നിഗൂഢതയുടെ സൗന്ദര്യം

ക്ലാസിക് കഫേ - 5

ബെന്നി ഡൊമിനിക്
        
‘It is mystery I love and pursue‘ - Hermann Hesse

വർഷങ്ങൾക്കു മുമ്പാണ് ഹെസ്സെയുടെ നാർസിസ്സസ് ആൻഡ് ഗോൾഡ്മൂണ്ട് എന്ന നോവൽ വായിച്ചത്. നോവൽ രണ്ടാമതും വായിക്കാനെടുത്തപ്പോൾ ആദ്യവായന അവശേഷിപ്പിച്ച ഓർമ്മകളുടെ മങ്ങൂഴത്തിൽ - ‘ഒരമലസ്വപ്നം പോലെ മറഞ്ഞൂ മങ്ങൂഴത്തിൽ ‘എന്ന് വൈലോപ്പിള്ളി - അന്നനുഭവിച്ച പ്രകമ്പനങ്ങളുടെ മാറ്റൊലി ഏറെയുണ്ടായിരുന്നില്ല. ഉള്ളിൽ അവിടവിടെയായി മിന്നിമറയുന്ന ചില സ്മൃതിചിത്രങ്ങൾ മനോരഥത്തിലൂടെ ഇടമുറിഞ്ഞു പോവുന്ന ഒരു ഘോഷയാത്ര പോലെ കടന്നുപോയി. യാത്രയുടെ പകിട്ടുകൾ ഒന്നും സ്ഥായിയായി നിൽക്കുന്നില്ല. ശ്ലഥചിത്രങ്ങളുടെ പ്രദർശനശാല പോലായിരുന്നു ഇരുണ്ട് ഘനീഭൂതമായ വിസ്മൃതിയുടെ പാളികൾക്കിടയിൽ നിന്ന് തല നീട്ടുന്ന ഓർമ്മയുടെ ശകലങ്ങൾ. നടാടെ വായിക്കുകയാണോ എന്ന്  സന്ദേഹപ്പെട്ടുകൊണ്ടും  മുൻപെങ്ങും ഇതിലെ ഭൂഭാഗങ്ങളെ കണ്ടതായി ഓർമ്മിക്കുന്നില്ലല്ലോ എന്ന് കൗതുകപ്പെട്ടുകൊണ്ടും വായന തുടർന്നു. മാരിയബ്രോൺ സംന്യാസി മഠത്തിന്‍റെ വഴിയരുകിൽ വ്രതനിഷ്ഠകളോടെ നിന്നിരുന്ന ചെസ്റ്റ്നട്ട് മരവും അന്നത്തെ രൂപഭാവങ്ങളൊന്നും ശേഷിപ്പിക്കാതെ പരിണാമിയായിത്തീർന്നു. ഈ ആശ്രമത്തിലാണല്ലോ നന്നേ ചെറുപ്രായത്തിൽ, ഗോൾഡ്മൂണ്ടിനെ അവന്‍റപ്പൻ സംന്യാസ വ്രതം സ്വീകരിക്കാൻ കൊണ്ടാക്കിയത്.   കുട്ടിയായിരുക്കുമ്പോൾത്തന്നെ അവന്‍റെ അമ്മ  അവനെ ഉപേക്ഷിച്ചുപോകുന്നു.അമ്മയുടെ പാപങ്ങൾക്ക് പരിഹാരമായി മകൻ വിശുദ്ധിയുടെ മാർഗ്ഗത്തിൽ ചരിക്കട്ടെ എന്ന് ആ പിതാവ് കരുതിയതിൽ എന്തെങ്കിലും കാവ്യനീതിയുണ്ടോ എന്ന് ഇപ്പോൾ അത്ഭുതപ്പെടുന്നു !

മനുഷ്യജീവിതത്തിന്‍റെ ആത്യന്തികമായ അർത്ഥമെന്താണ് എന്ന ചോദ്യമാണ് ഹെസ്സെയുടെ കൃതികളിൽ നിന്നുയരുന്നത്. നാസി തടവറയുടെ പശ്ചാത്തലത്തിൽ വച്ച് വിക്തോർ ഫ്രാങ്ക്‌ലിനെപ്പോലുള്ളവർ ചിന്തിച്ചതും അതു തന്നെയാണല്ലോ.

        ഹെസ്സെയുടെ നോവലുകളിലേക്ക് ഒരാൾ ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാവാം എന്ന് ഇക്കുറി ആലോചിച്ചു. അതിന്‍റെ തത്ത്വചിന്താപരമായ ഔന്നത്യം കൊണ്ടായിരിക്കുമോ? മനുഷ്യജീവിതത്തിന്‍റെ ആത്യന്തികമായ അർത്ഥമെന്താണ് എന്ന ചോദ്യമാണ് ഹെസ്സെയുടെ കൃതികളിൽ നിന്നുയരുന്നത്. നാസി തടവറയുടെ പശ്ചാത്തലത്തിൽ വച്ച് വിക്തോർ ഫ്രാങ്ക്‌ലിനെപ്പോലുള്ളവർ ചിന്തിച്ചതും അതു തന്നെയാണല്ലോ. ജീവിതത്തിന് അർത്ഥമുണ്ടെന്ന ചിന്ത അതിജീവനത്തിന് പ്രേരിപ്പിക്കും. രണ്ട് വിപരീതോർജ്ജങ്ങളിൽ നിന്നുയരുന്ന സംഘർഷങ്ങളാണ് ഹെസ്സെയുടെ സാഹിത്യകലയുടെ ജീവൻ. ആത്മീയതയിലും ബൗദ്ധികതയിലും ആത്മനിയന്ത്രണത്തിലും അധിഷ്ഠിതമായ ഒരു ജീവനകലയാണ് ഒന്നാമത്തേത്. രണ്ടാമത്തേതിൽ കല, സൗന്ദര്യോപാസന, ഇന്ദ്രിയപരത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളോട്  ചായ്‌വുള്ള യഥാർത്ഥ ജീവിതം. ഈ രണ്ട് മനോഭാവങ്ങൾ തമ്മിലുള്ള ഉരസൽ ഹെസ്സെയുടെ നോവലുകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നത് കാണാം. സ്റ്റെപെൻവുൾഫിലും (Steppenwolf) ദ് ഗ്ലാസ്സ് ബീഡ് ഗെയിമിലും(The Glass Bead Game ) ഇതേ പ്രമേയം ആവർത്തിക്കുന്നതായി കാണാം. ലൗകിക ജീവിതത്തിലെ രക്തിയും ആത്മീയജീവിതത്തിലെ വിരക്തിയും തമ്മിലുള്ള ബലാബലം ഹെസ്സെ നോവലുകളുടെ സവിശേഷതയാണ്. ഈ സംഘർഷം നികോസ് കസാൻദ്സാക്കിസിന്‍റെ നോവലുകളിലും പ്രധാന പ്രമേയമാണ്. ശരീരവും മനസ്സ്/ ആത്മാവും (between flesh and soul) തമ്മിലുള്ള വടംവലിയാണല്ലോ കസാൻദ്സാക്കിസിന്‍റെ കൃതികളുടെ ഊർജ്ജഖനിയായി നിലകൊള്ളുന്നത്. നാർസിസ്സസ് ആൻഡ് ഗോൾഡ്മൂണ്ട് എന്ന നോവലിൽ ഈ വൈരുധ്യങ്ങളെ സമന്വയിപ്പിക്കാനുള്ള ശ്രമം കാണുന്നുണ്ട്.      ലോകജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നകന്നു കൊണ്ട് നേടുന്ന വിജ്ഞാനവും ആത്മീയ പ്രഭാവവും യഥാർത്ഥമാണോ എന്ന സന്ദേഹം ദ് ഗ്ലാസ്സ് ബീഡ് ഗെയിമിൽ നിന്നുയരുന്നുണ്ട്. ബീഡ് ഗെയിമിലെ ജോസഫ് ക്‌നെക്റ്റും പ്ലീനിയൊ ഡിസൈനോറിയും യഥാക്രമം നാർസിസ്സസിന്‍റെയും ഗോൾഡ്മൂണ്ടിന്‍റെയും വിദൂര പ്രതിരൂപങ്ങളാണ്.

അവന്‍റെയുള്ളിൽ എരിഞ്ഞു കത്തുന്ന ഈ അഗ്നിയെക്കുറിച്ച് നാർസിസ്സസിന് അറിയാം. അതുകൊണ്ടാണ് സംന്യാസ ജീവിതത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കേണ്ടവനല്ല അവൻ എന്ന് ഗുരുവിന് പറയേണ്ടി വന്നത്.

ഹെര്‍മന്‍ ഹെസ്സെ 

ഏറ്റവും പരിമിതമായ അർത്ഥത്തിൽ നാർസിസ്സസിന്‍റെയും ഗോൾഡ്മൂണ്ടിന്‍റെയും അസാധാരണമായ സൗഹൃദത്തിന്‍റെ കഥയാണ് ഹെസ്സെയുടെ നോവലിൽ വിവരിക്കുന്നത്. എന്നാൽ ആത്മീയത, സ്വാതന്ത്ര്യം, കല,യാത്ര, കാമം,രോഗം, മരണം, ഇന്ദ്രിയപരത എന്നിവയെല്ലാം നോവലിൽ പ്രതിപാദ്യവിഷയങ്ങളാണ്. ആവിഷ്കാരത്തിലെ സൗന്ദര്യാത്മകത കൊണ്ടും ദാർശനികമാനങ്ങൾ കൊണ്ടും പ്രകൃതിചിത്രണങ്ങളുടെ മിഴിവ് കൊണ്ടും ഏറെ ശ്രദ്ധേയമായ നോവലാണ് നാർസിസ്സസും ഗോൾഡ്മൂണ്ടും. ഇവർ ഇരുവരുടെയും ബന്ധത്തിൽ നിലനിൽക്കുന്ന വൈരുധ്യങ്ങൾക്കിടയിലും ഒരു പരസ്പരപൂരകത്വം ദർശിക്കാവുന്നതാണ്. നാർസിസ്സസ് ആത്മീയതയുടെയും ഇന്ദ്രിയനിഗ്രഹത്തിന്‍റെയും ബൗദ്ധികതയുടെയും പ്രതിനിധാനമായിരിക്കുമ്പോൾ, ഗോൾഡ്മൂണ്ട് ഇന്ദ്രിയപരത, സ്വാതന്ത്ര്യബോധം, ലൈംഗികാസക്തി, കല എന്നിവയുടെ ഉപാസകനാണ്. അവരുടെ സൗഹൃദത്തിലെ ആത്മീയതയിലാണ് ഹെസ്സെയുടെ ശ്രദ്ധ വ്യാപരിക്കുന്നതെങ്കിലും നാർസിസ്സസിന് ഗോൾഡ്മൂണ്ടിനോടുള്ള ബന്ധത്തിൽ ഇന്ദ്രിയപരത വളരെ സൂക്ഷ്മ (subtle) തലത്തിൽ നിലനിർത്തിക്കൊണ്ട് ഭവപരമായ ഒരു മേന്മ കൂടി ഉൾച്ചേർക്കാൻ ഹെസ്സെയ്ക്ക് കഴിയുന്നുണ്ട്.

തന്മ
      നോവലിൽ ഒരിടത്ത് ഗോൾഡ്മൂണ്ടും  ഗുരുവും തമ്മിൽ സംവാദത്തിലേർപ്പെടുന്നത് വിവരിക്കുന്നുണ്ട്.പണ്ഡിതനും ചിന്തകനുമായ നാർസിസ്സസ് ഗോൾഡ്മൂണ്ടിന്‍റെ ഗുരു കൂടിയാണ്. ഗോൾഡ്മൂണ്ടിന്‍റെ ബാലിശമായ ചിന്തകളെക്കുറിച്ച് ഗുരു സൂചിപ്പിക്കുമ്പോൾ അവൻ പ്രതിഷേധിക്കുന്നു. അപ്പോൾ നാർസിസ്സസ് പറയുന്ന വാക്കുകൾ വളരെ പ്രസക്തമാണ്. ഭാഗികമായി നിന്‍റെ ചിന്തകൾ ശിശുസഹജമാണ്. എന്നാൽ ബുദ്ധിയുള്ള ശിശു, ബുദ്ധിമാനായ പണ്ഡിതനെക്കാൾ ഒട്ടും താഴെയല്ല.”Natures of your kind, with strong, delicate senses, the soul oriented, the dreamers, poets, lovers are almost superior to us creatures of mind” P. 43

ഈ വാക്കുകൾ ഗോൾഡ്മൂണ്ടിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് സൂചന നൽകുന്നു. ഗുരു തുടർന്ന് പറയുന്നു:’ അമ്മമാരിൽ നിന്നാണ് നിങ്ങളെപ്പോലുള്ളവരുടെ തന്മ ഉറവെടുക്കുന്നത്. നിങ്ങൾ ജീവിതം പൂർണ്ണമായി ജീവിക്കുന്നു. സ്നേഹമാണ് നിങ്ങളെ നയിക്കുന്ന ശക്തി. വികാരങ്ങളെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് സവിശേഷമായ കഴിവുണ്ട്. യുക്തിയിൽ ജീവിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ജീവിതം ആസ്വദിക്കാനാവില്ല. ഞങ്ങൾ വരണ്ട ഭൂവിലാണ് എപ്പോഴും ജീവിക്കുന്നത്. ജീവിതത്തിന്‍റെ സമൃദ്ധിയും പഴങ്ങളുടെ സത്തും തീവ്രവികാരങ്ങളുടെ ഉപവനവും കലയുടെ മനോഹാരിതയാർന്ന പ്രകൃതിദൃശ്യങ്ങളും നിങ്ങൾക്കുള്ളതാണ്. ഭൂമിയാണ് നിങ്ങളുടെ ഗേഹം. ഞങ്ങൾ ആശയലോകത്ത് പാർക്കുന്നു. ഇന്ദ്രിയങ്ങളുടെ പ്രലോഭനങ്ങളിൽ നിങ്ങൾ മുഴുകിപ്പോകും. കാറ്റ് കടക്കാത്ത ശൂന്യതയിൽ ഞങ്ങൾ ശ്വാസം കിട്ടാതെ പിടയും. നിങ്ങൾ ഒരു കലാകാരനാണ്. ഞാൻ ഒരു ചിന്തകനും. നിങ്ങൾ അമ്മയുടെ മാറോടു ചേർന്നുറങ്ങുന്നു. ഞാനോ മരുഭൂമിയിൽ ഉറക്കമിളച്ചിരിക്കുന്നു. എനിക്കായി സൂര്യൻ പ്രകാശിക്കുമ്പോൾ നിങ്ങൾക്ക് ചന്ദ്രനും നക്ഷത്രങ്ങളുമുണ്ട്. നിങ്ങൾ സ്വപ്നം കാണുന്നത് പെൺകുട്ടികളെക്കുറിച്ചാണ്. ഞാനോ ആൺകുട്ടികളെ സ്വപ്നം കാണുന്നു.’

 നാർസിസ്സസിന്‍റെ ഈ വാക്കുകളിൽ ഇരു വ്യക്തികളുടെയും സത്ത എന്തെന്ന കൃത്യമായ നിരീക്ഷണമുണ്ട്. മുൻപ് സൂചിപ്പിച്ചപോൽ ഇത് പരസ്പരവിരുദ്ധവും പരസ്പര പൂരകവുമാണ്. ഈ വിപരീതോർജ്ജങ്ങളുടെ ആകർഷണവും വികർഷണവുമാണ് നോവലിന് ഭാവഗരിമ നൽകുന്നത്. ഇവിടെ ഗോൾഡ്മൂണ്ടിന്‍റെ തന്മയെ കണ്ടെത്തുന്നതിനൊപ്പം അവന്‍റെയുള്ളിൽ വസിക്കുന്ന ഭൂതത്തെ (demon ) ക്കുറിച്ച് താക്കീത് ചെയ്യാനും നാർസിസ്സസിന്‍റെ ഉൾക്കാഴ്ചയ്ക്കു കഴിയുന്നു. ഗോൾഡ്മൂണ്ടിന് അവന്‍റെ അമ്മയെക്കുറിച്ചുള്ള അറിവ് പരിമിതമാണ്.വളരെ ചെറുപ്പത്തിൽ അവനെ ഉപേക്ഷിച്ച് അവൾ ഓടിപ്പോയി. വീടിന് അപമാനം വരുത്തിവച്ചു. അതെന്തായാലും അവന്‍റെ അമ്മയുടെ സ്വാധീനം അവനിൽ വളരെ വലുതാണ്. അമ്മയോടുള്ള വികാരമാണ് അവന്‍റെ ജീവിതത്തെ അവനറിയാതെ കരുപ്പിടിപ്പിക്കുന്നത്. കാണുന്ന സ്ത്രീകളിലെല്ലാം അവൻ അമ്മയെ അന്വേഷിക്കുന്നു. എന്നാൽ അത് അവന്‍റെ കാമാഗ്നിയെ ജ്വലിപ്പിക്കുന്നതല്ലാതെ ശമിപ്പിക്കുന്നില്ല. അവന്‍റെയുള്ളിൽ എരിഞ്ഞു കത്തുന്ന ഈ അഗ്നിയെക്കുറിച്ച് നാർസിസ്സസിന് അറിയാം. അതുകൊണ്ടാണ് സംന്യാസ ജീവിതത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കേണ്ടവനല്ല അവൻ എന്ന് ഗുരുവിന് പറയേണ്ടി വന്നത്. ജ്ഞാനിയായ നാർസിസ്സസിന് അവന്‍റെ വഴികൾ എവിടേക്കു നീളുന്നു എന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞു. അപ്പോഴും ഏതോ കർമ്മബന്ധത്താൽ അയാൾക്ക് അവനോട് അറ്റുപോവാത്ത ആത്മബന്ധം ഉണ്ടായിരുന്നു. ഉള്ളിൽ ദമനം ചെയ്ത ലൈംഗികാഭിലാഷത്തിന്‍റെ മഹത്ത്വീകരണം ഇവരുടെ സുഹൃത്ബന്ധത്തിൽ കണ്ടെത്താം. മറ്റൊരു പ്രകാരത്തിൽ പറയുകയാണെങ്കിൽ ഇവർ ഇരുവരും ഒരേ സത്തയുടെ വിഭിന്ന വശങ്ങളാണ്. യുങ്ങിയൻ മന:ശാസ്ത്ര പദ്ധതിയനുസരിച്ച് അനിമ ( anima ) യും അനിമസും (animus) ആണിവർ. നാർസിസ്സസ് ഗോൾഡ്മൂണ്ടിന്‍റെയുള്ളിലെ പുരുഷനും ഗോൾഡ്മൂണ്ട് നാർസിസ്സസിന്‍റെയുള്ളിലെ സ്ത്രീയുമാണ് എന്ന മട്ടിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് തള്ളുകയോ കൊള്ളുകയോ ചെയ്യാവുന്നതാണ്.

അമ്മയുടെ മകൻ

 തനിക്കുണ്ടായ ഒരു അനുഭവം ഗോൾഡ്മൂണ്ട് വിവരിക്കുന്നുണ്ട്. അവൻ ഒരു വയലിലായിരുന്നു. ചൂടിന്‍റെ കാഠിന്യം കൊണ്ട് ഒന്നു മയങ്ങി ഉണർന്നപ്പോൾ സുന്ദരിയായ ഒരു സ്ത്രീയുടെ മടിയിൽ തലവച്ച് കിടക്കുകയാണ് അവൻ. പൊടുന്നനെ തന്‍റെ അമ്മ തന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകാൻ വന്നിരിക്കുകയാണെന്ന തോന്നൽ ശക്തമായി. എന്നാൽ അവർ തന്‍റെ അമ്മയാണെന്ന് അവൻ  വിശ്വസിച്ചില്ല.എന്നിട്ടും അത് അവന്‍റെ അമ്മയിൽ നിന്നുള്ള ഒരു സന്ദേശമായി അവൻ കരുതി."It was as though an unknown beautiful woman had suddenly come out of the dreams of my own heart and was holding my head in her lap, smiling at me like a flower and being sweet to me. At her first kiss I felt something melt inside me that hurt in an exquisite way. All my longings, all my dreams and sweet anguish, all the secrets that slept within me, came awake, everything was transformed and enchanted, everything made sense. She taught me what a woman is and what secrets she has."  P. 76
      ഗോൾഡ്മൂണ്ടിന്‍റെ ജീവിതത്തിലുടനീളം അമ്മയുടെ അദൃശ്യമായ സാന്നിധ്യവും സ്വാധീനവും ഒരു നിഴൽ പോലെ പിന്തുടരുന്നുണ്ട്. അവൻ കണ്ടുമുട്ടുന്ന സ്ത്രീകളിൽ തന്‍റെ അമ്മയുടെ രൂപഭാവങ്ങൾ ചികഞ്ഞെടുക്കാനുള്ള വെമ്പൽ അവനെ കീഴ്പ്പെടുത്തുന്നു. അവൻ സംന്യാസിയാവാൻ ജനിച്ചവനല്ല. വഴി തെറ്റി ആശ്രമത്തിൽ എത്തിയതാണ്. അവനെസ്സംബന്ധിച്ചിടത്തോളം, ലോകവുമായി ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം സ്ത്രീകളാണ്. നാർസിസ്സസിനോട് അവൻ പറയുന്നു, ഒരു സ്ത്രീക്ക് സ്വന്തമായിത്തീരുക എന്നതും അവർക്കു വേണ്ടി സ്വയം സമർപ്പിക്കുക എന്നതും അതിമനോഹരമായ ഒരു കാര്യമാണ്. സ്ത്രീയെ സ്നേഹിക്കുക, അവൾക്കായി സമർപ്പിക്കുക, അവളിൽ പൂർണ്ണമായും മുഴുകുക, അവളാൽ സ്വീകരിക്കപ്പെടുക. ഇത് പ്രണയമല്ല, ജീവനിലേക്കുള്ള പാതയാണ്. ജീവിതത്തിന്‍റെ അർത്ഥം തേടലാണ്.

സഞ്ചാരിയായ കലാകാരൻ
       ഗോൾഡ്മൂണ്ടിന്‍റെ യാത്ര തുടങ്ങുകയാണ്. യാത്ര അയാൾക്ക് ആത്മീയമായ ദൗത്യമാണ്. ലോകത്തിന്‍റെ, പ്രകൃതിയുടെ തന്മ അറിയുകയും അനുഭവിക്കുകയും വേണം. സ്ത്രീ അയാൾക്ക് പ്രകൃതി തന്നെയാണ്. ആശ്രമം വിട്ട് ലോകത്തിന്‍റെ വിശാലതയിലേക്ക് ഇറങ്ങിത്തിരിച്ച ഗോൾഡ്മണ്ട് നിരവധി സ്ത്രീകളെ സന്ധിക്കുന്നുണ്ട്. ഓരോ സ്ത്രീയുടെയും ചുംബനം ഏറ്റുവാങ്ങുമ്പോൾ അവൻ, ആദ്യമായി ഒരു ജിപ്സി പെൺകുട്ടി തനിക്ക് സമ്മാനിച്ച മുത്തം ഓർത്തു.ആ മുത്തത്തിന്‍റെ അഗ്നി ഇനിയും അവനിൽ ശമിച്ചിട്ടില്ല. ആ സംഭവമാണ് സംന്യാസ ജീവിതം വിടാൻ അവനെ പ്രേരിപ്പിച്ചത്. അതോടെ സ്ത്രീസൗന്ദര്യത്തിന്‍റെ വ്യാമുഗ്ദ്ധതകളിൽപ്പെട്ട് അവൻ അലയുന്നു.

കവിയും കലാകാരനും സഞ്ചാരിയുമായ ഗോൾഡ്മൂണ്ട് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടിയിലൂടെ ഹെസ്സെ മനുഷ്യന്‍റെ തൃഷ്ണകളുടെ, സൗന്ദര്യാനുഭവങ്ങളുടെ സാക്ഷാത്കാരത്തിനു വേണ്ടിയുള്ള പ്രയാണത്തെയാണ് പ്രത്യക്ഷീകരിക്കുന്നത്.

 ഗോൾഡ്മൂണ്ടിന്‍റെ വ്യക്തിത്വത്തെ അപഗ്രഥിക്കുമ്പോൾ, ഫ്രോയിഡിയൻ മന:ശാസ്ത്ര സങ്കല്പമായ മദർ ഫിക്സേഷന്‍റെ (mother fixation)തടവറയിലായിരുന്നു അവനെന്നു സംശയിക്കാം. അമ്മയോടുള്ള വൈകാരികതയുടെ ആധിക്യം മറ്റ് സ്ത്രീകളോടുള്ള ലൈംഗിക താത്പര്യത്തെ തടയുന്ന അവസ്ഥ ചിലരിൽ കണ്ടേക്കാം. ചില കേസുകളിൽ ഇതര സ്ത്രീകളോട് ലൈംഗികവികാരം ഉണ്ടാകുമെങ്കിലും അവരെ സ്നേഹിക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമായേക്കാം. ഗോൾഡ്മൂണ്ടിന്‍റെ കാര്യത്തിൽ രണ്ടാമത് പറഞ്ഞ കാര്യത്തിനാണ് സാധ്യത. അയാൾ സ്ത്രീകളെ പ്രണയിക്കുന്നില്ല. ഭോഗിക്കുക മാത്രം ചെയ്യുന്നു. എന്നാൽ ഒരു സ്ത്രീയെയും ബലാൽക്കാരമായി പ്രാപിക്കുന്നുമില്ല. സുന്ദരനും സുമുഖനും ആരോഗ്യവാനുമായ അവനെത്തേടി സ്ത്രീകളെത്തുന്നു. സ്ത്രീകൾ അവന് ഒരു ഭോഗവസ്തു മാത്രമാണോ? ആണെന്നും അല്ലെന്നും പറയാമെന്നതാണ് സ്ഥിതി. സ്ത്രീയെ അവൻ അനാദരിക്കുന്നില്ല. എന്നാൽ അവരുമായി നീണ്ടു നിൽക്കുന്ന ബന്ധത്തിന് അവന് കഴിയുന്നില്ല. അവന്‍റെ യാത്രയോടുള്ള ഭ്രമം ഇതിന് ഒരു കാരണമായിരിക്കാം.സ്ത്രീകൾ അവനു വേണ്ടി സമർപ്പിക്കുകയും അവൻ അവർക്കായി സമർപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും കഠിനവും മനം മയക്കുന്നതുമായ അനുഭവങ്ങളെത്തേടിയുള്ള യാത്രയുടെ നിരന്തര പ്രവാഹത്തിലലിയുക എന്നത് അവന്‍റെ നിയോഗമാണ്. കയ്പേറിയ അനുഭവങ്ങളും പരമാനന്ദവും അവൻ ഒരു പോലെ സ്വീകരിക്കുന്നു. അവന്‍റെയുള്ളിലെ കലാകാരന് അത് കൂടിയേ കഴിയൂ. കവിയും കലാകാരനും സഞ്ചാരിയുമായ ഗോൾഡ്മൂണ്ട് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടിയിലൂടെ ഹെസ്സെ മനുഷ്യന്‍റെ തൃഷ്ണകളുടെ, സൗന്ദര്യാനുഭവങ്ങളുടെ സാക്ഷാത്കാരത്തിനു വേണ്ടിയുള്ള പ്രയാണത്തെയാണ് പ്രത്യക്ഷീകരിക്കുന്നത്. നാർസിസ്സസ് ദമനത്തിലൂടെ ലോകത്തെ വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ ഗോൾഡ്മൂണ്ട് നന്മയും തിന്മയും വകതിരിക്കാതെ എല്ലാത്തരം പ്രാപഞ്ചികാനുഭവങ്ങളുടെയും മൂശയിലൂടെ കടന്നുപോയി സ്വയം പരിണമിക്കുന്നതിന് വിട്ടു കൊടുക്കുന്നതായി നാം മനസ്സിലാക്കുന്നു.ആ യാത്രയിൽ ദമനം ഇല്ല. ശമനം കണ്ടെത്തിയേ അത് അടങ്ങൂ.

ഗോൾഡ്മൂണ്ടും സോർബയും

 നികോസ് കസാൻദ്സാക്കിസിന്‍റെ അലക്സി സോർബയ്ക്ക് ഹെസ്സെയുടെ ഗോൾഡ്മൂണ്ടുമായി സാഹോദര്യം ഉണ്ടോ? നോവൽ വായനയ്ക്കിടയിൽ മനസ്സിലുയർന്നു വന്ന ചോദ്യമാണ്. നാർസിസ്സസും ഗോൾഡ്മൂണ്ടും1930 ൽ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകൃതമായി. 1946 ൽ ‘സോർബ ദ് ഗ്രീക്ക് ‘ പ്രസിദ്ധീകരിച്ചു. സോർബയെ വായിക്കുമ്പോൾ ഗോൾഡ്മൂണ്ടിനെ ഓർമ്മ വരും. യാദൃച്ഛികത മാത്രമായിരിക്കണം ഈ കഥാപാത്രങ്ങൾക്കു തമ്മിലുള്ള അത്ഭുതകരമായ സാമ്യം എന്നു പറയാനാണ് തോന്നുന്നത്. എന്നാൽ ഇവർക്ക്  സാദൃശ്യം മാത്രമേയുള്ളു എന്നു കരുതണ്ട. ഇവരെ വിഭിന്നരാക്കുന്ന ഘടകങ്ങളുമുണ്ട്. ഗോൾഡ്മൂണ്ടും സോർബയും സ്വാതന്ത്ര്യത്തെ ഏറ്റവും വലിയ മൂല്യമായി കണക്കാക്കുന്നു. ഇവർ യാത്രയെ പ്രണയിക്കുന്നു, സ്ത്രീസൗന്ദര്യത്തെ ഉപാസിക്കുന്നു.  രണ്ടുപേരുടെയും അടിസ്ഥാന സ്വഭാവത്തിൽ ഇന്ദ്രിയപരത മുന്നിട്ടു നിൽക്കുന്നു. ഓരോ നിമിഷവും ഇറ്റേണൽ ആണെന്നും അവയെ ഒരു തുള്ളി പോലും ശേഷിക്കാതെ പാനം ചെയ്യണമെന്നും സോർബ കരുതുന്നു. എന്നാൽ ഗോൾഡ്മൂണ്ട് എല്ലാത്തരം അനുഭവങ്ങളെയും സ്വീകരിക്കുന്നു. ദു:ഖവും സന്തോഷവും ഒരുപോലെ ഏറ്റുവാങ്ങുന്നു. ആത്മാന്വേഷണത്തിന്‍റെ പാതയിൽ ഗോൾഡ്മൂണ്ടിന് ഒന്നും നിഷിദ്ധമല്ല.അയാൾ ജീവിതാനുഭവങ്ങളിൽ നിന്ന് കലയെ സൃഷ്ടിക്കുന്നു. സോർബയെ കലാകാരൻ എന്ന് വിളിക്കാനാവില്ല. സോർബ ജീവിതം തന്നെ ഒരു കലയാക്കി മാറ്റുന്നു. രണ്ട് എഴുത്തുകാരും മഹാപ്രതിഭകൾ. ഗോൾഡ്മൂണ്ടിനെപ്പോലെ സോർബയും ഇന്ദ്രിയാനുഭവങ്ങൾക്ക് പരമപ്രാധാന്യം കല്പിക്കുന്ന കഥാപാത്രമാണ്.
        ഹെസ്സെയുടെ നോവലിനും കനാൻദ്സാക്കിസിന്‍റെ നോവലിനും തമ്മിലുള്ള സാദൃശ്യം ഇപ്പറഞ്ഞതുകൊണ്ടവസാനിക്കുന്നില്ല.സോർബ ദ് ഗ്രീക്കിൽ (Zorba The Greek) ഗ്രന്ഥപാരായണത്തിലൂടെ ജീവിതദർശനം സ്വരൂപിക്കുന്ന സോർബയുടെ ബോസ് ബൗദ്ധികതയെ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ ഹെസ്സെയുടെ കൃതിയിൽ നാർസിസ്സസ് അതേ ബൗദ്ധികതയാൽ നയിക്കപ്പെടുന്നു. ഹെസ്സെയും സാക്കിസും ശരീരത്തിന്‍റെയും ആത്മാവിന്‍റെയും സംഘർഷങ്ങളെ തങ്ങളുടെ നോവലിൽ അവതരിപ്പിക്കുന്നു.

സോർബയെ വായിക്കുമ്പോൾ ഗോൾഡ്മൂണ്ടിനെ ഓർമ്മ വരും. യാദൃച്ഛികത മാത്രമായിരിക്കണം ഈ കഥാപാത്രങ്ങൾക്കു തമ്മിലുള്ള അത്ഭുതകരമായ സാമ്യം എന്നു പറയാനാണ് തോന്നുന്നത്.

കസാന്‍ദ് സാക്കിസ്
      ഹെസ്സെയുടെ നോവലിൽ ഗോൾഡ്മൂണ്ട് ശില്പങ്ങൾ കൊത്തുന്നത് വർണ്ണിക്കുന്നുണ്ട്. ശില്പി നിക്കോളാസ് പണിത മാതാവിന്‍റെ പ്രതിമ ഗോൾഡ്മൂണ്ടിനെ ഏറെ ആകർഷിക്കുന്നുണ്ട്. പിന്നീടൊരിക്കൽ അവൻ മാതാവിന്‍റെ പ്രതിമ നിർമ്മിക്കുന്നു. അവൻ കൊത്തിയ മാതാവിന്‍റെ രൂപത്തിൽ അവന്‍റെ അമ്മയുടെ ഛായയുണ്ട്. അവൻ പ്രണയിച്ച ലിഡിയയുടെ വിഷാദഛവി കലർന്ന ഭാവമുണ്ട്. അവന്‍റെ പ്രതിമാനിർമ്മാണത്തിൽ രൂപത്തികവിനേക്കാൾ മനസ്സിന്‍റെ ഭാവപ്രകാശമാണുണ്ടായിരുന്നത്. കേവല രൂപനിർമ്മിതിയിൽ അവനിലെ ശില്പി തൃപ്തിയടഞ്ഞില്ല. അവൻ കണ്ടുമുട്ടിയ ഓരോ ആത്മാവിനെയും കോരിയെടുത്ത് ശില്പങ്ങളിൽ നിറച്ചു വച്ചു. ഓർമ്മ അവന് അക്കാര്യത്തിൽ തുണയായി.

മരണം എന്ന പ്രഹേളിക

       മരണത്തിന്‍റെ പ്രചണ്ഡഭാവങ്ങൾ വർണ്ണിക്കുന്ന ഒരു ഭാഗം കൂടി വിശദമാക്കിക്കൊണ്ട് ഈ പരിചിന്തനം അവസാനിപ്പിക്കാം. പതിനാലാമത്തെ അധ്യായത്തിൽ, ഗോൾഡ്മൂണ്ടിന്‍റെ സഞ്ചാരത്തിനിടയിൽ ദേശമാകെ പടർന്നു പിടിക്കുന്ന പ്ലേഗ് രോഗത്തിന്‍റെ ഭീകരത വിവരിക്കുന്നുണ്ട്. ഇവിടെ, മരണമെന്ന ഗൂഢയാഥാർത്ഥ്യത്തെ സൂക്ഷ്മമായി അവതരിപ്പിച്ചു കൊണ്ട് ഹെസ്സെ ഗഹനതയുടെ ഇരുണ്ട സൗന്ദര്യം സൃഷ്ടിക്കുന്നു. രോഗവും മരണവും നോവലിലെ പ്രധാന പ്രമേയങ്ങളായി മാറുന്നത് ഇവിടെ നാം ദർശിക്കുന്നു. സകലതിനെയും കടപുഴക്കുന്ന മഹാമാരി വിതയ്ക്കുന്ന മരണമെന്ന പ്രതിഭാസത്തെ അവതരിപ്പിച്ചുകൊണ്ട് ഹെസ്സെ ജീവിതത്തിന്‍റെ ക്ഷണികതയെ വ്യക്തമാക്കുന്നു. ഒന്നിനും സ്ഥിരതയില്ലെന്ന അറിവ് അനുഭവത്തിന്‍റെ തീക്ഷ്ണ തലത്തിൽ വച്ച് ഉൾക്കൊള്ളുന്ന ഗോൾഡ്മൂണ്ടിന് ക്ഷണികതയുടെ മഞ്ഞുപടലം ജീവിതത്തിനു നൽകുന്ന നിഗൂഢ സൗന്ദര്യത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു. കലയുടെ ലക്ഷ്യം ഈ ക്ഷണികതയെ അതിവർത്തിക്കുക എന്നതാവണം. ജീവിതത്തിന്‍റെ നിസ്സാരതയെ അപേക്ഷിച്ച് കലയുടെ ചിരന്തന മൂല്യത്തെ ഉൾക്കൊണ്ട് അവൻ നിർമ്മിച്ച ശില്പങ്ങളിൽ മനുഷ്യരുടെ രൂപമഹിമയെക്കാൾ അവരുടെ ആത്മീയ ഭാവങ്ങൾ പ്രകാശിച്ചു.
       പ്ലേഗ് ബാധിച്ച ഇടങ്ങളിൽ അച്ഛനമ്മമാർ മക്കളെ ഉപേക്ഷിച്ചു പോയി. ഭർത്താക്കന്മാർ ഭാര്യമാരെ മരണത്തിനു വിട്ടുകൊടുത്തിട്ട് ഓടിപ്പോയി.അപരിചിതരെ ദേശവാസികൾ തല്ലിയോടിച്ചു , ചിലരെ കൊന്നൊടുക്കി. അക്കൂട്ടത്തിൽ ഒട്ടേറെ ജൂതന്മാരെ അവർ കൊലപ്പെടുത്തി. റെബേക്ക എന്ന ജൂത പെൺകുട്ടിയുടെ പിതാവിനെയും അവർ ചുട്ടു കൊന്നു. ഗോൾഡ്മൂണ്ടിന്  മരണത്തെ ഭയമില്ല.  മരണം അവന്‍റെ അമ്മയും കാമുകിയുമാണ്. അവൻ അവളോട് സ്നേഹവും അനുതാപവും പ്രകടിപ്പിക്കുകയും, അവളെ സംരക്ഷിച്ചു കൊള്ളാം എന്ന് ഏൽക്കുകയും ചെയ്യുമ്പോൾ റെബേക്ക പറയുന്ന വാക്കുകൾ നമ്മെ വിസ്മയിപ്പിക്കും.

 നാർസിസ്സസ് ആൻഡ് ഗോൾഡ്മൂണ്ട്(Narcissus and Goldmund ) ആണ് ഹെസ്സെയുടെ ഏറ്റവും പ്രധാന നോവൽ എന്നു കരുതുന്നവരുണ്ട്. ന്യൂയോർക്ക് ടൈംസ് ഹെസ്സെയുടെ ഏറ്റവും പ്രമുഖ നോവൽ എന്ന് ഇതിനെ വിശേഷിപ്പിച്ചു.

"That's how you Christians are! First you help a daughter bury her father whom your people have murdered and whose last fingernail was worth more than all of you together, and as soon as that is done, the daughter must belong to you and go off whoring with you. That's how you are. "P. 223-24
      നാം ഇതുവരെ കണ്ട സ്ത്രീകളിൽ നിന്ന് ഇവൾ അമ്പേ വ്യത്യസ്തയായിരിക്കുന്നു. വ്യക്തിത്വമുള്ള ഒരു സ്ത്രീ കഥാപാത്രത്തെ കണ്ടതിന്‍റെ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല. നോവലിലെ മറ്റ് സ്ത്രീകൾ സാധുക്കളായിരുന്നു. ലിഡിയയും റെബേക്കയും ഗോൾഡ്മൂണ്ടിന്‍റെ കണ്ണ് തുറപ്പിച്ച യുവതികളായിരുന്നു.
         നാർസിസ്സസ് ആൻഡ് ഗോൾഡ്മൂണ്ട്(Narcissus and Goldmund ) ആണ് ഹെസ്സെയുടെ ഏറ്റവും പ്രധാന നോവൽ എന്നു കരുതുന്നവരുണ്ട്. ന്യൂയോർക്ക് ടൈംസ് ഹെസ്സെയുടെ ഏറ്റവും പ്രമുഖ നോവൽ എന്ന് ഇതിനെ വിശേഷിപ്പിച്ചു. ഹെസ്സെ 1877 ൽ ജർമ്മനിയിൽ ജനിച്ചു. 1946 ൽ സാഹിത്യത്തിനുള്ള പരമോന്നത അംഗീകാരമായ നൊബേൽ പുരസ്കാരം നൽകി  ഈ മഹാനായ സാഹിത്യകാരനെ ആദരിച്ചു. 1962 ൽ  സ്വിറ്റ്സർലണ്ടിലെ മൊണ്ടഞ്ഞ്യോലയിൽ (Montagnola) വച്ച് ഹെസ്സെ അന്തരിച്ചു. സിദ്ധാർത്ഥ, സ്റ്റെപെൻവുൾഫ്,നാർസിസ്സസ് ആൻഡ് ഗോൾഡ്മൂണ്ട്,ഡെമിയാൻ, ദ് ഗ്ലാസ് ബീഡ് ഗെയിം എന്നിവയാണ്  പ്രധാന കൃതികൾ.


Comments
* The email will not be published on the website.