എഴുതപ്പെട്ട ചരിത്രം  വേട്ടക്കാരന്‍റെയും എഴുതപ്പെടാത്ത ചരിത്രം ഇരകളുടേതുമാണ്

അഭിമുഖം : 

കെ.വി. മോഹന്‍കുമാര്‍  X ഡോ.എ. മുഹമ്മദ് കബീർ

ചരിത്രത്തിന്‍റെ മണ്ണിൽ കാലത്തിന്‍റെ കാൽപ്പാടുകൾ തിരഞ്ഞും മനുഷ്യന്‍റെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന നിശ്ശബ്ദതകൾക്ക് ഭാഷ നൽകിയും എഴുതുന്ന എഴുത്തുകാരനാണ് കെ. വി. മോഹൻകുമാർ. തന്‍റെ കൃതികളിലൂടെ അദ്ദേഹം സഞ്ചരിച്ച വഴികൾ ഒരേ ഭൂപടത്തിൽ അടയാളപ്പെടുത്താനാവാത്തത്ര വൈവിധ്യമുള്ളതാണ്. ചരിത്രവും അധികാരവും രാഷ്ട്രീയവും പ്രണയവും ഓർമയും മനുഷ്യബന്ധങ്ങളും ആഖ്യാനത്തിന്‍റെ വ്യത്യസ്ത പാതകളിലൂടെ കടന്നുവരുമ്പോഴും, അവയ്ക്കുള്ളിൽ തെളിഞ്ഞുനിൽക്കുന്നത് മനുഷ്യനെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണമാണ്. കാലം മാറുമ്പോഴും മനുഷ്യന്‍റെ ഉള്ളിൽ അവശേഷിക്കുന്ന ചില ചോദ്യങ്ങളുണ്ട്—അധികാരത്തോട് മനുഷ്യൻ എങ്ങനെ പ്രതികരിക്കുന്നു, സ്നേഹം എത്രത്തോളം ഓർമയായി മാറുന്നു, ചരിത്രം ആരുടെ ശബ്ദത്തിലാണ് എഴുതപ്പെടുന്നത്, വ്യക്തിയുടെ ജീവിതത്തിൽ കാലത്തിന്‍റെ വലിയ സംഭവങ്ങൾ എങ്ങനെയാണ് അടയാളപ്പെടുന്നത്—അത്തരം ചോദ്യങ്ങളോടുള്ള എഴുത്തുകാരന്‍റെ സംവാദമാണ് അദ്ദേഹത്തിന്‍റെ രചനാലോകം.

? ചരിത്രം, പ്രണയം, മനുഷ്യന്‍റെ ആന്തരിക സംഘർഷങ്ങൾ ഇവയെല്ലാം താങ്കളുടെ നോവലുകളിൽ ഒരുമിച്ചുകാണാം. ഈ വൈവിധ്യമാർന്ന വിഷയങ്ങളെ ബന്ധിപ്പിക്കുന്ന അടിസ്ഥാന ദർശനം എന്താണു?
ഏതൊരു എഴുത്തുകാരനും മനുഷ്യാവസ്ഥകളുടെ അന്വേഷകനാണു. ഓരോ കാലങ്ങളിൽ , ഓരോ ദേശങ്ങളിൽ മനുഷ്യൻ നേരിട്ടതോ അഥവാ വർത്തമാന കാല സമൂഹത്തിൽ നേരിട്ടുകൊണ്ടിരിക്കുന്നതോ ആയ ജീവിതപ്രതിസന്ധികളാണു നോവലുകൾക്ക് പൊതുവെ വിഷയമാകുക. അങ്ങനെ നോക്കുമ്പോൾ എഴുത്തുകാരൻ ആത്യന്തികമായും ജീവിത സങ്കീണതകളെക്കുറിച്ചുള്ള അന്വേഷകരാണു. എഴുത്തുകാരൻ ചരിത്രത്തിന്‍റെ  അടരുകളോ പാളികളോ അടർത്തി മാറ്റി തെരയുന്നതും രചനകളിൽ പകർത്തുന്നതും ചരിത്രത്തിന്‍റെ ഏടുകളിലെ മനുഷ്യ ജീവിതങ്ങളാണ്. ചരിത്രം ഓർമ്മകളുടെ അറകളാണല്ലോ? ഒരർത്ഥത്തിൽ സാഹിത്യവുമതെ. ‘ഉഷ്ണരാശി, ’ഉല‘ എന്നീ നോവലുകൾ സാഹിത്യരചന എന്നതിലുപരി ആ കാലഘട്ടങ്ങളിലെ മനുഷ്യജീവിതം പകർത്തിവച്ച ആർക്കൈവുകൾ കൂടിയാണു. ഇനി പ്രണയത്തിന്‍റെ കാര്യമെടുത്താൽ, മനുഷ്യ ജീവിതത്തിൽ നിന്നും അന്യമല്ലത്. പ്രണയവും രതിയും ജീവിതത്തിന്‍റെ ഇഴകളാണു. വൈവിധ്യമെന്നു തോന്നുമെങ്കിലും ഇവയെല്ലാം ഇഴചേർന്നു കിടക്കുന്നവയാണു.അവ ജൈവികമായി ബന്ധിപ്പിക്കപ്പെടുകയാണു, അല്ലാതെ എഴുത്തുകാരൻ ബോധപൂർവം ബന്ധിപ്പിക്കുന്നതല്ല.

എഴുതപ്പെട്ട ചരിത്രം പലപ്പോഴും വേട്ടക്കാരന്‍റെ അഥവാ വിജയിയുടെ ഭാഷ്യമായിരിക്കും.എഴുതപ്പെടാത്ത ചരിത്രമാണു ഇരകൾക്ക് / പരാജിതർക്ക് പറയാനുള്ളത്. ഞാൻ പരാജിതരുടെ / ഇരകളുടെ പക്ഷത്തു നിന്നുകൊണ്ടാണു എന്‍റെ ചരിത്ര പശ്ചാത്തലമുള്ള രണ്ട് നോവലുകളും എഴുതിയത്.

? താങ്കളുടെ നോവലുകളിൽ ചരിത്രം രേഖകളിൽ നിന്നല്ല, മനുഷ്യരുടെ ഓർമകളിൽ നിന്നാണു രൂപം കൊള്ളുന്നത്.ഈ ചരിത്ര സങ്കല്പം എങ്ങനെ കടന്നുവന്നു?
ചരിത്രത്തെ രണ്ടായി തരം തിരിക്കാം. എഴുതപ്പെട്ട ചരിത്രവും എഴുതപ്പെടാത്ത ചരിത്രവും.എഴുതപ്പെട്ട ചരിത്രം പലപ്പോഴും വേട്ടക്കാരന്‍റെ അഥവാ വിജയിയുടെ ഭാഷ്യമായിരിക്കും.എഴുതപ്പെടാത്ത ചരിത്രമാണു  ഇരകൾക്ക് / പരാജിതർക്ക്  പറയാനുള്ളത്. ഞാൻ പരാജിതരുടെ / ഇരകളുടെ പക്ഷത്തു നിന്നുകൊണ്ടാണു എന്‍റെ ചരിത്ര പശ്ചാത്തലമുള്ള രണ്ട് നോവലുകളും എഴുതിയത്. ‘ഉഷ്ണരാശി’യുടെ രചനയിൽ പുന്നപ്ര- വയലാർ സമര സഖാക്കളിൽ ചിലർ രേഖപ്പെടുത്തിയ അപൂർവം ഒന്നുരണ്ടു കൃതികൾ ആ കാലഘട്ടത്തിലേക്കു വഴിതുറക്കാൻ സഹായിച്ചു. എന്നാൽ മറുപക്ഷത്തുനിന്ന് ചിലരെഴുതിയ രചനകൾ വസ്തുതകളെ വളച്ചൊടിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിൽ സമരത്തിൽ നേരിട്ട് പങ്കെടുത്തവരുടെയും ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെയും ഓർമ്മകൾ ചികഞ്ഞെടുത്താണു നോവലെഴുത്തിനുള്ള വിഭവങ്ങൾ ഞാൻ ശേഖരിച്ചത്. അവയിലേറെയുമെഴുതപ്പെടാത്ത ചരിത്ര വസ്തുതകൾ ആയിരുന്നു. ‘ഉല’ യുടെ എഴുത്തിൽ അത് സാദ്ധ്യമല്ലായിരുന്നു. ഒൻപത് , പത്ത് നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ  എഴുതപ്പെടാത്ത ചരിത്രത്തെ ‘ഉദ്ഖനനം ’ ചെയ്തെടുക്കേണ്ടിവന്നു. പല പ്രാചീന കൃതികളിലും ഗവേഷണ പഠനങ്ങളിലും ശാസനങ്ങളിലും മറ്റുമായി  ചിതറിക്കിടന്നിരുന്ന ചരിത്ര രേഖകളേയും ഭൗതികമായ തെളിവുകളേയും ആശ്രയിക്കേണ്ടിവന്നു.അങ്ങനെ നോവലിനു വേണ്ടിയൊരു ചരിത്രഗാത്രം രൂപപ്പെടുത്തുകയായിരുന്നു. ‘ഉല’യുടെ രചനയിൽ ചരിത്രത്തേക്കാൾ ഭാവനയ്ക്കാണു മുൻ തൂക്കം.

പത്ര പ്രവർത്തകന്‍റെ വേഷത്തിലും ഉദ്യോഗസ്ഥന്‍റെ വേഷത്തിലും ഞാൻ കണ്ടത് എന്‍റെ മുന്നിൽ അനാവരണം ചെയ്യപ്പെട്ട മനുഷ്യജീവിതങ്ങളാണു.


? ‘എടലാക്കുടി പ്രണയരേഖകൾ ’ എന്ന ലഘുനോവൽ പ്രണയത്തെ വെറും വികാരമായല്ല,കാലവും സമൂഹവും ചേർന്ന് രൂപപ്പെടുത്തുന്ന അനുഭവമായാണു അവതരിപ്പിക്കുന്നത്.ഇതൊന്ന് വിശദീകരിക്കാമോ?
= സഖാക്കളുടെ സഖാവ് എന്ന വിശേഷണത്തിനുടമയായ സഖാവ് പി.കൃഷ്ണപിള്ളയുടെ ജീവിതത്തിലെ ചെറിയൊരു ഏടാണല്ലോ ആ കൃതിയുടെ പ്രമേയ പശ്ചാത്തലം. പുറം ലോകമറിയാതെ എടലാക്കുടി ജയിലിൽ തടവിൽ കഴിയുകയായിരുന്ന  വിപ്ലവകാരിയായ കൃഷ്ണപിള്ളയുടെ ജീവിതത്തിലേക്ക് അവിചാരിതമായാണു തന്‍റെ പാതിവയസ്സുള്ള തങ്കമ്മയെന്ന പെൺകുട്ടിയുടെ പ്രണയം കടന്നുവരുന്നത്. അതാവട്ടെ. അന്യോന്യം കാണുകയോ കേൾക്കുകയോ ചെയ്യാതെ , ഹിന്ദിയിൽ എഴുതി, പുസ്തകച്ചട്ടകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ  കത്തുകളിലൂടെ.ഈ നോവലിൽ തങ്കമ്മ കേവലമൊരു പ്രണയിനിയല്ല. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി തടവിൽ കഴിയുന്ന യുവാവിനോടുള്ള വീരാരാധനയും മതിപ്പുമാണു തങ്കമ്മയെ പ്രണയത്തിലേക്കു നയിക്കുന്നത്. കൃഷ്ണപിള്ളയുടെ അവസ്ഥയും അതുതന്നെ. പുറം ലോകവുമായി ബന്ധപ്പെടാൻ തന്നെ സഹായിക്കുന്ന ഹിന്ദി വിദ്യാർത്ഥിനിയോടുണ്ടായ മാനസികമായ അടുപ്പമാണു പ്രണയമായി ഉരുവപ്പെട്ടത്. കാലവും സമൂഹവും സാഹചര്യവും ചേർന്നു രൂപപ്പെടുത്തിയ പ്രണയമായിരുന്നു അത്. കൃഷ്ണപിള്ളയ്ക്ക് പ്രണയത്തേക്കാൾ മീതേയായിരുന്നു  പാർട്ടിയോടും താൻ പിന്തുടരുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോടുമുള്ള പ്രതിപത്തി. അതുകൊണ്ടാണല്ലോ, വിവാഹിതരായി ഒരുമിചുള്ള ആദ്യ യാത്രകളിലൊന്നിൽ കൃഷ്ണപിള്ള തങ്കമ്മയോട് പറയുന്നത്, ‘തങ്കം പ്രസ്ഥാനം കഴിഞ്ഞാൽ എനിക്കു പ്രിയം തങ്കത്തിനോടാണെ’ന്ന്. ഏതെങ്കിലുമൊരു കാമുകൻ ധൈര്യപ്പെടുമോ ഇങ്ങനെ പറയാൻ? 

ഭാഷയുടെ വിഷയത്തിൽ ഒരു ‘കോമ്പ്രമൈസിനും’വഴങ്ങേണ്ടതില്ല എന്ന എന്‍റെ ഉള്ളിലെ എഴുത്തുകാരന്‍റെ  നിശ്ചയമാണു ‘ഉല’യുടെ വായന ദുഷ്കരമാക്കുന്നതായ പരാതികൾക്കിടയാക്കിയത്.

? ഗവേഷണം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ചരിത്രസത്യവും കലാസത്യവും തമ്മിൽ സംഘർഷം ഉണ്ടാകാറുണ്ടോ? അത്തരം സന്ദർഭങ്ങളിൽ എന്തിനാണു മുൻ ഗണന നല്കുന്നത്?
= ചരിത്ര പശ്ചാത്തലത്തിൽ ഒരു രചന നിർവഹിക്കുമ്പോൾ വസ്തുതകളോട് നീതി പുലർത്തേണ്ടതായിട്ടുണ്ട്. ചരിത്ര സത്യത്തിനാണവിടെ മുൻ തൂക്കം. അല്ലെങ്കിൽ ചരിത്രത്തെ തമസ്ക്കരിക്കലാവുമത്. ഒരെഴുത്തുകാരൻ ചരിത്രത്തെ അതേപടി പകർത്തിവയ്ക്കുകയല്ലല്ലോ ചെയ്യുന്നത്, ജീവിതത്തിന്‍റെ കാലിഡോസ്കോപ്പിലൂടെ തിരിച്ചും മറിച്ചും നോക്കി അതിനു കലാത്മകമായ രൂപഭേദങ്ങൾ ചമയ്ക്കുക കൂടിയാണു.അത് ഭാഷയിലൂടെയാവാം. ശില്പത്തിലൂടെയാവാം. പദഘടനകളിലൂടെയാവാം. പദ വിഘടനങ്ങളിലൂടെയാവാം.എഴുത്തിന്‍റെ നവീകരണത്തിലൂടെയാവാം.
അധികാരം, വിശ്വാസം, സ്നേഹം, വഞ്ചന, കുറ്റബോധം എന്നീ മാനസികാവസ്ഥകൾ പല നോവലുകളിലും ആവർത്തിച്ചുവരുന്നു.എഴുത്തുകാരൻ എന്ന നിലയിൽ താങ്കളെ നിരന്തരം അലട്ടുന്ന ചോദ്യങ്ങൾ ഏതൊക്കെയാണു?
= ഈ മാനസികാവസ്ഥകളാണു മനുഷ്യനെ മനുഷ്യനാക്കുന്നതും അല്ലാതാക്കുന്നതും.  വിശ്വപ്രസിദ്ധ കഥാകൃത്ത് ആന്റൺ ചെക്കോവിന്‍റെ ‘ദ കം പ്ലൈന്‍റ്’ എന്ന നാടകം അധികാരം മനുഷ്യനെ കഠിന ഹൃദയനും സംവേദന ക്ഷമതയില്ലാത്തവനും ഉദാസീനനും ആക്കുന്നതെങ്ങനെയെന്നു വരച്ചുകാട്ടുന്നുണ്ട്. അധികാരം പലപ്പോഴും ഒരു വ്യക്തിയെ മെച്ചപ്പെടുത്തുകയല്ല, അയാൾ അതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ‘ഈഗോ’യെ പുറത്തേക്കു കൊണ്ടുവരികയാണു ചെയ്യുക. എന്നെ ഏറ്റവും പേടിപ്പിക്കുന്നൊരു കാര്യമാണത്. അധികാരം പലർക്കും ലഹരിയാണു. വിശ്വാസവും വഞ്ചനയും തമ്മിലുള്ള നൂൽ പ്പാലം എത്രയോ നേർത്തതാണു. വിശ്വാസം ഒരിക്കൽ തകർന്നാൽ മനുഷ്യനു സ്നേഹിക്കാൻ കഴിയുമോ? എല്ലാ ബന്ധങ്ങളുടെയുമടിത്തറ അതിളക്കും. നാമെല്ലാവരും അറിഞ്ഞോ അറിയാതെയോ എന്തൊക്കെയോ തെറ്റുകൾ ചെയ്യുന്നവരാണു. ആ കുറ്റബോധം നമ്മുടെ ഉറക്കം കെടുത്താറുണ്ട്. കുറ്റബോധം നാം സ്വയം കല്പിക്കുന്ന ശിക്ഷയാണോ അതോ നമ്മൾ മനുഷ്യാണെന്നതിന്റെ തെളിവാണോ? ‘ഈ സിസ്റ്റം എങ്ങനെയാണു സാധാരണക്കാരനായൊരാളെ കുറ്റവാളിയാക്കുന്നതും കുറ്റവാളിയായൊരാളെ അയാളുടെ സ്വാധീനത്തിന്‍റെയോ പണത്തിന്‍റെയോ ബലത്തിൽ  അതല്ലാതാക്കുന്നതും? എന്നെ അലട്ടുന്നൊരു ചോദ്യമാണണ്.

പുസ്തക പ്രസാധകരാണു എഴുത്തുകാരുടെ മൂല്യം നിശ്ചയിക്കുന്നത് എന്നു തോന്നിയിട്ടുണ്ടോ? ചില എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പ്രസാധകർ നല്കുന്ന പ്രാധാന്യം നോക്കുക. ഈ അവസ്ഥ സാഹിത്യരംഗത്തെ എങ്ങനെ ബാധിക്കും?

അതുകൊണ്ടാണല്ലോ, വിവാഹിതരായി ഒരുമിചുള്ള ആദ്യ യാത്രകളിലൊന്നിൽ കൃഷ്ണപിള്ള തങ്കമ്മയോട് പറയുന്നത്, ‘തങ്കം പ്രസ്ഥാനം കഴിഞ്ഞാൽ എനിക്കു പ്രിയം തങ്കത്തിനോടാണെ’ന്ന്. ഏതെങ്കിലുമൊരു കാമുകൻ ധൈര്യപ്പെടുമോ ഇങ്ങനെ പറയാൻ? 

= എഴുത്തുകാരുടെ മൂല്യം നിശ്ചയിക്കുന്നത് വായനക്കാരാണു എന്നായിരുന്നു എന്റെ വിശ്വാസം. എന്നാൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളിൽ എന്‍റെ ആ വിശ്വാസത്തിനു ഇളക്കം വന്നു തുടങ്ങി. സമീപകാലത്തായി ആ വിശ്വാസം ഇല്ലാതായി. കാരണം ചില പ്രസാധകരാണു എഴുത്തുകാരുടെ മൂല്യം നിശ്ചയിക്കുന്നത് എന്ന അവസ്ഥ മലയാള സാഹിത്യത്തിൽ വന്നിരിക്കുന്നു. ചില എഴുത്തുകാരെ മാത്രം പ്രമോട്ട് ചെയ്യാൻ ചില പ്രസാധകർ അമിതമായ താല്പര്യമെടുക്കുന്നു. സാധാരണ ഒരു എഡിഷനിൽ 1000 കോപ്പികൾ അച്ചടിക്കുന്ന സ്ഥാനത്ത് 300 കോപ്പികളോ അതിൽ കുറവോ അച്ചടിച്ച്  ചില എഴുത്തുകാരുടെ പുസ്തകങ്ങളുടെ പതിപ്പുകളുടെ എണ്ണം കൂട്ടി പെരുപ്പിച്ചുകാണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ‘ഹൈപ്പ്’  നല്കുന്നു.വിപണനത്തിന്‍റെ കാലത്താണു നാം ജീവിക്കുന്നത് എന്നതിനാൽ പ്രസാധകരെ അതിനു കുറ്റപ്പെടുത്താനാവില്ല. പക്ഷെ, വായനക്കാർ കബളിപ്പിക്കപ്പെടുകയാണു. ഉൾക്കാമ്പുള്ള പല മികച്ച പുസ്തകങ്ങളും പുതിയ എഴുത്തുകാർ ഉൾപ്പെടെ പല എഴുത്തുകാരും ഈ കപടമായ വിപണനത്തിരയേറ്റത്തിൽ മുങ്ങിപ്പോകുന്നു. ഇത് നല്ല പ്രവണതായാണോ എന്നു ചോദിച്ചാൽ തീർച്ചയായും അല്ല.

എല്ലാം നേടാൻ വേണ്ടി മനുഷ്യത്വം കൈവിടുമ്പോഴാണോ അതോ മനുഷ്യത്വം നിലനിർത്തുന്നതിനായി എല്ലാം നഷ്ടപ്പെടുമ്പോഴാണോ നിങ്ങൾ യഥാർഥ മനുഷ്യനാകുന്നത്?

? ഭരണ സേവനത്തിലെ അനുഭവങ്ങൾ മനുഷ്യജീവിതത്തിലെ ഏതെല്ലാം വശങ്ങളാണു താങ്കൾക്കു കാട്ടിത്തന്നത്? അവ സാഹിത്യമായി മാറിയതെങ്ങനെ?
= സിവിൽ സർവീസിൽ എത്തും മുൻപേ 12 വർഷം ഞാൻ പത്രപ്രവർത്തകനായിരുന്നു. അന്നും ഞാൻ എഴുതിയിരുന്നു. പത്ര പ്രവർത്തകന്‍റെ വേഷത്തിലും ഉദ്യോഗസ്ഥന്‍റെ വേഷത്തിലും ഞാൻ കണ്ടത് എന്‍റെ മുന്നിൽ അനാവരണം ചെയ്യപ്പെട്ട മനുഷ്യജീവിതങ്ങളാണ്. ജീവിതത്തിന്‍റെ എല്ലാ വശങ്ങളും സാഹിത്യത്തിനു വിഷയമാണല്ലോ? എന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും ചിന്തകളുമാണല്ലോ എന്‍റെ എഴുത്തിന്‍റെ കരുക്കളായി മാറുക? സ്വാഭാവികമായും  സാഹിത്യത്തിനത് വിഷയമായിട്ടുണ്ടാവുമല്ലോ? പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പദയാത്ര’ എന്ന ചിത്രത്തിന്‍റെ ഭാഗമാകാൻ എഴുത്തുകാരൻ എന്ന നിലയിൽ എനിക്കു ഭാഗ്യമുണ്ടായി. ഈ ചിത്രത്തിന്‍റെ പ്രമേയത്തിനു വിഷയമായത് പത്ര പ്രവർത്തകന്‍റെവേഷത്തിലും സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍റെ റോളിലും ഒരേപോലെ എനിക്കുണ്ടായ അതി സങ്കീർണമായ ജീവിതാനുഭവങ്ങളാണു. 

ചില പ്രസാധകരാണു എഴുത്തുകാരുടെ മൂല്യം നിശ്ചയിക്കുന്നത് എന്ന അവസ്ഥ മലയാള സാഹിത്യത്തിൽ വന്നിരിക്കുന്നു. ചില എഴുത്തുകാരെ മാത്രം പ്രമോട്ട് ചെയ്യാൻ ചില പ്രസാധകർ അമിതമായ താല്പര്യമെടുക്കുന്നു.

? ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരികുന്ന നോവലാണു ‘ഉല.’പ്രാദേശികഭാഷയും സംസ്കാരവും ചരിത്രവും ഉപയോഗിച്ചെഴുതിയ ഈ നോവൽ സംവേദനത്തിൽ ചില പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. ഇത് പ്രമേയത്തിന്റെ പ്രശ്നമാണോ വായനക്കാരുടെ കുഴപ്പമാണോ?
= രണ്ടുമല്ല.വായനക്കാരുടെ കുഴപ്പവുമല്ല. എഴുത്തുകാരന്‍റെ നിലപാടാണതിനു കാരണം. ഭാഷയുടെ വിഷയത്തിൽ ഒരു ‘കോമ്പ്രമൈസിനും’വഴങ്ങേണ്ടതില്ല എന്ന എന്‍റെ ഉള്ളിലെ എഴുത്തുകാരന്‍റെ  നിശ്ചയമാണു ‘ഉല’യുടെ വായന ദുഷ്കരമാക്കുന്നതായ പരാതികൾക്കിടയാക്കിയത്. ഒൻപത്, പത്ത് നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ എഴുതപ്പെടാത്ത ചരിത്രമാണല്ലോ ‘ഉല’ അനാവരണം ചെയ്യുന്നത്? ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന വാമൊഴിയുമായി നീതി പുലർത്തുന്ന ഭാഷയിലായിരിക്കണം അക്കാലത്തെ കഥാപാത്രങ്ങൾ സംസാരിക്കേണ്ടത്. അതിൽ മായം ചേർക്കാൻ ഞാനൊരുക്കമായിരുന്നില്ല.അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ആ കഥാപാത്രങ്ങളുടെ തനിമ നഷ്ടപ്പെടുമായിരുന്നു. ആ കാലത്തു ജീവിച്ചിരുന്ന അഴലിയും ഇളവെയിലിയും മാരനും നയോമിയും ചീതമ്മയും ചേന്തിലയും കൊണാങ്കി മൂപ്പനും ഔതയും പവനനും കത്തനാരച്ചനും വൈദ്യരച്ചനുമൊക്കെ ഇന്നത്തെ ഭാഷയിൽ സംസാരിച്ചിരുന്നെങ്കിൽ ‘ഉല’ വളരെയേറെ വായനാക്ഷമമാകുമായിരുന്നു. പുസ്തകം ഇതിലും കൂടുതൽ വിറ്റുപോയേനേ. പക്ഷേ, ആത്മാവ് നഷ്ടപ്പെട്ട രചനയായേനേയത്. ഞാനോ,പുസ്തകം വിറ്റുപോകാനും പോപ്പുലാരിറ്റിക്കുമായി  സ്വന്തം എഴുത്തിനെപ്പോലും വഞ്ചിച്ച എഴുത്തുകാരനെന്ന ഉൾവേവിന്‍റെ ഇരയുമായേനേ.

ഉൾക്കാമ്പുള്ള പല മികച്ച പുസ്തകങ്ങളും പുതിയ എഴുത്തുകാർ ഉൾപ്പെടെ പല എഴുത്തുകാരും ഈ കപടമായ വിപണനത്തിരയേറ്റത്തിൽ മുങ്ങിപ്പോകുന്നു. ഇത് നല്ല പ്രവണതായാണോ എന്നു ചോദിച്ചാൽ തീർച്ചയായും അല്ല.

? കെ.വി.മോഹൻ കുമാർ എന്ന എഴുത്തുകാരൻ മനുഷ്യരോട് ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം എന്തായിരിക്കും?
= എന്‍റെ ചോദ്യമിതാണു : ലോകം കീഴ്മേൽ മറിയുമ്പോൾ  നിങ്ങളിലെ മനുഷ്യത്വത്തെ നിങ്ങൾ എങ്ങനെ കാത്തു സൂക്ഷിക്കും? എല്ലാം നേടാൻ വേണ്ടി മനുഷ്യത്വം കൈവിടുമ്പോഴാണോ അതോ മനുഷ്യത്വം നിലനിർത്തുന്നതിനായി എല്ലാം നഷ്ടപ്പെടുമ്പോഴാണോ നിങ്ങൾ യഥാർഥ മനുഷ്യനാകുന്നത്?
അങ്ങനെ നോവലിനു വേണ്ടിയൊരു ചരിത്രഗാത്രം രൂപപ്പെടുത്തുകയായിരുന്നു. ‘ഉല’യുടെ രചനയിൽ ചരിത്രത്തേക്കാൾ ഭാവനയ്ക്കാണു മുൻ തൂക്കം.
ഇന്നത്തെ മലയാള സാഹിത്യത്തിൽ ചരിത്രനോവലിനു എന്തെല്ലാം സാദ്ധ്യതകളാണു താങ്കൾ കാണുന്നത്?
= വരും തലമുറകൾക്കായുള്ള ഓർമ്മകളുടെ അറകളാണു ചരിത്രത്തിന്‍റെ അടരുകളിൽ പകർത്തിയ ജീവിതക്കാഴ്ചകൾ. ഒരു എഴുത്തുകാരന്‍റെ സാംസ്കാരിക രാഷ്ട്രീയ ദൗത്യവുമതാണെന്നു ഞാൻ വിശ്വസിക്കുന്നു. സ്വന്തം തലമുറയേയും വരും തലമുറകളേയും ഓർമ്മിപ്പിക്കുക - ‘നാം ആരായിരുന്നു? നാമെങ്ങനെ നാമല്ലാതായി? നാമെങ്ങനെ ഇന്നത്തെ നാമായി ?’ 

എഴുത്തുകാരൻ എല്ലായ്പ്പോഴും പൊതു ഇടങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ആകണമെന്നില്ല. കാരണം എഴുത്തും ആക്ടിവിസമാണു. എഴുത്തിലൂടെ അയാൾ ആക്ടിവിസ്റ്റ് ആയിക്കഴിഞ്ഞിരിക്കുന്നു.

? സോഷ്യൽ മീഡിയ ,വ്യാജ വാർത്തകൾ , മത ധൃവീകരണം,പരിസ്ഥിതി പ്രതിസന്ധി, ആഗോള യുദ്ധങ്ങളെന്നിവ മനുഷ്യ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന കാലമാണിത്.ഈ കാലഘട്ടത്തിൽ എഴുത്തുകാരുടെ ഉത്തരവാദിത്തമെന്താണു?
= ബഹുസ്വരതയുടെ വക്താക്കളാക്കുക.ഫാസിസത്തിന്‍റെ നീരാളികളെ ഒറ്റപ്പെടുത്താൻ മതേതരത്വ സോഷ്യലിസ്റ്റ് ആശയങ്ങൾക്കായി നിലകൊള്ളുന്ന പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയാണു ഏതൊരു എഴുത്തുകാരന്‍റേയും യും ഉത്തരവാദിത്തം.
എഴുത്തുകാരൻ തന്‍റെ കൃതികളിലൂടെ മാത്രം സംസാരിച്ചാൽ മതിയോ?അതോ സാമൂഹ്യജീവി എന്ന നിലയിൽ പൊതു ഇടങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടോ ?

അധികാരം പലപ്പോഴും ഒരു വ്യക്തിയെ മെച്ചപ്പെടുത്തുകയല്ല, അയാൾ അതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ‘ഈഗോ’യെ പുറത്തേക്കു കൊണ്ടുവരികയാണു ചെയ്യുക. എന്നെ ഏറ്റവും പേടിപ്പിക്കുന്നൊരു കാര്യമാണത്.

= ഔചിത്യ ബോധത്തിനു വിധേയമായതെന്തും എഴുത്തുകാരനു നിർവഹിക്കാം.എഴുത്തുകാരൻ ഇരകളുടെ പക്ഷത്തോ അതോ വേട്ടക്കാരുടെ പക്ഷത്തോ എന്ന തന്‍റെ നിലപാട് പൊതു ഇടങ്ങളിൽ വ്യക്തമാക്കേണ്ടതുണ്ട്. എന്നുവച്ച് എഴുത്തുകാരൻ എല്ലായ്പ്പോഴും പൊതു ഇടങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ആകണമെന്നില്ല. കാരണം എഴുത്തും ആക്ടിവിസമാണു. എഴുത്തിലൂടെ അയാൾ ആക്ടിവിസ്റ്റ് ആയിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ എഴുത്തിനുപരി പൊതുസമൂഹത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ ഇറങ്ങേണ്ടിവന്നാൽ ഇറങ്ങാൻ സന്നദ്ധനായിരിക്കണം.നിളയെ സംരക്ഷിക്കുന്ന വിഷയത്തിൽ യശ:ശരീരനായ എം.ടി സജീവമായി ഇടപെട്ടത് നമ്മുടെ കണ്മുന്നിലുള്ള ദൃഷ്ടാന്തമാണല്ലോ?
അഭിമുഖം തയ്യാറാക്കിയത്:
ഡോ. മുഹമ്മദ് കബീര്‍


Comments
* The email will not be published on the website.