അബ്നോർമ്മൽ  ബിഹേവിയറുകൾ  കൊണ്ട്  ഞെട്ടിക്കണം കവിത

ഓപ്പണ്‍ ഫോറം
ശ്രീകുമാർ കരിയാട്

 കവിത ‘ഗൗരവതരമായ’ , അല്ലെങ്കിൽ സർഗ്ഗാത്മകമായ, ഒരു  ‘കുറ്റകൃത്യം’ തന്നെയാകണം എന്നാണെൻ്റെ പക്ഷം. വ്യാജസമൂഹം ഉയർത്തിക്കാട്ടുന്ന   സ്യൂഡോ മൊറാലിറ്റിയെ (ഗാന്ധിജിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങൾ ഓർക്കുക) , സ്യൂഡോ പൊളിറ്റിക്സിനെ ( ഗാന്ധിജിയുടെ വിചിത്രങ്ങളായ ഉപവാസാദി  പൊളിറ്റിക്കൽ ആക്ഷനുകളെ ഓർക്കുക) , എതിരിടാൻ കവിതപോലെ   മനുഷ്യപ്പറ്റുളള  മറ്റൊരു മാദ്ധ്യമമില്ല.( ഗാന്ധിജിയിൽ നിറയെ  കവിത ഉണ്ടായിരുന്നു.  മിനിമലിസ്റ്റിക്ക് പൊളിറ്റിക്സിൻ്റെ   പോയട്രി. ‘എന്തുപ്പ്? ‘എന്ന് നെഹൃ പോലും ചോദിച്ചുകാണും.  ഗാന്ധിയുടെ  വേരുകൾ ഭാരതീയമെന്നതുപോലെ ആഗോളവുമായിരുന്നു.തോറോയിൽ നിന്നും ടോൾസ്റ്റോയിയിൽ  നിന്നും റസ്കിനിൽ നിന്നും കിട്ടിയ  ദർശനപരമായ  വെളിപാടുകൾ. ഇന്ത്യയിലെ   തോട്ടിയെ  രൂപമാതൃകയാക്കിക്കൊണ്ടുളള  സാധാരണക്കാരൻ്റെ പൊളിറ്റിക്സ്)   എതിർപ്പ്  കവിയെ കുറ്റവാളിയാക്കുന്നു. ഭാഷയെയും സങ്കൽപ്പങ്ങളേയും വെല്ലുവിളിച്ചുകൊണ്ട്, ഒരു മഹാപാപമെന്നപോലെ കവിതയെഴുതണം കവി ( മുതലാളിത്തം എന്ന ഘട്ടത്തെ  ഇന്ത്യവട്ടം ചാടണം എന്നായിരുന്നു  ഗാന്ധിയുടെ അതിരുകവിഞ്ഞ സ്വപ്നം.)  

ഗാന്ധിയെപ്പോലെ മേൽപ്പറഞ്ഞതരം അബ്നോർമ്മൽ ബിഹേവിയറുകൾ കൊണ്ട് ഞെട്ടിക്കണം കവിത. കമ്പോളത്തിനെതിരെ നിൽക്കണം കവിത. അങ്ങനെയെങ്കിലും കവിതയൊരു മുതലാളിത്തവിമർശനമാണ്.

കവിയ്ക്കുമുന്നിൽ മറ്റ് ഏജൻസികൾ പൊക്കിക്കാട്ടുന്ന യാഥാർത്ഥ്യങ്ങൾ, മാദ്ധ്യമസ്പർശമുളള രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കവി ഉൾക്കൊള്ളണമെന്നില്ല. ( ഗാന്ധിജി സോഷ്യലിസം പോലുളള സങ്കൽപ്പങ്ങളെ വകവെച്ചില്ല).ഭാഷ വകവെച്ചുകൊടുക്കുന്ന ഒരു പരോക്ഷ വിനിമയത്തിലാണ് കവിയുടെ ഊന്നൽ. ഗാന്ധിജിക്ക് രാഷ്ട്രീയം ആത്മീയ സാക്ഷാത്കാരത്തിൻ്റെ ഭാഗമായിരുന്നു.   ഗീതയെ ഉദ്ധരിച്ചുവെന്നതിൽ ക്കവിഞ്ഞ്, ഗാന്ധി മതപരമായ മറ്റ്  മാനകങ്ങൾക്കോ  ദേവാലയങ്ങൾക്കോ പിന്നാലെ പോയില്ല.  വൈക്കത്ത് ശിവനെ തൊഴാനല്ല, താണവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഗാന്ധി വന്നത്.  നടത്ത,  എനിമ തുടങ്ങിയ  ഗാന്ധിയുടെ സൂത്രവിദ്യകൾ അന്നത്തെ അഭിജാതരായ സവർണ്ണ പ്രാമാണിക രാഷ്ട്രീയപ്രവർത്തകരെ ഏറെ അന്ധാളിപ്പിച്ചിട്ടുണ്ടാകണം.  ഞാൻ  ഗാന്ധിയെ  ഇവിടെ പരാമർശിക്കുന്നത് കവിതാപരമായിത്തന്നെയാണ്. ഗാന്ധിയെപ്പോലെ മേൽപ്പറഞ്ഞതരം  അബ്നോർമ്മൽ  ബിഹേവിയറുകൾ  കൊണ്ട്  ഞെട്ടിക്കണം കവിത. കമ്പോളത്തിനെതിരെ നിൽക്കണം കവിത. അങ്ങനെയെങ്കിലും കവിതയൊരു മുതലാളിത്തവിമർശനമാണ്.  കവിയാകാൻ ഏറെ പണിയെടുക്കേണ്ടതുണ്ട്.  സർക്കസ്സുകാരി വലിച്ചുകെട്ടി യ  കയറിലൂടെ  നടക്കുമ്പോൾ  കാണികളെ ശ്രദ്ധിക്കുന്നില്ല.  കയറിലാണ് മനമൂന്നുന്നത്.  കാണികളും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നാണ് എൻ്റെ ബോദ്ധ്യം. അതുകൊണ്ടുതന്നെ , വേറെതരം വിപ്ളവങ്ങൾക്ക് കവി തിരികൊളുത്തേണ്ടതുണ്ട്. ഇടശ്ശേരിയും  പണിക്കരും  മേതിലും  ആറ്റൂരും ആർ രാമചന്ദ്രനുമൊക്കെ അത് ചെയ്തിട്ടുണ്ട്.    കവിതയുടെ നിരന്തരമായ പരിവർത്തനം.  ഏതാണ്ട്, ശാസ്ത്രജ്ഞർ ചെയ്യുന്നതുതന്നെ  കവിയും ചെയ്യുന്നു. പുതിയതായി  ഒന്ന്  ‘ ഇന്നവേറ്റ്” ചെയ്യുന്നതിൻ്റെ  ത്രില്ലിൽ കവി മുഴുകുന്നു.  ഈ ഇന്നവേഷൻ സമൂഹത്തിൻ്റേതെന്ന് കവിയ്ക്കും, ചിന്തകരായ കവിതാസ്വാദകർക്കുമറിയാം.  “കാലത്തിനൊപ്പം സഞ്ചരിക്കുക” എന്ന ലളിതമായിപ്പറയപ്പെടുന്ന ഒരു വ്യവഹാരത്തെ കവി സംശയിക്കണം. ഭാവികാലവും കാണുന്നവനാണ് കവി. വർത്തമാനകാലത്തെക്കാൾ ഭൂതത്തിലും ഭാവിയിലും  ജാഗ്രതയാകുന്നയാൾ. കവിയുടെ നിൽപ്പ്  സവിശേഷമാകുന്നത് അതുകൊണ്ടാണ്. ഒന്നോർക്കുക.  കവിത  പണിയുന്നത് ‘മെമ്മറി’ കൊണ്ടാണ്.. ഓർമ്മയുടെ ശക്തിയിൽ നിന്നാണ് നെറൂദയും പിയുമൊക്കെ നല്ല കവിതകൾ എഴുതിയത്. 
********
 “ വാൾ “ എടുത്തവരുടെ “വെളിച്ചപ്പെടൽ” തന്നെയാണ് പ്രശ്നം.  വാളിൽ പ്രത്യക്ഷപ്പെടുന്ന കവിതകളിൽ നല്ലൊരു ശതമാനവും ഒരു തരം ഓട്ടോഗ്രാഫ് എഴുത്തുകളാണ്, വൈകാരികമായ വാളുവെയ്ക്കലുകളാണ്. ചരഞ്ഞ  ആത്മഗതങ്ങൾ. ഇന്നത് ഏറെ സംഘടിതമായിരിക്കുന്നു.  അവയെ പുകഴ്ത്താൻ ഈവൻ്റ് മാനേജ് മെൻ്റുകൾ ഉണ്ടാകുന്നു. നിലവാരം കുറഞ്ഞ കവിതകൾ  നല്ല കവർ ഡിസൈനോടെ പുസ്തകങ്ങളായി പെറ്റുപെരുകുന്നു.   സോഷ്യൽ മീഡിയ വിരൽത്തുമ്പത്തിരിക്കുമ്പോൾ ആരും കവിത എഴുതിപ്പോകും. 

നിലവാരം കുറഞ്ഞ കവിതകൾ നല്ല കവർ ഡിസൈനോടെ പുസ്തകങ്ങളായി പെറ്റുപെരുകുന്നു. സോഷ്യൽ മീഡിയ വിരൽത്തുമ്പത്തിരിക്കുമ്പോൾ ആരും കവിത എഴുതിപ്പോകും. ആർക്കും ഒരു ഓഡിയൻസ് കിട്ടും. കവിതയിലെ ആറാട്ടണ്ണന്മാരെയും അണ്ണികളെയും മനുഷ്യസ്വാതന്ത്ര്യത്തിൻ്റെ പേരിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. 

ആർക്കും ഒരു ഓഡിയൻസ് കിട്ടും. കവിതയിലെ ആറാട്ടണ്ണന്മാരെയും അണ്ണികളെയും മനുഷ്യസ്വാതന്ത്ര്യത്തിൻ്റെ പേരിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ കവിതയുടെ പേരിൽ വിചാരണചെയ്തേ പറ്റൂ. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ  മാലിന്യനിർമ്മാർജ്ജനം അനിവാര്യമാണ്.  ആധുനികതയുടെ കാലത്തുവരെ നല്ല കവിതയും,  ചീത്തക്കവിതയുമേ ഉണ്ടായിരുന്നുള്ളു.   രചനകളുടേയും എഴുത്തുകാരുടേയും ഡീ ഗ്രേഡേഷന്  ഒരു പരിധിയുണ്ടായിരുന്നു. കവിയല്ലെങ്കിലും , നല്ല വായനക്കാർ കവിതയെന്ന പേരിൽ രചനകൾ നടത്തി. വകവെച്ചുകൊടുക്കാവുന്ന ഒരു മിനിമം ഗാരണ്ടി അവയ്ക്കുണ്ടായിരുന്നു.  എന്നാൽ ഇന്ന് മുട്ടിനുമുട്ടിനു  മുളയ്ക്കുന്ന  സാഹിത്യസംഘടനകളും, ഗ്രൂപ്പുകളും, സാഹിത്യമേളകളും, പ്രാദേശികവും കുടുംബയോഗപരവുമായ ഒത്തുചേരലുകളെല്ലാം  ചേർന്ന്, മനുഷ്യൻ വളരെ സീരിയസ്സായി കണ്ടിരുന്ന ഒരു ആവിഷ്കാരമാദ്ധ്യമത്തെ  അഴുക്കാക്കി. എന്നിട്ട് “ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ് കവിതയുടെ ഭീഷണി’ എന്ന  വ്യാജപ്രചരണത്തിൽ മുഖം പൂഴ്ത്തി രക്ഷപ്പെടുന്നു.
******
 പൊതുധാരയിൽ ഊന്നി കവിത എഴുതാത്തതാണ് നല്ലത്.  കൂടുതൽ ബദൽ പ്രസിദ്ധീകരണങ്ങൾ വരണം. ആധുനികതയുടെ കാലത്ത് അത്തരം  നിരവധി നല്ല നിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു. നക്സലൈറ്റ് പ്രസിദ്ധീകരണങ്ങൾ പോലും നല്ല കവിതയുടെ ഇടത്തെ മാനിച്ചിരുന്നു.  അക്കാലത്ത് വിഗ്രഹ ഭഞ്ജകരായ  എഡിറ്റർ മാരുണ്ടായിരുന്നു.

എഡിറ്ററുടെ താത്പര്യങ്ങൾക്കനുസരിച്ച് എഴുതാൻ നിർബന്ധിക്കപ്പെടുന്നു എന്നതിൽ എനിക്ക് വിശ്വാസം വരുന്നില്ല. ബദൽ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ എഡിറ്ററെ കണക്കിലെടുക്കേണ്ടതില്ല. എന്നാൽ കവിതയെ സൗന്ദര്യമത്സരമായി കണക്കാക്കുന്നവർ എന്തും ചെയ്യാൻ മടിക്കില്ല.

അയ്യപ്പപ്പണിക്കരും എം ഗോവിന്ദനും കെ ജി  ശങ്കരപ്പിള്ളയും സച്ചിദാനന്ദനുമുണ്ടായിരുന്നു.  അവരെല്ലാം റാഡിക്കൽ കവിതകളെ പ്രോൽസാഹിപ്പിച്ചു. കേരളകവിതയും സമകാലീന കവിതയുമൊക്കെ എത്രയോ കവികളെ പരിചയപ്പെടുത്തി. മേൽപ്പറഞ്ഞ വ്യക്തികൾ ഇൻ്റല ക്ച്വൽ ഫോഴ്സുകളുമായതുകൊണ്ടാണ് അത് സംഭവിച്ചത്.  അവരെല്ലാം അക്കാലത്ത് സ്റ്റേറ്റിനോട്  ചേർന്നുനിൽക്കുന്നവരല്ലായിരുന്നു.    തീവ്രരാഷ്ട്രീയത്തോടുളള പ്രതിപത്തിയുണ്ടായപ്പോഴും കവിതയെ കവിതയായി കണ്ടു.  എഡിറ്ററുടെ താത്പര്യങ്ങൾക്കനുസരിച്ച് എഴുതാൻ നിർബന്ധിക്കപ്പെടുന്നു എന്നതിൽ എനിക്ക്   വിശ്വാസം വരുന്നില്ല.  ബദൽ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ  എഡിറ്ററെ കണക്കിലെടുക്കേണ്ടതില്ല. എന്നാൽ കവിതയെ സൗന്ദര്യമത്സരമായി  കണക്കാക്കുന്നവർ എന്തും ചെയ്യാൻ മടിക്കില്ല. അത് കവിതാവിഷയമായി കണക്കാക്കേണ്ട. 
******
വലിയ ശബ്ദമൊന്നുമില്ലാത്ത കാലത്ത് മഹത്തായ കവിത ശ്രദ്ധിക്കപ്പെടാതെ പോയതിന് നമുക്ക് നല്ലൊരു ഉദാഹരണമുണ്ട്.  ശ്രീനാരായണ ഗുരു.  ഗുരുവിൻ്റെ കവിതകളെപ്പറ്റി  ഭീഷ്മാചാര്യന്മാരും ലീലാവതിയെപ്പോലുളള ആചാര്യമാരും അടങ്ങുന്ന  അക്കാദമിക്ക്  നിരൂപകർ പണ്ട് എന്തെങ്കിലും എഴുതിയിരുന്നോ? എൻ്റെ അറിവിൽ ഇല്ല.  വ്യാസനെ തോണ്ടാൻ പോയ കുട്ടിക്കൃഷ്ണമാരാർക്ക്  ഗുരുവിൻ്റെ കവിത്വത്തെപ്പറ്റി അറിയാമായിരുന്നോ? എൻ്റെ അറിവിൽ തൊണ്ണൂറുകൾക്കു ശേഷമാണ് ഗുരുവിൻ്റെ കവിത്വം അങ്കനപ്പെടുന്നത്. ഇന്ന് ഞാൻ ഏറ്റവും ബഹുമാനിക്കുന്ന മലയാളകവി ശ്രീനാരായണഗുരുവാണ്.  ഇന്ത്യയിലെ ഏറ്റവും വലിയ മിസ്റ്റിക്ക് കവികളിൽ ഒന്നാമൻ.  സോഷ്യൽ മീഡിയ ഒരനുഗ്രഹമാണ്.  കവിത പ്രസിദ്ധീകരിക്കാൻ പറ്റിയ ഇടം. സോഷ്യൽ മീഡിയ വഴി ശ്രദ്ധിക്കപ്പെട്ട നല്ലകവിതകൾ നൂറുകണക്കിനുണ്ട്.  സോഷ്യൽ മീഡിയയെ മറന്നുകൊണ്ടുള്ള ഒരു മലയാള കവിതയില്ല.    സോഷ്യൽ മീഡിയയും  മറ്റ് പൊതുമീഡിയകളുമൊക്കെ കൂടിക്കുഴഞ്ഞതാണ് ഇന്നത്തെ മീഡിയ അവസ്ഥ. ആരാധകവൃന്ദം നശിപ്പിച്ച കവികൾ  ധാരാളമാണ്.
******
 സത്യത്തിൽ  എല്ലാ കവിതകളുമായും വിനിമയം ചെയ്യാനുളള സമയവും ബുദ്ധിപരമായ കരുത്തും എനിക്കില്ല. ലോകത്തെ മരിച്ചുപോയ നല്ല കവികളെ   വായിക്കുമ്പോൾ  ഉള്ളിൽ വികസിച്ചുവരുന്ന കാവ്യചക്രവാളമാണ് എനിക്ക് പ്രധാനം.  കവിയായി ജീവിക്കാൻ നമ്മൾ തന്നെ കവിതയെഴുതണമെന്നില്ല എന്നുപറയാം. “ ക്രമത്തെ” തകർക്കുന്ന എഴുത്ത് എനിക്കിഷ്ടമാണ്.എന്നാൽ “ ഞാൻ തകർത്തോണ്ടിരിക്കുന്നു” എന്ന് കവിത നാട്യപ്രധാനമായി വാചാലമാകരുത്. മൗനിയെപ്പോലെ അഭിനയിക്കുമ്പോഴും  വാചാടോപത്തിലാണ് ഇന്ന് പൊതുവേ കവികളുടെ ശ്രദ്ധ.  സോഷ്യൽ മീഡിയ കൂടിയാകുമ്പോൾ ഈ വാചാടോപം വെടിക്കെട്ടാകുന്നു.  അദൃശ്യമായ ഒരു ഭാഷാപാരമ്പര്യം കവിതയിൽ ഉണ്ടാകുമ്പോൾ  കവിതയുടെ  എക്സ്പീരിയൻസ് ഫീൽഡ് കൂടുതൽ വിപുലമാകുന്നു.  നമ്മൾ ഒരു കവിതയെ സമീപിക്കുമ്പോൾ ഒരാശയത്തെ മാത്രമല്ല സമീപിക്കുന്നത്. മനസ്സിൻ്റെ അടിത്തട്ടുമുതൽ  പ്രപഞ്ചവിസ്താരം വരെ ആ ഭാഷാ ഡിസ്കോഴ്സിൻ്റെ ഭാഗമാകുന്നു.  ഇമോഷനുകളേയോ വിചാരങ്ങളെയോ ഭാവനകളെയോ എങ്ങനെ ഭാഷാ തന്മാത്രകളിൽ  ഒതുക്കാൻ കഴിയുമെന്നതാണ് ഒരു കവിയുടെ/ കവിതയുടെ മേന്മ വെളിവാക്കുന്നത്. ഒരു വാക്കോ കൽപ്പനയോ പെട്ടെന്ന് വായനയാളുടെ ചിന്താക്രമത്തെ മാറ്റിമറിക്കുന്നു.  ലോകത്തെ മികച്ച കവിതകളെല്ലാം അതിനുദാഹരണങ്ങളാണ്.


Comments
* The email will not be published on the website.