മഞ്ഞു വീഴ്ച

കവിത
ബി. എസ്. രാജീവ്‌


 തർക്കഭാരം ചുമന്ന്
ഹൈറേഞ്ചു കയറി.
അങ്ങ് ദൂരെനിന്നും
"സംഘടിച്ചു ശക്തരാകുവിൻ "
മുഴങ്ങി കേൾക്കുന്നു.

കരിഞ്ഞു പോയ
തേയില ചെടികൾക്കിടയിൽ നിന്നും
മെലിഞ്ഞു വിളറിയ
ഒരാൾ
ആ വരികളിൽ പിടിച്ച്
കയറ്റം കയറി വരുന്നു.
എവിടെയോ കണ്ടതാണല്ലോ
ഔദാര്യത്തിന്‍റെ
ഒരിക്കലും തീരാത്ത വരിയിലെ
അവസാനത്തെയാളാണോ.

താഴ് വരയിൽ
ചുവപ്പ് പടരുന്നു.

സമാധാനമായി
അസ്തമയം കാണാൻ
ഒന്നും തടസ്സമാകരുത്.
മഞ്ഞു കാഴ്ച്ചയിൽ കുടുങ്ങിയവർ പറയുന്നു.

നദികളും
മലകളും
കടന്ന്
ഒരിഷ്ടഗാനത്തിന്‍റെ. പല്ലവിയായി
വരുന്ന കാറ്റേ
മതിമറന്നുള്ള
വീശലിൽ
മറിച്ചിടരുതേ
ഉലയുന്ന ദേഹത്തെ.

നിഴലിനു പിന്നിൽ
വെയിലേറ്റു പിടഞ്ഞ
പെൺമുഖങ്ങൾ..
എവിടേക്കോ
ഓടിപ്പോകുന്ന
ആരുമില്ലാത്ത
കുട്ടികൾ...

മഞ്ഞും ഓർമയും
ചാറ്റൽ മഴയും ചേർന്ന്
നിങ്ങളെ നനയിപ്പിക്കുന്നുണ്ടല്ലോ..

ഒരാൾ കരഞ്ഞു തീർക്കാത്ത
കാലത്തോളം
ഈ മഞ്ഞു മഴക്ക്
തണുപ്പുണ്ടാകില്ല


Comments
* The email will not be published on the website.