പുട്ടുറുമീസ്സിന്‍റെഅമ്മ   മരിയ

ലേഖനം
അനിൽകുമാർ എ വി
 
 ഏഴു  ദശാബ്ദത്തിലേറെ      ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങൾക്ക്‌  ജീവൻനൽകി  ‍തെന്നിന്ത്യൻ   സിനിമയിലെ ഏറ്റവും ആദരിക്കപ്പെട്ട  തലമുതിർന്ന നടികളിലൊരാളായി  മാറിയ ശങ്കരമഞ്ചി ജാനകി എന്ന സൗക്കാർ ജാനകി  പ്രായാധിക്യത്താലുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്  ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ   ചികിത്സയിലിരിക്കെയാണ്‌   ലോകത്തോട്‌ വിടപറഞ്ഞത്‌;    2026  ആഗസ്‌ത്‌ 21 ന്‌ 94‐ാം  വയസ്സിൽ.ചലച്ചിത്ര രംഗത്തെത്തിയത്‌  1950 ൽ.   ആദ്യ സംരംഭം എഎൽവി  പ്രസാദ് സംവിധാനംചെയ്ത് വിജയ പ്രൊഡക്ഷൻസ് (1948)സ്ഥാപകൻ     ബി നാഗി റെഡ്ഡി,  ബിസിനസ്‌ പങ്കാളി ആളൂരി വെങ്കിട സുബ്ബറാവു (ചക്രപാണി)എന്നിവർ നിർമിച്ച്‌  ആ വർഷം ഏപ്രിൽ ഏഴിന്‌ റിലീസായ    തെലുങ്ക് ചിത്രം ഷാവുകരു.     ഇതിഹാസ താരം എൻ ടി  രാമറാവു  മുഖ്യ വേഷത്തിൽ    അരങ്ങേറ്റം കുറിച്ചുവെന്ന   നിലയിലും   ശ്രദ്ധേയം.  അതിലെ പ്രകടനത്തിനും പ്രശംസയ്ക്കും  വൻ വിജയത്തിനും ശേഷം    സൗക്കാർ ജാനകി എന്ന പ്രശസ്ത നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.     പ്രമുഖ  എഴുത്തുകാരൻ  ശരത് ചന്ദ്ര ചതോപാധ്യായ  1935 ൽ ആദ്യമായി പ്രസിദ്ധീകരിച്ച ക്ലാസിക് ബംഗാളി സാമൂഹിക നോവൽ   ബിപ്രദാസ്  അടിസ്ഥാനമാക്കി  എൽ വി പ്രസാദ്‌ ഒരുക്കിയ  മനദേശം (1949 നവംബർ 24)    ചിത്രത്തിലെ കൊച്ചു വേഷത്തിനുശേഷം എൻ‌ടി ആർ ആദ്യമായി   നായകനായി.   20‐ാം  നൂറ്റാണ്ടിന്‍റെ ആരംഭത്തിലെ ഗ്രാമീണ ബംഗാളാണ്‌  കഥാപരിസരം.  ശക്തമായ തത്വങ്ങൾക്കും  ഉറച്ച ദൃഢനിശ്ചയത്തിനും   യുക്തിസഹവുമായ മനോഭാവത്തിനും പേരുകേട്ട   ബിപ്രദാസിന്‍റെ ജീവിതമാണതിൽ.  പരമ്പരാഗത ഹിന്ദുമൂല്യങ്ങളും ആധുനിക‐പാശ്ചാത്യ സ്വാധീനമുള്ള പരിഷ്കരണവാദാശയങ്ങളുമായുള്ള ഏറ്റുമുട്ടലാണ്‌   കേന്ദ്ര പ്രമേയം. കഥയുടെ  വികാസമാവട്ടെ ധനിക പണമിടപാടുകാരൻ (ചങ്ങയ്യ)  അയൽക്കാരൻ (രാമയ്യ)‐   ഇരു  കുടുംബങ്ങൾ ചുറ്റിപ്പറ്റിയും.  പ്രാദേശിക തർക്കങ്ങൾ കാരണം അവർക്കിടയിലെ  ബന്ധം വഷളാവുകയാണ്‌.  ചങ്ങയ്യയുടെ മകൻ സത്യം (എൻ ടി ആർ) രാമയ്യയുടെ മകൾ സുബ്ബുലു (ജാനകി) യും തമ്മിലെ പ്രണയം പ്രതിസന്ധിയിലാവുന്നുമുണ്ട്‌.  തുടർന്ന്‌ ജാനകി തമിഴ്‌, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി നാനൂറിനടുത്ത്‌   സിനിമകളിലും മൂവായിരത്തിലധികം സ്റ്റേജ് നാടകങ്ങളിലും  വേഷമിട്ടു.    അതിൽ  കെ  ബാലചന്ദറിന്‍റെ രചനകളുടെ    മുന്നൂറിലേറെ രംഗാവതരണങ്ങൾ. 

  സിനിമയിലെ ഇടപെടലിനു മുമ്പ്‌   അദ്ദേഹം    സർഗാത്മക യാത്ര ആരംഭിച്ചത്   മികച്ച നാടകകൃത്തും   നാടക സംവിധായകനുമായാണ്. 1960 കളിൽ    തമിഴ് നാടകവേദിയെ യാഥാർഥ്യബോധമുള്ള മധ്യവർഗ പോരാട്ടങ്ങൾ, മൂർച്ചയുള്ള ബുദ്ധി, സങ്കീർണ  മനുഷ്യ വികാരങ്ങൾ എന്നിവ അവതരിപ്പിച്ച്‌  പുനർനിർവചിച്ചു.  മേജർ ചന്ദ്രകാന്ത്, സെർവർ സുന്ദരം, എധിർ നീച്ചൽ, നവഗ്രഹം  തുടങ്ങിയവ ഉജ്വല സാക്ഷ്യങ്ങൾ.  അന്ധനായ  വിരമിച്ച പട്ടാള മേജറെ മുൻനിർത്തിയുള്ള ശക്തമായ രചനയായ മേജർ ചന്ദ്രകാന്ത് പിന്നീട് പല ഭാഷകളിൽ വിജയകരമായ സിനിമകളായി രൂപാന്തരപ്പെട്ടു. വിശ്വസ്തനായ  ഹോട്ടൽ വെയിറ്ററെക്കുറിച്ചുള്ള ഹൃദയസ്പർശിയും നർമം  തുളുമ്പിയതുമായ സെർവർ സുന്ദരം  നാഗേഷ് നായകനും മുത്തുരാമൻ, കെ  ആർ   വിജയ, മേജർ സുന്ദർരാജൻ , എസ് എൻ  ലക്ഷ്മി, മനോരമ എന്നിവർ  സഹഅഭിനേതാക്കളുമായി ക്ലാസിക് ചലച്ചിത്രമായി മാറി(1964  ഡിസംബർ 11). സംവിധാനം കൃഷ്ണൻ- പഞ്ചു. തിരക്കേറിയ  വീട്ടിൽ വസിക്കാനെത്തിയ   സൗമ്യനായ   പേയിങ്‌  ഗസ്റ്റ്‌ നേരിട്ട ചൂഷണത്തെയും പോരാട്ടങ്ങളെയും സംബന്ധിച്ച   ആക്ഷേപഹാസ്യ കാഴ്ചയാണ്‌ എധിർ നീച്ചലിൽ. ഒമ്പത് വ്യത്യസ്ത കഥാപാത്രങ്ങൾ കേന്ദ്രീകരിച്ചുള്ള  ആകർഷകമായ കഥയും  അഭിനേതാക്കളുടെ വൈദഗ്ധ്യവും ബാലചന്ദറിന്‍റെ മൂർച്ചയുള്ള സംഭാഷണങ്ങളും പ്രദർശിപ്പിച്ചതാണ്‌ നവഗ്രഹം. നടൻ മാഗന്തി മുരളി മോഹന്‍റെ   രണ്ട് തെലുങ്ക് നാടകങ്ങളുമായി   തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ടാന)യ്‌ക്കുവേണ്ടി  ആ രാജ്യത്തുടനീളം  സഞ്ചരിക്കുകയുമുണ്ടായി ജാനകി.

തമിഴിലെ  അരങ്ങേറ്റം
 വളയപതിയിലൂടെ

 ടി ആർ  സുന്ദരവും   എം  മസ്താനും  സംവിധാനംചെയ്ത വളയപതി(1952 ഒക്ടോബർ 17) യിലൂടെയാണ്‌   ജാനകിയുടെ തമിഴിലെ  അരങ്ങേറ്റം. ജി  മുത്തുകൃഷ്ണൻ,   ടി എ  രാജലക്ഷ്മി, കെ കെ  പെരുമ  തുടങ്ങിയവർക്കൊപ്പം.  ആ ഭാഷയിൽ  ദുരന്തപൂർണമായ, കണ്ണുനീർ നിറഞ്ഞ വേഷങ്ങളിലൂടെയാണ് വ്യാപകമായി അറിയപ്പെടുന്നത്. എന്നിരുന്നാലും  വൈവിധ്യമാർന്ന പ്രകടനങ്ങളാൽ ഒട്ടേറെ   സിനിമകൾ വേറിട്ടുനിന്നു.  കന്നഡയിലെ  ആദ്യ ചിത്രം ദേവകന്നിക(ജി ആർ  റാവു‐ 1954-). ബി എസ്  രംഗ  ഒരുക്കിയ  പ്രഥമ  പാൻ-ഇന്ത്യൻ(കന്നഡ) ചിത്രം   മഹിഷാസുര മർദ്ദിനി(1959-ൽ)യിൽ ഡോ. രാജ്കുമാറിനൊപ്പം മത്സരിച്ച്‌ അഭിനയിച്ചത്‌   മുൻനിര പാൻ-ഇന്ത്യൻ നടിമാരിൽ ഒരാളാക്കി.    മഹിഷാസുരനായി രാജ്കുമാറും ഗുണവതിയായി  ജാനകിയും.  ഏഴ് ഭാഷകളിലേക്ക്   ഡബ്ബ് ചെയ്യപ്പെട്ടു.  തെലുങ്കിൽ അതേ പേരിൽ. ഹിന്ദിയിൽ ദുർഗ മാത.   തുമ്പിതു മാനവ എന്ന ഗാനത്തിലൂടെ  രാജ്കുമാർ ആദ്യമായി  പിന്നണിയിൽ  യുഗ്മഗാനം ആലപിക്കുകയുമുണ്ടായി.  ജാനകിയുടെ  ഹിന്ദി അരങ്ങേറ്റ ചിത്രമായ  തീൻ ബഹുരാണിയൻ (1968) തമിഴ് ചിത്രമായ ബാമ വിജയ (1967) ത്തിന്‍റെ   റീമേക്കായിരുന്നു.  പൃഥ്വിരാജ് കപൂറും  അഭിനയിച്ചു. സ്കൂൾ മാസ്റ്റർ, പപ്പു,   സൂര്യമാനസം, എന്നീ മലയാള ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ.  ഗുജറാത്തി  കഥയ്‌ക്ക്‌  പൊൻകുന്നം വർക്കി തിരക്കഥ  തയ്യാറാക്കി എസ് ആർ  പുട്ടണ്ണ  സംവിധാനം ചെയ്‌ത്‌ ബി ആർ  പന്തലു നിർമിച്ചതാണ്‌  സ്കൂൾ മാസ്റ്റർ(1964  ഏപ്രിൽ നാല്‌ ). തിക്കുറിശ്ശി, പ്രേം നസീർ, ബഹദൂർ, ടി എസ്  മുത്തയ്യ, വിധുബാല, കെ ബാലാജി, ശിവാജി ഗണേശൻ, എസ് പി  പിള്ള, അംബിക, രാഗിണി,ആറന്മുള പൊന്നമ്മ, പങ്കജവല്ലി തുടങ്ങിയവർ അഭിനേതാക്കൾ.  1958- ൽ കന്നഡയിലാണ്   ആദ്യം ഇറങ്ങിയത്. ശേഷം  പന്തലു  തമിഴ്, തെലുങ്ക്‌, ഹിന്ദി   ഭാഷകളിലും റീമേക്ക്‌ചെയ്‌തു.  കെ  ബാലചന്ദറിന്‍റെ തിരക്കഥയിൽ ബേബി സംവിധാനംചെയ്ത് രഘു കുമാർ നിർമിച്ചതാണ് പപ്പു(  1980   നവംബർ ആറ്‌). പ്രതാപ് പോത്തൻ, സീമ, സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരാണ്‌   പ്രധാന നടീനടന്മാർ.   വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, സൗക്കാർ  ജാനകി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചതാണ്‌  സൂര്യമാനസം(1992 ഏപ്രിൽ രണ്ട്‌).  മമ്മൂട്ടിയുടെ കഥാപാത്രമായ പുട്ടുറുമീസ്സിന്‍റെ അമ്മ മരിയ   ഏറെ പ്രേക്ഷക പ്രശംസ നേടി.  അമ്മയോടൊപ്പം ഒരു ഗ്രാമത്തിൽ താമസിച്ച ബുദ്ധി  വൈകല്യമുള്ള മകൻ.     സമൂഹത്തിന്‍റെ സമ്മർദ്ദം കാരണം  അവിടം  വിടാൻ ഇരുവരും നിർബന്ധിതരാവുന്നു. ചിത്രത്തിലെ വൈകാരിക  രംഗങ്ങളിൽ മമ്മൂട്ടിക്കൊപ്പം ജാനകിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.    അവരുടെ  വിയോഗത്തിൽ അദ്ദേഹം അനുശോചനം  രേഖപ്പെടുത്തിയത്‌ ഹൃദയ ഭാഷയിലാണ്‌.  സൂര്യമാനസത്തിൽ   സ്‌ക്രീൻ പങ്കിടാനായതിന്‍റെ നിമിഷങ്ങൾ താൻ ഓർക്കുന്നുവെന്നാണ് നടന്‍ ഫേസ്ബുക്കിൽ കുറിച്ചതും. 
 
16‐ാം  വയസ്സിൽ   ശ്രീനിവാസ
റാവുവുമായി  വിവാഹം

 1931 ഡിസംബർ 12 ന് മദ്രാസ് പ്രസിഡൻസിയിലെ ആന്ധ്രാപ്രദേശിൽ ഈസ്റ്റ് ഗോദാവരി ജില്ലയിലെ  രാജമുണ്ട്രി (ഇപ്പോൾ രാജമഹേന്ദ്രവാരം)യിൽ   കന്നഡ സംസാരിക്കുന്ന   ബ്രാഹ്മണ കുടുംബത്തിലായിരുന്നു     ജാനകിയുടെ ജനനം.   തേക്കുമല്ല വെങ്കോജി റാവുവിന്‍റെയും   സച്ചി ദേവിയുടെയും മൂത്ത മകൾ.   നന്നേ ചെറുപ്പത്തിലേ    അതായത്‌ പതിനാറാം വയസ്സിൽ  ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം ചെയ്‌തു.   ഗർഭിണിയായിരിക്കെയാണ്  മെട്രിക്കുലേഷൻ പരീക്ഷയെഴുതിയത്.   ഭർത്താവിന് സ്ഥിര ജോലി ഇല്ലാതിരുന്നതിനാൽ ദാമ്പത്യത്തിലെ  ആദ്യകാലംതൊട്ടേ സാമ്പത്തിക ക്ലേശങ്ങൾ വലച്ചു.   അത്   കലയെ  ആശ്രയിക്കാൻ   നിർബന്ധിതയാക്കി.   സമൃദ്ധമായ കരിയറിനെക്കാൾ മുഴച്ചുനിന്നത്‌     പ്രക്ഷുബ്ധ  ദാമ്പത്യം.   ഒരു ഘട്ടത്തിൽ താൻ കഠിനാധ്വാനിച്ച്‌ നേടിയ കാശും   സ്വത്തുക്കളും ചോർന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടു.     ശ്രീനിവാസൻ അവ ധൂർത്തടിക്കുകയായിരുന്നു.   അതറിഞ്ഞതിനാൽ ബന്ധം സുഗമമായിരുന്നില്ല.  സംസാരിച്ചിട്ടും   അനുകൂലമായ ഫലത്തിലെത്താത്തതിനാൽ  വേർപിരിയാൻ തീരുമാനിച്ചു.  അതിനാൽ  കൂടുതൽ സാമ്പത്തിക തകർച്ച തടയാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും ഒരുപരിധി വരെ സാധിച്ചു.    വർഷങ്ങൾക്ക് ശേഷം ഒരു   ചാനൽ  അഭിമുഖത്തിൽ   അഭിപ്രായവ്യത്യാസങ്ങളും   വേർപിരിയലും ഓർത്തു. ആ സമയത്ത്  മക്കൾണ് മുൻഗണന നൽകിയതെന്നും അതിനാലാണ് ശ്രീനിവാസയെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും   ജാനകി വ്യക്തമാക്കുകയുണ്ടായി.  എന്നിരുന്നാലും   സിനിമാമോഹത്തെ   കുടുംബം എതിർക്കുകയും   പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിക്കുകയും  ചെയ്തു.    വിവാഹത്തിനും മാതൃത്വത്തിനും ശേഷമാണ്  സിനിമാ പ്രവേശനം.  ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്തിരുന്ന സമയത്ത്  ശബ്ദത്തിലൂടെ അവർ   നിർമാതാവ് ബി എൻ റെഡ്ഡിയുടെ ശ്രദ്ധ പിടിച്ചുപറ്റി. 2021 ൽ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ  ജാനകി   വിവാഹകാലത്തും പിന്നീടുള്ള വർഷങ്ങളിലും അനുഭവിച്ച ഏകാന്തതയെക്കുറിച്ച് സംസാരിച്ചു.   ഭർത്താവിനൊപ്പം   അധികം സമയം ചെലവഴിച്ചിരുന്നില്ല.  ഷൂട്ടിങ്‌ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശേഷം തന്‍റെ ജോലിയെക്കുറിച്ച് ചർച്ച ചെയ്യാൻ പലപ്പോഴും ആരുമില്ലായിരുന്നുവെന്നും വിശദീകരിച്ചു. പിന്നീട് അസമിലെ ഗുവാഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം.  തെരഞ്ഞെടുത്ത മേഖലയിലെ മികവിന് അമേരിക്കയിലെ   ടെമ്പെയിലുള്ള ലോകപ്രശസ്‌ത  പൊതു ഗവേഷണ സ്ഥാപനമായ,  1885-ൽ   ലെജിസ്ലേച്ചർ ടെറിട്ടോറിയൽ നോർമൽ സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ  അരിസോണ സ്‌റ്റേറ്റ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന് 1985-ൽ ഓണററി ഡോക്ടറേറ്റും നേടി. 


   11‐ാം  വയസ്സിൽ  റേഡിയോയിലൂടെ   കരിയർ

 പതിനൊന്ന്‌ വയസ്സുള്ളപ്പോൾ റേഡിയോയിലാണ് അവരുടെ കരിയർ ആരംഭിച്ചത്. മദ്രാസ്‌  ഓൾ ഇന്ത്യ റേഡിയോ  ആർജെയായി സേവനമനുഷ്‌ഠിച്ചു. ഇളയ സഹോദരി കൃഷ്ണകുമാരിയും കൊച്ചുമകൾ വൈഷ്ണവി അരവിന്ദും    അഭിനയരംഗത്തെത്തി.  സിനിമാ മേഖലയിലെ നീണ്ട വർഷങ്ങൾക്കുശേഷം 1991-ൽ തമിഴിൽ ദൂർദർശൻ സംപ്രേക്ഷണംചെയ്ത  ഊരറിന്ത രഹസ്യം പരമ്പരയിലൂടെ ടെലിവിഷൻ രംഗത്തേക്ക് പ്രവേശിച്ചു.  1995ൽ നീഡ (തെലുങ്ക്) 1998–99 അക്ഷയ, 2001‐ 02ൽ കേളുങ്ക മാമിയാരെ നീകളും മരുമകൾ താൻ (തമിഴ് സൺ ടിവി) എന്നിങ്ങനെ.   സീ  തെലുങ്കിൽ 2013-ൽ സംപ്രേക്ഷണം ചെയ്ത  വറുധിനി പരിണയമാണ്‌    അവസാന  ടിവി ഷോ.     2022ൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കേന്ദ്രസർക്കാർ  പത്മശ്രീ നൽകി ആദരിച്ചിരുന്നു.  കലൈമാമണി‐ കർണാടക രാജ്യോത്സവ അവാർഡ്, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അംഗീകാരം,  -  സൈമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം,   1989-ൽ ഇന്ത്യൻ എക്സ്പ്രസ് ദ്യോനാര ഗോൾഡൻ അവാർഡ്, നടിഗർ തിലകം ശിവാജി‐അക്കിനേനി നാഗേശ്വര റാവു ലൈഫ് ടൈം അച്ചീവ്‌മെന്റ്‌ അവാർഡുകൾ,   കർണാടകത്തിലെ ശ്രീകൃഷ്ണ ദേവരായ അവാർഡ്,      സംസാരം ഒരു ചദരംഗം,   അമൂല്യ എന്നിവയ്‌ക്ക്‌    മികച്ച സഹനടിക്കുള്ള രണ്ട്‌ നന്ദി അവാർഡുകൾ,  ഇന്ത്യൻ സിനിമയുടെ നിത്യഹരിത എന്റർടെയ്‌നർ എന്ന നിലയിൽ വണ്ടർ വിമൻ അവാർഡുകൾ, തമിഴ്നാട് സർക്കാരിന്‍റെ  പുരട്ചി തലൈവി ഡോ. ജെ  ജയലളിത പ്രത്യേക കലൈമാമണി അവാർഡ്  എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ.

മഹാരഥന്മാർക്കൊപ്പം
തുല്യ പ്രാധാന്യത്തോടെ

എൻ ടി രാമറാവു, ശിവാജി ഗണേശൻ, എം ജി ആർ, എ നാഗേശ്വര റാവു, ഡോ. രാജ്കുമാർ, പ്രേംനസീർ തുടങ്ങിയ മഹാരഥന്മാർക്കൊപ്പം പല കാലയളവിലായി    തുല്യ പ്രാധാന്യത്തോടെ  ജാനകി അഭിനയിച്ചിട്ടുണ്ട്. ‍‍  നാടകീയതയും സ്വാഭാവികതയും കോർത്തിണക്കി  പ്രേക്ഷകരെ കണ്ണീരണിയിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.  വെറുമൊരു നടിയായിരുന്നില്ല അവർ, ഭാവാഭിനയത്തിന്‍റെ നിറകുടമായിരുന്നു.  അങ്ങനെ  ഇന്ത്യൻ സിനിമയുടെ അതുല്യ പ്രതിഭയും തലമുറകളുടെ പ്രിയപ്പെട്ട നടിയുമായി.  പ്രതിസന്ധികൾ  അതിജീവിച്ചായിരുന്നു ആ നാഴികക്കല്ലുകൾ.  ജാനകിയുടെ കരിയറിലെ ഏറ്റവും  കൗതുകരമായ ഏടുകളിലൊന്ന് കന്നഡ സൂപ്പർസ്റ്റാർ ഡോ. രാജ്കുമാറുമായുള്ള സമവാക്യമായിരുന്നു.  അദ്ദേഹത്തിന്‍റെ   പ്രണയിനിയായി തുടങ്ങി   സഹോദരി, അമ്മ എന്നിങ്ങനെ രൂപമാറ്റം വന്നപ്പോൾ   ഓൺ-സ്ക്രീൻ ബന്ധത്തിൽ വിള്ളൽ വീണു.  കന്യാരത്ന (1963)യിൽ  സഹോദരിയായും  തയിഗെ തക്ക മാഗ (1978)യിലും  ശബ്ദവേദി (2000)യിലും  അമ്മയായും എത്തി.   2000-ൽ രാജ്കുമാറിന്‍റെ അവസാന ചിത്രമായ   ശബ്ദവേദിയിലൂടെ   സഹകരണം അവസാനിച്ചു.   മഹിഷാസുര മർദിനി (1959), ഗൗരി (1963), നവകോടി നാരായണ (1964), സതി ശക്തി (1964 ), സാകു മഗലു (1963) തുടങ്ങി ശ്രദ്ധേയങ്ങളായ ചിത്രങ്ങളിൽ   അദ്ദേഹത്തിന്‍റെ നായികയായി.  അരങ്ങേറ്റം മുതൽ വൈകാരിക വേഷങ്ങൾ ചെയ്തശേഷം  ദക്ഷിണേന്ത്യൻ സിനിമയിൽ  കൂടുതൽ ശ്രദ്ധയൂന്നിയ പശ്ചിമ ബംഗാൾ സ്വദേശിയായ   സംവിധായകൻ ദാദ മിറാസിയുടെ  പുതിയ പറവൈ  (1964)യിൽ ശ്രദ്ധേയവും വ്യത്യസ്ത വുമായ വേഷത്തിൽ ജാനകി  അവതരിപ്പിക്കപ്പെട്ടു. ഉത്തം കുമാറും ഷർമിള ടാഗോറും അഭിനയിച്ച്‌  ഹരിദാസ് ഭട്ടാചാര്യ സംവിധാനംചെയ്ത് കൽപ്പന മൂവീസ്  നിർമിച്ച   ബംഗാളി -  ത്രില്ലർ   ശേഷ് അങ്ക(1963   ഫെബ്രുവരി  ഒന്ന്‌)യുടെ  റീമേക്ക്‌.   (ഇരു  സിനിമകളും മൈക്കൽ ആൻഡേഴ്‌സൺ സംവിധാനംചെയ്ത് റിച്ചാർഡ് ടോഡ്, ആനി ബാക്‌സ്റ്റർ, ഹെർബർട്ട് ലോം തുടങ്ങിയവർ അഭിനയിച്ച്‌  1958  ജനുവരി 16  ന്‌ ഇറങ്ങിയ ചേസ്   എ ക്രൂക്ക്ഡ് ഷാഡോ  ബ്രിട്ടീഷ് ത്രില്ലർ ചിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്)ശിവാജി ഗണേശൻ  ജാനകിയെ തെരഞ്ഞെടുത്തത് ചിത്ര എന്ന   നിശാക്ലബ്ബ്‌  ഗായികയായും മരിച്ചവരിൽനിന്ന് മടങ്ങിവരുന്ന ഭാര്യയായും അഭിനയിക്കാനാണ്. എന്നിരുന്നാലും, അതുവരെ കുടുംബാധിഷ്ഠിതവും വൈകാരികവുമായ കഥാപാത്രങ്ങളെ മാത്രം ചെയ്‌തിരുന്ന  ജാനകിയെ അത്തരമൊരു വേഷത്തിൽ അവതരിപ്പിക്കാൻ ദാദ മിറാസി വിസമ്മതിച്ചു.  പക്ഷേ   ഒടുവിൽ   സമ്മതംമൂളി.  ജാനകി സന്തോഷത്തോടെ   വെല്ലുവിളി സ്വീകരിച്ചു.  പിന്നീട്  അവർ പ്രതികരിച്ചത്‌, സത്യം പറഞ്ഞാൽ  ഞാൻ നിർത്താതെ കരയുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ഞാൻ സ്തംഭിച്ചു. അപ്പോഴാണ് ശിവാജി ഗണേശൻ    പുതിയ പറവൈ വാഗ്ദാനം ചെയ്തത്. ഞാൻ അതേറ്റെടുത്തു. സംവിധായകൻ ദാദ മിറാസിക്ക്  ബോധ്യപ്പെട്ടില്ല, എന്നാൽ  ശിവാജി   നിലപാടിൽ ഉറച്ചുനിന്നുവെന്നാണ്‌.  ചിത്രം റിലീസായപ്പോൾ അദ്ദേഹത്തിന്‍റെ    തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. സിനിമ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ  പാർത്ത ഗ്നാബഗം    പാട്ടിലൂടെ  ജാനകി  ഗായികയും നർത്തകിയുമായി വേഷപ്പകർച്ചയിലെത്തി.    സംഗീതം   എം എസ്  വിശ്വനാഥൻ, ടി കെ  രാമമൂർത്തി   ജോഡി, വരികൾ  കണ്ണദാസൻ;    ഗായകർടി എം സൗന്ദരരാജനും പി സുശീലയും. തുടക്കം മുതൽ   മുഖത്ത്  നിഗൂഢത നിറഞ്ഞുനിന്നു ജാനകിയിൽ.  പിന്നീട് നായകനെ കുറ്റം സമ്മതിക്കാൻ നിർബന്ധിക്കാൻ മരിച്ചുപോയ ഭാര്യയായി വേഷമിടുമ്പോൾ   ഗാനത്തിന്‍റെ ആവർത്തനം.  ആ  ക്രമത്തിൽ  ഭാവം പരിപൂർണമായും മാറി.  ശിവാജിയുടെ മുഖത്ത് സത്യം തിരയുന്ന   കണ്ണുകൾ ജ്വലിച്ചു. തീർച്ചയായും അത് ജാനകിയുടെ   ഏറ്റവും മികച്ച  വേഷങ്ങളിൽ ഒന്നാണ്‌.
പ്രേം നസീറിനൊപ്പംനല്ല ഇടത്തു സമ്മന്ദം
 പി നാഗരാജന്‍റെ  തിരക്കഥയിൽ കെ  സോമു  ഒരുക്കിയ നല്ല ഇടത്തു സമ്മന്ദം(1958  ഫെബ്രുവരി 16)  എം ആർ  രാധ, പ്രേം നസീർ,  എം എൻ രാജം തുടങ്ങിയവർക്കൊപ്പം ജാനകിയും ഭാഗഭാക്കായി.  സമൂഹത്തിലെ വിവിധ ശ്രേണികളിലെയും ജീവിതത്തിന്‍റെ വ്യത്യസ്‌ത ഘട്ടങ്ങളിലെയും സ്ത്രീകളെ അവതരിപ്പിക്കാനുള്ള സവിശേഷ സിദ്ധിയാണ്‌  അവരെ   അതിപ്രശസ്തയാക്കിയത്‌.  തമിഴിൽ സംവിധായകൻ കെ  ബാലചന്ദറുമായുള്ള   ബന്ധം എടുത്തുപറയേണ്ടതാണ്‌.   നീർക്കുമിഴി  (1965),  എധിർ നീച്ചൽ  (1968),  ഇരു കൊടുഗൾ  (1969),  കവിയ തലൈവി  (1970),  തില്ലു മുള്ളു  (1981) തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും  ഒപ്പം പ്രവർത്തിച്ചു.  ഇരു കൊടുങ്ങലിലെ പ്രകടനം 1969-ൽ മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി.   കണ്ണുനീർ ചാലിക്കുന്ന കഥാപാത്രങ്ങളിൽ ഒതുങ്ങിനിന്ന   നടിക്ക് വ്യത്യസ്ത  അവസരങ്ങൾ നൽകിയത്    ബാലചന്ദർ.   1967-ൽ പുറത്തിറങ്ങിയ ബാമ വിജയത്തിലെ  പ്രകടനം   ഏറെ  പ്രശംസ നേടി. അടുത്ത വീട്ടിലേക്ക് താമസം മാറുന്ന   നടിയെ ചുറ്റിപ്പറ്റിയാണ് കഥാതന്തു.  1968-ലെ  എതിർ നീച്ചലിൽ   അവർ കടുത്ത സിനിമാ ആരാധകയായ പാട്ടു മാമിയായി അഭിനയിച്ചു.  പിന്നീട്‌ കറേച്ച്‌ വർഷങ്ങൾ വിട്ടുനിന്നു. 1981- ലെ  തില്ലു മുള്ളു  കോമഡിയിലൂടെ    സ്‌ക്രീനിലേക്ക് തിരിച്ചെത്തി;  നാടകാഭിനിവേശമുള്ള, യഥാർഥ ജീവിതത്തിലെ  സൗക്കാർ ജാനകിയെപോലെ തോന്നിക്കുന്ന, ധനികയായ മീനാക്ഷി ദുരൈസാമി എന്ന കഥാപാത്രവുമായി.  ശ്രദ്ധേയമായി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ മികവ്‌  തെളിയിച്ചിട്ടും  അവർക്ക് നിരന്തരം ദുരന്തപൂർണമായ കഥാപാത്രങ്ങളേ ഒരു വേള  വാഗ്ദാനം ചെയ്യപ്പെട്ടുള്ളൂവെന്നത്‌    തമിഴ് സിനിമയുടെ   ശാശ്വത പ്രഹേളികയായി തുടരുന്നു. ആരോഗ്യം ശോഷിക്കാൻ തുടങ്ങിയ  അവസാന വർഷങ്ങളിൽപോലും ജാനകി അഭ്രപാളിയിൽ നിറഞ്ഞുനിന്നു.  ബിസ്‌കോത്ത്  (2020)      400-‐ാമത്തെ സംരംഭം.  അവസാന സാന്നിധ്യം    അല മൊഡലൈണ്ടിയിലൂടെ അരങ്ങേറ്റം കുറിച്ച  ബി വി നന്ദിനി റെഡ്ഡിയുടെ തെലുങ്ക് ചിത്രം   ആനി മാഞ്ചി സകുനാമുലെ  (2023).   അവൾ  തികഞ്ഞ ഇതിഹാസമായിരുന്നു. ഞാൻ പോയി   കഥ പറഞ്ഞു. ആദ്യം  മടിച്ചെങ്കിലും  വേഷത്തെക്കുറിച്ച്‌ കേട്ടശേഷം   സമ്മതിച്ചു.  ബംഗലൂരുവിൽനിന്ന് ജംഗാവ് ജില്ലയിലെ (മുമ്പ് വാറങ്കലിന്‍റെ ഭാഗമായിരുന്നു)  ചെറു  ഗ്രാമമായ   കൂനൂർവരെ കാറോടിച്ചെത്തി.  വളരെ സൂക്ഷ്മത പുലർത്തിയ അവർ ധരിക്കാൻ ഇഷ്ടമുള്ള എല്ലാ സാരികളുടെയും ചിത്രങ്ങൾ   അയച്ചുതന്ന്‌  അവ തെരഞ്ഞെടുക്കാൻ  ആവശ്യപ്പെട്ടു. ലൊക്കേഷനിൽ  അനുസരണയുള്ള  നടിയായി.   മുഴുവൻ രംഗവും   പരിശീലിക്കും, തുടർന്ന് ഷോട്ടുകൾ ചെയ്യും.  അമ്മേ എന്നെ പേര് വിളിക്കൂവെന്ന്   പറഞ്ഞിട്ടും   എപ്പോഴും   ഡയറക്ടർ ഗാരൂ എന്നായിരുന്നു അഭിസംബോധന.    സംവിധായിക  എന്ന പദവിയോട്   ബഹുമാനം കാണിക്കുന്നു, അതിനാൽ   നിങ്ങളെ എപ്പോഴും നന്ദിനി ഗാരു എന്ന് വിളിക്കുമെന്നായി മറുപടി. വാചാലതയും ബഹുമുഖ പ്രതിഭയും  അത്ഭുതപ്പെടുത്തിയ  സൗക്കാർ ജാനകിയുടെ ഇംഗ്ലീഷ് തെലുങ്ക് പോലെ  കുറ്റമറ്റത്‌.   അവർ  മികച്ച പാചകക്കാരി കൂടിയായിരുന്നു, ചിത്രീകരണ ദിവങ്ങളിൽ   ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കിത്തരും. ആ മുതിർന്ന നടിയുടെ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഓർത്ത് സെറ്റിലുള്ള ഏവരും വികാരാധീനരായി.  രംഗം എങ്ങനെ മെച്ചപ്പെടുത്താമെന്നും ഓരോ ഷോട്ടും  എങ്ങനെ മികച്ചതാക്കാമെന്നും അവർ എപ്പോഴും ചിന്തിച്ചിരുന്നു. ആ പ്രായത്തിലെ    അഭിനിവേശവും പ്രതിബദ്ധതയും ഏറെ പ്രചോദനാത്മകമായി.  കുറച്ച് മാസങ്ങൾക്ക് ശേഷം ഞാൻ ചെന്നൈയിൽ ഡബ്ബിങ്ങിന്‌ ചെന്നപ്പോൾ  ആ  സംഭാഷണങ്ങൾ അക്ഷരാർത്ഥത്തിൽ ഓർമയുണ്ടായിരുന്നു ജാനകിക്ക്‌.  ഞാൻ ശരിക്കും സ്തംഭിച്ചുപോയി.  അവർ എപ്പോഴും ഏറ്റവും ദയാലുവായിരുന്നു.   രണ്ട് വർഷം മുമ്പ് വരെ വാട്ട്‌സ്ആപ്പ് വഴി പതിവായി ഞാൻ ബന്ധപ്പെട്ടു.   അവർ വളരെ സ്വതന്ത്രയായിരുന്നു, സ്വന്തമായി ജീവിച്ച അവർ  വളരെ അച്ചടക്കമുള്ളവളും.  ഒരു ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.   അമ്മയോടൊപ്പം കുറേ  സമയം ചെലവഴിക്കാനും അവരെ വെച്ച്‌ സിനിമ സംവിധാനം ചെയ്യാനും കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്, അതും അവളുടെ അവസാനത്തേതിൽ എന്നാണ്‌ നന്ദിനി റെഡ്ഡി ഓർത്തെടുത്തത്‌.


Comments
* The email will not be published on the website.