അപ്പന്‍റെ പ്രായത്തോട്

കവിത
മോഹന്‍കുമാര്‍ പി  
ഒന്ന്
എനിക്ക് നിന്‍റെ അപ്പന്‍റെ പ്രായമാണ്
അല്ല,നിന്‍റെ അപ്പന്‍റെ അപ്പന്‍റെ പ്രായമാണ്
നിന്‍റെ മുതുമുത്തപ്പന്‍റെ പ്രായമാണ്
പിറക്കാനിരിക്കുന്ന നിന്‍റെ പേരക്കുട്ടിയുടെ പ്രായമാണ്
അവനോട് ചോദിച്ചു നോക്കൂ,
അവനെന്‍റെ പ്രായം പറയും!
എനിക്ക് ഭൂമിയുടെ പ്രായമാണ്
കത്തുന്ന സൂര്യന്
എന്‍റെയും നിന്‍റേയും  അതേ പ്രായമാണ്
നിന്‍റെ ഭാര്യ എന്‍റെ ഭാര്യയായിരുന്നു
ഞാനായിരുന്നു അവളുടെ ആദ്യകാമുകന്‍
അവളോട് ചോദിച്ചു നോക്കൂ,
അവളുടെ മാറിലൊരു തുടിക്കുന്ന മറുകുണ്ടോയെന്ന്
കുളിമുറി ഭാഷണങ്ങളിലല്ലേ അവള്‍ ചിന്തിച്ചു തുടങ്ങുന്നതെന്ന്,
വസ്ത്രങ്ങള്‍ വാരിവലിച്ചുടുത്തല്ലേ
അവള്‍ കുളിക്കാറുള്ളതെന്നന്,
കാരണം അവള്‍ക്ക് നഗ്‌നതയെ
ഉളിഞ്ഞു നോക്കുന്ന ഗൗളികളെ ഭയമാണ്
കൂര്‍ക്കം വലിച്ചുള്ള ഉറക്കത്തില്‍
പല്ല് കടിച്ചു പൊട്ടിക്കാറില്ലേ അവള്‍?
ഞാന്‍ നിന്‍റെ സ്വപ്നത്തില്‍ വരുമ്പോഴെല്ലാം നീ
മറ്റാരുടേയോ സ്വപ്നം ചോര്‍ത്തി കൊണ്ടിരിക്കുകയായിരിക്കും
നിന്‍റെ സ്വപ്നത്തില്‍
നീ മരിച്ചു കിടക്കുന്ന അത്യാഹിതത്തില്‍
പതിവായ് ഞാനായിരിക്കും
നിന്‍റെ ഭാര്യയുടെ കാമുകന്‍.
നോക്കൂസുഹൃത്തെ മരണമെന്നത്
ജനനം പോലെ വെറും മിഥ്യയാണ് .

രണ്ട് 
തുഴക്കാരനോട് ചോദിച്ചു നോക്കൂ,
ആഴത്തെ അളടെുക്കുന്ന
തുഴക്കോലിന്‍റെ കൃത്യത
പാട്ടുകാരനോട് ചോദിക്കൂ,
വരികള്‍ക്കിടയിലെ  ശൂന്യതയില്‍
സംഗീതത്തിന്‍റെ പിറവി
എക്കാലവും അയാള്‍ അങ്ങനെയായിരുന്നു
ഭൂമിയെ അതിശയിച്ചു നില്‍ക്കുന്ന
ശരീരമില്ലാത്ത ശാരീരം!
മോഷ്ടാവിനോട് ചോദിച്ചു നോക്കൂ,
ഇരുട്ടിനെ വെളിച്ചമാക്കി
ശൂന്യതയില്‍ പൂട്ടുകള്‍ താനെ തുറക്കുന്ന ചെപ്പടിവിദ്യ!
കാമുകീകാമുകന്മാരോട്
ചോദിച്ചു നോക്കൂ -
കണ്ണുകളില്‍
സമയകാലങ്ങള്‍ മരിച്ചു പോകുന്ന നിത്യത
ലോകം ഉണ്ടായിരുന്നില്ലെന്നും
ആണും പെണ്ണുമില്ലെന്നും
രാവുംപകലുമില്ലെന്നും
അവര്‍ പറയുത്.
ഭ്രാന്തനോട് സംസാരിച്ചു നോക്കൂ,
ഭാഷകളെല്ലാം അസംബന്ധമാണെന്നും
എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളാണെന്നും
നിങ്ങള്‍ തിരിച്ചറിയുത്.
സുഹൃത്തേ,
ജീവിതത്തെ മുറുകെപ്പിടിക്കുന്ന പ്രതിരോധങ്ങളെല്ലാം വലിച്ചെറിഞ്ഞ്
രാത്രി വനത്തിലൂടെ
നദി സംസാരിക്കതും നോക്കിനിന്ന്
നിങ്ങള്‍ വീട്ടിലേക്കുള്ള
വഴി മറന്നിട്ടുണ്ടോ
ആ ഭ്രാന്തന്‍ പുറകിലെവിടെയോ നിന്ന്
ആരോടോ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട്
നിങ്ങളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുുണ്ടോ
സുഹൃത്തേഞാനും നീയും
മറ്റാരുടേയോ സ്വപ്നത്തില്‍ മരിച്ചുകിടക്കുകയാണ്.


Comments
* The email will not be published on the website.