
കവിത
ഷീബ രജികുമാര്‍

ചതഞ്ഞു ചത്തതാണതു
നിരത്തിൻ്റെ
പകലടുപ്പിൻമേൽ കിടന്നു
വേവുന്നു ...!
അതായിരുന്നതാമതിന്നുരുവത്തെ-
യനുസ്യൂതം വെയിലുടച്ചു
വാർക്കുന്നു
തണുത്തുറഞ്ഞ തൻ .
വിരൽത്തുമ്പാൽ
മൃതി,
വലിച്ചടച്ചതാം
മിഴിയിണയ്ക്കുള്ളിൽ,
പുഴുവനക്കങ്ങൾ,
പുതു ജന്മങ്ങൾ ത-
ന്നുയിർപ്പുനേരവും തിരഞ്ഞു
നിൽക്കുന്നു ..
മഴക്കുടന്നയിലിറുത്തിടാൻ പൂക്ക-
ളൊരുക്കിടും മര,ച്ചില്ലയിൽ നിന്നും
വിചിത്രഭാഷയിലൊരു കിളി പാരിൻ
പ്രബുദ്ധതകളെ പരിഹസിച്ചു
പോയ് !
.
'അനക്കമറ്റുടൻ മൃഗങ്ങൾ തൻ
സ്മൃതി,
പ്രപഞ്ചത്തിൽ നിന്നേയഴിഞ്ഞു
പോകയാൽ,
മരിച്ചതിൻ നേരേ നിരാസമിറ്റുന്ന
പരിചയം ഭൂമി മറക്കയില്ലല്ലോ'.
വലിച്ചെറിഞ്ഞതിൻ
ജഡത്തെയുള്ളിൽ നിന്നൊഴിച്ചു
ഞാനോടി പടിക്കലെത്തുമ്പോൾ
രഹസ്യ മാർജ്‌ജാര
പദങ്ങളാലെന്നെ കവച്ചുവച്ചതെൻ
പടി കടക്കുന്നു
ഇളം ചൂടുള്ളോരതിന്നിരിപ്പിടം
ആദൃശ്യഭാരത്താലമർന്നിരിക്കുന്നു
നിഗൂഢമായൊരു
നിശ്ശബ്ദതയ്ക്കുമേൽ അത്
പതിവുപോൽ ചുരുണ്ടിരിക്കുന്നു
അശാന്തസ്വപ്നത്തിൻ
കലത്തിലെൻ തല കുടുങ്ങി, രാത്രി
ഞാൻ പിടഞ്ഞുണരുമ്പോൾ,
പതുങ്ങിയെത്തുന്നു, മുരൾച്ച,
പൂച്ചയാണിരുട്ടിലെക്കോണിൽ
കനൽ തിളങ്ങുന്നു!
ഇരുട്ടിലെ പൂച്ചയടുപ്പിൽ ചാമ്പലിൽ
പുതഞ്ഞു,
തന്നുടൽ പുകച്ചിരിക്കുന്നു
ജനൽപ്പടിചോർന്നു, നിലാവതിൻ
നേർത്ത
നനുത്ത മേനിയെ തലോടി
നിൽക്കുന്നു
കുറുക്കു ചാടുവാനനേകജന്മങ്ങൾ,
നിരത്തുകൾ നീട്ടി വിളിച്ചിടും
പോലെ,
പരിചിതമല്ലാ,ത്തൊരു പ്രപഞ്ചത്തി-
ന്നിരുട്ടുമായ് രാത്രി പുറത്തു
നിൽക്കുന്നു
മരണത്തിന്നിരുൾപ്പരപ്പിൽ
നാലുകാൽ പതിച്ചതുമെല്ലേ
നിവർന്നുനിൽക്കുന്നു
മറവി തൻ മഞ്ഞു പൊഴിഞ്ഞ
വീഥിയിൽ, പതിഞ്ഞ
കാലൊച്ചയകന്നു പോകുന്നു!