കാരുണ്യം നിറഞ്ഞ ഓർമ്മപ്പെടുത്തലുകൾ

ക്ലാസിക് കഫേ

ബെന്നി ഡൊമിനിക്

നമ്മൾ ഫിക്ഷൻ വായിക്കുന്നത് നമുക്കനുവദിച്ചു കിട്ടിയ ഒരേയൊരു ജീവിതത്തിന്‍റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വ്യത്യസ്തങ്ങളായ നിരവധി മനുഷ്യജീവിതം ജീവിച്ചു തീർക്കാനുള്ള മോഹം നിമിത്തമാണെന്നു പറയാറുണ്ട്. എന്നാൽ നമ്മുടെയുള്ളിൽ മറഞ്ഞു കിടക്കുന്ന അനേകം അടരുകളിലേക്ക് ചെന്നെത്തിപ്പെടാനുള്ള അഭിലാഷമാണ് മറ്റൊരു ശക്തമായ പ്രേരണ എന്നു തോന്നുന്നു. അനേകം മുറികളുള്ള ഒരു ഭവനം സങ്കൽപ്പിക്കുക. ഇതുവരെ കണ്ടെത്തുകയോ പാർക്കുകയോ ചെയ്യാത്ത മുറികളിൽ ഏതെങ്കിലും സവിശേഷാവസരങ്ങളിൽ തങ്ങുന്നതിന്‍റെ അനുഭവമാണ് ഓരോ പുതിയ വായനയും നൽകുന്നത്. പുറമേക്കു സഞ്ചരിക്കുന്നതു പോലെ അവനവന്‍റെ ആന്തരലോകങ്ങളിലേക്കും യാത്രയാവാം എന്നു സാരം. ഒരു നല്ല പുസ്തകം വായിക്കുന്ന ഒരുവൻ ആത്മാന്വേഷണത്തിലേർപ്പെടുക കൂടിയാണ് ചെയ്യുന്നത്.  അസ്തിത്വത്തിന്‍റെ വെളിപ്പെട്ടുകിട്ടാത്ത തലങ്ങളിലേക്കുള്ള അവിരാമമായ യാത്ര എന്ന രൂപകം ക്ലാസ്സിക് കൃതികൾ ആവർത്തിച്ചു വായിക്കുമ്പോൾ എന്‍റെയുള്ളിൽ തെളിഞ്ഞു വരാറുണ്ട്. കഥ ഏതായാലും ഏതു ഭൂഖണ്ഡത്തിലെ മനുഷ്യരുടെ കഥയാണ് പറയുന്നതെങ്കിലും, അവിടെ മനുഷ്യൻ എന്ന ഏകകം വായനക്കാരനെ ഇഴചേർത്തടുപ്പിക്കുന്നു. ഒരു പടികൂടി കടന്നാലോചിച്ചാൽ, മനുഷ്യനെയും അതിവർത്തിച്ച് ഈ പ്രകൃതിയെത്തന്നെ ആശ്ലേഷിക്കുന്ന ഒരു രാസക്രിയ അവിടെ നടക്കുന്നു.
       മികച്ച പുസ്തകങ്ങൾ ആവർത്തിച്ചുള്ള ഓരോ വായനയിലും പുതിയ അനുഭവലോകങ്ങളെ പ്രദാനം ചെയ്യുന്നതായി നാമറിയുന്നു. എന്തുകൊണ്ട് നമ്മൾ ക്ലാസ്സിക്കുകൾ വായിക്കണം എന്ന പ്രബന്ധത്തിൽ ഇറ്റാലോ കാൽവിനൊ (Italo Calvino)പതിനാലു കാര്യങ്ങൾ വിവരിക്കുന്നുണ്ട്. 

കഥ ഏതായാലും ഏതു ഭൂഖണ്ഡത്തിലെ മനുഷ്യരുടെ കഥയാണ് പറയുന്നതെങ്കിലും, അവിടെ മനുഷ്യൻ എന്ന ഏകകം വായനക്കാരനെ ഇഴചേർത്തടുപ്പിക്കുന്നു.

ഇറ്റാലോ കാൽവിനൊ

ആരുടെയും നിർബന്ധമില്ലാതെ ഒരാൾ പുസ്തകം വായിക്കുകയാണെങ്കിൽ മാത്രമേ അയാൾക്ക് ആ ഗ്രന്ഥത്തെ കണ്ടെത്താൻ കഴിയൂ. അതോടെ അത് അയാളുടെ പുസ്തകമായി മാറും. കാൽവിനൊയ്ക്ക് പരിചയമുണ്ടായിരുന്ന, വളരെയേറെ വായനാശീലമുള്ള ഒരു ആർട്ട് ഹിസ്റ്റോറിയനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളിലും വച്ച്, ചാൾസ് ഡിക്കൻസിന്‍റെ ‘പിക്‌വിക്   പേപ്പേഴ്സ് ‘ (The Pickwick Papers) അയാൾ ഏറ്റവും ഇഷ്ടപ്പെടുന്നു. ഏതു ചർച്ചയിലും ഡിക്കൻസിന്‍റെ പുസ്തകത്തിലെ വരികൾ ഉദ്ധരിക്കുകയും തന്‍റെ ജീവിതത്തിലെ ഓരോ സംഭവവും പിക്‌വിക്കിലെ എപ്പിസോഡുകളുമായി  ബന്ധപ്പെടുത്തുകയും ചെയ്തു അയാൾ. 

ആരുടെയും നിർബന്ധമില്ലാതെ ഒരാൾ പുസ്തകം വായിക്കുകയാണെങ്കിൽ മാത്രമേ അയാൾക്ക് ആ ഗ്രന്ഥത്തെ കണ്ടെത്താൻ കഴിയൂ. അതോടെ അത് അയാളുടെ പുസ്തകമായി മാറും.

ക്രമേണ തന്നെത്തന്നെ, ഈ പ്രപഞ്ചത്തെ, അതിന്‍റെ ഫിലോസഫിയെ അഭിജ്ഞാന (identify) പ്പെടുത്തുന്നതിന്  പിക്‌വിക് പേപ്പേഴ്സ് നിയാമകമായിത്തീരുന്നു. ഇത് ക്ലാസ്സിക് കൃതിയുടെ സ്വഭാവത്തെ സ്പഷ്ടമാക്കുന്ന മികച്ച ഉദാഹരണമായി എനിക്ക് തോന്നിയിട്ടുണ്ട്. കാരമസോവ് സഹോദരന്മാർ എന്ന നോവൽ ഈ വിധത്തിൽ എന്‍റെ ജീവിതാവബോധത്തെയും പ്രപഞ്ചബോധത്തെയും നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 

ഒരു ക്ലാസ്സിക് കൃതിയിലെ ഒറിജിനൽ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മറ്റൊരു കാലത്തെ വായനയിൽ പുനർജനിക്കുന്നുണ്ട് എന്നു കാണാം. കഥാപാത്രങ്ങൾക്ക് വളർച്ചയോ വികാസമോ ഉണ്ടാവുന്നു എന്നതിനെക്കാൾ അവ പുതിയൊരു സ്വത്വമാർജ്ജിച്ച് പുനരുജ്ജീവനം കൊള്ളുന്നതായി അനുഭവപ്പെട്ടേക്കാം. ഈ പുനരുജ്ജീവനശേഷി ക്ലാസ്സിക്കുകളുടെ പ്രധാന സവിശേഷതയാണ്. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് അലൻ പേറ്റന്‍റെ ‘കേഴുക പ്രിയ നാടേ’ (cry the beloved country) എന്ന നോവൽ ഓരോ വായനയിലും പുനരുജ്ജീവനശേഷിയാർജ്ജിച്ച് ഏതു കാലത്തും പ്രസക്തമായി മാറുന്ന കാഴ്ച വിസ്മയകരമാണ്.

ഒരു ക്ലാസ്സിക് കൃതിയിലെ ഒറിജിനൽ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മറ്റൊരു കാലത്തെ വായനയിൽ പുനർജനിക്കുന്നുണ്ട് എന്നു കാണാം. 

അലൻ പേറ്റന്‍ 

1948 ലാണ് പേറ്റന്‍റെ ഈ മാസ്റ്റർപീസ് പ്രസിദ്ധീകൃതമായത്. 1948 മുതൽ 1990 കളുടെ തുടക്കം വരെ നിലനിന്നിരുന്ന സൗതാഫ്രിക്കൻ ഭരണകൂടം അപാർത്തീഡ് ഒരു ഔദ്യോഗിക നയമായി സ്വീകരിച്ചു. വെളുത്തവർ, ഭൂരിപക്ഷമുള്ള കറുത്തവരെ അടിച്ചമർത്തുകയും വർണ്ണവിവേചനവും സാമ്പത്തിക വിവേചനവും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1910 ലാണ് യൂണിയൻ ഓഫ് സൗതാഫ്രിക്ക നിലവിൽ വന്നത്. രണ്ടാം ബൂവർ (Boer) യുദ്ധത്തെ തുടർന്ന് 1910 മെയ് 31 ന് ബ്രിട്ടീഷ് പാർലമെന്‍റ് സൗത്ത് ആഫ്രിക്ക ആക്റ്റ് പാസാക്കി. നാലു വിഭിന്ന കോളനികളെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ആധിപത്യത്തിൻ കീഴിൽ ഒരൊറ്റ സ്വയംഭരണ വ്യവസ്ഥയിലേക്കു സംയോജിപ്പിക്കുകയുണ്ടായി. സൂലു ( Zulu ) ഖോസ (Xhosa)ഗോത്രത്തിൽ പെട്ടവരായിരുന്നു ആഫ്രിക്കൻ താഴ്‌വരയിൽ പാർത്തിരുന്നത്. അപാർത്തീഡിന്‍റെ രാഷ്ട്രീയം അവരെ ദരിദ്രരാക്കിത്തീർത്തു. ഇന്തോച്ചെനി (Ndotsheni )യിൽ ഉംസുക്കുലു താഴ്‌വരയിൽ നിന്നും മറ്റും ദരിദ്രരും തൊഴിലിലില്ലാത്തവരുമായ യുവതീ യുവാക്കൾ ജോഹനസ്ബർഗിലേക്കു കുടിയേറി പാർക്കുന്ന സാഹചര്യം വന്നു. ജൊഹനാസ്ബർഗ് ഒരു വലിയ നഗരമായിരുന്നു. അവരുടേത് ഒരു തരം പലായനം തന്നെയായിരുന്നു. വലിയ പ്രതീക്ഷകളോടെ നഗരത്തിലേക്കു കുടിയേറിയ ഈ ചെറുപ്പക്കാർ വളരെ പെട്ടെന്നു തന്നെ ഹതാശരാവുകയും അക്രമത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും പ്രവേശിക്കുകയും ചെയ്യുന്നു.

നോവൽ രചിക്കപ്പെട്ട കാലവും സാഹചര്യവും കടന്നുപോയാലും വായനക്കാരന് പുതിയ പുതിയ അർത്ഥതലങ്ങളെ സംവേദിക്കാനുള്ള വക ഈ ഉൽകൃഷ്ടരചനയിൽ അടക്കം ചെയ്തിട്ടുണ്ട്.

നോവലിൽ ഈ കുറ്റകൃത്യങ്ങളുടെ വിവരണമുണ്ട്. കറുത്തവർ മുഖ്യമായും വെള്ളക്കാരോടാണ് അക്രമത്തിലേർപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരും വെള്ളക്കാരും തമ്മിലുള്ള ഈ ജീവിതസംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നോവൽ രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും, അപാർത്തീഡ് പോലെയുള്ള വർണ്ണവിവേചനത്തിന്‍റെ കെടുതിയും അപമാനവും അവസാനിക്കുന്ന കാലത്തും ഈ കലാസൃഷ്ടിയ്ക്ക് പറയത്തക്ക അപകർഷം സംഭവിക്കുകയില്ല. അന്നും ഇതൊരു പ്രകൃഷ്ട കൃതിയായി തുടരുക തന്നെ ചെയ്യും. അത്രയ്ക്കാണ് ഈ കൃതിയുടെ സാർവ്വലൗകികമായ പ്രാധാന്യം. നോവൽ രചിക്കപ്പെട്ട കാലവും സാഹചര്യവും കടന്നുപോയാലും വായനക്കാരന് പുതിയ പുതിയ അർത്ഥതലങ്ങളെ സംവേദിക്കാനുള്ള വക ഈ ഉൽകൃഷ്ടരചനയിൽ അടക്കം ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ സൂലു, ഖോസ ഗോത്രജീവിതത്തിന്‍റെ തകർച്ചയും പുതിയ ജീവിതസാഹചര്യങ്ങളിൽ യുവതലമുറ തൊഴിലും സമൃദ്ധിയും തേടി ജോഹനസ്ബർഗ് പോലുള്ള മഹാനഗരങ്ങളിലേക്കു കുടിയേറുകയും അതോടെ ഗോത്രസംസ്കൃതിയ്ക്കു സംഭവിക്കുന്ന തകർച്ചയും ശൈഥില്യവുമാണ് നോവലിന്‍റെ ഇതിവൃത്തത്തെ ദൃഢമായി ബന്ധിച്ചിട്ടുള്ള സാംസ്കാരികപശ്ചാത്തലമെങ്കിലും എക്കാലത്തുമുള്ള മനുഷ്യൻ അനുഭവിക്കുന്ന മഹാസങ്കടങ്ങളും അവന്‍റെ നിസ്സഹായതയുമാണ് ഈ നോവൽ ആവിഷ്കരിക്കുന്നത്. നന്മ ചെയ്യുന്ന, ശുദ്ധിയുള്ള ജീവിതം നയിക്കുന്ന മനുഷ്യർ ഒരു തരത്തിലുമുള്ള ന്യായീകരണമില്ലാതെ മഹാപീഡകൾ സഹിക്കേണ്ടി വരുന്നതിനെക്കുറിച്ചാണ് ഈ നോവൽ ഉൾക്കാഴ്ച നൽകുന്നത്. ജീവിതത്തിന്‍റെ ആത്യന്തിക സത്യമെന്താണ്, അതിനെ ഒരു മഞ്ഞുമൂടിയ പ്രദേശം പോലെ നിഗൂഢമാക്കിത്തീർക്കുന്ന രഹസ്യമെന്താണ് എന്നാണ് ഈ കൃതിയിലൂടെ അലൻ പേറ്റൻ അന്വേഷിക്കുന്നത്. അഥവാ മനുഷ്യജീവിതത്തെക്കുറിച്ചും അവൻ ജീവിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ചുമുള്ള രഹസ്യങ്ങൾ എന്തെന്ന ഗാഢമായ പര്യാലോചനയായിത്തീരുന്നു ഈ ദക്ഷിണാഫ്രിക്കൻ ക്ലാസ്സിക്.

നോവൽ രചിക്കപ്പെട്ട കാലവും സാഹചര്യവും കടന്നുപോയാലും വായനക്കാരന് പുതിയ പുതിയ അർത്ഥതലങ്ങളെ സംവേദിക്കാനുള്ള വക ഈ ഉൽകൃഷ്ടരചനയിൽ അടക്കം ചെയ്തിട്ടുണ്ട്.

 സൗതാഫ്രിക്കയിലെ ഇക്കോപോ (Ixopo) ഗ്രാമത്തിനടുത്ത് ഇന്തോച്ചെനി ഗ്രാമത്തിലെ സൂലു ഗോത്രത്തിലെ കറുത്തവരുടെ പുരോഹിതൻ സ്റ്റീഫൻ കുമാലൊ ജോഹനസ്ബർഗിലെ ക്രിസ്ത്യൻ പുരോഹിതൻ മ്‌സിമാംഗു(Msimangu) വിൽ നിന്ന് ഒരു കത്ത് സ്വീകരിക്കുന്നതോടെയാണ് നോവൽ തുടങ്ങുന്നത്. ജോഹനസ്ബർഗിൽ താമസ്സിക്കുന്ന സഹോദരി ഗെർട്രൂഡിന് സുഖമില്ല. താങ്കൾ ഉടൻ അവിടേക്കെത്തണം എന്നാണ് കത്തിന്‍റെ ചുരുക്കം. അവിടേക്കു പോകുമ്പോൾ സഹോദരിയെ കാണുക മാത്രമല്ല അയാളുടെ ലക്ഷ്യം. തന്‍റെ മകൻ അബ്സലം കുമാലൊ സഹോദരിയെ അന്വേഷിച്ചു പോയിട്ട് ദീർഘനാളായി ഒരു വിവരവുമില്ല. അവരാരും ഒരു കത്തു പോലും അയക്കുന്നില്ല. ഗെർട്രൂഡ് മഹാനഗരത്തിൽ വേശ്യാവൃത്തിയും ചാരായം വാറ്റുമായി ജീവിക്കുകയാണെന്ന് കുമാലൊ മനസ്സിലാക്കുന്നു. കുമാലൊവിന്‍റെ സഹോദരൻ ജോൺ കുമാലൊ ആ നഗരത്തിൽ താമസ്സമാണ്. ആശാരിപ്പണിയെടുക്കുന്ന അയാൾ ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നു. അയാൾ പക്ഷേ, ഒരു വക്രബുദ്ധിയാണ്. സാത്വികനും ക്രിസ്ത്യൻ പുരോഹിതനുമായ സ്റ്റീഫൻ കുമാലൊവിന് അവിടെ അറിയാൻ കഴിഞ്ഞ കാര്യങ്ങൾ തന്നെ താങ്ങാവുന്നതിലധികമായിരുന്നു. എന്തെല്ലാം ദുരന്തവാർത്തകളാണ് ജോഹനസ്ബർഗിൽ ഈ മാന്യവൃദ്ധനെ കാത്തിരിക്കുന്നത് എന്നറിയുമ്പോൾ നാം അസ്വസ്ഥരാവും. വഴിവിട്ട ജീവിതവും മോഷണവുമാണ് അബ്സലം തെരഞ്ഞെടുത്തിരിക്കുന്ന മാർഗ്ഗമെന്നറിയുന്ന ആ വൃദ്ധൻ അതിയായി വേദനിക്കുന്നു. തന്‍റെ സഹോദരി അപഥസഞ്ചാരിണിയായി മറ്റൊരിടത്ത് ജീവിക്കുന്നു. ക്രിസ്ത്യൻ പുരോഹിതനും അധ്യാപകനുമായ തന്‍റെ മകൻ ഒരു കള്ളനും കൊലപാതകിയുമായി മാറിയിരിക്കുന്നു എന്ന അറിവ് ആ മനുഷ്യനെങ്ങനെ സഹിക്കും? എന്താണ് തന്‍റെ ഭാഗത്തു നിന്നുള്ള വീഴ്ച ? എവിടെയാണ് അവശ്യം ചെയ്യണ്ടിയിരുന്ന കാര്യങ്ങൾ ചെയ്യാതെ പോയത് ? ” Yet where had they failed? What had they done, or left undone, and their son had become a thief, moving like a vagabond from place to place, living with a girl who was herself no more than a child, father of a child who would have had no name? Yet, he comforted himself, that was Johannesburg.” P. 78. ഹൃദയഭേദകമായ വാർത്തകളെയാണല്ലോ ആ വൃദ്ധന് നേരിടേണ്ടി വന്നത്. തന്‍റെ മകന് ഒരു ബാലികയിൽ കുട്ടി ജനിക്കാൻ പോവുന്നു. ജീവിതത്തിൽ ആശിക്കാനൊന്നുമില്ലാതെ ഒരു അന്യനഗരത്തിൽ സ്റ്റീഫൻ കുമാലൊ പതറി നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്നിട്ടും സ്റ്റീഫന്‍റെ മനം തളരുന്നില്ല. താനും തന്‍റെ പത്നിയും ജീവിതാന്ത്യത്തിലെത്തി നിൽക്കുകയാണ്. എങ്കിലും സഹോദരി ഗെർട്രൂഡിനെയും അവളുടെ കുട്ടിയെയും മകൻ അബ്സലമിനെയും അവന്‍റെ കിളിന്തു പെണ്ണിനെയും കുട്ടിയെയും ചേർത്തുപിടിച്ച് തകർന്നു പോയ ജീവിതത്തെയും സ്വപ്നങ്ങളെയും വീണ്ടും കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണാ മനുഷ്യൻ. കടുത്ത ജീവിത യാഥാർത്ഥ്യങ്ങൾ കുമാലൊവിനെ ദു:ഖിതനും ആലോചനാനിമഗ്നനുമാക്കി. തന്‍റെ ഗ്രാമത്തിലെ കൊച്ചുപള്ളിക്കൂടത്തിലേക്കു തിരിച്ചു പോവുന്നതിനെക്കുറിച്ച് അയാൾ അതിയായ താത്പര്യത്തോടെ ചിന്തിച്ചു. അവിടെ കുട്ടികൾ എഴുതാനും വായിക്കാനും പഠിച്ചാൽ പോര, ജീവിതത്തെ നേരിടാൻ കൂടി പഠിക്കേണ്ടതുണ്ടെന്ന് കുമാലൊ വിചാരിച്ചു. അവർ വളർന്ന് നാടുവിട്ട് ജോലിയന്വേഷിച്ചു പോവുമ്പോൾ അവരോടൊപ്പം ഗോത്രനിയമങ്ങളും അവിടത്തെ സംസ്കാരവും ഒപ്പമുണ്ടാകണം. ഇവിടെയിതാ തന്‍റെ ഗോത്രം തകർന്നിരിക്കുന്നു.- the tribe has broken, and would be no more - അയാൾക്ക് അത് ഉൾക്കൊള്ളാനായില്ല. കുമാലൊ തല കുനിച്ചു. ഒരു പക്ഷേ, ജീവിതത്തിലാദ്യമായിരിക്കണം ആ മനുഷ്യന് തല കുനിക്കേണ്ടി വന്നത്.

നോവലിൽ ഉറ്റവരെയന്വേഷിച്ചുള്ള യാത്ര സാമാന്യം ദീർഘമായി വിവരിക്കുന്നുണ്ട്. ഈ യാത്രയ്ക്ക് രൂപകാത്മകമായ അർത്ഥതലങ്ങളുണ്ട്. ജീവിതം യാതനാപൂർണ്ണമായ ഒരു നീണ്ട യാത്രയാണെന്ന് പേറ്റൻ സൂചിപ്പിക്കുന്നു. 

             Alan Paton's 115th Birthday Doodle by Google

അതീവ ദു:ഖകരമായ ആ വാർത്ത  അറിഞ്ഞ നിമിഷം മുതൽ  സ്റ്റീഫൻ കുമാലൊവിന്‍റെ ജീവിതയാത്ര കൂടുതൽ സഹനത്തിന്‍റെ പാതയിലേക്കു പ്രവേശിക്കുകയാണ്.  ഒരു ഭവനഭേദനത്തിനിടയിൽ  ആർതർ ജാർവിസ് എന്ന വെള്ളക്കാരനെ വെടിവെച്ചു കൊന്ന കുറ്റത്തിന് മകൻ അബ്സലമിനെ കാരാഗൃഹത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കരുതിക്കൂട്ടിക്കൊന്നതല്ല, ഭയം നിമിത്തം സംഭവിച്ച അത്യാഹിതമാണതെന്നാണ് അവന്‍റെ ഭാഷ്യം. മരണപ്പെട്ടത് ഇന്തോച്ചെനിയിൽ കുമാലൊവിന്‍റെ അയൽക്കാരനായ ജെയിംസ് ജാർവിസിന്‍റെ മകൻ ആർതർ ജാർവിസാണ്. തദ്ദേശീയരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും വർണ്ണവിവേചനത്തിനെതിരായി എഴുതുകയും ചെയ്തിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു അയാൾ. യാത്രയുടെ തുടക്കം മുതലേ കുമാലൊവിൽ ഏതൊക്കെയോ ഭയം ഉരുണ്ടുകൂടിയിരുന്നു. ഇതറിയുന്നതോടെ കുമാലൊവിന്‍റെ ഭയം മാറി തീവ്രവേദനയായി മാറുന്നു. ഫാദർ വിൻസെന്‍റ്, സ്റ്റീഫനെ സമാശ്വസിപ്പിക്കുന്നു. “Fear is a journey,a terrible journey, but sorrow is at last an arriving.” ഫാദർ എന്നിട്ട് നമ്മൾ എവിടെയാണ് എത്തിച്ചേർന്നത് ? സ്റ്റീഫൻ ചോദിച്ചു പോവുന്നു.

    ഫാദർ വിൻസെന്‍റ്  തുടർന്നു പറയുന്ന വാക്കുകളിൽ ശ്രവിക്കാൻ കഴിയുന്നത്, ക്രിസ്തുവിന്‍റെ വഴിയെ നടക്കുന്ന ഒരു ക്രിസ്തീയപുരോഹിതന്‍റെ ജീവിതദർശനമാണ്. “നാം നമുക്കു വേണ്ടി പ്രാർത്ഥിക്കരുത്. ദൈവത്തിന്‍റെ വഴികൾ മനസ്സിലാക്കാൻ വൃഥാ ശ്രമിക്കരുത്. കാരണം അവ നിഗൂഢമാണ്. ജീവിതം എന്താണെന്ന് ആർക്കറിയാം? അത് ഒരു രഹസ്യമാണ്. നിങ്ങൾക്ക് സ്വയം അനുകമ്പ തോന്നാത്തപ്പോൾ എന്തുകൊണ്ടാണ് ഒരു പെൺകുട്ടിയോട് അതു തോന്നുന്നത് ! അത് ഒരു രഹസ്യമാണ്. മരിക്കുന്നതാണ് നല്ലതെന്നു തോന്നുമ്പോഴും നാം ജീവിക്കുന്നതെന്തുകൊണ്ടാണ് ? അതൊരു രഹസ്യമാണ്. ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും പ്രാർത്ഥിക്കുകയും അരുത്. നിങ്ങളുടെ മകന്‍റെ ഭാര്യയാവാൻ പോകുന്ന പെൺകുട്ടിക്കും നിങ്ങളുടെ പേരക്കുട്ടിയാവാൻ പോവുന്ന കുട്ടിക്കും വേണ്ടി പ്രാർത്ഥിക്കുക. ഇന്തോച്ചെനിയിൽ നിങ്ങളുടെ ഭാര്യയ്ക്കും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക. കൊല്ലപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കുക." p.98.

യാത്ര എന്ന രൂപകം

      നോവലിൽ ഉറ്റവരെയന്വേഷിച്ചുള്ള യാത്ര സാമാന്യം ദീർഘമായി വിവരിക്കുന്നുണ്ട്. ഈ യാത്രയ്ക്ക് രൂപകാത്മകമായ അർത്ഥതലങ്ങളുണ്ട്. ജീവിതം യാതനാപൂർണ്ണമായ ഒരു നീണ്ട യാത്രയാണെന്ന് പേറ്റൻ സൂചിപ്പിക്കുന്നു. സ്‌റ്റീഫൻ കുമാലൊവിന്‍റെ യാത്രകൾ പീഡാനുഭവത്തിന്‍റെ വഴികളിലൂടെയാണ്. ഇന്തോച്ചെനിയിൽ നിന്ന് തീവണ്ടി മാർഗ്ഗമാണ് കുമാലൊ ജൊഹനാസ്ബർഗിലേക്ക് പോവുന്നത്. ആ യാത്ര വലിയ ഉദ്വേഗമാണ് അയാളിൽ സൃഷ്ടിക്കുന്നത്. അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം, തെരുവു മുറിച്ചു കടക്കുമ്പോൾ ആൺകുട്ടികൾ കൊല്ലപ്പെട്ട മഹാനഗരത്തെക്കുറിച്ചുള്ള ഭയം, ഗെർട്രൂഡിന്‍റെ രോഗത്തെക്കുറിച്ചുള്ള ഭയം, ഉള്ളിന്‍റെയുള്ളിൽ തന്‍റെ മകനെയോർത്തുള്ള ഭയം, തനിക്കു വേണ്ടി നിർമ്മിക്കപ്പെടാത്ത ഒരു ലോകത്ത് ജീവിക്കുന്ന, സ്വന്തമെന്നു പറയാവുന്ന ലോകം വഴുതിപ്പോവുകയും തകർക്കപ്പെടുകയും ചെയ്ത ഒരു മനുഷ്യന്‍റെ ഭയം  ഒരു കരിമ്പടം നിവർത്തിയിട്ടതുപോലെ നോവലിൽ സാന്നിധ്യമുറപ്പിക്കുന്നു. ഒരിടത്ത് തന്‍റെ കുടുംബം ശിഥിലമാവുന്നു. മറ്റൊരിടത്ത്, തന്‍റെ പിതാവും പിതാവിന്‍റെ പിതാവും തലമുറകളായി കാത്തുസൂക്ഷിച്ചിരുന്ന ഗോത്രത്തിന്‍റെ അന്തസ്സും സംസ്കാരവും കൈമോശം വന്ന് ചിതറിത്തെറിക്കുന്ന കാഴ്ച കുമാലൊവിനെ ഏറെ ഭയപ്പെടുത്തി. ഈ ലോകത്ത് ഭയവും വേദനയും മാത്രമാണുള്ളതെന്ന് ആ നിമിഷം അയാൾക്കു തോന്നി.

      1946 ൽ രചിക്കപ്പെട്ട ഈ നോവലിന് നിരവധി വ്യത്യസ്ത വായനകൾ ഉണ്ടായിട്ടുണ്ട്. വർണ്ണവിവേചനത്തിന്‍റെ പശ്ചാത്തലത്തിൽ വച്ച് മാത്രം വായിക്കപ്പെടേണ്ട ഒരു നോവലല്ല ഇത്.  നിസ്വരും ഹൃദയശുദ്ധിയുമുള്ള മനുഷ്യർ അനുഭവിക്കുന്ന പീഡകൾ (suffering) ആണ് ഈ നോവലിന്‍റെ പ്രമേയത്തിലെ മുഖ്യ ഘടകം എന്ന് തോന്നിയിട്ടുണ്ട്. ക്രിസ്തു സദൃശമായ നന്മയും ജീവിതചര്യയുമുള്ള സ്റ്റീഫൻ കുമാലൊയ്ക്ക് എന്തുകൊണ്ടീ അവസ്ഥ വന്നു? ഇവിടെയാണ് അനീതിയും അപമാനവും ഏറ്റുവാങ്ങുന്ന എക്കാലത്തുമുള്ള മനുഷരുടെ പ്രതിനിധാന സ്വഭാവമുള്ള കഥാപാത്രമായി സ്റ്റീഫൻ കുമാലൊ പരിണമിക്കുന്നത്. ഏതു കാലത്തും മനുഷ്യൻ ചോദിച്ചിരിക്കാവുന്ന ഒരു ചോദ്യമാണിത്.  ജീവിതത്തിന്‍റെ  പ്രഹേളികാസമാനമായ ഈ സ്വരൂപത്തിന് ഒരു ഉത്തരമന്വേഷിക്കുകയാണ് പേറ്റൻ എന്നതിന് നോവലിൽ സൂചനകളുണ്ട്. ഈയൊരു വശത്തിന് പ്രാധാന്യം നൽകിയുള്ള വായനയാണ് ഇവിടെയുദ്ദേശിക്കുന്നത്. അതു വഴിയെ വ്യക്തമാക്കാം.

തകരുന്ന ഗോത്രസംസ്കൃതി

    ദക്ഷിണാഫ്രിക്കൻ സമൂഹം അപാർത്തീഡിന്‍റെ അനീതികളിലേക്ക് പടിപടിയായി നീങ്ങുന്നതിനു കാരണമായ സാമൂഹിക വ്യവസ്ഥയോടുള്ള കലഹമാണ് ക്രൈ ദ് ബിലവ്‌ഡ് കൺട്രി എന്ന നോവലിന്‍റെ പ്രമേയത്തെ ചലിപ്പിക്കുന്നതെന്ന് പറയാം. ഒരു വശത്ത് ഗോത്രാചാരങ്ങളും ജീവിതരീതികളും കടപുഴകുന്നതിന്‍റെ അന്ധാളിപ്പും അതിന്‍റെ സ്വാഭാവിക പരിണതിയായ തദ്ദേശീയരുടെ പ്രവചനാതീതമായ പെരുമാറ്റവും, മറുവശത്ത് വർണ്ണവിവേചനവും അതിന്‍റെ ഉപോൽപന്നമായ സാമ്പത്തിക പ്രത്യാഘാതങ്ങളും. ഇവ തമ്മിലുള്ള സംഘർഷമാണ് നോവലിന്‍റെ സ്വഭാവത്തെ നിർണ്ണയിക്കുന്നതും രൂപപ്പെടുത്തുന്നതും.  സാംസ്കാരിക സംക്രമണത്തിന്‍റേതായ ഒരു കാലത്ത് പുതുതലമുറ അനുഭവിക്കുന്ന അരക്ഷിതത്വവും പ്രതിഷേധവും നാടിനോടുള്ള ബന്ധമുപേക്ഷിച്ച് മറ്റു മേഖലകളിലേക്കുള്ള പ്രയാണവും അവരുടെയുള്ളിൽ അനിശ്ചിതത്വവും ഭയവും സൃഷ്ടിക്കുന്നു. ഇതിന്‍റെ അനുരണനമെന്നോണമാണ് അവർ അക്രമത്തിലേക്കു നീങ്ങുന്നത്. കറുത്തവന്‍റെ കുറ്റകൃത്യം (Black Crime) എന്നു വ്യവഹരിക്കപ്പെട്ട സംഭവവികാസങ്ങൾ ജോഹനസ്ബർഗ് പോലുള്ള നഗരങ്ങളിൽ ആവർത്തിക്കപ്പെടുന്നു. വെള്ളക്കാരാണ് ആക്രമിക്കപ്പെടുന്നത്. ഈ സംഘർഷമാണ് നോവലിന്‍റെ ആഖ്യാനഘടനയിൽ സജീവമായി നിലനിൽക്കുന്നത്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ സൂലു, ഖോസ ഗോത്രങ്ങളുടെ ക്രമേണയുള്ള ശൈഥില്യം സൃഷ്ടിക്കുന്ന സാമൂഹിക സംഘർഷമാണ് നോവൽ അഭിസംബോധന ചെയ്യുന്ന ഒരു വിഷയം. ജോഹനസ്ബർഗിലേക്ക് വലിയ പ്രതീക്ഷയുമായി കുടിയേറിയ കറുത്തവർ ആ മഹാനഗരത്തിലും തൊഴിലോ താമസിക്കാനിടമോ കിട്ടാതെ നട്ടം തിരിഞ്ഞു. അവർ സ്വപ്നം കണ്ട ജീവിതമല്ല അവരെ അവിടെ എതിരേറ്റത്. കറുത്തവരുടെ അക്രമങ്ങൾക്കു പിന്നിലുള്ള സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കണ്ടെത്താൻ നോവലിൽ ശ്രമമുണ്ട്. പഴയ ഗോത്രസംസ്കൃതിയിൽ അക്രമവും, അപരിഷ്കൃതത്വവും അന്ധവിശ്വാസവും, മന്ത്രവാദവും വ്യാപകമായിരുന്നു. ഇന്ന് ആഫ്രിക്കയിലെ തദ്ദേശീയർ അതേ അക്രമവും വ്യഭിചാരവും തുടരുന്നതിന് കാരണം അവരുടെ ഗോത്രപൈതൃകവും പാരമ്പര്യവും സംസ്കാരവും നശിപ്പിക്കപ്പെട്ടതിനാലാണ്. ശിഥിലമാവുന്ന ഒരു സംസ്കൃതിയിൽ അസ്വസ്ഥതകൾ പെരുകുന്നു.ആർതർ ജാർവിസിനെ കൊന്ന കുറ്റത്തിന് ദക്ഷിണാഫ്രിക്കൻ നിയമം (വെള്ളക്കാരന്‍റെ കോടതി) അബ്സലമിനെ മരണം വരെ തൂക്കിലേറ്റാൻ വിധിക്കുകയാണ്. അവന്‍റെ പ്രായവും, ഭയന്നു പോയതിനാൽ മാത്രമാണ് വെടിവെച്ചതെന്നും കൊല്ലണമെന്നില്ലായിരുന്നു എന്നുള്ള പ്രസ്താവവും കണക്കിലെടുത്ത് വധശിക്ഷയിൽ നിന്നൊഴിവാക്കാമായിരുന്ന കുറ്റമാണത്. എന്നാൽ കുറ്റവാളി ഒരു കറുത്ത വർഗ്ഗക്കാരനും കൊല്ലപ്പെട്ടവൻ വെള്ളക്കാരനുമായിപ്പോയി! അബ്സലം കുമാലൊവിന് ചെയ്ത തെറ്റിന്‍റെ ഗൗരവം മനസ്സിലാക്കാനുള്ള മൂപ്പുണ്ടായിരുന്നില്ല. മരണത്തെ നേരിടേണ്ട പ്രായവുമല്ല അവന്‍റേത്. അവൻ അപ്പന്‍റെ മുമ്പിൽ തേങ്ങിക്കരയുന്നു. എനിക്കു ഭയമാകുന്നു. തൂക്കുമരം എന്നെ ഭയപ്പെടുത്തുന്നു.

അകമേ വെളിച്ചം നിറയ്ക്കുന്ന ഇത്തരം കൃതികൾ ഒരർത്ഥത്തിൽ നമ്മെത്തന്നെ സൂക്ഷ്മമായി കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇങ്ങനെ വിലയേറിയ ജീവിതാവബോധം നൽകുന്ന കൃതികളെയാണ് നാം ക്ലാസ്സിക്കുകൾ എന്നു വിളിക്കുന്നത്.

 പേറ്റന്‍റെ നോവലിലുടനീളം ദു:ഖസാന്ദ്രമായ ഒരന്തരീക്ഷത്തിലൂടെ മനുഷ്യർ സഞ്ചരിക്കുന്നത് കാണാനാവും. സ്റ്റീഫൻ കുമാലൊവിനോട് ഒരു സുഹൃത്ത് പറയുന്നുണ്ട് ഈ ലോകം നിറയെ വേദനയാണ്. എന്നിട്ടും നിങ്ങൾക്ക് എങ്ങനെ പ്രത്യാശിക്കാൻ കഴിയുന്നു എന്ന്. കുമാലൊ പറഞ്ഞു. ‘ ഞാൻ ഈ ലോകത്തിൽ വിശ്വസിക്കുന്നു. ഈ ലോകം നിഗൂഢമാണ്. വേദനയും പീഡാനുഭവവും തന്നെ ഒരു തരം രഹസ്യമാണ്. ദയയും സ്നേഹവും മറ്റൊരു രഹസ്യമാണ്. ഞാൻ ജീവിതത്തിൽ പഠിച്ചിട്ടുള്ളത് വേദനയെയും പീഡാനുഭവത്തെയും നേരിടാൻ നമ്മെ ശക്തരാക്കുന്നത് കാരുണ്യവും സ്നേഹവുമാണ്. അതാണ് ഈ ലോകത്തിന്‍റെ മഹാരഹസ്യം.’“ I have never thought that a Christian would be free of suffering, umfundisi.For our Lord suffered. And I come to believe that He suffered, not to save us from suffering, but to teach us how to bear suffering, For He knew that there is no life without suffering.” P.193. ക്രിസ്തു പീഡകൾ സഹിച്ചത് നമ്മുടെ പീഡകളിൽ നിന്ന് നമ്മെ രക്ഷിക്കാനല്ല. മറിച്ച് എങ്ങനെ പീഡകളെ സഹിക്കാൻ പ്രാപ്തനാക്കാം എന്ന് മനുഷ്യരെ കാണിച്ചു തരാനായിരുന്നു. ദു:ഖങ്ങളും മഹാപീഡകളുമില്ലാതെ ജീവിതമില്ലെന്ന് മനുഷ്യപുത്രനറിയാമായിരുന്നു. ഈയൊരു നിരീക്ഷണം മതഗ്രന്ഥങ്ങളിലോ ഞാൻ വായിച്ച മറ്റേതെങ്കിലും സാഹിത്യകൃതികളിലോ എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മനുഷ്യരാശിയുടെ പാപങ്ങൾക്കു പരിഹാരമായാണ് ക്രിസ്തു കുരിശുമരണം വരിച്ചതെന്നാണ് പരമ്പരാഗത ക്രിസ്തുമത വിശ്വാസം പഠിപ്പിച്ചിട്ടുള്ളത്. മനുഷ്യവർഗ്ഗത്തിന്‍റെ പാപങ്ങൾ എന്ന സങ്കൽപ്പത്തെ നിരാകരിച്ചു കൊണ്ട് ഈ ഭൂമിയിൽ പീഡയും സഹനവും അനിവാര്യമാണ്, അതിൽ നിന്നാർക്കും മോചനമില്ല എന്ന ജീവിതയാഥാർത്ഥ്യം കൂടുതൽ അനുഭവതീക്ഷ്ണതയോടെ മനുഷരെ പഠിപ്പിച്ച മഹാഗുരുവായിരുന്നു ക്രിസ്തു എന്ന ചിന്ത ഈ നോവലിന് അഗാധമായ അർത്ഥഗരിമ നൽകുന്നു. ഇത്തരം ജീവിതനിരീക്ഷണങ്ങളന്വേഷിച്ചാണ് പുസ്തകമായ പുസ്തകമെല്ലാം ഒരാൾ വായിക്കുന്നത്. അകമേ വെളിച്ചം നിറയ്ക്കുന്ന ഇത്തരം കൃതികൾ ഒരർത്ഥത്തിൽ നമ്മെത്തന്നെ സൂക്ഷ്മമായി കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇങ്ങനെ വിലയേറിയ ജീവിതാവബോധം നൽകുന്ന കൃതികളെയാണ് നാം ക്ലാസ്സിക്കുകൾ എന്നു വിളിക്കുന്നത്. ആവർത്തിച്ചുള്ള വായനയിൽ, മുമ്പ് ശ്രദ്ധയിൽപ്പെടാതിരുന്ന ഈ ശാശ്വതസത്യം കൂടുതൽ മിഴിവോടെ തെളിഞ്ഞുവന്നു എന്നതാണ് യാഥാർത്ഥ്യം.

         അബ്സലം കുമാലൊ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ഏകാന്ത തടവിൽ കഴിയുകയാണ്. പിറ്റേന്നാണ് ശിക്ഷ നടപ്പാക്കുന്നത്. അവനെ തൂക്കിലേറ്റുന്നതിന്‍റെ തലേ ദിവസം സ്റ്റീഫൻ കുമാലൊ ഇമോയെനി പർവ്വതത്തിലേക്കു പോവുന്നു. അവിടെ പ്രാർത്ഥനയും ധ്യാനവുമായി കഴിയുന്നു. ഇമോയെനി പർവ്വതം ക്രിസ്തു രക്തം വിയർത്ത് പ്രാർത്ഥിക്കാൻ കണ്ടെത്തിയ ഗത്‌സമെൻ തോട്ടത്തോട് ( Prayer mountain)സാദൃശ്യം വഹിക്കുന്നു. തന്‍റെ ഏക മകനെ തൂക്കിലേറ്റുന്നതിനു മുമ്പ് അധികാരികൾ അവന് ആഹാരം കൊടുക്കുമോ, മരിക്കാൻ പോകുന്നവന് വിശപ്പുണ്ടാകുമോ, വൃത്തിയുള്ള വസ്ത്രം ധരിച്ചിട്ടുണ്ടാകുമോ, ശാന്തനായി തൂക്കുമരത്തെ വരിക്കുമോ? അവൻ അവന്‍റെ ജന്മനാടായ ഇന്തോച്ചെനിയെ അവസാനമായി ഓർമ്മിക്കുമോ, അവന്‍റെ കണ്ണുകളിൽ കണ്ണീർ പൊടിയുമോ, അതു തുടച്ചുകളഞ്ഞ് ഒരു പുരുഷനെപ്പോലെ അവൻ തൂക്കുമരത്തിലേറുമോ, അവസാനമായി താനാഹാരം സ്വീകരിക്കുകയില്ല, പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നു എന്നു പറയുമോ? പുലർച്ച അഞ്ചിനാണ് അബ്സലം കുമാലൊവിനെ തൂക്കിലേറ്റുന്നത്. വെളുപ്പിന് നാലുമണിക്കു തന്നെ ഉണർന്നെണീറ്റ് മകന്‍റെ ജീവൻ പിളർക്കപ്പെടുന്നതിനു മുമ്പ് സ്റ്റീഫൻ ‘സ്വയം ശാന്തനായി  ചോളം കൊണ്ടുള്ള അപ്പം(maize cake) പുറത്തെടുത്ത് ഒരു കല്ലിന്മേൽ വച്ചു. അവൻ നന്ദി പറഞ്ഞു, അപ്പം പൊട്ടിച്ച് ഭക്ഷിച്ചു. ചായ പാനം ചെയ്തു. പിന്നെ അവൻ ആഴമേറിയതും ആത്മാർത്ഥവുമായ പ്രാർത്ഥനയ്ക്കു ശേഷം സ്വയം സമർപ്പിച്ചു. ഓരോ അപേക്ഷയ്ക്കു ശേഷവും അവൻ കണ്ണുകൾ ഉയർത്തി കിഴക്കോട്ടു നോക്കി ‘ പുറം 236. ഇവിടെ ദിവ്യബലിയുടെ പ്രതീകമുപയോഗിച്ചാണ് പേറ്റൻ ഈ രംഗം വിവരിക്കുന്നത്. ദിവ്യകാരുണ്യബലിയിലെ ഓരോന്നും ഇമായെനി പർവ്വതത്തിൽ അരങ്ങേറുന്നുണ്ട്. ഒലാട്ടോൺ ഗാബി വില്യംസിനെ (Olatoun Gabi Williams) പോലുള്ള നിരൂപകർ ഈ സാധർമ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്നത് ദിവ്യകാരുണ്യബലിയുടെ പ്രതീകാത്മകതയുടെ (Eucharistic symbolism) അരങ്ങേറ്റമാണ് എന്ന ഗാബി വില്യംസിന്‍റെ നിരീക്ഷണം കൃത്യമാണ്. 

ക്രിസ്തു പീഡകൾ സഹിച്ചത് നമ്മുടെ പീഡകളിൽ നിന്ന് നമ്മെ രക്ഷിക്കാനല്ല. മറിച്ച് എങ്ങനെ പീഡകളെ സഹിക്കാൻ പ്രാപ്തനാക്കാം എന്ന് മനുഷ്യരെ കാണിച്ചു തരാനായിരുന്നു.

 ഒലാട്ടോൺ ഗാബി വില്യംസ്

മകന്‍റെ ബലി നടക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പാണ് സ്റ്റീഫൻ കുമാലൊ അപ്പം മുറിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം അബ്സലം കുമാലൊവിനാൽ കൊല്ലപ്പെട്ട ആർതർ ജാർവിസും അബ്സലം തന്നെയും ഒരു രാജ്യത്തിന്‍റെ വ്യവസ്ഥാപരമായ അനീതികൾക്ക് വില നൽകാൻ തെരഞ്ഞെടുക്കപ്പെട്ട ബലിയാടുകളാണ് എന്ന നഗ്നയാഥാർത്ഥ്യമാണ്. 

    നോവൽ അവസാനിക്കുന്നത് ശുഭപ്രതീക്ഷയിലാണ്. ഉംസിക്കുലു താഴ്‌വര ഇപ്പോഴും ഇരുട്ടിലാണ്. പക്ഷേ, അവിടെ വെളിച്ചം എത്തും. ഇന്തോച്ചെനി ഇപ്പോഴും ഇരുട്ടിലാണ്. പക്ഷേ, വെളിച്ചം അവിടെയും എത്തും. കാരണം ആയിരം നൂറ്റാണ്ടുകളായി ഒരിക്കലും തെറ്റാതെ പ്രഭാതം എത്തുന്നു. എന്നാൽ ആ പ്രഭാതമെത്തുമ്പോൾ അടിമത്തത്തിന്‍റെ ഭയത്തിൽ നിന്നും ഭയത്തിന്‍റെ അടിമത്തത്തിൽ നിന്നുമുള്ള മോചനം സംഭവിക്കും. അത് ഒരു രഹസ്യമാണ്. ഈ വാക്കുകളോടെ അലൻ പേറ്റന്‍റെ നോവൽ അനുവാചകന്‍റെ മനസ്സിൽ നിലയ്ക്കാത്ത സ്പന്ദങ്ങൾ സൃഷ്ടിച്ചുകൊണ്ട് പിൻവാങ്ങുന്നു. ദക്ഷിണാഫ്രിക്കയുടെ താഴ്‌വരയിൽ ഇന്നും മനുഷ്യദുരിതങ്ങൾ ആവർത്തിക്കുന്നുണ്ടോ എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്.

      1903 ൽ ദക്ഷിണാഫ്രിക്കയിലെ നറ്റാൽ ( Natal) കോളനിയിലെ പീറ്റർമാരിറ്റ്സ്ബർഗിലാണ് അലൻ പേറ്റന്‍റെ ജനനം. 1988 ൽ എൺപത്തഞ്ചാം വയസ്സിൽ അന്തരിച്ചു. അലൻ സ്റ്റുവർട്ട് പേറ്റൻ എന്നാണ് മുഴുവൻ പേര്. ബിരുദ പഠനത്തിനു ശേഷം, പേറ്റൻ ഇക്കോപോ ഹൈസ്കൂളിലും മാരിറ്റ്സ്ബെർഗ് കോളജിലും അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു. പേറ്റൻ കുട്ടിക്കുറ്റവാളികളെ പാർപ്പിക്കുന്ന പരിഹാരബോധനശാലയിൽ (reformatory) പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നോവലിലെ അബ്സലം കുമാലൊ എന്ന കുട്ടിക്കുറ്റവാളിയെ, വെള്ളക്കാരനായ ആർതർ ജാർവിസിനെ കൊന്ന കുറ്റത്തിന് കാരാഗൃഹത്തിൽ പാർപ്പിക്കുന്നത് ഓർമ്മിക്കുമല്ലോ. അലൻ പേറ്റൻ ഒരു ആന്‍റി അപാർത്തീഡ് പ്രവർത്തകനായിരുന്നു. മാർഗരറ്റ് ബാലിഞ്ജർ,എഡ്ഗാർ ബ്രൂക്സ്, ലിയോ മാക്വാർഡ് എന്നിവരോടൊപ്പം 1953 ൽ ലിബറൽ പാർട്ടി ഓഫ് സൗതാഫ്രിക്ക എന്ന പേരിൽ ഒരു പ്രസ്ഥാനം തുടങ്ങുകയും അതിന്‍റെ സ്ഥാപക പ്രസിഡണ്ടായി സ്ഥാനം വഹിക്കുകയും ചെയ്തു. Cry the Beloved Country, Too Late the Phalarope, The Waste Land (Short story) എന്നിവയാണ് പ്രധാന കൃതികൾ. ഇരുപതിൽ പരം കൃതികൾ രചിച്ചിട്ടുണ്ട്. ടൂ ലേയ്റ്റ് ദ് ഫാലറോപ് എന്ന രണ്ടാമത്തെ നോവലും ദക്ഷിണാഫ്രിക്കയിലെ അപാർത്തീഡിന്‍റെ പശ്ചാത്തലത്തിൽ രചിച്ചിട്ടുള്ളതാണ്. 

അലൻ പേറ്റൻ ഒരു ആന്‍റി അപാർത്തീഡ് പ്രവർത്തകനായിരുന്നു. മാർഗരറ്റ് ബാലിഞ്ജർ,എഡ്ഗാർ ബ്രൂക്സ്, ലിയോ മാക്വാർഡ് എന്നിവരോടൊപ്പം 1953 ൽ ലിബറൽ പാർട്ടി ഓഫ് സൗതാഫ്രിക്ക എന്ന പേരിൽ ഒരു പ്രസ്ഥാനം തുടങ്ങുകയും അതിന്‍റെ സ്ഥാപക പ്രസിഡണ്ടായി സ്ഥാനം വഹിക്കുകയും ചെയ്തു.

പീറ്റർ വാൻ വ്‌ലാഡെറെൻ എന്ന ആഫ്രിക്കൻ പൊലീസ് ഓഫീസർ ദക്ഷിണാഫ്രിക്കയിലെ ഇമ്മൊറാലിറ്റി നിയമത്തെ ധിക്കരിച്ച് ഒരു കറുത്തവർഗ്ഗക്കാരിയുമായി ലൈംഗിക ബന്ധം പുലർത്തുന്നു. വെള്ളക്കാരും കറുത്തവരും തമ്മിൽ ലൈംഗികബന്ധം നിയമം മൂലം നിരോധിച്ചിരിക്കുകയാണ് ആഫ്രിക്കയിൽ. മനുഷ്യരെ വിവേചനത്തോടെ കാണുകയും അപമാനവീകരിക്കുകയും ചെയ്യുന്ന അപാർത്തീഡ് നയത്തെ വിമർശവിധേയമാക്കുകയാണ് പേറ്റൻ. ദക്ഷിണാഫ്രിക്ക ലോകസാഹിത്യത്തിന് പ്രഗത്ഭരായ എഴുത്തുകാരെ സംഭാവന ചെയ്തിട്ടുണ്ട്. നദീൻ ഗോർഡിമർ, ജെ എം കൂറ്റ്സി, ബ്രേതൻ ബ്രേതൻബാഹ്, ഏതൽ ഫ്യൂഗാഡ്, ആന്ദ്രേ ബ്രിങ്ക് എന്നീ എഴുത്തുകാരോടൊപ്പം എന്നും ഓർമ്മിക്കപ്പെടുന്ന സാഹിത്യകാരനായി അലൻ പേറ്റൻ നിലനിൽക്കുമെന്നതിൽ തർക്കമില്ല.

കൊച്ചു കൊച്ചു വാക്യങ്ങൾ, ഉപചാരവാക്കുകളുടെ ധാരാളിത്തം, ശുദ്ധമനസ്കരായ മനുഷ്യരുടെ കളങ്കമില്ലാത്ത മനോവ്യാപാരങ്ങളെ പ്രതിഫലിപ്പിക്കുന്ന തെളിഞ്ഞ ശൈലി, ഇവ ആവിഷ്കാരത്തിന് നൈസർഗ്ഗികമായ സൗന്ദര്യം നൽകുന്നു.

കേഴുക പ്രിയ നാടേ എന്ന നോവലിന്‍റെ രചനാശൈലിയെക്കുറിച്ചു കൂടി പറഞ്ഞു കൊണ്ട് ഈ സാഹിത്യവിചാരം അവസാനിപ്പിക്കാം. കൊച്ചു കൊച്ചു വാക്യങ്ങൾ, ഉപചാരവാക്കുകളുടെ ധാരാളിത്തം, ശുദ്ധമനസ്കരായ മനുഷ്യരുടെ കളങ്കമില്ലാത്ത മനോവ്യാപാരങ്ങളെ പ്രതിഫലിപ്പിക്കുന്ന തെളിഞ്ഞ ശൈലി, ഇവ ആവിഷ്കാരത്തിന് നൈസർഗ്ഗികമായ സൗന്ദര്യം നൽകുന്നു. ഇതിലെ ശൈലിയുടെ താളവും സ്വരവും കിംഗ് ജോൺസിന്‍റെ ബൈബിൾ ശൈലിയോട് ചാർച്ച കുറിക്കുന്നുണ്ടെന്ന് ഒരു വിമർശകൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത് കൃത്യമായ നിരീക്ഷണമാണ്. മറ്റൊരു കാര്യം കൂടി പറഞ്ഞു കൊണ്ട് ഈ എഴുത്ത് അവസാനിപ്പിക്കാം. ഒ.വി വിജയന്‍റെ കടൽത്തീരത്ത് എന്ന കഥയ്ക്ക് കേഴുക പ്രിയ നാടേ എന്ന നോവലിന്‍റെ പ്രമേയവുമായി സാദൃശ്യം ഉണ്ടെന്ന് ഒരു വിവാദം ഉണ്ടായിരുന്നു. ശ്രീ. എം. കൃഷ്ണൻനായരാണ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞുവച്ചത്. ഒ.വി വിജയൻ അലൻ പേറ്റന്‍റെ നോവൽ വായിച്ചിട്ടുണ്ടെന്നതിനു തർക്കമില്ല. വലിയ സ്വാധീനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൃഷ്ണൻനായർ സൂചിപ്പിച്ചതു പോലെ അപഹരണം നടന്നുവെന്ന അഭിപ്രായം ഇതെഴുതുന്നയാൾക്കില്ല.



Comments
* The email will not be published on the website.