
ക്ലാസിക് കഫേ - 4
ബെന്നി ഡൊമിനിക്
‘ഡ്രീന നദി അതിന്‍റെ ഗതിയുടെ ഏറെ ഭാഗവും ചെങ്കുത്തായ മലനിരകൾക്കിടയിലുള്ള ഇടുങ്ങിയ ചുരങ്ങളിലൂടെയോ, കുത്തനെ ഇറക്കമുള്ള തീരങ്ങളുള്ള ആഴമേറിയ മലയിടുക്കുകളിലൂടെയോ ആണ് ഒഴുകുന്നത്. കൃഷിക്കും ജനവാസത്തിനും അനുയോജ്യമായ, നിരപ്പായതോ അല്പം ചരിവുള്ളതോ ആയ ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങളുള്ള താഴ്‌വരകൾ രൂപപ്പെടുന്ന വിധത്തിൽ നദീതീരങ്ങൾ വ്യാപിച്ചുകിടക്കുന്നത് വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ്.
വിസെഗ്രാഡിൽ അത്തരമൊരു സ്ഥലമുണ്ട്; ഇവിടെ, ബുത്‌കോവോ പാറക്കെട്ടുകളും ഉസാവ്‌നിക് മലനിരകളും ചേർന്നുണ്ടായ ആഴമേറിയതും ഇടുങ്ങിയതുമായ മലയിടുക്കിൽ നിന്ന് ഡ്രീന നദി പെട്ടെന്ന് ഒരു വളവിലൂടെ പുറത്തേക്ക് ഒഴുകിയെത്തുന്നു. ഇവിടെ നദിയുടെ വളവ് വളരെ വലുതാണ്. കൂടാതെ, ഇരുവശത്തുമുള്ള മലനിരകൾ കുത്തനെയുള്ളതും പരസ്പരം വളരെ അടുത്തുള്ളതുമാണ്. കാഴ്ചയിൽ ഒരു വലിയ ശിലാപിണ്ഡം പോലെ തോന്നിക്കുന്ന ആ മലനിരകളിൽ നിന്നും ഒരു ഇരുണ്ട ഭിത്തിയിൽ നിന്നെന്നപോലെ നദി പ്രവഹിക്കുന്നു. തുടർന്ന്, ക്രമരഹിതമായ ആകൃതിയിലുള്ള ഒരു രംഗഭൂമിപോലെ മലനിരകൾ വികസിക്കുന്നു. ഇതിന്‍റെ ഏറ്റവും കൂടിയ വീതി, നേർരേഖാദൂരത്തിൽ കണക്കാക്കിയാൽ ഏകദേശം പത്ത് മൈലിൽ കൂടുന്നില്ല.
‘ ഡ്രീന നദിയിലെ പാലം ‘ ഒരു ചരിത്രനോവലാണ്. പൂർണ്ണമായും ഫിക്ഷനെന്നോ ചരിത്രമെന്നോ വിശേഷിപ്പിക്കാൻ നിർവാഹമില്ലാത്ത കൃതിയാണ് ദ് ബ്രിജ് ഓവർ ദ് ഡ്രീന. ആൻഡ്രീക്ക് തന്‍റെ കൃതിയെ നോവൽ എന്നല്ല വിളിക്കുന്നത്.
കുത്തനെയുള്ള, എമ്പാടും ചുറ്റപ്പെട്ട മലനിരകളിൽ നിന്ന്, പച്ചനിറത്തിൽ, നുരഞ്ഞുപൊങ്ങുന്ന ജലപ്രവാഹവുമായി ഡ്രീന നദി കുതിച്ചൊഴുകുന്ന ഈ സ്ഥലത്ത്, പതിനൊന്ന് വിശാലമായ കമാനങ്ങളുള്ള, ഭംഗിയായി പണിതീർത്ത ഒരു വലിയ കൽപ്പാലം നിലകൊള്ളുന്നു. ഈ പാലത്തിൽ നിന്ന് നോക്കുമ്പോൾ, വിസെഗ്രാഡ് എന്ന ചെറിയ പൗരസ്ത്യശൈലിയിലുള്ള പട്ടണവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും ഒരു വിശറി പോലെ വിടർന്നു കിടക്കുന്നതായി കാണാം.പുൽമേടുകളും മേച്ചിൽപ്പുറങ്ങളും പ്ലം തോട്ടങ്ങളും നിറഞ്ഞ കുന്നിൻചെരിവുകളിൽ ഒളിഞ്ഞിരിക്കുന്ന ചെറിയ ഗ്രാമങ്ങളും, അവയ്ക്കിടയിലൂടെ കുറുകെ പോകുന്ന മതിലുകളും വേലികളും, ഇടയ്ക്കിടെ കാണപ്പെടുന്ന ചെറിയ വൃക്ഷങ്ങളും വള്ളികളും നിറഞ്ഞ കാടുകളും നിത്യഹരിത വൃക്ഷക്കൂട്ടങ്ങളും ആ കാഴ്ചയ്ക്ക് മിഴിവേകുന്നു. വെള്ളനിറത്തിലുള്ള ആ പാലത്തിന്‍റെ വിശാലമായ കമാനങ്ങളിലൂടെ ദൂരെ നിന്ന് നോക്കുമ്പോൾ, പച്ചനിറത്തിലുള്ള ഡ്രീന നദിയെ മാത്രമല്ല, ഫലഭൂയിഷ്ഠമായ ആ കാർഷിക ഗ്രാമപ്രദേശത്തെയും അതിനു മുകളിലായി തെളിയുന്ന തെക്കൻ ആകാശത്തെയും ഒരേസമയം കാണാൻ കഴിയുന്നു.
നദിയുടെ വലതു തീരത്ത്, പാലം തുടങ്ങുന്നിടത്ത് തന്നെയായിരുന്നു പട്ടണത്തിന്‍റെ കേന്ദ്രം. അവിടെയുള്ള ചന്തയാകട്ടെ, ഒരു ഭാഗം നിരപ്പായ സ്ഥലത്തും മറുഭാഗം മലഞ്ചെരുവിലുമായി വ്യാപിച്ചു കിടന്നിരുന്നു. പാലത്തിന്‍റെ മറുഭാഗത്ത്, ഇടതു ഭാഗത്തുകൂടി മലൂഹിനോ പോൾജെ എന്ന പ്രദേശം നീണ്ടു കിടന്നിരുന്നു. സരാജോവയിലേക്കുള്ള പാതയോരത്ത് അവിടവിടെയായി ചില വീടുകളും കാണാമായിരുന്നു. അങ്ങനെ, സരാജോവയിലേക്കുള്ള പാതയുടെ രണ്ടു ഭാഗങ്ങളെയും തമ്മിൽ യോജിപ്പിച്ചു കൊണ്ട്, ആ പാലം പട്ടണത്തെ ചുറ്റുമുള്ള ഗ്രാമങ്ങളുമായി ബന്ധിപ്പിച്ചു.
യഥാർത്ഥത്തിൽ, 'ബന്ധിപ്പിക്കുന്നു' എന്ന് പറയുന്നത്, മനുഷ്യർക്ക് ചുറ്റുമുള്ള കാഴ്ചകൾ കാണാനും ദൈനംദിന ജോലികൾ പൂർത്തിയാക്കാനും വേണ്ടി സൂര്യൻ രാവിലെ ഉദിക്കുന്നു എന്നും, പകൽനേരത്തെ അധ്വാനശേഷം വിശ്രമിക്കാനും ഉറങ്ങാനും വേണ്ടി വൈകുന്നേരം അസ്തമിക്കുന്നു എന്നും പറയുന്നതുപോലെ തന്നെ സത്യമാണ്. കാരണം, സമ്പന്നവും തിരക്കേറിയതുമായ പല നഗരങ്ങൾക്കും അവകാശപ്പെടാനില്ലാത്തത്ര അസാധാരണമായ സൗന്ദര്യമുള്ള ഈ വലിയ കൽപ്പാലം (പഴയകാലത്ത് സാമ്രാജ്യത്തിലാകെ ഇതുപോലെയുള്ള രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെട്ടിരുന്നു), ഡ്രീന നദിയുടെ മധ്യ ഉപരിഭാഗങ്ങളിലെ ഒരേയൊരു സ്ഥിരമായ കടത്തുപാതയായിരുന്നു. അതോടൊപ്പം, ബോസ്നിയയെയും സെർബിയയെയും തമ്മിലും, സെർബിയയ്ക്കപ്പുറം തുർക്കി സാമ്രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായും, ഇസ്താംബൂൾ വരെ ബന്ധിപ്പിക്കുന്ന പാതയിലെ അത്യന്താപേക്ഷിതമായ ഒരു കണ്ണിയുമായിരുന്നു അത്. പ്രധാനപ്പെട്ട ഗതാഗത കേന്ദ്രങ്ങൾക്കും വലിയ പാലങ്ങളുടെ ഇരുവശങ്ങളിലുമായി സ്വാഭാവികമായും രൂപംകൊള്ളുന്ന ജനവാസമേഖലകൾ മാത്രമായിരുന്നു ഈ പട്ടണവും അതിന്‍റെ പ്രാന്തപ്രദേശങ്ങളും.’
അതിശക്തരായ കഥാപാത്രങ്ങളെ ബോധപൂർവ്വം അകറ്റി നിറുത്തുകയും സാധാരണക്കാരന്‍റെ ജീവിതത്തിൽ മേൽപ്പറഞ്ഞ സംഭവ വികാസങ്ങളുളവാക്കിയ മുറിവുകളും ഉൽകണ്ഠകളും കോറിയിടുന്ന ഒരു ക്ലാസ്സിക് രചനയാണ് ഇത്.

വിശ്രുത യൂഗോസ്ലാവിയൻ എഴുത്തുകാരൻ ഈവോ ആൻഡ്രീക്കിന്‍റെ ‘ദ് ബ്രിജ് ഓവർ ദ് ഡ്രീന ‘ (The Bridge Over the Drina )എന്ന ഇതിഹാസതുല്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നോവലിലെ ആദ്യ രണ്ടു പുറങ്ങളിൽ നിന്നുള്ള മലയാള പരിഭാഷയാണ് നിങ്ങൾ വായിച്ചത്. പരിഭാഷ: ലേഖകൻ. 1945 ൽ സെർബോ ക്രൊയേഷ്യൻ ഭാഷയിൽ ‘ന ഡ്രീനി ചുപ്രിയ ‘ (Na Drini Cuprija ) പ്രസിദ്ധീകരിച്ചു. 1959 ലാണ് ഇംഗ്ലിഷ് പരിഭാഷ വരുന്നത്. ലോവറ്റ് എഫ് എഡ്വേർഡ്സ് (Lovett F Edwards) ആയിരുന്നു പരിഭാഷകൻ. നോവലിന്‍റെ രചനാകാലം 1942 നും 43 നും ഇടയിലാണ്.’ട്രാവ്നിക് ഹോർണിക ‘ ( travnik chronicles) എന്ന നോവൽത്രയത്തിലെ ഒരു കൃതിയാണ് ‘ന ഡ്രീനി ചുപ്രിയ.’ Bosnian Story, The Woman from Sarajevo എന്നിവയാണ് മറ്റു രണ്ടു കൃതികൾ.ഈ നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിലൂടെ ലോവറ്റ് വിലമതിക്കാനാവാത്ത സേവനമാണ് ചെയ്തിട്ടുള്ളത്.
‘ ഡ്രീന നദിയിലെ പാലം ‘ ഒരു ചരിത്രനോവലാണ്. പൂർണ്ണമായും ഫിക്ഷനെന്നോ ചരിത്രമെന്നോ വിശേഷിപ്പിക്കാൻ നിർവാഹമില്ലാത്ത കൃതിയാണ് ദ് ബ്രിജ് ഓവർ ദ് ഡ്രീന. ആൻഡ്രീക്ക് തന്‍റെ കൃതിയെ നോവൽ എന്നല്ല വിളിക്കുന്നത്. ക്രോണിക്ക്ൾ അഥവാ ചരിത്രരേഖ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു നോൺഫിക്ഷൻ നോവൽ എന്നും ചിലർ ഇതിനെ വിളിക്കാറുണ്ട്.എന്നാൽ ചരിത്രം മുഖ്യ വിഷയമായി വരുന്ന നോവൽ തന്നെയാണ് ഡ്രീന നദിയിലെ പാലം എന്ന അഭിപ്രായമാണ് ഈ ലേഖകനുള്ളത്. ഫിക്ഷൻ എന്ന് തോന്നിപ്പിക്കാത്ത വിധം ചരിത്രത്തിന്‍റെ പഴയ ഏടുകളിൽ നിന്ന് മനുഷ്യരും സംഭവങ്ങളും ആൻഡ്രീക്കിന്‍റെ ഐതിഹാസികമായ രചനയിൽ നിന്ന് ജീവൻ വച്ചിറങ്ങി വരുന്ന അതിശയക്കാഴ്ച പാരായണവേളയിൽ അനുഭവവേദ്യമാണ്. കല്പിതകഥയേതെന്നോ യാഥാർത്ഥ്യമേതെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം അവയുടെ അതിർവരമ്പുകൾ നേർത്തു നേർത്ത് ആഖ്യാനം സൂക്ഷ്മതയും കണിശതയും ആർജ്ജിച്ച് പ്രവഹിക്കുന്നു എന്നതാണ് നോവൽ വായനയിൽ അനുഭവപ്പെട്ട ഏറ്റവും പ്രധാന സവിശേഷത. കേവലം ഒരു ചരിത്രകൃതിയിൽ നിങ്ങൾക്ക് ഭാഷയുടെ സൂക്ഷ്മസൗന്ദര്യമോ ഉൾക്കാഴ്ചയോ ലഭിക്കുകയില്ല. കൃത്രിമത്വമോ അതിഭാവുകത്വമോ മെലോഡ്രാമയോ കൂടാതെ മൂന്നര നൂറ്റാണ്ടുകാലത്തെ മനുഷ്യജീവിതവും ചരിത്രസംഭവങ്ങളും വിളക്കിച്ചേർക്കുന്ന അസാധാരണതയാണ് ഈ കൃതിയെ കേവലമൊരു ക്രോണിക്ക്ൾ (ചരിത്രകഥനം)ആയി കാണുന്നതിൽ നിന്ന് ഈ ലേഖകനെ പിന്തിരിപ്പിക്കുന്നത്. ഇതിൽ വിവരിക്കുന്ന മനുഷ്യരുടെ കഥകൾ ഏറിയോ കുറഞ്ഞോ പോവുന്നില്ല. ശക്തരായ കഥാപാത്രങ്ങൾ നോവലിലില്ല എന്നൊരു വിമർശനം ഉന്നയിക്കാം. ഒരു നായകകഥാപാത്രത്തിന്‍റെ അഭാവം നോവലിന് ഏതെങ്കിലും വിധത്തിൽ അപകർഷം വരുത്തുന്നതായി പറയാൻ കഴിയില്ല. ദീർഘകാലയളവിലെ ചരിത്രഗതിയെ നിരവധി മനുഷ്യരുടെ ചെറിയ ചെറിയ അനുഭവകഥനങ്ങളിലൂടെ ആൻഡ്രീക്ക് അവിസ്മരണീയമാക്കിത്തീർക്കുന്നു. അപ്രധാന കഥാപാത്രങ്ങളെന്നു തോന്നുമെങ്കിൽക്കൂടി, അവരിലൂടെ ചരിത്രഗതിയുടെ സ്പന്ദനങ്ങളെ കേൾപ്പിക്കാൻ നോവലിസ്റ്റിനു സാധിക്കുന്നു. അവർ വന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ചരിത്രസംഭവങ്ങളുടെ പ്രവാഹവും ഇങ്ങനെ തന്നെയാണ്. ഡ്രീന നദിയുടെ ജലപ്രവാഹം പോലെ അവ ഒന്നൊന്നായി ഒഴുകിക്കൊണ്ടിരിക്കുന്നു. യുദ്ധവും വംശീയ സംഘർഷവും മതസ്പർദ്ധയും അധികാരവും ഒക്കെ മനുഷ്യരിലേൽപ്പിക്കുന്ന ആഘാതങ്ങളിലാണ് ആഖ്യാതാവിന്‍റെ ശ്രദ്ധ. അതിശക്തരായ കഥാപാത്രങ്ങളെ ബോധപൂർവ്വം അകറ്റി നിറുത്തുകയും സാധാരണക്കാരന്‍റെ ജീവിതത്തിൽ മേൽപ്പറഞ്ഞ സംഭവ വികാസങ്ങളുളവാക്കിയ മുറിവുകളും ഉൽകണ്ഠകളും കോറിയിടുന്ന ഒരു ക്ലാസ്സിക് രചനയാണ് ഇത്.
ഫിക്ഷന്‍റെ ആലഭാരങ്ങളൊന്നുമില്ലാതെ, കേന്ദ്രസ്ഥാനത്തു നിന്ന് കഥയെ നയിക്കുന്ന ഒരു നായക കഥാപാത്രമില്ലാതെ, ബാൾക്കൻ മേഖലയിലെ സെർബ് - ക്രൊയേഷ്യ ചരിത്രത്തിലെ ഒരു കാലഘട്ടത്തെ കലാപരമായി ആവിഷ്കരിക്കുകയാണ് ആൻഡ്രിക്ക്. ഈ കൃതിക്ക് ‘ദ് ബ്രിജ് ഓൺ ദ് ഡ്രീന ‘ ( The Bridge On the Drina)എന്ന പേരിലുള്ള പ്രസിദ്ധീകരണവും കണ്ടിട്ടുണ്ട്. രണ്ടിന്‍റെയും പരിഭാഷ ലോവറ്റ് എഫ് എഡ്വേർഡ്സ് തന്നെ. പിന്നെങ്ങനെ ഈ രണ്ട് ടൈറ്റിൽ വന്നു എന്നത് ദുരൂഹമാണ്.
ബാൾക്കൻ ചരിത്രം
നോവൽ ശരിയായി ഉൾക്കൊള്ളുന്നതിന് ബോസ്നിയയുടെ ചരിത്രപശ്ചാത്തലം അല്പം അറിയേണ്ടതുണ്ട്. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ തുർക്കികൾ ബോസ്നിയ കീഴടക്കുകയും അവിടെ പാർത്തിരുന്ന ക്രിസ്ത്യൻ സമുദായത്തെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുകയും ചെയ്തു. അതോടൊപ്പം സാംസ്കാരിക പരിവർത്തനവും കൂടി സംഭവിച്ചു എന്നത് പറയേണ്ടതില്ലല്ലോ. ബോസ്നിയ ഓട്ടോമൻ സംസ്കാരത്തിന്‍റെ കാവൽ കേന്ദ്രമായി മാറി. ബോസ്നിയയിലെ വിസെഗ്രാഡ് (Visegrad )പ്രദേശത്താണ് നോവലിൽ വിവരിക്കുന്ന സംഭവങ്ങൾ നടക്കുന്നത്. കിഴക്കൻ ബോസ്നിയയിലെ ഒരു ചെറുപട്ടണമാണ് വിസെഗ്രാഡ്.1516 മുതൽ 1914 വരെയുള്ള ബോസ്നിയൻ ചരിത്രം ഡ്രീന നദിയിലെ പാലം പശ്ചാത്തലമാക്കി വിവരിക്കുകയാണ് നോവലിൽ.വിസെഗ്രാഡിൽ സെർബുകൾ, കത്തോലിക്കർ, മുസ്ലിങ്ങൾ, റോമക്കാർ, ജൂതന്മാർ, ജിപ്സികൾ തുടങ്ങിയവർ ഇടകലർന്ന് ജീവിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിലെ ഗ്രാൻഡ് വെസീർ (grand Vezir ) ആയിരുന്ന മെഹ്മദ് പാഷ സോക്കോലോവിച്ച് ആണ് പാലം നിർമ്മിക്കാൻ നിർദ്ദേശം നൽകുകയും അതിന്‍റെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.
കോൺസ്റ്റാന്‍റിനോപ്പിൾ ക്രിസ്ത്യൻ കർഷകരെ സുൽത്താന്‍റെ വീട്ടിൽ അടിമ വേലയ്ക്കും മിലിട്ടറി സേവനത്തിനുമായി കൊണ്ടുപോവുക പതിവായിരുന്നു അക്കാലത്ത്. ഇവരിൽ ചിലർ ഉയർന്ന ജോലികളിലേക്ക് എത്തിപ്പെടുകയും ചെയ്തു. അപൂർവ്വം ചിലർ ഓട്ടോമൻ ആർമിയുടെ കമാൻഡർ പദവി വരെ ഉയർന്ന ചരിത്രമുണ്ട്. ഇങ്ങനെ ക്രിസ്ത്യൻ കുടുംബത്തിൽ നിന്ന് പിടിച്ചു കൊണ്ടുപോയി ഓട്ടോമൻ സൈന്യത്തിലെത്തിച്ചിരുന്ന കുട്ടികളിൽ ഒരാളായിരുന്നു മെഹ്മദ് പാഷ. പാഷ ഗ്രാൻഡ് വെസീർ പദവിയിലെത്തിയപ്പോൾ തന്‍റെ ബാല്യകാല ഓർമ്മയുമായി ബന്ധപ്പെട്ട സ്ഥലത്ത് ഒരു പാലം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡ്രീന നദിയിലെ കടവിൽ നിന്ന് തന്‍റെ അമ്മ കണ്ണീരോടെ യാത്രയാക്കുന്ന ഓർമ്മച്ചിത്രം പാഷയുടെ മനസ്സിൽ നിന്നു മാഞ്ഞു പോയിട്ടില്ല. പാഷയ്ക്ക് വൈകാരികമായി വലിയ ബന്ധമുള്ള ആ സ്ഥലത്തു തന്നെ നദിക്കു കുറുകെ പാലം നിർമ്മിക്കാൻ ഉത്തരവിട്ടത് ഒരു ചരിത്രനീതിയായിരുന്നു.
മൂന്നര നൂറ്റാണ്ടിലെ ചരിത്രത്തിന്‍റെ കുളമ്പടിയൊച്ചകളാണ് നോവലിലെമ്പാടും മുഴങ്ങുന്നത്. ചരിത്രസംഭവങ്ങളുടെ പ്രവാഹം പാലത്തിനു മുകളിലൂടെ കടന്നുപോയി. അതേസമയം പാലത്തിനടിയിലൂടെ പച്ചനിറത്തിലുള്ള ജലം ഹുങ്കാരവത്തോടെ വെൺനുരകളുമായി നിരന്തരം ഒഴുകി

നോവലിന്‍റെ ആദ്യഭാഗം മുഴുവൻ പാലം പണിയെ സംബന്ധിച്ചുള്ള വിവരണമാണ് നിറയുന്നത്. പാലംപണിയുടെ ചുമതല ആദ്യകാലത്ത് അബിദാഗ എന്ന കഠോരഹൃദയനായിരുന്നു. പാലം നിർമ്മിക്കുന്നതിന് ക്രിസ്ത്യൻ കർഷകരെയാണ് കൂടുതലായി നിയോഗിച്ചത്. അബിദാഗ അതികഠിനമായ ജോലിഭാരമാണ് അവരിൽ അടിച്ചേല്പിച്ചത്. വേണ്ടത്ര ആഹാരമോ വിശ്രമമോ ഇല്ലാത്ത കാലവേലയായിരുന്നു അവരിൽ പലർക്കും ചെയ്യേണ്ടി വന്നത്. ബോസ്നിയയിൽ ഉടനീളം യാത്രികർ മറ്റു യാത്രക്കാരോട് വിസെഗ്രാഡിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്നൽകി. അവിടെയെത്തുന്ന ഏതൊരാളെയും നിർബന്ധിതവേല ചെയ്യിപ്പിച്ചു. കുഞ്ഞുങ്ങളെ പാലത്തിന്‍റെ തൂണിനുള്ളിൽ ജീവനോടെ അടക്കം ചെയ്തതായി കഥകൾ പ്രചാരത്തിലായി. കുഞ്ഞുങ്ങളുടെ ബലി പാലത്തിന്‍റെ ഉറപ്പിനും സുരക്ഷയ്ക്കും ആവശ്യമാണ് എന്നായിരുന്നു വിശ്വാസം. മരിച്ച കുഞ്ഞുങ്ങൾക്ക് പാലത്തിലെ തൂണിലുള്ള ദ്വാരത്തിലൂടെ അമ്മമാർ മുലയൂട്ടിയിരുന്നു എന്ന കഥയും പ്രചരിച്ചു.
ഇങ്ങനെ കഠിന ജോലിക്ക് വിധിക്കപ്പെട്ട കർഷകരിൽ നിന്ന് മുറുമുറുപ്പും വിധ്വംസക ഭീഷണിയുമുണ്ടായി. അവരുടെ പ്രതിനിധിയെന്നോ നേതൃസ്ഥാനത്തുള്ളയാളെന്നോ വിളിക്കാവുന്ന റാഡിസാവ് എന്ന കർഷകൻ ഈ പാലം പണിയെ പ്രതിരോധിക്കേണ്ടതിന്‍റെ ആവശ്യകത ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്തി. ഈ പാലം പണി നമ്മുടെ മരണത്തിലേ കലാശിക്കൂ. അത് നമ്മെ വിഴുങ്ങും. റാഡിസാവ് പറഞ്ഞു. “This building work will be the death of all of us; it will eat us up. Even our children will have to do forced labour on the bridge if there are any of us left” P. 35. പാലം ഒരു വശത്ത് നിന്ന് പണിയുന്നതത്രയും രാത്രിയിൽ ആരുമറിയാതെ പൊളിക്കുന്നു വിപ്ലവകാരികൾ. ‘ വീലാഹ് ‘ (Vila)എന്ന ദേവതയാണ് പാലം നശിപ്പിക്കുന്നതെന്ന കിംവദന്തി എല്ലായിടത്തും പരന്നു. പാലം പണി നടക്കുന്നത് ദേവതയ്ക്കിഷ്ടമല്ല. അവർ അതിനനുവദിക്കുകയില്ല എന്ന കഥ എവിടെയും പ്രചരിച്ചു. കലാപകാരികളെ പിടികൂടി കൊല്ലാൻ കല്പനയുണ്ടായെങ്കിലും ആരും പിടിയിലായില്ല. ഒടുവിൽ റാഡിസാവിനെ പിടികൂടുന്നു. ശൂലം തറച്ച് ഏറ്റവും ഭീതിദമായ രീതിയിൽ അയാളെ കൊല്ലുന്നു. അയാൾ ഒരു വിശുദ്ധനു സമനായി ജനങ്ങളുടെ ഹൃദയങ്ങളിൽ ഏറെക്കാലം ജീവിച്ചു. അബിദാഗയുടെ നിഷ്ഠുര മുറകൾ പിന്നെയും തുടർന്നു. ഒന്നു പ്രതികരിക്കാൻ കൂടി കഴിയാതെ മനുഷ്യർ ചോര വറ്റിച്ച് പാലത്തിനു വേണ്ടി പണിതു..” The men on forced labour worked silently, and each one avoided looking his neighbour in the eyes, and each man looked only to the work before him as if that were the beginning and the end of his world. “ P. 46.
പാലത്തിന്‍റെ അസ്തിത്വം നോവലിൽ വിവരിക്കുന്ന കഥയുടെ ഒരു പശ്ചാത്തലം മാത്രമല്ല, അതിന് ഒരു തികഞ്ഞ കഥാപാത്രസ്വഭാവം കൈവരുന്നുണ്ട്. പാലം രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നതിന് കാരണമായി.അധിനിവേശ ശക്തികൾ എത്തി. യുദ്ധങ്ങളും വംശീയ വൈരങ്ങളും ബോസ്നിയയുടെ ഹൃദയഭാഗത്ത് ശീഘ്രമെത്തിച്ചേരാൻ നിമിത്തമായി. മൂന്നര നൂറ്റാണ്ടിലെ ചരിത്രത്തിന്‍റെ കുളമ്പടിയൊച്ചകളാണ് നോവലിലെമ്പാടും മുഴങ്ങുന്നത്. ചരിത്രസംഭവങ്ങളുടെ പ്രവാഹം പാലത്തിനു മുകളിലൂടെ കടന്നുപോയി. അതേസമയം പാലത്തിനടിയിലൂടെ പച്ചനിറത്തിലുള്ള ജലം ഹുങ്കാരവത്തോടെ വെൺനുരകളുമായി നിരന്തരം ഒഴുകി. ഡ്രീനയിലൂടെ ഒഴുകുന്ന ജലം മനുഷ്യസംഘർഷങ്ങളുടെ ഭാവസ്തോഭങ്ങളായി പരിണമിച്ചു. ഡ്രീന നദിയിലെ പാലം ഒരു ചരിത്രനോവലാണെന്നു പറയുമ്പോൾ അത് വലിയ ഭരണാധികാരികളുടെയോ അവരുടെ അധികാരപ്രമത്തതയുടെയോ,യുദ്ധങ്ങളുടെയോ, അതുണ്ടാക്കുന്ന സർവ്വനാശങ്ങളുടെയോ കഥയെന്നതിനേക്കാൾ അത്തരം ചരിത്ര സംഭവങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതത്തെ എപ്രകാരം ബാധിച്ചു എന്നതിന്‍റെ ചിത്രീകരണത്തിനാണ് നോവലിൽ പ്രാധാന്യം കല്പിക്കുന്നത്. പാലത്തിന്‍റെ ഒത്ത മധ്യത്തിൽ കാപിയ (kapia )എന്നൊരു കേന്ദ്രമുണ്ട്. പാലത്തിന്‍റെ ഹൃദയം എന്നു വിളിക്കാവുന്ന ഒരു ഭാഗമാണിത്.യാത്രക്കാരും സമീപസ്ഥരും അവിടെയിരുന്ന് വിശ്രമിക്കുകയും അവരുടെ ജീവിതത്തിലെ കഥകൾ പറയുകയും ചെയ്തു. അവിടെയിരുന്ന് അവർ പ്ലം ബ്രാണ്ടി കുടിക്കുകയും അവരുടെ കച്ചവടം, മതാനുഷ്ഠാനം, മാറി മാറി വരുന്ന അധിനിവേശങ്ങൾ എന്നു വേണ്ട എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ചിലർ ചീട്ടുകളിയിലേർപ്പെട്ട് ഭാഗ്യം പരീക്ഷിച്ചു.
വിസെഗ്രാഡ് നിവാസികൾക്ക് പാലം ഒരു നിർമ്മിതി എന്നതിനേക്കാൾ ഒരു വികാരമായിരുന്നു. അവരുടെ ജീവിതത്തിലെ ഓരോ നിർണ്ണായക മുഹൂർത്തവും പാലവുമായി ബന്ധപ്പെട്ടിരിക്കുന്നു.നോവലിൽ പാലത്തെ വിശദമായി വർണ്ണിക്കുന്നുണ്ട്. " However, one thing is clear; that between the life of the townsmen and that bridge, there existed a centuries old bond. Their fates were so intertwined that they could not be imagined separately and could not be told separately. Therefore the story of the foundation and destiny of the bridge is at the same time the story of the life of the town and of its people, from generation to generation, even as through all the tales about the town stretches the line of the stone bridge with its eleven arches and the kapia in the middle, like a crown. " P.21
മെഹ്മദ് പാഷയുടെ താത്പര്യപ്രകാരം, ബോസ്നിയയിൽ നിന്നും ഇസ്താംബുളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വ്യാപാരികൾക്കും സൈനികർക്കും കുതിരകൾക്കും സൗജന്യമായി താമസ്സിക്കാൻ സ്റ്റോൺ ഹാൻ എന്നൊരു സത്രവും പാലത്തിനോടു ചേർന്ന് പണി കഴിപ്പിച്ചിരുന്നു. കല്ല് കൊണ്ട് നിർമ്മിച്ചതിനാലാണ് ഇതിന് stone han എന്ന പേര് വന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ തകർച്ചയോടെ ഈ സത്രത്തിന്‍റെ ഉപയോഗം കുറയുകയും ജീർണ്ണത സംഭവിക്കുകയും ചെയ്തു. നോവലിൽ സാമ്രാജ്യങ്ങൾക്കും അതിന്‍റെ നിർമ്മിതികൾക്കും കാലം ഏൽപ്പിക്കുന്ന പ്രഹരത്തിനും തൽഫലമായുണ്ടാവുന്ന ജീർണ്ണതയ്ക്കും പ്രതീകമായാണ് ഈ സത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.
ഓട്ടോമൻ സംസ്കാരം
നോവലിന്‍റെ സ്വരൂപത്തെയും ഗതിയെയും നിർണ്ണയിക്കുന്ന ഒരു പ്രധാന ആരൂഢമായി പാലം നിലയുറപ്പിക്കുന്നു. പാലത്തിന്‍റെ നിർമ്മാണവും പിന്നീടുള്ള തകർച്ചയും നോവലിൽ വിവരിക്കുന്നുണ്ട്. പാലം ഇവിടെ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ബോസ്നിയയുടെ പ്രതീകമാണെന്നു കരുതുന്നവരുണ്ട്. ഇത് ഉചിതമായ നിഗമനം തന്നെ. ഒപ്പം പാലത്തിലൂടെ കടന്നുപോയ അധിനിവേശ ശക്തികളുടെയും വംശീയതയുടെയും അധികാരത്തിന്‍റെയും നിശ്ശബ്ദസാക്ഷിയായി ഡ്രീന നദിയിലെ പാലം നിലകൊള്ളുന്നു. നദിയും പ്രതീകാത്മകമായ അർത്ഥമുൾക്കൊള്ളുന്നു. നൂറ്റാണ്ടുകളുടെ സാംസ്കാരികപ്രകിയകളുടെ ഫലമായുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ പ്രതീകമായി ഡ്രീനയുടെ ജലപ്രവാഹം രൂപാന്തരം പ്രാപിക്കുന്നു.ബാൾക്കൻ പ്രദേശങ്ങളിൽ ബലാൽകാരമായി പ്രവേശിക്കുകയും,പതിനാലാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടുവരെ ആധിപത്യമുറപ്പിക്കുകയും പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ ഗത്യന്തരമില്ലാതെ വിട്ടുപോവുകയും ചെയ്ത ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ ബോസ്നിയൻ അധിനിവേശത്തിന്‍റെയും തുടർന്നുള്ള വംശീയസംഘർഷങ്ങളുടെയും കഥയാണ് ഡ്രീന നദിയിലെ പാലം എന്ന അസാധാരണ നോവൽ പറയുന്നത്. ഓർത്തഡോക്സ് റഷ്യയുടെയും പടിഞ്ഞാറൻ യൂറോപ്യൻ സംസ്കാരത്തിന്‍റെയും പ്രതിയോഗിയായിരുന്നു ഓട്ടോമൻ സാമ്രാജ്യം. തന്‍റെ ജന്മനാടായ ബോസ്നിയയിൽ ഓട്ടോമൻ സംസ്കാരത്തിന്‍റെ ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും ചിത്രം അതിശയകരമായ വിശ്വസനീയതയോടെയും മിതത്വത്തോടെയും ഈവോ ആൻഡ്രീക്ക് അവതരിപ്പിക്കുകയാണ്.
നോവലിൽ സാമ്രാജ്യങ്ങൾക്കും അതിന്‍റെ നിർമ്മിതികൾക്കും കാലം ഏൽപ്പിക്കുന്ന പ്രഹരത്തിനും തൽഫലമായുണ്ടാവുന്ന ജീർണ്ണതയ്ക്കും പ്രതീകമായാണ് ഈ സത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

Ivo Andrić monument
ആഘോഷവേളകളിലും പെരുന്നാൾ ദിനങ്ങളിലും റംസാൻ രാവുകളിലും കുടുംബത്തിലെ തല മൂത്തവർ സംസാരപ്രിയരാവും. അവരുടെ ജീവിതത്തിലെ കഠിനങ്ങളായ ദിനങ്ങളെക്കുറിച്ചോർമ്മിക്കും. വലിയ വെള്ളപ്പൊക്കങ്ങളെക്കുറിച്ചുള്ള ഓർമ്മ അവയിലൊന്നാണ്.ബോസ്നിയയിൽ പടർന്നുപിടിച്ച പ്ലേഗ് എന്ന മഹാവ്യാധിയാണ് മറ്റൊന്ന്. ദുരന്തങ്ങൾ അവരുടെ ഭിന്നിപ്പുകളെ താത്കാലികമായി അവസാനിപ്പിക്കും. ഡ്രീന നദിയിലെ ജലരാശി പോലെ അവരുടെ ഓർമ്മകൾ അവിരാമമായി പ്രവഹിക്കും. പഴയ കഠിനങ്ങളായ അനുഭവങ്ങളെക്കുറിച്ച് പറയുമ്പോൾ അവർ എന്തെന്നില്ലാത്ത ഒരു സന്തോഷമനുഭവിക്കുന്നതായി കാണാം. എത്ര മാത്രം വേദനാജനകമായിരുന്നോ പൂർവ്വകാലാനുഭവം, അത്രമേൽ ആനന്ദദായകമായിരുന്നു അവയെക്കുറിച്ചുള്ള ഓർമ്മകൾ. പാലം ഓർമ്മയുടെ തൈലം പുരട്ടി അവരുടെ മുറിവുകള ശമിപ്പിച്ചു. പാലം ഇവിടെ ഓർമ്മയുടെയും ചരിത്രത്തിന്‍റെയും ഒരു ഇടമായി നിലകൊള്ളുന്നു. നോവലിന്‍റെ തുടക്കം മുതൽതന്നെ പാലത്തെ ഓർമ്മയുടെയും ചരിത്രത്തിന്‍റെയും കേന്ദ്രമായി ആൻഡ്രീച്ച് വിവരിക്കുന്നു. പാലം ഓർമ്മയുടെ അടയാള (token) മായി മാറുന്നതെങ്ങനെയെന്നും പാലമെന്ന സങ്കല്പം തന്നെ ഓർമ്മയുടെ മൂർത്തരൂപമായി പരിണമിക്കുന്നതെങ്ങനെയെന്നും ഡാനിയൽ ഇലിസബെത്ത് ടോറെസ്സ് വിലയിരുത്തുന്നുണ്ട്. വെള്ളപ്പൊക്കങ്ങൾ, വംശീയയുദ്ധങ്ങൾ ഇവയ്ക്കിടയിലും ഡ്രീനാനദിയിലെ പാലം സഹനത്തിൻ്റെ അസ്‌തിവാരം ഉറപ്പിച്ചുകൊണ്ട് പ്രക്ഷുബ്‌ധമായ ഒരു നീണ്ട കാലയളവിന്‍റെ (ഓട്ടോമാൻ - ഓസ്ട്രിയൻ, മുസ്ലീം-ക്രിസ്‌ത്യൻ സംഘർഷം) ത്രസിപ്പിക്കുന്ന ഓർമ്മയും ചരിത്രവുമായി മാറുന്നു. ചരിത്രത്തിൽനിന്ന് പ്രവഹിക്കുന്ന സ്‌മൃതിധാരകളുടെ പ്രകമ്പനങ്ങൾ ഈ ഗംഭീര ആഖ്യായികയിൽ എമ്പാടും വ്യാപിക്കുന്നു.
ഡ്രീന നദിയിലെ പാലം, മിഖായേൽ ഷൊളക്കോഫിന്‍റെ ഡോൺ നോവലുകൾ പോലെയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും പോലെയോ ഒരു യുദ്ധനോവൽ ആണെന്നു പറയാനാവില്ല. യുദ്ധം നോവലിൽ പ്രമേയമായി വരുന്നുണ്ടെങ്കിലും വിപുലമായ യുദ്ധവർണ്ണനയ്ക്കു പകരം യുദ്ധം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്ന് വിവരിക്കുന്നതിലൂടെ യുദ്ധത്തിന്‍റെ കെടുതികളെ വിശാലമായ ഭൂമികയിൽ നിന്ന് ചെറിയ ഒരു വൃത്തത്തിനുള്ളിലേക്ക് കൊണ്ടുവന്ന് വൈയക്തികാനുഭവങ്ങളിലേക്ക് നോവലിസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മനുഷ്യരുടെ സ്വപ്നങ്ങൾ തകരുന്നത് എങ്ങനെയെന്നു കാണിച്ചു തരുന്നു. മഹാദുരന്തങ്ങളിലല്ല ഇവിടെ ഫോക്കസ് ചെയ്യുന്നത്. നിക്കോളെയുടെയും സോർക്കയുടെയും പ്രണയം തകരുന്നത് വിവരിക്കുന്നത് ഉദാഹരണമായി പറയാം. സോർക്ക നിശ്ശബ്ദയായി കരയുന്നു. കൂടുതൽ കരയുന്തോറും കരയാനുള്ള കാരണങ്ങൾ അവൾ കണ്ടെത്തി. അത്രയും നിസ്സഹായമായിരുന്നു ചുറ്റുമുള്ള കാര്യങ്ങൾ. “the more she wept, the more reason she found to weep as everything around her seemed more and more hopeless” ആൻഡ്രീക് യുദ്ധം വിവരിക്കുന്നത് വളരെ നിർമമ( detached )നായാണ്.ഇതു വായിക്കുക : "Only then began the real persecution of the Serbs and all those connected with them. The people were divided into the persecuted and those who persecuted them. That wild beast, which lives in man and does not dare to show itself until the barriers of law and custom have been removed, was now set free. The signal was given, the barriers were down. As has so often happened in the history of man, permission was tacitly granted for acts of violence and plunder, even for murder.." P.282
വിവരണകല
നൈരന്തര്യത്തേക്കാൾ ചെറുസംഭവങ്ങളുടെ വിവരണത്തിലൂടെ ഒന്നിനും സ്ഥായിയായ നിലനില്പില്ലെന്നു സൂചിപ്പിക്കാനാണ് ആൻഡ്രീക്കിനു താത്പര്യം. ചരിത്രമെന്ന മഹാപ്രവാഹത്തിൽ വ്യക്തിയുടെ അസ്തിത്വത്തിന് ഒരു പരിധിയിൽ കവിഞ്ഞ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കരുതുന്നില്ല. കഥാപാത്രങ്ങൾ ചെറിയ ഇടവേളകളിൽ പ്രത്യക്ഷപ്പെട്ട് അവരുടെ കഥ തമ്മിൽ പറഞ്ഞ് അപ്രത്യക്ഷരാവുന്ന രീതിയാണ് ഇവിടെയുള്ളത്. കാലപ്രവാഹത്തിൽ പെട്ട് നദിയിലെ ജലം പോലെ കഥാപാത്രങ്ങൾ ഒന്നൊന്നായി മറഞ്ഞുപോവുന്നു. റാഡിസാവിന്‍റെയും മിലാൻ ഗ്ലാസിക്കാനിന്‍റെയും കഥ ഇത്തരം ചെറിയ ആഖ്യാനത്തിന് മാതൃകയായി ചൂണ്ടി കാണിക്കാം. മിലാൻ ഗ്ലാസിക്കാനിനും അപരിചിതനായ മനുഷ്യനും തമ്മിൽ പാലത്തിലെ കാപിയയിൽ വച്ച് ചൂതുകളിക്കുന്നത് വിവരിക്കുന്നത് കേവലം ആറുപുറങ്ങളിൽ ഒതുക്കുന്നുണ്ടെങ്കിലും വലിയൊരു തത്ത്വം ഈ ചെറിയ കഥയിലുണ്ട്. “It seemed to him that this stranger wanted to draw out of him not only all his money, ducat by ducat, but also the marrow from his bones and the blood from his veins, drop by drop, and that his strength and his will-power were leaving him with every new loss in the game.” P. 148
കഥാപാത്രങ്ങൾ ചെറിയ ഇടവേളകളിൽ പ്രത്യക്ഷപ്പെട്ട് അവരുടെ കഥ തമ്മിൽ പറഞ്ഞ് അപ്രത്യക്ഷരാവുന്ന രീതിയാണ് ഇവിടെയുള്ളത്. കാലപ്രവാഹത്തിൽ പെട്ട് നദിയിലെ ജലം പോലെ കഥാപാത്രങ്ങൾ ഒന്നൊന്നായി മറഞ്ഞുപോവുന്നു.

ചൂതുകളിയിലും യുദ്ധത്തിലും ആരും ജയിക്കുന്നില്ല. ഇന്നത്തെ ജയം നാളത്തെ തോൽവിയായിരിക്കും. ആത്യന്തികമായി പരാജയം തന്നെയായിരിക്കും ഫലം. യുദ്ധം എന്ന ഗെയ്മും ഇങ്ങനെയാണ്. യുദ്ധത്തിൽ ആരും ജയിക്കുന്നില്ല. മിലനോട് ചൂതുകളിക്കാൻ നിർബന്ധിക്കുന്ന ആ പൈശാചികശക്തി യുദ്ധവെറിയുടെ അന്യാപദേശ സ്വഭാവവുമുള്ള ഒരു ചെറു ആഖ്യാനമായി കരുതാം. അതുപോലെ പാലം തകർക്കാൻ ഒരുമ്പെട്ട റാഡിസാവിന്‍റെ ശൂലത്തിൽ തറച്ചുള്ള വധശിക്ഷയെ പ്രതീകാത്മകമായി വായിക്കാൻ ചില നിരൂപകർ ശ്രമിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനിറ്റിക്കും ഇസ്ലാമിനും മധ്യേ ശിഥിലീകരിക്കപ്പെട്ട ബോസ്നിയയുടെ ചിത്രമാണ് റാഡിസാവിന്‍റെ കഥയിലൂടെ ആവിഷ്കരിക്കുന്നതെന്ന അവരുടെ നിരീക്ഷണം അതേപടി സ്വീകരിച്ചു കൊള്ളണമെന്നില്ല. റാഡിസാവിന്‍റെ പാലം അട്ടിമറിക്കാനുള്ള നീക്കത്തെ ബോസ്നിയയുമായി ചേർത്തു വയ്ക്കാൻ കഴിയില്ല എന്നതു തന്നെ കാരണം.
നോവലിൽ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന മറ്റൊരു കഥാപാത്രം ലോട്ട് എന്ന യഹൂദ വിധവയാണ്. അവരുടെ ബിസ്നസ് നയചാതുര്യവും നന്മയും സാമർത്ഥ്യവും ഒടുവിൽ അവരെ തുണയ്ക്കുന്നില്ല. അവരുടെ സത്രം നടത്തിപ്പ് ഒടുക്കം പൊട്ടിപ്പൊളിയുന്നു. ഭാഗ്യവിപര്യയം അവരെ ആക്രമിക്കുന്നു. ആസ്ട്രോ ഹംഗേറിയൻ സേനയുടെ ബോസ്നിയൻ ആക്രമണവും യുദ്ധവും ലോട്ടിന്‍റെ ജീവിതം ദയനീയമാക്കിത്തീർക്കുന്നു. ലോട്ടിന്‍റെ കഥയിലൂടെ യുദ്ധത്തിന്‍റെ വിപത്തുകൾ വ്യക്തികളെ എങ്ങനെ നാശത്തിലേക്ക് തള്ളിവിടുന്നു എന്ന് വ്യക്തമാക്കുന്നു. ചൂടേറിയ വേനൽക്കാല രാത്രിയിലെ ഇരുട്ട് മുതലെടുത്ത്, ലോട്ടെയും ഡെബോറയും സാഹ്‌ലറും മീനയും തങ്ങളുടെ കൈവശമുണ്ടായിരുന്ന കുറച്ചു സാധനങ്ങളുമായും, രോഗിയായ കുട്ടിയെ കിടത്തിയ ഉന്തുവണ്ടിയും, പെട്ടികളും കെട്ടുകളുമായി പാലം കടക്കുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതാണ്.. മുപ്പത് വർഷങ്ങൾക്ക് ശേഷം ലോട്ടിന്‍റെ സത്രം ആദ്യമായി പൂർണ്ണമായും അടച്ചിടപ്പെട്ടു. ജിപ്സിയും പട്ടണവിഡ്ഢിയുമായ ഒറ്റക്കണ്ണൻ സാൽകൊ കോർക്കൻ, യുവസൈനികൻ ഫെദൂൺ, മിതവാദിയായ കച്ചവടക്കാരൻ അലിഹോജ മ്യുടവാലി ഒക്കെ ഓർമ്മയിൽ തങ്ങുന്ന കഥാപാത്രങ്ങളാണ്. അലിഹോജയുടെ മരണം പ്രതീകാത്മകമാണ്. തുർക്കി സാമ്രാജ്യത്തിന്‍റെ ബോസ്നിയൻ വാഴ്ചയുടെ അന്ത്യം അലിഹോജയുടെ മരണത്തിലൂടെ സൂചിപ്പിക്കുന്നു.
ജീവിതരേഖ
1961 ൽ ഈവോ ആൻഡ്രീക്കിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകിയ സമിതി ‘ഡ്രീന നദിയിലെ പാലം’ ആഖ്യാനത്തിന്‍റെ കരുത്ത് കൊണ്ട് ഇതിഹാസതുല്യമായ കൃതിയായി വിലയിരുത്തുകയുണ്ടായി. നൊബേൽ സമിതിയുടെ വാക്കുകൾ വായിക്കാം: “ഡ്രീന നദിയിലെ പാലം കിഴക്കിനെയും പടിഞ്ഞാറിനെയും എങ്ങനെയാണോ ഒന്നിപ്പിച്ചത്, അതുപോലെ അങ്ങയുടെ കൃതികളും ഒരു കണ്ണിയായി വർത്തിച്ചുകൊണ്ട് അങ്ങയുടെ രാജ്യത്തെ സംസ്കാരത്തെ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളുമായി സംയോജിപ്പിച്ചു; മികച്ചൊരു എഴുത്തുകാരൻ കൂടിയായ ഒരു നയതന്ത്രജ്ഞന് തികച്ചും അനുയോജ്യമായ ഒരു ദൗത്യമാണിത്.” ജർമ്മനിയിൽ പോയി പഠിച്ച് വരുന്ന യുവാക്കൾ നടത്തുന്ന ബൗദ്ധിക ചർച്ചയെ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. 1914 ൽ ബോസ്നിയൻ സെർബ് വിദ്യാർത്ഥി ഗാവ്റിലൊ പ്രിൻസിപ് സരാജോവയിൽ ആർച്ച് ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാന്‍റിനെ വധിക്കുന്നതോടെ പൊട്ടിപ്പുറപ്പെട്ട സംഭവവികാസങ്ങൾ ഒന്നാം ലോകയുദ്ധമായി വളരുന്നു. ആസ്ട്രിയ സെർബിയയ്ക്കെതിരായി യുദ്ധം പ്രഖ്യാപിക്കുന്നു. യുദ്ധത്തിൽ പാലം ഭാഗികമായി തകരുന്നു. 1914 ൽ ആസ്ട്രോ ഹംഗേറിയൻസ് ഈവോ ആൻഡ്രീക്കിനെ ഫ്രാൻസ് ഫെർഡിനാന്‍റിന്‍റെ വധവുമായി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുന്നു.ആൻഡ്രീക്ക് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. പിന്നീട് ജർമ്മനിയിൽ യൂഗോസ്ലാവിയയുടെ അംബാസഡർ ആയി ആൻഡ്രീക്ക് നിയമിക്കപ്പെടുന്നുണ്ട്. നോവലിന് അവതാരിക എഴുതിയ വില്യം എച്ച് മക്നീൽ,ഇരുപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കൃതികളിൽ ഏറ്റവും ഉൾക്കാഴ്ചയുള്ളതും അഗാധമായ സ്വാധീനം ചെലുത്തുന്നതും മികച്ച ശില്പഭംഗിയുള്ളതുമായ ആഖ്യാനങ്ങളിലൊന്നാണ് ഡ്രീന നദിയിലെ പാലം എന്നു താൻ കരുതുന്നതായും ആൻഡ്രീക് നൊബേൽ പുരസ്കാരത്തിന് ഏറ്റവും അർഹനായ എഴുത്തുകാരനാണെന്നും രേഖപ്പെടുത്തുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മഹത്തായ നോവൽ എഴുതിക്കൊണ്ട് ആൻഡ്രീക്ക് ചരിത്രത്തിന്‍റെ മഹാരഥ്യയിൽ നിന്ന് ഉന്നതസാഹിത്യം സൃഷ്ടിക്കുകയായിരുന്നു.