എഡിറ്റർഷിപ്പ് നമുക്ക് ഒരധികാരരൂപമാണ്

ഓപ്പണ്‍ ഫോറം
 പി. രാമൻ   

ജീവിതത്തിലെ മാറ്റങ്ങൾ സംഭവങ്ങളായും വസ്തുതകളായും യാഥാർത്ഥ്യങ്ങളായും മാത്രം കവിതകളിൽ പ്രതിഫലിക്കുകയാണ് വേണ്ടത് എന്നു ഞാൻ കരുതുന്നില്ല. അതു മാത്രമേ ഉള്ളൂവെങ്കിൽ കവിത കാലഹരണപ്പെടും. മറിച്ച് ജീവിതത്തിലെ മാറ്റങ്ങൾ ഈസ്തറ്റിക്സിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കവിത ഉയർത്തിപ്പിടിക്കേണ്ടത് എന്നു ഞാൻ കരുതുന്നു. പ്രമേയങ്ങൾ മാറിയതുകൊണ്ടു മാത്രമായില്ല. ജീവിതാവസ്ഥ മാറുന്നതിനനുസരിച്ച് കവിതയുടെ ഭാഷയും ആവിഷ്ക്കാരരീതികളും നോട്ടപ്പാടുകളും ആന്തരദർശനങ്ങളുമാണ് മാറേണ്ടത്. മാറ്റം ജീവൻ്റെ ലക്ഷണമാണ്. ജീവിതാവസ്ഥകളോടുള്ള പ്രതികരണം മാത്രമല്ല കവിതയുൾപ്പെടെയുള്ള സാഹിത്യത്തിൻ്റെ ലക്ഷ്യം. നിലവിലുള്ളവയോടു പ്രതികരിക്കുക, പുതിയതൊന്നു സൃഷ്ടിക്കുക എന്നിങ്ങനെ രണ്ടു തരം ലക്ഷ്യം കലകൾക്കുണ്ട്. ചിലപ്പോൾ പ്രതികരണം ആവശ്യമായി വരും. എന്നാൽ പ്രതികരണത്തേക്കാൾ മഹത്വമേറിയതാണ് സൃഷ്ടി എന്നു ഞാൻ കരുതുന്നു. സൃഷ്ടിക്ക് തനതായ ഈസ്തെറ്റിക്സ് ആവശ്യമാണ്. പ്രതികരണത്തിന് അതു വേണമെന്നു നിർബന്ധമില്ല.

******

പതിനായിരക്കണക്കിനു പേർ ഇന്ന് കവിതയെഴുതുന്നുണ്ട്. അതിൽ നമുക്ക് രസിക്കുന്നതും രസിക്കാത്തതുമൊക്കെ കാണും. എല്ലാവരും എഴുതുന്നു എന്നത് നല്ല കാര്യമായാണ് ഞാൻ കരുതുന്നത്. അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. 

ഒരു കവിയുടെ യഥാർത്ഥ ജീവിതം അയാളുടെ മരണശേഷമേ തുടങ്ങുന്നുള്ളൂ എന്നതാണ് സത്യം. കാരണം അന്നേരം ആ ആൾക്കു വേണ്ടി വാദിക്കാനും സ്ഥാപിക്കാനും ആളില്ല. ആരുമില്ല. കവിത മാത്രമേ കാണൂ.

കവിത എന്ന മാധ്യമത്തിൻ്റെ തന്നെ ഒരു പ്രത്യേകത അത് വായിക്കപ്പെടാൻ എന്നതിനേക്കാൾ എഴുതപ്പെടാൻ വേണ്ടിയുള്ള മാധ്യമമാണ് എന്നതാണ്. ആരും വായിക്കണമെന്നില്ലാതെ കവിത എഴുതിപ്പോയ കവികൾ ലോകചരിത്രത്തിൽ പലരുമുണ്ട്. നോവൽ, കഥ, നാടകം തുടങ്ങിയവയേക്കാൾ ഈ സ്വഭാവം കവിതക്കാണ് കൂടുതൽ ഇണങ്ങുക. മറ്റാർക്കും വേണ്ടിയല്ലാതെ തനിക്കു വായിക്കാൻ വേണ്ടി മാത്രം ഒരാൾ ഒരു നോവലെഴുതും എന്നു തോന്നുന്നില്ല. എന്നാൽ തീർച്ചയായും കവിത എഴുതും. അങ്ങനെ എഴുതപ്പെടുന്ന കവിതകളിൽ ശേഷിയുള്ളത് ശേഷിക്കും. ഒരു കവിയുടെ യഥാർത്ഥ ജീവിതം അയാളുടെ മരണശേഷമേ തുടങ്ങുന്നുള്ളൂ എന്നതാണ് സത്യം. കാരണം അന്നേരം ആ ആൾക്കു വേണ്ടി വാദിക്കാനും സ്ഥാപിക്കാനും ആളില്ല. ആരുമില്ല. കവിത മാത്രമേ കാണൂ. ആ നിലയിൽ ശേഷിക്കുന്നതു മാത്രമേ നിലനിൽക്കൂ. എല്ലാവരും എഴുതട്ടെ, ഒടുവിൽ ശേഷിക്കാവുന്നതു ശേഷിക്കട്ടെ. എല്ലാവരും എഴുതുന്നു എന്നതിൽ അസ്വസ്ഥത തോന്നേണ്ട ഒരു കാര്യവുമില്ല.
മറിച്ച്, വായനയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് എന്നെ അസ്വസ്ഥപ്പെടുത്തുന്നത്. വാസ്തവത്തിൽ എഴുത്തിനേക്കാൾ വായനയെക്കുറിച്ചു സംസാരിക്കേണ്ട കാലമാണിത്. വായിക്കുക, വായിക്കപ്പെടുക എന്നിവക്ക് പ്രാധാന്യം കുറയുകയും കാണുക,കാണപ്പെടുക എന്നിവക്ക് പ്രാധാന്യം കൂടുകയും ചെയ്തു.

ഒരു നല്ല എഡിറ്റർ ഒന്നു തൊട്ടാൽ കവിത അത്ഭുതകരമായി മാറിയേക്കും എന്ന സാധ്യതയെ ഞാൻ സ്വാഗതം ചെയ്യുന്നു.

കാണപ്പെട്ടാൽ മതി, വായിക്കപ്പെടണമെന്നില്ല എന്നായി.കവിത കണ്ടു എന്നല്ലാതെ കവിത വായിച്ചു എന്നു പറയാതായി.കവിതകളൊന്നും വായിക്കാതെ തന്നെ കവികളെ നാം സ്നേഹിക്കാനും വെറുക്കാനും തുടങ്ങി. കവിതകൾ വായിക്കാതെ, ജാതി,മതം,ലിംഗം,ഉദ്യോഗപദവി, ദേശം, ഓഫ് ലൈൻ ആയും ഓൺ ലൈൻ ആയുമുള്ള ദൃശ്യത, പ്രശസ്തി തുടങ്ങിയവ നോക്കി,കവികളെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്ന രീതി മുമ്പുമുണ്ടെങ്കിലും മുമ്പത്തേക്കാൾ ഇന്നതു വർദ്ധിച്ചിടുണ്ട് എന്നാണ് എൻ്റെ തോന്നൽ. കവി എന്ന നിലയിൽ സ്നേഹം കാണിക്കുന്നവർ പോലും കവിതകൾ വായിക്കണമെന്നില്ല.ചില പുസ്തകങ്ങൾ, ചില കവിതകൾ വായിച്ചവർ ഇല്ലെന്നല്ല. പിന്തുടർന്നു വായിക്കുന്ന അധികമാരെയും കാണണമെന്നില്ല. സോഷ്യൽ മീഡിയയിൽ നിന്നു കിട്ടുന്ന ഒന്നോ രണ്ടോ കവിത വായിച്ച് വലിയ വായനക്കാരായി നമ്മളോട് നടിക്കാൻ പലർക്കും ഒരു പ്രയാസവുമില്ല. ആരും വായിക്കാതെയും നാം പ്രശസ്തരാകും എന്നതാണ് പുതിയ കാലത്തിൻ്റെ ഗതികേട്. അതിന് പലതരത്തിലുള്ള ദൃശ്യത ഉണ്ടായാൽ മതി. സ്വന്തം കവിത മറ്റുള്ളവർ വായിക്കണം എന്നതിന് ഊന്നൽ നൽകാതെ മറ്റുള്ളവരുടെ കവിത നാം ശ്രദ്ധാപൂർവം വായിക്കുന്നതിന് ഊന്നൽ കൊടുത്തുകൊണ്ടേ ഈ അശ്രദ്ധ വായനാ സംസ്കാരത്തെ നേരിടാൻ കഴിയൂ.

******
കവിതാ എഡിറ്റർമാരെ പല വിദേശഭാഷാ പ്രസിദ്ധീകരണങ്ങളിലും കണ്ടിട്ടുണ്ട്. എന്നാൽ മലയാളത്തിൽ അങ്ങനെയൊരു സങ്കല്പം തന്നെയില്ല. കാരണം, കവിത അങ്ങനെ ശ്രദ്ധയോടെ പ്രത്യേകമായി കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് കേരളത്തിലെ പ്രസിദ്ധീകരണങ്ങൾ ഇന്നു കരുതുന്നുണ്ടെന്നു തോന്നുന്നില്ല. കവിത ഒരു വില്പന വസ്തുവോ പരക്കെ സ്വീകാര്യതയുള്ള വായനാവിഭവമോ ആയിരുന്നെങ്കിൽ മാധ്യമങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കുമായിരുന്നു. ദൃശ്യത കൂടുതലുള്ള, അല്ലെങ്കിൽ ഉണ്ടാവാൻ സാധ്യതയുള്ള കവികളുടെ രചനകൾ നിലവാരം നോക്കാതെ തന്നെ അച്ചടിക്കുക മാത്രമേ ഇന്ന് നടക്കുന്നുള്ളൂ. അല്ലെങ്കിൽ ഒരു സാംസ്കാരിക പ്രതിഭാസം എന്ന നിലയിൽ കവിതയോടു പ്രത്യേകമായ കരുതൽ വേണം. അതൊന്നുമുള്ള പത്രാധിപന്മാർ ഇപ്പോൾ നിലവിലുണ്ടെന്നു തോന്നുന്നില്ല. ഇനി അങ്ങനെയുള്ള എഡിറ്റർമാർ ഉണ്ടെന്നുവന്നാൽ തന്നെയും കേരളത്തിൽ കവികൾ പോലും പൊതുവേ എഡിറ്റർഷിപ്പ് അംഗീകരിക്കുന്നതായി ഞാൻ വിചാരിക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ നിന്നു കിട്ടുന്ന ഒന്നോ രണ്ടോ കവിത വായിച്ച് വലിയ വായനക്കാരായി നമ്മളോട് നടിക്കാൻ പലർക്കും ഒരു പ്രയാസവുമില്ല. ആരും വായിക്കാതെയും നാം പ്രശസ്തരാകും എന്നതാണ് പുതിയ കാലത്തിൻ്റെ ഗതികേട്. അതിന് പലതരത്തിലുള്ള ദൃശ്യത ഉണ്ടായാൽ മതി. 

ഒരധികാരരൂപമായാണ് എഡിറ്റർഷിപ്പിനെ പൊതുവേ നമ്മൾ കരുതുന്നത്. 1990 കളുടെ തുടക്കത്തിൽ കവിതാ എഡിറ്റർ ആയിരുന്ന കെ.വി. രാമകൃഷ്ണൻ കവിയുടെ അനുവാദത്തോടെ തന്നെ കവിത തിരുത്തുമായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. സൂക്ഷ്മതയുള്ള തിരുത്ത് നല്ലതാണ് എന്നാണ് എൻ്റെ അഭിപ്രായം. എന്നാൽ കഴിഞ്ഞ കാൽനൂറ്റാണ്ടിൽ അങ്ങനെ ചെയ്യുന്ന ഒരെഡിറ്ററെപ്പോലും ഞാൻ കണ്ടിട്ടില്ല. അടുത്തിടെ ഇക്കാര്യത്തിൽ ഗുണപരമായ ഒരു മാറ്റം കണ്ടത് ഭാഷാപോഷിണിയിലാണ്. അയച്ച കവിതകൾ വായിച്ചശേഷം എഡിറ്റർ പി.കെ.രാജശേഖരൻ എന്നെ വിളിക്കുകയും ചില വാക്കുകൾ, പ്രയോഗങ്ങൾ എന്നിവയെ സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. ഒന്നു രണ്ടു വാക്കുകൾക്ക് പകരം വാക്കുകൾ കണ്ടെത്തിക്കൂടേ എന്നു ചോദിച്ചു. തീർച്ചയായും ശ്രമിക്കാം എന്നു ഞാൻ പറഞ്ഞു. ഇത് എനിക്ക് പുതിയൊരനുഭവമാണ്. വായിച്ചു നോക്കുക പോലും ചെയ്യാതെ പ്രസിദ്ധീകരിക്കുന്ന പൊതുരീതിയിൽ നിന്ന് ഇത് വ്യത്യസ്തം. എനിക്ക് വലിയ സന്തോഷം തോന്നി. എൻ്റെ ഈഗോ മുറിപ്പെടുകയല്ല ചെയ്തത്. ഒരു നല്ല എഡിറ്റർ ഒന്നു തൊട്ടാൽ കവിത അത്ഭുതകരമായി മാറിയേക്കും എന്ന സാധ്യതയെ ഞാൻ സ്വാഗതം ചെയ്യുന്നു.

******

തീർച്ചയായും സോഷ്യൽ മീഡിയയിലെ കവിതകൾ കൂടി ചേർന്നതാണ് സമകാല മലയാള കവിത. ഏതു മീഡിയവും അതിൻ്റേതായ ചില പൊതു അഥവാ മുഖ്യധാരാ എഴുത്തു രീതികൾ ഉണ്ടാക്കുന്നുണ്ട്. അച്ചടിക്കവിതകളിൽ ചില പൊതുരീതികൾക്കു കാലാകാലങ്ങളിൽ പ്രാമാണ്യം കിട്ടിയിട്ടുണ്ട്. പിൽക്കാലത്ത് കാസെറ്റു കവിതകൾ വന്നപ്പോൾ അതിലും ചില പൊതു രീതികൾക്ക് പ്രാമാണ്യം കിട്ടുകയുണ്ടായി. അതു പോലെ ഇപ്പോൾ സോഷ്യൽ മീഡിയയിലും ചില പൊതു എഴുത്തുരീതികൾക്ക് പ്രാമാണ്യം കിട്ടി മുഖ്യാധാരാ സ്വഭാവമാർജിച്ചിട്ടുണ്ട്. ഏതു മീഡിയയിലായാലും അത്തരം പൊതു എഴുത്തുരീതികളെ പൊളിച്ചു മുന്നേറുന്നതാണ് പുതുകവിത എന്നു ഞാൻ കരുതുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന ഒരു മികച്ച കവിത അതേ മാധ്യമത്തിൽ വരുന്ന കവിതകളുടെ മുഖ്യധാരാപൊതുസ്വഭാവത്തെ പിന്തുടരുന്ന ഒന്നായിരിക്കുകയില്ല. മറിച്ച് അതിനെ പൊളിച്ചു കളയുന്ന ഒന്നായിരിക്കും.

******

ഇപ്പോൾ തന്നെ രണ്ടു പേജ് എന്ന പരിധി കവിഞ്ഞതുകൊണ്ടും അഞ്ചാമത്തെ ചോദ്യത്തിനു മറുപടി എഴുതിത്തുടങ്ങിയാൽ അതിദീർഘമായേക്കുമെന്നതിനാലും അത് എഴുതുന്നില്ല.


Comments
* The email will not be published on the website.