തിൻ്റെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കഠിനമായ വിമർശനങ്ങൾ എഴുത്താളിനെ തകർത്തു കളഞ്ഞേക്കാം. ലബ്ധ പ്രതിഷ്ഠരെയും പ്രശസ്തരെയും വിമർശിക്കാം. പുതുമുഖങ്ങളെ കഠിന വിമർശനത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ് എന്ന് കരുതുന്നു. നിരൂപണ ഗർജ്ജനങ്ങൾ എല്ലാവരെയും ഒരു പോലെയാവില്ല ബാധിക്കുക. ആത്മവിശ്വാസം കുറഞ്ഞവരും പെട്ടെന്നു തളർന്നു പോകുന്നവരുമായ മനുഷ്യരുണ്ട്. അവരോട് മൃദു സമീപനം സ്വീകരിക്കേണ്ടതുണ്ട്.
ശിക്ഷിക്കുന്ന അധ്യാപകരും രക്ഷിതാക്കളും തിരിച്ചു വന്നാലെ പുതിയ തലമുറയെ നന്നാക്കാൻ പറ്റൂ എന്ന് വിചാരിക്കുന്നവരുണ്ട്. എല്ലാവരെയും ജയിപ്പിക്കുന്ന വിദ്യാഭ്യാസത്തെ വിമർശിക്കുന്നവരുണ്ട്. സാഹിത്യ നിരൂപണത്തിൻ്റെ  വർത്തമാനത്തെക്കുറിച്ചുള്ള വിശകലനങ്ങളിലും സമാന മനോഭാവമാണ് ഉള്ളത്. സാഹിത്യ നിരൂപകൻ ഒരു വടിയുമായി നിന്ന് നിലവാരം കുറഞ്ഞ കൃതികൾക്കെല്ലാം തലയ്ക്കടി കൊടുത്ത് തോല്പിച്ച് പുറത്താക്കുകയും അർഹതയുള്ള കുറച്ച് പേരെ മാത്രം ജയിപ്പിച്ച് മുന്നിൽ നിർത്തുകയും വേണം എന്നാണ് ഇവർ കരുതുന്നത്. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം സാമൂഹ്യവൽക്കരണം കൂടിയാണ് എന്നതുപോലെ സാഹിത്യരചനയുടെ ലക്ഷ്യം ഭാഷാ പ്രയോഗത്തിലുള്ള വികാസം കൂടിയാണ്‌. കൂടുതൽ ആളുകൾക്ക് ഇങ്ങനെ ഭാഷാ വികാസമുണ്ടാകുന്നതിനെ വാളെടുത്തു വെട്ടിത്തടയുകയാണോ നിരൂപക ധർമ്മം ? അതല്ല എല്ലാ കൃതികൾക്കും വളരെ മികച്ചത് എന്ന സർട്ടിഫിക്കറ്റ് ചാർത്തി നൽകുകയാണോ വേണ്ടത് ? ഇതു രണ്ടുമല്ല വേണ്ടത് എന്ന് കരുതുന്നു.
'മലയാള വിമർശനത്തിൻ്റെ സ്വത്വപ്രതിസന്ധികൾ ' എന്ന ലേഖനത്തിൽ രവിശങ്കർ എസ് നായർ അവതരിപ്പിക്കുന്ന പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ട്.

സാഹിത്യം 'സമഗ്ര ജീവിതരീതിയായ സം‌സ്കാര'ത്തിലെ പല വ്യവഹാരങ്ങളിൽ ഒന്നാണ്.  സാംസ്കാരിക നായക സ്ഥാനത്തേയ്ക്ക് പ്രതിഷ്ഠിക്കപ്പെടുന്നത് പലപ്പോഴും സാഹിത്യ നിരൂപകരാണ് എന്നത് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധയോടെയുള്ള ഇടപെടൽ ആവശ്യമുണ്ടെന്ന് തെളിയിക്കുന്നു. സാഹിത്യത്തിലെ നടപ്പു വഴി അടയാളപ്പെടുത്തുക മാത്രമല്ല പുതിയ വഴികൾ തെളിച്ചിടുകയുമാണ് സാഹിത്യ നിരൂപണം ചെയ്യുന്നത്.ദ്വിതീയാക്ഷര പ്രാസവാദവും രൂപഭദ്രതാവാദവും സംബന്ധിച്ച ചർച്ചകൾ വിവിധ കാലങ്ങളിൽ സാഹിത്യ മണ്ഡലത്തിൽ ഉയർന്നു വന്നപ്പോൾ അനുകൂലമായും എതിരായും നിന്ന നിരൂപകരുണ്ട്. സാഹിത്യമണ്ഡലത്തിലെ ദിശാ വ്യതിയാനങ്ങളിൽ ഇത്തരം സംവാദങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാഹിത്യത്തിന് ദിശാബോധം നൽകാൻ നല്ല നിരൂപണത്തിന് കഴിയേണ്ടതാണ് എന്ന് പറയുമ്പോൾ ആ ദിശയേത് എന്ന സംശയം വരും. നിരൂപകരുടെ വായനയുടെയും കാഴ്ച്ചപ്പാടിൻ്റെയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന ദിശ കൂടിയാണിത്. അത് നിലവിലുള്ളതിനെ പിന്തുടരുന്നതോ പുതിയ ഒന്നിനെ ചൂണ്ടിക്കാണിക്കുന്നതോ ആവാം. പുതിയതിനെ ചൂണ്ടിക്കാണിക്കുന്ന നിരൂപണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് കരുതുന്നു. ഭാഷയിലും അനുഭവങ്ങളുടെയും ചിന്തകളുടെയും ആഖ്യാനത്തിലുമുള്ള പുതുമയെ കണ്ടെത്താൻ കഴിയേണ്ടതുണ്ട്. എന്നാൽ പുതിയ എഴുത്തുകളെ സമഗ്രമായി വിശകലനം ചെയ്യുന്ന നിരൂപണങ്ങൾ കുറവാണ്. പ്രത്യേകിച്ചും കവിത പോലെ ദിനംപ്രതി വളർന്നു പടരുന്ന സാഹിത്യ ശാഖകളെ സംബന്ധിച്ച്. എഴുത്തുകാരുടെയും കൃതികളുടെയും എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ നിരൂപകരുടെ എണ്ണത്തിലും സമാനമായി വർദ്ധനവുണ്ടായാൽ മാത്രമേ ഈ വിഷയം പരിഹരിക്കാൻ കഴിയൂ.
സാഹിത്യനിരൂപണത്തിൻ്റെ രീതിശാസ്ത്രം
നെപ്ട്യൂൺ വെബ് മാഗസിനിൽ കഴിഞ്ഞ ലക്കം പ്രസിദ്ധീകരിച്ച 'മലയാള വിമർശനത്തിൻ്റെ സ്വത്വപ്രതിസന്ധികൾ ' എന്ന ലേഖനത്തിൽ രവിശങ്കർ എസ് നായർ അവതരിപ്പിക്കുന്ന പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ട്. മലയാളനിരൂപണത്തിൻ്റെ ഒരു പരിമിതിയായി അദ്ദേഹം കരുതുന്നത്, പ്രത്യക്ഷപ്പെടുന്ന മാധ്യമങ്ങളുടെ സ്വഭാവത്തിനനുസരിച്ച് അവ ചുരുക്കപ്പെടുന്നു എന്നതാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമാകുന്ന നിരൂപണങ്ങളുടെ പ്രധാന പ്രതിസന്ധിയായി ആവിഷ്ക്കാര ഇടത്തിൻ്റെ പരിമിതിയെ അദ്ദേഹം അവതരിപ്പിക്കുന്നു. വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകാഭിപ്രായങ്ങളിൽ നിന്നാണ് മലയാളനിരൂപണത്തിൻ്റെ തുടക്കം. രാമപാണിവാദവും ദ്വിതീയാക്ഷര പ്രാസവാദവുമൊക്കെ വലിയ സാഹിത്യ ചർച്ചകളായത് ആനുകാലികങ്ങളിലൂടെയാണ്. മലയാളത്തിലെ നിരൂപണ ഗ്രന്ഥങ്ങളേറെയും ഒറ്റകൃതിയെ മുൻനിർത്തിയുള്ള പഠനങ്ങളല്ല. വിവിധ കൃതികളെ സംബന്ധിച്ച നിരൂപണ സമാഹാരങ്ങളാണ്. ഇവയിൽ പലതും ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത് ആനുകാലികങ്ങളിലാണ്. ആനുകാലികങ്ങൾക്കു വേണ്ടി ഇവ വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഈ ചുരുക്കലുകളിൽ അപ്രധാനമായ കാര്യങ്ങൾ ഒഴിവാക്കപ്പെട്ട്  പ്രധാന കാര്യങ്ങൾക്ക് കൂടുതൽ തെളിച്ചം കിട്ടാനുള്ള സാധ്യതയുമുണ്ട്.

ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുക മാത്രമല്ല നിരൂപണം ചെയ്യുന്നത്. കൂടുതൽ സംശയങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എത്തിക്കുക എന്നതുമാണ്. സുനിൽ പി ഇളയിടത്തിൻ്റെ എഴുത്തുകൾ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് കരുതുന്നു.

സംസ്കൃത സർവ്വകലാശാല അധ്യാപകരെയും പ്രത്യേകിച്ച് സുനിൽ പി ഇളയിടത്തെയും ലക്ഷ്യമിട്ടു കൊണ്ട് രവിശങ്കർ എസ് നായർ നടത്തിയ വിമർശനങ്ങളും കൃത്യതയുള്ളതല്ല. ദമിതം എന്ന ഗവേഷണ പ്രബന്ധത്തെയും സുന്ദരികളും സുന്ദരന്മാരും എന്ന കൃതിക്കെഴുതിയ കുറിപ്പിനെയും മുൻനിർത്തി മാത്രം സുനിൽ പി ഇളയിടത്തിൻ്റെ എഴുത്തിനെക്കുറിച്ച് പൊതുനിഗമനങ്ങൾ അവതരിപ്പിക്കുന്നത് ശരിയല്ല എന്നത് പോലെ തന്നെ സുനിൽ പി ഇളയിടത്തെ മുൻനിർത്തി ആധുനികാനന്തര വിമർശനത്തെക്കുറിച്ചും സാംസ്കാരിക വിമർശനത്തെക്കുറിച്ചും പൊതുനിഗമനങ്ങൾ നടത്തുന്നതും ശരിയല്ല. മാർഷൽ മക്ലൂഹൻ്റെ മാധ്യമമാണ് സന്ദേശം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് രവിശങ്കർ എസ് നായർ ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമാകുന്ന നിരൂപണങ്ങളുടെ സ്വഭാവത്തെ നിശ്ചയിക്കുന്നത് ആവിഷ്ക്കാര ഇടത്തിൻ്റെ പരിമിതിയാണ് എന്ന വാദം അവതരിപ്പിക്കുന്നത്. മക്ലൂഹനെ ആശ്രയിക്കാതെയും ഈ വാദം അവതരിപ്പിക്കാമെന്നിരിക്കെ എന്തിനാണ് മക്ലൂഹനെ എഴുത്തിലേക്ക് കൊണ്ട് വരുന്നത് എന്ന് ചോദിച്ചാൽ അവതരിപ്പിക്കുന്ന ആശയത്തിന് കൂടുതൽ ബലവും വ്യക്തതയും കിട്ടാൻ എന്നാണ് ഉത്തരം. സിദ്ധാന്തങ്ങളെയും ആശയങ്ങളെയും ഇങ്ങനെ സ്വന്തം അഭിപ്രായങ്ങൾക്ക് ബലം കൊടുക്കാനായി ഗവേഷണ പഠനങ്ങളിൽ ഉപയോഗിക്കുന്നുണ്ട് . സിദ്ധാന്തങ്ങളുടെ ഉള്ളിലൂടെ ഒരു കൃതിയെ സമഗ്രമായി നോക്കിക്കാണാൻ ശ്രമിക്കുന്ന പഠനങ്ങളുമുണ്ട്. ഒരേ കൃതിക്ക്  പല വായനകൾ സാധ്യമാണെന്ന് ഇത്തരം പഠനങ്ങൾ വെളിപ്പെടുത്തുന്നു. കൃതി, കർത്താവ്, കഥാപാത്രങ്ങൾ ,കഥ, ഭാഷ, കാലം തുടങ്ങിയ കാര്യങ്ങൾ എല്ലാം അപഗ്രഥിക്കാനുതകും വിധം സമഗ്രമായ കാഴ്ചപ്പാടവതരിപ്പിക്കുന്ന സിദ്ധാന്തങ്ങൾ പരിമിതമായതിനാൽ പലരുടെ ആശയങ്ങളെ കൂട്ടിച്ചേർത്ത് ഉപയോഗപ്പെടുത്തിക്കൊണ്ടും ഗവേഷണ പഠനങ്ങൾ നടത്തേണ്ടി വരും. ഭാഷയും അതുപയോഗപ്പെടുത്തിയുള്ള സമസ്ത ഇടപെടലുകളും മുൻ ഇടപെടലുകളുടെ തുടർച്ചയാണെന്നിരിക്കെ മറ്റുള്ളവരുടെ ആശയങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ വിശകലനത്തിനായി ഉപയോഗപ്പെടുത്തുന്നത് തെറ്റായ രീതിയാണ് എന്ന് കരുതുന്നില്ല. ഈ ലേഖനത്തിൻ്റെ തുടക്ക ഭാഗത്ത് കെ പി അപ്പനെ ഉദ്ധരിച്ച് പറഞ്ഞതുപോലെ എല്ലായ്പ്പോഴും നിരൂപണത്തിൻ്റെ ധർമ്മം കുരുക്കുകളഴിക്കുക എന്നതല്ല. കൃതികളെ - അവയിലെ ആശയങ്ങളെ - ആഴപ്പെടുത്തുകയോ സങ്കീർണ്ണമാക്കുകയോ ചെയ്യുക എന്നതും നിരൂപണത്തിൻ്റെ രീതിയാണ്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുക മാത്രമല്ല നിരൂപണം ചെയ്യുന്നത്. കൂടുതൽ സംശയങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എത്തിക്കുക എന്നതുമാണ്. സുനിൽ പി ഇളയിടത്തിൻ്റെ എഴുത്തുകൾ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് കരുതുന്നു.
സാഹിത്യ നിരൂപണത്തിൽ രീതി ശാസ്ത്രം വേണമെന്നും വേണ്ടെന്നും അഭിപ്രായമുള്ളവരുണ്ട്. രീതിശാസ്ത്രം പരിമിതി ആകാമെന്നതു പോലെ കൃതികളെ സൂക്ഷ്മ വിശകലനം നടത്തുന്നതിനുള്ള സാധ്യതയുമാണ്. സാഹിത്യം, സാമൂഹ്യ ലോകത്തെ മറ്റനേകം വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണ്. അറിവിൻ്റെ ലോകം വിപുലമാകുന്തോറും ഓരോ പാഠത്തെയും  അപഗ്രഥിക്കാനുള്ള ടൂളുകളും വിപുലമാവും.  അപ്പോൾ സാഹിത്യത്തെ അതിനുള്ളിൽ തന്നെ നിന്നു കൊണ്ട് മനസ്സിലാക്കണം എന്ന് വാദിക്കുന്നതിൽ കഴമ്പില്ല.
സിദ്ധാന്തങ്ങളുടെ ഉള്ളിൽ നിന്നു കൊണ്ട് സാഹിത്യ കൃതികളെ വിശകലനം ചെയ്യുന്ന രീതി മലയാളത്തിൽ ആരംഭിക്കുന്നത് മാർക്സിസ്റ്റ് സാഹിത്യ വിമർശനത്തിലൂടെയാണ്. 

മലയാള നിരൂപണത്തിൽ രീതി ശാസ്ത്രത്തെ പ്രകടമായി തന്നെ ഉപയോഗപ്പെടുത്തുന്ന നിരൂപകരുണ്ട് എന്നതുപോലെ രീതിശാസ്ത്രം ആന്തരവൽക്കരിച്ചെഴുതുന്ന നിരൂപകരും രീതിശാസ്ത്രവൃത്തത്തിന് പുറത്ത് നിന്നെഴുതുന്നവരുമുണ്ട്.സാഹിത്യ നിരൂപണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ മറ്റ് ഭാഷകളിലെ സാഹിത്യ സംബന്ധിയായ നിർവ്വചനങ്ങളുടെയും  ഘടനാ വിശകലനങ്ങളുടെയും സ്വാധീനമുണ്ടാകുന്നുണ്ട്. ആദ്യം സംസ്കൃത സാഹിത്യത്തിത്തോടും പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തോടും താരതമ്യം ചെയ്തുകൊണ്ടാണ് മലയാളത്തിൽ ഓരോ സാഹിത്യ ശാഖയും നിർവ്വചിക്കപ്പെടുന്നത്. കൃതികളുടെ മൂല്യനിർണ്ണയം നടത്തുന്നതിലും ഈ സ്വാധീനങ്ങൾ പങ്ക് വഹിക്കുന്നുണ്ട്. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലേത് എന്ന ചർച്ച പരിശോധിച്ചാൽ ഇത് വ്യക്തമാവും. ചെറുകഥാ പ്രസ്ഥാനവും നോവൽസാഹിത്യവും എഴുതിക്കൊണ്ട് എം.പി പോൾ നടത്തുന്ന ഇടപെടൽ ഈ സാഹിത്യ ശാഖകളുടെ ഘടന വരച്ചുണ്ടാക്കൽക്കൂടിയാണ്. 1892 ൽ രചിക്കപ്പെട്ട പോത്തേരി കുഞ്ഞമ്പുവിൻ്റെ സരസ്വതീ വിജയം എന്ന നോവലിനെ കഠിന വിമർശനത്തിനു വിധേയമാക്കുന്ന സി.പി. അച്യുതമേനോൻ്റെ നിരൂപണത്തെ നിശ്ചയിക്കുന്നത് സംസ്കൃത മാതൃകകളാണ്. കവിതാ നിരൂപണത്തിൻ്റെ പല കാലങ്ങൾ പരിശോധിച്ചാൽ ആദ്യകാലത്ത് പ്രാസ ഭംഗികൾ , അലങ്കാര പ്രയോഗ സാമർത്ഥ്യങ്ങൾ തുടങ്ങിയവയെ എടുത്തുകാണിക്കുകയും അർത്ഥം വിശദീകരിക്കുകയും ചെയ്യുകയായിരുന്നു നിരൂപകരുടെ പണി. കവിതയിൽ ഇതൊന്നും പ്രധാനമല്ലെന്ന് വന്നതോടെ പുതുകാലത്ത് കവിതാ വിശകലനം കൂടുതൽ പ്രയാസകരമായി.  
അതായത് സിദ്ധാന്തങ്ങളുടെ ഉപയോഗം കൃതികളുടെ മറ്റൊരു കാഴ്ച്ച സാധ്യമാക്കുക മാത്രമല്ല സിദ്ധാന്തങ്ങളെ വ്യക്തതയോടെ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. 

സിദ്ധാന്തങ്ങളുടെ ഉള്ളിൽ നിന്നു കൊണ്ട് സാഹിത്യ കൃതികളെ വിശകലനം ചെയ്യുന്ന രീതി മലയാളത്തിൽ ആരംഭിക്കുന്നത് മാർക്സിസ്റ്റ് സാഹിത്യ വിമർശനത്തിലൂടെയാണ്.  കുമാരനാശാനെക്കാളും വലിയ കവിയായി വള്ളത്തോളിനെ ഇ എം എസ് കാണുന്നത് ജാതി സംബന്ധിയായ വ്യവഹാരങ്ങൾ സാമൂഹ്യ വിഷയമായും ദേശീയതയുടെ വ്യവഹാരങ്ങൾ രാഷ്ട്രീയ വിഷയമായും വിലയിരുത്തുന്ന കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ്. എന്നാൽ പിൽക്കാലങ്ങളിൽ വള്ളത്തോളിനേക്കാൾ വായിക്കപ്പെട്ടത് ആശാനാണ്. കാലത്തിൻ്റെയും കാഴ്ച്ചപ്പാടിൻ്റെയും പരിമിതികൾ സാഹിത്യ വിമർശത്തിലുമുണ്ടാകാം. അത് സിദ്ധാന്തമുപയോഗിക്കുമ്പോൾ മാത്രമുണ്ടാകുന്ന പരിമിതിയല്ല. സിദ്ധാന്തങ്ങളുടെ ഉപയോഗം വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് ഒരു കൃതിയെ മനസ്സിലാക്കുന്നതിന്  സഹായിക്കുന്നു. കാളിദാസനും കാലത്തിൻ്റെ ദാസൻ എന്ന് മുണ്ടശ്ശേരി വിലയിരുത്തിയത് പോലെ ഏത് സാഹിത്യ നിരൂപകരിലും അവർ ജീവിച്ച കാലഘട്ടത്തിൻ്റെ പരിമിതികൾ കാണാം.
മാമ്പഴത്തിൻ്റെ നിരൂപണമെഴുതിയതിൽ പിന്നെ വൈലോപ്പിള്ളിക്ക് തന്നോട് ദേഷ്യമായി എന്ന് എം എൻ വിജയൻ എഴുതിയിട്ടുണ്ട്. കവി ഉദ്ദേശിക്കാത്ത കാര്യങ്ങൾ വിമർശകൻ വായിച്ചതിനാലായിരുന്നു ഈ ദേഷ്യം. അതു കൊണ്ട് എഴുത്തുകാർ ഉദ്ദേശിക്കുന്നതെന്ത് എന്ന് വ്യക്തമാക്കുകയല്ല നിരൂപകർ ചെയ്യുന്നത്. തൻ്റെ വീക്ഷണകോണിൽ നിന്നു കൊണ്ട് കൃതിയെ അപഗ്രഥിക്കുകയാണ്. ആദി പ്രരൂപങ്ങളും സാമൂഹ്യ അബോധവും ഏനൽ ഇറോട്ടിസവുമൊക്കെ സാഹിത്യ വിദ്യാർത്ഥികൾക്കും വായനക്കാർക്കും പരിചിത പ്രയോഗങ്ങളായതിൽ എം എൻ വിജയൻ്റെയും എം ലീലാവതിയുടെയും മനശ്ശാസ്ത്ര നിരൂപണങ്ങൾ പങ്ക് വഹിച്ചിട്ടുണ്ട്. അതായത് സിദ്ധാന്തങ്ങളുടെ ഉപയോഗം കൃതികളുടെ മറ്റൊരു കാഴ്ച്ച സാധ്യമാക്കുക മാത്രമല്ല സിദ്ധാന്തങ്ങളെ വ്യക്തതയോടെ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. 

ചിലപ്പോൾ സിദ്ധാന്തങ്ങൾ സാഹിത്യ വിമർശനത്തെ അധികഭാരമുള്ള ഒന്നായി അനുഭവപ്പെടുത്താം.കെ. രാജൻ്റെ 'ജ്വാലാനിഴൽ കാഴ്ചകൾ ' എന്ന നിരൂപണ ഗ്രന്ഥം ഇത്തരത്തിൽ സിദ്ധാന്തഭാരം അനുഭവപ്പെടുത്തുന്ന പുസ്തകമാണ്. കോളനിയനന്തര സൗന്ദര്യശാസ്ത്രം രൂപപ്പെടുത്താനുള്ള  ശ്രമമെന്ന് അവകാശപ്പെടുന്ന ഈ സാഹിത്യനിരൂപണകൃതി പൗരസ്ത്യ സിദ്ധാന്തങ്ങളെയും വിശകലനത്തിനായി ഉപയോഗിക്കുന്നു എന്നതാണ് ഈ കൃതിയുടെ വ്യത്യസ്തതയായി അനുഭവപ്പെട്ടത്. സിദ്ധാന്തഭാരമില്ലാതെയാണ് ജൂലി ഡി.എം എഴുതുന്നത്. 'വിമർശനം ഒരു സ്ത്രൈണ കലയാണ്' എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിലൂടെ അവർ മലയാളത്തിലെ പ്രശസ്തരായ ആണെഴുത്തുകാരെ നിശിതവിമർശനത്തിന് വിധേയമാക്കുന്നു. ഇ വി രാമകൃഷ്ണൻ ,  ഇ പി രാജഗോപാലൻ എന്നിവർ രീതി ശാസ്ത്രങ്ങളെ  ആന്തരവൽക്കരിച്ച് എഴുതുന്നവരാണ്. അതു കൊണ്ട് സൈദ്ധാന്തിക ഭാരം അനുഭവപ്പെടുത്താത്ത വിമർശനങ്ങൾ ആണ് ഇവരുടേത്. ഒരൊഴുക്കുണ്ട്. എന്നാൽ പുതിയ കൃതികൾ ഇവരുടെ വിമർശനലോകത്തേക്ക് അപൂർവ്വമായേ കടന്നു വരുന്നുള്ളു. നവ മാധ്യമങ്ങളുടെയും എ ഐ യുടെയും പുതിയ കാലത്ത് ഭാഷയിലും ഭാവനകളിലുമുണ്ടാകുന്ന മാറ്റം പഠിക്കാൻ നിരൂപകർ പൊതുവേ താല്പര്യപ്പെട്ട് കാണുന്നില്ല.

മലയാളനിരൂപണത്തിൽ, സിദ്ധാന്തങ്ങളെ ഉപയോഗപ്പെടുത്താതെയും സാഹിതീയതയിൽ നിന്നു കൊണ്ടുമുള്ള നിരൂപണങ്ങൾ ഒരു വഴിക്ക് വളരുമ്പോൾ മറ്റൊരു വഴി സാഹിതീയതയിൽ നിന്ന് സാംസ്കാരികതയിലേക്കുള്ള സംക്രമണം പ്രകടമാക്കുന്നു. സ്ത്രീവാദം, ദളിത് വാദം , പാരിസ്ഥിതിക പഠനങ്ങൾ, കോളനിയനന്തര പഠനങ്ങൾ ഇവയൊക്കെ ഉപയോഗപ്പെടുത്തുന്ന സാഹിത്യ നിരൂപണങ്ങൾ സാഹിത്യ വിശകലനത്തെക്കാൾ അധികാര വിമർശനങ്ങളും സംസ്കാരപഠനങ്ങളുമൊക്കെയായി മാറുന്നത് കാണാം. ഇതിനെക്കുറിച്ച് വിമർശനങ്ങൾ ഉള്ളവർ ഉണ്ട്. സാഹിത്യ വിമർശനവും സൗന്ദര്യാനുഭവമാണെന്ന് കരുതുന്നവർ അങ്ങനെ എഴുതുകയും അങ്ങനെയുള്ളവ വായിക്കുകയും ചെയ്യുക എന്നേ പറയാനുള്ളു. സാഹിത്യ വിമർശനം സാംസ്കാരിക വിമർശനവും രാഷ്ട്രീയ പ്രഖ്യാപനവുമാകുന്ന മറ്റൊരു വിമർശന വഴിയുമുണ്ട് എന്ന് അംഗീകരിക്കാതെ തരമില്ല. ഓരോ സാഹിത്യ ശാഖയിലും അവയുടെ പ്രധാന സ്വഭാവങ്ങളായി കരുതപ്പെടുന്നവയെ ചുറ്റിപ്പറ്റി ചില കേന്ദ്രങ്ങൾ ഉണ്ടാകാം എന്നതുപോലെ അസ്ഥിരമായ അതിരുകളും ഉണ്ടാവാം. ഈ കേന്ദ്രം തന്നെയും സ്ഥിരമായ ഒന്നല്ല. ഉദാഹരണത്തിന് കവിതയിൽ രൂപമായിരുന്നു ഒരു കാലത്ത് കേന്ദ്രം പിന്നീടത് ഭാവമായി. സാഹിത്യ വിമർശനത്തിലും കൃത്യമായ ഒരു അതിർത്തി വരച്ചിടേണ്ടതില്ല. സിദ്ധാന്തഭാരം അതിൻ്റെ ന്യൂനതയല്ല. ഘടനാവാദാനന്തര സിദ്ധാന്തങ്ങൾ തന്നെ ചട്ടക്കൂടുകളെ പൊളിച്ചിടുന്നവയാണ്. ആയതിനാൽ അവ ഉപയോഗപ്പെടുത്തുന്ന വിമർശനങ്ങളും ചട്ടക്കൂടുകൾക്കുള്ളിലല്ല. നിലവിലെഘടനകളെ വിമർശിക്കുന്നവയാണവ. അതു കൊണ്ട് പ്രത്യയശാസ്ത്രവൃത്തങ്ങൾക്കുള്ളിൽ നിന്ന് നടത്തുന്ന നിരൂപണം എന്ന കാഴ്ച തന്നെ മറ്റൊരു സ്ഥാനത്തു നിന്ന് കണ്ടാൽ പ്രത്യയശാസ്ത്ര വൃത്തങ്ങളെ പൊളിച്ചിടുന്ന തുറസ്സുകളായി അനുഭവപ്പെടും. സാഹിതീയത എന്ന കേന്ദ്രത്തിൽ നിന്ന് മാറി മറ്റ് വിജ്ഞാനശാഖകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു നിൽക്കുന്ന വിമർശന പ്രവണതകളായി സാംസ്കാരിക വിമർശനങ്ങളെ കാണാവുന്നതാണ്. സാഹിത്യമെന്ന പോലെ സാഹിത്യ നിരൂപണവും സാഹിതീയതയുമായി  ബന്ധപ്പെട്ട സങ്കല്പങ്ങളുടെ കേന്ദ്രത്തിൽ നിന്നു കൊണ്ടു മാത്രമല്ല വളരുന്നത്.


Comments
* The email will not be published on the website.