വ്യഥിത ബാല്യകൗമാരങ്ങൾ

ക്ലാസിക് കഫേ - 6

ബെന്നി ഡൊമിനിക്
        

     അറുപത്തിയാറാം വയസ്സിൽ ഒരു സ്ത്രീ തന്‍റെ ചുറ്റുപാടുകളിൽ നിന്നും അപ്രത്യക്ഷയാകാൻ തീരുമാനിക്കുന്നതിനും താൻ ജീവിച്ച കഴിഞ്ഞ കാലത്തെയാകമാനം റദ്ദ് ചെയ്യുന്നതിനും തുനിയുന്നതിന്‍റെ മന:ശാസ്ത്രം എന്തായിരിക്കാം ? അവർ ആത്മഹത്യ ചെയ്യുന്നതായി എവിടെയും സൂചനയില്ല. മാത്രമല്ല അവളുടെ സ്വഭാവം അറിയുന്നവർക്ക് അങ്ങനെയൊന്ന് ചിന്തിക്കുവാൻ കൂടി കഴിയില്ല. എലീന ഫെറാന്‍റെ ‘എന്‍റെ മിടുക്കിയായ കൂട്ടുകാരി ‘ (My Brilliant Friend) എന്ന നോവലിന് തുടക്കം കുറിക്കുന്നത് ലീലയുടെ (റാഫെല്ല സെറുല്ലോ) തിരോധാനവാർത്ത അവളുടെ മകൻ, ലെനുവിനെ (എലീന ഗ്രെക്കോ ) അറിയിക്കുന്നതോടെയാണ്. അവളുടെ ആത്മസഖിയായിരുന്ന ലെനുവിന് അപ്പോൾ, ഒരു അടയാളം പോലും ശേഷിപ്പിക്കാതെ തനിക്ക് അപ്രത്യക്ഷയാവണം എന്ന്   ലീല മൂന്നു ദശകങ്ങൾക്കു മുമ്പ് പറഞ്ഞ കാര്യം ഓർമ്മ വന്നു. ഇന്ന് ഈ പ്രായത്തിൽ അവൾ ആ ആഗ്രഹം സഫലീകരിച്ചിരിക്കുന്നു! അവർ ഇരുവരുടെയും ഗാഢസൗഹൃദത്തെക്കുറിച്ച് ഒരിക്കലും എഴുതുകയില്ലെന്ന നിശ്ചയം ലെനു അവിടെ വച്ച് തെറ്റിക്കുന്നു. ആ സൗഹൃദത്തിന്‍റെ കഥ പറയുകയാണ് എലീന ഫെറാന്‍റെയുടെ ‘മൈ ബ്രില്യന്‍റ് ഫ്രണ്ട് ‘ എന്ന നോവലിൽ. ഇത് കേവലം സൗഹൃദത്തിന്‍റെ കഥ മാത്രമല്ല. നേപ്പിൾസിലെ ദരിദ്രമായ ഒരു പ്രദേശം പശ്ചാത്തലമാക്കിക്കൊണ്ട്, രണ്ടാം ലോക മഹായുദ്ധാനന്തര ഇറ്റലിയുടെ സാമൂഹിക ജീവിതം ചിത്രീകരിക്കുകയാണ് ഇവിടെ. പ്രത്യക്ഷത്തിൽ,ലീലയുടെയും ലെനുവിന്‍റെയും ബാല്യകൗമാരങ്ങളാണ് നോവലിലെ പ്രതിപാദ്യവിഷയം. എന്നാൽ അതിലുപരി സ്ത്രീയുടെ വ്യക്തിത്വം എങ്ങനെ രൂപപ്പെടുന്നു, അവരുടെ ലോകത്തെ സമൂഹം അധികാരപ്രയോഗം കൊണ്ടും മാമൂലുകളുടെ സമ്മർദ്ദം കൊണ്ടും എങ്ങനെ വരുതിയിലാക്കുന്നു എന്നുമുള്ള സൂക്ഷ്മചിത്രീകരണം ആണ് ആന്തരമായ തലത്തിൽ നടക്കുന്നത്.

ഇത് കേവലം സൗഹൃദത്തിന്‍റെ കഥ മാത്രമല്ല. നേപ്പിൾസിലെ ദരിദ്രമായ ഒരു പ്രദേശം പശ്ചാത്തലമാക്കിക്കൊണ്ട്, രണ്ടാം ലോക മഹായുദ്ധാനന്തര ഇറ്റലിയുടെ സാമൂഹിക ജീവിതം ചിത്രീകരിക്കുകയാണ് ഇവിടെ.

‘ഇതുപോലൊന്ന് ഇതുവരെ എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല ‘ എന്ന ദ് ഗാർഡിയന്‍റെ അസാധാരണമായ വിശേഷണം വായിച്ചുകൊണ്ടാണ് എലീന ഫെറാന്‍റെയുടെ നോവൽ വായിക്കാനെടുത്തത്. അത്തരമൊരു വാക്യം ഒരു സാഹിത്യകുതുകിയെ എത്രമാത്രം ആശിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ‘ദ് ഗാർഡിയ‘ന്‍റെ അവകാശവാദത്തിൽ അതിശയോക്തി ഉണ്ടെന്ന് നോവലിന്‍റെ അവസാന പുറമെത്തി നിൽക്കുമ്പോൾ മനസ്സിലായി. കഥാവസ്തുവിന്‍റെ അസാധാരണത കൊണ്ടോ, ആവിഷ്കാരത്തിന്‍റെ മാന്ത്രികത കൊണ്ടോ ആയിരിക്കില്ല ആ നിരൂപകൻ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേർന്നത്. ഒരു പക്ഷേ, ഫെറാന്‍റെയുടെ കഥപറച്ചിലിന്‍റെ സ്വാഭാവികത കൊണ്ടും നായികമാരുടെ ബാല്യകൗമാരങ്ങളുടെ ചിത്രീകരണത്തിലുള്ള കണിശതകൊണ്ടും ആയിരിക്കാം ഇത്തരമൊരു അതിപ്രശംസ നൽകിയതെന്ന് ഊഹിക്കുന്നു. ആ രണ്ട് പെൺസൗഹൃദത്തിന്‍റെയും അതിസൂക്ഷ്മമായ ജീവിതാവേഗത്തിന്‍റെയും സത്യസന്ധവും നിറം പിടിപ്പിക്കാത്തതുമായ അവതരണമേന്മയാൽ നോവലിലെ ആഖ്യാനം വ്യതിരിക്തമായിത്തീരുന്നുണ്ട്. കണ്ണഞ്ചിപ്പിക്കുന്നതായ യാതൊന്നും നോവലിലില്ല. എന്നാൽ ദരിദ്രവും, പുരുഷാധികാര കേന്ദ്രിതവുമായ ഒരു സമൂഹത്തിൽ പെൺബാല്യവും കൗമാരവും എങ്ങനെ ‘ആയിത്തീരുന്നു‘ (becoming) എന്ന് അകൃത്രിമമായ വിധം രേഖപ്പെടുത്താൻ എലീന ഫെറാന്‍റെയ്ക്ക് കഴിയുന്നുണ്ട്.

ഒരു പിതൃ അധികാര വ്യവസ്ഥയിൽ പെൺകുട്ടികളുടെ അന്തസ്സ്, ജീവിതാഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ത്വര എന്നിവ നിലനിൽക്കുന്ന സാമൂഹികഘടനയുമായി കൂട്ടിയുരസ്സി ഏതെല്ലാം വിധത്തിൽ സംഘർഷപൂർണ്ണമായിത്തീരുന്നു, അഥവാ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രാതികൂല്യങ്ങളുടെ മുള്ളുകൾക്കിടയിൽപ്പെട്ട് എങ്ങനെ ഞെരിഞ്ഞമരുന്നു എന്ന് വ്യക്തമാക്കുകയാണ് ഈ നോവലിൽ ചെയ്യുന്നത്.

       2011ൽ ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ, ഇറ്റലിയിലെ നഗരമായ നേപ്പിൾസിൽ ജനിച്ചു വളർന്ന്, തങ്ങളുടെ വിദ്യാഭ്യാസവും സാമൂഹിക ജീവിതവും കെട്ടിപ്പടുക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതരേഖയെന്ന നിലയിൽ ശ്രദ്ധേയമായ രചനയാണ്.’നിയപ്പൊളിറ്റൻ ക്വാർട്ടറ്റ് ‘ എന്ന നോവൽ ചതുഷ്ടകത്തിലെ ആദ്യകൃതിയാണ് My Brilliant Friend. ദ് സ്‌റ്റോറി ഓഫ് എ ന്യൂ നെയിം, ദോസ് ഹു ലീവ് ആൻഡ് ദോസ് ഹു സ്‌റ്റേ, ദ് സ്‌റ്റോറി ഓഫ് ദ ലോസ്റ്റ് ചൈൽഡ് എന്നിവയാണ് മറ്റു നോവലുകൾ. ഒരു  പിതൃ അധികാര വ്യവസ്ഥയിൽ പെൺകുട്ടികളുടെ അന്തസ്സ്, ജീവിതാഭിലാഷങ്ങൾ  പൂർത്തീകരിക്കുന്നതിനുള്ള ത്വര എന്നിവ  നിലനിൽക്കുന്ന സാമൂഹികഘടനയുമായി കൂട്ടിയുരസ്സി  ഏതെല്ലാം വിധത്തിൽ സംഘർഷപൂർണ്ണമായിത്തീരുന്നു,  അഥവാ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രാതികൂല്യങ്ങളുടെ മുള്ളുകൾക്കിടയിൽപ്പെട്ട് എങ്ങനെ ഞെരിഞ്ഞമരുന്നു എന്ന്  വ്യക്തമാക്കുകയാണ് ഈ നോവലിൽ ചെയ്യുന്നത്.

   ലീലയുടെയും ലെനുവിന്റെയും സൗഹൃദത്തിലും പരസ്പരസ്നേഹത്തിലും വിശ്വാസത്തിലും പോറലുകൾ വീഴാതെ പോവുന്നില്ല. ആദർശാത്മകമായ ഒരു സ്നേഹബന്ധത്തെയല്ല ഇവിടെ ചിത്രീകരിക്കുന്നത്. ഗാഢസൗഹൃദത്തിലും തല പൊക്കുന്ന അസൂയയും മത്സരബുദ്ധിയും രേഖപ്പെടുത്താതെ പോവുന്നില്ല. ലീലയുടെ അസാധാരണമായ ബുദ്ധിശക്തിയും പ്രതിഭയും തനിക്കില്ലല്ലോ എന്ന അസൂയ കലർന്ന ചിന്ത ലെനുവിനുണ്ട്. അതേസമയം കഠിനാധ്വാനം കൊണ്ട് അവൾ തന്‍റെ പരിമിതികളെ അതിവർത്തിക്കുന്നുമുണ്ട്. വ്യക്തിത്വരൂപീകരണത്തിന്റെ പാതയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഇടർച്ചകൾ മറച്ചുവയ്ക്കാതെ ആ സുഹൃദ്ബന്ധം കൂടുതൽ വിശ്വാസയോഗ്യമാക്കിത്തീർക്കുന്നുണ്ട്. ഇത്തരം ചില വിപരീതോർജ്ജങ്ങളുടെ പ്രതിപ്രവർത്തനത്തിലൂടെയാണ് വ്യക്തിത്വവികാസം സംഭവിക്കുന്നതെന്ന് നമുക്കറിയാം.ലെനു എഴുതിയ പ്രബന്ധത്തിൽ ‘If love is exiled from cities, their good nature becomes an evil nature’ എന്നൊരു വാക്യം കണ്ട് പ്രഫെസ്സർ ഗലിയാനി അത്ഭുതപ്പെടുന്നു.എന്താണ് ഈ വാക്യം കൊണ്ടുദ്ദേശിച്ചത് എന്ന പ്രഫെസ്സറുടെ ചോദ്യത്തിന് ‘സന്തോഷം നിഷേധിക്കപ്പെട്ട ഒരു ജനത‘യെക്കുറിച്ചാണ് എഴുതിയത് എന്നാണ് ലെനു നൽകിയ മറുപടി. അതിനുദാഹരണമായി അവൾ പറയുന്നത് ” Italy under Fascism, Germany under Fascism,all of our human beings in the world today ” എന്നാണ്. ഒരു സാധാരണ ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് അന്യമായ ചിന്തയുടെ വിദ്യുത്പ്രവാഹമാണ് പ്രഫെസ്സർക്ക് അനുഭവപ്പെട്ടത്. എന്നാൽ അവൾക്ക് ഈ ആശയം ആദ്യമായി കിട്ടിയത് മിഡിൽ സ്കൂളിൽ പോലും പഠിക്കാൻ കഴിയാതെ പോയ ലീലയിൽ നിന്നാണ്. ലെനുവിന്റെ വാക്കുകൾ അത് വ്യക്തമാക്കുന്നു: "And that idea of the city without love, which the teachers had liked so much, hadn't it come to me from Lila, even if I had developed it, with my own ability? What should I deduce from this? "P. 189. ലീലയുടെ അസാധാരണമായ ബുദ്ധിശക്തിയും പുസ്തകസ്നേഹവും നോവലിൽ സൂചിപ്പിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയാത്ത സമൂഹത്തെക്കുറിച്ചും അവരുടെ മേലുള്ള സാമൂഹിക നിയന്ത്രണത്തെക്കുറിച്ചും ഫെറാന്റെയുടെ സാമൂഹികവിമർശം ഇവിടെ വായിച്ചെടുക്കാവുന്നതാണ്.

    എലീന ഗ്രെക്കോ (ലെനു) എഴുത്തുകാരിയുടെ ആത്മസ്പർശമുള്ള ഒരു കഥാപാത്രമാണ്.ഒരു എഴുത്തുകാരിയായിത്തീരുക എന്നതാണ് അവളുടെ മോഹം. ജീവിതാഭിലാഷങ്ങൾ സഫലീകരിക്കുന്നതിനുള്ള പരിമിതികളാണ് ലീലയുടെയും ലെനുവിന്‍റെയും കുടുംബാന്തരീക്ഷത്തിലുള്ളത്. ഇലമെന്‍ററി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് മിഡിൽ സ്കൂളിൽ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ ലീലയെ അവളുടെ അപ്പൻ ജനാലയിലൂടെ പുറത്തേക്ക് എടുത്തെറിയുന്നുണ്ട്. ലീലയെപ്പോലെ പ്രതിഭയുള്ള ഒരു കുട്ടിക്ക് ആഗ്രഹിക്കും മട്ടിൽ വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. ചെരുപ്പുകുത്തിയായ അയാൾക്ക് സാധിക്കുന്ന കാര്യമല്ല അതൊന്നും. അതിനാൽ അയാളുടെ പെരുമാറ്റം വ്യക്തിത്വ വൈകല്യത്തിന്‍റെ ഫലമാണെന്നു പറഞ്ഞു കൂടാ. അത് ഒരു സാമൂഹ്യവ്യവസ്ഥയുടെ പരിമിതികളാണ്.ആ വ്യവസ്ഥിതിയുടെ ന്യൂനതകളെക്കുറിച്ച് ഫെറാന്‍റെയുടെ നോവലിൽ ഉറക്കെ (loud) പറയുന്നില്ല. എന്നാൽ പെൺകുട്ടികൾ വളരുന്ന സാഹചര്യം വിവരിക്കുന്നിടത്ത് അതെല്ലാം സൂക്ഷ്മതമമായി ഇഴ ചേർക്കുന്നുണ്ട്. 

    ലീലയുടെ സ്വഭാവത്തിൽ രൂഢമൂലമായ കലഹബുദ്ധി അവൾ ജീവിക്കുന്ന സമൂഹത്തിന്‍റെ നടപ്പുരീതികളോടുള്ള കലഹം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഒരടയാളം പോലും ശേഷിപ്പിക്കാതെ ചുറ്റുപാടുകളിൽ നിന്നും അപ്രത്യക്ഷയാകാനുള്ള വെമ്പൽ അവളുടെ സ്വഭാവവുമായി എങ്ങനെ പൊരുത്തപ്പെടും എന്ന ചോദ്യത്തിന് വകയുണ്ട് .  അതിനാൽ ഈ പിന്നാക്കം പോവൽ നോവലിൽ ചിത്രീകരിക്കുന്ന തന്റേടിയായ ലീലയുടെ വ്യക്തിത്വത്തോടു വിഘടിച്ചു നിൽക്കുന്നു എന്നു പറയാതെ വയ്യ. ഒളിച്ചോടുന്ന പ്രകൃതക്കാരിയായി ലീല നോവലിൽ മറ്റൊരിടത്തും പ്രത്യക്ഷപ്പെടുന്നില്ല. ലീലയുടെ പ്രകൃതം അതല്ല. ഇക്കാര്യത്തിൽ എഴുത്തുകാരി സൂക്ഷ്മത കാണിക്കുന്നതായി തോന്നുന്നില്ല.

  കുട്ടികൾ എങ്ങനെ ജീവിക്കുന്നു, ഏത് സാഹചര്യത്തിൽ വളരുന്നു എന്നത് ഒരു സമൂഹത്തിന്‍റെ ആരോഗ്യകരമായ ജീവനത്തിന്‍റെ സൂക്ഷ്മാങ്കനം (micrometry) രേഖപ്പെടുത്തുന്ന മൈക്രോമീറ്റർ ആണ്. അതിനാൽ കുട്ടികളുടെ ജീവിതം ആവിഷ്കരിക്കുക എന്നാൽ ഒരു സമൂഹത്തിന്‍റെ ജീവിതം രേഖപ്പെടുത്തുക എന്നാണ്.

     സാഹിത്യകൃതികളിൽ നമ്മൾ വായിക്കുന്ന ജീവിതം നമുക്ക് വെറും കഥകളാണ് എന്നാൽ കഥ പറയാനായി മാത്രം ആരും സാഹിത്യമെഴുതുന്നില്ല. വലിയ എഴുത്തുകാരുടെ കൃതികളിൽ മനുഷ്യജീവിതമാണ് ജീവൻ വച്ച് പിടഞ്ഞെണീക്കുന്നത്. പുറമേയ്ക്ക് നോക്കുമ്പോൾ വലിയ സംഭവവികാസങ്ങളൊന്നുമില്ലാത്ത നിത്യജീവിതത്തിലെ സർവ്വസാധാരണ നിമിഷങ്ങളാണ് നോവലിൽ വിവരിക്കുന്നതെന്നു തോന്നാം. ആ തോന്നലിൽ കുറെയൊക്കെ സത്യവുമുണ്ട്. എന്നാൽ അതിനിടയിൽക്കൂടി പെൺജീവിതത്തിന്‍റെ വളർച്ചയും വിളർച്ചയും കലാപരമായി അവതരിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. പെൺകുട്ടിയുടെ / സ്ത്രീയുടെ വ്യക്തിത്വം എങ്ങനെ രൂപപ്പെടുന്നുവെന്നും ഏതെല്ലാം പടവുകളിൽ അവർ കുതിച്ചും കിതച്ചും സഞ്ചരിക്കുന്നുവെന്നും വളരെ സ്വാഭാവികമായി അടയാളപ്പെടുത്താൻ കഴിയുന്നു എന്നത് ഈ നോവലിന്‍റെ മേന്മയാണ്. പ്രതിഭാശാലികളായ എഴുത്തുകാരുടെ കൃതികൾ വായിക്കുമ്പോൾ,ആ കൃതികളിൽ ആമഗ്നമാവുന്ന അതേയവസരത്തിൽ, അവയുണർത്തുന്ന അനുരണനങ്ങൾ അവിടം കൊണ്ടവസാനിക്കുന്നില്ല. വ്യത്യസ്ത കാലഘട്ടങ്ങളിലും സാമൂഹികസന്ദർഭങ്ങളിലും രചിക്കപ്പെട്ടിട്ടുള്ള ഗംഭീര കൃതികൾ നിക്ഷേപിച്ച ഓർമ്മകളുടെ സഞ്ചയം മനസ്സിന്റെ മറ്റൊരു പ്രതലത്തിൽ വന്നു നിറയുന്നതായി അനുഭവപ്പെടാതെ തരമില്ല. അപ്പോൾ നാം വായിച്ചു കൊണ്ടിരിക്കുന്ന കൃതിയിൽ നിന്ന് തെന്നിമാറി സമാനസ്വഭാവമുള്ള ജീവിതചിത്രീകരണങ്ങളുടെ നാൽക്കൂട്ടപ്പെരുവഴിയിൽ എത്തിപ്പെടുന്നതായി അറിയും.

ഇന്നലെകളില്ലാത്ത ബാല്യം    
     വായന ശീലമാക്കിയവർക്ക് ഒരു കൃതിയെ ഒറ്റയ്ക്കു നിറുത്തി വായിച്ച് തൃപ്തിയടയാനാവില്ല. വായനയ്ക്കിടയിൽ, ആവശ്യത്തിനും അനാവശ്യത്തിനും അയാൾ വായിച്ച ഇതര കൃതികളിലെ സമാനസാഹചര്യങ്ങളും പ്രശ്നപരിസരങ്ങളും കൂടിക്കലരുന്ന സ്ഥിതിവിശേഷം ഉണ്ടാവാനാണ് സാധ്യത.ലീലയുടെയും ലെനുവിന്‍റെയും ബാല്യകൗമാരങ്ങളിലൂടെ കടന്നുപോവുമ്പോൾ യൂജിൻ സ്യൂവിന്‍റെ (Eugene Sue) ദ് മിസ്റ്ററീസ് ഓഫ് പാരീസ് എന്ന എപ്പിക് നോവലിലെ ഫ്ലോർ ദെ മേരിയെയും (Fleur de Marie )വിക്തോർ ഹ്യൂഗൊവിന്റെ ലെസ് മിസറെബ്ൾസിലെ കൊസത്ത് എന്ന ബാലികയെയും ദസ്തയെവ്‌സ്കിയുടെ നെല്ലി, നസ്താസ്യ ഫിലിപ്പോവ്ന, സൊന്യ, ഇലൂഷ എന്നീ കുട്ടികളെയും തോമസ് ഹാർഡിയുടെ ‘ടെസ്‘നെയും കാസുവൊ ഇഷിഗുറൊയുടെ ‘നെവർ ലെറ്റ് മീ ഗോ’ എന്ന നോവലിലെ കാത്തിയെയും ഓർമ്മിക്കാതിരിക്കാനാവില്ല. കുട്ടികളെക്കുറിച്ചെഴുതുമ്പോൾ അതിശയിപ്പിക്കുന്ന ഉൾക്കാഴ്ചയും ജീവിതാവബോധവും പ്രദർശിപ്പിക്കുന്ന ദസ്തയെവ്സ്കിയെക്കുറിച്ച് ആലോചിക്കാതെ ഒരു നിമിഷം പോലും കടന്നു പോവാനാവില്ല. ഇവരുടെ രചനകൾ വ്യത്യസ്ത കാലയളവുകളിലാണ് സാക്ഷാത്കരിക്കപ്പെട്ടിട്ടുള്ളതെങ്കിലും ആ കഥാപാത്രങ്ങൾ ജീവിച്ച ലോകം ഒന്നിനൊന്നു വിഭിന്നമായിരുന്നെങ്കിലും അവയെയെല്ലാം കൂട്ടിയിണക്കുന്ന ഒരു തന്തു അവയ്ക്കിടയിലുണ്ടെന്ന കാര്യം നിഷേധിക്കാവുന്നതല്ല. അത് അവർ അനുഭവിച്ച വ്യഥകളുടേതായിരുന്നു.
    ബാല്യം സ്നേഹവും അംഗീകാരവും അതിയായി ആഗ്രഹിക്കുന്നു. സ്നേഹിക്കപ്പെടുക എന്നത് ഓരോ കുട്ടിയുടെയും അവകാശമാണ്. എന്നാൽ ബാല്യകൗമാരങ്ങളിലാണ് കുട്ടികൾ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നത്. സ്നേഹമില്ലായ്മ അവരിലേൽപ്പിക്കുന്ന മുറിവ് ഒരിക്കലും ഭേദമാകുന്നതല്ല. കുട്ടികൾക്ക് ആത്മാഭിമാനമുണ്ട്. മുതിർന്നവർക്കു മാത്രമല്ല അഭിമാനം ഉള്ളത്. നിഷ്കളങ്കതയാണ് കുട്ടികളുടെ സ്വഭാവത്തിലെ ഏറ്റവും വലിയ സവിശേഷത. അനുഭവങ്ങൾക്ക് അത്ര എളുപ്പം അവരുടെ മനസ്സിനെ കളങ്കപ്പെടുത്താനാവില്ല. അവർ വർത്തമാനകാലത്ത് ജീവിക്കുന്നു. അവർക്ക് ഇന്നലെകളില്ല. ഇന്നലെ എന്ന വാക്കിന്‍റെ അർത്ഥം അവരുടെ നിഘണ്ടുവിലില്ല. ഇന്നിന്‍റെ ഓരോ നിമിഷവും ആനന്ദപൂർണ്ണമാക്കുന്നതിലാണ് അവരുടെ ജീവിതമിരിക്കുന്നത്. അതിനാൽത്തന്നെ അവരുടെ പിണക്കങ്ങൾക്ക് ആയുസ്സ് കുറവാണ്. പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന പ്രകൃതമാണവർക്ക്.

ബാലമനസ്സിന്‍റെ സങ്കീർണ്ണതകളെക്കുറിച്ച് ദസ്തയെവ്സ്കിയോളം ആഴത്തിൽ മനസ്സിലാക്കിയ എഴുത്തുകാർ വിരളമാണ്.

     നിഷ്കളങ്കമായ ബാല്യത്തിന് പലപ്പോഴും ക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്നു. സാമൂഹ്യ വ്യവസ്ഥയുടെ അനീതികൾ മാത്രമല്ല, കുടുംബത്തിലെ അവഗണനയും അധികാരപ്രവണതയും ദാരിദ്ര്യവും പ്രദാനം ചെയ്യുന്ന അരക്ഷിതത്വം കുട്ടികൾ അനുഭവിക്കുന്ന മഹാസങ്കടങ്ങളാണ്. ഇവരിൽ പെൺകുട്ടികളാണ് ഈ സാമൂഹ്യതിന്മയുടെ ആഘാതം കൂടുതലേറ്റു വാങ്ങാൻ വിധിക്കപ്പെട്ടവർ.  സ്നേഹവും പരിലാളനയും സുരക്ഷിതത്വവും വേണ്ടത്ര ലഭിക്കുന്നില്ല എന്നതിനപ്പുറം ഏറ്റവും ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ ഇവരിൽ പലരും കടന്നുപോവുന്നു. സമപ്രായക്കാരായ പെൺകുട്ടികൾ കളികളിലും വിനോദങ്ങളിലും ഏർപ്പെട്ട് സന്തോഷിക്കുന്നത് ദൂരെ നിന്ന് നോക്കിക്കണ്ട് കൊതിയൂറാൻ മാത്രം വിധിക്കപ്പെട്ട കൊസത്തുമാരും ഫ്ലോർ ദെ മേരിമാരും സാഹിത്യത്തിന്റെ ഇടനാഴികളിൽ മാത്രമല്ല, നമ്മുടെ നഗരങ്ങളിലും  ചേരികളിലും ഉണ്ട്.അവരെ നമുക്ക് കണ്ടെത്താൻ പ്രയാസമില്ല. കുടുംബത്തിലെ സ്വാർത്ഥതയും വൈകാരിക ഭദ്രതയില്ലായ്മയും ഒരു പെൺകുട്ടിയുടെ ജീവിതം എത്രമേൽ യാതനാനിർഭരമാക്കിത്തീർക്കുമെന്ന് ദസ്തയെവ്‌സ്കിയുടെ നിന്ദിതരും പീഡിതരും എന്ന നോവലിലെ നെല്ലി എന്ന ബാലിക ഉദാഹരിക്കുന്നു. കുടുംബം എന്ന സ്ഥാപനം എങ്ങനെ പീഡനോപാധിയായി മാറുന്നു എന്നു കാണിച്ചു തരികയാണ് ദസ്തോവിനെപ്പോലുള്ള മഹാന്മാരായ സാഹിത്യകാരന്മാർ. പിടയുന്ന ബാല്യത്തിന്‍റെ നിശ്ശബ്ദമായ നിലവിളികളാണ് ഈ മഹാരഥന്മാരുടെ കൃതികളിൽ നിന്നുയരുന്നത്. നാം ജീവിക്കുന്ന ഇന്നത്തെ ലോകത്ത്,ശരീരം വിൽക്കേണ്ടി വരുന്ന ബാലികമാരും ബാലവേലയെടുക്കുന്നവരും എത്രയോ ഉണ്ട്. അവർ നമ്മെ അസ്വസ്ഥരാക്കുമെങ്കിലും  സാഹിത്യകൃതികളിൽ അവരുടെ ജീവിതം അവതരിപ്പിക്കുന്നതു വായിക്കുമ്പോൾ ആ സാമൂഹ്യതിന്മകൾ നമ്മുടെ ഹൃദയങ്ങളെ മഥിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യും. സാഹിത്യം മനുഷ്യന്റെ മന:സാക്ഷിയോടാണ് സംവദിക്കുന്നത്  എന്നതിനാലാണിത് സംഭവിക്കുന്നത്.

ബാലമനസ്സ്
      ബാലമനസ്സിന്‍റെ സങ്കീർണ്ണതകളെക്കുറിച്ച് ദസ്തയെവ്സ്കിയോളം ആഴത്തിൽ മനസ്സിലാക്കിയ എഴുത്തുകാർ വിരളമാണ്. ഇലൂഷ എന്ന ദരിദ്രബാലൻ സഹപാഠികളുടെ പരിഹാസത്തിനും അപമാനനത്തിനും വിധേയമാകുന്ന ഒരു രംഗം ദസ്തോവിന്റെ കാരമസോവ് സഹോദരന്മാരിൽ വിവരിക്കുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാമൂഹ്യവ്യവസ്ഥിതിയിൽ നടമാടിയിരുന്ന തിന്മകളുടെ ഒരു പരിച്ഛേദമായിരുന്നു ദസ്തോവിന്‍റെ നോവലുകളിലെ കുടുംബങ്ങൾ.

 നിസ്വനും പങ്കപ്പാടുകൾ അനുഭവിക്കുന്നവനുമായ ക്യാപ്റ്റൻ സ്നെഗിറിയോവിനെ സ്കൂൾ കുട്ടികൾ കുറ്റിച്ചൂൽ എന്നു വിളിച്ച് പരിഹസിച്ചപ്പോൾ അയാളുടെ മകൻ ഇലൂഷ അവരോട് വീറോടെ പൊരുതുന്ന കാഴ്ച നമ്മെ  മുറിപ്പെടുത്തും.അഭിമാനിയായ അവൻ കാളിയൊ ക്രസോട്സ്കിനെ  പേനാക്കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നു. അതു ചെയ്തതിലുള്ള ബാലമനസ്സിന്റെ കുറ്റബോധം അവനെ രോഗിയാക്കിത്തീർക്കുന്നു. ഇലൂഷയുടെ രോഗവും മരണവും നോവലിൽ വിവരിക്കുന്നത് ഏതൊരാളുടെയും ഹൃദയത്തെ വ്രണപ്പെടുത്തും. കോളിയയും ഇലൂഷയും ബാല്യത്തിന്റെ രണ്ട് വ്യത്യസ്ത മാതൃകകളാണ്.

അഗതികൾ, അനാഥർ
    ദസ്തോവിന്‍റെ കുട്ടികൾ പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാമൂഹികവ്യവസ്ഥയുടെ ക്രൂരതകൾക്ക് ഇരകളായിട്ടുള്ളവരാണ്. സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിലെ തിന്മകളും കുടുംബത്തിനുള്ളിലെ സ്വാർത്ഥതയും അനീതികളും മറ്റാരെക്കാളുമധികമായി നേരിട്ടു ബാധിക്കുന്നത് കുട്ടികളിലാണ്. ദാരിദ്ര്യവും അവഗണനയും മാത്രമല്ല, ശാരീരികവും മാനസ്സികവുമായ ഒട്ടേറെ തൊന്തരവുകളിലൂടെ കടന്നു പോവാൻ അവർ വിധിക്കപ്പെടുന്നു. പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെടുന്നു. കുറ്റവും ശിക്ഷയും (Crime and Punishment) എന്ന നോവലിലെ സൊന്യ എന്ന കൗമാരപ്രായക്കാരിയെ ആർക്കാണ് മറക്കാൻ കഴിയുക? കുടുംബത്തിലെ പട്ടിണിയും അമ്മയുടെ നിത്യരോഗവും അവളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്നു. ശരീരം വിൽക്കാൽ നിർബന്ധിതയായപ്പൊഴും അവളുടെയുള്ളിൽ ആത്മീയമായ കരുത്തും സ്നേഹവും കാരുണ്യവും നിക്ഷേപിക്കാൻ ദസ്തയെവ്സ്കി മറന്നില്ല. കുട്ടികളുടെ ദു:സ്ഥിതിക്ക് മുതിർന്നവരുടെ പങ്കിനെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്  ദസ്തയെവ്‌സ്‌കി ചെയ്യുന്നത്. ദ് ഇഡിയറ്റ് (The Idiot)എന്ന നോവലിലെ നസ്താസ്യ ഫിലിപ്പോവ്നയുടെ ബാല്യത്തിലെ തിക്താനുഭവങ്ങൾ അവളുടെ വ്യക്തിത്വത്തെ എത്രമേൽ ദോഷകരമായി ബാധിച്ചു എന്നോർക്കുക. ബാല്യത്തിൽത്തന്നെ ഉപേക്ഷിക്കപ്പെടലിന്‍റെയും വഞ്ചനയുടെയും കയ്പറിഞ്ഞവളാണ് നിന്ദിതരും പീഡിതരും (The Insulted and Injured)എന്ന നോവലിലെ അനാഥബാലികയായ നെല്ലി. ഇറ്റു സ്നേഹത്തിന് അവൾ അതിയായി ആഗ്രഹിക്കുന്നു. കുട്ടികളെ സംരക്ഷിക്കേണ്ടവർ അവരെ ഉപേക്ഷിച്ചു പോവുമ്പോൾ അവരുടെ ജീവിതം എന്താവും എന്ന ചോദ്യമാണ് ദസ്തയെവ്‌സ്കി ഉയർത്തുന്നത്.

കണ്ണഞ്ചിപ്പിക്കുന്നതായ യാതൊന്നും നോവലിലില്ല. എന്നാൽ ദരിദ്രവും, പുരുഷാധികാര കേന്ദ്രിതവുമായ ഒരു സമൂഹത്തിൽ പെൺബാല്യവും കൗമാരവും എങ്ങനെ ‘ആയിത്തീരുന്നു‘ (becoming) എന്ന് അകൃത്രിമമായ വിധം രേഖപ്പെടുത്താൻ എലീന ഫെറാന്‍റെയ്ക്ക് കഴിയുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാമൂഹ്യവ്യവസ്ഥിതിയിൽ നടമാടിയിരുന്ന തിന്മകളുടെ ഒരു പരിച്ഛേദമായിരുന്നു ദസ്തോവിന്‍റെ നോവലുകളിലെ കുടുംബങ്ങൾ. ഇതേ നൂറ്റാണ്ടിൽത്തന്നെയുള്ള ഫ്രഞ്ചു സമൂഹത്തിലെ അധോലോക സംസ്കാരവും ദാരിദ്ര്യവും കുറ്റകൃത്യങ്ങളുമാണ് യൂജിൻ സ്യൂവിന്‍റെ യും വിക്തോർ ഹ്യൂഗൊയുടെയും നോവലുകളിൽ വിവരിക്കുന്നത്. പാരീസ് നഗരത്തിലെ അധോലോകത്തിന്‍റെ ലൈംഗിക ചൂഷണത്തിനും അപമാനനത്തിനും വിധേയയാകേണ്ടിവരുന്ന ഫ്ലോർ ദെ മേരിയെപ്പോലുള്ളവരുടെ ബാല്യത്തെ യൂജിൻ സ്യൂ വിവരിക്കുന്നു.   പാവങ്ങളിൽ, കൊസത്ത് എന്ന ബാലിക തെനാർഡിയർ കുടുംബത്തിൽ നിന്ന് നേരിടുന്ന പീഡനങ്ങൾ വിവരിക്കുന്നു. അവളേക്കാൾ വലുപ്പമുള്ള ബക്കറ്റിൽ ദൂരെ നിന്ന് വെള്ളവുമായി ഏന്തിയേന്തി വരുന്ന കൊസത്തിനെ കണ്ട് നാം നടുങ്ങുന്നു. ഇരുട്ടിൽ പിന്നിൽ നിന്ന് ഴാങ് വൽ ഴാങ് ആ ബക്കറ്റിൽ പിടി മുറുക്കുമ്പോൾ അവൾക്ക് ഞെട്ടലല്ല ഉണ്ടായത്, ഭാരം ചുമക്കുന്നതിൽ നിന്ന് തത്കാലം മോചനം കിട്ടിയല്ലോ എന്ന ആശ്വാസമാണുണ്ടായത് എന്ന് ഹ്യൂഗൊ എഴുതുമ്പോൾ നാം നിരുദ്ധകണ്‌ഠരാവും.

   യൂജിൻ സ്യൂവിന്‍റെയും ദസ്തയെവ്സ്കിയുടെയും വിക്തോർ ഹ്യൂഗൊവിന്‍റെയും നോവലുകളിൽ അവതീർണ്ണമായ കാലത്തിൽ നിന്ന് വ്യത്യസ്തമായ ഒരു കാലത്തിന്‍റെ മഹാസങ്കടങ്ങളെയാണ് കാസുവൊ ഇഷിഗുറൊ (Kzuvo Ishiguro ) അവതരിപ്പിക്കുന്നത്. ആധുനിക ലോകത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യകളും സൃഷ്ടിക്കുന്ന  സങ്കീർണ്ണതകളും തൽഫലമായുണ്ടാവുന്ന മഹാസങ്കടങ്ങളെയും കുറിച്ചാണ് ഇഷിഗുറൊ എഴുതുന്നത്. മനുഷ്യർക്ക് അവയവദാനത്തിനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ക്ലോണു(clone)കളാണ് കാത്തിയും റൂത്തും ടോമിയും മറ്റും. ഒരു ഡിസ്ടോപിയൻ സമൂഹത്തിൽ തന്മ (identity)നഷ്ടപ്പെട്ട് തങ്ങൾക്കുവേണ്ടിയല്ലാതെ മറ്റാർക്കോ വേണ്ടി ജീവിക്കാൻ വിധിക്കപ്പെട്ട കുഞ്ഞുങ്ങൾ വളരുന്ന ഒരു ലോകക്രമത്തെപ്പറ്റിയാണ് ഇഷിഗുറൊ എഴുതുന്നത്.

      കുട്ടികൾ എങ്ങനെ ജീവിക്കുന്നു,ഏത് സാഹചര്യത്തിൽ വളരുന്നു എന്നത് ഒരു സമൂഹത്തിന്‍റെ ആരോഗ്യകരമായ ജീവനത്തിന്‍റെ സൂക്ഷ്മാങ്കനം (micrometry) രേഖപ്പെടുത്തുന്ന മൈക്രോമീറ്റർ ആണ്. അതിനാൽ കുട്ടികളുടെ ജീവിതം ആവിഷ്കരിക്കുക എന്നാൽ ഒരു സമൂഹത്തിന്‍റെ ജീവിതം രേഖപ്പെടുത്തുക എന്നാണ്. My Brilliant Friend എന്ന നോവൽ പാരായണം ഈയൊരു വിഷയത്തിന്‍റെ അതിരുകൾ( parameters) വിപുലമാക്കുന്നതിന് സഹായകമാവുകയും അതുമായി ബന്ധപ്പെട്ട ഓർമ്മകളെ ആവഹിക്കുന്നതിനും അവയെ പുത്തൻ പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണുന്നതിന് പ്രേരകമാവുകയും ചെയ്തു എന്നതാണ് പരമാർത്ഥം. മഹത്തായ സാഹിത്യകൃതികളുടെ നിയോഗവും അതു തന്നെയാണ്.

 എലീന ഫെറാന്‍റെ എന്ന പേര് തൂലികാനാമമാണ്. യഥാർത്ഥ പേര് അജ്ഞാതമായി തുടരുന്നു. ഫെറാന്‍റെ ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ചു. My Brilliant Friend ഇംഗ്ലിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആൻ ഗോൾഡ്സ്റ്റീൻ ആണ്.


Comments
* The email will not be published on the website.