
കവിത
സവിതാവിനോദ്
സന്ധ്യ മയങ്ങുന്നേരം
ചാരുകസേരയിലിരുന്ന്
കിന്നാരംപറഞ്ഞവൻ
എന്നോടുള്ള വാക്കുകൾ
നട്ടുനനയ്ക്കും.
നനച്ചുതീരും മുൻപേ
വാക്കുകൾ പണ്ടത്തെ
കടങ്കഥകൾക്ക് താളം
പിടിച്ചു പിറുപിറുക്കും.
ഓർമ്മകൾവെട്ടംപകുത്ത
വഴികളിലൂടെ
അതുമിതും പറഞ്ഞ്
വാക്കുകൾ
ഒച്ച വെച്ചു തുടങ്ങും.
ഓർമ്മകളൊരൊറ്റ
വാക്കാകും മുൻപേ
അവമുറിഞ്ഞടരും.
മുറിഞ്ഞടർന്ന
വാക്കുകൾ
ചേർത്തുതുന്നുമ്പോഴൊക്കെ
ഇഴയടുപ്പത്തിലൊരു
പൊള്ളൽപടരും;
ഒരു കനൽപ്പൊള്ളൽ.
പിന്നെ ഒരു പന്തമാണ്
കനൽക്കാട്ടിൽ വെന്തു
പൊന്തിയ
വാക്കുകളുടെ തീപ്പന്തം.
എത്ര വേഗമാണ്
ഞാനുമവനും തമ്മിൽ കോർക്കപ്പെട്ട
വാക്കുകളുടെപൂക്കാലങ്ങൾ
ഒരു നൂലകലത്തിൽ
കത്തിയെരിയപ്പെട്ടത് !
എരിഞ്ഞനീറ്റൽ
അടക്കപ്പെട്ടതിൽ
പിന്നെയും, പിന്നെയും
എത്രയെത്രയോ വാക്കുകൾ
നട്ടുനനയ്ക്കപ്പെട്ടിരിക്കുന്നു
എത്രയെത്ര സന്ധ്യകൾ,
പുലരികൾ
വന്നുപോയിരിക്കുന്നു !