
കവിത
ദേവേശ് പഥ് സാരിയ
മൊഴിമാറ്റം : ഡോ. രാധ കയറാട്ട്

കാഴ്ചയിൽ
യൂറോപ്യൻ ഛായയുള്ള,
കലാസ്നേഹിയായ,
വെളുത്തു നീണ്ട ഗൗൺ ധരിച്ച
ഒരു പെൺകുട്ടി
അവൾ
വഴി നടന്നു പോകവെ
കേൾക്കാനിടയായി :
' ഇവിടെ ഒരു കവിഗൃഹത്തിൽ
കവിതാപ്രദർശനം നടക്കുന്നു.'
കവിതാപ്രദർശനമോ?
ഉം......
അവൾ അകത്തു കയറി
പ്രധാന വാതിലിനോടു ചേർന്ന്
ഒരു വലിയ പൂന്തോട്ടം
പൂന്തോപ്പിനപ്പുറം
അതേ വലുപ്പത്തിൽ
ഒരു വലിയ ഹാൾ
ഹാളിൽ നിരത്തി വച്ചിരിക്കുന്നു
വെള്ളക്കോട്ടൺ
തുണികൊണ്ടു മൂടിയ
അർദ്ധസുതാര്യമായ
ബക്കറ്റുകൾ
അവൾ ആ മൂടി മാറ്റി.
ബകറ്റിനകത്തു നിന്ന്
പുറത്തുവന്നു
നാലുവരി കവിത
ആ നാലുവരി കവിത
വായിച്ച അവൾ
എന്തെന്നറിയില്ല,
പൊടുന്നനെ
മന്ത്രമുഗ്ദ്ധയാവുന്നു
മന്ത്രാവേശിതയായ അവൾ
അടുത്ത ബക്കറ്റിന്നരികിലേക്ക് -
അതേ നാലു വരികൾ
മൂന്നാമത്തേത്, നാലാമത്തേത്,
അഞ്ചാമത്തേത്......
ഓരോ ബക്കറ്റിലും
അതേ നാലുവരി കവിത
എന്നിട്ടും അവൾക്ക്
ആവർത്തന വിരസത
അനുഭവപ്പെട്ടതേയില്ല
ഓരോ ബക്കറ്റിൽനിന്നും
ഒരേ വരികൾ പുറത്തെടുത്ത്
അതേ ആവേശത്തോടെ
അവൾ
വീണ്ടും വീണ്ടും
വായിച്ചുകൊണ്ടേയിരുന്നു
മുഴുവൻ ബക്കറ്റുകളുടേയും
അർദ്ധസുതാര്യത
ശേഷിച്ച പാതി സത്യം കൂടി
പകർന്നേകി
അവൾ
തിരിച്ചു പോകാനൊരുങ്ങവേ
അന്തരീക്ഷത്തിൽ
പ്രതിധ്വനിക്കുന്നു
ആ കവിസ്വരം :
'എവിടെയായിരുന്നിതുവരെ?
വന്നുവല്ലോ ഇന്നു നീ! '
കവിയുടെ
പൂർണ്ണവും അപൂർണ്ണവുമായ
എല്ലാ കവിതകളും
ആലപിച്ചുകൊണ്ടാ കവിസ്വരം
അവിടമാകെ
പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു
തന്നുടലാകെ
മന്ത്രമുഗ്ദ്ധമാക്കിയ
ആ നാലുവരി കവിത
പകർന്ന മാന്ത്രികതയുടെ
വശ്യതയാൽ
ഭ്രമാത്മകതയിലാണ്ടുപോയ
അവൾ അനുഭൂതിപൂണ്ടുനിന്നു.
മാന്ത്രികത പകർന്ന
മാസ്മരികതയാൽ
ബകറ്റുകളിൽ നിന്ന്
കോട്ടൺതുണികളടർത്തവേ
അവൾ
ശ്രദ്ധിച്ചതേയില്ല
അതിലാലേഖനം ചെയ്ത
നാലുവരി കവിതകളുടെ
രചയിതാവിൻ
ജീവിതകാലയളവ് :
'ഏഴുവർഷം മുമ്പ്
മരിച്ചുപോയ കവി'
വിവര്‍ത്തക: രാധ കയറാട്ട്
