മിനിസ്ട്രി ഓഫ് പ്രൊപ്പഗാൻഡ

കഥ

ജോമോന്‍ ജോസ്

അല്പം പരിഭ്രമത്തോടെയാണ് ഹെൽഗ ഡെക്കർ താനാദ്യമായി ജോലിയിൽ പ്രവേശിക്കുവാൻ പോകുന്ന, മിനിസ്ട്രി ഓഫ് പ്രൊപ്പഗാൻഡയുടെ ഓഫീസിലേക്കുള്ള പടികൾ കയറിയത്. ആയാസമേറിയതെങ്കിലും അഞ്ചു നിലകൾ കുത്തനെ മുകളിലേക്കുള്ള കയറ്റം തന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ പോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്. 
ജർമനിയുടെ ശരിയായ ചരിത്രം എഴുതുക എന്നതാണ് മിനിസ്ട്രി ഓഫ് പ്രൊപ്പഗാൻഡയിലെ ചരിത്ര വിഭാഗത്തിൽ അവൾ ചെയ്യേണ്ട ജോലി. നാന്നൂറിൽപ്പരം അപേക്ഷാർത്ഥികളിൽ നിന്ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് നാസി ഗവണ്മെന്റ് ഹെൽഗയെ തിരഞ്ഞെടുത്തത്. 
ഊഷ്മളമായ സ്വീകരണമാണ് ഓഫീസിന്റെ കവാടത്തിൽത്തന്നെ അവൾക്ക് ലഭിച്ചത്. മുൻവാതിലിൽ, നിറപുഞ്ചിരിയോടെ സ്വീകരിച്ച പെട്ര വെബർ അവളെ കൂട്ടിക്കൊണ്ടുപോയി പഠനമുറി പോലെ തോന്നിച്ച ഒരു മുറിയിൽ ഇരുത്തി. 
'ഇവിടെ കാത്തിരിക്കൂ' 
മിസ്. വെബർ വിനയത്തോടെ പറഞ്ഞു. അവർ വലിയ ബട്ടനുകളുള്ള കറുത്ത മുഴുക്കയ്യൻ ഷർട്ടും ചാരനിറമുള്ള മുട്ടൊളമെത്തുന്ന പാവാടയും ധരിച്ചിരുന്നു. ചിരിക്കുമ്പോൾ അവരുടെ മുഖത്തെ ചുളിവുകൾ കൂടുതൽ നന്നായി തെളിയുന്നു. വെളുത്ത കൺപീലികൾ പൂട്ടിയുള്ള വെബറിന്റെ നിറഞ്ഞ ചിരിയിൽ ഹെൽഗക്ക് അല്പം ആശ്വാസം തോന്നി.
'ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് നിങ്ങൾ, മൂന്ന് അധ്യാപകരുടെ ക്ളാസുകളിലൂടെ കടന്നുപോവേണ്ടതുണ്ട്. ദയവായി കാത്തിരിക്കൂ'.
വെബർ പോയപ്പോൾ ഇതുവരെ ഉണ്ടായിരുന്ന ആശ്വാസവും മുറിവിട്ടുപോയെന്ന്  അവൾക്കനുഭവപ്പെട്ടു. ഏകാന്തതയോ, ഭയമോ, അല്ലെങ്കിൽ എന്തെന്നറിയാത്ത ഒരു പെടപെടപ്പ് ഹെൽഗയെ പെട്ടെന്ന് പിടിച്ചുലച്ചു. ഫ്യൂറർ ഭരണം ഏറ്റെടുത്തത് മുതൽ ജർമനി മുഴുവൻ പകർച്ചവ്യാധി പോലെ പടർന്നുപിടിച്ച മരണ ഭീതിയുടെ വിറയൽ. ജനാലകളില്ലാത്ത മുറിയിൽ, മനസ് നഷ്ടപ്പെട്ട് അവൾ ഒറ്റയ്ക്കിരുന്നു.
ഏതാണ്ട്, അഞ്ചുമിനിറ്റ് പിന്നിട്ടപ്പോൾ വട്ടക്കണ്ണട വച്ച ഒരു മനുഷ്യൻ കടന്നുവന്ന് അവൾക്കു മുന്നിൽ നിന്ന് കൈകൾ വിടർത്തി ചിരിച്ചു. എന്തുകൊണ്ടോ അയാളെ അരങ്ങിൽ നാടകം അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന  അഭിനേതാവിനെപ്പോലെ തോന്നിച്ചു.
' Hallo mein fraulein, ഞാൻ പ്രൊഫസർ മുള്ളർ. സമയം കളയാതെ നമുക്ക് ചരിത്രത്തിലേക്ക് കടക്കാം'. 
ജർമനിയുടെ ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. രാജ്യത്തിന്റെ ഞരമ്പിൽ ഒഴുകുന്ന വിശുദ്ധരക്തത്തെക്കുറിച്ച് ശ്വാസം മുട്ടുന്ന ആവേശത്തിലും വേഗത്തിലുമാണ് അദ്ദേഹം സംസാരിച്ചത്. ഫ്യൂററെക്കുറിച്ച് രണ്ടുവട്ടം പരാമർശിക്കേണ്ടി വന്നപ്പോൾ ബഹുമാനം മൂലം അദ്ദേഹത്തിന് വാക്കുകൾ മുറിഞ്ഞു. മുള്ളറുടെ ചരിത്രം കേട്ട് ഹെൽഗ ഒരേ സമയം അമ്പരക്കുകയും അതിനേക്കാൾ ഭയപ്പെടുകയും ചെയ്തു. ജർമനിക്ക് ഇങ്ങനെയൊരു ചരിത്രമുണ്ടോ എന്നവൾ അത്ഭുതപ്പെട്ടു.
മണിക്കൂറുകളോളം നീണ്ട പ്രഭാഷണം കഴിഞ്ഞ് മുടിയില്ലാത്ത നിറുകയിൽ ഒന്നുരണ്ടു വട്ടം ചൊറിഞ്ഞ് മുള്ളർ ഹെൽഗയെ കാരുണ്യത്തോടെ നോക്കി. ഹെൽഗയും വല്ലാതെ തളർന്നിരുന്നു. വിരസമായ ഒരു പ്രഭാഷണത്തിൽ സംസാരിക്കുന്നയാൾ മാത്രമല്ല, കേൾക്കുന്നയാളും ഒരുപോലെ ക്ഷീണിക്കുന്നുണ്ട്. 
'സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം mein fraulein..' 
വരണ്ട ചുണ്ടുകൾ കൂടെക്കൂടെ നാവ് കൊണ്ടു തുടച്ച് പ്രൊഫസർ മുള്ളർ പറഞ്ഞു. 
ഹെൽഗ ആശ്വാസത്തോടെ എഴുന്നേറ്റു. 
'Herr'
ചോദിക്കുന്നതിനെക്കാളേറെ, മണിക്കൂറുകളായി ഒരേ ഇരിപ്പ് ഇരുന്നതിന്റെ മടുപ്പ് അവളെ ബാധിച്ചിരുന്നു. പ്രൊഫസർ മുള്ളറുടെ കണ്ണുകൾ വീടുകളിൽ വളർത്തുന്ന ഏതോ ഒരു അരുമ മൃഗത്തിന്റെ ഓർമ ഉണർത്തി. 
'Herr, നമ്മുടെ രാജ്യത്തിന് നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്കാരവും ഉള്ളതല്ലേ? എല്ലാം ജർമനിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതല്ലേ.  അതിനെക്കുറിച്ചൊന്നും അങ്ങ് പരാമർശിച്ചുകണ്ടില്ല'. 
'നിങ്ങൾ ഇരിക്കൂ'. 
'Herr, നമ്മുടെ പൂർവികർ നിർമ്മിച്ച പാലങ്ങൾ, റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, അവയുടെ ചരിത്രങ്ങൾ, അതിനെക്കുറിച്ചൊന്നും…' 
'നിങ്ങൾ ഇരിക്കൂ'. 
ഇപ്പോൾ മുള്ളറുടെ ശബ്ദം പരിധി വിട്ട് ഉയർന്ന് ഒരു കുരയുടെ ഫ്രീക്വൻസിയിലേക്ക് എത്തിയിരിക്കുന്നു. ഹെൽഗ നിരാശയോടെ സീറ്റിലിരുന്നു. അയാൾക്കു പിന്നിൽ അദൃശ്യമായ, അറ്റത്ത് കറുത്ത പുള്ളിയുള്ള ഒരു വാൽ ആടുന്നുണ്ടോ?.
'മറ്റെന്തെങ്കിലും?' 
അവൾ തലകുനിച്ചു. ഈ രാജ്യത്ത് കാതലായ ചോദ്യങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നു. മറ്റെന്തു ചോദിക്കാനാണ്.
'എന്ത് വേണമെങ്കിലും ചോദിക്കൂ'
'Herr, ഫ്യൂറർക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം ഏതാണ്?' 
'ഇഷ്ടമുള്ള പൂവ്?' 
'ഇഷ്ട നടി?' 
'ആഹാ! എത്ര ശക്തമായ ചോദ്യങ്ങൾ. വെൽഡൺ frau, ഇനിയും ചോദിക്കൂ'.
'ഇല്ല. ഇനി ഒന്നുമില്ല'. 
പ്രൊഫസർ മുള്ളർ പുറത്തു കടന്ന ഉടൻതന്നെ കറുത്ത കോട്ടും വട്ടത്തൊപ്പിയും ധരിച്ച് മറ്റൊരാൾ ക്ലാസ് റൂമിലേക്ക് കടന്നുവന്ന് ഹെൽഗയെ അഭിവാദ്യം ചെയ്തു. ഇയാളിത്ര നേരം എവിടെ ഒളിച്ചു നിൽക്കുകയായിരുന്നു. വളരെ തിടുക്കത്തിലാണെന്ന് അയാളുടെ ശരീരചലനങ്ങൾ വിളിച്ചുപറഞ്ഞു. വെട്ടിയൊതുക്കാത്ത വെളുത്ത താടിയിൽ അലസമായി തടവി അയാൾ പറഞ്ഞു.
'ഗുഡ്മോർണിംഗ് frau ഡെക്കർ. ഞാൻ ഹെൻറിച്ച് ഹോഫ്മാൻ നമുക്ക് ആരംഭിക്കാം'.
അദ്ദേഹത്തിന്റെ മൂന്ന് മണിക്കൂർ പ്രഭാഷണം മുഴുവൻ ഫ്യൂററെ കുറിച്ചായിരുന്നു. ഫ്യൂററുടെ ജനനം, ജീവിതം, അമ്മ, അദ്ദേഹം ഏർപ്പെട്ട തൊഴിലുകൾ, ഫ്യൂററുടെ വിദ്യാഭ്യാസം… 
ഫ്യൂററെ ആവേശത്തോടെ വിവരിക്കുമ്പോളും ഇതൊക്കെ തനിക്കും പൂർണ്ണമായി ദഹിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് ഹെൽഗക്ക് തോന്നി.
'സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം frau..' 
ഹെൽഗ രണ്ടാമതും എഴുന്നേറ്റു. അൽപനേരം എഴുന്നേറ്റ് നിന്നില്ലെങ്കിൽ നട്ടെല്ല് വളഞ്ഞുപോകുമെന്ന് അവൾക്ക് തോന്നി. 
'Herr അങ്ങ് പഠിപ്പിച്ചതിനനുസരിച്ച് ജർമനിയുടെ ചരിത്രം ആരംഭിക്കുന്നത് ഫ്യൂററുടെ ഭരണകാലം മുതലാണ്. അദ്ദേഹത്തിന് മുൻപ് മഹത്തായ ഈ രാജ്യം ഭരിച്ചവർ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ ചരിത്രങ്ങൾ….'
'mein fraulein…' 
ഹോഫ്മാൻ ഭയന്നതുപോലെ കണ്ണുകൾ നാലുപാടും ചലിപ്പിച്ച് ഹെൽഗയുടെ ചെവിയിലേക്ക് കുനിഞ്ഞു. അയാൾ ചെവി കടിച്ചു തിന്നാനുള്ള ഭാവമാണെന്ന് ഭയന്ന് അവൾ പിന്നോട്ട് മാറി. നാവു ബന്ധിച്ച അടിമയുടെ ഒച്ചയിൽ ഹോഫ്മാൻ പിറുപിറുത്തു.
'frau ഡെക്കർ…ഇവിടുത്തെ ചുവരുകൾക്ക് പോലും ചെവികളുണ്ട്. ഫ്യൂററുടെ ശാസനയെ ധിക്കരിക്കരുത്.' 
ഇനിയവിടെ നിന്നാൽ വലിയ അപകടമാണെന്ന് ഹോഫ്മാൻ പുറത്തേക്കോടി.
'നിങ്ങൾ എന്നെകൂടി കൊലയ്ക്ക് കൊടുക്കും'.
വാതിൽ കടക്കുമ്പോൾ അയാൾ പിറുപിറുക്കുന്നത് അവൾ വ്യക്തമായി കേട്ടു. 
ചരിത്രപണ്ഡിതനായ ഹൂബറിന്റെ ക്ലാസ് തുടങ്ങുന്നതിനു മുൻപ് ഭക്ഷണം കഴിക്കാനും മറ്റുമായി ചെറിയൊരു ഇടവേള ലഭിച്ചു.  ഭക്ഷണശാലയിലേക്ക് പോകാൻ താഴേക്കിറങ്ങിയപ്പോൾ ഒരാൾ മുകളിലേക്കുള്ള പടികൾ കയറി വരുന്നത് കണ്ടു. ചെമ്പൻ മുടിയും വലിയ കണ്ണുകളുമുള്ള അയാൾ അവളെ മുഖമുയർത്തി നോക്കി. ആദ്യനോട്ടത്തിൽത്തന്നെ എന്തോ ഒരിഷ്ടം തോന്നി അവൾക്ക്.  കോണിയുടെ അഞ്ചാമത്തെ പടിയിൽ വച്ച് അയാൾ പുഞ്ചിരിച്ചു. ഹെൽഗയുടെ ഹൃദയത്തിന്റെ ആഴത്തിൽ തൊട്ട പുഞ്ചിരി. അയാൾ കൈനീട്ടി. 
'ഹാൻസ് ലേമാൻ' 
'ഹെൽഗ ഡെക്കർ'
മിനിസ്ട്രി ഓഫ് പ്രൊപ്പഗാൻഡയുടെ തന്നെ, രാജ്യത്തിന്റെ അതിർത്തികൾ നിർണ്ണയിക്കുന്ന വിഭാഗത്തിലാണ് ഹാൻസ് ലേമാൻ ജോലി ചെയ്യുന്നത്. അതായത്, ജർമനിയുടെ അതിരുകൾ പുനർനിർണ്ണയിച്ച് ഭൂപടം തയ്യാറാക്കുന്ന ജോലി. അയാൾ ഒരാഴ്ച മുൻപ് ജോലിയിൽ പ്രവേശിച്ചതാണ്. കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് അയാളുടെ ഓഫീസ്. 
'നിങ്ങൾ കവിയാണല്ലേ?' 
കൈകൾ കെട്ടി മതിലിൽ ചാരിനിന്ന് ലേമാൻ ചോദിച്ചു. അയാളുടെ നീലക്കണ്ണുകളിൽ കൗതുകം. കോണിയുടെ പിടിയിൽ പിയാനോ കട്ടകളിലെന്ന പോലെ വിരലോടിച്ച് അവൾ ചിരിച്ചു.
'അതേ. നിങ്ങൾ?'
'ഞാൻ ചിത്രകാരനാണ്. അതിനാലാണ് ഭൂപടം വരയ്ക്കുന്ന ജോലിയിൽ എന്നെ നിയമിച്ചത്'. 
ചുറ്റും നോക്കി പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പാക്കി, അവളുടെ ചെവിയോട് ചുണ്ട് ചേർത്ത് അയാൾ തുടർന്നു. 
'ഫ്യൂറർക്ക് ഇഷ്ടമില്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കി പുതിയ ഭൂപടം ചമയ്ക്കാൻ 
ഉത്തരവിട്ടിരിക്കുകയാണ്…ഇനി മുതൽ ജർമനിയുടെ ഔദ്യോഗിക ഭൂപടം അതായിരിക്കും'.
പറഞ്ഞുകഴിഞ്ഞപ്പോൾ ലേമാൻ ഭയന്നെന്ന് തോന്നി. ഫ്യൂററുടെ ചാരന്മാർ എവിടെയും ഉണ്ട്. ഫ്യൂറർക്കെതിരെ സംസാരിക്കുന്നവരുടെ സ്ഥാനം കോൺസെൻട്രേഷൻ ക്യാംപിലാണ്. ലേമാനും ഹെൽഗയും അതേ കാര്യം ഒരേ സമയം ഓർത്തു.
ഹൂബറിന്റെ ക്ലാസ് തുടങ്ങാൻ സമയമായപ്പോൾ ഹെൽഗ ലേമാനോട് യാത്ര പറഞ്ഞു. രണ്ടു പടികൾ കയറിയപ്പോൾ ലേമാൻ പിന്നിൽ നിന്ന് വിളിക്കുന്നത് കേട്ടു. 
' mein fraulein', 
'Herr' 
'എനിക്ക് നിങ്ങളോട് സംസാരിക്കേണ്ട ആവശ്യമുണ്ട്'. 
'തീർച്ചയായും'
'വൈകുന്നേരം എന്റെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുന്നു' 
'വരാം' 
ഹൂബറിന്റെ പ്രഭാഷണവും മുൻ അധ്യാപകരുടേതിൽ നിന്ന് വിഭിന്നമായിരുന്നില്ല. ഫ്യൂററുടെ ശത്രുക്കളോടുള്ള പുച്ഛം അയാളുടെ ഓരോ വാക്കിലും കയറിയിറങ്ങിക്കിടന്നു. 
'വിഡ്ഢികൾ. ഫ്യൂറർ എല്ലാത്തിനെയും ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യും'.
അയാൾ കൂടെക്കൂടെ, എലി തുണി കരളുന്ന ഒച്ചയിൽ ആരെയോ ശപിച്ചു. റേഡിയോ തുറന്നു വച്ചതുപോലെ തന്റെ അറിവുകൾ ഹെൽഗയുടെ പ്രജ്ഞയിലേക്ക് ഛർദിച്ചതിനു ശേഷം ഒരു ചോദ്യം മാത്രം ചോദിക്കാൻ അവൾക്ക് അവസരം കൊടുത്തു. അത് ഫ്യൂററെക്കുറിച്ചാവരുതെന്ന് കർശനമായി വിലക്കുകയും ചെയ്തു.
'Herr, എന്റെ മുതുമുത്തശ്ശൻ മഹാനായ വാൾട്ടർ ഡെക്കർ, ഫ്രാങ്കോ - പ്രഷ്യൻ യുദ്ധത്തിൽ പങ്കെടുത്ത് ജീവത്യാഗം ചെയ്തിട്ടുണ്ട്. ജർമനിയുടെ ചരിത്രരേഖകളിൽ നിങ്ങൾക്കത് വായിക്കാം'.
'frau ഡെക്കർ',
ഭീതിപ്പെടുത്തുന്നതെന്തോ കേട്ടത് പോലെ അയാൾ നിറുകയിൽ കൈവെച്ചു. 
'നിങ്ങളുടെ മുതുമുത്തശ്ശനെ ആരാണ് മഹാൻ എന്ന് വിശേഷിപ്പിച്ചത്? ഈ ലോകത്തിൽ ഒരു മഹാനേയുള്ളൂ, അത് ഫ്യൂറർ മാത്രം. നിങ്ങൾ കേൾക്കൂ, ഇന്നുമുതൽ അങ്ങിനെയൊരു യുദ്ധമേ നടന്നിട്ടില്ല. നിങ്ങളുടെ മുതുമുത്തശ്ശൻ തന്നെ ഇനി മുതൽ ഇല്ല. ജർമനിയുടെ ചരിത്രം ആരംഭിക്കുന്നത് ഫ്യൂററിൽ നിന്നാണ്, മനസിലായോ?'
 ' herr' 
'ഫ്യൂറർ സൃഷ്ടിച്ചതാണീ രാജ്യം. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എല്ലാ വികസനങ്ങളും ഫ്യൂററുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. അദ്ദേഹത്തിന് മുൻപോ ശേഷമോ ജർമനി എന്നൊരു രാജ്യം ഇല്ല. അങ്ങിനെയാണ് നിങ്ങൾ ഇനി ചരിത്രം എഴുതേണ്ടത്'.  
ഹുബർ അല്പം ക്രൂദ്ധനായെന്ന് തോന്നി. തിടുക്കത്തിൽ മുറിയിൽ നിന്നിറങ്ങി പടിയിൽ ഒരു നിമിഷം നിന്ന് അദ്ദേഹം തിരിഞ്ഞുനോക്കി. അദ്ദേഹത്തിന്റെ മുഖം അപ്പോൾ ക്രൂരനായ ഭരണാധികാരിയുടേത് പോലെ രൂപാന്തരപ്പെട്ടു. 
'frau ഡെക്കർ, നിങ്ങൾക്കെല്ലാം മനസിലായിക്കാണുമെന്ന് കരുതുന്നു'. 
അതൊരു താക്കീതും കൂടി ആയിരുന്നു. 
രാത്രിയിൽ ജോലി കഴിഞ്ഞിറങ്ങുമ്പോൾ ഓഫീസിന്റെ മുറ്റത്ത് ലേമാൻ ഹെൽഗയെ കാത്തു നിന്നിരുന്നു. അവളെ കണ്ടപ്പോൾ അയാൾ ചെമ്പൻ രോമങ്ങൾ നിറഞ്ഞ തടിയൻ കൈനീട്ടി.  
വർഷങ്ങളുടെ അടുപ്പമുള്ളവരെ പോലെ വിരലുകൾ കോർത്തു പിടിച്ച് അവർ റോഡിലേക്കിറങ്ങി.  ശബ്ദഗ്രന്ഥികൾ മുറിച്ചു മാറ്റപ്പെട്ടവരെപ്പോലെ തെരുവിലൂടെ നടന്നു.
മഞ്ഞു വീഴാൻ തുടങ്ങിയിരുന്നു. ഇരുട്ടും.
ബ്രുൺഷ്വിക് കത്തീഡ്രലിന്റെ മുന്നിലെത്തിയപ്പോൾ ലേമാൻ ഹെൽഗയെ കത്തീഡ്രലിന് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുട്ടിൽ ചേർന്നുനിന്ന് അവളുടെ തണുത്ത വിരലുകളിൽ മുറുകെപ്പിടിച്ചു.
'mein fraulein, എന്റെ ജോലി നഷ്ടപ്പെടാൻ പോകുന്നു'
'എങ്ങിനെ?' 
'സർക്കാർ സ്ഥാപനങ്ങളിൽ നിന്നെല്ലാം ജൂതന്മാരെ പിരിച്ചുവിടാൻ ഇന്ന് ഫ്യൂറർ ഉത്തരവിട്ടിരിക്കുന്നു'. 
ഭാരമുള്ള ഒരു നിശബ്ദത അവർക്കിടയിൽ തണുത്ത കാറ്റായി വീശിയടിച്ചു. ഹെൽഗ ഇരുട്ടിലേക്ക് കണ്ണുകൾ തിരിച്ചു. കത്തീഡ്രലിന്റെ കമാനത്തിലെ ഒറ്റവിളക്കും അണഞ്ഞിരിക്കുന്നു. ജർമനി ഇപ്പോൾ വലിയൊരു കോൺസെൻട്രേഷൻ ക്യാമ്പായി മാറിയിരിക്കുന്നു. അവളോർത്തു. ഇരുട്ടിൽ വീണ്ടും ലേമാന്റെ വിവശതയാർന്ന ശബ്ദം. 
'ഇന്ന് ജോലിയിൽ നിന്ന്. നാളെ രാജ്യത്തിൽ നിന്ന് തന്നെ..' 
'Herr, നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു?' 
ഒരർത്ഥവുമില്ലാത്ത ചോദ്യമെന്ന്, ചോദിച്ചു കഴിഞ്ഞ് ഹെൽഗ സ്വയം പറഞ്ഞു. ലേമാൻ അതിന് മറുപടി പറഞ്ഞില്ല. അയാൾ ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു നിൽക്കുകയായിരുന്നു. അയാളുടെ ചുടുനിശ്വാസം നെഞ്ചിൽ തട്ടുന്നു. ഭയത്തിന്റെ കണികകൾ തെറിക്കുന്ന നിശ്വാസങ്ങൾ.
ഹെൽഗ അയാളുടെ ചുണ്ടുകളിൽ അമർത്തിച്ചുംബിച്ചു. 
പക്ഷെ, തൊട്ടടുത്ത നിമിഷം കത്തിഡ്രലിനു മുന്നിലൂടെ കടന്നു പോയ പട്ടാളവണ്ടി അവരുടെ ശരീരങ്ങളെ അതിവേഗത്തിൽ വേർപെടുത്തി. കത്തീഡ്രലിന്റെ പിന്നിലെ ഇരുട്ടിന്റെ തിരശീലക്ക് പിന്നിൽ അവർ പതുങ്ങി. 
'ഒരൊറ്റ ശത്രുവിനെയും വെറുതെ വിടില്ല..' 
പട്ടാളവണ്ടി ഉറക്കെ അലറി. 
'എല്ലാത്തിനെയും കൊല്ലും…'
ഡചൗവിലെ കോൺസെൻട്രേഷൻ ക്യാമ്പിനെ കുറിച്ച് വോസിന്റെ പത്രത്തിൽ വായിച്ചത് അവളിൽ മിന്നി. കോട്ടിന്റെ ബട്ടനുകൾ തുറന്ന് ലേമാനെ നെഞ്ചിനോടടുപ്പിച്ചു. അയാൾ അതികഠിനമായി വിറക്കുന്നുണ്ടായിരുന്നു. അത് തണുപ്പ് കൊണ്ടല്ല എന്നവൾ അറിഞ്ഞു. അയാളെ കഴിയുന്നത്ര ചേർത്തുപിടിച്ചു. അവളുടെ ചൂടുള്ള മാറിൽ ലേമാൻ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പതുങ്ങിക്കിടന്നു. ഗർഭപാത്രത്തിലെന്നപോലെ ഒരു സുരക്ഷിതത്വം അയാളെ മൂടി.
 
പട്ടാളവണ്ടി പോയിക്കഴിഞ്ഞെന്ന് ഉറപ്പായപ്പോൾ മരങ്ങളുടെയും ഇരുട്ടിന്റെയും മറ പറ്റി അവർ അപ്പാർട്ട്മെന്റിലേക്കോടി. അവർ അപ്പോളും കൈകൾ കോർത്തു പിടിച്ചിരുന്നു. കിതച്ച് ശ്വാസം കിട്ടാതായിട്ടും ഓട്ടം നിറുത്തിയില്ല.
'ജനിച്ച നാട്ടിൽ കള്ളനെപ്പോലെ പാത്തും പതുങ്ങിയും നടക്കേണ്ടി വരിക, എന്തൊരു വേദനയാണത്…'
കിതപ്പ് അയാളുടെ ശബ്ദത്തെ ഇടയ്ക്കിടെ വിഴുങ്ങിക്കളഞ്ഞു. ഹെൽഗ അയാളുടെ അപ്പാർട്ട്മെന്റിനു മുന്നിൽ, വഴി അവസാനിക്കുന്നിടത്തുള്ള
'ഡെഡ് എൻഡ്' എന്ന ബോർഡിലേക്ക് ചൂണ്ടി. അക്ഷരങ്ങൾ മാഞ്ഞുതുടങ്ങിയ ബോർഡിൽ വീണ മഞ്ഞുതുള്ളികൾ തെരുവു വിളക്കിന്റെ പ്രകാശത്തിൽ തിളങ്ങി. 
'നിങ്ങൾ ഇവിടെയാണ്‌ താമസിക്കുന്നത്?, herr ലേമാൻ, ഡെഡ് എൻഡിൽ. എന്തൊരു യാദൃശ്ചികത'. 
'അതേ, ഇവിടന്നപ്പുറത്തേക്ക് വഴിയില്ല. ജർമനിയുടെ വഴികളും അവസാനിച്ചിരിക്കുന്നു. ഡെഡ് എൻഡ് '.
 ഒരു സ്വീകരണമുറിയും കുഞ്ഞൊരു കിടപ്പുമുറിയുമുള്ള അപ്പാർട്ട്മെന്റിൽ നടുവശം കീറിയ സോഫയിലിരുന്ന് ഒരു പാത്രം പീ സൂപ്പും ഉണങ്ങിയ പന്നിമാംസവും പങ്കിട്ടു കഴിച്ച്, മുകളിലേക്ക് കണ്ണുകൾ തുറിച്ച് വെറുതെ കിടന്നു. പുറമേ കടലിന്റെ ആഴത്തോളം അവർ നിശബ്ദരായിരുന്നു. എന്നാൽ അവരുടെ ഹൃദയങ്ങൾ ആകാശത്തിന്റെ ഉയരത്തോളം ഉറക്കെ കലമ്പിക്കൊണ്ടിരുന്നു. 
പുലരാനായപ്പോൾ അവർ, അവർ പോലുമറിയാതെ ലൈംഗിക ബന്ധത്തിലേക്ക് വഴുതി വീണു. ഫ്യൂറർക്കെതിരെയുള്ള അവസാനത്തെ പോരാട്ടമെന്ന പോലെ ആയിരുന്നു അത്. മരണത്തിന്റെ വിളുമ്പിൽ നിന്ന് ജീവിതത്തെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്ര തീവ്രതയോടെ അവർ രതിയിലേർപ്പെട്ടു. ഹെൽഗയുടെ കുഞ്ഞുമുലകളുടെ വിയർപ്പിലേക്ക് മുഖമാഴ്ത്തി ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്തുകൊണ്ട് ലേമാൻ പറഞ്ഞു.
'ഡെഡ് എൻഡ്'.
ഹെൽഗ രതിമൂർച്ഛയുടെ ആലസ്യത്താൽ കൂമ്പിപ്പോയ കണ്ണുകളുയർത്തി. അയാളുടെ ചുണ്ടിനു കുറുകെ വിരൽ വച്ച് അരുതെന്ന് തല ചലിപ്പിച്ചു. ലേമാൻ ഹെൽഗയുടെ ശരീരത്തിൽ നിന്ന് കട്ടിലിലേക്ക് മറിഞ്ഞു.
'liebling',
'barchen' 
അവൾ ചരിഞ്ഞുകിടന്ന് അയാളെ നോക്കി. മരണത്തെ മനസ് കൊണ്ട് സ്വീകരിച്ചതു പോലെ അയാളുടെ വലിയ കണ്ണുകൾ നിസംഗമായിരുന്നു. ലേമാന്റെ തല മാറിനോട് ചേർത്തുവച്ച് മുടിയിൽ വിരലോടിച്ചു. ലേമാന്റെ ചുണ്ടുകൾ അവളുടെ പൊക്കിളിലെ രോമരാജികളിൽ ചുംബിച്ചു. അപ്പോൾ അയാളുടെ ചുണ്ടിൽ കുട്ടിക്കാലത്ത് മമ്മ പാടിത്തന്ന നാടൻ പാട്ട് വിരിഞ്ഞു.
'ആർക്കാവും,
മനസിനെ തുറുങ്കിലടക്കാൻ..
രാത്രിയാത്രക്കാരന്റെ
നിഴൽ പോലെൻ മനസ്.
നിറയൊഴിക്കാനാവില്ലൊരു
വേട്ടക്കാരനും.
എൻ മനസിന് ചങ്ങലകളേയില്ല'
 
ഹെൽഗ പുറത്തേക്ക് നോക്കി. നേരം പുലർന്നിരിക്കുന്നു. അപ്പാർട്ട്മെന്റിന്റെ അഴുക്കു പിടിച്ച ജനാലയിലൂടെ പ്രകാശം എത്തിനോക്കുന്നു. ലേമാൻ കൊച്ചുകുട്ടിയെപ്പോലെ ഉറങ്ങുകയാണ്. അയാളെ ഉണർത്താതെ അവൾ അയാൾ ബാക്കിവച്ച പാട്ടിന്റെ ഈരടികൾ മൂളി.
'വിഫലം, എന്നെ ഏതിരുണ്ട തടവറയിലെറിഞ്ഞാലും.
എൻ മനസ്,
പൂട്ടുകളെല്ലാം തുറക്കുന്നു.
മതിലുകളെല്ലാം തകർക്കുന്നു…….'
നഗ്നമായ വയറിൽ തടവി ഹെൽഗ എന്തോ ഓർത്ത് പുഞ്ചിരിച്ചു.
'നമുക്ക് ജനിക്കുന്ന കുഞ്ഞ് ലോകത്തിലെ എല്ലാ ഫാസിസ്റ്റുകളോടും പകരം ചോദിക്കട്ടെ'
അവൾ എഴുന്നേറ്റ് അപ്പാർട്ട്മെന്റിന്റെ ദുർബലമായ വാതിൽ ശരിയായി അടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു. ലേമാൻ ഉണരുമ്പോൾ സോഫ വാതിലിനു കുറുകെ പിടിച്ചിടാമെന്ന് ആലോചിച്ചു നിൽക്കുമ്പോൾ, അപ്പാർട്ട്മെന്റിന്റെ ദ്രവിച്ച മരഗോവണിപ്പടികൾ കയറിവരുന്ന ബൂട്ടുകളുടെ ശബ്ദം ഹെൽഗ കേട്ടു.
പിന്നാലെ, മൂന്ന് നാല് വെടിയൊച്ചകളും.
 


Comments
* The email will not be published on the website.