
ഓപ്പണ്‍ ഫോറം
എസ്.ജോസഫ്
കാലത്തെ നിർവചിക്കുക പ്രയാസമാണ്. പഴയതും പുതിയതും എല്ലാം ഇടകലർന്നതാണ് ഇന്നത്തെ കാലവും. മനുഷ്യർ തന്നെ വ്യത്യസ്ത കാലങ്ങളിൽ ജീവിക്കുന്നവരാണ്. വ്യത്യസ്ത ചിന്താഗതികളും താല്പര്യങ്ങളും ഉള്ളവരാണ്. അവരുടെ ഭാവനാലോകങ്ങളും ചിന്താലോകങ്ങളും വേറേ വേറേയാണ്. അങ്ങനെയുള്ള മനുഷ്യർ പലതരം വായനക്കാരാണല്ലോ. അവർക്ക് പറ്റിയ കവിതകൾ ഓരോരുത്തരും എഴുതുന്നുണ്ടെന്നാണ് തോന്നുന്നത്. കവിതയിലെ രാഷ്ട്രീയ പ്രതികരണത്തിന്‍റെ ഏകമുഖമെന്ന ഒന്ന് വ്യക്തമായിട്ടും നമ്മുടെ ഭാഷയിൽ ഇപ്പോൾ ഇല്ല; പരമാധികാരത്തിന്‍റെയും ഗവൺമെൻ്റാലിറ്റിയുടേയും തലങ്ങൾ നമ്മൾ കാണുന്നുണ്ടെങ്കിലും. ലോക കവിതയിൽ സംഭവിക്കുന്നതൊക്കെ മലയാള കവിതയിലും ചെറിയ തോതിലെങ്കിലും സംഭവിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.
കവിതയിലെ രാഷ്ട്രീയ പ്രതികരണത്തിന്‍റെ ഏകമുഖമെന്ന ഒന്ന് വ്യക്തമായിട്ടും നമ്മുടെ ഭാഷയിൽ ഇപ്പോൾ ഇല്ല; പരമാധികാരത്തിന്‍റെയും ഗവൺമെൻ്റാലിറ്റിയുടേയും തലങ്ങൾ നമ്മൾ കാണുന്നുണ്ടെങ്കിലും.
******
ശുഭകരം , അശുഭകരം എന്നൊന്നില്ല. എല്ലാവരും കവിതയെഴുതരുത് എന്നത് സ്വാർത്ഥപരമായ നിലപാടാണ്. മനുഷ്യർക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവുമോ ? സംസാരത്തിൻ്റെ മറ്റൊരു രൂപമാണ് എഴുത്ത്. അതും നിഷേധിക്കാൻ പാടില്ല. ഭൂമിയിൽ എല്ലാവർക്കും സംസാരിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും എഴുതാനും സ്വാതന്ത്ര്യം ഉണ്ട്. അതിനെ നിയന്ത്രിക്കുന്നത് പരമാധികാരമാണ്. അത് ചോദ്യം ചെയ്യപ്പെടും. എല്ലാ കാലത്തും കവിതയിൽ നിന്ന് ചില വായനക്കാർ അകന്നു പോകുകയും ചില വായനക്കാർ കവിതയോട് അടുത്തു വരികയും ചെയ്യുന്നു.
ഭൂമിയിൽ എല്ലാവർക്കും സംസാരിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും എഴുതാനും സ്വാതന്ത്ര്യം ഉണ്ട്. അതിനെ നിയന്ത്രിക്കുന്നത് പരമാധികാരമാണ്. അത് ചോദ്യം ചെയ്യപ്പെടും.
******
മാധ്യമങ്ങളെ വച്ചുകൊണ്ട് കവിതയെ കുറിച്ച് സംസാരിക്കാൻ പറ്റുകയില്ല. മാധ്യമങ്ങൾ കവിതയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ കവികൾ തന്നെയാണ് കവിതയെ നിയന്ത്രിക്കുന്നത്, അല്ലെങ്കിൽ കവിത തന്നെയാണ് കവിതയെ നിയന്ത്രിക്കുന്നതെന്നും പറയാം. വായനക്കാർക്ക് അതിനകത്ത് പങ്കാളിത്തമുണ്ട്. കവിത എഴുതുന്നവരും വായിക്കുന്നവരും എന്നുള്ള രണ്ട് കൂട്ടരേ ഉള്ളൂ. എഡിറ്റർമാരുടെ താല്പര്യത്തിനനുസരിച്ച് ആരെങ്കിലും എഴുതുന്നുണ്ടോ എന്നറിയില്ല.
******
സോഷ്യൽ മീഡിയ ഒരു പുതിയ പ്ലാറ്റ്ഫോം ആണല്ലോ.അതിന് കവിതയിൽ ഇടപെടാൻ പറ്റുന്നുണ്ട് . അതിലൂടെ പുതിയ എഴുത്തുകാർ കടന്നുവരുന്നുണ്ട്. സാങ്കേതികമായ, ശാസ്ത്രീയമായ ഓരോരോ പുതിയ കണ്ടുപിടുത്തങ്ങൾ കവിതയുടെ ഫ്ലാറ്റ് ഫോം ആയിട്ടും വരും. കവിത ഏത് ഫ്ലാറ്റുഫോമിനും ഇണങ്ങുന്ന രൂപം സ്വീകരിക്കും. വെള്ളം രൂപം സ്വീകരിക്കുന്നതു പോലെയാണതും രൂപം സ്വീകരിക്കുന്നത്. തീർച്ചയായും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കവിതകൾ ഉണ്ട്. ആരെങ്കിലും ഒരാൾ ശ്രദ്ധിച്ചാലും മതി.
******
മലയാളി സമൂഹം ഇന്ന് ലോകവ്യാപകമായി പ്രസരിച്ചിട്ടുള്ള ഒരു സമൂഹമാണ് . മലയാളഭാഷയിൽ എഴുതുന്ന കവിതകൾ മലയാളവും കടന്നു പോകുന്നുണ്ട്. അതുപക്ഷേ ചില ഗദ്യകവിതകൾ ആണെന്നാണ് തോന്നുന്നത്. അതിൻ്റെ സൂക്ഷ്മരാഷ്ട്രീയം പ്രധാനമാണുതാനും. പദ്യകവിത ഭാഷയ്ക്കുള്ളിലേ നില്ക്കൂ. രണ്ടു തരം സാധ്യതകൾ ആണിവ.