കാട്ടിലേക്കു മറഞ്ഞ വഴി

കവിത 

വിലാസിനി


തോറ്റു പോയ ദിനങ്ങൾ തൻ വാലിൽ                                                                   നീളമേറും ചരടൊന്നു കെട്ടി
പെയ്തു തീരാത്ത മേഘത്തിൻ കുന്നിൽ
വിട്ടുമെല്ലെയിറങ്ങിയെന്നാലും
 
നീളെ നീളെ പറന്നവ പോകെ
ആർത്തിയോടെ വലിച്ചടുപ്പിക്കാൻ
അച്ചരടിന്‍റെ യിങ്ങേത്തല ഞാൻ
ഇച്ചെറുവിരൽ തുമ്പിലും കെട്ടി
 
ചോന്ന കൗമാരരാവുകൾ തൊട്ടേ
പേ പിടിപ്പിച്ച സംഗീതധാര
പൊയ്ക്കാലിലേറി മറഞ്ഞുവെന്നാലും
കെട്ടതില്ലതിൻ ചൂടും പുകയും
 
വീതിയില്ലാ വഴി നീണ്ടു നീണ്ട്
കാട്ടിലേറി മറഞ്ഞതു നോക്കി
ദൂരെയൊറ്റയ്ക്കിരിക്കുന്ന പെണ്ണിൻ
കാതിലെ കിളിപ്പാട്ടും മടങ്ങി
 
മേൽവിലാസമറിയാത്ത കത്തിൽ
വിങ്ങിനിൽക്കുന്ന വാക്കുകൾ പോലെ
നെഞ്ചിനുള്ളിൽ പിടയ്ക്കുന്ന ശ്വാസം
തൊണ്ടയോളം - കുടുങ്ങി നിൽക്കുന്നു
 
പൂത്തു നിന്ന വിഷുക്കാല മഞ്ഞ
വേഷമൊക്കെയഴിച്ചു വെച്ചല്ലോ
നീട്ടി നീട്ടി വിളിച്ചുവെന്നാലും
വന്നു ചേരില്ലയക്കണിയൊന്നും .


Comments
* The email will not be published on the website.