
കവിത
കെ.കെ ശിവദാസ്

ശേഷിപ്പത് രണ്ടു നിറം
കറുപ്പും പച്ചയും .
കറുപ്പ് കൂടെത്തന്നെയുള്ളത്
പച്ച
കൂടെ വന്നത്
നീലയുടെ വിശാലതയോ
ചുവപ്പിന്റെ രാഗമോ
മഞ്ഞയുടെ വശ്യതയോ
വിശുദ്ധിയിലൊളിപ്പിച്ച വെളുപ്പിന്റെ
ക്രൗര്യമോ
കത്തിയ കരുണയുടെ ചാരമോ
ചേരില്ലെനിയ്ക്ക്
ആകയാലില്ല പരിഭവം
കൂട്ടുപിരിഞ്ഞ നിറങ്ങളോടൊന്നും
എനിയ്ക്ക് ഇതു തന്നെയധികം.
ഏതു കാഠിന്യത്തോടുമെതിരിടും
കറുപ്പ്
കുറ്റിയറ്റുപോകിലും ഉള്ളിൽ
തിടംവെയ്ക്കും പച്ച