ഹിമഗിരിതനയേ.... ഹേമലതേ...


 കഥ

കെ.സുധീഷ്‌              

ഒരു ദുരന്തമായി മാറാൻ സാധ്യതയുണ്ടായിരുന്ന സംഭവം മനുഷ്യചരിത്രത്തിലെ വഴിത്തിരിവായി മാറുമെന്ന് ആ സംഘത്തിലെ ആരും തന്നെ കരുതിയിരുന്നില്ല. സംഘാംഗങ്ങളും സഹായികളും ഉൾപ്പെടെ 12 പേരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. ദക്ഷിണാഫ്രിക്കക്കാരനായ ഭൂഗർഭശാസ്ത്രജ്ഞൻ ജോഷ്വാ സൈമൺ, അമേരിക്കൻ മലയാളിയും  പ്രഗത്ഭ നരവംശശാസ്ത്ര അദ്ധ്യാപികയും ശാസ്ത്രജ്ഞയുമായ ഡോ.അനിത സ്റ്റുവർട്ട്‌, ബ്രിട്ടീഷ്‌ കാലാവസ്ഥാ വിദഗ്ധൻ ഹെൻറി ജേക്കബ്‌, ജാപ്പനീസ്‌  സസ്യശാസ്ത്രജ്ഞ സകുറാ ഹിനാറ്റ. പ്രമുഖ ഇറാക്കി വ്ലോഗറും എഴുത്തുകാരനുമായ ഇബ്രാഹിം അഹമ്മദ്‌ എന്നിവരും ഇന്ത്യ, ശ്രീലങ്ക, ന്യൂസിലാന്റ്‌, കാനഡ എന്നിവിടങ്ങളിലുള്ള പർവ്വതാരോഹകരും അവരുടെ സഹായികളും അടങ്ങിയതായിരുന്നു ആ അന്തർദ്ദേശീയ പര്യവേഷകസംഘം. 
ഹിമാലയത്തിലെ കാഞ്ചൻജംഗ കൊടുമുടിയുടെ ഏതാണ്ട്‌ മധ്യഭാഗത്തെത്തിയപ്പോഴാണ്‌ അപ്രതീക്ഷിതമായി ആ മണ്ണിടിച്ചിലുണ്ടാകുന്നത്‌. അവർ നിന്നിരുന്ന സ്ഥലത്തിനടുത്തുകൂടിയാണ്‌ കല്ലും മണ്ണും വെള്ളവും മഞ്ഞുമെല്ലാം ഒഴുകി താഴേക്ക്‌ പതിച്ചത്‌. ഭാഗ്യത്തിന്‌ സംഘാംഗങ്ങൾക്കാർക്കും അപകടമൊന്നും സംഭവിച്ചില്ല. അവർ നിന്നിരുന്ന സ്ഥലത്തിനടുത്ത്‌ രണ്ടുമൂന്ന് കല്ലുകൾ വന്ന് വീണ്‌ മഞ്ഞ്മൂടിയ നിരപ്പായ സ്ഥലത്ത്‌ ചെറിയ ഗർത്തങ്ങളും വിടവുകളും ഉണ്ടായി എന്നുമാത്രം.. അങ്ങനെയുണ്ടായ ഒരു വിടവിലൂടെ നോക്കിയപ്പോൾ ജോഷ്വാ സൈമൺ ഒരു കാര്യം ശ്രദ്ധിച്ചു. ആ വിടവിന്റെ ഏറ്റവും അടിയിൽ സ്ഫടികസമാനമായി മഞ്ഞുകട്ടികൾ. അത്‌ ഒരുകാലത്ത്‌ ഒരു ജലാശയമായിരുന്നു എന്ന് അദ്ദേഹത്തിന്‌ മനസ്സിലായി. സഹായികളെക്കൊണ്ട്‌ മുകൾ ഭാഗത്തെ മഞ്ഞ്‌ നീക്കിയപ്പോൾ അത്‌ കൂടുതൽ വ്യക്തമായി കാണപ്പെട്ടു. വെള്ളം ഉറഞ്ഞ്‌ ഐസായി മാറിയ അവസ്ഥയിലായിരുന്നു. സ്ഫടികം പോലെ തെളിഞ്ഞിരുന്ന ആ മഞ്ഞുകട്ടിയുടെ ഏകദേശം രണ്ടുമീറ്റർ അടിയിലായി ചെറിയൊരു നിറവ്യത്യാസം ജോഷ്വായുടെ സൂക്ഷ്മദൃഷ്ടിയിൽപ്പെട്ടു. അതെന്താണെന്നറിയാൻ എല്ലവർക്കും ആകാംക്ഷയേറി. എല്ലാവരും ചേർന്ന് ആ മഞ്ഞുകട്ട രണ്ടുമീറ്ററോളം വെട്ടിപ്പൊളിച്ചു. അവരുടെ പ്രയത്നം വെറുതെയായില്ല. അവിടെ കണ്ടത്‌ ഒരു മൃതദേഹമായിരുന്നു. ഒരു പർവ്വതാരോഹകന്‍റെയോ മറ്റേതെങ്കിലും ഒരു ആധുനിക മനുഷ്യന്‍റെയോ വേഷവിതാനങ്ങളായിരുന്നില്ല ആ ശരീരത്തിൽ. പൊക്കം കുറഞ്ഞ്‌ തടിയുള്ള ദേഹപ്രകൃതി, ഇരുണ്ട നിറത്തിലുള്ള ചർമ്മവും തലമുടിയും കണ്ണുകളും. പല്ലുകൾക്ക്‌ അസാധാരണമായ വീതി. ഇതെല്ലാമായിരുന്നു ആ ശരീരത്തിന്റെ പ്രത്യേകതകൾ. മൃഗത്തോലോ മരത്തൊലിയോ പോലുള്ള എന്തോ ഒരു വസ്തുകൊണ്ട്‌ ചുറ്റപ്പെട്ടതുപോലെയായിരുന്നു ആ പുരുഷശരീരം. ഉദ്ദേശം ഇരുപത്‌-ഇരുപത്തഞ്ച്‌ വയസ്സുതോന്നിക്കുന്ന ഒരു യുവാവിന്റേതായിരുന്നു ആ മൃതദേഹം. മൃതദേഹത്തിന്‌ കാര്യമായ കേടുപാടുകളോ ജീർണ്ണതയോ സംഭവിച്ചിട്ടില്ല. മഞ്ഞുകട്ടയും അതിശൈത്യമാർന്ന കാലാവസ്ഥയും ഒരു സംരക്ഷിതവലയം പോലെ ആ ശരീരം ജീർണ്ണമാകാതെ കാത്തു. നരവംശ ശാസ്തജ്ഞ അനിതാ സ്റ്റുവർട്ടിന്‌ അത്‌ കണ്ടപ്പോൾ എന്തോ പ്രത്യേകത തോന്നി. സാധാരണയായി പർവ്വതാരോഹകർ വഴിയിൽ ആരെങ്കിലും മരിച്ചാലോ മുമ്പ്‌ മരിച്ചവരുടെ ശരീരങ്ങൾ കണ്ടാലോ അത്‌ അവിടെത്തന്നെ ഉപേക്ഷിച്ചുപോകുകയാണ്‌ പതിവ്‌. തിരികെ താഴെ എത്തിക്കുക എന്നത്‌ വലിയ പ്രയാസമുള്ള ജോലിയാണെന്ന് അവർക്കറിയാവുന്നതുകൊണ്ടാണ്‌ അങ്ങനെ ചെയ്യുന്നത്‌. എന്നാൽ ഈ മൃതദേഹം അങ്ങനെ ഉപേക്ഷിച്ചുപോകേണ്ട ഒന്നല്ലെന്ന് അനിതയ്ക്ക്‌ തോന്നി. അത്‌ അവർ മറ്റുള്ളവരെ പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. ജോഷ്വാ സൈമണും ഹെൻറി ജേക്കബിനുമായിരുന്ന് കൂടുതൽ എതിർപ്പ്‌. ശ്രീലങ്കൻ പർവ്വതാരോഹകൻ അനുറാ രത്നനായകെക്ക്‌ യാത്ര പാതിവഴിയിൽ ഉപേക്ഷിക്കുന്നതിലായിരുന്നു എതിർപ്പ്‌. എന്നാൽ സകുറാ ഹിനാറ്റയും ഇബ്രാഹിം അഹമ്മദും അനിതയ്ക്ക്‌ പൂർണ്ണപിന്തുണ നൽകി ഒപ്പം നിന്നു. സംഘം രണ്ടായി പിരിഞ്ഞു. മുകളിലേയ്ക്ക്‌ പോകാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യട്ടെ എന്ന് തീരുമാനിക്കപ്പെട്ടു. സഹായികളിൽ മൂന്നുപേരും ഇന്ത്യാക്കാരനായ പർവ്വതാരോഹകൻ അശുതോഷ്‌ ബാനർജി, അനിത, സകുറ, ഇബ്രാഹിം എന്നിവരും ചേർന്ന് മൃതദേഹം പുറത്തെടുത്ത്‌ ഐസ്‌ പാളികൾ കൊണ്ടുപൊതിഞ്ഞ്‌ മരക്കൊമ്പുകളും തുണിയുമുപയോഗിച്ച്‌ ഒരു മഞ്ചം ഉണ്ടാക്കി വളരെ സാവധാനം താഴേയ്ക്കുള്ള യാത്ര ആരംഭിച്ചു.
ബേസ്‌ ക്യാമ്പിനടുത്തെത്തി ഫോണിന്‌ റേഞ്ച്‌ കിട്ടിയതോടെ സർക്കാർ വകുപ്പുകളെ ബന്ധപ്പെട്ട്‌ വാഹനവും മറ്റ്‌ സൗകര്യങ്ങളും ഏർപ്പാടാക്കി. മൃതദേഹം ആരുടേതാണെന്ന് അറിയാതെ എങ്ങോട്ടുകൊണ്ടുപോകുമെന്ന് ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും അനിതാ സ്റ്റുവർട്ടിന്‌സംശയമൊന്നുമുണ്ടായില്ല. ഒരു വിമാനം ചാർട്ടർ ചെയ്ത്‌ യു.എസിലെ ഹാർവാർഡ്‌ യൂനിവേഴ്സിറ്റിയിലെ ആന്ത്രോപോളജി വിഭാഗത്തിലേയ്ക്ക്‌ കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്തു.
എന്തിനാണ്‌ അവിടേയ്ക്കുതന്നെ കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന്‌ " എനിക്കിയാളെ ജീവനോടെ വേണം" എന്നായിരുന്നു അനിതയുടെ ഉത്തരം. വർഷങ്ങൾക്കുമുമ്പ്‌ മരിച്ചുപോയ ആളിനെ എങ്ങനെ ജീവനോടെ കിട്ടും എന്ന് സംശയം പ്രകടിപ്പിച്ചവരോട്‌ അയാളല്ലെങ്കിൽ അയാളുടെ സന്തതി എന്നായിരുന്നു അനിതയുടെ മറുപടി.
"ക്ലോണിംഗ്‌ ?"
"അതെ"
"മരിച്ചയാളിനെ ക്ലോൺ ചെയ്യാൻ പറ്റുമോ?"
"സെല്ലുകൾ നശിച്ചിട്ടില്ലെങ്കിൽ പറ്റും. കേടുപറ്റാത്ത ന്യൂക്ലിയസ്‌ കിട്ടിയാൽ ചെയ്യാവുന്നതേയുള്ളൂ"
"മനുഷ്യ ക്ലോണിംഗ്‌ ചെയ്യാൻ നിയമം അനുവദിക്കുമോ?"
"ഇയാൾ ഒരു സാധാരണ മനുഷ്യനാണെന്നാണോ നിങ്ങൾ കരുതുന്നത്‌?"
"മനുഷ്യനല്ലേ ?"
"അതൊക്കെ ഡി.എൻ.എ. ടെസ്റ്റ്‌ കഴിയുമ്പോൾ അറിയാം"
ഒന്നും മനസ്സിലാകാതെ മറ്റുള്ളവർ പരസ്പരം നോക്കി.
ഡി.എൻ.എ.പരിശോധനയാണ്‌ ആദ്യം ഉദ്ദേശിച്ചതെങ്കിലും വിശദമായ ജിനോം മാപ്പിംഗ്‌ തന്നെ നടത്തേണ്ടതുണ്ട്‌ എന്ന് അനിതയ്ക്ക്‌ ബോധ്യമായതിനാൽ അതിനുള്ള ഏർപ്പാടുകൾ ചെയ്തു. .. വിശദമായ പരിശോധനയാണ്‌ വേണ്ടത്‌. മനുഷ്യന്റെ ഡി.എൻ.എ.യുമായുള്ള സാമ്യവും വ്യത്യാസങ്ങളും വേർതിരിച്ച്‌ വ്യക്തമാക്കിക്കൊണ്ടുള്ള വിശകലനമാണ്‌ വേണ്ടത്‌. ഡോ.അനിതയുടെ സംഘാംഗങ്ങൾക്ക്‌ ഇത്ര വിശദമായ പരിശോധനയുടെ ആവശ്യമെന്തെന്ന് മനസ്സിലായില്ല. പരിശോധനയുടെ അനന്തരഫലമെന്തായാലും അതിൽ അസ്വാഭാവികതയൊന്നും ഉണ്ടാവാൻ പോകുന്നില്ലെന്ന് അവർ കരുതി..
ഡോ.അനിതയ്ക്ക്‌  പറഞ്ഞറിയിക്കാനാവാത്ത ഒരു ആവേശമാണുണ്ടായത്‌. എന്തോ വലിയ കാര്യം സംഭവിക്കാൻ പോകുന്നുവെന്ന ചിന്തയിൽ അവരുടെ മനസ്സ്‌ പ്രക്ഷുബ്ധമായി.
മനസ്സിനെ ഒരൽപം ശാന്തമാക്കാൻ അനിത സ്ഥിരമായി കേൾക്കാറുള്ള ശാസ്ത്രീയസംഗീതത്തിലേക്ക്‌ ശ്രദ്ധതിരിച്ചു. മുത്തയ്യാ ഭാഗവതരുടെ ശുദ്ധധന്യാസി രാഗത്തിലുള്ള കൃതിയായ 'ഹിമഗിരി തനയേ ഹേമലതേ..... അംബ ഈശ്വരി ശ്രീലളിതേ....: അനിത തന്റെ ഇഷ്ടഗാനം ഹെഡ്ഫോണിലൂടെ ശ്രവിച്ചു. ഇഷ്ടഗായകനായ ജി.എൻ.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം ഡോ.അനിതയുടെ മനസ്സിനെ ശാന്തമാക്കി.
ഡി.എൻ.എ, ഫലം പുറത്തുവന്നു. അനിത പ്രതീക്ഷിച്ച ഫലം തന്നെയായിരുന്നു അത്‌. ഹോമോ സാപിയൻസ്‌ എന്ന മനുഷ്യന്റെ മെറ്റാകോൺട്രിയൽ ഡി.എൻ.എ.യുമായി ഏകദേശം 385 ബേസ്‌ ജോഡികളിലുള്ള വ്യത്യാസമാണ്‌ കണ്ടെത്തിയത്‌. ഉയർന്ന പർവ്വതപ്രദേശത്ത്‌ കുറഞ്ഞ അളവിലുള്ള ഓക്സിജന്റെ ലഭ്യതയിലും ജീവിച്ചുപോകാൻ തക്കവണ്ണമുള്ള EPAS1 ജീനിന്റെ സാന്നിധ്യം കണ്ടെത്താനായി. മുമ്പ്‌ ജർമ്മനിയിലെ മാക്സ്‌ പ്ലാങ്ക്‌ ഇൻസ്റ്റിറ്റൂട്ട്‌ ഫോർ ആന്ത്രപോളജിയിൽ നടന്നിട്ടുള്ള ഡെനിസോവൻ ജിനോം മാപ്പിംഗുമായി യോജിക്കുന്നതായിരുന്നു പരിശോധനാഫലം
മൃതദേഹത്തിന്റെ ശാരീരികപ്രത്യേകതകളും ഡി.എൻ.എ.പരിശോധനാഫലവും വിശകലനം ചെയ്ത്‌ ഡോ.അനിത അസന്നിഗ്ധമായി ഒരു പ്രഖ്യാപനം നടത്തി:
 "ഇത്‌ ഇന്നത്തെ ആധുനിക മനുഷ്യനായ ഹോമോസാപിയന്റെ മൃതദേഹമല്ല, ഒരു ഡെനിസോവൻ മനുഷ്യന്റേതാണ്‌. ഉദ്ദേശം മുപ്പതിനായിരം വർഷം മുമ്പ്‌ അന്യം നിന്നുപോയെന്ന് കരുതപ്പെടുന്ന മനുഷ്യവർഗ്ഗമാണ്‌ ഡെനിസോവനുകൾ. സൈബീരിയയിലെ ഡെനിസോവൻ ഗുഹയിൽ നിന്ന് കണ്ടെത്തിയ ഒരു വിരലിന്റെ അസ്ഥിയുടെ മെറ്റാകോൺട്രിയൽ ഡി.എൻ.എ. വിശകലനത്തിലൂടെയാണ്‌ ഡെനിസോവന്റെ അസ്തിത്വം ആദ്യമായി വെളിപ്പെട്ടത്‌. ഇതുവരെയായി ഡെനിസോവൻ മനുഷ്യന്റെ പൂർണ്ണമായ ഒരു ഫോസിലുപോലും കിട്ടിയിട്ടില്ല. അതിനാൽ ചീഞ്ഞുപോകാതെ ലഭിച്ചിട്ടുള്ള ഈ മൃതദേഹം അത്യധികം വിലപ്പെട്ടതാണ്‌. ഇത്രയും കഷ്ടപ്പെട്ട്‌ ഇതുവരെ അതിനെ കൊണ്ടുവന്നതിന്റെ പ്രാധാന്യം എല്ലാവർക്കും ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ ! ഇനിയാണ്‌ അത്യധികം പ്രാധാന്യമുള്ളതും വിഷമം പിടിച്ചതുമായ ഘട്ടം. ഒരേസമയം ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ സമ്മർദ്ദവും പുറംലോകത്തുനിന്നുള്ള എതിർപ്പുകളും വിവാദങ്ങളും നേരിടേണ്ടതുണ്ട്‌. ശാസ്ത്രലോകത്തുനിന്നുപോലും എതിർപ്പുകൾ ഉണ്ടായേക്കാം. ഇത്‌ ഒരു അന്തർദ്ദേശീയ പ്രശ്നമായി വളരാം. നിങ്ങൾ എല്ലാവരും ഒരേ മനസ്സോടെ എന്നോടൊപ്പം നിൽക്കാമെങ്കിൽ നമുക്ക്‌ ചരിത്രപ്രാധാന്യമുള്ള ഈ ദൗത്യം വിജയത്തിലെത്തിക്കാം."
സംഘാംഗങ്ങൾ ഡോ.അനിതയ്ക്ക്‌ പൂർണ്ണപിന്തുണ വാഗ്ദാനം നൽകി. 1996 ൽ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോൺ ചെയ്ത്‌ ചരിത്രത്തിലിടം നേടിയ സ്കോട്‌ലൻഡിലെ എഡിൻബർഗ്ഗിലുള്ള റോസ്ലിൻ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ തന്നെ ഡെനിസോവൻ ക്ലോണിംഗ്‌ നടത്താമെന്ന തീരുമാനം അംഗീകരിക്കപ്പെട്ടു. അതിനായി മൃതദേഹത്തിൽ നിന്നും കേടുസംഭവിച്ചിട്ടില്ലാത്ത ന്യൂക്ലിയസോടുകൂടിയ സോമാറ്റിക്‌ കോശങ്ങൾ കണ്ടെത്തേണ്ടതുണ്ട്‌. ക്രയോപ്രിസർവേഷൻ സെന്ററിൽ ദ്രാവകനൈട്രജനിൽ -1960C യിൽ സൂക്ഷിച്ചിട്ടുള്ള ഡെനിസോവൻ മൃതദേഹത്തിൽ നിന്ന് വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സെല്ലുകൾ വേർതിരിച്ചെടുത്തു. സാങ്കേതികപ്പിഴവുകൾ സംഭവിക്കാതെ അത്യധികം സുരക്ഷയോടെ  വേർതിരിച്ചെടുത്ത കോശങ്ങൾ ഇനി റോസ്‌ലിൻ ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെത്തിക്കണം. ദൗത്യത്തിന്റെ രഹസ്യാത്മകതയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്‌.
ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിലെ സഹപ്രവർത്തകനും സുഹൃത്തുമായ ഡോ. പോൾ ഡൊമിനിക്‌, വിശ്വസ്തരായ രണ്ട്‌ സുരക്ഷാഭടന്മാർ, രണ്ട്‌ സഹായികൾ എന്നിവരോടൊപ്പം ഡോ.അനിത ഒരു സ്വകാര്യ ജെറ്റ്‌ വിമാനം ചാർട്ടർ ചെയ്ത്‌ ഡെനിസോവൻ സെല്ലുകൾ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചു. അവിടെ ജനറ്റിക്കൽ എഞ്ചിനീയറിംഗിൽ വിദഗ്ധരായ രണ്ട്‌ സുഹൃത്തുക്കൾ അനിതയ്ക്കുണ്ടായിരുന്നു. 
ക്ലോണിംഗ്‌ പ്രവർത്തനങ്ങൾ പുറംലോകം അറിയാതിരിക്കാൻ എല്ലാ പഴുതുകളും അടച്ച്‌ മുൻകരുതലുകൾ എടുത്തിരുന്നു.ക്ലോൺ ചെയ്യേണ്ട ഡെനിസോവൻ കോശത്തിലെ ന്യൂക്ലിയസ്‌ ഫിലിപ്പൈൻസിലെ ലുസോൻ ദ്വീപുകളിലെ തദ്ദേശീയരായ ഒരു ചെറിയ സംഘം യുവതികളെ കൊണ്ടുവന്ന് അതിൽ ഒരു യുവതിയിൽ നിന്നെടുത്ത അണ്ഡകോശത്തിൽ വച്ചുപിടിപ്പിച്ച്‌ കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉപയോഗിച്ച്‌ ഈ പുതിയ കോശത്തെ വിഭജിക്കാൻ പ്രേരിപ്പിച്ചു. പക്ഷെ, വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പരീക്ഷണം തുടരെത്തുടരെ പരാജയപ്പെട്ടുകൊണ്ടിരുന്നു. ഡെനിസോവൻ കോശങ്ങൾ ആവശ്യത്തിന്‌ കരുതിയിരുന്നതിനാൽ പരീക്ഷണം ഉപേക്ഷിക്കാൻ അനിതയും സംഘവും തയ്യാറായിരുന്നില്ല.. ലുസോൻ വംശജരായ യുവതികളിൽ നിന്നെടുത്ത അണ്ഡകോശങ്ങൾ പലതവണ ഉപയോഗിക്കേണ്ടിവന്നു. പരാജയപ്പെട്ട ആറോളം പരീക്ഷണങ്ങൾക്കൊടുവിൽ ഒരു നാൾ കോശം വിഭജിക്കാൻ ആരംഭിച്ചു. സ്ംഘാംഗങ്ങൾക്ക്‌ ആഹ്ലാദത്തിന്റെ ദിവസമായിരുന്നു അത്‌.
കോശം വിഭജിച്ച്‌ ഭ്രൂണമായി മാറിയതിനുശേഷം അത്‌ ഒരു വാടക ഗർഭപാത്രത്തിലേയ്ക്ക്‌ മാറ്റി. വാടക മാതാവിന്റേയും അണ്ഡകോശം സംഭാവന ചെയ്ത സ്ത്രീകളുടേയും പേരുവിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിച്ചു. ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിച്ചതിന്റെ കൃത്യം 280-ാ0‍ം നാൾ യുവതി കുഞ്ഞിന്‌ ജന്മം നൽകാനുള്ള ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. സിസേറിയൻ ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു. സാമാന്യത്തിലധികം ശരീരവലിപ്പവും ഭാരവും ഉള്ള ഇരുണ്ട നിറമുള്ള ഒരു പെൺകുഞ്ഞായിരുന്നു അത്‌. ഡോ.അനിത ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടി. 'ഇതൊരു ചരിത്രനിമിഷമാണ്‌. മൺമറഞ്ഞുപോയ ഒരു ജീവിവർഗ്ഗത്തെ നാം പുനഃസൃഷ്ടിച്ചിരിക്കുന്നു. ഈ ചരിത്രസംഭവത്തിന്‌ സാക്ഷ്യം വഹിച്ച നമുക്ക്‌ അഭിമാനിക്കാം. ഇനി വരാൻ പോകുന്ന എതിർപ്പുകളും വിവാദങ്ങളും നമുക്ക്‌ ഒന്നിച്ചുനിന്ന് ധൈര്യപൂർവ്വം നേരിടാം. അതിന്‌ ഞാൻ എന്നും നിങ്ങളുടെ മുന്നിൽത്തന്നെ ഉണ്ടാവും' ഡൊ.അനിതയുടെ വാക്കുകൾ എല്ലാവക്കും ആവേശവും ധൈര്യവുമേകി.
ആ പെൺകുഞ്ഞ്‌ വളരെവേഗം ശൈശവാവസ്ഥ പിന്നിട്ടു. അവൾ വളരെ പെട്ടെന്നുതന്നെ നടക്കാനും ഓടാനും തുടങ്ങി. ഡോ.അനിതയുടെ വീട്ടിൽ അവരുടെ സ്വന്തം മകളായിത്തന്നെയാണ്‌ ആ കുഞ്ഞ്‌ വളർന്നത്‌. കുഞ്ഞിന്‌ 'ഹേമലത'യെന്ന് പേരിടാൻ അനിതയ്ക്ക്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ഹിമവാന്റെ പുത്രിയായ പാർവ്വതിദേവിയുടെ പേരല്ലാതെ മറ്റെന്ത്‌ പേരാണ്‌ ഹിമാലയസാനുക്കളിൽ നിന്ന് ലഭിച്ച ശരീരത്തിൽ നിന്ന് ജനിച്ച അവൾക്ക്‌ ചേരുക ?! 'ഹിമഗിരിതനയേ... ഹേമലതേ...' അനിത മനസ്സിൽ ആ ഗാനം മൂളി.
ഹേമലത കായികശേഷിയിൽ മറ്റുള്ളവരെ അത്ഭുതപ്പെടുത്തി. ഓടാനും ചാടാനും നീന്താനുമൊക്കെ യാതൊരു പരിശീലനവുമില്ലാതെ അവൾ സമപ്രായക്കാരിൽ എന്നും ഒന്നാമതായി. പക്ഷെ, സംസാരിക്കാൻ അവൾക്ക്‌ ബുദ്ധിമുട്ടായിരുന്നു. അനിതയുടെ മാതൃഭാഷയായ മലയാളവും വസിക്കുന്നിടത്തെ ഭാഷയായ ഇംഗ്ലീഷും അവൾക്ക്‌ പഠിച്ചെടുക്കാൻ പ്രയാസപ്പെടേണ്ടിവന്നു. എഴുത്തുവിദ്യ പഠിക്കാൻ അതിലേറെ ബുദ്ധിമുട്ടി. എന്നാലും അവൾ ഒരുവിധം എഴുത്തും വായനയും പഠിച്ചെടുത്തു. ഒരു ഡെനിസോവൻ മനുഷ്യന്റെ ക്ലോൺ ചെയ്യപ്പെട്ട്‌ ജനിച്ച സന്തതിയാണ്‌ ഹേമലതയെന്ന് അയൽവാസികളോ മറ്റുള്ളവരോ അറിയാതിരിക്കാൻ അനിതയും സുഹൃത്തുക്കളും ജാഗ്രത പുലർത്തി. ആധുനികവേഷം ധരിപ്പിച്ച്‌ നല്ലതുപോലെ മേക്കപ്പ്‌ ചെയ്തായിരുന്നു ഡോ.അനിത അവളെ പുറത്തൊക്കെ കൊണ്ടുപോയിരുന്നത്‌.
ഏഴാമത്തെ വയസ്സിലാണ്‌ ഹേമലതയെ സ്കൂളിൽ ചേർത്തത്‌. അമേരിക്കൻ സ്കൂളുകളിൽ പൊതുവെ കറുത്ത വർഗ്ഗക്കാരോടുള്ള വേർതിരിവിന്റെ ദോഷഫലങ്ങൾ അവൾക്കും അനുഭവിക്കേണ്ടിവന്നു. ആദ്യമൊക്കെ അവഗണനയിൽ വിഷമം തോന്നിയിരുന്നെങ്കിലും ഡോ.അനിതയുടെ സാന്ത്വനവാക്കുകളിലും സ്നേഹത്തിലും അതെല്ലാം അലിഞ്ഞുപോയി. ക്രമേണ അവൾ തന്റേടവും ധൈര്യവുമുള്ള ഒരു ബാലികയായി മാറി. തങ്ങളെക്കാൾ കായികശേഷിയുള്ളവളായതിനാൽ ശാരീരികമായി ഉപദ്രവിക്കാൻ സഹപാഠികളിൽ ആരും ധൈര്യപ്പെട്ടില്ല. പഠനകാര്യത്തിലും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക്സ്‌ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവൾ അൽപം പിന്നോക്കം നിന്നു.
കായികമത്സരങ്ങളിൽ ഹേമലതയെ  പങ്കെടുപ്പിക്കാൻ സ്കൂളധികൃതർ താൽപര്യം കാട്ടി. ഇന്റർസ്കൂൾ മത്സരങ്ങളിൽ എപ്പോഴും അവൾ ഒന്നാമതായി സ്കൂളിന്റെ അഭിമാനമായി മാറി. പല അന്തർദ്ദേശീയ മത്സരങ്ങളിലും പങ്കെടുപ്പിക്കാൻ ഡോ.അനിതയും സ്കൂളധികൃതരും ഉത്സാഹിച്ചു. എല്ലാ മത്സരങ്ങളിലും ഒന്നാമതായതിനാൽ അവളെ ഇനി ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാം എന്ന തീരുമാനത്തിലെത്തി. ഒളിമ്പിക്സ്‌ യോഗ്യതാമത്സരങ്ങളിൽ യോഗ്യതാമാനദണ്ഡം നിഷ്പ്രയാസം നേടിയെടുത്ത ഹേമലത അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
 
ഇന്ത്യൻ ഒളിമ്പിക്സിൽ പിറന്നത്‌ ചരിത്രനിമിഷങ്ങളായിരുന്നു. അത്‌ലറ്റിക്സ്‌, നീന്തൽ, അമ്പെയ്ത്ത്‌ എന്നിവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും റെക്കോഡോടെ സ്വർണ്ണമെഡൽ ഹേമലത നേടി. 12 സ്വർണ്ണം. അതും വെറും 12 വയസ്സുള്ള ഒരു പെൺകുട്ടി. ലോക കായികചരിത്രത്തിൽ ഇതുപോലൊരു സംഭവം ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ല എന്ന് മാധ്യമങ്ങൾ വാഴ്ത്തി. ആ ദിവസങ്ങളിൽ ലോകത്തിന്‌ ചർച്ചചെയ്യാൻ ഇതല്ലാതെ മറ്റൊരു വിഷയവുമില്ലായിരുന്നു.
പക്ഷെ, ഈ വിജയത്തിൽ എല്ലാവരും ഒരുപോലെ സന്തോഷിക്കുകയയല്ല ചെയ്തത്‌. സ്വാഭാവികമായും മത്സരങ്ങളിൽ പങ്കെടുത്ത മറ്റ്‌ കായികതാരങ്ങൾ ഈ വിജയത്തിൽ എന്തൊക്കെയോ കൃത്രിമമുണ്ടെന്ന് സംശയിച്ചു. ഹേമലതയെ ഉത്തേജകമരുന്നുപരിശോധനയ്ക്ക്‌ വിധേയമാക്കണമെന്ന് അവർ ഒന്നടങ്കം ആവശ്യപ്പെട്ടു. അവരുടെ ആവശ്യത്തിന്‌ സംഘാടകസമിതിക്ക്‌ വഴങ്ങേണ്ടിവന്നു. ഹേമലതയെ പലതവണ ഉത്തേജകമരുന്ന് പരിശോധനയ്ക്ക്‌ വിധേയയാക്കി. പക്ഷെ, അവർക്ക്‌ യാതൊന്നും കണ്ടുപിടിക്കാനായില്ല.
ഒരാഴ്ച്ച വലിയ പ്രശ്നമൊന്നും കൂടാതെ കഴിഞ്ഞുപോയെങ്കിലും ഒളിമ്പിക്സ്‌ സമാപിക്കുന്നതിനു മൂന്നു ദിവസം മുമ്പ്‌ ഒരു അജ്ഞാതകേന്ദ്രത്തിൽ നിന്നും അമേരിക്കൻ വാർത്താ മധ്യമമായ ന്യൂയോർക്ക്‌ ടൈംസിന്റെ ഓഫീസിൽ ഒരു സന്ദേശമെത്തി. പന്ത്രാണ്ടാം വയസ്സിൽ 12 ഒളിമ്പിക്സ്‌ സ്വർണ്ണമെഡലുകൾ നേടിയ ഹേമലത ഒരു ഡെനിസോവൻ ബാലികയാണെന്നും ക്ലോണിംഗിലൂടെയാണവൾ ജനിച്ചതെന്നുമുള്ള വാർത്ത അറിഞ്ഞ്‌ ലോകം ഞെട്ടിത്തരിച്ചു. 'മനുഷ്യക്ലോണിംഗോ?1 അത്‌ ഒരിക്കലും അംഗീകരിക്കാനാവില്ല' മനുഷ്യാവകാശസംഘടനകളും പരിസ്ഥിതിവാദികളും ശാസ്ത്രലോകവും രാഷ്ട്രീയപ്രമുഖരും ഭരണകർത്താക്കളുമെല്ലാം എതിർപ്പിന്റെ സ്വരവുമായി രംഗത്തെത്തി.
പന്ത്രണ്ട്‌ വർഷമായി അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന ഈ സംഗതി എങ്ങനെ പുറത്തറിഞ്ഞു? ഡോ.അനിതയും സുഹൃത്തുക്കളും അമ്പരപ്പോടെ പരസ്പരം ചോദിച്ചു. സ്കോട്‌ലൻഡിലേക്ക്‌ ക്ലോണിംഗിനായി ഡെനിസോവൻ കോശങ്ങളുമായി യാത്രചെയ്യുമ്പോൾ സുരക്ഷാഭടനായി പ്രവർത്തിച്ച നൈജീരിയക്കാരനായ ടോബി മാർക്കിന്റെ പുത്രി അയിഷാ റോസ്‌ ഹേമലത മത്സരിച്ച 100 മീറ്റർ, 200 മീറ്റർ സ്പ്രിന്റ്‌ ഇനങ്ങളിൽ മത്സരിച്ചിരുന്നു. അവൾക്ക്‌ സ്വർണ്ണമെഡൽ പ്രതീക്ഷയുമുണ്ടായിരുന്നു. സ്വാഭാവികമായും അനിതയുടേയും കൂട്ടരുടേയും സംശയമുന ടോബി മാർക്കിലേയ്ക്ക്‌ തിരിഞ്ഞു. പക്ഷെ, അവർക്ക്‌ അയാളെ ഒന്നും ചെയ്യാനാവുമായിരുന്നില്ല.
മാധ്യമങ്ങൾ ഡോ.അനിതയേയും ഹേമലതയേയും വളഞ്ഞു. പ്രതിഷേധക്കാർ അവരുടെ വാഹനം തടഞ്ഞു. ഗുരുതരമായ ഒരു തെറ്റ്‌ ചെയ്തതിന്‌ ഡോ..അനിതയ്ക്ക്‌ അർഹമായ ശിക്ഷ കൊടുക്കണമെന്ന് ജനക്കൂട്ടം ആർത്തുവിളിച്ചു. അത്ഭുതജീവിയെ നോക്കുന്നതുപോലെ ആർത്തിരമ്പിയ പുരുഷാരം ഹേമലതയ്ക്കുനേരെ തുറിച്ചുനോക്കി. ആൾക്കൂട്ടത്തിന്റെ കൂക്കുവിളിയിൽ പരിഭ്രമിച്ച്‌ ഹേമലത തല കുമ്പിട്ടിരുന്നു. ഒരുവിധത്തിലാണ്‌ അനിതയേയും മകളേയും പോലീസ്‌ അവരുടെ വാസസ്ഥലത്തെത്തിച്ചത്‌.
എല്ലാം തകർന്നതുപോലെ ഡോ.അനിത നിസ്സഹായയായി തളർന്നുവീണു. സ്വതവേ ധൈര്യശാലിയും തന്റേടിയുമായിരുന്നിട്ടും ഹേമലതയും തകർന്നുപോയി. ഇങ്ങനെയൊരു ആൾക്കൂട്ട ആക്രമണം അവൾ പ്രതീക്ഷിച്ചിരുന്നില്ല. ആ കൗമാരക്കാരി എന്തുചെയ്യണമെന്നറിയാതെ തരിച്ചുനിന്നു.
ഉറക്കമില്ലാത്ത രാത്രിയായിരുന്നു അവർക്ക്‌ രണ്ടുപേർക്കും. നാളെ എന്ത്‌ ? എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിനുമുന്നിൽ ഡോ.അനിത പകച്ചുപോയി. അവർ മുറിയിൽ കയറി വാതിലടച്ചു. ആ അമാവാസി രാത്രി പന്ത്രണ്ട്‌ മണി കഴിഞ്ഞ്‌ ഏതോ ഒരു നിമിഷത്തിൽ ഹെമലത വാതിൽ തുറന്ന് പുറത്തേയ്ക്കിറങ്ങി. ഒരു ജന്മചോദനയാലെന്നപോലെ അവൾ നടന്നുതുടങ്ങി. റോഡുകളും മറ്റ്‌ പാതകളൊന്നും അവൾ കണ്ടില്ല കയറ്റങ്ങളും ഇറക്കങ്ങളും കാടുകളും തോടുകളും ഒന്നും കൂസാതെ ഹേമലത നടന്നു, ചിലപ്പോൾ ഓടി. നേരം പുലർന്നപ്പോഴേക്കും അവൾ ആർക്കും കണ്ടെത്താനാവാത്തവിധം ഏതോ ഒരു ഉൾക്കാട്ടിലെത്തിയിരുന്നു.. വഴിയിൽ കണ്ട പുഴകളും തടാകങ്ങളുമൊക്കെ അവൾ നിഷ്പ്രയാസം  നീന്തിക്കടന്നു. രാവും പകലുമൊന്നും വകവെയ്ക്കാതെ വെയിലിനേയും മഴയേയും തണുപ്പിനേയുമൊന്നും കാര്യമാക്കാതെ മനസ്സിനുള്ളിലുള്ള ഏതോ ഒരു ലക്ഷ്യത്തിലേക്ക്‌ ഹേമലത നടന്നു. അവൾ തന്റെ വളർത്തമ്മയെപ്പറ്റി ഒരുനിമിഷം പോലും  ചിന്തിച്ചതേയില്ല. എത്ര ദിവസം ഹേമലത അങ്ങനെ നടന്നെന്നറിയില്ല. വന്മരങ്ങളിൽ കയറി കായ്‌കനികൾ പറിച്ചുതിന്നും അരുവികളിൽ നിന്ന് വെള്ളം കുടിച്ചും അവൾ വിശപ്പും ദാഹവുമകറ്റി.
ഒരു ദിവസം പുലർച്ചെ അവൾ അങ്ങകലെ മനം മയക്കുന്ന ആ കാഴ്ച്ച കണ്ടു. സൂര്യപ്രഭയിൽ കുളിച്ച്‌ വിവിധ വർണ്ണങ്ങളിൽ തിളങ്ങുന്ന കാഞ്ചൻജംഗ. ചുവപ്പുനിറം പതിയെ പിങ്ക്‌ നിറമായി. ചക്രവാളത്തിൽ സൂര്യൻ ഉയരുന്നതിനനുസരിച്ച്‌ പിങ്ക്‌ നിറം സ്വർണ്ണവർണ്ണമായി. ആ അഭൗമതേജസ്സ്‌ കണ്ട്‌ ഹേമലത ഒരു നിമിഷം എല്ലാം മറന്ന് നിന്നുപോയി.
അവൾ നടപ്പ്‌ തുടർന്നു. നടന്നുനടന്ന് സിക്കിമിന്റെ ഭാഗത്തുള്ള കാഞ്ചൻജംഗയുടെ ചുവട്ടിലെത്തി. പർവ്വതാരോഹകർ നേപ്പാളിന്റെ ഭാഗത്തുകൂടിയാണ്‌ മുകളിലേയ്ക്ക്‌ കയറാറുള്ളത്‌. അവൾ പർവ്വതാരോഹകയല്ലല്ലോ! പർവ്വതത്തിന്റെ സ്വന്തം മകളല്ലേ ?! അവൾക്ക്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതകളൊന്നും ആവശ്യമില്ല. പ്രാണവായു ലഭിക്കാനുള്ള സജ്ജീകരണമോ ഹെൽമറ്റോ തണുപ്പിനെ പ്രതിരോധിക്കാനുള്ള പ്രത്യേകതരം ഉടുപ്പുകളോ,ബൂട്ടുകളോ മലകയറാനുള്ള ഉപകരണങ്ങളോ ഒന്നും അവൾക്കാവശ്യമില്ല. ചെങ്കുത്തായ മലമടക്കുകളിലൂടെ അവൾ മുകളിലേക്ക്‌ കയറിപ്പോയി. എല്ലാ തടസ്സങ്ങളേയും അതിജീവിച്ച്‌ മസ്തിഷ്ക്കത്തിൽ കോറിവച്ചിട്ടുള്ള ആ ലക്ഷ്യസ്ഥാനത്തിലേയ്ക്ക്‌ അവൾ എത്തിച്ചേരുകതന്നെ ചെയ്യും.സഹജാവബോധമാണ്‌.  അവളെ നയിക്കുന്നത്‌. സാൽമൺ മത്സ്യങ്ങളും കടലാമകളും അവരവർ ജനിച്ച സ്ഥലത്തേയ്ക്കുതന്നെ ചോദനയാൽ തിരികെ എത്തുന്നതുപോലെ.
കുത്തനേയുള്ള പർവ്വതപ്രദേശത്തുകൂടി കയറിക്കയറി ഹേമലത ഒരു ഗുഹയ്ക്കു മുന്നിലെത്തി. അതിന്റെ പ്രവേശനകവാടത്തിൽ വെള്ളിനൂലുകൾ പോലെ മഞ്ഞിന്റെ ഒരു തിരശ്ശീല തിളങ്ങിനിന്നു. കൈകൊണ്ട്‌ മെല്ലെ ആ തിരശ്ശീല വകഞ്ഞുമാറ്റി അവൾ ഉള്ളിലേക്ക്‌ പ്രവേശിച്ചു. സൂര്യപ്രകാശം ഏൽക്കാതെ  ഇരുൾ മൂടിക്കിടക്കുന്ന ആ ഗുഹാന്തർഭാഗം അവളെ ഉള്ളിലേയ്ക്ക്‌ മാടിവിളിച്ചു. അതിന്റെയുള്ളിൽ തങ്ങിനിന്ന ഗന്ധം ജീവിതത്തിൽ ഇതുവരെ അറിഞ്ഞിട്ടില്ലാത്തതാണെങ്കിലും ജ്ന്മാന്തരങ്ങളായി തന്റെയുള്ളിൽ ലയിച്ചുചേർന്നിരുന്നതാണെന്ന് അവൾ തിരിച്ചറിഞ്ഞു. ആ അന്ധകാരത്തിൽ രണ്ടുജോടി കണ്ണുകൾ അവളെ കരുണാദ്രമായി നോക്കിനിൽക്കുന്നതായി അവൾക്കുതോന്നി. അവിടെ ആരുടെയൊക്കെയോ നിശ്വാസമുയരുന്നത്‌ അവളറിഞ്ഞു.


Comments
* The email will not be published on the website.