
പുസ്തകവായന
ഡോ. സുമ സത്യപാൽ
ഉണ്ണിക്കൃഷ്ണൻ കിടങ്ങൂരിന്‍റെ” മഞ്ഞയിൽ കറുത്ത വരകൾ” എന്ന കഥാസമാഹാരത്തിന്‍റെ വായന
മനുഷ്യ ജീവിതത്തിന്‍റെ സങ്കീർണസമസ്യകളെ കുറിച്ചുള്ള ആകുലതകളും അന്വേഷണങ്ങളും നിരീക്ഷണങ്ങളും ഉൾക്കാഴ്ചകളും ചേർന്ന ഘടന സ്വീകരിക്കുന്നു എന്നതാണ് ചെറുകഥ എന്ന സാഹിത്യ രൂപത്തെ എല്ലാകാലത്തും പ്രിയപ്പെട്ടതാക്കുന്നത്. വർത്തമാനകാലത്തിൽ ചെറുകഥ പ്രമേയത്തിലും ആഖ്യാനത്തിലും വല്ലാതെ വിസ്മയിപ്പിക്കുന്നുണ്ട്. എങ്കിലും പുതിയ കാലത്തിന്റെ സംഘർഷങ്ങളെ അഭിമുഖീകരിച്ച് കഥയും മിക്കപ്പോഴും വൈകാരിക സംഘർഷങ്ങളെ മാത്രം സമ്മാനിച്ച് കടന്നുപോകുന്നു എന്നു തോന്നിയിട്ടുണ്ട്. സമകാലിക ജീവിത സംഘർഷങ്ങളെ അതേപടി അനുഭവിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല എന്ന തിരിച്ചറിവ് ഉണ്ടെങ്കിലും കഥ ചിലപ്പോഴെങ്കിലും മാനസിക സംഘർഷങ്ങളെ കുറയ്ക്കുന്നതു കൂടിയാകണം എന്നാഗ്രഹിക്കാറുണ്ട്.
ഉണ്ണിക്കൃഷ്ണൻ കിടങ്ങൂരിന്‍റെ” മഞ്ഞയിൽ കറുത്ത വരകൾ” എന്ന കഥാസമാഹാരം മനുഷ്യസ്വഭാവ വൈവിധ്യങ്ങളെ തനിമയുള്ള ഹാസ്യത്തിൽ ഒരളവോളം കാരിക്കേച്ചർ സ്വഭാവം നൽകി അവതരിപ്പിക്കുന്ന ഒന്നാണ്. വർത്തമാനകാലത്തിന്‍റെ സാമൂഹിക സാഹചര്യങ്ങളെ നേരിടേണ്ടി വന്ന് ഏങ്കോണിച്ചു പോയ മനുഷ്യരുടെ സ്വഭാവങ്ങളെ നിയന്ത്രിതമായ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് തന്‍റേതായ ഒരു രചനാ മാർഗം കഥാകൃത്ത് രൂപപ്പെടുത്തിയിരിക്കുന്നു.
നവഭാവുകത്വത്തിന്റെ അടയാളങ്ങളായ 9 കഥകൾ അടങ്ങിയ സമാഹാരമാണിത്. സാമൂഹികവും വൈയക്തികവുമായ ആയ ജീവിതാനുഭവങ്ങളെ കൂടുതൽ ജാഗ്രത്തായും ശക്തമായും പ്രശ്നവൽക്കരിക്കുന്ന ഈ രചനകൾ ജീവിതത്തോടുള്ള സർഗാത്മക പ്രതികരണത്തിന്റെ വ്യത്യസ്ത മുഖങ്ങൾ സമകാലിക മലയാള ചെറുകഥയിൽ പ്രകടമാകുന്നത് എങ്ങനെ എന്നതിന് ഉദാഹരണം കൂടിയാണ് . നമുക്ക് ഒട്ടും അപരിചിതരല്ല എന്ന് തോന്നുമ്പോഴും മനുഷ്യ ജീവിതത്തിന്റെ ബാഹ്യവും ആഭ്യന്തരവുമായ ചലന പ്രതിചലനങ്ങളെ ആവിഷ്കരിക്കുന്ന വ്യത്യസ്തമായതും അതുല്യമായതും ആയ മുഖവൈവിധ്യങ്ങളായി മാറുന്നു ഓരോ കഥാപാത്രവും.
”മഞ്ഞയിൽ കറുത്ത വരകൾ” എന്ന കഥാസമാഹാരം മനുഷ്യസ്വഭാവ വൈവിധ്യങ്ങളെ തനിമയുള്ള ഹാസ്യത്തിൽ ഒരളവോളം കാരിക്കേച്ചർ സ്വഭാവം നൽകി അവതരിപ്പിക്കുന്ന ഒന്നാണ്.
ലളിതമായ ആവിഷ്കാര രീതികളിലൂടെ മനുഷ്യ സ്വഭാവത്തിന്റെ നിഗൂഢതകളിലേക്ക് ഹാസ്യാത്മകമായി വിരൽ ചൂണ്ടുമ്പോഴും ചില മനുഷ്യർ നിസ്സഹായതയുടെ പര്യായം പോലെ മനസ്സിൽ നിറയുന്നതിന് തെളിവാണ് ‘അരിപ്പ ‘ എന്ന കഥ‘യിലെ ഗണേശും ശ്രീകുമാറും വിനോദ് ശങ്കറും . ജീവിതത്തിന്‍റെ വഴികളിൽ നാം എവിടെയൊക്കെയോ വെച്ചു കണ്ടു നെടുവീർപ്പെട്ട ചില മനുഷ്യ ജന്മങ്ങൾ. എന്നു മാത്രമല്ല പലപ്പോഴും അവർ നമ്മളിലേക്കോ നമ്മൾ അവരിലേക്കോ ആവേശിക്കപ്പെട്ടത് പോലെ ഒരു തോന്നൽ ഉണ്ടാക്കുന്ന കഥാപാത്രങ്ങൾ . ഒട്ടും തിടുക്കമില്ലാത്ത ജീവിതചര്യയിൽ അന്തർമുഖനായ ഒരു മനുഷ്യനാണ് ഗണേഷ് . എല്ലാ വൈകുന്നേരങ്ങളിലും തന്റേത് മാത്രം എന്ന് സ്വയം സങ്കൽപ്പിച്ചെടുത്ത ഒരിടത്ത് ഒറ്റയ്ക്കിരിക്കുന്ന ഗണേഷിന്‍റെ അടുത്തേക്ക് ഒരു ദിവസം അരിപ്പ എന്ന ശ്രീകുമാർ കടന്നുവന്ന് കസേര വലിച്ചിട്ടിരിക്കുന്നത് വായനക്കാരന്‍റെ മനസ്സിലാണ്.. ഗണേഷിന്‍റെ മനോഗതങ്ങളിലാണ് അരിപ്പ അയാളുടെ ബാല്യകാലത്തിലെ ചങ്ങാതിയാണെന്ന് മനസ്സിലാക്കുന്നത്. അവർ സംസാരിക്കുന്നത് തങ്ങളുടെ മറ്റൊരു സുഹൃത്തായ വിനോദ് ശങ്കറിനെ കുറിച്ചാണ്. സങ്കീർണ്ണമോ അതിഭാവുകത്വം നിറഞ്ഞതോ അല്ലാത്ത ലളിതമായ കഥാപരിസരത്തിലൂടെ കടന്നുപോകുന്ന കഥ അഗാധമായ ചില ആർദ്രാനുഭവങ്ങൾ നൽകുന്നുമുണ്ട്.“മനുഷ്യൻ ഒരിക്കലും ഒരൊറ്റ അനുഭവത്തിന്റെ തുടർച്ചയില്ല , അവഗണനയിലും വെറുപ്പിലും വിദ്വേഷത്തിലും എല്ലാം പലർക്കും കയറിയിറങ്ങേണ്ടിവരും. ചിലർക്ക് സ്നേഹ ശൂന്യതയുടെയും തിരസ്കാരത്തിന്‍റെയും വേദന സഹിക്കേണ്ടിവരും. അനുഭവങ്ങളാണ് ഒരാളെ പരുവപ്പെടുത്തുന്നത് . പക്ഷേ അതിന് ജീവിതം ബാക്കി വയ്ക്കണമെന്ന് മാത്രം”എന്ന് ചിന്തിക്കുന്ന ഗണേഷ് ജീവിതവസാനിപ്പിച്ചു പോയ ആളാണെന്ന് നാം മനസ്സിലാക്കുന്നത് കഥയുടെ ഒടുവിലാണ്. സ്വയം അവസാനിപ്പിക്കാൻ ഉപയോഗിച്ച കയറിന്‍റെ തുണ്ടിൽ ഗണേഷിന്‍റെ മരണം കഥാകൃത്ത് ഒതുക്കുമ്പോൾ നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്‍റെ അനുഭവങ്ങൾക്ക് ഇതിൽ കൂടുതൽ വിശദീകരണത്തിന്‍റെ ആവശ്യമില്ല എന്ന് ബോധ്യപ്പെടുത്തുന്നു. രസകരമായ സാഹചര്യങ്ങളിൽ തുടങ്ങി നിഗൂഢതയിൽ അവസാനിക്കുന്ന കഥയാണ്.
പുസ്തകത്തിന്‍റെ പുറം ചട്ടയിൽ ചേർത്തിരിക്കുന്ന എസ് ഹരീഷിന്‍റെ അഭിപ്രായം പോലെ” ഈ സമാഹാരത്തിലെ കഥകളെ ചിത്രങ്ങൾ ആക്കിയാൽ കടുത്ത നിറങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ ഇരുളും വെളിച്ചവുമായി വരക്കേണ്ടി വരും മലയാള കഥയുടെ ഏറ്റവും പുതിയ മുഖം ഈ താളുകളിൽ ഉണ്ട്”.
‘ഗുപ്തസാമ്രാജ്യം’. സ്ത്രീപുരുഷബന്ധത്തിന്‍റെ പരിചിത സാഹചര്യങ്ങൾ തന്നെയാണ് കഥാന്തരീക്ഷം എങ്കിലും കാലബദ്ധമായ മനുഷ്യജീവിതത്തിന്‍റെ വ്യഥയും ഉത്ക്കണ്ഠയും പേറുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ . ജലമോഹനൻ ,അയാളുടെ ഭാര്യ , കഥാനായകന്‍റെ ഭാര്യ ഒരു വേള കഥാനായകൻ തന്നെയും ‘ “ഇരുട്ടിൽ നിന്നും എന്നെ വേർതിരിച്ചെടുക്കാൻ ആവാതെ ഞാൻ കുഴഞ്ഞു” എന്ന് അവസാന വാചകത്തിന്‍റെ നിഴലിൽപ്പെട്ടു കിടക്കുന്നവരാണ്. ഭാവനയും യാഥാർത്ഥ്യവും തമ്മിൽ ഇഴ പിരിയുമ്പോഴും സ്വപ്നമോ വിഭ്രമമോ എന്നു സംശയിച്ചു പോകുന്ന യാഥാർത്ഥ്യത്തെ പങ്കു വയ്ക്കുന്നുണ്ട് ഈ കഥ . ഭാര്യയുടെ കണ്ണിലെ കുസൃതി കാണാൻ കഥാനായകൻ വാർത്തെടുക്കുന്ന കഥാപാത്രങ്ങൾ, രതിയുടെ നാട്ടറിവുകളും ഒറ്റമൂലികളും കൊണ്ട് സിദ്‌ധി വരുത്തിയ ‘ഓം കാമദേവായ വിദ്മഹേ ‘ എന്ന് തുടങ്ങുന്ന ഗൂഢമന്ത്രം ജപിച്ച് സ്ത്രീകളിൽ ആവേശിക്കുന്ന ഗോപിയമ്മാവനും പെണ്ണുങ്ങളുടെ മണം തളം കെട്ടിനിൽക്കുന്ന നീളൻ കല്പടവുകളിൽ കിടന്നുരുളുന്ന സതീശനും ഒക്കെ ഉൾപ്പെടുന്ന ആഖ്യാനം കഥയെ നിഗൂഢതയിൽ നിന്നടർത്തി രസിപ്പിക്കുന്നുണ്ട്. ഒപ്പം അത്തരം സാമൂഹിക ജീർണതകളോട് സദാ കലഹിക്കുന്ന എഴുത്തുകാരന്‍റെ നിതാന്ത ജാഗ്രതയും ദർശിക്കാം.
പ്രശസ്ത ഇംഗ്ലീഷ് കല്പനിക കവി പി ബി ഷെല്ലിയുടെയും ഹാരിയറ്റിന്റെയും ജീവിതമാണ് ‘വെള്ളത്തിന് കെടുത്താൻ കഴിയാത്തത് ‘ എന്ന കഥ .സ്നേഹത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ലോകത്തോട് സംസാരിച്ച,ഏകാന്തതയെ പറ്റി മനോഹരമായി കവിതകൾ എഴുതിയ, ഷെല്ലിയുടെ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരേട് ഈ കഥയിൽ തെളിഞ്ഞു നിൽക്കുന്നു. കാല്പനികഭംഗി നിറഞ്ഞുനിൽക്കുമ്പോഴും ജീവിതത്തിന്‍റെ സംത്രാസങ്ങളെ ആഴത്തിൽ അനുഭവിപ്പിക്കുന്നു. മനുഷ്യ ജീവിത ഭാവങ്ങൾക്ക് ലോകത്തെല്ലായിടത്തും എക്കാലത്തും ഒരേ മുഖമാണെന്ന് തിരിച്ചറിവ് നൽകുന്നുണ്ട് ഈ കഥ . “തകർന്ന മേൽക്കൂരയ്ക്ക് ചുവട്ടിലെ നിസ്സഹായത പേറുന്ന സ്ത്രീയുടെ ഏകാന്തതയെ കുറിച്ചോ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഉഴറുന്നവരുടെ ഏകാന്തതയെക്കുറിച്ചോ ചേർത്തുപിടിച്ചവന്‍റെ ചൂടുംചൂരും നിഴലും എന്നേക്കുമായി നഷ്ടപ്പെട്ടവളുടെ വേദനയെക്കുറിച്ചോ അല്ല ഷെല്ലി എഴുതിയത് എന്ന് മനസ്സിലാക്കിയിട്ടും തന്നിൽ നിന്ന് ഒരിക്കലും ഷെല്ലിയെ കെടുത്താൻ ആവില്ല എന്ന് തിരിച്ചറിവിൽ നിരാശയായ ഹാരിയറ്റിന്റെ ആത്മഹത്യയിലാണ് കഥഅവസാനിക്കുന്നത്. കാല്പനിക ഭംഗികൾക്കപ്പുറത്ത് ജീവിതത്തിന്റെ കഠിനമായ യാഥാർഥ്യങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് ഈ കഥവെളിപ്പെടുത്തുന്നു.
തീർത്തും ഫാന്‍റസി എന്ന വിഭാഗത്തിലേക്ക് മാത്രം ഒതുക്കി നിർത്താൻ കഴിയാത്ത വിധത്തിലുള്ള ആഴമുള്ള ഒരു പ്രമേയമാണ് “ചുവന്ന ചിറകുകൾ ‘ എന്ന കഥയുടേത്..എന്നാൽ ചില സന്ദർഭങ്ങളിൽ ഭ്രമാത്മകതയുടെ വക്കോളം നമ്മളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പക്ഷേ ആ ഭ്രമാത്മകതയല്ല ജീവിത സത്യത്തിന്‍റെ തീക്ഷണമായ അനുഭവമാണ് വായനക്കാരിലേക്ക് സംക്രമിക്കുന്നത്. മനുഷ്യർ ഏതോ നിയോഗത്തിന്റെ ഇരകളാണെന്നും അവന്റെ ജീവിതം അവനാൽ നിയന്ത്രിക്കപ്പെടുന്നതല്ലെന്നും ഉള്ള ചിന്ത യുക്തിരഹിതമായ അവസ്ഥകൾ മനുഷ്യ ജീവിതത്തിൽ പലപ്പോഴും സ്വാഭാവികമാണെന്നുള്ള ഒരു ബോധ്യത്തിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നുണ്ട്. ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വൈകാരിക ആഘാതങ്ങളും ജീവിതത്തിൽ നിന്ന് ചിലരെയെങ്കിലും നിഷ്കാസിതരാക്കുന്നു. താൻ ജീവിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന യുവാവ് ഭാവനയിൽ തനിക്കായി ലോകം സൃഷ്ടിച്ച അവിടേക്ക് പോവുകയാണ്. “അവൻ തിരിഞ്ഞു വഞ്ചി തുഴഞ്ഞു . തുഴയുന്നതിനേക്കാൾ വേഗത്തിൽ വഞ്ചി അവനെ മുന്നോട്ടു പായിച്ചു. കടലിനടിയിൽ നിന്ന് എണ്ണമറ്റ മത്സ്യങ്ങൾ പൊങ്ങി വന്നു ഘോഷയാത്ര പോലെ അവനെ അനുഗമിച്ചു. ദൂരെ ചുവന്ന ചിറകുകളിൽ തിരമാലകളെ വരുതിയിൽ നിർത്തി അവൾ അവനെ കാത്തുനിൽക്കുകയായിരുന്നു . അപ്പോൾ”..... എന്ന കഥാവസാനത്തിൽ എല്ലാം ഉപേക്ഷിക്കപ്പെടലുകളുടെയും ഒടുറിൽ സ്വയം തീർക്കുന്ന ഭ്രമാത്മകമായ ഒരു ലോകത്തേക്ക് രക്ഷപ്പെടുന്ന നിരവധി മനുഷ്യരുടെ പ്രതീകമായി ആ യുവാവ് മാറുന്നു.ഒരുപക്ഷേ ആ രക്ഷപ്പെടൽ മരണത്തിലേക്ക് തന്നെയാവാം എന്ന സൂചന കൂടി ലഭിക്കുന്നുണ്ട്.
പുതിയ കാലത്തിന്‍റെ കഥയിൽ വ്യവസ്ഥാപിതാർത്ഥത്തിൽ ചെറുകഥയുടെ ഇതിവൃത്ത പരിപൂർത്തിയോ സംഭവപരിണാമങ്ങളോ പ്രതീക്ഷിക്കാൻ കഴിയില്ല. ചെറുകഥയുടെ മൗലിക സ്വഭാവത്തെ തന്‍റേതായ രീതിയിൽ മൂർച്ച പ്പെടുത്താൻ എഴുത്തുകാരൻ സ്വീകരിക്കേണ്ട ജാഗ്രതയെ ഓർമ്മപ്പെടുത്തുകയാണ് ഈ കഥ.
അമൂർത്തമായ ഒരു ഭാവത്തെ പ്രതീയ മാനമാക്കുന്ന കഥയാണ് ‘ചന്ദ്രക്കലാധരൻ ‘. ഈ കഥയിൽ സംഭവങ്ങളെക്കാൾ മനസ്സിൽ ഇടം പിടിക്കുന്നത് കഥാന്തരീക്ഷമാണ്. ചിതറിയ ചിന്തകളും ഓർമ്മകളും പേറുന്ന ഒരു കള്ളന്‍റെ കഥയാണിത് . അയാളുടെ അനുഭവങ്ങളാകട്ടെ പ്രവചനാതീതമായ നിരവധി സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അത്തരം സാഹചര്യങ്ങളിലും കഥാന്തരീക്ഷസൃഷ്ടി മികച്ചുനിൽക്കുന്നു “സ്വപ്നത്തിലെന്നപോലെ അയാൾ തിരിഞ്ഞു നടന്നു. വാതിൽ തുറന്നപ്പോഴാണ് മുറ്റത്തെ തുളസിത്തറ ശ്രദ്ധിച്ചത്. അതിൽ ഒലിച്ചിറങ്ങിയ പഴകിയ ചോരക്കറയുള്ളതുപോലെ തോന്നി. ഒരു തള്ള തേങ്ങയുടക്കുന്നതുപോലെ അതിൽ സ്വന്തം തലയടിക്കുന്നത് അയാൾ മനസ്സിൽ കണ്ടു . കാറ്റുവീശി. മരത്തലപ്പുകളിൽ നിന്നുള്ള ആരവം നിലവിളി പോലെ പറമ്പിൽ പരന്നു” എന്നാണ് കഥ അവസാനിക്കുന്നത്. പലപ്പോഴും വിഭ്രമാത്മകമായ ഒരു വിതാനം ഈ കഥയ്ക്ക് കൈവരുന്നുണ്ടെങ്കിലും അതിനൊക്കെ മുകളിലായി ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പച്ചപിടിച്ചു നിൽക്കുന്നുണ്ട്.
ഒരു യുവ സാഹിത്യകാരന് ചില മാർഗ്ഗനിർദ്ദേശങ്ങൾ എന്ന ഉപ ശീർഷകത്തിൽ ആരംഭിക്കുന്ന കഥയാണ് ‘നല്ലത് വരും ‘ . പുതിയ കാലത്തിലെ എഴുത്തിന്‍റെ രീതിയെ , ആഖ്യാന വൈവിധ്യങ്ങളെ , വായനക്കാരന്‍റെ അഭിരുചികളെ ഒക്കെ നർമ്മബോധത്തോടെ ആവിഷ്കരിക്കുണ്ടിതിൽ. പുതിയ എഴുത്തിന്‍റെ മാനദണ്ഡങ്ങൾ പലതും എഴുത്തുകാരൻ ജാഗ്രതയോടെ നോക്കി കാണേണ്ടുന്ന അവസ്ഥയുണ്ട് അഥവാ അത്തരം ആഖ്യാന പാത പിന്തുടർന്നാലേ എഴുത്ത് സമൂഹത്തിൽ സ്വീകരിക്കപ്പെടൂ എന്ന് മുന്നറിയിപ്പ് നൽകുന്നു. പുതിയ കാലത്തിന്‍റെ കഥയിൽ വ്യവസ്ഥാപിതാർത്ഥത്തിൽ ചെറുകഥയുടെ ഇതിവൃത്ത പരിപൂർത്തിയോ സംഭവപരിണാമങ്ങളോ പ്രതീക്ഷിക്കാൻ കഴിയില്ല. ചെറുകഥയുടെ മൗലിക സ്വഭാവത്തെ തന്‍റേതായ രീതിയിൽ മൂർച്ച പ്പെടുത്താൻ എഴുത്തുകാരൻ സ്വീകരിക്കേണ്ട ജാഗ്രതയെ ഓർമ്മപ്പെടുത്തുകയാണ് ഈ കഥ .
ആഖ്യാനത്തിന്‍റെ പുതുമ കൊണ്ട് പ്രമേയത്തിലെ വൈവിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന കഥയാണ് ‘തൃണവൽ ഗുണൻ ‘ പുരാണത്തിലെ ചില കഥാ സന്ദർഭങ്ങളിൽ പൊതിഞ്ഞ് യാഥാർത്ഥ്യത്തിന് നേരെ പുലർത്തുന്ന വിമർശനാത്മക നിലപാടുകൾ കഥയിൽ തെളിഞ്ഞുനിൽക്കുന്നു. തൃണവൽഗുണൻ എന്ന മാനിന്‍റെ കഥാപാത്രസൃഷ്ടി ആഖ്യാനരീതിയുടെ വ്യത്യസ്തമായൊരു പരീക്ഷണം കൂടിയാണെന്ന് കാണാം.
ചുരുക്കത്തിൽ ഓരോ കഥയിലും നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങൾ നമുക്കിടയിൽ നിന്ന് തിരഞ്ഞെടുത്തതാണെങ്കിലും ഓരോന്നും വ്യത്യസ്തമായ സ്വഭാവം പ്രകടിപ്പിക്കുന്ന കാരിക്കേച്ചറുകളായി മാറുന്നത് കാണാം.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലെ ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയെ മുൻനിർത്തി ആഖ്യാനം ചെയ്യുന്ന കഥയാണ് ‘നട്ടപ്പാതിര ‘ . ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്തുണ്ടായ അടിയന്തിരാവസ്ഥയും അതെത്തുടർന്നുണ്ടായ സാമൂഹിക സംഘർഷാവസ്ഥകളും ഒരുവലിയ സാമൂഹിക പരിവർത്തനത്തിന് തുടക്കം കുറിച്ച ചരിത്ര കാലഘട്ടമാണ്. ഇത്തരം ചരിത്ര ഘട്ടങ്ങളുടെ വിമർശനാത്മക ചിന്തകൾ സാഹിത്യരൂപങ്ങളിൽ പാഠമായും പാഠാന്തരമായും പ്രതിഫലിക്കാറുണ്ട്. വിശേഷിച്ച് മലയാളചെറുകഥ അധികാരം എന്ന സംജ്ഞയെ ഫലപ്രദമായി എല്ലാ കാലഘട്ടത്തിലും ആവിഷ്കരിച്ചിട്ടുണ്ട് . അധികാരത്തിന്‍റെ ദുഷ്പ്രവണതകളെ വിമർശിക്കാൻ ആക്ഷേപഹാസ്യം എന്ന ആഖ്യാനതന്ത്രം എല്ലാ കാലഘട്ടത്തിലും വിജയിച്ചിട്ടുമുണ്ട്. നട്ടപ്പാതിര ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ കഥയാണ്. ഫ്യൂഡൽ പ്രഭുത്വത്തിന്‍റെ അധികാരം ഒന്നു കൊണ്ട് മാത്രം കുടുംബത്തിലും സമൂഹത്തിലും മേൽക്കോയ്മ നേടാൻ ആഗ്രഹിക്കുന്ന ആൺ അധികാരത്തിന്‍റെ പ്രതീകമാണ് കുരിയച്ചൻ. കുരിയച്ചൻ എന്ന കഥാപാത്രത്തിന്റെ ഭാവവും ചിന്താഗതിയും സംഭാഷണവും അയാൾക്ക് വ്യക്തമായ രാഷ്ട്രീയദർശനങ്ങൾ ഒന്നും തന്നെ ഇല്ല എന്നോർമിപ്പിക്കുന്നു… .കുരിയച്ചൻ വളർത്തുന്ന മൂരിയാണ് ചാണ്ടി. നാട്ടിലെ പശുക്കൾക്ക് ചെനയുണ്ടാക്കുന്ന ചാണ്ടിയും നാട്ടിലെ നിരവധി സ്ത്രീകളുമായി ബന്ധമുള്ള കുരിയച്ചനും ഒരുപോലെയാണെന്ന് കുരിയച്ചന്റെ ഭാര്യ ജോളിയുടെ അഭിപ്രായം. കുര്യച്ചനും ചാണ്ടിയും പെണ്ണിനെ കീഴടക്കാനുള്ള ഒന്നായി മാത്രം കാണുന്നു. അതേ സമയം കുരിയച്ചനെതിരെ പകരം ‘വീട്ടാൻ നിശബദമായികാത്തിരിക്കുന്ന ഭാര്യ ജോളിപ്പെണ്ണും ചാണ്ടിയെ ലവലേശo മൈൻഡ് ചെയ്യാത്ത മേരിപ്പശുവും ദുർബലരുടെ ഭാഗത്താണെന്നു തോന്നുമെങ്കിലും കുരിയച്ചനെയും ചാണ്ടിയെയും തോല്പിക്കാൻ കെല്പുള്ള ശക്തമായ കഥാപാത്രങ്ങളാണെന്ന് കഥാവസാനം തെളിയുന്നു.
കഥയിൽ തെളിയുന്ന രാഷ്ട്രീയം ഒരു കാലഘട്ടത്തിലെ ജനതയുടെ അതിജീവനത്തിന്‍റെ രാഷ്ട്രീയം കൂടിയാണ്.. അധികാര ശക്തികളുടെ അക്രമ രാഷ്ട്രീയത്തിനെപ്രതിഷേധിച്ചു കൊണ്ട് ഒരു ജനത പതുക്കെ ബലംവച്ചുവരികയും പ്രതികരണശേഷി നേടിയെടുക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ഈ കഥ പറയുന്നുണ്ട്.ആ കാലഘട്ടത്തിന്‍റെ കക്ഷി രാഷ്ട്രീയം ഉറക്കെപ്പറയുന്ന കഥാസന്ദർഭങ്ങളിൽ അപരന് . അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുന്ന ഒരു അധികാരവും പ്രത്യയശാസ്ത്രവും നിലനിൽക്കില്ല എന്നതിന് ചരിത്രത്തിൽ തെളിവുണ്ട് എന്നു കൂടി വായിക്കാം.
പത്രോസിനെ അകത്താക്കാൻ ഗോപാലനെസ്സൈയെ സമീപിക്കുന്ന കുരിയച്ചൻ” ഗാന്ധിജിയുടെ പൊന്നുമോളെ പറയുന്ന ഒരുത്തനെയും വെറുതെ വിടരുത് ഏമാനെ” എന്ന് പറയുന്നിടത്ത് വായനക്കാരനെ ചിരിപ്പിക്കുന്ന കുരിയച്ചന്‍റെ രാഷ്ട്രീയ അജ്ഞത ഇന്നും സമൂഹത്തിലെ പലരുടെയും അജ്ഞതയാണ്. ഒരു കാലഘട്ടത്തിന്‍റെ രാഷ്ട്രീയ സാഹചര്യങ്ങൾ, ജീവിതം, വൈകാരികത എന്നിവയെല്ലാം ആവിഷ്ക്കരിക്കുന്ന നട്ടപ്പാതിര എന്ന കഥ അധികാരം പലപ്പോഴും മനുഷ്യനെ ദുഷിപ്പിക്കുന്നു എന്നത് ഭരണകൂടാധികാരത്തെ ഉദ്ദേശിച്ചു മാത്രമല്ല കുടുംബം, സമൂഹം, വ്യക്തി ബന്ധങ്ങൾ എന്നിവയിലെ എല്ലാത്തരം അധികാര ഘടനകൾക്കും ബാധകമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.
ശക്തമായ സാമൂഹികമാനങ്ങൾ ഉള്ള കഥയാണ് ‘മഞ്ഞയിൽ കറുത്ത വരകൾ’. പേരപ്പൻ ഗോപാലൻ എന്ന കഥാപാത്രം യാഥാർത്ഥ്യത്തിന്‍റെയും അയഥാർത്ഥ്യത്തിന്‍റെയും ഇടയിൽ നിന്നുകൊണ്ട് പ്രതികൂല സാഹചര്യത്തിലും മനുഷ്യർ പുലർത്തുന്ന ജീവിതവ്യഗ്രത പ്രകടമാക്കുന്ന കഥാപാത്രമാണ്. നമ്മുടെ ഇടയിൽ നിന്ന് കഥയിലേക്ക് വന്നെന്ന് തോന്നുകയും എന്നാൽ ചിലയവസരങ്ങളിൽ നമ്മളെപോലും അതിശയപ്പെടുത്തുകയും ചെയ്യുന്ന പേരപ്പൻ ഗോപാലനെ പോലുള്ള കഥാപാത്രങ്ങൾ അതിവൈകാരികതകളെ ഒഴിച്ചു നിർത്തിക്കൊണ്ട് മാനുഷിക ജീവിതത്തിലെ വൈയക്തികമായ ഭാവാന്തരങ്ങളെ ആവിഷ്കരിക്കുകയാണ്. ചുരുക്കത്തിൽ ഓരോ കഥയിലും നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങൾ നമുക്കിടയിൽ നിന്ന് തിരഞ്ഞെടുത്തതാണെങ്കിലും ഓരോന്നും വ്യത്യസ്തമായ സ്വഭാവം പ്രകടിപ്പിക്കുന്ന കാരിക്കേച്ചറുകളായി മാറുന്നത് കാണാം. പുസ്തകത്തിന്‍റെ പുറം ചട്ടയിൽ ചേർത്തിരിക്കുന്ന എസ് ഹരീഷിന്‍റെ അഭിപ്രായം പോലെ” ഈ സമാഹാരത്തിലെ കഥകളെ ചിത്രങ്ങൾ ആക്കിയാൽ കടുത്ത നിറങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ ഇരുളും വെളിച്ചവുമായി വരക്കേണ്ടി വരും മലയാള കഥയുടെ ഏറ്റവും പുതിയ മുഖം ഈ താളുകളിൽ ഉണ്ട്”. കഥാപാത്രങ്ങളായിരിക്കും ആ ചിത്രങ്ങളിൽ ഏറ്റവും മിഴിവ് പകരുന്ന ഘടകം എന്നതിന് സംശയമില്ല.