സത്യം തോൽക്കുന്ന ലോകം: സത്യാനന്തര കാലത്തെ അപവാദവ്യവസായം

ലേഖനം

താജ് മന്‍സൂര്‍

സത്യത്തേക്കാൾ വികാരങ്ങൾക്കും വ്യക്തിപരമായ വിശ്വാസങ്ങൾക്കും പ്രാധാന്യം ലഭിക്കുന്ന സത്യാനന്തര കാലഘട്ടം മനുഷ്യസമൂഹത്തിന്‍റെ ആശയവിനിമയരീതിയെ അടിസ്ഥാനപരമായി മാറ്റിമറിച്ചിരിക്കുന്നു. ഒരിക്കൽ ഗോസിപ്പായും അനൗദ്യോഗിക സംഭാഷണമായും നിലനിന്നിരുന്ന അപവാദം ഇന്ന് ആഗോളതലത്തിൽ സംഘടിതമായ ഒരു വ്യവസായമായി മാറിയിരിക്കുന്നു. ലോക സാമ്പത്തിക ഫോറം 2026 ജനുവരിയിൽ പുറത്തിറക്കിയ ആഗോള അപകട റിപ്പോർട്ടിൽ, അടുത്ത രണ്ടു വർഷത്തേക്കുള്ള ഏറ്റവും ഗുരുതരമായ രണ്ടാമത്തെ ആഗോള ഭീഷണിയായി തെറ്റായ വിവരങ്ങളും വ്യാജപ്രചാരണവും തുടർച്ചയായ മൂന്നാം വർഷവും ഇടംപിടിച്ചു എന്നത് ഈ പ്രതിഭാസത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നു. 

ഈ എളുപ്പത്തെ തലച്ചോറ് സത്യത്തിന്‍റെ സൂചനയായി തെറ്റിദ്ധരിക്കുന്നു. സോഷ്യൽ മീഡിയയിലെ ആവർത്തിച്ചുള്ള ഷെയറിംഗും ഫോർവേഡിംഗും ഈ മാനസിക ദൗർബല്യത്തെ വ്യവസ്ഥാപിതമായി ചൂഷണം ചെയ്യുന്ന ഒരു സംവിധാനമായി മാറിയിരിക്കുന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വേഗത, സോഷ്യൽ മീഡിയയുടെ വ്യാപ്തി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇടപെടൽ എന്നിവ ചേർന്നപ്പോൾ സത്യവും അസത്യവും തമ്മിലുള്ള രേഖ മങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോകം, ഇന്ത്യ, കേരളം എന്നിങ്ങനെ വിവിധ തലങ്ങളിൽ അപവാദ വ്യവസായത്തിന്‍റെ രൂപഭേദങ്ങളും, അന്താരാഷ്ട്ര ഗവേഷണങ്ങൾ അടിവരയിടുന്ന അതിന്റെ സാമൂഹിക-മനഃശാസ്ത്ര പ്രതിഫലനങ്ങളും ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്.Misinformation, disinformation എന്നീ പ്രതിഭാസങ്ങൾ വെറും വിവരവിനിമയത്തിലെ തെറ്റുകളല്ല, മറിച്ച് അവ സാമൂഹിക ശക്തിബന്ധങ്ങളുടെ ഭാഗമാണ് എന്ന വാദത്തെ സ്ഥിരീകരിക്കുന്ന ഏറ്റവും ആധികാരികമായ പഠനങ്ങളിലൊന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചതാണ്. 2006 മുതൽ 2017 വരെ ട്വിറ്ററിൽ പ്രചരിച്ച ഏകദേശം ഒന്നുലക്ഷത്തി ഇരുപത്തിയാറായിരം വാർത്താ-ശൃംഖലകൾ ആറ് സ്വതന്ത്ര ഫാക്ട്-ചെക്കിംഗ് സ്ഥാപനങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്ത ഈ പഠനം കണ്ടെത്തിയത്, വ്യാജ വാർത്തകൾ യഥാർത്ഥ വാർത്തകളേക്കാൾ 70 ശതമാനം കൂടുതൽ റീട്വീറ്റ് ചെയ്യപ്പെടുന്നു എന്നാണ്. ആയിരത്തി അഞ്ഞൂറ് പേരിലേക്ക് എത്താൻ വ്യാജവാർത്തകൾക്ക് സത്യവാർത്തകളേക്കാൾ ആറിരട്ടി വേഗത മാത്രമേ വേണ്ടി വരുന്നുള്ളൂ എന്നും പഠനം വ്യക്തമാക്കുന്നു. ബോട്ടുകളെ ഒഴിവാക്കി പരിശോധിച്ചപ്പോഴും ഈ വ്യത്യാസം നിലനിന്നു എന്നതിനാൽ, യന്ത്രങ്ങളല്ല മനുഷ്യർ തന്നെയാണ് വ്യാജവിവരങ്ങളെ കൂടുതൽ ആവേശത്തോടെ പങ്കുവെക്കുന്നത് എന്ന് ഗവേഷകർ നിരീക്ഷിച്ചു. വ്യാജവാർത്തകൾ വായനക്കാരിൽ ഭയം, വെറുപ്പ്, അത്ഭുതം തുടങ്ങിയ വികാരങ്ങൾ ഉണർത്തുമ്പോൾ, സത്യവാർത്തകൾ പ്രതീക്ഷ, ദുഃഖം, വിശ്വാസം പോലുള്ള വികാരങ്ങളാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ വാർത്തകളിലാണ് ഈ പ്രവണത ഏറ്റവും ശക്തമായി കാണപ്പെട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങൾ എൻഗേജ്‌മെന്റ് എന്ന മാനദണ്ഡത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ ഇത്തരം വൈകാരിക ഉള്ളടക്കങ്ങൾ കൂടുതലായി പ്രചരിക്കുകയും, ഇതിലൂടെ ഇക്കോ ചേംബറുകൾ രൂപപ്പെട്ട് ഒരേ ആശയങ്ങൾ ആവർത്തിച്ച് കേൾക്കുന്നതിലൂടെ അവ സത്യമെന്ന തോന്നൽ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു വിവരമോ വാർത്തയോ ആവർത്തിച്ച് കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ, അത് സത്യമാണോ എന്ന് പരിശോധിക്കാതെ തന്നെ സത്യമാണെന്ന് വിശ്വസിക്കാനുള്ള മനുഷ്യന്‍റെ മാനസിക പ്രവണതയാണ് 'ഇല്യൂഷറി ട്രൂത്ത് എഫക്റ്റ്' എന്നറിയപ്പെടുന്നത്. വാണ്ടർബിൽറ്റ് സർവകലാശാലയിലെ മനഃശാസ്ത്രജ്ഞ ലിസ ഫാസിയോയും സഹപ്രവർത്തകരും നടത്തിയ ഒരു പരമ്പര പഠനങ്ങൾ ഈ പ്രതിഭാസത്തെ കൂടുതൽ ആഴത്തിൽ വെളിപ്പെടുത്തുന്നു. ഒരു പ്രസ്താവന തങ്ങളുടെ മുൻകൂട്ടിയുള്ള അറിവിന് വിരുദ്ധമാണെങ്കിൽ പോലും, അത് ആവർത്തിച്ച് കേൾക്കുമ്പോൾ ആളുകൾ അതിനെ കൂടുതൽ വിശ്വസനീയമായി കാണുന്നു എന്നതാണ് ഈ ഗവേഷണങ്ങളുടെ പ്രധാന കണ്ടെത്തൽ. വിവരം ആവർത്തിക്കുമ്പോൾ അത് മനസ്സിലാക്കാൻ എളുപ്പമാകുന്നു എന്നതാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ എളുപ്പത്തെ തലച്ചോറ് സത്യത്തിന്‍റെ സൂചനയായി തെറ്റിദ്ധരിക്കുന്നു. സോഷ്യൽ മീഡിയയിലെ ആവർത്തിച്ചുള്ള ഷെയറിംഗും ഫോർവേഡിംഗും ഈ മാനസിക ദൗർബല്യത്തെ വ്യവസ്ഥാപിതമായി ചൂഷണം ചെയ്യുന്ന ഒരു സംവിധാനമായി മാറിയിരിക്കുന്നു. മനുഷ്യ മനസ്സിന്‍റെ ഈ ദൗർബല്യങ്ങളെയാണ് അപവാദ വ്യവസായം കാര്യക്ഷമമായി ഉപയോഗിക്കുന്നത്.  

വ്യാജവാർത്തകൾ വായനക്കാരിൽ ഭയം, വെറുപ്പ്, അത്ഭുതം തുടങ്ങിയ വികാരങ്ങൾ ഉണർത്തുമ്പോൾ, സത്യവാർത്തകൾ പ്രതീക്ഷ, ദുഃഖം, വിശ്വാസം പോലുള്ള വികാരങ്ങളാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ വാർത്തകളിലാണ് ഈ പ്രവണത ഏറ്റവും ശക്തമായി കാണപ്പെട്ടത്.

കൺഫർമേഷൻ ബയസ് എന്ന പ്രവണത ആളുകളെ തങ്ങളുടെ മുൻവിധികളെ ശരിവെക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു വ്യക്തി ഏത് രാഷ്ട്രീയമോ മതപരമോ ആയ തിരിച്ചറിയലിൽ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അവൻ വിശ്വസിക്കുന്ന സത്യങ്ങൾ രൂപപ്പെടുന്നത്. ഈ രണ്ടു പ്രതിഭാസങ്ങളും ചേരുമ്പോൾ, ആവർത്തിച്ച് കേൾക്കുന്ന വ്യാജവിവരങ്ങൾ ഇരട്ടി ശക്തിയോടെ ഉറച്ച വിശ്വാസങ്ങളായി മാറുന്നു. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെ വളർച്ച ഈ പ്രശ്നത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. നിയമപണ്ഡിതരായ ബോബി ചെസ്നിയും ഡാനിയൽ സിട്രണും ചേർന്ന് മുന്നോട്ടുവെച്ച 'ലയേഴ്സ് ഡിവിഡന്‍റ്' അഥവാ കള്ളം പറയുന്നവന്‍റെ ലാഭം എന്ന സങ്കല്പം ഇന്ന് സത്യാനന്തര കാലത്തെ ഏറ്റവും അപകടകരമായ പ്രതിഭാസങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഡീപ്‌ഫേക്കുകൾ വ്യാപകമാണെന്ന പൊതുബോധം ശക്തമാകുന്തോറും, യഥാർത്ഥ ദൃശ്യ-ശ്രവ്യ തെളിവുകളെ പോലും ഇത് വ്യാജമാണ് എന്ന് അവകാശപ്പെട്ട് നിഷേധിക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് അവസരം ലഭിക്കുന്നു. അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് റിവ്യൂ ജേണലിൽ 2024-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഒരു രാഷ്ട്രീയ നേതാവിനെതിരായ ആരോപണത്തെ വ്യാജവാർത്ത അല്ലെങ്കിൽ ഡീപ്‌ഫേക്ക് എന്ന് മുദ്രകുത്തി തള്ളിക്കളയുമ്പോൾ, ആ നേതാവിനോടുള്ള പൊതുജന പിന്തുണ വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. യഥാർത്ഥ സംഭവങ്ങൾ പോലും വ്യാജമാണെന്ന് സംശയിക്കപ്പെടുന്ന ഈ അവസ്ഥയിലൂടെ സമൂഹം അറിവിന്റെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ പ്രതിസന്ധിയെ നേരിടാൻ യൂറോപ്യൻ യൂണിയൻ മുന്നോട്ടുവെച്ച എ.ഐ നിയമത്തിലെ അമ്പതാം വകുപ്പ്, എ.ഐ നിർമ്മിത ഉള്ളടക്കത്തിനും ഡീപ്‌ഫേക്കുകൾക്കും നിർബന്ധിത ലേബലിംഗ് ഏർപ്പെടുത്തുന്നുണ്ട്. 2026 ഓഗസ്റ്റ് മുതൽ ഇത് നടപ്പിലാകുമ്പോൾ, നിയമം ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്താനാകും.
2026 ജനുവരിയിൽ പ്രസിദ്ധീകരിച്ച എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ വ്യക്തമാക്കുന്നത് സമൂഹം ധ്രുവീകരണത്തിൽ നിന്ന് ഇൻസുലാരിറ്റി അഥവാ തന്നിൽ നിന്ന് വ്യത്യസ്തരായവരെ വിശ്വസിക്കാനുള്ള വിസമ്മതത്തിലേക്ക് നീങ്ങുകയാണെന്നാണ്. പത്തിൽ ഏഴു പേരും തങ്ങളിൽ നിന്ന് വ്യത്യസ്തമായ മൂല്യങ്ങളോ വിവരസ്രോതസ്സുകളോ ഉള്ളവരെ വിശ്വസിക്കാൻ വൈമനസ്യം കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിശ്വാസത്തെ ഏറ്റവുമധികം ബാധിച്ച ഘടകങ്ങളിലൊന്നായി പകുതിയോളം പേർ വ്യാജവിവരങ്ങളുടെ വ്യാപനത്തെ ചൂണ്ടിക്കാട്ടി. വിദേശശക്തികൾ ആഭ്യന്തര ഭിന്നത വളർത്താൻ ദേശീയ മാധ്യമങ്ങളിൽ നുണകൾ കുത്തിവെക്കുന്നു എന്ന ആശങ്ക വലിയൊരു വിഭാഗത്തിനുണ്ടെങ്കിലും, തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ സ്രോതസ്സുകളിൽ നിന്ന് വാർത്ത തേടുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. ഇതേ ദിശയിലുള്ള കണ്ടെത്തലുകളാണ് ഓക്സ്ഫഡ് സർവകലാശാലയിലെ റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ഡിജിറ്റൽ ന്യൂസ് റിപ്പോർട്ടും നൽകുന്നത്. ലോകമെമ്പാടുമുള്ള 58 ശതമാനം പേർക്കും ഓൺലൈനിൽ എന്താണ് യഥാർത്ഥമെന്നും വ്യാജമെന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്ന ആശങ്കയുണ്ട്. ആഗോളതലത്തിൽ ഫെയ്സ്ബുക്കും ടിക്ടോക്കുമാണ് വ്യാജവിവര വ്യാപനത്തിന്‍റെ ഏറ്റവും വലിയ ഭീഷണിയായി കാണുന്നതെങ്കിലും, ഇന്ത്യയിൽ വാട്സ്ആപ്പ്,ഇൻസ്റ്റഗ്രാം ,ടെലഗ്രാം എന്നിങ്ങനെയുള്ള മെസേജിംഗ് ആപ്പുകൾ കൂടുതൽ ആശങ്കാജനകമായ ഒരു ഘടകമായി ഉയർന്നുവരുന്നു. സാമൂഹിക ശാസ്ത്രപരമായി അപവാദ വ്യവസായം എന്നത് ഒരു അധികാര ഉപകരണമാണ്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ശക്തികൾ അവരുടെ ലക്ഷ്യങ്ങൾ നേടാൻ ഇതിനെ ഉപയോഗിക്കുന്നു.

ആഗോളതലത്തിൽ രൂപപ്പെട്ട ഈ പ്രവണത ഇന്ത്യയിൽ എത്തിയപ്പോൾ അത് മത-രാഷ്ട്രീയ ധ്രുവീകരണവുമായി ചേർന്ന് കൂടുതൽ സങ്കീർണ്ണമായി മാറിയിരിക്കുന്നു. 

ചരിത്രത്തിലുടനീളം ഭരണകൂടങ്ങൾ തങ്ങളുടെ അധികാരം നിലനിർത്തുന്നതിനും വിമർശകരെ നിശ്ശബ്ദരാക്കുന്നതിനും വിവിധ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സത്യാനന്തര കാലഘട്ടത്തിൽ അപവാദത്തെയും വിദ്വേഷ പ്രചാരണങ്ങളെയും ഒരു ഔദ്യോഗിക രാഷ്ട്രീയ ആയുധമായാണ് തീവ്രവലതുപക്ഷ ഫാസിസ്റ്റ് പ്രവണതകളുള്ള ഭരണകൂടങ്ങൾ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ തീവ്രവലതുപക്ഷ ഹിന്ദുത്വ പ്രസ്ഥാനം മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള വ്യാപകമായ അപവാദ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ആർ.എസ്.എസിന്റെ ആദ്യകാല പ്രത്യയശാസ്ത്രജ്ഞരുടെ രചനകൾ മുസ്സോളിനിയിൽ നിന്നും ഹിറ്റ്ലറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരുന്നു എന്ന് ഡൽഹി സർവകലാശാലയിലെ പ്രൊഫസർ അപൂർവാനന്ദ് ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടാമത്തെ ആർ.എസ്.എസ് മേധാവി എം.എസ്. ഗോൾവൽക്കർ 1939-ൽ എഴുതിയ പുസ്തകത്തിൽ, ന്യൂനപക്ഷങ്ങളോടുള്ള നാസി ജർമ്മനിയുടെ സമീപനത്തെ വംശീയ ശുദ്ധി സംരക്ഷിക്കുന്നതിനുള്ള മാതൃകയായി ഉദ്ധരിച്ചിരുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഇതിന്‍റെ വ്യക്തമായ ഉദാഹരണമായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ തന്നെ നടൻ രൺവീർ സിംഗും ആമിർ ഖാനും പ്രതിപക്ഷത്തിന് വോട്ട് അഭ്യർത്ഥിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകൾ വൈറലായി. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ശബ്ദം എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച ഓഡിയോ ക്ലിപ്പ് ഡി.എം.കെ തന്നെ ഔദ്യോഗികമായി പങ്കുവെച്ചതും, ആഭ്യന്തരമന്ത്രി അമിത് ഷായുടേതെന്ന് തോന്നിക്കുന്ന തരത്തിൽ സംവരണനയത്തെക്കുറിച്ച് വ്യാജ പ്രസ്താവന ആരോപിക്കുന്ന വീഡിയോ വൈറലായതും ഈ പ്രവണതയുടെ ഭാഗമായിരുന്നു. 

 ആഗോളതലത്തിൽ ഫെയ്സ്ബുക്കും ടിക്ടോക്കുമാണ് വ്യാജവിവര വ്യാപനത്തിന്‍റെ ഏറ്റവും വലിയ ഭീഷണിയായി കാണുന്നതെങ്കിലും, ഇന്ത്യയിൽ വാട്സ്ആപ്പ്,ഇൻസ്റ്റഗ്രാം ,ടെലഗ്രാം എന്നിങ്ങനെയുള്ള മെസേജിംഗ് ആപ്പുകൾ കൂടുതൽ ആശങ്കാജനകമായ ഒരു ഘടകമായി ഉയർന്നുവരുന്നു.

ലയേഴ്സ് ഡിവിഡന്‍റിന്‍റെ നേർചിത്രമായ ഒരു സംഭവവും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായി. ഉത്തർപ്രദേശിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ദിനേശ് ലാൽ യാദവിന്‍റേതെന്ന് പറയപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് പ്രചരിച്ചപ്പോൾ, അത് ഡീപ്‌ഫേക്ക് ആണെന്ന് അദ്ദേഹത്തിന്റെ പാർട്ടി തന്നെ തള്ളിക്കളഞ്ഞു. എന്നാൽ സ്വതന്ത്ര വിശകലനത്തിൽ വീഡിയോ യഥാർത്ഥമാണെന്ന് തെളിഞ്ഞു. ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യ പൊതുബോധത്തിലെ വിശ്വാസ്യതയെ എത്രമാത്രം അട്ടിമറിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ഇത്. കൂടാതെ 2026 ഫെബ്രുവരിയിൽ അസം ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപക പ്രതിഷേധത്തിന് കാരണമായി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലീങ്ങളെ പ്രതീകാത്മകമായി വെടിവെക്കുന്ന രംഗങ്ങൾ അടങ്ങിയ ഈ വീഡിയോ വിദ്വേഷവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്ന അപകടകരമായ പ്രവണതയായിരുന്നു.

ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ അപവാദ വ്യവസായം ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് മതപരവും ജാതിയുമായി ബന്ധപ്പെട്ട തിരിച്ചറിയലുകളുടെ ചുറ്റുപാടിലാണ്. അപരവൽക്കരണം എന്ന സാമൂഹിക പ്രക്രിയയിലൂടെ ചില സമൂഹങ്ങളെ സംശയത്തിന്‍റെ നിഴലിൽ നിർത്തുകയും അവരെ മറ്റൊരാളെന്ന നിലയിൽ ചിത്രീകരിക്കുകയും ചെയ്യുന്നു. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള വിവിധ നറേറ്റീവുകൾ, ദളിത് സമൂഹത്തെ കുറിച്ചുള്ള തെറ്റായ കണക്കുകളും ആരോപണങ്ങളും, ക്രിസ്ത്യൻ-ആദിവാസി സമൂഹങ്ങളെക്കുറിച്ചുള്ള ഗൂഢാലോചനാ കഥകളും ഇതിന്‍റെ ഉദാഹരണങ്ങളാണ്. ഇത്തരം അപവാദങ്ങൾ കേവലം ആശയപരമായ ആക്രമണങ്ങളല്ല; അവ സാമ്പത്തിക ബഹിഷ്കരണത്തിനും സാമൂഹിക ഒറ്റപ്പെടുത്തലിനും ചിലപ്പോഴൊക്കെ ശാരീരിക അക്രമത്തിനും വഴിയൊരുക്കുന്നു. മനഃശാസ്ത്രപരമായി ഇത് ഭീതിയും അരക്ഷിതാവസ്ഥയും വളർത്തുന്ന ഒരു പ്രക്രിയയാണ്. ഒരു സമൂഹത്തെ സ്ഥിരമായി നെഗറ്റീവ് രീതിയിൽ ചിത്രീകരിക്കുമ്പോൾ, ആ സമൂഹത്തിലെ അംഗങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും പൊതുസമൂഹത്തിൽ നിന്ന് പിന്മാറുകയും ചെയ്യുന്നു. അതേസമയം ഭൂരിപക്ഷ സമൂഹത്തിൽ അവരെക്കുറിച്ചുള്ള സംശയവും വിരോധവും വർദ്ധിക്കുന്നു. ഈ പ്രക്രിയ സമൂഹത്തിലെ പരസ്പര വിശ്വാസത്തെ തകർക്കുകയും ജനാധിപത്യത്തിന്‍റെ അടിത്തറയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ആഗോളതലത്തിൽ ഈ അപവാദ ആയുധീകരണം ഇസ്രായേലിലും അമേരിക്കയിലും പ്രകടമാണ്. ഇസ്രായേലിലെ തീവ്രവലതുപക്ഷ ഭരണകൂടം, ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര വിമർശനങ്ങളെ നേരിടാൻ യഹൂദവിരുദ്ധത എന്ന ആരോപണം ഒരു ആയുധമായി ഉപയോഗിക്കുന്നു. 2024 ജനുവരിയിൽ ഇസ്രായേൽ ഗാസയിൽ വംശഹത്യ തടയാൻ നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടപ്പോൾ, കോടതിക്ക് യഹൂദവിരുദ്ധ പക്ഷപാതം ഉണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേൽ നേരിട്ടത്. ഒക്ടോബർ ഏഴ് ആക്രമണത്തെ ഹോളോകോസ്റ്റിനോട് താരതമ്യം ചെയ്ത് തങ്ങളുടെ വംശീയ അക്രമങ്ങളെ ന്യായീകരിക്കാനും അവർ ശ്രമിക്കുന്നു. 2026 മാർച്ചിൽ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതമാർ ബെൻ-ഗ്വിർ, 300,000 യഹൂദ കുടിയേറ്റക്കാർക്ക് തോക്ക് ലൈസൻസ് നൽകിയത് വെസ്റ്റ് ബാങ്കിൽ വംശീയ ശുദ്ധീകരണം നടത്താനുള്ള ഔദ്യോഗിക നയത്തിന്റെ ഭാഗമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതുപോലെ അമേരിക്കയിൽ വെള്ളക്കാരുടെ ആധിപത്യവാദികൾ മുതൽ വലതുപക്ഷ തീവ്രവാദികൾ വരെ അപവാദവും വിദ്വേഷ പ്രചാരണവും ആയുധമാക്കുന്നുണ്ട്. 2026 മേയിൽ കാലിഫോർണിയയിലെ പള്ളിയിൽ നടന്ന വെടിവെയ്പ്പും, ടെക്സസ് വെടിവെയ്പ്പിലെ പ്രതിക്ക് Right Wing Death സ്‌ക്വാഡ് പോലെയുള്ള തീവ്രവലതുപക്ഷ ചിഹ്നങ്ങളുമായുള്ള ബന്ധവും ഇതിന്‍റെ ഉദാഹരണങ്ങളാണ്. 

ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ അപവാദ വ്യവസായം ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് മതപരവും ജാതിയുമായി ബന്ധപ്പെട്ട തിരിച്ചറിയലുകളുടെ ചുറ്റുപാടിലാണ്.

ഇസ്രായേലിന്‍റെയും ഇന്ത്യയുടെയും നയങ്ങളെ പിന്തുണയ്ക്കുന്ന ശൃംഖലകൾ അമേരിക്കൻ മുസ്ലീങ്ങളെയും വംശഹത്യ വിരുദ്ധ ശബ്ദങ്ങളെയും അപകീർത്തിപ്പെടുത്താൻ വലിയ രീതിയിൽ പണം ചെലവഴിക്കുന്നുണ്ട്. ബഫലോയിലെ സൂപ്പർമാർക്കറ്റ് വെടിവെയ്പ്പ് പോലെയുള്ള സംഭവങ്ങൾ വംശീയതയും രാഷ്ട്രീയ ധ്രുവീകരണവും അമേരിക്കൻ സുരക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്ന് കാണിക്കുന്നു.

കേരളത്തിന്‍റെ സാഹചര്യത്തിൽ, ഉയർന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും ഉണ്ടായിട്ടും അപവാദ വ്യവസായത്തിന്റെ സ്വാധീനം വ്യക്തമായി കാണാം. 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ ഉയർന്ന വിവാദം ഇതിന്‍റെ സമീപകാല ഉദാഹരണമാണ്. ലൗ ജിഹാദ്,കാഫിർസ്ക്രീൻഷോട്ട്തുടങ്ങിയ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ആവർത്തിച്ച് കേരളത്തിന്റെ മതനിരപേക്ഷ സാമൂഹിക അന്തരീക്ഷത്തെ ലക്ഷ്യമിടുന്ന ശ്രമമാണിതെന്ന് രാഷ്ട്രീയ-സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫുമായി ബന്ധപ്പെട്ട ഒരു തീം സോംഗ് വീഡിയോ വ്യാജമാണെന്ന ആരോപണവും അതേത്തുടർന്നുള്ള ഏറ്റുമുട്ടലും വസ്തുതയും ആരോപണവും തമ്മിലുള്ള അതിർവരമ്പ് സോഷ്യൽ മീഡിയയിൽ വളരെ വേഗം മാഞ്ഞുപോകുന്നു എന്നത് ഉദാഹരണം. 
മലയാളത്തിലെ പ്രമുഖ ഫാക്ട്-ചെക്കിംഗ് സ്ഥാപനങ്ങൾ പരിശോധിച്ച റേഷൻ അരിയിലെ കൃത്രിമ ഫൈബർ മണികളെക്കുറിച്ചുള്ള പ്രചാരണം, വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണവിതരണത്തെക്കുറിച്ചുള്ള വിവാദം, സിനിമകൾ പ്രദർശിപ്പിക്കുന്നില്ലെന്ന വ്യാജ വാർത്തകൾ തുടങ്ങിയവ ഇതിൽപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം പ്രചാരണങ്ങൾ കൂടുതൽ തീവ്രമാകുന്നതായി ഫാക്ട്-ചെക്കർമാർ നിരീക്ഷിക്കുന്നു. സിനിമാരംഗത്തെയും താരങ്ങളുടെ വ്യക്തിജീവിതത്തെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വേഗത്തിൽ പൊതുചർച്ചകളായി മാറുന്നതും, ചിലപ്പോൾ സിനിമകൾ തന്നെ വിനോദത്തിന്‍റെ രൂപത്തിൽ അവതരിപ്പിക്കുന്ന, തെറ്റായ വിവരങ്ങളായി പ്രവർത്തിച്ച് സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകളെ ശക്തിപ്പെടുത്തുന്നതും കേരളീയ പശ്ചാത്തലത്തിലെ സവിശേഷ പ്രതിഭാസമാണ്.

ഇത്തരം അപവാദങ്ങൾ കേവലം ആശയപരമായ ആക്രമണങ്ങളല്ല; അവ സാമ്പത്തിക ബഹിഷ്കരണത്തിനും സാമൂഹിക ഒറ്റപ്പെടുത്തലിനും ചിലപ്പോഴൊക്കെ ശാരീരിക അക്രമത്തിനും വഴിയൊരുക്കുന്നു.

സാമൂഹിക ശാസ്ത്രപരമായി അപവാദ വ്യവസായം എന്നത് ഒരു അധികാര ഉപകരണമാണ്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ശക്തികൾ അവരുടെ ലക്ഷ്യങ്ങൾ നേടാൻ ഇതിനെ ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങൾ ഈ പ്രക്രിയയെ ശക്തിപ്പെടുത്തുമ്പോൾ, പാരമ്പര്യ മാധ്യമങ്ങൾ പലപ്പോഴും അതിനെ പിന്തുടരുന്ന നിലയിലേക്കാണ് നീങ്ങുന്നത്. ഫാക്ട്-ചെക്കിംഗ് സംവിധാനങ്ങൾ ഉണ്ടായിട്ടും, ഒരു നുണ പടരുന്ന വേഗതയിൽ സത്യത്തിന് എത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും ഗുരുതരമായ ഫലമാണ് സമൂഹത്തിലെ വിശ്വാസത്തിന്റെ ക്ഷയം. വ്യക്തികൾ തമ്മിലുള്ള വിശ്വാസം മാത്രമല്ല, സ്ഥാപനങ്ങളോടുള്ള വിശ്വാസവും ദുർബലമാകുന്നു. ഉയർന്ന വരുമാനക്കാരും താഴ്ന്ന വരുമാനക്കാരും തമ്മിലുള്ള സ്ഥാപന വിശ്വാസ്യതയിലെ വിടവ് കഴിഞ്ഞ വർഷങ്ങളിൽ ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുന്നു. പാർശ്വവൽക്കൃത വിഭാഗങ്ങൾക്കാണ് ഇതിന്‍റെ ആഘാതം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്, കാരണം അവർക്ക് പ്രതിരോധ സംവിധാനങ്ങൾ കുറവാണ്.

ഈ സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ ബഹുമുഖമായിരിക്കണം. ഫിൻലൻഡിലെ വിദ്യാഭ്യാസ സമ്പ്രദായം ഒരു മാതൃകയായി ലോക സാമ്പത്തിക ഫോറം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അവിടെ പ്രാഥമിക വിദ്യാലയങ്ങളിൽ കുട്ടികളെ കൃത്രിമ-വൈകാരിക പ്രചാരണങ്ങൾ തിരിച്ചറിയാനും വിലയിരുത്താനും ചെറുപ്രായം മുതലേ പരിശീലിപ്പിക്കുന്നു. മീഡിയ ലിറ്ററസി പരിശീലനം നേടിയവർ വ്യാജവിവരങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രതയുള്ളവരാണെന്നും, വിവരം പരിശോധിക്കാൻ വിശ്വസനീയ സ്രോതസ്സുകൾ, ഔദ്യോഗിക വിവരങ്ങൾ, ഫാക്ട്-ചെക്കിംഗ് വെബ്സൈറ്റുകൾ എന്നിവ കൂടുതലായി ഉപയോഗിക്കുന്നുവെന്നും റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ തലത്തിൽ മീഡിയ ലിറ്ററസിയും വിമർശനാത്മക ചിന്താശേഷിയും സഹായകരമാണെങ്കിലും, അതിനപ്പുറം ഘടനാപരമായ ഇടപെടലുകൾ അനിവാര്യമാണ്. യൂറോപ്യൻ യൂണിയന്‍റെ എ.ഐ നിയമം പോലുള്ള സുതാര്യത ബാധ്യതകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തപരമായ നിയന്ത്രണം, ഡീപ്‌ഫേക്ക് അവകാശവാദങ്ങളെ സ്വതന്ത്രമായി പരിശോധിക്കുന്ന ശക്തമായ ഫാക്ട്-ചെക്കിംഗ് ശൃംഖലകൾ, രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ ധാർമിക ഉത്തരവാദിത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമയബന്ധിതമായ ഫാക്ട്-ചെക്കിംഗിന് ഈ പ്രവണതയെ ഗണ്യമായി ദുർബലപ്പെടുത്താൻ കഴിയും.

അപവാദ വ്യവസായം ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല, അത് മനുഷ്യ മനസ്സിന്‍റെ യും സാമൂഹിക ഘടനകളുടെയും കൂട്ടുകെട്ടാണ്. വിവിധ ഗവേഷകർ തെളിയിച്ച മാനസിക ദൗർബല്യങ്ങൾ, ലയേഴ്സ് ഡിവിഡന്‍റ് പ്രതിഭാസം, ആഗോള വിശ്വാസത്തിന്‍റെ തകർച്ച, ഭരണകൂടങ്ങളുടെ വിദ്വേഷ രാഷ്ട്രീയം എന്നിവയെല്ലാം ചേർന്ന് നൽകുന്നത് ഒരു ചിത്രമാണ്. സത്യത്തെ തിരിച്ചറിയാനുള്ള ശ്രമം തന്നെ ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. അതിനെ ചെറുക്കാൻ സാങ്കേതിക പരിഹാരങ്ങൾ മാത്രം മതിയാകില്ല; യുക്തി, നൈതികത, സാമൂഹിക ബോധം, നയപരമായ ഇടപെടൽ എന്നിവ ചേർന്ന ഒരു സമഗ്ര സമീപനം ആവശ്യമാണ്.


Comments
* The email will not be published on the website.