
പുസ്തകവായന
ഡോ. മിലാനി മേരി പോള്‍
ഒപിയിലിരിക്കുമ്പോൾ കയ്യിലെക്കെത്തുകയാണ് ഒരു കൊറിയർ.
തുറന്നതും തിരമാലകൾ..!
തിരയിളക്കങ്ങളിൽ രണ്ട് നിമിഷം കൺചേർത്തിരുന്നു..
കടലെന്നും അത്ഭുതമായിരുന്നു.
എന്നെ അറിയുന്ന കടൽ.
അങ്ങനെ എന്ത് കൊണ്ട് തോന്നുന്നുവെന്ന് കൗമാരം മുതലേയുള്ള ഉൾചോദ്യങ്ങൾ.
ഉത്തരം തന്നുകൊണ്ടേയിരിക്കുന്നു ജീവിതം...
നെയ്തൽ..
ബർഗ്മാൻ തോമസിന്‍റെ ( Bergman Thomas ) പുതിയ പുസ്തകം.
കടൽത്തുറകഥകളുടെ സമാഹാരം.
ബർഗ്മാന്‍റെ എഴുത്തുകളിലെ സാഗരങ്ങൾ നമ്മെ വീണ്ടും നദികളാക്കും..
മനുഷ്യത്വത്തിന്റെ വേരുകൾ തേടി നാം പിന്നോട്ടൊഴുകും..
ഏറ്റവും സ്വസ്ഥമായി വായിക്കണമെന്ന് തോന്നി .
അത് കൊണ്ട് തന്നെ തിരകളെ പുണരുവാൻ അല്പം വൈകി..
വായിച്ചു തുടങ്ങിയപ്പോൾ അതൊരു നീലയാത്രയായി..
ഈർപ്പമുള്ള ഉപ്പുകാറ്റേറ്റ് , പാവപ്പെട്ട കടൽമനുഷ്യരുടെ നിഷ്കളങ്കതയിലേക്കുള്ളൊരു നീലയാത്ര.
ഉടഞ്ഞിട്ടും ഒഴുക്കിക്കളയാത്ത അവരുടെ കാമ്പുള്ള കനവുകൾ .
പെൽക്കീസും കുഞ്ഞുമൽസ്യവും പോലുള്ള ചെറുജീവിതങ്ങളുടെ കടങ്കഥകൾ.

ഒരു കഥയും നമ്മെ സന്തോഷിപ്പിക്കുന്നില്ല.
നെഞ്ച് നീറ്റി, ചിന്തിപ്പിച്ചു വിടും.
ആരുമില്ലാത്ത ഒരു പറ്റം പാവം മനുഷ്യർ.
ആകെയുള്ളത് നെഞ്ചിലെ കടൽ ചൂരും, പിന്നെ ദൈവവും.
ഈ ഭൂമിയിൽ അവർ ഒറ്റയ്ക്കെന്ന് ഓരോ കഥയും പിടച്ചിലോടെ പറയുന്നുണ്ട്.
എന്നാൽ 'ഞങ്ങക്ക് കടലുണ്ട്' എന്നവർ ഉന്മാദത്തോടെ ആർത്താർത്തു പറയുന്നു .
കടൽ മാത്രം.
ഒരു കടൽമനുഷ്യന്‍റെ കൂടെയുള്ള സഞ്ചാരമാണിത്.
കങ്കൂസിന്റെ കമ്പനങ്ങൾ പോലെ വിരൽത്തുമ്പിലൂടിറ്റിയ നോവെഴുത്ത്.
എഴുത്താളിന്‍റെ ഉൾകടലുകളെ നാമറിയും.
ചൂണ്ടയിൽ കൊളുത്തിയ പലതരം മീനുകളെ പോലെ കൂടെ പിടയും ..
കടൽപ്പാരും പൊലപ്പും കണ്ട് കണ്ണ് നിറയ്ക്കും...
കഥകളല്ല, കഠിനതകളാണ്.
തീരദേശങ്ങളുടെ യാതനകൾ.
നൊന്ത് പിടയുന്ന ചങ്ക് അമർത്തി വെച്ച് വീണ്ടും കടലിലേക്ക് തുഴയുന്ന ധീരമനുഷ്യർ.
ഉടഞ്ഞിട്ടും ഒഴുക്കിക്കളയാത്ത അവരുടെ കാമ്പുള്ള കനവുകൾ .
പെൽക്കീസും കുഞ്ഞുമൽസ്യവും പോലുള്ള ചെറുജീവിതങ്ങളുടെ കടങ്കഥകൾ.
പത്രോസ് പുണ്യാളനെയും വന്ദിച്ചു, നടുക്കടലിൽ പ്രണയസമ്മാനത്തിനായി തിരണ്ടിയെ നോക്കിയിരിക്കുന്ന എസ്തപ്പാൻ..
ബൈബിൾ വാക്യങ്ങൾക്കൊപ്പം സ്റ്റീഫൻ ഹോകിങ്ങിനെയും ഹെമിങ്ങ് വേയെയും ഒരുപോലെ ഓർത്തെടുക്കുന്ന എസ്തപ്പാൻ...
തിരണ്ടിയുമായി എൽസിയിലേക്ക് ഒരിക്കലും ചെന്ന് ചേരാതെ പോയ എസ്തപ്പാൻ...
വായിച്ചു തീരുമ്പോളേക്കും അയാളൊരു നോവ് ചുഴി പോലെ നെഞ്ചിലൂറും.
ഒരു കടൽമനുഷ്യന്‍റെ കൂടെയുള്ള സഞ്ചാരമാണിത്.
കങ്കൂസിന്റെ കമ്പനങ്ങൾ പോലെ വിരൽത്തുമ്പിലൂടിറ്റിയ നോവെഴുത്ത് .
എഴുത്താളിന്‍റെ ഉൾകടലുകളെ നാമറിയും.

കടലിലേക്ക് മാഞ്ഞു പോയ രായന്റെ ഓർമ്മകളിൽ പകലന്തിയോളം പുലമ്പി നടക്കുന്ന മരിയയും കെട്ട്യോനും...
കണ്ണ് കഴക്കും നമ്മൾക്ക്..
അതുപോലൊരു കാത്തിരിപ്പ്..
അവന്റെ കാൽപ്പാടുകൾ തേടി നമ്മളും ആ കടപ്പുറം മൊത്തം അലയും..
അലഞ്ഞു മടക്കുമ്പോൾ അവരെപ്പോലെ അവനെ കടലിൽ ചെന്ന് പുണരും...
ഉപ്പുരസമുള്ള കടൽപ്രണയങ്ങൾ..
അതിന്റെ തീവ്രതയിൽ നമ്മൾ നനഞ്ഞ മണൽത്തരികളെക്കാൾ ഈർപ്പമിറ്റും.
പ്രിയപ്പെട്ടവന്റെ ഉയിരാകുന്ന പെണ്ണുങ്ങൾ.
ആഴി കടഞ്ഞെടുത്ത മനസ്സുമായി പ്രണയത്തിനൊപ്പം തുഴയുന്ന തങ്കവും മരിയയും ലൂസിയയും..
കടല് മണക്കുന്നവനെ തേടി വന്ന മീനാക്ഷിയും..
ഈസ്റ്റർ ലില്ലി പോലുള്ള ഗ്ലോറിയും... കെടക്കപ്പായയിൽ കിടന്ന് ലേയോച്ചാ എന്ന് വിളിക്കുന്ന കുരിശമ്മയും..
വീടുകൾ നിവർന്നു നിന്ന് വരവേൽക്കുന്ന മീൻകാരി മേരിയും...
എല്ലാം...
കടലൊച്ച പോലെ ശക്തമായ സ്ത്രീ ശബ്ദങ്ങൾ.
ഉറച്ച സ്നേഹം അലയടിക്കുന്ന പെൺകടലുകൾ.
രണ്ടു ഏകാകികളെ ഒന്നിപ്പിക്കുന്ന കടൽത്തീരങ്ങൾ..
കാലത്തിന്റെ മാറ്റങ്ങൾക്ക് കടലിനൊപ്പം സാക്ഷിയാകുന്ന തീരദേശങ്ങൾ...
പള്ളിയും ക്ഷേത്രവും മോസ്‌ക്കും ഒന്നിച്ചുണരുന്ന സ്നേഹത്തുറകൾ..
വഞ്ചിയും നിരാശയുമേന്തി നനഞ്ഞു കയറിവരുന്ന മക്കളെ ചേർത്ത് പുണരുന്ന മഞ്ഞമണലോരങ്ങൾ ...
കഥകളുടെ ഓളം വെട്ടലിൽ നമ്മൾ പനിയടിമയെ പോലെ കടലിന്റെ ഉള്ളോട്ട് ഉള്ളോട്ട് തുഴയും.. തളരും..
അപ്പോൾ മുത്തമ്മ അവന്റെ ആറാം തിരുമുറിവിൽ മെല്ലെ തൊടുമ്പോലെ യഥാർഥ്യങ്ങളുടെ തീരങ്ങൾ നമ്മെ വീണ്ടും തൊടും.. നാം വിതുമ്പും..
പതിനൊന്നു നിലവിളികളാണ് ..
തീരുമ്പോൾ, നമ്മൾ വെറുതേ പോകുന്നില്ല.
കഥയിലെ പത്രോസ് തന്റെ തിരുകുടുംബത്തിനൊപ്പം കൈവിരിച്ചു പിടിച്ചു നെഞ്ചിൽ ചുമന്നു കൊണ്ട് വരും പോലെ
കൈനിറയെ കടലുണ്ടാകും.
കരിനീലകദനക്കടൽ.