കവിത, അജ്ഞാതരായ വായനക്കാരെ കാത്തിരിക്കുന്നു

ഓപ്പണ്‍ ഫോറം
കളത്തറ ഗോപൻ
        

90 കൾക്ക് ശേഷം പുതുകവിതയിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടായി. അതിന് പ്രധാനപ്പെട്ട കാരണം സോഷ്യൽ മിഡിയയുടെ വരവാണ്. അതുവഴി രൂപപ്പെട്ട ഒരു ഭാവുകത്വം പുതുകവിതയിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കി.നിർഭാഗ്യവശാൽ അത്തരം കവിതകൾ വായനപരിസരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോയെന്നത് സംശമാണെങ്കിലും.ഗദ്യ കവിത ഇപ്പോൾ ജനകീയമാണ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കവിത എങ്ങും വായിക്കാനാകുന്നുണ്ട്. സോഷ്യൽ മീഡിയ പ്രത്യേകിച്ചും fb വഴി ധാരാളം പേർ എഴുതുന്നുണ്ട്. ആ എഴുത്തുകളെല്ലാം കവിതയാകുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലായെന്നാണ് അനുഭവം കാവ്യാനുശീലനമില്ലാത്തതാണ് പ്രധാനകാരണം. കവിതാ സമാഹാരങ്ങളുടെ നിരന്തരവായന കൊണ്ട് മാത്രമേ ഇത് മറികടക്കാൻ സാധിക്കുകയുള്ളൂ. ആയിരം കോപ്പികളെങ്കിലും വിറ്റുപോകുന്ന കവിതാ സമാഹാരങ്ങളില്ല. മിക്കവരും ഒന്നും ഒരു മുറിയും എവിടെയെങ്കിലും വായിച്ചിട്ട് ഇവൻ / ഇവൾ കവിയല്ല എന്നു പറയുന്നതും ഉചിതമല്ല.

ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു കവി ഒരേസമയം ആധുനികനുമാണ് പോസ്റ്റ്മോഡേണിസ്റ്റുമാണ്. അതുപോലെ പോസ്റ്റ്ട്രൂത്തുമാണ്, പോസ്റ്റുഹ്യൂമനുമാണ്. 

മികച്ച കവിതകൾ പലതും fb യിലും പ്രിൻ്റിലും വരുന്നുണ്ട്.പക്ഷേ അവയിൽ പലതും വായനക്കാരുടെ കയ്യിൽ എത്തുന്നില്ല. fbയിലെ അൽഗോരിതം ഒരു പ്രശ്‌നമാണ്. മറ്റൊരു കാര്യം പക്ഷപാതിത്വമാണ്. മുഖ്യധാരാ മാസികയിലും കുറച്ചു കവിതകളെ അച്ചടിക്കുന്നുള്ളൂ. കവിതകളുടെ ബാഹുല്യം പ്രിൻ്റിനെ നന്നായി ബാധിച്ചിട്ടുണ്ട്. അയച്ചു കിട്ടുന്ന കവിതകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുകയെന്നത് വളരെ ദുഷ്‌ക്കരമാണ്. എങ്കിലും കുറച്ചു പ്രസിദ്ധീകരണമെങ്കിലും മികച്ച കവിതകൾ അച്ചടിക്കുന്നുണ്ട്. കുറച്ചു നിരൂപകരെങ്കിലും കവിതയെ ഗൗരവമായ് കാണുന്നുണ്ട്. എന്നിരുന്നാലും മികച്ച കവിതകൾ പലതും ആരും കാണാതെയും വായിക്കാതെയും ചർച്ച ചെയ്യാതെയും പോകുന്നു. പിന്നെ എപ്പോഴാണ് കവിതകൾ വായിക്കപ്പെടുന്നത് അത് കവിതാസമാഹാരാമായി പ്രസിദ്ധീകരിക്കുമ്പോഴാണ്. പക്ഷേ അപ്പൊഴും മികച്ച കവിതകൾ പലതും വായനക്കാരുടെ കണ്ണിൽപ്പെട്ടെന്നു വരില്ല. കവിതാ സമാഹാരം ആരും വാങ്ങില്ല. fbയിൽ ഉണ്ടല്ലോ പിന്നെ വായിക്കാം എന്നു നീട്ടിവയ്ക്കും. ഇങ്ങനെ മികച്ച കവിതകൾ പലപ്പൊഴും മറഞ്ഞിരിക്കുന്നു. അങ്ങനെ കവിതയിപ്പോഴില്ല, കവികൾ ഇല്ല എന്നു പറഞ്ഞു ഒരു കൂട്ടർ കവിതയെ കുറ്റം പറഞ്ഞ് നടക്കുന്നുണ്ട്. ചില പത്രാധിപർ പാരമ്പര്യ കവിതകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതും അവയ്ക്ക് കൂടുതൽ സ്പേയ്സ് അനുവദിക്കുന്നതും ഈയിടെ കൂടി വരുന്നുണ്ട്. അങ്ങനെ കവിതകൾ അച്ചടിച്ചുവരുമ്പോൾ കവിത പാരമ്പര്യത്തിൻ്റെ വഴിയിലാണെന്നും കവിതയിൽ പുതുഭാവുകത്വം ഉണ്ടാകുന്നില്ലെന്നും പുതുവായനക്കാർ സംശയിക്കുന്നു. അവരും പാരമ്പര്യത്തിൻ്റെ വഴിയേ പോകാൻ നിർബന്ധിതരാകുന്നു.

 ചില പത്രാധിപർ പാരമ്പര്യ കവിതകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതും അവയ്ക്ക് കൂടുതൽ സ്പേയ്സ് അനുവദിക്കുന്നതും ഈയിടെ കൂടി വരുന്നുണ്ട്. അങ്ങനെ കവിതകൾ അച്ചടിച്ചുവരുമ്പോൾ കവിത പാരമ്പര്യത്തിൻ്റെ വഴിയിലാണെന്നും കവിതയിൽ പുതുഭാവുകത്വം ഉണ്ടാകുന്നില്ലെന്നും പുതുവായനക്കാർ സംശയിക്കുന്നു.

ഒരു കവിക്ക് എല്ലാ കാലത്തിലൂടെയും പോകേണ്ടതുണ്ടോ? അല്ലെങ്കിൽ എല്ലാ ഭാവുകത്വത്തിലും ഉള്ള കവിതകൾ എഴുതേണ്ടതുണ്ടോ? ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു കവി ഒരേസമയം ആധുനികനുമാണ് പോസ്റ്റ്മോഡേണിസ്റ്റുമാണ്. അതുപോലെ പോസ്റ്റ്ട്രൂത്തുമാണ്, പോസ്റ്റുഹ്യൂമനുമാണ്. ഏതു കാലഘട്ടം ആണ് നമ്മുടെ കവിതയിൽ വരേണ്ടത് എന്ന് സംശയമുണ്ടാകാം. ചിലപ്പോൾ കവിതകളിൽ കുഴഞ്ഞുമറിഞ്ഞ ഒരു ഭാവുകത്വം ഉണ്ടാകാം. പക്ഷേ നമ്മുടെ പുതുകവിതയിൽ വർത്തമാനകാലം വളരെയധികം അടയാളപ്പെട്ടു കിടക്കുന്നു.വർത്തമാനകാലത്തെഅടയാളപ്പെടുത്തുമ്പോഴാണ് കവിതയിലും,കവിതയുടെ വായനയിലും നൈരന്തര്യം സംഭവിക്കുന്നത് . അത്തരം കവിതകൾ കണ്ടെടുക്കുന്നതില്‍ നിരൂപകർക്ക് വളരെയധികം പങ്കുണ്ട്.

പഴയ ഭാവുകത്വത്തിൽ കോൺക്രീറ്റ് പോയ വായനക്കാരെ പുതുഭാവുകത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ സാഹിത്യോത്സവങ്ങൾക്ക്നിർണ്ണായമായ പങ്കുണ്ട്. ഒരുപാട് സാഹിത്യേത്‌സവങ്ങൾ നടക്കുന്നുമുണ്ട്. നിർഭാഗ്യവശാൽ ഇത്തരം ഇവൻ്റുകളിൽ പങ്കെടുത്തവർ തന്നെ എപ്പോഴും  പങ്കെടുത്തു കൊണ്ടിരിക്കുന്നു. കോൺക്രീറ്റ് ആയ കവിതാസങ്കല്പങ്ങൾ മുന്നോട്ടു വയ്ക്കുന്നു.അപ്പോൾ ഇന്നെഴുതുന്ന മികച്ച കവിതകൾ അല്ലങ്കിൽ പുതുഭാവുകത്വമുള്ള കവിതകൾ വായനക്കാരുടെ ശ്രദ്ധയിലേക്ക് വരില്ല. അന്തരാഷ്ട്രഫിലിം ഫെസ്റ്റുവലുകളിലൂടെ സിനിമ കൈവരിച്ച നേട്ടങ്ങൾ നമ്മുടെ മുന്നിലുണ്ട്. സിനിമാ സാക്ഷരതയുണ്ടായതു പോലെ ഒരു കവിതാ സാക്ഷരതയുണ്ടായി വരേണ്ടതുണ്ട്.വായനക്കാരുടെ ശ്രദ്ധ വരുന്ന മറ്റൊരു മേഖല കവിതാ അവാർഡുകളാണ്. ഒരു അവാർഡ് കിട്ടുമ്പോൾ പുസ്തകം കൂടുതൽ ശ്രദ്ധയിലേക്ക് വരും. പക്ഷേ പരസ്പര സഹായസഹകരണസംഘങ്ങളായി പ്രവർത്തിച്ചാൽ മികച്ച കവിതാ സമാഹാരത്തിന് എങ്ങനെ അവാർഡ് ലഭിക്കാനാണ്. അക്കാദമി അവാർഡ് പോലും മികച്ച കവിതാ സമാഹാരങ്ങൾക്കല്ല മിക്കവാറും കൊടുക്കുന്നത്.

പഴയ ഭാവുകത്വത്തിൽ കോൺക്രീറ്റ് പോയ വായനക്കാരെ പുതുഭാവുകത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ സാഹിത്യോത്സവങ്ങൾക്ക്നിർണ്ണായമായ പങ്കുണ്ട്. ഒരുപാട് സാഹിത്യേത്‌സവങ്ങൾ നടക്കുന്നുമുണ്ട്. നിർഭാഗ്യവശാൽ ഇത്തരം ഇവൻ്റുകളിൽ പങ്കെടുത്തവർ തന്നെ എപ്പോഴും പങ്കെടുത്തു കൊണ്ടിരിക്കുന്നു. 

 എണീറ്റ് നടക്കാൻ പാങ്ങുള്ള കാലത്ത് അവാർഡ് കിട്ടുകയില്ല. എല്ലാ അവാർഡിൻ്റെയും കാര്യത്തിലല്ല. ചുരുക്കത്തിൽ പ്രച്ഛന്ന കവിതകളിൽ നിന്ന്യഥാർത്ഥ കവിത കണ്ടെടുക്കുകയെന്നത് വളരെയേറെ പ്രയാസമുള്ള കാര്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കവിതയെ സ്നേഹിക്കുന്ന  (ന്യൂനപക്ഷമാണെങ്കിലും) വായനക്കാർ ഉണ്ടെന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു. അവരിൽ ഒരാൾ കവിതയെ കണ്ടെടുത്താൽ മതിയല്ലോ. അതു പിന്നെ ചിറകുവിടർത്തി പറക്കാൻ.


Comments
* The email will not be published on the website.