
കവിത
അരുൺകുമാർ അന്നൂർ
നീതിമാനെ
അവർ പുറത്താക്കി
കൈകഴുകുമ്പോൾ അവർ പറഞ്ഞതിങ്ങനെ
നീതിമാന്
കുറച്ചുകൂടി
നീതിയോടെ പെരുമാറാമായിരുന്നു
അപ്പോൾ
നിങ്ങൾ കെട്ടവനെ
ഉൾക്കൊള്ളിച്ചതോ?
ജനം ചോദിച്ചു
അവർ പറഞ്ഞു
കെട്ടവനെ
അങ്ങനെ തള്ളിക്കളഞ്ഞുകൂടാ
അവന് ഒരവസരം കൂടി നല്‌കാം
നാളെയെങ്ങാനും
അവൻ ഒരു നീതിമാനായാലോ!
അവർ ഭംഗിയായി ഇളിച്ചു
ആ ഇളി
എല്ലാ സംഘങ്ങളുടെയും
ഭിത്തിയിൽ
ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു