പറുദീസയിലേക്കുള്ള വഴി

ക്ലാസിക് കഫേ

ബെന്നി ഡൊമിനിക്
        

“She opened her eyes at four in the morning and thought,  Today you begin to change the world, Florita.”ഈ വാക്യത്തോടെയാണ് മരിയൊ വർഗാസ് യോസയുടെ ‘ദ് വേ ടു പാരഡൈസ് ‘ എന്ന നോവൽ പ്രാരംഭം കുറിക്കുന്നത്. ലോകത്തെ മാറ്റിത്തീർക്കണമെന്ന ദൃഢനിശ്ചയമാണ് ഫ്ലോറ ട്രിസ്റ്റാന്‍റെ ജീവിതത്തെ മുന്നോട്ടു നയിച്ചത്. 1844 ൽ ഓക്സേറിലേക്കു (Auxerre) തിരിക്കുന്നതിനു പത്ത് വർഷം മുമ്പ് സൈമോണിയനായ (Simonian) പ്രോസ്പർ ഇൻഫാന്‍റിൻ, ലോകരക്ഷയ്ക്ക് അവതരിക്കേണ്ട മിശിഹാദമ്പതികളെക്കുറിച്ച് ഫ്ലോറയോട് പറഞ്ഞപ്പോൾ അവൾ തീരുമാനിച്ചതാണ് ആ പെൺമിശിഹാ താൻ തന്നെയായിരിക്കുമെന്ന്. ഫ്ലോറയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങൾ നോവലിന്‍റെ ആദ്യ ഭാഗത്ത് വിവരിക്കുന്നുണ്ട്. 

ദ് വേ ടു പാരഡൈസിനെ സമാകർഷകമാക്കുന്ന ഘടകം ഗോഗിന്‍റെ അരാജകത്വം നിറഞ്ഞ ജീവിതചിത്രീകരണവും ആ മഹാനായ ചിത്രകാരന്‍റെ പ്രശസ്തങ്ങളായ ചിത്രങ്ങളുടെ രചനാസന്ദർഭങ്ങളെ പുന:സൃഷ്ടിക്കുകയും ചെയ്യുന്നതിലെ സൗന്ദര്യമാണ്.

തന്‍റെ പിതാവിനെ നേരിൽകണ്ട ഓർമ്മ അവൾക്കില്ല. അരെക്വിപ്പയിലുള്ള കായെ സാന്റൊ ഡൊമിങ്‌ഗൊ (Calle Santo Domingo)യിലെ ട്രിസ്റ്റാൻ ഭവനത്തിൽ ഡോൺ മാരിയാനൊയുടെ ഒരു ഓയിൽ പെയിന്റിംഗ് അവളുടെ അമ്മ ശയനമുറിയിൽ പ്രതിഷ്ഠിച്ചിരുന്നു. ബാല്യകാലത്ത്,ആ പെയിന്റിംഗ് നോക്കി മണിക്കൂറുകൾ ചെലവഴിച്ച ഓർമ്മ അവൾക്കുണ്ട്. ലക്ഷണമൊത്ത് സുന്ദരനായ, കാഴ്ചയിൽ ഐശ്വര്യം തോന്നിക്കുന്ന ആ മാന്യൻ തന്‍റെ പിതാവാണെന്ന് കൊച്ചുഫ്ലോറയ്ക്ക് ബോധ്യപ്പെട്ടിരുന്നു. വെനസ്വെല, കൊളംബിയ, ഇക്വഡോർ, ബൊളീവിയ, പെറു എന്നീ രാജ്യങ്ങളുടെ വിമോചകനായിരുന്ന സൈമൺ ബൊളീവറെപ്പോലുള്ളവർ വരെ മാരിയാനൊ ട്രിസ്റ്റാന്‍റെ വീട്ടിൽ സന്ദർശകനായി എത്തിയിട്ടുണ്ടെന്ന് പറയുമ്പോൾ ആ കുടുംബത്തിന്‍റെ മാഹാത്മ്യം ഊഹിക്കാമല്ലോ. ട്രിസ്റ്റാന്‍റെ അകാലമരണം ഫ്ലോറയുടെ ജീവിതത്തെ സാരമായി ബാധിച്ചു. ഫ്രഞ്ചുകാരിയായ ഫ്ലോറയുടെ അമ്മയുടെയും മാരിയാനൊയുടെയും പ്രണയം നിയമപരമായ വിവാഹബന്ധത്തിൽ കലാശിച്ചുമില്ല. അവിഹിതമായി പിറന്നവളാണെങ്കിലും അവൾക്ക് ജീവിക്കാൻ ഒരു തുണയുണ്ടായിരുന്നു. അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതോടെ ഫ്ലോറ അവഗണനയുടെയും ദാരിദ്ര്യത്തിന്‍റെയും കയ്പറിഞ്ഞു. ഫ്ലോറ ട്രിസ്റ്റാന്‍റെ വിപ്ലവവ്യക്തിത്വം രൂപപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതിനാണ് ഇത്രയും വിശദമായി അവളുടെ ബാല്യകാലാനുഭവം വിവരിക്കേണ്ടിവന്നത്. ജീവിതത്തിൽ നേരിടേണ്ടി വന്ന വിവേചനവും ചൂഷണവും ഫ്ലോറയുടെ മനസ്സിലുളവാക്കിയ മുറിവുകളാണ് ചൂഷണം ചെയ്യപ്പെടുന്നവർക്കും അവഗണിക്കപ്പെടുന്നവർക്കും വേണ്ടി ജീവിതം സമർപ്പിക്കാൻ അവൾക്കു പ്രേരണയായത്.

വർഗാസ് യോസയുടെ അതിഗംഭീരങ്ങളായ നോവലുകളുടെ ജനുസ്സിൽ വരുന്ന ഒരു നോവലല്ല പറുദീസയിലേക്കുള്ള വഴി. എന്നിരുന്നാലും അത്യന്തം മനോഹരമായ ആഖ്യാനമാണ് ഈ നോവലിന്റെ സവിശേഷത. 

ചരിത്രവനിത

   സ്ത്രീയുടെ വിമോചനത്തെ സാമൂഹ്യ പുരോഗതിയുടെ സൂചകമായി കണക്കാക്കിയ ആദ്യകാല ഫെമിനിസ്റ്റായിരുന്നു ഫ്ലോറ ട്രിസ്റ്റാൻ. ട്രിസ്റ്റാൻ ഫെമിനിസത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും മാതാവായിരുന്നു എന്ന് കരുതുന്നവർ ഏറെയാണ്. അസാധാരണമായ വ്യക്തിത്വത്തിനുടമയായിരുന്നു  അവർ. ഫ്ലോറ സെലൻസ്റ്റീൻ തെരേസ ഹെൻറീറ്റ ട്രിസ്റ്റാൻ ഇ മോസ്കോസൊ എന്നാണവരുടെ മുഴുവൻ പേര്. 1803 മുതൽ 1844 വരെയാണ് ജീവിതകാലം. ഫ്ലോറ ട്രിസ്റ്റാൻ എന്നാണ്  അവർ അറിയപ്പെട്ടിരുന്നത്. സ്ത്രീയുടെ അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് അധ്വാനവർഗ്ഗത്തിന്‍റെ അഭിവൃദ്ധിയിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ഇവർ വിശ്വസിച്ചു. ‘പെരിഗ്രൈനേഷൻ ഓഫ് ദ് പറയ ‘, ‘പ്രോമിനേഡ്സ് ഇൻ ലണ്ടൻ ‘, ‘ദ് വർക്കേഴ്സ് യൂണിയൻ ‘ എന്നീ ഗ്രന്ഥങ്ങൾ ഇവർ രചിച്ചിട്ടുണ്ട്.

നോവലിലെ ആദ്യ അധ്യായത്തിൽ, ഓക്സേറിലെ ഒരു തെരുവിലൂടെ നടക്കുമ്പോൾ ഒരുപറ്റം പെൺകുട്ടികൾ ചെറിയ ഒരു ചത്വരത്തിൽ ഒരു തരം കളിയിലേർപ്പെടുന്നത് ഫ്ലോറ കാണുന്നതായി വിവരിക്കുന്നുണ്ട്. അവർ പറുദീസയിലേക്കുള്ള വഴിയേത് എന്ന ഗെയിമാണ് കളിച്ചിരുന്നത്. പൊടുന്നനെ ഫ്ലോറയ്ക്ക് തന്‍റെ ബാല്യകാലം ഓർമ്മ വന്നു. അവളും ഇതേ കളിയിലേർപ്പെട്ടിരുന്നു. ‘പറുദീസയിലേക്കുള്ള വഴി ഇതാണോ?’ ‘അല്ല. അടുത്ത കോർണറിലാണ്. ’ ഇതാണ് കളിയുടെ രീതി. ഈ കളിയെക്കുറിച്ച് യോസ വിവരിക്കുന്നത് വെറുതെയല്ല. നോവലിന്‍റെ പ്രമേയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ കളിയുടെ തീം. ഫ്ലോറെയെ സംബന്ധിച്ച് പറുദീസ ചൂഷണങ്ങളിൽ നിന്നും അനീതിയിൽ നിന്നും മോചനമുള്ളയിടമാണ്.

 വർഗാസ് യോസയുടെ നോവലുകളിൽ ചിത്രകലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. യോസ വാക്കുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ഒരു വലിയ കലാകാരനാണ്. 

               Manau tupapau( Spirit of Dead watching)

അമ്മൂമ്മയും പേരക്കുട്ടിയും

ഒന്നിടവിട്ട അധ്യായങ്ങളിൽ ഫ്ലോറ ട്രിസ്റ്റാന്‍റെ ഫ്രാൻസിലെ ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുടെ ചെറുമകൻ പോൾ ഗോഗിന്‍റെ കലാസപര്യയുമാണ്  ‘പറുദീസയിലേക്കുള്ള വഴി ‘ എന്ന നോവലിൽ വർഗാസ് യോസ വിവരിക്കുന്നത്. വ്യക്തിത്വഘടനയിൽ  വലിയ അന്തരമുള്ള രണ്ടു ചരിത്രവ്യക്തിത്വങ്ങളെയാണ് ‘ദ് വേ ടു പാരഡൈസ് ‘ എന്ന നോവലിൽ യോസ അവതരിപ്പിക്കുന്നത്. എന്നാൽ ചില കാര്യങ്ങളിൽ ഇവർക്കിരുവർക്കും ചില സമാനതകൾ ഇല്ലാതെയില്ലതാനും.ഫ്ലോറ ട്രിസ്റ്റാൻ ഗോഗിന്‍റെ അമ്മൂമ്മയാണെങ്കിലും അവർ നേരിൽ കണ്ടിട്ടില്ല എന്നത് വിചിത്രമായൊരു പരമാർത്ഥമാണ്.അമ്മൂമ്മ ഫ്ലോറ ട്രിസ്റ്റാനും പേരക്കുട്ടി പോൾ ഗോഗിനും അവരുടെ ജീവിതലക്ഷ്യമെന്ന ഭ്രാന്താഭിനിവേശ (obsession)ത്തിന്‍റെ പിന്നാലെയാണ്. യാതൊന്നിനും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. രണ്ടു പേരും പറുദീസയിലേക്കുള്ള വഴി അവരുടേതായ നിലയിൽ അന്വേഷിക്കുകയാണ്. ഇരുവരും ശാരീരികമായ പീഡകളെ സഹിച്ചുകൊണ്ട് തങ്ങൾ നിലകൊള്ളുന്ന ആദർശത്തിനു വേണ്ടി ജീവിതം ബലികൊടുത്തു. പോളിന്‍റെ ജീവിതം കലയുടെ സാക്ഷാത്കാരത്തിനു സമർപ്പിച്ച ഒന്നായിരുന്നു. എന്നാൽ ആ വ്യക്തിത്വത്തിലെ ചില വൈരുധ്യങ്ങൾ അയാളുടെ ജനിതകഘടനയിൽ പതിഞ്ഞു കിടന്നിരുന്നതാണ്. രണ്ടുപേരും രണ്ടു തരത്തിലുള്ള യുട്ടോപ്യകളുടെ പിന്നാലെയാണ് പാഞ്ഞിരുന്നതെന്ന് എഫ്രെയ്ൻ ക്രിസ്റ്റൽ പറയുന്നുണ്ട്: ”The Way to Paradise is a novel about two kinds of utopia: an artistic one and a political one; but there is another sobering connection that unites the two tales to an even greater degree, namely, the consequences of sexual abuse."  The Cambridge companion to Mario Vargas Llosa.Editor: Efrain Kristal & John King.നോവലിൽ ചിത്രീകരിച്ചിട്ടുള്ള ഗോഗിന്‍റെ കലാപരമായ ആദർശം ഗോഗിന്‍റെയെന്നതിനെക്കാൾ വർഗാസ് യോസയുടെ കലയെസ്സംബന്ധിച്ചുള്ള കാഴ്ചപ്പാടിനോടാണ് കൂടുതൽ സാമീപ്യം പുലർത്തുന്നതെന്നും എഫ്രെയ്ൻ ക്രിസ്റ്റൽ നിരീക്ഷിക്കുന്നത് തള്ളിക്കളയാനാവില്ല.

വ്യക്തിത്വഘടനയിൽ വലിയ അന്തരമുള്ള രണ്ടു ചരിത്രവ്യക്തിത്വങ്ങളെയാണ് ‘ദ് വേ ടു പാരഡൈസ് ‘ എന്ന നോവലിൽ യോസ അവതരിപ്പിക്കുന്നത്.

 വർഗാസ് യോസ ചരിത്രവ്യക്തികളെ നോവലിൽ അവതരിപ്പിക്കുമ്പോൾ അവർക്ക് ഫിക്ഷണലായ അംശം കൂട്ടിച്ചേർത്തുകൊണ്ട് അധികമാനം നൽകുന്നു. ഫ്ലോറ ട്രിസ്റ്റാന്‍റെ ജീവിതം ഏതാണ്ട് അതേപടിയാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് പറയാം. എങ്കിലും വിശദാംശങ്ങളിൽ ഭാവന നൽകുന്ന സ്വാതന്ത്ര്യം യോസ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭർത്താവ് ആന്ദ്രേ ഫ്രാങ്സ്വ ചാസൽ ഒരു സെക്ഷ്വൽ പെർവെർട്ടായിരുന്നു. പോരെങ്കിൽ മുഴുക്കുടിയനും. ഫ്ലോറ അയാളെ പൊതുസമൂഹത്തിനുമുന്നിൽ തുറന്നു കാട്ടി. അപമാനിതനായ അയാൾ ഫ്ലോറയെ രഹസ്യമായി പിന്തുടർന്ന് വെടിയുതിർക്കുകയും പിൽക്കാലജീവിതം മുഴുവൻ നെഞ്ചിൽ വെടിയുണ്ടയുമായി അവർ ജീവിക്കുകയും ചെയ്തു. നോവലിൽ ഇതെല്ലാം അതേപടി ആവിഷ്കരിച്ചിരിക്കുന്നു. ആന്ദ്രേ ചാസലിന്‍റെ അതിക്രിയകൾ നിമിത്തം ഫ്ലോറയ്ക്ക് പുരുഷലൈംഗികതയോട് അറപ്പും ലൈംഗികമായ മരവിപ്പുമുണ്ടായിരുന്നു.ഒളിമ്പിയയുമായി ഫ്ലോറയ്ക്കുണ്ടായിരുന്ന സ്വവർഗ്ഗരതി ഒരു പക്ഷേ, ഫിക്ഷണലായ ചിത്രീകരണമാവാം. എന്തു തന്നെയായാലും യോസ അതൊക്കെ വഷളത്തമില്ലാതെ മനോഹരമായി ചിത്രീകരിക്കുന്നു.“Passing swallows of champagne from her own mouth to Flora's, Olympia helped her to undress. Confidently, Olympia undressed, too, and taking Flora in her arms, laid her on the bed, whispering tender words. After contemplating Flora intently and devoutly, she began to caress her. The pleasure she made you feel was great, Florita, truly great, once those first moments of confusion and wariness were past. She made you feel beautiful, desirable, young, womanly. Olympia showed you that there was no need to be frightened of sex or repulsed by it, that abandoning oneself to desire… “ P.344 ഫ്ലോറ ട്രിസ്റ്റാൻ തന്‍റെ മിഷനുമായി (mission)പാരീസിലൂടെ സഞ്ചരിക്കുമ്പോൾ യുവാവായ കാൾ മാർക്സിനെ കണ്ടുമുട്ടുന്നതായ ഒരു രംഗമുണ്ട് നോവലിൽ. ഇതിന് ചരിത്രപരമായ തെളിവുകളില്ല. യോസയുടെ സ്വതന്ത്രഭാവനയായിരിക്കണം ഇതിനു ഹേതു.

ഫ്ലോറ ട്രിസ്റ്റാന്‍റെ ജീവിതം ഏതാണ്ട് അതേപടിയാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് പറയാം. എങ്കിലും വിശദാംശങ്ങളിൽ ഭാവന നൽകുന്ന സ്വാതന്ത്ര്യം യോസ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

                                      paul gauguin

ഫ്രഞ്ച് പെയിന്‍ററും വാസ്തുശില്പിയും എഴുത്തുകാരനുമായിരുന്ന പോൾ ഗോഗിന്‍റെ കലാകാരനെന്ന നിലയിലുള്ള ചിത്രീകരണം നോവലിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളായി മാറുന്നു. പാരീസിൽ ഒരു സ്റ്റോക് ബ്രോക്കറായി ഉയർന്ന വരുമാനത്തിൽ ജീവിക്കുമ്പോഴാണ് സ്റ്റോക് മാർക്കറ്റ് തകർന്ന് പോൾ മറ്റു ജീവിതവൃത്തിയിലേക്കു പ്രവേശിക്കുന്നത്. ഒന്നും വിജയിക്കാതെ വന്ന പോൾ തന്‍റെ കലാവാസനയിൽ വിശ്വാസമർപ്പിച്ച് മുഴുവൻസമയ കലാകാരനായി മാറുന്നു. കാമിലെ പിസ്സാരൊയുമായുള്ള സൗഹൃദം പോളിന്‍റെ കലാജീവിതത്തിന് സഹായകമായി. പിസ്സാരൊ നിരവധി ചിത്രകാരന്മാരെ പോളിന് പരിചയപ്പെടുത്തി. മറ്റൊരു സുഹൃത്ത് എമിലി ഷുഫനെക്കർ പോളിനെ ചിത്രരചനയുടെ ലോകത്തേക്ക് ആനയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.  ബ്രിട്ടണിയിലും മാർട്ടിനിക്കിലും വച്ച് അവിടത്തെ ദേശവാസികളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും ചിത്രങ്ങളാണ് ഗോഗിൻ വരച്ചത്.ദക്ഷിണസമുദ്രത്തിലെ ദ്വീപുകളായ താഹിതിയിലും മാർക്വിസാസിലും പോളിന്‍റെ ജീവിതം അനാരോഗ്യം നിറഞ്ഞതും സാമ്പത്തികപ്രതിസന്ധികളിൽ പെട്ട് നട്ടംതിരിയുന്നതുമായിരുന്നു. വിൻസെന്റ് വാൻഗോഗിനെപ്പോലെ പോളിന്‍റെ മരണാനന്തരമാണ് ആ മനോഹര പെയിന്റിംഗുകൾ വിറ്റുപോയതും കലാകാരനെന്ന നിലയിൽ ശാശ്വത യശസ്സാർജ്ജിക്കുന്നതും. ചിത്രവ്യാപാരിയായ ആംബ്രോസ് പൊള്ളാഡ് പാരീസിൽ ഗോഗിൻ ചിത്രങ്ങളുടെ പ്രദർശനം നടത്തുകയും  ഗോഗിൻ എന്ന കലാകാരൻ ലോകപ്രസിദ്ധി നേടുകയും ചെയ്തു. ഇത്രയുമാണ് ഗോഗിൻ എന്ന മഹാകലാകരനെക്കുറിച്ചുള്ള ചരിത്രവസ്തുതകൾ.

ഒളിമ്പിയയുമായി ഫ്ലോറയ്ക്കുണ്ടായിരുന്ന സ്വവർഗ്ഗരതി ഒരു പക്ഷേ, ഫിക്ഷണലായ ചിത്രീകരണമാവാം. എന്തു തന്നെയായാലും യോസ അതൊക്കെ വഷളത്തമില്ലാതെ മനോഹരമായി ചിത്രീകരിക്കുന്നു.

                          Where do we come from ?

ദ് വേ ടു പാരഡൈസിനെ സമാകർഷകമാക്കുന്ന ഘടകം ഗോഗിന്‍റെ അരാജകത്വം നിറഞ്ഞ ജീവിതചിത്രീകരണവും ആ മഹാനായ ചിത്രകാരന്‍റെ പ്രശസ്തങ്ങളായ ചിത്രങ്ങളുടെ രചനാസന്ദർഭങ്ങളെ പുന:സൃഷ്ടിക്കുകയും ചെയ്യുന്നതിലെ സൗന്ദര്യമാണ്. വർഗാസ് യോസയ്ക്കു മാത്രം കഴിയുന്ന രചനാമാന്ത്രികതയാണ് ഈ നോവലിനെ ഒരു ക്ലാസ്സിക് രചനയാക്കിത്തീർക്കുന്നത്.പോൾ ഗോഗിൻ എന്ന ചരിത്രവ്യക്തിത്വത്തെ അതിന്‍റെ പരിമിതികളിൽ നിന്ന് മോചിപ്പിച്ച് ഒരു ഉന്നത കലാകാരന് അനുയോജ്യമായ തലത്തിലേക്ക് രൂപാന്തരപ്പെടുത്തി എന്നുള്ളതാണ് യോസയുടെ എഴുത്തിന്‍റെ ധനാത്മകവശം. ഫ്ലോറ ട്രിസ്റ്റാന്‍റെ ജീവിതയാത്ര വിവരിക്കുന്ന ഭാഗങ്ങൾ ആവർത്തനവും ചെടിപ്പും ഉളവാക്കുന്നുണ്ടെങ്കിലും ഫ്ലോറയുടെ വ്യക്തിത്വത്തെ സൂക്ഷ്മമായി അനാവരണം ചെയ്യുന്നതിൽ യോസ കൃതഹസ്തത കാണിച്ചിട്ടുണ്ട്. എന്നാൽ ഗോഗിന്‍റെ ദക്ഷിണസമുദ്ര ദ്വീപുകളിലെ വാസവും കലാസപര്യയും മറ്റൊരു എഴുത്തുകാരനും കഴിയാത്ത വിധം ചിത്രീകരിച്ചുകൊണ്ട് യോസ വായനക്കാരനെ അതിശയിപ്പിക്കുന്നു.

നാഗരികതയോടുള്ള കലാപം
    പത്തൊമ്പതാം നൂറ്റാണ്ടിലെ ബൂർഷ്വാസമൂഹത്തോടുള്ള കലഹമായിരുന്നു യൂറോപ്യൻ നാഗരികതയെ വെറുത്ത് ദക്ഷിണസമുദ്രത്തിലെ ദ്വീപുകളിൽ പോയി അവിടത്തെ മനുഷ്യരുടെ പ്രാകൃതമെന്നു വിളിക്കാവുന്ന ജീവിതത്തിലും സംസ്കാരത്തിലും മുഴുകി ജീവിക്കാൻ പോളിനെ പ്രേരിപ്പിക്കുന്നത്. നാഗരികത കലയുടെ നൈസർഗ്ഗികതയെ നശിപ്പിക്കും എന്നു പോൾ കരുതി. കത്തോലിക്ക പുരോഹിതന്മാരും പ്രൊട്ടസ്റ്റന്‍റ് മിനിസ്റ്റർമാരും ഫ്രഞ്ച് കൊളോണിയലിസ്റ്റുകളും ചൈനീസ് കച്ചവടക്കാരും ഒക്കെക്കൂടി താഹിതി ദ്വീപിന്‍റെ തനിമയെ ദുഷിപ്പിക്കുകയും തകർക്കുകയും ചെയ്തിരിക്കുന്നു എന്ന് ഗോഗിൻ മനസ്സിലാക്കി. കൊളോണിയൽ ശക്തികൾ നശിപ്പിക്കാത്ത മാർക്വിസാസ് ദ്വീപിലേക്ക് പോവേണ്ടത് പോളിന്‍റെ അടിയന്തര ആവശ്യമായി മാറി. കുറച്ചു പണം കൈയിൽ തടഞ്ഞപ്പോൾ തന്‍റെ പടിഞ്ഞാറൻ വസ്ത്രങ്ങളും ഗിത്താറും അക്കോർഡിയനും ക്യാൻവാസുകളും ബ്രഷും അഗ്നിക്കിരയാക്കി രക്തദാഹികളായ ദേവതകളുടെയും പച്ചകുത്തലിന്‍റെയും നരഭോജികളായ മനുഷ്യരുടെയും സ്ഥലമായ മാർക്വിസാസ് ദ്വീപിലേക്കു പോവുന്ന ഗോഗിനെ നാം കാണുന്നു.കൊളോണിയൽ മൂല്യങ്ങളെ വെറുത്ത പോൾ പക്ഷേ, ലൈംഗികമായ അരാജകതത്വം നിറഞ്ഞ ജീവിതമാണ് ദ്വീപിൽ നയിക്കുന്നത്. ഈ വൈരുധ്യം പോളിന്‍റെ കലാവ്യക്തിത്വവുമായി ബന്ധപ്പെടുത്തി മാത്രമേ അഴിച്ചെടുക്കാൻ കഴിയൂ. എങ്കിലും യൂറോപ്പിലെ നിയമങ്ങൾ വച്ച് താഹിതി പോലുള്ള ദ്വീപിലെ ലൈംഗികതയെ വിലയിരുത്തുന്നതിൽ അപാകതയുണ്ടെന്ന് ചില വിമർശകർ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാണ്. ഓരോ രാഷ്ട്രത്തിനും അതിന്‍റേതായ നിയമങ്ങളുണ്ട്. യൂറോപ്പിലായിരുന്നെങ്കിൽ പോൾ ലൈംഗികക്കുറ്റവാളിയായി സ്ഥാനപ്പെടുമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലാണെങ്കിൽ പോൾ പോക്സോ നിയമപ്രകാരം അഴിയെണ്ണുമായിരുന്നു. അനിയന്ത്രിതമായ മദ്യപാനവും ദാരിദ്ര്യവും പോളിന്‍റെ ആരോഗ്യം നശിപ്പിച്ചു. ഭ്രാന്തും ശാരീരികരോഗങ്ങളും മരണത്തിലേക്കു നയിക്കുന്നതിനു മുമ്പേ കാഴ്ച നഷ്ടപ്പെട്ട് ഒരു പ്രാകൃതനായിക്കഴിഞ്ഞിരുന്നു അയാൾ. ആഖ്യാതാവ് ഇവിടെ ഇടപെടുകയാണ്.  തൃതീയപുരുഷ ആഖ്യാനമാണ് നോവലിൽ ഏറെയുള്ളതെങ്കിലും ചില അവസരങ്ങളിൽ ദ്വിതീയപുരുഷ ആഖ്യാനം കേറിവരുന്നുണ്ട്. അങ്ങനെയൊന്ന് ഇവിടെ കൊടുക്കുന്നു. “What a cruel way of unleashing your anger on a poor dying savage, God, you shit. Had you, Paul, really been so bad in your fifty five years that you deserved to be punished like this?” p. 411 തന്‍റെ കഥാപാത്രത്തോട് താദാത്മ്യം (empathy)കാണിക്കുന്ന ആഖ്യാതാവിനെയാണ് നാം ഇവിടെ കാണുന്നത്. പോളിന് സിഫിലിസ് രോഗം ബാധിച്ചിരുന്നതായി നോവലിൽ വിവരിക്കുന്നുമുണ്ട്. പോളിന്‍റെ കിറുക്കുകൾ അതിന്‍റെ സൂക്ഷ്മാംശങ്ങളോടെ അവതരിപ്പിക്കുന്നതിൽ യോസ അസാധാരണമായ മികവാണ് പ്രദർശിപ്പിക്കുന്നത്. അനശ്വരനായ ഒരു കലാകാരന്‍റെ ജീവിതത്തിലെ ദുഷിച്ച വശങ്ങളെ യോസ ഒഴിവാക്കിയിട്ടില്ല. എങ്കിലും പോളിന് സിഫിലിസ് രോഗം ഉണ്ടായിരുന്നില്ലെന്ന് ശാസ്ത്രലോകം ഇന്ന് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു ജീവചരിത്രനോവലായ ‘ ദ് ഡ്രീം ഓഫ് ദ കെൽറ്റ് ‘ൽ ഐറിഷ് റിപ്പബ്ളിക്കൻ പോരാളിയും മനുഷ്യസ്നേഹിയുമായിരുന്ന റോജർ കെയ്സ്മെന്‍റിന്‍റെ വ്യക്തിത്വത്തിലെ കറുത്ത വശത്തെ യോസ വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല.

എന്നാൽ ഗോഗിന്‍റെ ദക്ഷിണസമുദ്ര ദ്വീപുകളിലെ വാസവും കലാസപര്യയും മറ്റൊരു എഴുത്തുകാരനും കഴിയാത്ത വിധം ചിത്രീകരിച്ചുകൊണ്ട് യോസ വായനക്കാരനെ അതിശയിപ്പിക്കുന്നു.

മാനൊ തുപാപൌ

    താഹിതിയൻ ചിത്രങ്ങൾ രൂപപ്പെടാനുണ്ടായ സന്ദർഭങ്ങളെ വരച്ചു ചേർത്തു കൊണ്ട് ഗോഗിൻ എന്ന കലാകാരന്‍റെ സർഗ്ഗസപര്യയെ പുന:സൃഷ്ടിക്കുന്നത് നോവലിലെ ഏറ്റവും ആകർഷകമായ ഭാഗമാണ്. സ്പിരിറ്റ് ഓഫ് ദ് ഡെഡ് വാച്ചിംഗ് (Manao tupapau) എന്ന ചിത്രരചനയുടെ സാഹചര്യവും സന്ദർഭവും നോവലിൽ വർണ്ണിക്കുന്നുണ്ട്.താഹിതി ദ്വീപിൽ തേഹഅമാന എന്ന കൗമാരപ്രായക്കാരിയുമായി പോൾ ഒന്നിച്ചു ജീവിക്കുന്നു. അവളോടൊത്തുള്ള ജീവിതം പോളിലെ കലാകാരനിൽ ഉണർത്തിയ പ്രചോദനങ്ങൾ പല പ്രസിദ്ധങ്ങളായ പെയിന്റിംഗുകൾക്കു നിമിത്തമായി. നഗ്നയായ താഹിതിയൻ പെൺകുട്ടി കിടക്കയിൽ പുറംതിരിഞ്ഞ് കിടക്കുന്ന ഓയിൽ ക്യാൻവാസ് പെയിന്‍റിങ്ങാണ് ‘മാനൊ തുപാപൊ ‘(Manao tupapau) താഹിതിയൻ സംസ്കാരത്തിൽ തുപാപൊ എന്ന വാക്കിന് പ്രേതം അഥവാ മായാരൂപം എന്നൊക്കെയാണർത്ഥം. ചിത്രത്തിൽ, ഒരു വൃദ്ധയായ സ്‌ത്രീ അവളുടെ പിന്നിൽ ഇരിക്കുന്നുണ്ട്. ഒന്നുകിൽ ശയിക്കുന്ന പെൺകുട്ടി പ്രേതത്തെ സങ്കൽപ്പിക്കുന്നതാവാം. അല്ലെങ്കിൽ പ്രേതം നഗ്നയായ പെൺകുട്ടിയെക്കുറിച്ച് വിഭാവനം ചെയ്യുന്നതാവാം. ഈ ചിത്രത്തിന് പ്രചോദനമായ യഥാർത്ഥ സംഭവം നോവലിൽ വിവരിക്കുന്നത് യോസയുടെ രചനാപാടവത്തെ വ്യക്തമാക്കുന്നു.

ഗോഗിൻ താഹിതിയിലുള്ള തേഹഅമാനയുടെ കുടിലിനുള്ളിലേക്ക് അവിചാരിതമായി പ്രവേശിക്കുന്നു. അയാൾ പോക്കറ്റിൽ നിന്ന് തീപ്പെട്ടി എടുത്ത് ഒരു കൊള്ളി ഉരച്ചു. വിരലുകൾക്കിടയിൽ ഉയർന്ന നീലയും മഞ്ഞയും കലർന്ന ജ്വാലയിൽ പോൾ ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ച കണ്ടു. താഹിതിയിലെ ജീവിതത്തിനിടയിൽ തനിക്കുണ്ടായ അത്യപൂർവ്വവും ദർശനാത്മകവുമായ നിമിഷങ്ങളിലൊന്നായി ആ കാഴ്ച പോളിന്‍റെ ഓർമ്മയിൽ തിളങ്ങി നിന്നു. ദക്ഷിണസമുദ്രദ്വീപസമൂഹങ്ങളിൽ താൻ തേടി വന്ന കാര്യം - യൂറോപ്യൻ നാഗരികതയിൽ നഷ്ടപ്പെട്ടു പോയതിനാൽ, അവിടെയൊരിക്കലും കണ്ടെത്താനാവാത്ത കാര്യം - ഏതാനും നിമിഷത്തേക്കെങ്കിലും അനുഭവിക്കാനും അതിൽ മുഴുകാനും സാധിച്ച നിമിഷമായിരുന്നു അത്.

ദ് വേ ടു പാരഡൈസിനെ സമാകർഷകമാക്കുന്ന ഘടകം ഗോഗിന്‍റെ അരാജകത്വം നിറഞ്ഞ ജീവിതചിത്രീകരണവും ആ മഹാനായ ചിത്രകാരന്റെ പ്രശസ്തങ്ങളായ ചിത്രങ്ങളുടെ രചനാസന്ദർഭങ്ങളെ പുന:സൃഷ്ടിക്കുകയും ചെയ്യുന്നതിലെ സൗന്ദര്യമാണ്.

Garden in vaugirard-paul gauguin 

“തറയിലെ മെത്തയിൽ, നഗ്നയായി, കമിഴ്ന്ന് കിടന്ന്, വർത്തുളമായ നിതംബം ഉയർത്തിയും നടുഭാഗം അല്പം വളച്ചും അവന്‍റെ നേർക്ക് പാതി തിരിഞ്ഞു കിടന്ന തേഹഅമാന അവനെത്തന്നെ ഉറ്റുനോക്കി, മൃഗസമാനമായ ഭീതിയുടെ ഭാവം അവളുടെ കണ്ണുകളിലും വായയിലും മൂക്കിലും ഒരു മുഖം മൂടി പോലെ ഉറച്ചു പോയിരുന്നു.” പുറം. 20.
     യൂറോപ്യൻ നാഗരികതയുടെ ആത്മാവില്ലാത്ത പ്രത്യക്ഷങ്ങളോടുള്ള കലഹമായിരുന്നു പോൾ ഗോഗിന്‍റെ ജീവിതം. ഫ്ലോറ ട്രിസ്റ്റാന്‍റെ കലഹബുദ്ധിയും സമരവീര്യവും ഒരളവുവരെ പോളിലും ഉണ്ടായിരുന്നു. രണ്ടും രണ്ടു വഴിക്കാണെന്നു മാത്രം. നോവലിൽ പോൾ പറയുന്ന വാക്കുകൾ വായിക്കാം:” To truly paint we must shake off our civilized selves and call forth the savage inside “P.23.പോളിനെ ഒരു സാവേജ് തന്നെയായിട്ടാണ് നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്.

നെവർമോർ
      പഹുരയിൽ ഒരു കുട്ടി ജനിച്ച സന്തോഷത്തിൽ പിയറി ലെവർഗോസുമൊത്ത് മദ്യം നുണഞ്ഞ് അത് ആഘോഷിക്കുന്ന വേളയിൽ ഗോഗിൻ ഒരു       ബലിക്കാക്കയെ (raven) കണ്ട വിവരം പറയുന്നു. പിയറി അത് തള്ളിക്കളയുന്നു. കാരണം താഹിതി ദ്വീപിലോ ചുറ്റുമുള്ള ദ്വീപുകളിലോ ബലിക്കാക്കകളില്ല. ബലിക്കാക്ക അശുഭ സൂചകമായ പക്ഷിയാണ്. അതൊരു ബലിക്കാക്കയാണെന്ന് പോൾ ഉറപ്പിച്ചു പറയുന്നു.  എന്തായാലും പഹുരയുടെ കുട്ടി അടുത്ത ദിവസം മരിക്കുന്നു. റൂ ദെ റോമിലുള്ള ഭവനത്തിൽ വച്ച് തനിക്കു നൽകിയ ഒരു യാത്രയയപ്പിൽ കവി സ്റ്റീഫൻ മല്ലാർമെ എഡ്ഗാർ അലൻ പോവിന്‍റെ Raven എന്ന കവിത ചൊല്ലിയത് പോളിന്‍റെ മനസ്സിൽ കിടപ്പുണ്ട്.ആ കവിത ഗോഗിന്‍റെ മജ്ജയോളം തറഞ്ഞിറങ്ങിയിരുന്നു. റേയ്‌വന്‍റെ ഓരോ ശീലി (stanza )ലും nevermore എന്ന റിഫ്രെയ്ൻ (refrain) ആവർത്തിച്ചു.ബലിക്കാക്ക മരണത്തിന്‍റെയും ദുശകുനത്തിന്‍റെയും ഭയാനകമായ ബിംബമായി 

പോളിന്‍റെ കിറുക്കുകൾ അതിന്‍റെ സൂക്ഷ്മാംശങ്ങളോടെ അവതരിപ്പിക്കുന്നതിൽ യോസ അസാധാരണമായ മികവാണ് പ്രദർശിപ്പിക്കുന്നത്. അനശ്വരനായ ഒരു കലാകാരന്‍റെ ജീവിതത്തിലെ ദുഷിച്ച വശങ്ങളെ യോസ ഒഴിവാക്കിയിട്ടില്ല.

 പഹുരയുടെ മരിച്ച കുട്ടിയുടെ ചിത്രം വരച്ചിട്ട് തൃപ്തനാകാതെ നിരാശനായി ബോധം കെടുന്നതുവരെ മദ്യപിക്കുന്നതിനായി കിടപ്പുമുറിക്കു കുറുകെ കടന്ന് മുൻവാതിലിനും മദ്യം നിറച്ച പീപ്പയ്ക്കും നേർക്കു നടക്കുമ്പോൾ പഹുര നഗ്നയായി ഒരു വശത്തേക്കു ചരിഞ്ഞു കിടക്കുന്നത് അവൻ കണ്ടു. ചുവരിലെ ചതുരാകൃതിയിലുള്ള ദ്വാരത്തിലൂടെ ഇരുണ്ട് നീലാഭമായ ആകാശത്ത് ആദ്യനക്ഷത്രങ്ങൾ തിളങ്ങുന്നതിലേക്കായിരുന്നു അവളുടെ നോട്ടം.എന്നിട്ട് ശാന്തമായ ഒരു പക്ഷേ, വൈരസ്യമാർന്ന ആ നോട്ടം ആകാശത്തിനു നേർക്ക് തിരിഞ്ഞു. പഹുരയുടെ ആ സ്ഥായിയായ നിസ്സംഗഭാവത്തിൽ എന്തോ നിഗൂഢതയുണ്ടായിരുന്നു. അവൻ അവളുടെ അടുത്തേക്കു ചെന്ന് നിരീക്ഷിച്ചു കൊണ്ടു നിന്നു. അപ്പോൾ അവന് വരാനിരിക്കുന്ന എന്തിന്‍റെയോ ദു:സൂചന കിട്ടി. നെവർമോർ(nevermore) എന്ന ചിത്രത്തിന്‍റെ രചനയുടെ സന്ദർഭമാണ് മുകളിൽ വിവരിച്ചിട്ടുള്ളത്. പുറം 170.വശം ചരിഞ്ഞു കിടക്കുന്ന പഹുരയുടെ പിന്നിൽ ഒരു ബലിക്കാക്കയെ കാണാം. രണ്ട് അവ്യക്തരൂപികളായ മനുഷ്യരെയും പശ്ചാത്തലത്തിൽ കാണാം. നോവലിലെ ആഖ്യാതാവ് പോളിനോടു പറയുന്നുണ്ട്. ‘താഹിതി ദ്വീപിൽ ഈ നിമിഷത്തിനു വേണ്ടി മാത്രം, അലൻ പോ ( Poe ) എഴുതിയ കവിതയായിരുന്നു കോക്കെ, അത് !’ പോളിന്‍റെ ഇരട്ടപ്പേരായിരുന്നു കോക്കെ (koke) എന്നത്. നെവർമോർ എന്ന പെയിന്‍റിങ്ങിന് മാനൊ തുപാപൊ എന്ന ചിത്രത്തോടുള്ള സമാനത പ്രസ്താവ്യമാണ്.

   വർഗാസ് യോസയുടെ നോവലുകളിൽ ചിത്രകലയ്ക്ക് വലിയ പ്രാധാന്യമുണ്ട്.  യോസ വാക്കുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ഒരു വലിയ കലാകാരനാണ്. ചിത്രകലയും സംഗീതവും തന്‍റെ രചനകളുടെ പ്രമേയത്തെ സ്വാധീനിക്കാൻ അനുവദിച്ചുകൊണ്ട് യോസ വിസ്മയം സൃഷ്ടിക്കാറുണ്ട്. ‘ഇൻ പ്രെയ്സ് ഓഫ് ദ് സ്റ്റെപ്മദറി’ൽ പെയിന്റിംഗിനുള്ള സ്ഥാനം സുവിദിതമാണല്ലോ. ‘ദ് നോട്ബുക്സ് ഓഫ് ഡോൺ റിഗൊബർതൊ ‘ എന്ന നോവലിലും ചിത്രകലയുടെ സങ്കേതങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇഗോൺ ഷിലെ എന്ന ചിത്രകാരന്‍റെ രചനകളെ ആധാരമാക്കി രതിജന്യമായ ഭാവനയുടെ പരകോടിയിലെത്തിക്കുന്നുണ്ട് നോട്ട്ബുക്കിൽ. യോസയുടെ ഏറ്റവും ഒടുവിലത്തെ രചനയായ I give you my silence എന്ന നോവലിൽ പെറൂവിയൻ സംഗീതപാരമ്പര്യത്തിന് നൽകുന്ന ഒരു നീരാജനമായി മാറുന്നുണ്ട്.

 യൂറോപ്യൻ നാഗരികതയുടെ ആത്മാവില്ലാത്ത പ്രത്യക്ഷങ്ങളോടുള്ള കലഹമായിരുന്നു പോൾ ഗോഗിന്‍റെ ജീവിതം.

                           nevermore-paul gauguin

വർഗാസ് യോസയുടെ അതിഗംഭീരങ്ങളായ നോവലുകളുടെ ജനുസ്സിൽ വരുന്ന ഒരു നോവലല്ല പറുദീസയിലേക്കുള്ള വഴി. എന്നിരുന്നാലും അത്യന്തം മനോഹരമായ ആഖ്യാനമാണ് ഈ നോവലിന്‍റെ സവിശേഷത. ജീവചരിത്രമെന്ന് തോന്നിപ്പിക്കുന്ന വിവരണമാണ് നോവലിലുള്ളത് എന്നും ഫ്ലോറ ട്രിസ്റ്റാന്‍റെ മിഷൻ വിവരിക്കുന്ന ഭാഗത്ത് ആവർത്തനമുണ്ടാകുന്നു, സംഭാഷണങ്ങളുടെ സാധ്യതകളെ വേണ്ടത്ര ചൂഷണം ചെയ്യുന്നില്ല എന്നൊക്കെയുള്ള വിമർശനം ഉന്നയിക്കാമെങ്കിലും നോവൽ ഘടനയുടെ സൂക്ഷ്മതലപാരായണം അത്തരം വിമർശനങ്ങളുടെ സാധുതയെ നിരാകരിക്കുന്നതിനാണ് ആവർത്തിച്ചുള്ള വായനാനുഭവം എനിക്കു പ്രേരണ നൽകിയിട്ടുള്ളത്.“ഗോഗിന്‍റെ അന്ത്യകാലത്തെക്കുറിച്ചുള്ള വർഗാസ് യോസയുടെ ഭാവനാപൂർണ്ണമായ ആഖ്യാനം, ആ വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച സാഹിത്യസൃഷ്ടികളിലൊന്നായിരിക്കും." എന്ന് ദ് ഒബ്സെർവറി (The Observer) ലെ ലേഖിക അമൻഡ ഹോപ്കിൻസൺ പറയുന്നത് സർവ്വാത്മനാ വരവേൽക്കാനാണ് ഇതെഴുതുന്നയാൾക്കിഷ്ടം.
മരിയൊ വർഗാസ് യോസ പെറുവിലെ അരെക്വിപ്പയിൽ ജനിച്ചു. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം 2010 ൽ ലഭിച്ചു. ലാറ്റിനമേരിക്കൻ ബൂമിന്‍റെ പ്രോദ്ഘടകനായ ഈ മഹാപ്രതിഭ 2025 ഏപ്രിലിൽ അന്തരിച്ചു.


Comments
* The email will not be published on the website.