ലിയോ  മാർപാപ്പയുടെആദ്യ  ചാക്രിക ലേഖനം

ലേഖനം
അനിൽകുമാർ എ വി

 സുരക്ഷാ സേന ആൺ തടവുകാരെ ബലാത്സംഗം ചെയ്യുന്നത് ഉൾപ്പെടെയുള്ള ലൈംഗിക പീഡനങ്ങളുടെ പേരിൽ ഇസ്രയേലിനെ ഐക്യരാഷ്ട്രസഭ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കയാണ്‌. 2023 നും 2025 നും ഇടയിൽ ഗാസ മുനമ്പിൽനിന്നും അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുമായി 31 പലസ്തീൻ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി യുഎൻ സ്ഥിരീകരിച്ചു. അതിൽ ആവർത്തിച്ചുള്ള കൂട്ടബലാത്സംഗങ്ങളും ലൈംഗിക അതിക്രമവും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വസ്തുക്കൾ ഉപയോഗിച്ചുള്ള ബലാത്സംഗം, ജനനേന്ദ്രിയം ലക്ഷ്യംവച്ചുള്ള വെടിവയ്പ്പ്, സ്തനങ്ങളിലും ജനനേന്ദ്രിയത്തിലും സ്പർശിക്കൽ, നിർബന്ധിത നഗ്നത, ബലാത്സംഗ ഭീഷണി എന്നിവയാണ് മറ്റ് ലംഘനങ്ങൾ. ഐക്യരാഷ്ട്രസഭാ വിദഗ്ധരെ തടങ്കൽ കേന്ദ്രങ്ങളിൽ വിലക്കി, ഗാസയിലേക്കുള്ള യാത്ര തടഞ്ഞു, മോചിതരായ ശേഷം ദുരുപയോഗം വെളിപ്പെടുത്തരുതെന്ന്‌ തടവുകാരെ ഭീഷണിപ്പെടുത്തി. 2023 ഒക്ടോബർ മുതൽ തടവുകാരെ സന്ദർശിക്കാൻ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയെ അനുവദിച്ചിട്ടില്ല. ഇത്തരം ചെയ്‌തികളിലെ ഉത്തരവാദിത്തത്തിന്‍റെ വ്യവസ്ഥാപിതമായ അഭാവം ശിക്ഷയിൽ നിന്ന് മുക്തി നേടാനുള്ള സംസ്കാരമുണ്ടാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപണവിധേയരായ കുറ്റവാളികളെ വീരോചിതർ എന്നാണ്‌ വിശേഷിപ്പിച്ചത്‌. മൂന്ന് വർഷമായി ബലാത്സംഗം, കടുത്ത പട്ടിണി, അപമാനം എന്നിവയുൾപ്പെടെ ജയിലുകളിൽ സാധാരണമായിട്ടുണ്ട്. തടങ്കൽ കേന്ദ്രങ്ങൾ പലസ്തീനികളുടെ പീഡന ക്യാമ്പുകളായി മാറി.

പോപ്പിന് കുറ്റകൃത്യങ്ങൾ ഇഷ്ടമാണോ? അതിന്‍റെ അർഥമെന്താണ്? പലരും കുറ്റകൃത്യങ്ങൾ ഇഷ്ടപ്പെടുന്നുവെന്ന് വിശ്വസിക്കാൻതക്ക മണ്ടത്തരം ആർക്കാണ്?

യേശുവിന്‍റെ പ്രതിമ തകർത്തഇസ്രയേലി സൈനികൻ

ദക്ഷിണ ലെബനണിൽ ഡെബൽ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് സ്ഥാപിച്ച യേശുക്രിസ്‌തുവിന്‍റെ പ്രതിമ ഇസ്രയേലി സൈനികൻ 2026 ഏപ്രിൽ 19-ന് ചുറ്റികകൾ കൊണ്ട് തകർത്തതടക്കം കുടിയേറ്റക്കാർക്കൊപ്പം മതചിഹ്നങ്ങൾക്കും സൈറ്റുകൾക്കും നേരെ നടത്തുന്ന ആക്രമണങ്ങളിലെ പാശ്ചാത്യ രാജ്യങ്ങളുടെയും സംഘടനകളുടെയും മൗനത്തെ ലോകമാകെ അപലപിക്കുകയുണ്ടായി. ഇസ്രയേൽ പാർലമെന്‍റായ നെസെറ്റിലെ പലസ്തീൻ പ്രതിനിധി അയ്മാൻ ഒഡെ സമൂഹ മാധ്യമത്തിൽ കറുത്ത ഫലിതത്തോടെ കുറിച്ചത്‌, സൈനികന്‌ യേശു ഭീഷണിയായി തോന്നിയെന്ന പൊലീസ് ഭാഷ്യം കേൾക്കാൻ തങ്ങൾ കാത്തിരിക്കുന്നുവെന്നാണ്‌. ഗാസയിലെ പള്ളികൾ പൊട്ടിത്തെറിപ്പിക്കുകയും ജറുസലേമിലെ പുരോഹിതരെ തുപ്പുകയും ചെയ്യുന്നവർ യേശുവിന്‍റെ പ്രതിമ തകർത്ത് അതിന്‍റെ രംഗങ്ങൾ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ഭയപ്പെടുന്നില്ലെന്നത്‌ ഭീകരമാണെന്നാണ്‌ മറ്റൊരംഗമായ അഹമ്മദ് ടിബി മുഖപുസ്‌തകത്തിൽ രേഖപ്പെടുത്തിയത്‌. ഒരുപക്ഷേ ഈ വംശീയവാദികൾ ഡൊണാൾഡ് ട്രംപിൽനിന്ന് ക്രിസ്തുവിനെയും പോപ്പ് ലിയോയെയും അപമാനിക്കാൻ പഠിച്ചിട്ടുണ്ടാകുമോയെന്നും അദ്ദേഹം ആരാഞ്ഞു. യുഎസ് പ്രസിഡന്‍റിന്‍റെ സമീപകാല വിവാദങ്ങൾ പരാമർശിച്ച്‌ ഇപ്പോൾ ഒഴിവാക്കിയ നിർമിത ബുദ്ധി ചിത്രം അദ്ദേഹത്തെ യേശുവിനെപ്പോലെ ചിത്രീകരിച്ചതും ഇറാനെതിരായ യുദ്ധത്തെ വിമർശിച്ച റോമൻ കത്തോലിക്കാ സഭയുടെ തലവനോടുള്ള വൈരാഗ്യവും പരാമർശിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ 2025ൽ കുടിയേറ്റക്കാർ 45 ചർച്ചുകൾ നശിപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്തു. 2024 ജനുവരി ‐ 2025 സെപ്‌തംബർ കാലയളവിൽ മതസ്വാതന്ത്ര്യ ഡാറ്റാ സെന്റർ ക്രിസ്ത്യാനികൾക്കെതിരായ 201 അക്രമങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അന്താരാഷ്ട്ര പുരോഹിതരെയോ ക്രിസ്ത്യൻ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന വ്യക്തികളെയോ ലക്ഷ്യമിട്ടാണ് അവയെല്ലാം.

പോപ്പിനെതിരായ ട്രംപിന്‍റെ ശകാരം

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലും മേരിലാൻഡിലെ ജോയിന്‍റ് ബേസ് ആൻഡ്രൂസിൽ റിപ്പോർട്ടർമാരോടുള്ള പരാമർശങ്ങളിലും പോപ്പ്‌ കുറ്റകൃത്യങ്ങളിൽ ദുർബലനെന്നും വിദേശനയത്തിന് ഭയങ്കരനെന്നുമായിരുന്നു ട്രംപിന്‍റെ ശകാരം. കത്തോലിക്കാ സഭാ തലവൻ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഹാനികരമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന്, പ്രത്യേകിച്ച് ആണവ നയത്തെയും അന്താരാഷ്ട്ര സംഘർഷങ്ങളെയും കുറിച്ചെന്നും ആരോപിച്ചു. പോപ്പിന്‍റെ രാഷ്ട്രീയ വീക്ഷണങ്ങൾ തീവ്രഇടതുപക്ഷവുമായി അമിതമായി യോജിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. താൻ പോപ്പിന്‍റെ വലിയ ആരാധകനല്ല. അദ്ദേഹം വളരെ ലിബറലായ വ്യക്തിയാണ്; കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിശ്വസിക്കാത്തയാളും. ആണവായുധം ആഗ്രഹിക്കുന്ന ഒരു രാജ്യവുമായി കളിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പോപ്പ് എന്ന നിലയിൽ ലിയോ പ്രവൃത്തികൾ ആസൂത്രണം ചെയ്യണം. സാമാന്യ ബുദ്ധി ഉപയോഗിക്കേണ്ടതുമുണ്ട്‌. തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്തുന്നത് നിർത്തണം. രാഷ്ട്രീയക്കാരനാവുന്നതിനു പകരം മഹാനായ പോപ്പ് ആകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പരിഹസിച്ചു. ഏറിവരുന്ന ആഗോള സംഘർഷങ്ങൾക്കിടയിൽ സമാധാനത്തിനായി പോപ്പ് പരസ്യമായി ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്‍റെ കടന്നാക്രമണങ്ങൾ. 

ട്രംപ് പോപ്പിനെതിരായ തന്‍റെ അവിശുദ്ധ യുദ്ധം രൂക്ഷമാക്കുകയും തന്‍റെ ദൈവദൂഷണ സാമൂഹികാക്രമണത്തെ പുതിയ ആക്ഷേപത്തോടെ പ്രതിരോധിക്കുകയും ചെയ്യുന്നു. ആ പ്രസിഡന്റ്‌ യേശുക്രിസ്തുവിന്‍റെയും ആരാധകനായിരിക്കില്ലെന്നാണ്‌ ചില സാമൂഹ്യ നിരീക്ഷകരുടെ വിമർശനം. എന്തുകൊണ്ടാണ് നിങ്ങൾ ട്രൂത്ത് സോഷ്യൽ ചാനലിൽ പോപ്പ് ലിയോയെ ആക്രമിച്ചതെന്ന്‌ ഒരു റിപ്പോർട്ടർ ചോദിച്ചതിന്‌ ട്രംപിന്‍റെ മറുപടി:  ഉം... അവൻ അത്ര നല്ല ജോലി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കുറ്റകൃത്യങ്ങൾ ഇഷ്ടമാണെന്ന് ഞാൻ കരുതുന്നു. അവൻ നമ്മളെ അടിച്ചു. ഒന്ന് ആലോചിച്ചു നോക്കൂ. അവൻ ഭയത്തെക്കുറിച്ച് വിഷമിക്കുന്നു. മന്ത്രിമാരും പുരോഹിതരും കോവിഡ്‌ വേളയിൽ അറസ്റ്റിലായ എല്ലാ മഹാന്മാരും ഉണ്ടാകുമ്പോൾ ഉടലെടുത്ത ഭയത്തിന്‍റെ കാര്യമോ എന്ന നിലയിൽ ധിക്കാരപരവുമായി. പോപ്പിന് കുറ്റകൃത്യങ്ങൾ ഇഷ്ടമാണോ? അതിന്‍റെ അർഥമെന്താണ്? പലരും കുറ്റകൃത്യങ്ങൾ ഇഷ്ടപ്പെടുന്നുവെന്ന് വിശ്വസിക്കാൻതക്ക മണ്ടത്തരം ആർക്കാണ്? നിയമവിരുദ്ധവും കുട്ടികളെ കൊല്ലുന്നതുമായ ഇറാൻ യുദ്ധത്തെയും കുടിയേറ്റക്കാരോടുള്ള ക്രൂരമായ പെരുമാറ്റത്തെയും പോപ്പ് വിമർശിച്ചതിൽ അസ്വസ്ഥനായതിനാലാണ് ട്രംപിന്‌ സാധാരണത്വം കൈമോശം വന്നതെന്ന്‌ തീർച്ച. മറ്റ് കാര്യങ്ങൾക്കൊപ്പം ലിയോ കത്തോലിക്കാ സഭയെ വേദനിപ്പിക്കുകയാണെന്ന് പരിഭവിച്ച ട്രംപ്‌ മാർപ്പാപ്പ തെരഞ്ഞെടുപ്പിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്തു. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ തെറ്റില്ലെന്നും നമ്മുടെ പട്ടണങ്ങളിൽ കുറ്റകൃത്യങ്ങൾ ശരിയാണെന്നും പറയുന്ന പോപ്പിനെ ഞങ്ങൾക്ക് വേണ്ട. എനിക്കത് ഇഷ്ടമല്ല. ലോകം തകർക്കാൻ കഴിയുന്ന തരത്തിൽ ആണവായുധം ആഗ്രഹിക്കുന്ന രാജ്യവുമായി നമ്മൾ കളിക്കരുതെന്ന് കരുതുന്ന മനുഷ്യനാണ് അദ്ദേഹമെന്നും കാടുകയറി. ഇറാൻ ആണവായുധം പിന്തുടരുകയായിരുന്നില്ല. ട്രംപിന്‍റെ സ്വന്തം രഹസ്യാന്വേഷണ ഏജൻസികൾ അത് സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ വികാസത്തിന് പ്രാദേശിക എതിരാളിയെ നശിപ്പിക്കാൻ ഇസ്രയേൽ ആഗ്രഹിച്ചതിനാലാണ് യുദ്ധം ആരംഭിച്ചത്. കൂടാതെ ലിയോ വളരെ ലിബറൽ വ്യക്തിയല്ല. അമേരിക്കയിൽ താമസിക്കവെ അദ്ദേഹം റിപ്പബ്ലിക്കൻ പ്രൈമറികളിൽ വോട്ട് ചെയ്തു. കൂടുതൽ കൃത്യമായി പറഞ്ഞാൽ വത്തിക്കാനെ ലളിതമായ അമേരിക്കൻ രാഷ്ട്രീയ പദങ്ങളിലേക്ക് ചുരുക്കുന്നത് തികച്ചും അസംബന്ധമാണെന്ന്‌ കരുതി. സങ്കീർണമായ ധാർമിക ലോകവീക്ഷണമുള്ള 20 നൂറ്റാണ്ട്‌ പഴക്കമുള്ള സ്ഥാപനമാണത്. ട്രംപ് ഉണ്ടാകുന്നതിന് വളരെ മുമ്പ്‌ അത് ഇവിടെ ഉണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ ഫാസിസ്റ്റ് പ്രസ്ഥാനം തകർന്നതിനുശേഷം വളരെക്കാലം നിലനിൽക്കുകയും ചെയ്യും.

‘ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഒരുമിച്ച്‌സമാധാനത്തോടെ ജീവിക്കാൻ കഴിയും’

താൻ പോപ്പിന്‍റെ വലിയ ആരാധകനല്ല. അദ്ദേഹം വളരെ ലിബറലായ വ്യക്തിയാണ്; കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിശ്വസിക്കാത്തയാളും. 

                        ഡൊണാള്‍ഡ് ട്രംമ്പ്

കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യ അമേരിക്കൻ വംശജനായ പോപ്പായ ലിയോ പതിനാലാമൻ 2026 ഏപ്രിൽ 13 ന് അൾജീരിയയിലെത്തി. മണിക്കൂറുകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ അൽജിയേഴ്സിലെ ഗ്രാൻഡ് മോസ്കിനുള്ളിൽ നഗ്നപാദനായി നിൽക്കുകയും ഇമാമിന്‍റെ അരികിൽ നിശബ്ദമായി പ്രാർത്ഥിക്കുകയും ചെയ്തു. നാട്ടിലേക്കുള്ള വിമാനയാത്രയിൽ നേരിട്ട്‌ നൽകിയ സന്ദേശത്തിൽ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന്‌ പ്രഖ്യാപിച്ച പോപ്പ്‌ മതപരമായ അതിർത്തികൾക്കപ്പുറം ദൈനംദിന ജീവിതം വിജയകരമായി പങ്കിടുന്ന സമൂഹങ്ങളുടെ ഉദാഹരണങ്ങളായി അൾജീരിയയെയും ലെബനണെയും ചൂണ്ടിക്കാട്ടി. നാല് രാജ്യങ്ങളിലായി 11 ദിന ആഫ്രിക്കൻ പര്യടനത്തിന്‍റെ ഭാഗമായിരുന്നു അൾജീരിയൻ സന്ദർശനം. ട്രംപുമായുള്ള പരസ്യ വാഗ്വാദത്തിന് ദിവസങ്ങൾക്ക് ശേഷം ഒരുപിടി സ്വേച്ഛാധിപതികളാൽ ലോകം നശിപ്പിക്കപ്പെടുകയാണെന്ന് മാർപ്പാപ്പ പറഞ്ഞതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. നശിപ്പിക്കാൻ ഒരു നിമിഷമേ ആവശ്യമുള്ളൂവെന്ന് യുദ്ധത്തിന്‍റെ യജമാനന്മാർ അറിയുന്നില്ലെന്ന് നടിക്കുന്നു, പക്ഷേ പലപ്പോഴും പുനർനിർമിക്കാൻ ഒരു ജീവിതകാലം മതിയാവില്ല. കൊലപാതകങ്ങൾക്കും നാശത്തിനും വേണ്ടി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെങ്കിലും രോഗശാന്തി, വിദ്യാഭ്യാസം, പുനഃസ്ഥാപനം എന്നിവയ്ക്ക് ആവശ്യമായ വിഭവങ്ങൾ എവിടെയും കണ്ടെത്താനായില്ലെന്ന വസ്തുതയ്ക്ക് നേരെ അവർ കണ്ണടയ്ക്കുന്നുവെന്നായിരുന്നു കാമറൂണിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്ന പട്ടണമായ ബമെൻഡയിൽ നടന്ന യോഗത്തിലെ പ്രസംഗത്തിന്‍റെ ഉള്ളടക്കം. സ്വന്തം സൈനിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങൾക്ക്‌ മതത്തെയും ദൈവനാമത്തെയും കൃത്രിമമായി കൈകാര്യം ചെയ്യുന്നവരോടും പവിത്രമായവയെ കൂരിരുട്ടിലേക്കും മാലിന്യത്തിലേക്കും വലിച്ചിഴയ്ക്കുന്നവരോടും അയ്യോ കഷ്ടം എന്നും വിശദീകരിച്ചു. ഇറാനിലെ യുദ്ധത്തെ ദൈവം പിന്തുണയ്ക്കുന്നുവെന്ന് ട്രംപ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തുടങ്ങിയ യുഎസ് ഉന്നതർ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് സമാധാനത്തിലേക്കുള്ള നിർണായക മാറ്റത്തിന് പോപ്പിന്‍റെ ആഹ്വാനം. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ലെന്നും അദ്ദേഹത്തിന്‍റെ നേരിട്ടുള്ള വിമർശനങ്ങൾക്കിടയിലും യുദ്ധത്തെ എതിർക്കുന്നതും സമാധാനത്തിനായി വാദിക്കുന്നതും തുടരുമെന്നും മാർപ്പാപ്പ പ്രതിജ്ഞയെടുക്കുകയുമുണ്ടായി. ക്രിസ്തീയ സുവിശേഷ സന്ദേശം ദുരുപയോഗിക്കുന്നുണ്ടെന്നും വിമാനത്തിൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വ്യക്തിപരമായ തർക്കത്തിൽ ഏർപ്പെടില്ലെന്നും എന്നാൽ തന്‍റെ തത്വങ്ങളിൽ ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.

തുടർച്ചയായ സംഘർഷങ്ങളുടെ   മനുഷ്യവിലയും എടുത്തുകാട്ടി

യുദ്ധത്തിനെതിരെ ശബ്ദമുയർത്താനും സമാധാനം, സംഭാഷണം, സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ബഹുമുഖ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാനുമുള്ള തന്‍റെ ഉദ്ദേശ്യം വീണ്ടും ഉറപ്പിക്കുകയും ചെയ്‌തു പോപ്പ്‌. നിരപരാധികൾ വധിക്കപ്പെടുന്നുണ്ടെന്നും മുന്നോട്ടുള്ള വഴി കൂടുതൽ മികച്ചതായിരിക്കണമെന്നും പ്രസ്താവിച്ച്‌ തുടർച്ചയായ സംഘർഷങ്ങളുടെ മനുഷ്യവിലയും എടുത്തുകാട്ടി. നേരത്തെ ലോക നേതാക്കളോട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം നടത്തിയത്‌, മതി സ്വയത്തെയും പണത്തെയും ആരാധിക്കുന്നത്‌ അവസാനിപ്പിക്കൂ, ശക്തിപ്രകടനം നിർത്തൂ, ഇനിയൊരു യുദ്ധം വേണ്ട തുടങ്ങിയ നിലയിലും. ഇറാനെതിരായ യുദ്ധം ആരംഭിച്ചയുടൻ ഫ്രാൻസിസിനെ അനുസ്മരിപ്പിക്കുംവിധം സംഘർഷത്തെ അപലപിക്കുകയും ഏതൊരു വിഷയത്തിലും കൂടുതൽ തവണ ശക്തിയോടെ ട്രംപിനെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ അമേരിക്കയുടെ പ്രചാരണത്തിന് ദൈവിക പ്രീതി ലഭിക്കുന്നുവെന്ന ആശയം - പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവർത്തിച്ച് ഉറപ്പിച്ചതിനെ പോപ്പ്‌ തള്ളിക്കളഞ്ഞ്‌ പറഞ്ഞത്‌ ദൈവത്തെ ഇരുട്ടുമായി ബന്ധപ്പെടുത്താൻ കഴിയില്ലെന്നും ദൈവം യുദ്ധം ചെയ്യുന്നവരുടെ പ്രാർഥനകൾ കേൾക്കുന്നില്ലെന്നും തുറന്നടിച്ചു. ഇറാന്‍റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പിന് ശേഷമായിരുന്നു പുതിയ വിമർശനം. യുദ്ധത്തെക്കുറിച്ചുള്ള ലിയോയുടെ അഭിപ്രായങ്ങളെ ഭരണകൂടം പരസ്യമായി തള്ളിക്കളഞ്ഞിട്ടില്ല. പക്ഷേ ദി ഫ്രീ പ്രസ്സിൽ വന്ന വാർത്ത നോക്കിയാൽ അവർ സ്വകാര്യമായി എന്താണ് പറയുന്നതെന്ന് ഊഹിക്കാം. പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ എൽബ്രിഡ്ജ് കോൾബി 2026 ജനുവരിയിൽ പെന്റഗണിലേക്കുള്ള വത്തിക്കാന്‍റെ യുഎസ് പ്രതിനിധിയെ വിളിച്ച് വിദേശ നയതന്ത്രജ്ഞർക്ക് നൽകിയ പ്രസംഗത്തെക്കുറിച്ച് ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക വെനിസ്വേല ആക്രമിച്ച് ആഴ്ചയിൽ താഴെ സമയത്തിനുള്ളിൽ ഗ്രീൻലാൻഡ് സ്വന്തമാക്കണമെന്ന് ട്രംപ് നിർബന്ധിച്ചുകൊണ്ടിരിക്കെയാണ് ആ പ്രസംഗം. ദി ഫ്രീ പ്രസ് റിപ്പോർട്ട് പ്രകാരം ലിയോയുടെ പ്രസംഗത്തെ ട്രംപിന്‍റെ വിദേശനയത്തിനെതിരായ വെല്ലുവിളിയായി പെന്റഗൺ ഉദ്യോഗസ്ഥർ വിമർശിച്ചു. ഒരുഘട്ടത്തിൽ യുഎസ് ഉദ്യോഗസ്ഥൻ അവിഗ്നൺ പാപ്പസിയെക്കുറിച്ച് പരാമർശിക്കുകയും ചെയ്‌തു. 14‐ാം നൂറ്റാണ്ടിൽ പോപ്പുകൾ ഫ്രഞ്ച് രാജകീയ സ്വാധീനത്തിന് വിധേയരായിരുന്ന ഘട്ടമായിരുന്നു അത്. 

 തങ്ങളുടെ വികാസത്തിന് പ്രാദേശിക എതിരാളിയെ നശിപ്പിക്കാൻ ഇസ്രയേൽ ആഗ്രഹിച്ചതിനാലാണ് യുദ്ധം ആരംഭിച്ചത്. കൂടാതെ ലിയോ വളരെ ലിബറൽ വ്യക്തിയല്ല. അമേരിക്കയിൽ താമസിക്കവെ അദ്ദേഹം റിപ്പബ്ലിക്കൻ പ്രൈമറികളിൽ വോട്ട് ചെയ്തു.

          പലസ്തീന്‍ - ദുരിതങ്ങള്‍ അവസാനിക്കാതെ

മാസങ്ങളായി ട്രംപ്‌ ഭരണകൂടത്തിന്‍റെ നയങ്ങളെ പ്രത്യേകിച്ച് കുടിയേറ്റ വിഷയത്തിൽ പോപ്പ്‌ നിശിത വിമർശനങ്ങൾ ഉയർത്തിക്കൊണ്ടിരിക്കയാണ്‌. കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിച്ച അദ്ദേഹം പതിറ്റാണ്ടുകളായി യുഎസിൽ സമാധാനപരമായി ജീവിച്ചിരുന്ന കുടിയേറ്റക്കാരോട് ഏറ്റവും അനാദരവോടും അക്രമ സംഭവങ്ങളിലൂടെയും പെരുമാറുന്നുണ്ടെന്ന് വ്യക്തമാക്കി. അമേരിക്ക തെമ്മാടി സൂപ്പർ പവറാണ്. എന്നിരുന്നാലും ഈ മുൻ പരാമർശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോപ്പിന്‍റെ പ്രസ്താവനകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു, പ്രത്യേകിച്ച് യുഎസിൽ. ഏറിവരുന്ന ലിബറൽ ചിന്താഗതിക്കാർ അദ്ദേഹത്തെ പ്രശംസിക്കുന്നു. സെനറ്റർ ബെർണി സാൻഡേഴ്‌സ് പോപ്പിന്‍റെ ഈസ്റ്റർ സന്ദേശത്തെ അംഗീകരിച്ച്‌ നൽകിയ മുന്നറിയിപ്പ്: നമ്മൾക്ക്‌ ആക്രമണം ശീലമായിക്കൊണ്ടിരിക്കുകയാണ്, അതോട് സ്വയം രാജിയാവുന്നു, പൂർണ നിസംഗതയും. സെനറ്റർ കോറി ബുക്കർ പോപ്പിന്‍റെ ധാർമിക വ്യക്തതയെ പ്രശംസിക്കുകയും നിരപരാധികളെ ഓർമിക്കാൻ ആവശ്യപ്പെടുന്ന അദ്ദേഹത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. കുട്ടികൾ, പ്രായമായവർ, രോഗികൾ, ഇതിനകംതന്നെ തുടർച്ചയായ യുദ്ധത്തിന്‍റെ ഇരകളായിത്തീർന്ന അല്ലെങ്കിൽ ഇനി ഇരകളാവാൻ പോകുന്ന നിരവധി ആളുകളുണ്ടെന്ന ഓർമപ്പെടുത്തൽ. ലിയോ ട്രംപിന്‍റെ ഏറ്റവും വലിയ എതിരാളി ആയിരിക്കില്ല. എന്നാൽ പ്രസിഡന്‍റിന്‍റെ അനുയായികൾ ആഗ്രഹിക്കുംപോലെ നിശബ്ദ കാഴ്ചക്കാരനുമല്ല. ഇറാനെതിരായ അമേരിക്കൻ‐ഇസ്രയേൽ സംയുക്ത ആക്രമണങ്ങളെ ലിയോ രൂക്ഷമായി വിമർശിക്കുകയും യുദ്ധത്തെ യുക്തിസഹമാക്കാൻ മതപരമായ ഭാഷ ഉപയോഗിച്ചതിന് ലോക നേതാക്കളെ ശാസിക്കുകയും ചെയ്തതിനെ തുടർന്ന് ദൈവശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന പ്രസ്താവനയെ തുടർന്ന്‌ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോടുള്ള എതിർപ്പ് രൂക്ഷമാക്കുകയുമുണ്ടായി. വിശ്വാസത്തിന്‍റെ കണ്ണുകളോടെ യുക്തിയുടെ വ്യക്തതയോടെ നിഗൂഢതയോടുള്ള തുറന്ന മനസ്സോടെ ദരിദ്രരുടെയും ഭൂമിയുടെയും നിലവിളികൾ ഹൃദയത്തിൽ മുഴക്കിക്കൊണ്ട് മറ്റൊരു വലിയ പരിവർത്തനത്തെ നോക്കാൻ താൻ നിയോഗിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അന്നത്തെ പ്രയോഗം.

നിർമിത നിർമിതബുദ്ധി യുഗത്തിൽ
സഭയുടെ സാമൂഹിക പ്രബോധനം

2026 മെയ് 15-ന് ഒപ്പുവച്ച്‌ മെയ് 25 ന് പ്രസിദ്ധീകരിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ് (മനോഹരമായ മാനവികത)നിർമിത ബുദ്ധി(എഐ)യുടെ യുഗത്തിൽ സഭയുടെ സാമൂഹിക പ്രബോധനങ്ങളാണ്‌ വിവരിച്ചത്‌. കത്തോലിക്കാസഭയിലെ ചാക്രികലേഖനം എന്നത് പോപ്പ് സഭയ്ക്ക് എഴുതുന്ന കത്താണ്, പലപ്പോഴും ധാർമികതയെയും സാമൂഹിക പ്രശ്നങ്ങളെയും സംബന്ധിച്ച കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നു. സാങ്കേതികവിദ്യയാൽ മനുഷ്യരാശിയെ സേവിക്കാൻ ആഹ്വാനം ചെയ്യുകയും അതിന്‍റെ അനിയന്ത്രിത നിയന്ത്രണത്തിനെതിരെ മുന്നറിയിപ്പ് നൽകുകയുമുണ്ടായി ലിയോ. അത് ലിയോ പതിമൂന്നാമൻ പോപ്പ് 1891-ൽ എഴുതിയ "റെറം നൊവാരം’ ( rerum novarum ) ചാക്രികലേഖന പ്രഖ്യാപനത്തിന്‍റെ 135-‐ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രസിദ്ധീകരിച്ചത്. തൊഴിലാളികളുടെ അവകാശങ്ങൾ, ന്യായ വേതനം, സ്വകാര്യ സ്വത്തവകാശം എന്നിവയെക്കുറിച്ചുള്ള വിശാലമായ കാഴ്‌ചപ്പാട്‌. മറ്റൊരു വ്യാവസായിക വിപ്ലവത്തിനും നിർമിത ബുദ്ധി മേഖലയിലെ വികസനങ്ങൾക്കും മറുപടിയായി സഭയുടെ സാമൂഹിക പഠിപ്പിക്കലുകൾ വാഗ്ദാനം ചെയ്യുമെന്ന് ലിയോ പതിനാലാമൻ കർദ്ദിനാൾമാരോട് പറഞ്ഞു. എ ഐ ഉയർത്തുന്ന ധാർമികവും സാമൂഹികവും ആത്മീയവുമായ വെല്ലുവിളികളെ രേഖ നേരിട്ട് അഭിസംബോധന ചെയ്‌തു. മനുഷ്യാന്തസ്സ് സംരക്ഷിക്കാൻ അധികാരത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനോ കേന്ദ്രീകരിക്കുന്നതിനോ രൂപകൽപ്പന ചെയ്ത അൽഗോരിതങ്ങൾക്കെതിരെ പോപ്പ് മുന്നറിയിപ്പ് നൽകുന്നു. സാങ്കേതിക യുക്തിയോ കോർപ്പറേറ്റ് താൽപ്പര്യങ്ങളോ മാത്രം നയിക്കപ്പെടുന്നത് തടയാൻ എഐയെ നിരായുധീകരിക്കാനായി ആഹ്വാനം. മനുഷ്യാധ്വാനത്തിന്‍റെ വൻതോതിലുള്ള സ്ഥാനചലനത്തെക്കുറിച്ച് അഭിസംബോധന ചെയ്‌ത ചാക്രികലേഖനം തൊഴിലാളികളുടെ സംരക്ഷണത്തിനും മനുഷ്യകേന്ദ്രീകൃത സാങ്കേതിക വികസനത്തിനും വാദിക്കുന്നു. ഹ്രസ്വകാല വിപണി താൽപ്പര്യങ്ങളെക്കാൾ പങ്കിട്ട വിവേചനാധികാരം, സ്വതന്ത്ര മേൽനോട്ടം, വ്യക്തമായ നിയമ ചട്ടക്കൂടുകൾ എന്നിവയ്ക്ക് മുൻഗണന നൽകാൻ രാഷ്ട്രീയക്കാരോടും സാങ്കേതിക മേധാവികളോടും ആവശ്യപ്പെടുകയുമാണ്‌. റെറം നൊവാരം മുതൽ സെന്‍റിസിമസ് അന്നസ് , ലൗഡാറ്റോ സി വരെയുള്ള പാരമ്പര്യത്തിനുള്ളിൽ മനുഷ്യാന്തസ്‌, അധ്വാനം, പൊതുനന്മ എന്നിവയുടെ പുതിയ ചോദ്യങ്ങൾക്ക് രൂപംനൽകി, നിർമിത ബുദ്ധിയുടെ വെളിച്ചത്തിൽ സഭയുടെ സാമൂഹിക പ്രബോധനത്തെ വികസിപ്പിക്കുന്നതാണ് ചാക്രികലേഖനം. ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ നിർമിത ബുദ്ധിയുടെ ഉപയോഗത്തിലും പ്രത്യാഘാതങ്ങളിലും ബോധവൽക്കരിക്കുന്നതിന്‍റെ അർഥമെന്താണെന്ന് പുനർവിചിന്തനം ചെയ്യാൻ ആഹ്വാനം നൽകിയ പാപ്പ ഊന്നിയ അഞ്ച്‌ സുപ്രധാന കാര്യങ്ങൾ ഇവയാണ്‌:1. മനുഷ്യബുദ്ധി നിർമിത ബുദ്ധിയെക്കാൾ അളക്കാനാവാത്തവിധം മികച്ചതാണ്. 2. സഭ സാങ്കേതിക മാതൃകയെ വെല്ലുവിളിക്കണം.3. സ്നേഹത്തിന്‍റെ സംസ്കാരം (അധികാരത്തിന്റേതല്ല) കെട്ടിപ്പടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. 4. സാങ്കേതികവിദ്യയുടെ ഉപയോഗം തത്വാധിഷ്ഠിതമായിരിക്കണം. 5. ദൈവവുമായുള്ള ആഴമേറിയ കൂട്ടായ്മയ്ക്കായി പരിമിതികളെ എങ്ങനെ സ്വീകരിക്കാമെന്ന് യേശുവിന്‍റെ ജീവിതം കാണിച്ചുതരുന്നു. 

നമ്മുടെ കാലത്തെ വെല്ലുവിളികൾ വ്യക്തതയോടും ഉത്തരവാദിത്തത്തോടും ഏറ്റെടുക്കേണ്ടത് നമ്മുടെ കടമയാണ്. നീതി സംരക്ഷിക്കുന്നതിനും സാങ്കേതിക ശക്തിയുടെ വികല ഫലങ്ങൾ ഉൾക്കൊള്ളുന്നതിനും കഴിവുള്ള ഉചിത നിയന്ത്രണ ഉപകരണങ്ങൾ സ്വീകരിക്കേണ്ടത് അവശ്യം

ബാബേല്‍ ഗോപുരം

ദൈവവും മനുഷ്യരും ഒരുമിച്ച് വസിക്കുന്ന   പട്ടണം നിർമിക്കുക

ബൈബിൾ കഥയെ അടിസ്ഥാനമാക്കി നിർമിത ബുദ്ധി ഉപയോഗിച്ച് മനുഷ്യവർഗം "ബാബേൽ ഗോപുരം’ പണിയാൻ സാധ്യതയുണ്ടെന്ന് പോപ്പ് മുന്നറിയിപ്പ് നൽകി. അത് ഒരൊറ്റ ശക്തിയും ഒരു ഭാഷയും ഉപയോഗിച്ച് ആളുകൾക്ക് ഒരു പേര് ഉണ്ടാക്കാനുള്ള ശ്രമമാണ്‌. ആധിപത്യം സ്ഥാപിക്കുകയും ഒടുവിൽ മനുഷ്യത്വരഹിതമാക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരായ മുന്നറിയിപ്പാണ് ആ കഥയെന്നും ഊന്നി. ദൈവം സൃഷ്ടിച്ച മഹത്തായ മനുഷ്യത്വം ഇന്ന് നിർണായക തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു: പുതിയ ബാബേൽ ഗോപുരം പണിയുക അല്ലെങ്കിൽ ദൈവവും മനുഷ്യരും ഒരുമിച്ച് വസിക്കുന്ന പട്ടണം നിർമിക്കുക. ഓരോ തലമുറയും സ്വന്തം കാലത്തെ രൂപപ്പെടുത്തുകയെന്ന ദൗത്യം അവകാശമായി സ്വീകരിക്കുന്നു: ഓരോ വ്യക്തിയുടെയും അന്തസ്‌ സംരക്ഷിക്കപ്പെടുകയും നീതി പ്രോത്സാഹിപ്പിക്കപ്പെടുകയും സാഹോദര്യം സാധ്യമാക്കപ്പെടുകയും ചെയ്യുന്ന ഇടമായി ചരിത്രത്തെ പക്വതയിലേക്ക് കൊണ്ടുവരിക. എന്നാൽ ഓരോ യുഗത്തിലും മനുഷ്യത്വരഹിതവും കൂടുതൽ അന്യായവുമായ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള അപകടസാധ്യതയുണ്ട്. മനുഷ്യത്വം അതിന്‍റെ മുഖം നഷ്ടപ്പെടാൻ ഇടയുള്ളിടത്ത്, അവതാരമായ വചനത്തിന്‍റെ രഹസ്യത്തിലേ മനുഷ്യരഹസ്യം വ്യക്തമാവൂവെന്ന് അറിഞ്ഞ്‌ ക്രിസ്ത്യാനികൾ മാംസമായി മാറിയ ദൈവത്തിലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്തുന്നു. യേശുവിൽ ഈ മഹത്തായ മനുഷ്യത്വം വഴിയും സത്യവും ജീവിതവും കണ്ടെത്താനാവും, നാമോരുത്തർക്കും പൂർണതയിലേക്ക് വളരാനുള്ള വഴിതുറക്കുന്നു. 1891-ൽ ലിയോ പതിമൂന്നാമൻ എൻസൈക്ലിക്കൽ റെറം നോവാരം പ്രസിദ്ധീകരിച്ചതിന്‍റെ 135-‐ാം വാർഷികം ഇക്കൊല്ലം അഗാധമായ നന്ദിയോടെ ആഘോഷിക്കുകയാണ്‌. ആ രേഖയിലൂടെ എന്‍റെ പ്രിയപ്പെട്ട മുൻഗാമി ഇന്ന് നമ്മൾ സഭയുടെ സിദ്ധാന്തമെന്ന് വിളിക്കുന്ന സമൂഹം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള ചിന്തയ്ക്ക് പ്രചോദനം നൽകി. ലൗകിക കാര്യങ്ങളിൽ സഭ ഊർജം പാഴാക്കരുതെന്നും നിത്യജീവന്‍റെ സന്ദേശം അറിയിക്കുന്നതിൽ ശ്രദ്ധാലുവായിരിക്കണമെന്നും ചിലർ പറത്തപ്പോൾ ജനങ്ങളുടെ മൂർത്ത ജീവിതത്തെ മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം യാഥാർഥ്യബോധത്തോടും ജ്ഞാനത്തോടും പ്രതികരിച്ചു. ശേഷം ഒട്ടേറെ ദശാബ്ദങ്ങൾ കടന്നുപോയി, മജിസ്റ്റീരിയം, പാസ്റ്റർമാർ, ദൈവശാസ്ത്രജ്ഞർ, വിശ്വാസികൾ എന്നിവർ സുവിശേഷത്തിന്‍റെ വെളിച്ചത്തിൽ സാമൂഹിക വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് തുടർന്നു. ഇന്ന് സഭയുടെ സാമൂഹിക സിദ്ധാന്തം ജ്ഞാനത്തിന്‍റെ പൈതൃകമാണ്, അതിൽ ചിന്തയ്ക്കുള്ള തത്വങ്ങൾ, വിവേചനത്തിനും വിധിക്കലിനുമുള്ള മാനദണ്ഡങ്ങൾ, പ്രവർത്തനത്തിനുള്ള മൂർത്ത മാർഗനിർദ്ദേശങ്ങൾ എന്നിവ കണ്ടെത്താം. വിശുദ്ധ തിരുവെഴുത്തുകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ അത്, ശാസ്ത്രങ്ങളുമായുള്ള സംവാദത്തിലൂടെ വർത്തമാനകാല വെല്ലുവിളികളെ വ്യക്തമായി വായിക്കാൻ സഹായിക്കും, സന്തോഷത്തോടെ ലോകസേവനത്തിലും വ്യക്തമായ ക്രിസ്തീയ സാക്ഷ്യം വഹിക്കുന്നതിനുള്ള അനുയോജ്യ വഴികൾ തിരിച്ചറിയും. ഇത് സ്ഥിരമായ ആശയങ്ങളുടെ കൂട്ടമല്ല, മറിച്ച് സമ്പൂർണവും നീതിയുക്തവുമായ ജീവിതത്തിലേക്കുള്ള മനുഷ്യരാശിയുടെ വിളിയെ സംരക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന സത്യങ്ങളുടെ ജീവസ്സുള്ള ശേഖരമാണ്. അതിനാൽ ആ പാരമ്പര്യത്തോട് സൃഷ്ടി മുതൽ ലോകത്ത് വസിച്ചിരുന്ന ജ്ഞാനത്തിന്‍റെ ആത്മാവിന്‍റെ സഹായം അഭ്യർത്ഥിച്ച്‌ എന്‍റെ ശബ്ദം ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ലിയോ പാപ്പ കുറിച്ചു. 

സാങ്കേതികവിദ്യയിലെ പുരോഗതി            വ്യാഖ്യാനിക്കാനുള്ള ജ്ഞാനം

ലിയോ പതിമൂന്നാമൻ റെറം നൊവാരം എന്ന് പറഞ്ഞിരുന്നത്‌ ഇന്ന് അദ്ദേഹത്തിന്‍റെ വിലപ്പെട്ട പഠിപ്പിക്കലുകൾ ആവർത്തിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കാൻ കഴിയില്ല, മറിച്ച് പുതിയ കാലത്തെ മഹത്തായ പ്രവണതകളെ പ്രത്യേകിച്ച് സാങ്കേതികവിദ്യയിലെ പുരോഗതിയെ വ്യാഖ്യാനിക്കാനുള്ള ജ്ഞാനത്തിന്‌ ദൈവത്തോട് അപേക്ഷിക്കണം. സമീപ വർഷങ്ങളിൽ ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ് എന്നിവ ലോകത്തെ എത്ര വേഗത്തിലും ആഴത്തിലും പരിവർത്തനം ചെയ്യുന്നുവെന്ന് കൂടുതൽ വ്യക്തമായി. സാങ്കേതികവിദ്യയെ വ്യക്തിയെ സംബന്ധിച്ച്‌ വിരുദ്ധ ശക്തിയായി കണക്കാക്കരുത്; മറിച്ച്, തുടക്കം മുതൽ ചരിത്രത്തിൽ വേരൂന്നിയതാണത്‌. കാരണം അത് മനുഷ്യ സ്വയംഭരണവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ആഴത്തിലുള്ള വസ്തുതയാണ്. നൂറ്റാണ്ടുകളായി സാങ്കേതിക വികസനം മനുഷ്യരാശിയുടെ സാഹചര്യങ്ങളിൽ ഗണ്യമായ പുരോഗതിക്ക് കാരണമായിട്ടുണ്ട്; അതേസമയം അതിന്‍റെ ഓരോ ഘട്ടവും നന്മയിലേക്ക് നയിക്കാത്തപ്പോൾ ദോഷംവരുത്താൻ കഴിവുള്ള ഉപകരണങ്ങളുടെ അവ്യക്തമായ വശം വെളിപ്പെടുത്തി. എന്നാലും പുതിയ സാഹചര്യങ്ങൾ അഭിമുഖീകരിക്കുകയാണിന്ന്‌, അതിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ശക്തിയും സർവവ്യാപിത്വവും ദൈനംദിന ഘടനയിൽ ഇഴചേർന്നിരിക്കുന്നു, തീരുമാനമെടുക്കൽ പ്രക്രിയകളെ രൂപപ്പെടുത്തുകയും കൂട്ടായ ഭാവനയെ ആഴത്തിൽ സ്വാധീനിക്കുകയുമാണ്‌. മനുഷ്യരാശിക്ക് ഒരിക്കലും സ്വയം ഇത്രയധികം അധികാരം ഉണ്ടായിരുന്നിട്ടില്ല. പുതിയ സാങ്കേതികവിദ്യകൾ അവബോധജന്യമാണെങ്കിലും ഇതുവരെ പൂർണമായി പ്രവചിക്കാൻ സാധിക്കാത്ത ദിശകളിലേക്ക് വ്യാപിക്കുന്ന ചക്രവാളം തുറക്കുന്നു. അത് വ്യക്തികളുടെ അന്തസിലും പൊതുനന്മയിലും അവയുടെ സ്വാധീനവും ദീർഘകാല പ്രത്യാഘാതങ്ങളും വിലയിരുത്തുന്നത് കൂടുതൽ സങ്കീർണമാക്കും.
നമ്മുടെ കാലത്തെ വെല്ലുവിളികൾ വ്യക്തതയോടും ഉത്തരവാദിത്തത്തോടും ഏറ്റെടുക്കേണ്ടത് നമ്മുടെ കടമയാണ്. നീതി സംരക്ഷിക്കുന്നതിനും സാങ്കേതിക ശക്തിയുടെ വികല ഫലങ്ങൾ ഉൾക്കൊള്ളുന്നതിനും കഴിവുള്ള ഉചിത നിയന്ത്രണ ഉപകരണങ്ങൾ സ്വീകരിക്കേണ്ടത് അവശ്യം. പക്ഷേ പ്രശ്നം നിയന്ത്രണത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞപോലെ ആണവോർജം, ബയോടെക്നോളജി, വിവരസാങ്കേതികവിദ്യ, സ്വന്തം ഡിഎൻഎയെക്കുറിച്ചുള്ള അറിവ്, നേടിയ മറ്റ് കഴിവുകൾ, അറിവുള്ളവർക്ക് എല്ലാറ്റിനുമുപരി അത് ചൂഷണം ചെയ്യാനുള്ള സാമ്പത്തിക ശക്തി, മനുഷ്യരാശിയുടെയും ലോകത്തിന്‍റെയും മേൽ ശ്രദ്ധേയമായ ആധിപത്യം നൽകുന്നുവെന്ന വസ്തുത അവഗണിക്കാനാവില്ല. മുൻകാലങ്ങളിൽ പ്രധാനമായും സർക്കാരുകളായിരുന്നു നവീകരണത്തെ നയിച്ചത്‌. ഇന്ന് വികസനത്തിന്‍റെ പ്രധാന ചാലകശക്തികൾ സ്വകാര്യ അഭിനേതാക്കളാണ്, പലപ്പോഴും അന്തർദേശീയം; പല ഗവൺമെന്റുകളെക്കാളും വലിയ വിഭവങ്ങളും പ്രവർത്തന ശേഷിയുമുണ്ട്‌. അങ്ങനെ സാങ്കേതിക ശക്തി അഭൂതപൂർവമായ മുഖം കൈക്കൊള്ളുന്നു. പ്രധാനമായും സ്വകാര്യം അതിനാൽ പൊതുനന്മയ്ക്കായി തിരിച്ചറിയാനും ഭരിക്കാനും നയിക്കാനും കൂടുതൽ ബുദ്ധിമുട്ടാണ്. ഇക്കാരണങ്ങളാൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങളുടെ ആത്മീയവും സാംസ്കാരികവുമായ വേരുകൾ ആഴത്തിലാക്കാൻ കഴിവുള്ള പങ്കിട്ട വിവേചനത്തിന് തുടക്കമിടേണ്ടത് അനിവാര്യം. ഏവർക്കും തഴച്ചുവളരാൻ കഴിയുന്ന ലോകം കെട്ടിപ്പടുക്കുന്നതിന് ധീരമായ സഹ-ഉത്തരവാദിത്തം ആവശ്യമാണ്. ലോകം നേരിടുന്ന വെല്ലുവിളികളുടെ ഭാരം വഹിക്കാൻ ഒരു കൈയും പര്യാപ്തമല്ല. ഓരോന്നിനും അതിന്‍റേതായ മതിലിന്‍റെ ഭാഗമുണ്ട്: ശാസ്ത്രജ്ഞരും ഗവേഷകരും സംരംഭകരും തൊഴിലാളികളും അധ്യാപകരും നിയമനിർമാതാക്കളും സിവിൽ സമൂഹവും ജനകീയ പ്രസ്ഥാനങ്ങളും വിശ്വാസ സമൂഹങ്ങളും. പിരിമുറുക്കങ്ങളും വ്യത്യാസങ്ങളും ഭയപ്പെടുത്തുന്നതായിരിക്കരുത്; പങ്കിട്ട ഉത്തരവാദിത്തത്താൽ നയിക്കപ്പെടുമ്പോൾ അവ സൃഷ്ടിപരമായ ഊർജമായി മാറും. 1931- ൽ റെറം നൊവാരത്തിന്‍റെ 40-‐ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പയസ് പതിനൊന്നാമൻ എഴുതിയ ‘'ദി എൻസൈക്ലിക്കൽ ക്വാഡ്രഗെസിമോ ആനോ' ചാക്രിക കൃതി വലിയ ലോക സാമ്പത്തിക പ്രതിസന്ധിയുടെ മൂർധന്യാവസ്ഥയിലും സോഷ്യൽ മജിസ്റ്റീരിയത്തിന്‍റെ വികസനത്തിൽ പുതിയ ചുവടുവയ്പ്പ് നടത്തി. തൊഴിലാളികളുടെ പ്രശ്നം ഏറ്റെടുക്കുന്നതിൽ അദ്ദേഹം സ്വയം പരിമിതപ്പെടുത്തിയില്ല, മറിച്ച് സാമ്പത്തിക, രാഷ്ട്രീയ ക്രമത്തിന്‍റെ പൊതുക്രമീകരണത്തിലേക്ക് നോട്ടം നീട്ടി. ചുരുക്കം ചിലരുടെ കൈകളിലെ സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണത്തെ അപലപിച്ചു; വ്യക്തികളുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഇല്ലാതാക്കുന്ന അനിയന്ത്രിതമായ മത്സരത്തെയും കൂട്ടായ പദ്ധതികളെയും വിമർശിക്കുകയും ചെയ്‌തു. തൊഴിലാളികളുടെ സഹവാസത്തിനുള്ള അവകാശത്തെ ശക്തമായി ഓർമിപ്പിച്ചു; പുതിയ അധികാര കേന്ദ്രീകരണങ്ങൾ ഒഴിവാക്കി സഹവർത്തിത്വത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താൻ ക്ഷണിക്കുന്ന സബ്സിഡിയറിറ്റി തത്വത്തിന്‍റെ മൂല്യം, ജോലിയുടെ അന്തസ്‌, ന്യായ പ്രതിഫലം, കുടുംബങ്ങൾക്ക് മാന്യമായ ജീവിതം നയിക്കാനുള്ള യഥാർത്ഥ സാധ്യത എന്നിവ തമ്മിലുള്ള ബന്ധം. 

സ്ത്രീകൾ പോലുള്ള വലിയ വിഭാഗത്തിന്‍റെ  അവകാശങ്ങളിൽ ഒരുപാട് ദൂരം പോകണം

ഓരോ മനുഷ്യന്‍റെയും അവന്‍റെ അല്ലെങ്കിൽ അവളുടെ അവകാശങ്ങളുടെയും മൂല്യത്തെക്കുറിച്ചുള്ള അവബോധം വർധിക്കുന്നതിനൊപ്പം ന്യൂനപക്ഷാവകാശങ്ങളുടെ അംഗീകാരവും വളർന്നിട്ടുണ്ട്. എന്നിരുന്നാലും ലോകമെമ്പാടും സ്ത്രീകൾ പോലുള്ള വലിയ വിഭാഗത്തിന്‍റെ അവകാശങ്ങൾ യഥാർഥത്തിൽ ഉറപ്പുനൽകുന്നതിന് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. സ്ത്രീകളെ ഒഴിവാക്കൽ, മോശം പെരുമാറ്റം, അക്രമം എന്നിവയുടെ സാഹചര്യങ്ങൾ അനുഭവിക്കുമ്പോൾ ഇരട്ടി ദരിദ്രരാവുന്നു, കാരണം അവർക്ക് പലപ്പോഴും അവകാശങ്ങൾ സംരക്ഷിക്കാനുള്ള സാധ്യത കുറവാണ്. അതിനാൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ അന്തസ്സും ഒരേ അവകാശങ്ങളും ഉണ്ടെന്ന് വാക്കുകളിൽ സ്ഥിരീകരിക്കാൻ പര്യാപ്തമല്ല; മൂർത്തമായ തീരുമാനങ്ങളിലേക്കും നിയമങ്ങളിലേക്കും ജോലിയിലേക്കും വിദ്യാഭ്യാസത്തിലേക്കും സാമൂഹിക‐രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിലേക്കും സമൂഹം സ്ത്രീകളുടെ സംഭാവനകളെ ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുന്ന രീതിയിലേക്ക് വിവർത്തനം ചെയ്യണം. അസമത്വം നിലനിൽക്കുന്നിടത്തോളം സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ മാന്യതയുണ്ടെന്ന് സമൂഹം യഥാർഥമായും ആഴത്തിലും അംഗീകരിക്കുന്നുവെന്ന് പറയാൻ കഴിയില്ല. ആഗോള രാഷ്ട്രീയത്തിന്‍റെ കാര്യം സംബന്ധിച്ചും സൂചിപ്പിക്കേണ്ടതുണ്ട്‌. ജനങ്ങൾ തമ്മിലെ അകലം ഏറുന്നതിനനുസരിച്ച് ഏറ്റുമുട്ടലിന്‍റെയും ആക്രമണത്തിന്‍റെയും യുക്തി കൂടുതൽ ശക്തി പ്രാപിക്കുന്നു, ആഴത്തിലുള്ള ഐക്യവും സാഹോദര്യപരവുമായ ലോകത്തിലേക്കുള്ള ദുഷ്‌കരമായ യാത്ര പുതിയതും വേദനാജനകവുമായ തിരിച്ചടികൾ നേരിടുന്നുണ്ട്‌. ഈ സാഹചര്യത്തിൽ മുഴുവൻ മനുഷ്യകുടുംബത്തിനും കൂടുതൽ നീതിയുക്തമായ വികസനത്തിലേക്കുള്ള പങ്കിട്ട പാതയെക്കുറിച്ച് സംസാരിക്കുന്നത് വിഭ്രാന്തി പോലെ തോന്നും. എന്നാൽ പ്രതീക്ഷ നഷ്ടപ്പെടുത്താൻ കഴിയില്ല. ജനങ്ങളുടെയും രാജ്യങ്ങളുടെയും നിയമാനുസൃത ബഹുസ്വരത ഇല്ലാതാക്കാതെ ആഗോള പൊതുനന്മയ്ക്കായി നിലകൊള്ളാൻ കഴിവുള്ള കൂടുതൽ ഫലപ്രദമായ സഹകരണ രൂപങ്ങളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും കുറിച്ച് ചിന്തിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. വാസ്തവത്തിൽ പൊതുനന്മയുടെ ഉന്നമനത്തെ ഒരിക്കലും ജനങ്ങളുടെ നിലനിൽപ്പിനും സ്വന്തം വ്യക്തിത്വം സംരക്ഷിക്കുന്നതിനും രാഷ്ട്രങ്ങളുടെ കുടുംബത്തിന് അവരുടെ സ്വന്തം പ്രത്യേകത സംഭാവന ചെയ്യുന്നതിനുമുള്ള അവകാശത്തോടുള്ള ബഹുമാനത്തിൽ നിന്ന് വേർതിരിക്കാനാവില്ല. ഒരു രാഷ്ട്രത്തെ ഇല്ലാതാക്കാനോ കീഴ്പ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും പദ്ധതിയും അങ്ങേയറ്റം അധാർമികവും അതിനാൽ അസ്വീകാര്യവുമാണ്.
പൊതുജന അർഹതകളെയും മൗലികാവകാശങ്ങളെയും സ്പർശിക്കുമ്പോൾ എഐയുടെ ഉപയോഗം വ്യക്തമായ മാനദണ്ഡങ്ങളാലും ഫലപ്രദമായ മേൽനോട്ടത്താലും നയിക്കപ്പെടേണ്ടത് അത്യാവശ്യമാണ്‌. ഡാറ്റയുടെ ഉടമാവകാശം സ്വകാര്യ വ്യക്തികൾക്ക് മാത്രം വിട്ടുകൊടുക്കാൻ കഴിയില്ല, അത് ഉചിതമായി നിയന്ത്രിക്കപ്പെടണം. ഡിജിറ്റൽ വിപ്ലവം സംഘർഷത്തിന്‍റെ സ്വഭാവം മാറ്റുകയാണ്. പരമ്പരാഗത യുദ്ധങ്ങൾക്കൊപ്പം സൈബർ ആക്രമണങ്ങൾ, വിവര കൃത്രിമത്വം, സ്വാധീന പ്രചാരണങ്ങൾ, തന്ത്രപരമായ തീരുമാനങ്ങളുടെ ഓട്ടോമേഷൻ തുടങ്ങിയ സങ്കര രൂപങ്ങളുണ്ട്. പ്രതിരോധത്തിനായി സൃഷ്ടിക്കപ്പെട്ടത് ആക്രമണത്തിനായി വേഗത്തിൽ പുനർനിർമിക്കാൻ കഴിയും, സംരക്ഷണത്തിനും ആക്രമണത്തിനും ഇടയിലെ സൂക്ഷ്മരേഖ മങ്ങുന്നു. എഐക്ക് സിവിലിയന്മാരുടെ പ്രതിരോധവും സംരക്ഷണവും വർധിപ്പിക്കാൻ കഴിയുമെങ്കിലും ബലപ്രയോഗത്തിനുള്ള പരിധി കുറയ്ക്കാനും ഉത്തരവാദിത്തത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കാനും ശത്രുവിനെ സ്ഥിതിവിവരക്കണക്കായും ഇരയെ കൊളാറ്ററൽ നാശനഷ്ടമായും ചുരുക്കുന്ന സംസ്കാരം വളർത്തിയെടുക്കാനും കഴിയും. നമ്മുടെ കാലത്ത് അധികാര സംസ്കാരം പിടിമുറുക്കിയിരിക്കുന്നു. അതിൽ വിഭവങ്ങളുടെ ലഭ്യതയും ആധിപത്യം സ്ഥാപിക്കാനുള്ള കഴിവുമാണ് തീരുമാനമെടുക്കുന്നതിനുള്ള അജണ്ടയും മാനദണ്ഡങ്ങയും നിർണയിക്കുക. ഈ അധികാര സംസ്കാരം സമൂഹത്തിലേക്ക് നുഴഞ്ഞുകയറി ബന്ധങ്ങളും പെരുമാറ്റങ്ങളും മാറ്റും. യുദ്ധം സാധാരണവൽക്കരിച്ചും കൂടുതൽ സൈനിക ശക്തി പിന്തുടർന്നും ബഹുരാഷ്ട്രവാദത്തിന്‍റെ പ്രതിസന്ധി മുതലെടുത്തും മറ്റൊരു ബദലില്ലെന്ന് വാദിക്കുന്ന തെറ്റായ യാഥാർഥ്യത്തിന് ഇന്ധനം നൽകിയും വളരുന്നു. ഇന്ന് പൊതുചർച്ചകളിലും പുനഃസജ്ജീകരണത്തെക്കുറിച്ചുള്ള തീരുമാനങ്ങളിലും മാതൃകാപരമായ യഥാർഥ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്‌, അന്താരാഷ്ട്രീയ കാഴ്‌ചപ്പാടിന്‍റെ ഉപകരണമായി യുദ്ധം അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ മുമ്പ് അതിന്‍റെ ഉപയോഗം പരിമിതപ്പെടുത്തിയിരുന്ന ധാർമിക തത്വങ്ങൾ തന്നെ ഇല്ലാതാകുകയാണ്.

രാഷ്ട്രീയ ഭൂപ്രകൃതിയെ നിർവചിക്കുന്ന  മിലിട്ടറി ഇൻഡസ്‌ട്രിയൽ കോംപ്ലക്‌സ്‌

സൈനിക-‐വ്യാവസായികസമുച്ചയ(മിലിട്ടറി ഇൻഡസ്‌ട്രിയൽ കോംപ്ലക്‌സിന്‍റെ) ത്തിന്‍റെ വളർച്ച നിലവിലെ രാഷ്ട്രീയ ഭൂപ്രകൃതിയെ നിർവചിക്കുന്ന സവിശേഷതയായി മാറിയിരിക്കുന്നു. സാമ്പത്തിക താൽപ്പര്യങ്ങൾ, സൈനികോപകരണം, രാഷ്ട്രീയ തീരുമാനങ്ങൾ എന്നിവ തമ്മിലെ അടുത്ത ബന്ധം സായുധ രാഷ്ട്രം സൃഷ്ടിക്കുകയാണ്‌. അതിൽ യുദ്ധം രാഷ്ട്രീയത്തിന്‍റെ സ്വാഭാവിക വിപുലീകരണമായി കാണപ്പെടുന്നു. ആയുധ വിപണി സൈനിക തീരുമാനങ്ങൾക്ക് പിന്നിലെ സ്വയംഭരണ പ്രേരകശക്തിയായി മാറിയിട്ടുമുണ്ട്‌. യുദ്ധത്തിൽ എഐയുടെ വികസനവും ഉപയോഗവും ഏറ്റവും കർശന ധാർമിക നിയന്ത്രണങ്ങൾക്ക് വിധേയമാക്കണം. മാരകമായതോ മറ്റുവിധത്തിൽ മാറ്റാനാവാത്തതോ ആയ തീരുമാനങ്ങൾ കൃത്രിമ സംവിധാനങ്ങളെ ഏൽപ്പിക്കുന്നത് അനുവദനീയമല്ല. ജനാധിപത്യം നിയമങ്ങളും നടപടിക്രമങ്ങളും മാത്രമല്ല, എല്ലാറ്റിനുമുപരി വസ്തുതകളുമായുള്ള ഉറച്ച പൊരുത്തപ്പെടുത്തലും വ്യക്തികളുടെയും സമൂഹത്തിന്‍റെയും മൊത്തത്തിലുള്ള നന്മയ്ക്കായുള്ള യഥാർഥ പ്രതിബദ്ധതയും ഉൾക്കൊള്ളണം. സത്യത്തോടുള്ള നിസംഗത പതുക്കെ എന്നാൽ തീർച്ചയായും ഏകാധിപത്യത്തിലേക്കുള്ള അധഃപതനത്തിലേക്ക് നയിക്കുന്നു. ശ്രദ്ധയും സമയവും ലാഭിക്കുന്ന ബിസിനസ്‌ മോഡലുകളുടെ സ്വാധീനം ചെറുക്കാൻ മാതാപിതാക്കൾക്കുതന്നെ ബുദ്ധിമുട്ടാണ്. അതിനാൽ നയരൂപീകരണക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ എന്നിവയ്‌ക്കിടയിൽ ഈ ദൗത്യത്തെ പിന്തുണയ്ക്കാൻ കഴിവുള്ള സഖ്യം രൂപീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഓട്ടോമേഷൻ, റോബോട്ടിക്സ്, എഐ എന്നിവയുടെ സംയോജനം ജോലിയുടെ ഘടനയെ അതിവേഗം പരിവർത്തനം ചെയ്യുകയാണ്. അത് ഏവർക്കും വലിയ പുരോഗതി കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. വാസ്തവത്തിൽ ജോലിയുടെ പുതിയ വഴികൾ മികച്ചതായിരിക്കണമെന്നില്ല. തൊഴിലവസരങ്ങളുടെ സംരക്ഷണവും വ്യക്തിയുടെ മാറ്റാനാകാത്ത പങ്കും പൊതുനിയമമായി തുടരണം. കൂടുതൽ ലാഭം നേടുന്നതിനുള്ള ശ്രമം വ്യവസ്ഥാപിതമായി ജോലികൾ ത്യജിക്കുന്ന തെരഞ്ഞെടുപ്പുകളെ ന്യായീകരിക്കാൻ കഴിയില്ല. എഐയുടെയും റോബോട്ടിക്സിന്‍റെയും യുഗത്തിൽ വിപണിയുടെ അദൃശ്യ കൈ മാത്രം ആശ്രയിക്കുന്നത് ഇനിയൊരിക്കലും സാധ്യമല്ല. പല സാമ്പത്തിക തീരുമാനങ്ങളും ദേശീയ അതിർത്തികൾ മറികടക്കുന്നതിനാൽ പൊതുവായ തന്ത്രങ്ങൾ നിർവചിക്കാൻ കഴിവുള്ള അന്താരാഷ്ട്ര സഹകരണത്തിന്‍റെ ആവശ്യകതയുമുണ്ട്, പ്രത്യേകിച്ച് ഏറ്റവും ദുർബലമായ രാജ്യങ്ങൾക്കും ജനങ്ങൾക്കും അനുകൂലമായി. 

ഏറെ പ്രതീക്ഷയാണ് നൽകുന്ന              "മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ 

ലിയോയുടെ ആദ്യ ചാക്രികലേഖനം "മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എഐയാണെന്ന് പ്രഖ്യാപിച്ചതു മുതൽ ഏറെ പ്രതീക്ഷയാണ് നൽകുന്നത്. യുദ്ധം നടത്തുന്ന രീതി നിർമിത ബുദ്ധി നാടകീയമായി മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മനുഷ്യന്‍റെ പരിധിക്കപ്പുറം പ്രവർത്തിക്കുന്ന സ്വയംഭരണ ആയുധ സംവിധാനങ്ങൾ ഉദ്ധരിച്ചു. ആരോഗ്യ സംരക്ഷണത്തിലേക്കും തൊഴിലിലേക്കും പ്രവേശനം തടയുന്ന അൽഗോരിതങ്ങളെക്കുറിച്ച്‌ പരാമർശിക്കുകയും ചെയ്‌തു. നിർമിത ബുദ്ധിയെ പേടിക്കേണ്ടതില്ല, മറിച്ച് മനുഷ്യന്‍റെ പ്രശ്‌നം നിരന്തരം മനസിൽ സൂക്ഷിക്കാം. ഏറ്റവും ശക്തമായ സാങ്കേതികോപകരണങ്ങളുടെ കാര്യത്തിൽ അശ്രദ്ധരായിരിക്കാൻ കഴിയില്ല. നിർമിത ബുദ്ധി മനുഷ്യവിരുദ്ധ ദർശനത്തെ സാധാരണവൽക്കരിക്കുകയെന്ന ഭീഷണിയുയർത്തുന്നുവെന്നും മുന്നറിയിപ്പ് നൽകിയ പോപ്പ്‌ പങ്കിട്ട ഭക്ഷണം, സമൂഹ ഒത്തുചേരലുകൾ, ഏകാന്തതയോടൊപ്പം ചെലവഴിക്കുന്ന സമയം തുടങ്ങിയ ദൈനംദിന ആചാരങ്ങളിലേക്ക് മടങ്ങിവരുന്നതിലൂടെ ബിഗ് ടെക്കിന്‍റെ അതിരുകടക്കലിനെ ചെറുക്കാൻ മനുഷ്യരാശിയോട് ആഹ്വാനവും ചെയ്തു. തന്‍റെ മാതൃഭാഷയായ ഇംഗ്ലീഷിൽ 42000 വാക്കുകൾ ഉൾക്കൊള്ളുന്ന 235 പേജുള്ള സന്മനസ്സുള്ള എല്ലാവർക്കുംവേണ്ടിയുള്ള തുറന്ന കത്തിൽ എഐയുടെ ഏറ്റവും വിനാശകരമായ ശക്തികളിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള വളർന്നുവരുന്ന ആഗോള പ്രസ്ഥാനത്തിന്‍റെ പൊതുമുഖമായി അദ്ദേഹം മാറി. സാങ്കേതികവിദ്യ അന്തർലീനമായി മനുഷ്യരാശിക്ക് വിരുദ്ധമല്ലെന്ന്‌ പോപ്പ് എഴുതി, പക്ഷേ സ്വയം സ്ഥിരീകരണത്തിനായുള്ള" ഓട്ടത്തിന് മനുഷ്യാന്തസ്‌ ചവിട്ടിമെതിക്കാൻ കഴിയരുതെന്ന്‌ ഓർമിപ്പിച്ചു.


Comments
* The email will not be published on the website.