പാരമ്പര്യത്തിന്‍റെ ഇടനാഴികളും സ്വാതന്ത്ര്യത്തിന്‍റെ പെരുവഴികളും

എസ്.എം.എസ് / Selective Midea Scanning

ജയന്തി അരുണ്‍



 ആനുകാലികപ്രസിദ്ധീകരണങ്ങൾ എഴുതി പേര് തെളിഞ്ഞവരുടെ മുനയൊടിഞ്ഞ തൂലികയ്ക്ക് ചുറ്റും കറങ്ങുമ്പോൾ സ്വാതന്ത്ര്യത്തിന്‍റെ പെരുവഴിയിൽ പെരുമ്പറ കൊട്ടുകയാണ് സാമൂഹ്യമാധ്യമങ്ങളിലെ സാഹിത്യം. ആനുകാലികപ്രസിദ്ധീകരണങ്ങളിലെ സാഹിത്യസൃഷ്ടികളെയും സാമൂഹികമാധ്യമരചനകളെയും പ്രത്യേക സരണികളായി വിലയിരുത്തുന്നത് സാഹിത്യപ്രേമികളെ സംബന്ധിച്ച് ശ്രമകരമാണ്. ആനുകാലികങ്ങളിലെ രചനകളെ പരസ്യപ്പെടുത്തലുകളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നതും സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെയാണല്ലോ. രണ്ടു സരണികളുടെയും വിശാലലോകത്തെ നിരീക്ഷിക്കുന്നതിനുള്ള പരിമിതശ്രമമാണ് സെലക്റ്റീവ് മീഡിയ സ്കാനിങ് ( എസ്. എം. എസ് ) 

 ഉയർച്ചതാഴ്ചകളിൽ കൈവിടാതെ പിന്തുടരുന്ന ആരാധകരെ പ്രീതിപ്പെടുത്തുകയെന്ന ലക്ഷ്യമല്ലാതെ മറ്റെന്തെങ്കിലും പുതുവഴികൾ വെട്ടാൻ ആനുകാലികങ്ങൾക്ക് സാധ്യമാകുന്നുണ്ടോ? പത്രാധിപശ്രേഷ്ഠന്മാർ ആനുകാലികങ്ങളുടെ ഉള്ളടക്കത്തിൽ കൈവയ്ക്കുന്നുണ്ടോ? ഭാഷാപോഷിണിയുടെ പുതിയ മാറ്റങ്ങൾ സാങ്കേതികം മാത്രമാണെന്ന് പറയാതെ വയ്യ. സൃഷ്ടികളെ ഒരേ ദൃഷ്ടിക്കൊണ്ട് അളക്കുന്നതല്ല, ആനുകാലികങ്ങളുടെ പൊതുവായ രീതിയെന്ന് ഭാഷാപോഷിണി നവംബർ ലക്കം പ്രത്യക്ഷമായിത്തന്നെ തെളിയിക്കുന്നുണ്ട്. മുഖചിത്രവും ഉള്ളടക്കവും സാക്ഷി പറയുന്നില്ലേ? 

ഭാഷാപോഷിണിയുടെ പുതിയ മാറ്റങ്ങൾ സാങ്കേതികം മാത്രമാണെന്ന് പറയാതെ വയ്യ

പുതുക്കപ്പെടാത്ത ഭാഷയും ആവർത്തിക്കപ്പെടുന്ന പ്രമേയപരിസരവും തീറെഴുതിക്കിട്ടിയ താളുകൾ നിറയ്ക്കാൻ ബദ്ധപ്പെടുന്ന ആഖ്യാനവും ആനുകാലികങ്ങളിൽനിന്നും വായനക്കാരെ ഓടിച്ചുവിടുന്നതാണ് പുതിയ കാഴ്ച. എഴുത്തിന്‍റെ ഇടുങ്ങിയ വഴികളാണിന്ന് ആനുകാലികപ്രസിദ്ധീകരണങ്ങൾ. ഉദാഹരണം ആവശ്യമില്ലാത്ത പ്രസ്താവനയാണെങ്കിലും തെളിവിന് ഒരുദാഹരണം മതിയാവും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എം മുകുന്ദന്‍റെ ‘പാദാർ’ വായിക്കൂ. തിരുകിക്കയറ്റിയ രാഷ്ട്രീയമാണ് ആ കഥയുടെ മുഖ്യശത്രു ; മുനയൊടിഞ്ഞ ആഖ്യാനവും. ആനുകാലികങ്ങൾ തിരസ്കരിക്കുന്ന രചനകൾ സാമൂഹ്യമാധ്യമങ്ങളും വായനക്കാരും സ്വീകരിക്കുന്നതെങ്ങനെ എന്നതിന്‍റെ സമീപകാലത്തെ ഉദാഹരണമാണ് ഷീബ രജികുമാറിന്‍റെ കവിത. 

ഇത്തരം സന്ദർഭങ്ങളിലാണ് ഓൺലൈൻ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എഴുത്തിനും വായനയ്ക്കും തുണയാവുന്നത്. 

മാതൃഭൂമി തിരസ്കരിച്ചതെന്ന് കവി സാക്ഷ്യപ്പെടുത്തിയ കവിതയാണ് ‘ഒരു പൂച്ചയും ചില പിന്തുടരലുകളും’. നെപ്റ്റ്യൂൺ വെബ് മാഗസിനിൽ വായനയ്ക്ക് ലഭിച്ച മികച്ച കവിതകളിൽ ഒന്നാണിത്. ഓണപ്പതിപ്പുകൾ മുതലിങ്ങോട്ട് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച കവിതകൾ വായിച്ചാൽ ഷീബ രജികുമാറിന്‍റെ ഈ കവിത തിരസ്കരിക്കപ്പെട്ടത് അന്യായമെന്നേ പറയേണ്ടതുള്ളൂ. പത്രാധിപരുടെ വിവേചനാധികാരവും ആസ്വാദനശേഷിയും വിലയിരുത്തപ്പെടുന്നതിൽ അസഹിഷ്ണുത തോന്നേണ്ടതില്ല. ഇത്തരം സന്ദർഭങ്ങളിലാണ് ഓൺലൈൻ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എഴുത്തിനും വായനയ്ക്കും തുണയാവുന്നത്. 

സ്വാതന്ത്ര്യത്തിന്‍റെ ആഘോഷങ്ങൾ അഥവാ അനുമിതി ധ്വനി 

വായനക്കാരിലേക്കെത്താൻ സാമൂഹ്യമാധ്യമമെന്ന വിശാലവേദിയുള്ളപ്പോൾ പത്രാധിപരുടെ ദയാകടാക്ഷങ്ങൾ കാത്തിരിക്കേണ്ടതുണ്ടോ? സ്വാതന്ത്ര്യത്തിന്‍റെ പെരുവഴികൾ മുഖപുസ്തകത്തിൽ കണ്ടെത്തുന്ന ചില മുഖങ്ങളുണ്ട്. ആദ്യം പരിചയപ്പെടേണ്ട ഒരു സ്വതന്ത്രമുഖമാണ് അനുമിതി ധ്വനി.

‘ ലഭ്യമാകുന്ന മെനുവിൽ ഏറ്റവും രുചികരമായത് മരണമാണ് ‘ ഈ ഒറ്റവാക്യക്കുറിപ്പിന്‍റെ അനന്തസാധ്യതകൾ ആലോചിച്ചുനോക്കൂ. ആർക്കെങ്കിലും മരണത്തിന്‍റെ രുചി വിവരിക്കാനാവുമോ? 

പേരൊളിപ്പിക്കുന്നു എന്ന ധ്വനിയുണ്ടെങ്കിലും ഷാജു വി വി ഒളിച്ചിരിക്കുന്ന വ്യക്തിയല്ല. കൈവയ്ക്കുന്നതിലെല്ലാം സാഹിത്യത്തിന്‍റെ സൗന്ദര്യം പ്രത്യക്ഷമാണെന്നതാണ് അനുമിതി ധ്വനിയുടെ എഴുത്തുകളുടെ പ്രത്യേകത. ആവർത്തനവിരസതയില്ലാത്ത എഴുത്തും കൃത്യമായ ഭാഷയും സ്വാതന്ത്ര്യത്തിന്‍റെ ആഘോഷമാക്കുന്നതെങ്ങനെ എന്നതിന് തെളിവാണ് അനുമിതി ധ്വനി. എന്തിനേറെ പറയുന്നു. ‘ ലഭ്യമാകുന്ന മെനുവിൽ ഏറ്റവും രുചികരമായത് മരണമാണ് ‘ ഈ ഒറ്റവാക്യക്കുറിപ്പിന്‍റെ അനന്തസാധ്യതകൾ ആലോചിച്ചുനോക്കൂ. ആർക്കെങ്കിലും മരണത്തിന്‍റെ രുചി വിവരിക്കാനാവുമോ? 

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം…. 

കവികളുടെ ദൗർലഭ്യമാണ് മലയാളത്തിലെ ആനുകാലികങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് പറഞ്ഞാൽ ദേഷ്യപ്പെടരുത്. ഒരു കാലത്തുമില്ലാത്തത്ര കവിക്ഷാമമാണ് സമീപകാലത്ത് ദൃശ്യമാകുന്നത്. ഒരേ ആഴ്ചയിലിറങ്ങുന്ന ആനുകാലികങ്ങളിലെല്ലാം ഒരേ നിര കവികൾ മാത്രം. കവിതകളാകട്ടെ ഒരേ അച്ചിൽ വാർത്തെടുത്തതും. സലിം കുമാറിന്‍റെ ഡാൻസ് മാസ്റ്റർ വിക്രം പറയും പോലെ മുദ്ര ശ്രദ്ധിക്കണം പോലും മാറ്റം കാണാൻ. ആനുകാലികങ്ങളുടെ പ്രിയകവി ആലങ്കോട് ലീലാകൃഷ്ണന്‍റെ രണ്ടു കവിതകൾ മാത്രം ഇവിടെ പരാമർശിച്ചു പോകാം. ദുനിയ കേ രഖ് വാലെ ( മാതൃഭൂമി ആഴ്ചപ്പതിപ്പ് ), മിശ്രപീലു (ഭാഷാപോഷിണി ) എന്നിവ ശ്രദ്ധിക്കുമല്ലോ. മറ്റേതെങ്കിലും ഹിന്ദുസ്ഥാനി രാഗവുമായി വേറെ ഏതെങ്കിലും ആനുകാലികത്തിൽ ഉണ്ടോ എന്നറിയില്ല. വായന രണ്ടിൽ നിർത്തി, ഒരാഴ്ചയിൽ കൂടുതൽ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്നവർക്ക് വാരാന്തമഹാകവി പുരസ്‌കാരം ആവാമെന്ന് തോന്നുന്നു. 

കവികളുടെ ദൗർലഭ്യമാണ് മലയാളത്തിലെ ആനുകാലികങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് പറഞ്ഞാൽ ദേഷ്യപ്പെടരുത്. 

ദാ, മുറ്റത്തൊരു ചെറുകഥ : താവോ - വനിത 

മലയാളത്തിൽ ‘ചെറുകഥയ്ക്കൊരു ചരമഗീതം’ എഴുതേണ്ടിവരുമോ എന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് ‘താവോ - വനിത’ ഡാൻസും കളിച്ച് വന്നിരിക്കുന്നത്. അസ്ഥികൂടത്തിന്‍റെ കഥ പോലും അതിസ്ഥൂലശരീരമാക്കി, വായനാസുഖത്തെ മൃതപ്രായമാക്കിയതും മാതൃഭൂമിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.( കഥ - ദേശീയപാതയിലെ അസ്ഥികൂടം. ) താവോ - വനിതയിലേക്ക് വന്നാൽ, ആലുവയിൽ തീവണ്ടിയിറങ്ങുന്ന മലയാളിവനിതയും താവോ-വനിതയും തമ്മിലെന്ത് എന്നൊരു ചോദ്യം പ്രസക്തമാണ്. dancing bodies, enlightenment തുടങ്ങിയ ചെറിയ സൂചനകളിലൂടെ താവോയിസം അവതരിപ്പിക്കുന്ന കഥയാണ് ‘താവോ വനിത’. താവോ വനിത കൈയ്യടക്കമുള്ള ഒരു ഫാന്‍റസിയായി, ചിത്രകാരനായ ഹുസൈന്‍റെ കുളിമുറിയിൽനിന്ന് അപ്രത്യക്ഷയായി, വായനക്കാരുടെ മനസ്സിൽ വർണനൃത്തം ചെയ്യാനുള്ള സാധ്യതയുണ്ട്. എം എഫ് ഹുസൈന്‍റെ ചിത്രങ്ങളിലേക്കും വഴി വെട്ടാം. വ്യത്യസ്ത വായനകൾ സാധ്യമായ ചെറുകഥ തന്നെയാണ് ‘താവോ -വനിത’. വി എച്ച് നിഷാദാണ് വീണ്ടും മലയാളിക്കൊരു ചെറുകഥ സമ്മാനിച്ചത്. 

ഗൗരവമുള്ള സാഹിത്യചർച്ചകൾ കൈകാര്യം ചെയ്യുന്നതിൽ സാമൂഹ്യമാധ്യമം വിജയിക്കുമോ? ഇതുവരെ വിജയിച്ചിട്ടില്ല.

കടുകശ്ശേരിക്കവിതകൾ 

സാമൂഹികമാധ്യമവായനക്കാർ ഏറ്റെടുത്ത കവിതകളാണ് അലി കടുകശ്ശേരിയുടേത്. കാലികപ്രസക്തമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. നിഷേധിക്കാനാവാത്ത ജീവിതസത്യങ്ങൾ സാഹിത്യക്കെട്ടുകാഴ്ചകളില്ലാതെ ചെറുകവിതകളായി ലഭിക്കുമ്പോൾ വായനക്കാർ കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും. ‘ട്രെഡ്മിൽ’ നോക്കൂ. “ചിലപ്പോഴൊക്കെ ജീവിതവും ഒരു ട്രെഡ്മില്ലാണ്. എത്ര ഓടിയാലും എങ്ങുമെത്തില്ല “ കവിതകൾ എന്നുവിളിക്കുന്നതിനേക്കാൾ പ്രസ്താവനകൾ എന്ന് വിളിക്കുന്നതല്ലേ അലി കടുകശ്ശേരിയുടെ രചനകൾക്ക് യോജിക്കുന്ന പ്രസ്താവന.

വയലാർ അവാർഡും എഴുത്തച്ഛൻ പുരസ്കാരവും ചില മോഷണക്കഥകളും. 

ഗൗരവമുള്ള സാഹിത്യചർച്ചകൾ കൈകാര്യം ചെയ്യുന്നതിൽ സാമൂഹ്യമാധ്യമം വിജയിക്കുമോ? ഇതുവരെ വിജയിച്ചിട്ടില്ല. സമീപകാലചർച്ചകൾ കൂടുതൽ വികലമായ കാഴ്ചകളാണ് തരുന്നത്. വയലാർ അവാർഡ് ഉണ്ടാക്കിയ കോലാഹലങ്ങൾ അടങ്ങിയിട്ടില്ല. മൗലികകൃതികൾക്കാണത്രേ അവാർഡ് കൊടുക്കേണ്ടത്. ഇതുവരെ അവാർഡ് കൊടുത്തവ മൗലികമായിരുന്നോ എന്ന് ചോദിക്കാൻ പാടില്ല. ചർച്ചയാണ് പോലും. എഴുത്തച്ഛൻ പുരസ്കാരത്തിലേക്ക് വന്നാൽ ചോദ്യം ചെയ്യുന്നത് മൗലികതയെയല്ല, മറിച്ച് ബൗദ്ധികതയാണ്. വായിച്ചാൽ മനസ്സിലാകുന്നത് വല്ലതും എഴുതുന്നവർക്കാണത്രേ അവാർഡ് കൊടുക്കേണ്ടത്. ആര് ആർക്ക് അവാർഡ് കൊടുത്താലും ഞങ്ങൾ പൊട്ടത്തരം എഴുന്നള്ളിക്കും എന്നാണ് സോഷ്യൽ മീഡിയയിലെ സാഹിത്യചർച്ചകൾ തെളിയിക്കുന്നത്. ആശയമോഷണമാണ് സോഷ്യൽ മീഡിയയിലെ കഴിഞ്ഞ മാസത്തെ സജീവചർച്ചകളുടെ കേന്ദ്രം. അതിൽ കോടതികയറിയത് കെ ആർ മീര - ഹരിത സാവിത്രി, രാജശ്രീ - വിനയശ്രീ വിവാദങ്ങളാണ്. ഈ മാനനഷ്ടങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ മരിച്ചുമണ്ണടിഞ്ഞവരുടെ കൃതികളും വീണ്ടും ആരോപണങ്ങളുടെ ചുഴിയിൽപ്പെട്ടു. മോഷണം കൈയ്യോടെ അംഗീകരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള മാതൃകാസാഹിത്യമോഷ്ടാവായി അംഗീകരിക്കപ്പെട്ടു. ബാക്കിയുള്ളവരും മോഷണം തുറന്നുപറയുമോ? മാതൃകയാവുമോ? ആരാച്ചാർ, ആടുജീവിതം, ആത്രേയകം എല്ലാത്തിലും ഒരു ‘ആ’മയം. ആമയം തീരുമോ? നഷ്ടപ്പെട്ട മാനം വീണ്ടെടുക്കുമോ? ‘The End of Everything’ - M. John ഹാരിസ്സൺ ( ബുക്കർ പ്രൈസ് 2026) ഇവിടെ എങ്ങനെ പ്രസക്തമാകും എന്നല്ലേ? സാഹിത്യമത്സരങ്ങൾക്ക് പ്രായം നിശ്ചയിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യമാണ് എം ജോൺ ഹരിസൺ ബുക്കർ പ്രൈസ് നേടിയ വാർത്ത കണ്ടപ്പോൾ തോന്നിയത്. 80 വയസ് സാഹിത്യരചനയ്ക്കോ അവാർഡിനോ തടസ്സമല്ലെന്നിരിക്കെ 40 -50 വയസ്സ് സാഹിത്യമത്സരങ്ങൾക്ക് പരിധി വയ്ക്കുന്നത് അന്യായമല്ലേ? പേപ്പർ റിപ്പബ്ലിക്കയുടെ പരസ്യവിഡിയോയെക്കുറിച്ച് മുഖപുസ്തകത്തിൽ കുറിപ്പ് കണ്ടത് ഒക്ടോബറിലാണ്. സി വി ശ്രീരാമൻ പുരസ്കാരത്തിന്‍റെ പ്രായപരിധി എത്ര? സി വി ശ്രീരാമൻ എഴുതിത്തുടങ്ങിയ പ്രായം എത്ര? ചോദ്യത്തിൽ നിർത്തുന്നു. ഉത്തരത്തിന് പ്രസക്തിയില്ലല്ലോ. 

വീടും (പ്രത്യേകിച്ച് അടുക്കള) ശരീരവും മുഖ്യവിനിമയമായി കൊണ്ടാടുന്നത് പെണ്കവികൾ ഉപേക്ഷിക്കേണ്ടതല്ലേ? അതുപോലെ പ്രധാനമാണ് സ്വാർത്ഥദ്വന്ദ്വങ്ങളുടെ തിരസ്കാരവും. 

ഞാനും നീയും.. കവിത മറികടക്കേണ്ട ദ്വന്ദ്വങ്ങൾ കവിതകളെ സസൂക്ഷ്മം കണ്ടെത്തി അവതരിപ്പിക്കുന്ന ഫേസ്ബുക് പേജായ ‘ ദി പേജി’ ലെ കവിതയാണ് ( 12/11/2026), ഞാനും നീയും എന്ന ദ്വന്ദ്വത്തിന്‍റെ ആവർത്തനവിരസത വീണ്ടും ഓർമിപ്പിച്ചത്. സിന്ധു കെ വി യുടെ ‘മധുമാലതിയുടെ വീട് ‘ പേജിലാണ് വായിച്ചതെങ്കിലും ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചതാണ്. നമ്മൾ എന്ന് ഒറ്റയായും ഞാനും നീയും എന്ന് രണ്ടായും ചുരുങ്ങുന്ന സ്വാർത്ഥതയുടെ കവിതകൾ തിരസ്കരിക്കേണ്ട കാലം കഴിഞ്ഞു. വീടും (പ്രത്യേകിച്ച് അടുക്കള) ശരീരവും മുഖ്യവിനിമയമായി കൊണ്ടാടുന്നത് പെണ്കവികൾ ഉപേക്ഷിക്കേണ്ടതല്ലേ? അതുപോലെ പ്രധാനമാണ് സ്വാർത്ഥദ്വന്ദ്വങ്ങളുടെ തിരസ്കാരവും. 

 സോഷ്യൽ മീഡിയയുടെ ശബ്ദകോലാഹലങ്ങൾക്ക് പൂർണമായും കണ്ണും ചെവിയും കൊടുക്കുന്നത് ശ്രമകരമായ ദൗത്യമാണെങ്കിലും എസ് എം എസ് സോഷ്യൽ മീഡിയ എഴുത്തുകൾക്ക് കൂടുതൽ അവസരം കൊടുത്തുകൊണ്ട് മുന്നോട്ട് പോകുന്നതാണ്.


Comments
* The email will not be published on the website.