അർശോരോഗികളുടെ കമ്മ്യൂൺ

ലേഖനം

ജീവരാജൻ

ആദർശ നിഷ്ഠകൾ നഷ്ടമായി അലസതയിലാണ്ട് അവസരവാദികളായി മാറിയ മുൻ കമ്മ്യൂണിസ്റ്റുകളുടെ കോളനിയെ 'അർശോരോഗികളുടെ കമ്മ്യൂൺ' എന്ന പരിഹാസ പേരിൽ കേന്ദ്രബിംബമാക്കിയ സി.ആർ.പരമേശ്വരൻ്റെ 'പ്രകൃതി നിയമം' എന്ന നോവലിന് അത് പ്രസിദ്ധീകരിച്ച 1986 ലേതിനേക്കാൾ പ്രസക്തി ഇന്നുണ്ട്.
നാല്പതുകളിലെ വിപ്ലവകാരികളുടെ തലമുറയിൽപ്പെട്ട നേതാക്കളിലൊരാളാണ് ഇതിലെ പേരില്ലാത്ത പ്രധാന കഥാപാത്രം. കോളനിവാസികളുടെ  മാറിയ ജീവിതരീതികളോട് പ്രായാധിക്യത്താൽ  അവശനായ അയാൾ കലഹിക്കുന്നത് ആത്മപീഡയിലൂടെയാണ്.
ഒരിക്കൽ ഒറ്റുകാരെ പേടിച്ച് ചിമ്മിനി വിളക്കുകെടുത്തി ഇരുട്ടു കനപ്പിച്ച സങ്കേതങ്ങളിൽ കരിയില ചവിട്ടി നീങ്ങിയിരുന്ന അവർക്ക് പീഡിതരും നിന്ദിതരുമായവരുടെ മുഖമായിരുന്നെങ്കിൽ ഇന്ന് അവർ തന്നെ ഒറ്റുകാരായിരിക്കുന്നു. 
പഴയ ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളുമൊക്കെയായി അവർ പാർപ്പു തുടങ്ങിയപ്പോഴാണ് പഴയ കമ്മ്യൂണിനെ  അർശോ രോഗികളുടെ കമ്മ്യൂണെന്ന് പുറം ലോകം കളിയാക്കാൻ തുടങ്ങിയത്.

തെരുവിൽ വിവസ്ത്രനാക്കപ്പെട്ടവനെപ്പോലെ നിൽക്കുന്ന കഥാനായൻ്റെ ചിത്രം വായനക്കാരുടെ മനസിനെ വിടാതെ പിൻതുടരും.പരാജിതനായ അയാൾ പുസ്തകങ്ങളിൽ ഉത്തരം തേടുന്നുണ്ടെങ്കിലും അതും വിഫലമാണ്.

വാദ്യഘോഷങ്ങളും ആഹ്ളാദങ്ങളും പ്രകാശധോരണിയും നിറഞ്ഞ പുതിയ കമ്മ്യൂണിൽ അന്യവൽക്കരിക്കപ്പെട്ടവനായി, പഴയ കാലത്തിൻ്റെ ഓർമ്മകളാൽ ചുറ്റപ്പെട്ടും പുറം ലോകത്തെ ദാരിദ്ര്യത്തോടും അനീതികളോടും സന്ധി ചെയ്യാനാകാതെ ഉഴറിയും ചിത്തഭ്രമത്തിൻ്റെ പടവുകളിൽ സഞ്ചരിക്കുന്ന നായക കഥാപാത്രത്തിന് ഭാര്യ കമല മാത്രമാണ് കൂട്ട്. സാനറ്റോറിയത്തിൽ നിന്ന് അയാൾ മടങ്ങിയെത്തിയത് ഒരു ദുഖവെള്ളിയാഴ്ചയാണ്.
പട്ടുശീലയിൽ പൊതിഞ്ഞ് സുഗന്ധദ്രവ്യങ്ങൾ പൂശിയ ഒരു മൃത ശരീരത്തിൻ്റെ സാന്നിധ്യം അയാൾ ഭാര്യയെ ഓർമ്മിപ്പിക്കുന്നുണ്ട്. ഒറ്റുകൊടുക്കപ്പെട്ട് മൃതമായ അയാളുടെ വിപ്ലവ സ്വപ്നങ്ങൾ തന്നെയാണത്.
" തൊട്ടു തൊട്ടില്ലെന്നായ 
  സമസുന്ദരലോകം
  ദൃഷ്ടിയിൽ നിൽപ്പൂ ദൂരെ 
   ഗന്ധർവ്വ പുരി പോലെ "
എന്ന വൈലോപ്പിള്ളിയുടെ കവിതാ ശകലമാണ് നോവലിന് ആമുഖമായി ചേർത്തിരിക്കുന്നത്.

മാനസിക വിഭ്രമത്തോടൊപ്പം കടുത്ത ശ്വാസം മുട്ടലും കഥാപാത്രത്തെ വിടാതെ വേട്ടയാടുന്നു. മറ്റുള്ളവർ അനായാസം കയ്യൊഴിഞ്ഞ ആദർശങ്ങൾ അയാൾക്ക് അങ്ങനെ ഉപേക്ഷിക്കാനാകുന്നില്ല എന്നതാണ് യഥാർത്ഥത്തിൽ അയാളുടെ 'രോഗം'.

സി.ആർ.പരമേശ്വരൻ ഈ നോവലെഴുതുന്ന കാലത്ത് മർത്യൻ്റെ നീതിബോധം കുരിശുമരണം കഴിഞ്ഞ് ശവസംസ്കാരത്തിന് കാത്തിരിക്കുകയായിരുന്നെങ്കിൽ ഇന്നത് അന്ത്യകൂദാശയേറ്റുവാങ്ങി അനാഥ പ്രേതമായി അലയുകയാണെന്നു മാത്രം.

'ഈ ആരവങ്ങളോടും ജീർണ്ണത വിതക്കുന്ന കമ്മ്യൂൺ വാസികളോടും തോൽക്കാനോ?' അയാൾ സ്വയം ചോദിക്കുന്നു. അവരുടെ ജീർണ്ണിച്ച ജീവിത മൂല്യങ്ങൾ അയാളെ സർപ്പദംശനമേറ്റവനെപ്പോലെ അവശനാക്കുന്നു. അവരുടെ ആരോഗ്യം അറപ്പുളവാക്കുന്നതാണെന്നറിഞ്ഞ് നിരാശയുടെയും പ്രത്യാശയുടെയും ചതുപ്പുനിലത്തിലൂടെ മനസിനെ അലയാൻ വിട്ട്, ശ്വാസം മുട്ടിക്കുന്ന ഓർമ്മകളെ സ്വയം ആവാഹിച്ച് രോഗത്തിലൂടെയുള്ള പ്രതിരോധമാണ് നോവലിസ്റ്റ് അയാൾക്ക് വിധിച്ചിരിക്കുന്നത്.
മറുവഴി നോവലിസ്റ്റ് വരച്ചിടുന്നതിങ്ങനെ:
'അലമാരിയിൽ ആവശ്യത്തിന് പണമുണ്ട്. ഭക്ഷണ സാധനങ്ങളും. രാത്രിയിൽ ശ്വാസം മുട്ട് വന്നാൽ ഇതാ ഗുളികകൾ. പിന്നെ എന്താണ്? എന്താണ്? പുറത്ത് മഴ പെയ്യുന്നുണ്ടാകും. കമ്പിളിയുടെ ഊഷ്മളത പറ്റി മയങ്ങാം. വിശക്കുമ്പോൾ ഭക്ഷിക്കാം. ദിനപത്രങ്ങൾ പഠിക്കാതിരിക്കാം. ചില കാര്യങ്ങളിൽ വിധി വിശ്വാസം പുലർത്താം'.

പക്ഷേ ആശുപത്രിയിൽ നിന്നു തിരിച്ചെത്തി ആദ്യ ദിവസം തന്നെ കമല കഷ്ടപ്പെട്ടൊരുക്കിയ ഭക്ഷണത്തിനു മുന്നിൽ അയാളെ കാത്തിരുന്നത് ബീഹാറിലെ അഭയാർത്ഥി ക്യാമ്പിൽ കണ്ട ഒടുങ്ങാത്ത വിശപ്പോടെ തിക്കിത്തിരക്കുന്ന കുട്ടികളുടെ ഓർമ്മയാണ്. കമല നൽകിയ ഗുളികകൾ അയാളുടെ ജുബ്ബയുടെ കീശയിൽ വിശ്രമിച്ചു.
'മയക്കുഗുളികകൾ പ്രതിരോധത്തെ തകർക്കും.കോളനിയുടെ ജീർണ്ണതയും ദൈന്യവും അട്ടഹാസങ്ങളും അർദ്ധ മയക്കത്തോടെ ഏറ്റു വാങ്ങേണ്ടി വരും. അല്പത്തത്തിന് വഴങ്ങേണ്ടി വരും. ചെറുത്തു നിൽക്കുക!' അയാൾ സ്വയം പറഞ്ഞു.
ഓർവെലിൻ്റെ 1984 എന്ന നോവലിലെ വിൻസ്റ്റൺ സ്മിത്തിേൻ്റേതു പോലെ കള്ളങ്ങളുടെയും വ്യാജ നിർമ്മിതികളുടെയും കുത്തൊഴുക്കിൽ ഒലിച്ചുപോകാതെ യാഥാർത്ഥ്യബോധത്തിൻ്റെ തുരുത്തിൽ പിടിച്ചു നിൽക്കാനുള്ള തീവ്ര ശ്രമമാണ് അയാളുടേത്. 

അസഹനീയമായ ആ പോരാട്ടത്തിൻ്റെ ഇടവേളകളിൽ ചിലപ്പോൾ അയാൾ ശാന്തനാവാൻ ശ്രമിക്കാറുണ്ട്.യാഥാർത്ഥ്യത്തിൻ്റെ അടുത്ത ആഘാതം വരുന്നതുവരെ മാത്രം. 
ഒരിക്കൽ ഡോകടറെ കണ്ട് മടങ്ങുമ്പോൾ  'ഉന്മാദിയായ പ്രവാചകനെപ്പോലെ' ഒരു ചെറുപ്പക്കാരൻ അയാളെ വഴിയിൽ വിചാരണ ചെയ്യുന്നു:
' നാല്പതുകളിലെ നേതാക്കളിൽ ചിലർ പാർലമെൻ്റിലേക്കും നിയമസഭയിലേക്കും രക്ഷപ്പെടുന്നു. ചിലരാകട്ടെ കാസരോഗത്തിലേക്കും ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന സ്വപ്നാടനത്തിലേക്കും രക്ഷപ്പെടന്നു'.
തെരുവിൽ വിവസ്ത്രനാക്കപ്പെട്ടവനെപ്പോലെ നിൽക്കുന്ന കഥാനായൻ്റെ ചിത്രം വായനക്കാരുടെ മനസിനെ വിടാതെ പിൻതുടരും.പരാജിതനായ അയാൾ പുസ്തകങ്ങളിൽ ഉത്തരം തേടുന്നുണ്ടെങ്കിലും അതും വിഫലമാണ്.
'ഏറ്റവും കുറവു മാത്രം ചെറുത്തുനിൽപ്പ് വേണ്ട പാതയിലേക്ക് എല്ലാവരും ഒരുമിച്ച് വഴുതകയായിരുന്നോ?ജയിക്കാനാവാത്ത യുദ്ധം, അതിനാൽ ശത്രുവിൻ്റെ അണിയിലേക്ക് പോകാം എന്ന് പറഞ്ഞോ?'

'എല്ലാ മതങ്ങളുടെയും കഥയാണിത്. ജനങ്ങൾ സ്വയം തോൽപ്പിച്ച മൂഢ കഥ' എന്ന് അയാൾ തന്നെ ഉത്തരം പറയുന്നു.
സ്മൃദ്ധിയുടെ സന്ദേശവുമായെത്തുന്ന സോവിയറ്റു മാസികയുടെ മിനുത്ത പുറങ്ങളിൽ പരിചയപ്പെട്ട വൊൾക്കോവ് എന്ന ഒക്ടോബർ സമര യോദ്ധാവും വ്ലാഡിമിർ ലെനിനുമായി നടത്തുന്ന സാങ്കല്പിക സംവാദം കഥാനായകൻ്റെ ജ്വരമൂർഛയാർന്ന നൈതികാന്വേഷണത്തിൻ്റെ ഉദാഹരണമായിക്കാണാം.

വൊൾക്കോവും ഒരു സ്ലാവിയൻ സഖാവും റുമേനിയൻ അതിർത്തിക്കരികിലെ കാവൽപ്പുരയിൽ പ്രതിവിപ്ലവത്തിനെതിരെയുള്ള പ്രതിരോധത്തിൻ്റെ വീണുകിട്ടിയ ഇടവേളയിൽ വിശ്രമത്തിലാണ്.
'കൊതുകുകൾ ഉപദ്രവിക്കുന്നുവോ സഖാവേ?' വൊൾക്കോവ് ചോദിക്കുന്നു.

'സാരമില്ല സഖാവേ. രണ്ടു പേർക്കും കൂടി പങ്കുവെച്ച് വരുമ്പോൾ അവയുടെ ശല്യം സഹിക്കാവുന്നതേയുള്ളു' സ്ലാവിയൻ സഖാവ് പറഞ്ഞു.
അയാൾ ഉറക്കത്തിലേക്കു വീണപ്പോൾ വൊൾക്കോവ് തനിക്ക് സമ്മാനമായി ലഭിച്ച കൊതുക വല കെട്ടി സുഖമായുറങ്ങുന്നു.

' വ്ലാഡിമിർ ഇലിച്ച്, ഒരു കൊതുകുവലയാണ് നിൻ്റെ മഹത്തായ സ്വപ്നത്തെ നഷ്ടപ്രായമാക്കിയത് എന്നു വരുമോ?'
കഥാപാത്രത്തിൻ്റെ ഈ ചിന്തയിലില്ലേ സമസുന്ദരലോകം അകന്നു നിൽക്കുന്നതിൻ്റെ ഉത്തരം!

കസാനിലെ ഭദ്രാസനപ്പള്ളിയുടെ മുൻപിൽ നിൽക്കെ വൊൾക്കോവ് ഒരു പൊട്ടിച്ചിരി കേട്ടു.
ആ അശരീരി പറഞ്ഞു:

"വൊൾക്കോവ് ആൻതനോവ്, ഇപ്പോൾ എന്തു പറയുന്നു? ആരാണ് ജയിച്ചത്? എന്നുമെന്നും ജയിക്കുന്നത് ഞാനും മനുഷ്യൻ്റെ ഹീന ചോദനകളും ദുരയും മാത്രം".
അതാണോ പ്രകൃതി നിയമം?!

പുറത്തു നിൽക്കുന്നവൻ്റെ വിശപ്പാണ് സ്വന്തം തീൻമേശയിലെ വിഭവങ്ങളുടെ രുചി കൂട്ടുന്നത് എന്ന രാക്ഷസീയതയിലേക്ക് മനുഷ്യൻ അധഃപതിക്കാനുള്ള സാദ്ധ്യത കാണുമ്പോഴും അന്യൻ്റെ വേദനയിൽ അനുകമ്പയും അനീതിയോടുള്ള നിതാന്തമായ ചെറുത്തുനിൽപ്പും, ശാരീരിക പീഡകളെപ്പോലും അതിവർത്തിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് മനസിനെ ഉയർത്തി നിർത്തും എന്നതും പ്രകൃതി നിയമം തന്നെ എന്നാണ് നോവലിസ്റ്റ് പറയുന്നത്!
സി.ആർ.പരമേശ്വരൻ ഈ നോവലെഴുതുന്ന കാലത്ത് മർത്യൻ്റെ നീതിബോധം കുരിശുമരണം കഴിഞ്ഞ് ശവസംസ്കാരത്തിന് കാത്തിരിക്കുകയായിരുന്നെങ്കിൽ ഇന്നത് അന്ത്യകൂദാശയേറ്റുവാങ്ങി അനാഥ പ്രേതമായി അലയുകയാണെന്നു മാത്രം.


Comments
* The email will not be published on the website.