
ഓപ്പണ്‍ ഫോറം
രവിശങ്കർ എസ്. നായർ
1
പി. കുഞ്ഞിരാമൻ നായരുടെ (1906-1978) ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളത്തിലെ പ്രമുഖമായ ഒരു പ്രസാധനശാല അദ്ദേഹത്തിന്‍റെ കവിതകളെല്ലാം സമാഹരിച്ച് രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി. 2005 ൽ പുറത്തുവന്ന ഈ സമാഹാരത്തിന്‍റെ അവതാരിക മലയാള നിരൂപണത്തിലെ മഹാമേരുവായി അറിയപ്പെടുന്ന സുകുമാർ അഴീക്കോടിന്‍റെതാണ്. ഇത്തരമൊരു സമാഹാരത്തിന്‍റെ പ്രാധാന്യത്തെപ്പറ്റിയും ആ യത്നത്തിൽ സമ്പാദകർ നേരിട്ട ബുദ്ധിമുട്ടുകളെയും ഒക്കെ സൂചിപ്പിച്ചുകഴിഞ്ഞ് അവതാരികയുടെ രണ്ടാം ഭാഗത്തിൽ അഴീക്കോട് ഇങ്ങനെ എഴുതുന്നു:“ഇനി ഞാൻ തൂലിക മുക്കുന്നത് കവിയെയും കവിതയെയും വിലയിരുത്തുന്ന വിമർശനത്തിന്‍റെ മഷിയിലാണ്. ഈ സമാഹാരം സമഗ്രസമാഹാരമാകണമെങ്കിൽ ഈ വിമർശനത്തെ സമഗ്രതയുള്ള വിമർശനമാക്കേണ്ടതാണെന്ന് എനിക്കു തോന്നി.” അഴീക്കോടിന്‍റെ ‘സമഗ്രവിമർശന’ത്തിന്‍റെ ചില മാതൃകകൾ നോക്കുക:

ഇത്തരമൊരു തുടക്കം കുറിച്ച അഴീക്കോട് കാല്പനിക ജല്പനങ്ങൾ മാത്രം ഉത്പാദിപ്പിക്കാൻ കഴിയുന്ന അവതാരികയെഴുത്തുകാരനായി മാറുന്നത് എന്തൊരു പതനമാണ് !
ഇത് വിമർശനമാണെന്നു പറഞ്ഞാൽ ഇന്നത്തെ കാലത്തെ സ്കൂൾകുട്ടികൾപോലും ചിരിച്ചുപോവും. സഹൃദയത്വമോ സാഹിതീയമായ ശിക്ഷണമോ ആധുനികകവിതയുടെ ഉള്ളിലേക്കു കടന്ന ആസ്വാദാനാനുഭവമോ ഒന്നുമില്ലാത്ത ഒരു മനസ്സിനു മാത്രമേ ‘കാവ്യസാഗരത്തിന്‍റെ അപാരമായ പരപ്പിന്‍റെ അടിയിൽനിന്നുയരുന്ന ഭാവകല്ലോലങ്ങൾ നോക്കിനോക്കി മസ്തിഷ്കസ്ത്ബ്ധത ബാധിക്കുന്ന വിമർശകൻ’ എന്നൊക്കെ എഴുതാൻ കഴിയൂ. ഓർക്കുക, ഇന്നും വലിയ രീതിയിൽ കൊണ്ടാടപ്പെടുന്ന ഒരു വിമർശകൻ ഇരുപതു വർഷങ്ങൾക്കു മുൻപ് എഴുതിയതാണ് ഇത്. കാവ്യസാഗരം, ഗാനനിനദം, സാരസ്വതകാന്തി, ഭാവകല്ലോലം എന്നതുപോലെയുള്ള പദങ്ങൾ വിതറിക്കൊണ്ട്, നിരൂപണപരമായ യാതൊരു ഉള്ളടക്കവുമില്ലാത്ത വാക്യങ്ങൾ ഒഴുക്കിനങ്ങ് പറഞ്ഞുപോവുക എന്നതു മാത്രമാണ് ഇവിടെ നിരൂപണം. “ആനന്ദരസം തേച്ച വിശ്വദർപ്പണത്തിങ്ക-/ലാത്മാവിൽ മുഖംകണ്ടു തനിയേചിരിക്കും ഞാൻ;/ സച്ചിദാനന്ദതേജശ്ചന്ദന വിലേപനായ്,/ വിസ്തൃതഗഗനമായ്, വിശ്വത്തെത്തഴുകും ഞാൻ” എന്ന ഭാവന പുറപ്പെട്ട കവിമനസ്സിനെയാണ് അഴീക്കോട് ഇങ്ങനെ ഭാവനാശൂന്യമായ, ചെടിപ്പിക്കുന്ന പദങ്ങളിലേക്കു പരാവർത്തനം ചെയ്യുന്നത്! (കാവ്യസാഗരം, ഭാവകല്ലോലം,സാരസ്വതകാന്തി എന്നൊക്കെയുള്ള പ്രയോഗങ്ങൾ കേട്ട് രോമാഞ്ചമണിഞ്ഞവരും, അവയുടെ അർഥതലങ്ങൾ അന്വേഷിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവരുമടങ്ങുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു എന്നതിനെക്കാൾ, ഇത്തരം നിരൂപകരെ വിഗ്രഹങ്ങളായി നഗരപ്രദക്ഷിണം നടത്തിച്ചുകൊണ്ടിരുന്നപ്പോഴും, നല്ല നിരൂപണം കുറച്ചെങ്കിലും മലയാളത്തിൽ ഉണ്ടായി എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്.) എന്തുകൊണ്ടായിരിക്കാം പി. കുഞ്ഞിരാമൻ നായർ എന്ന വലിയ കവിയുടെ രചനാലോകത്തെപ്പറ്റി അർഥവത്തായ ഒരു സാമാന്യ നിരീക്ഷണംപോലും ഇല്ലാത്ത, ഇത്ര അപഹാസ്യമായ ഒരു കുറിപ്പ് സമഗ്രവിമർശനമായി വായനാസമൂഹത്തിന്‍റെ മുന്നിൽ വയ്ക്കാൻ അഴീക്കോടിനെപ്പോലെയുള്ള ഒരു വിഖ്യാത നിരൂപകൻ മുതിരുന്നത്? ഇത് അഴീക്കോട് എന്ന നിരൂപകനിൽ ഒതുങ്ങിനിൽക്കുന്ന പ്രശ്നമല്ല. ഒരു കാലഘട്ടത്തിലെ മിക്ക നിരൂപകരും അടിസ്ഥാനപരമായി അവതാരികയെഴുത്തുകാരായിരുന്നു. നിരൂപണ ഗ്രന്ഥങ്ങളോ ലേഖനങ്ങളോ എഴുതിയതിലെത്രയോ അധികം അവർ എഴുതിയത് അവതാരികകളായിരുന്നു. അതിനപ്പുറത്തേക്കു ചിന്തിക്കാനാകാത്ത വിധത്തിൽ അവർ തങ്ങളുടെ സംവേദനശേഷിയെ പാകപ്പെടുത്തിയെടുത്തിരുന്നു. (അവതാരികകൾ നിരൂപണമായി സ്വീകരിക്കപ്പെടുന്നതിന്‍റെ പ്രശ്നങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കിയ ഒരു നിരൂപകൻ കെ.പി. അപ്പനായിരുന്നു. അവതാരികകൾ നിരൂപണപരമായ പ്രസ്താവനകൾ അല്ലെന്നും, വിനീതനായി അഭ്യർഥിക്കുന്ന എഴുത്തുകാരനോട് നിരൂപകൻ പുലർത്തുന്ന ഒരു സാമൂഹിക മര്യാദ മാത്രമാണ് അത് എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.) അക്കാലത്തെ ഒരു അവതാരികാ രചയിതാവിന്‍റെ സഹജവിശേഷതകളായ കാല്പനികഭാഷയും ചിന്താശൂന്യതയും വിമർശവസ്തുവിനെ ഉപരിപ്ലവമായി സമീപിക്കുന്ന രീതിയും ഒക്കെ എടുത്തുപിടിച്ചുനിൽക്കുന്ന, കഷ്ടിച്ച് രണ്ടു പേജു നീളുന്ന ഒരു കുറിപ്പ് പി. കുഞ്ഞിരാമൻ നായർ എന്ന കവിയെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലാണ് എന്ന് സുകുമാർ അഴീക്കോട് കരുതുന്നു എന്നതിൽനിന്നുതന്നെ ആ കാലഘട്ടത്തിലെ നിരൂപണചിന്ത എന്തായിരുന്നു എന്നു മനസ്സിലാക്കാൻ കഴിയും.
ആനുകാലികങ്ങൾ സാഹിത്യവിമർശനത്തിന് പ്രാധാന്യം നൽകാത്തതുകൊണ്ടല്ല സാഹിത്യവിമർശം വളരാത്തത്; ആനുകാലികങ്ങളെ ലക്ഷ്യമാക്കിയുള്ള സാഹിത്യവിമർശത്തിനപ്പുറത്തേക്ക് നിരൂപകരുടെ വീക്ഷണം വ്യാപിക്കാത്തതുകൊണ്ടാണ്.

മലയാള വിമർശത്തിന്‍റെ അവതാരികാഘട്ടത്തിനെത്തുടർന്ന് സാഹിത്യവിമർശം എങ്ങനെ മാറി എന്നു നോക്കാം. ഉറൂബിന്‍റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിനെക്കുറിച്ച് അതിന്‍റെ ഇരുപതാം പതിപ്പിൽ സുനിൽ പി. ഇളയിടം എന്ന വ്യക്തി എഴുതുന്നു. (സുനിൽ. പി. ഇളയിടം എന്ന ‘നിരൂപകൻ’ എന്നെഴുതാത്തത് ബോധപൂർവംതന്നെയാണ്. ആശാന്‍റെ സീതാകാവ്യം,രമണനും മലയാളകവിതയും, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്നീ കൃതിയിലൂടെ നിരൂപണത്തിന്‍റെ മാർഗത്തിലേക്ക് കുറേയെങ്കിലും സഞ്ചരിച്ചയാളാണ്, പിന്നീട് അവതാരികയെഴുത്തുകാരനായി സ്വയം സ്ഥാനപ്പെടുത്തിയ സുകുമാർ അഴീക്കോട്. സുനിൽ പി. ഇളയിടത്തെക്കുറിച്ച് അങ്ങനെ പറയാൻ കഴിയില്ല.) "ചരിത്രത്താൽ നിർണ്ണയിക്കപ്പെടുകയല്ല. ചരിത്രമായി-നാനാവിധങ്ങളായ സാമൂഹ്യബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി-വർത്തമാനത്തിൽ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാൻ തയ്യാറാവുന്ന വായനാരീതികൾക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനികപൂർവ്വകമായ ജാതിശരീരങ്ങളിൽനിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താൽ നിർണ്ണയിക്കപ്പെട്ട സ്വത്വഘടനയിൽനിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്ര വ്യക്തിബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്‍റെ ജീവചരിത്രം തന്നെയാണ് ഉറുബ് നോവലായി എഴുതുന്നത്.” അഴീക്കോടിൽനിന്ന് ഇളയിടത്തിലേക്കെത്തുമ്പോൾ നിരൂപണം എങ്ങനെ മാറിയിരിക്കുന്നു എന്നു നോക്കുക. കാവ്യസാഗരം, ഭാവകല്ലോലം,സാരസ്വതകാന്തി എന്നിങ്ങനെയുള്ള 'ആരാമത്തിന്‍റെ രോമാഞ്ച’ങ്ങൾക്കു പകരം, സാമൂഹിക ബലതന്ത്രം, ജാതിശരീരം, ആധുനികം-ആധുനികപൂർവം, പ്രത്യയശാസ്ത്രം, സ്വത്വഘടന, വ്യക്തിബോധം എന്നിങ്ങനെയുള്ള സമൂഹ-സാംസ്കാരിക-ചരിത്ര-തത്വചിന്താ രോമാഞ്ചങ്ങൾ. അഴീക്കോടിൽനിന്ന് നിരൂപണം ഏറെ പുരോഗമിച്ചു എന്നു തോന്നുന്ന വായനക്കാരെ ഞാൻ കുറ്റപ്പെടുത്തുകയില്ല. കാല്പനികമായ ഭാഷയിലൂടെ വായനക്കാരെ ആകർഷിക്കാനുള്ള ശ്രമം എന്ന നിലയിൽനിന്ന്, ആശയപരമായ വിശകലനമാണ് നിരൂപണം എന്ന തിരിച്ചറിവിലേക്കുള്ള വളർച്ച ഇവിടെ ഉണ്ടായിട്ടുണ്ട് എന്നു സമ്മതിക്കാം. എന്നാൽ നിരൂപണപരമായ ചിന്ത അവതാരികാ നിരൂപണങ്ങളുടെ ഘട്ടത്തിൽനിന്ന് ഏറെയൊന്നും വളർന്നിട്ടില്ല. സാമൂഹ്യ-സാംസ്കാരിക-ചരിത്ര-തത്വചിന്താപരമായ ആശയങ്ങൾ കൃതിയിൽ ഒട്ടിച്ചുവയ്ക്കുന്നു എന്നല്ലാതെ, കൃതിയുടെ ഉള്ളിലേക്കു കടക്കുന്നില്ല ഈ എഴുത്തും. അവതാരികാ ഘട്ടത്തിൽനിന്ന് പുസ്തകക്കുറിപ്പു ഘട്ടത്തിലേക്കാണ് മലയാള നിരൂപണം വളർന്നത്. ആനുകാലികങ്ങളിൽ പുസ്തകക്കുറിപ്പുകൾ എഴുതുകയും അവ പിന്നീട് സമാഹരിച്ച് നിരൂപണമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു നിരൂപണ സംസ്കാരം ഇന്നും മലയാളത്തിൽ പ്രബലമാണ്. പുസ്തകാസ്വാദനക്കുറിപ്പുകളുടെ ഭൗതികവും ചിന്താപരവുമായ പരിമിതികൾക്കു പുറത്തുവന്ന് നിരൂപണത്തിന്‍റെ വിശാലമായ ക്യാൻവാസിൽ സ്വയം സ്ഥാനപ്പെടുത്താൻ കഴിഞ്ഞ നിരൂപകർ വിരളമാണ്. അവതാരികകളും പുസ്തകപരിചയക്കുറിപ്പും എഴുതുന്നവരായി ഒടുങ്ങിയവർക്ക് നിരൂപകൻ ആരാണെന്നും നിരൂപണം എന്താണെന്നും നിർവചിക്കാൻ കഴിയുമായിരുന്നില്ല എന്നയിടത്താണ് മലയാള വിമർശത്തിന്‍റെ സ്വത്വപ്രതിസന്ധി ഉടലെടുക്കുന്നത്.
2
അവതാരിക, ആനുകാലികങ്ങളിലെ ലേഖനം എന്നീ ആവിഷ്കാര ഇടങ്ങൾ, അവയുടെ പ്രത്യേകതകളും സാധ്യതകളും പരിമിതികളുമുള്ള മാധ്യമങ്ങളാണ്. ഈ മാധ്യമങ്ങളുടെ പരിമിതികൾ നിരൂപണത്തിന്‍റെ ഉള്ളടക്കത്തെയും സ്വഭാവത്തെയും നിരൂപണപരമായ ഭാവുകത്വത്തെയും ഞെരുക്കുന്നുണ്ട്. ഇതു തിരിച്ചറിയാൻ കഴിയാതെ, ആനുകാലികങ്ങളിൽ ലഭിക്കുന്ന രണ്ടോ മൂന്നോ, അപൂർവമായി അഞ്ചോ ആറോ പേജുകൾക്കുള്ളിൽ സ്വയം തളച്ചിട്ടുകൊണ്ട് സാഹിത്യവിമർശം നടത്തുന്നവരാണ് നിരൂപണത്തിന്‍റെ അന്തസ്സത്തയെ ചോർത്തിക്കളയുന്നത്.
നിരൂപണത്തെ വിലയിരുത്തിയും അതിനോട് പ്രതികരിച്ചും അതിന്റെ പിന്നിലെ സാഹിതീയവും സാമൂഹികവുമായ പ്രേരണകൾ കണ്ടെത്തിയും അതിനെ ചരിത്രത്തിൽ സ്ഥാനപ്പെടുത്തിയുമാണ് നിരൂപണത്തെ ആഘോഷിക്കേണ്ടത്, നിരൂപകരെ വിഗ്രഹവത്ക്കരിച്ചുകൊണ്ടല്ല എന്ന ലളിതമായ പാഠം പഠിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല.
മാർഷൽ മക്ലൂഹൻ
മാധ്യമംതന്നെയാണ് സന്ദേശം (The medium is the message) എന്ന് മാർഷൽ മക്ലൂഹൻ 1964 ൽ പറയുന്നതിന് വളരെ മുൻപുതന്ന സൂക്ഷ്മദൃക്കുകൾക്ക് ഈ പാഠം പകർന്നുനൽകുന്ന ചരിത്രസന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അച്ചടി എന്ന മാധ്യമത്തിന്‍റെ സാധ്യതകളാണല്ലോ നോവൽ എന്ന സാഹിത്യരൂപത്തിന് ഉരുവം നൽകിയത്. അച്ചടിവിദ്യ തുറന്നിട്ട ജാലകങ്ങളില്ലായിരുന്നെങ്കിൽ വാമൊഴിയിൽ നിലനിന്നിരുന്ന കഥകളെയും പദ്യരൂപത്തിൽ വിനിമയം ചെയ്തിരുന്ന ഇതിഹാസങ്ങളെയും വരമൊഴിയുടെ മാധ്യമത്തിലൂടെ പുനർസങ്കല്പിക്കാനും വലിയ കാലഘട്ടങ്ങളിലൂടെ നീളുന്ന മനുഷ്യജീവിതത്തെയും, അതിനുള്ളിൽനിന്നുകൊണ്ട് നിത്യജീവിതത്തിലെ സാധാരണ മുഹൂർത്തങ്ങളെയും കാണാനും അവയ്ക്കു പിന്നിൽ കൊടുമ്പിരിക്കൊള്ളുന്ന സാമൂഹിക, മനശ്ശാസ്ത്ര ബലതന്ത്രങ്ങളെ വിഭാവന ചെയ്യാനും മനുഷ്യനു കഴിയുമായിരുന്നോ? ലിറിക്കൽ ഭാവനയിൽനിന്ന് ഗദ്യഭാവനയിലേക്കുള്ള പരിവർത്തനം മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയൊരു ഗതിമാറ്റമായി മിലൻ കുന്ദേര എടുത്തുകാണിക്കുന്നുണ്ട്. അച്ചടിയും ഗതാഗത സൗകര്യങ്ങളും പിന്നെയും വികസിക്കുകയും, ആനുകാലികങ്ങൾക്ക് വലിയ പ്രചാരം ഉണ്ടാവുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ചെറുകഥ എന്ന സാഹിത്യരൂപം മനുഷ്യഭാവനയിൽ ഉയർന്നുവന്നത്. ആനുകാലികങ്ങളിൽ ലഭ്യമായിരുന്ന പരിമിതമായ സ്ഥലത്തേക്ക് കഥകളെ ഒതുക്കാൻ നിർബന്ധിതരായ എഴുത്തുകാർ പുതിയൊരു വീക്ഷണത്തിലൂടെ മനുഷ്യനെ കാണാൻ തുടങ്ങുകയായിരുന്നു. മനുഷ്യന്‍റെ ചെറിയ ചലനങ്ങളിലും ചേഷ്ടകളിലുംപോലും വലിയ കഥകൾ മറഞ്ഞിരിക്കുന്നത് കാണാൻ കഴിഞ്ഞ എഴുത്തുകാരാണ് ചെറുകഥയുടെ ഊടും പാവും കോർത്തെടുത്തത്. മാധ്യമം സന്ദേശത്തെ സ്വാധീനിക്കുന്ന അല്ലെങ്കിൽ സൃഷ്ടിക്കുന്ന ഇത്തരം ചരിത്ര മുഹൂർത്തങ്ങൾപോലെ മാധ്യമത്തിന്‍റെ പരിമിതികൾ ഭാവനയെയും സർഗാത്മകതയെയും ഞെരുക്കുന്ന സന്ദർഭങ്ങളും നാം കാണേണ്ടുതുണ്ട്. മലയാളത്തിലേക്കു നോക്കിയാൽ അവതാരികകളും ആനുകാലിക ലേഖനങ്ങളും തങ്ങളുടെ മാധ്യമമായി സ്വീകരിച്ച നിരൂപകരാണ് സാഹിത്യവിമർശത്തിൽ വലിയ സ്വത്വപ്രതിസന്ധികൾ വളർത്തിക്കൊണ്ടുവന്നത്. നമ്മുടെ സാമൂഹിക, സാമ്പത്തിക പരിസ്ഥിതികൾ ഒരു കാലത്ത് വിമർശനപരമായ ആവിഷ്കാരത്തെ ഈ മാധ്യമങ്ങളിലേക്ക് ഞെരുക്കിയൊതുക്കി എന്നത് വാസ്തവമാണ്. അൻപതു വർഷം മുൻപൊക്കെ, ഏറ്റവും പ്രസിദ്ധരായ നിരൂപകർക്കുപോലും വർഷത്തിൽ രണ്ടോ മൂന്നോ ലേഖനങ്ങൾ മാത്രം എഴുതാൻ സാധിക്കുന്ന വിധത്തിൽ എണ്ണത്തിൽ പരിമിതമായ ആനുകാലികങ്ങളും, വല്ലപ്പോഴും തേടിയെത്തിയേക്കാവുന്ന അവതാരികയെഴുത്തും മാത്രമായിരുന്നു നിരൂപകരുടെ ആവിഷ്കാര ഇടങ്ങൾ. നിരൂപണപുസ്തകങ്ങളുടെ പ്രസിദ്ധീകരണസാധ്യതകൾ വിരളമായിരുന്നു എന്നു മാത്രമല്ല, കഠിനമായ സാമ്പത്തിക വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഒരു നിരൂപണ പുസ്തകം പുറത്തിറക്കിയാൽത്തന്നെ ആനുകാലികങ്ങളിലെ ഒരു ലേഖനത്തിന്‍റെയോ അവതാരികയുടെയോ റീച്ച് അതിനു കിട്ടുമായിരുന്നുമില്ല. നിരൂപകർ അവതാരികയെഴുത്തുകാരായും ആനുകാലികങ്ങളിലെ ലേഖനമെഴുത്തുകാരായും വേഷമെടുത്തത് ഈ സാമൂഹിക സാംസ്കാരിക അവസ്ഥകളുടെ സമ്മർദത്തിലാണ്. അതേസമയം, ആവിഷ്കാര ഇടങ്ങളിൽ നിറഞ്ഞിരുന്ന ഇത്തരം സാമൂഹിക, സാമ്പത്തിക ഞെരുക്കങ്ങളിൽനിന്ന് സ്വന്തം ചിന്തയെയും ഭാവനയെയും സംരക്ഷിക്കാൻ കഴിഞ്ഞ ചുരുക്കം ചില നിരൂപകർ മലയാളത്തിൽ ഉണ്ടായിരുന്നു.
3
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങൾ മുതൽ, അതായത് ആധുനിക മലയാള സാഹിത്യം എന്നു നാം വിളിക്കുന്ന ആവിഷ്കാരങ്ങൾ ഗദ്യത്തിലും പദ്യത്തിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയ വർഷങ്ങൾ മുതൽ നോക്കൂ; സാഹിത്യ വിമർശത്തിന്‍റെ ഗതി സർഗാത്മക സാഹിത്യത്തിന്‍റെ ഏറെ പിന്നിലാണ്. ഇന്നത്തെ കാലത്തോട് കൂടുതൽ അടുക്കുന്തോറും സർഗാത്മക സാഹിത്യം കുതിക്കുകയും സാഹിത്യ വിമർശനം ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്നതാണ് നാം കാണുന്നത്. കവിതയിൽ കുമാരനാശാനും, പിന്നീട് ഗദ്യസാഹിത്യത്തിൽ ബഷീറും മലയാള ഭാവനയെ സർവസ്വതന്ത്രമായി വിഹരിക്കാൻ വിട്ടുതുടങ്ങിയപ്പോഴും നിരൂപകർ അവതാരികകളിലും ആനുകാലികങ്ങളിലെ ലേഖനങ്ങളിലും സ്വയം തളയ്ക്കുകയായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ലോകോത്തരമായ ക്ലാസിക്കുകൾ മലയാള സാഹിത്യത്തിലുണ്ടെന്ന് കാണാൻ നമുക്കു കഴിയുന്നു; പക്ഷേ അവയുടെ ക്ലാസിക്ക് മൂല്യം തിരിച്ചറിയാനും അവയെ സാഹിത്യ ചരിത്രത്തിൽ സ്ഥാനപ്പെടുത്താനും കഴിഞ്ഞ വിമർശന ക്ലാസിക്കുകൾ നമുക്ക് ഇല്ല. മലയാള നിരൂപണത്തിന്‍റെ ഗതിയെ ആഴത്തിൽ സ്വാധീനിച്ച ഒരു മലയാള വിമർശനകൃതിയും നമുക്കില്ല. ഇതു പറയുമ്പോഴും മലയാള നിരൂപണത്തെ ഞാൻ എഴുതിത്തള്ളുകയല്ല; നേരെ മറിച്ച്, നിരൂപണപരമായ ആവിഷ്കാരങ്ങൾക്കു വളർന്നുവരാനുള്ള ഭൗതിക സാഹചര്യങ്ങൾ പരിമിതമായിരുന്ന ഒരു സമൂഹത്തിൽനിന്നുകൊണ്ട് ഉദാത്തമായ നിരൂപണങ്ങൾ രചിച്ച ചുരുക്കം ചില നിരൂപകരെ ആദരവോടെയും അദ്ഭുതത്തോടെയും നോക്കിക്കാണുകയാണ്. ബഷീറിന്‍റെ ‘ശബ്ദങ്ങൾ’ എന്ന കൃതിയുടെ സാമൂഹിക, സാംസ്കാരിക മാനങ്ങൾ തെളിമയോടെ കാണാൻ കഴിഞ്ഞ കേസരി ബാലകൃഷ്ണ പിള്ളയിലും, മഹാഭാരത സന്ദർഭങ്ങൾക്കുപിന്നിലെ മൂല്യസങ്കല്പങ്ങളെ വിലയിരുത്തുന്ന, ഹാസ്യത്തിന്‍റെ ആന്തരികപ്രേരണകളെക്കുറിച്ച് ചിന്തിക്കുന്ന കുട്ടികൃഷ്ണ മാരാരിലും, സി.വി. രാമൻപിള്ളയെ നയിച്ച ദൈവനീതി സങ്കല്പത്തെ വിഭാവന ചെയ്യുന്ന ഡോ. കെ. ഭാസ്കരൻ നായരിലും, നോവൽ എന്ന സാഹിത്യ പ്രസ്ഥാനത്തിന്‍റെ കേരളീയമായ ആവിഷ്കാരങ്ങളുടെ സവിശേഷതകളിലൂടെ സഞ്ചരിക്കുന്ന എം.പി. പോളിലും എല്ലാം നാം കാണുന്നത് നിരൂപണ ചിന്തയുടെ ഉദാത്തമായ ആവിഷ്കാരമാണ്.
ഇതൊക്കെയാണെങ്കിലും അർഥഗാംഭീര്യമുള്ള പദങ്ങൾ വിതറിക്കൊണ്ട് ആശയങ്ങളൊന്നുമില്ലാത്ത കാമ്പിനെ മറച്ചുപിടിക്കുന്ന അവതരണ ശൈലി ഈ പ്രബന്ധം വിലയിരുത്തിയ മിക്കവരെയും കബളിപ്പിച്ചു.
കുറച്ചുകൂടി അടുത്തകാലത്തേക്കു വന്നാൽ, ബഷീറിനെക്കുറിച്ചെഴുതുന്ന എം. എൻ. വിജയനിലും, വി.കെ.എന്നിനെക്കുറിച്ച് എഴുതുന്ന കെ.പി. അപ്പനിലും മൗലികമായ നിരൂപണ ചിന്തയുടെയും ആഴത്തിലുള്ള ഉൾക്കാഴ്ചകളുടെയും വെളിച്ചം നാം കാണുന്നുണ്ട്. (വി.കെ.എന്നിനെക്കുറിച്ച് കെ.പി. അപ്പൻ മുന്നോട്ടു വെച്ച നിരീക്ഷണങ്ങളോട് യോജിക്കാൻ കഴിയുന്നില്ലെങ്കിൽപ്പോലും, വി.കെ. എന്നിന്‍റെ ഹാസ്യപ്രതിഭയെ സ്വാധീനിച്ച സാമൂഹിക സന്ദർഭങ്ങൾ കണ്ടെത്താനുള്ള അദ്ദേഹത്തിന്‍റെ ശ്രമം, വലിയൊരു നിരൂപകനായി അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു എന്നത് എനിക്കു കാണാൻ കഴിയുന്നുണ്ട്.) ഇവരെല്ലാവരും അവതാരികാ കാലഘട്ടത്തിലോ ആനുകാലിക കാലഘട്ടത്തിലോ ജീവിച്ചവരായിരുന്നുവെങ്കിലും ഈ ആവിഷ്കാര ഇടങ്ങളുടെ പരിമിതികളിൽപ്പെട്ടുപോകാതെ ഉദാത്തമായ നിരൂപണചിന്തയിൽനിന്നുയർന്ന വലിയ ചോദ്യങ്ങളെ പിൻതുടർന്നവരായിരുന്നു. അങ്ങനെ ‘മാധ്യമമാണ് സന്ദേശം’ എന്ന നിയമത്തിൽനിന്നു സ്വയം വിമോചിതരായ കുറച്ചു നിരൂപകരുടെ സൃഷ്ടികളാണ് മലയാള വിമർശനത്തിന്‍റെ ബാക്കിപത്രം. ഈ സംസ്കാരത്തിന്‍റെ തുടർച്ച തീരെ ഇല്ലാതായി എന്നു പറയുന്നില്ല; വി.രാജകൃഷ്ണനെയും ഇ.വി. രാമകൃഷ്ണനെയും പ്രസന്നരാജനെയും പോലെയുള്ള നിരൂപകരുടെ രചനകൾ നമ്മുടെ മുന്നിലുണ്ട്. അവരെ തുടർന്നുവരുന്ന തലമുറയിലും മികച്ച നിരൂപകരുണ്ട്. ('അന്ധനായ ദൈവം’ എന്ന കൃതിയിലൂടെ വലിയ പ്രതീക്ഷകൾ ഉണർത്തിയ നിരൂപകനാണ് പി.കെ. രാജശേഖരൻ. വലിയൊരു നിരൂപകനുണ്ടാകേണ്ട തീക്ഷ്ണമായ വിമർശാവബോധവും, കാലികമായ സാഹിത്യചിന്തകളുടെ വെളിച്ചത്തിൽ കൃതികളെ വിലയിരുത്താനുള്ള പാടവവും, സാമൂഹിക, സാംസ്കാരിക പശ്ചാത്തലത്തിൽ കൃതിയെയും എഴുത്തുകാരെയും കാണാനുള്ള സ്വയംശിക്ഷണവും ഒക്കെ വെളിവാക്കുന്നു പ്രസ്തുത പുസ്തകത്തിലെ പല ലേഖനങ്ങളും. എന്നാൽ, പിൽക്കാല രചനകൾക്ക് ഈ തലത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നാണ് എന്‍റെ വിലയിരുത്തൽ.)
പുസ്തകക്കുറിപ്പിലേക്കു ഞെരുക്കപ്പെടുന്ന നിരൂപണചിന്തയ്ക്ക് ചിന്താപരമായ സ്വാതന്ത്ര്യവും, കൃതിയുടെ സാമൂഹികവും മനശ്ശാസ്ത്രപരവും ഭാഷാപരവുമായ തലങ്ങളെ സ്പർശിച്ചറിയാനുള്ള കഴിവും, കൃതിയെയും രചയിതാവിനെയും ചരിത്രപരമായി സ്ഥാനപ്പെടുത്താനുള്ള വിശാലമായ കാഴ്ചപ്പാടുമാണ് കൈമോശം വരുന്നത്.

ഉറൂബ്
എങ്കിലും പൊതുവായി വിലയിരുത്തുകയാണെങ്കിൽ, ആനുകാലിക ലേഖനങ്ങളുടെ സ്വഭാവത്തിൽനിന്നു പുറത്തുവന്ന് ഉദാത്തമായ നിരൂപണചിന്തയുടെ വലിയ ക്യാൻവാസിലേക്ക് സ്വയം സ്ഥാപിക്കാൻ ഇന്നത്തെ മലയാള നിരൂപണ സാഹിത്യത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.
4
ആനുകാലികങ്ങളുടെ അങ്കണങ്ങൾക്കകത്ത് സ്വയം തളച്ചിടുന്ന നിരൂപകർ ദുരന്തകഥാപാത്രങ്ങളായി മാറുന്നത് അവർ അറിയുന്നില്ല. ആശാനെയും ചങ്ങമ്പുഴയെയും ജിയെയും വിലയിരുത്താനും വിമർശിക്കാനും ശ്രമിച്ച അഴീക്കോടിൽ അപക്വമായ നിരൂപണ സങ്കല്പങ്ങളുടെയും അക്കാലത്തെ കാല്പനിക ആശയങ്ങളുടെയും ലാഞ്ചനകൾ കാണാമെങ്കിലും സാഹിത്യകൃതിയുടെ ഉള്ളിലേക്കു കടന്നുചെന്ന് അതിനെ കർശനമായി മൂല്യനിർണയം ചെയ്യാൻ ശ്രമിക്കുന്ന നിരൂപണ ചിന്തയുടെ വിത്തുകൾ നമുക്കു കാണാം. ഇത്തരമൊരു തുടക്കം കുറിച്ച അഴീക്കോട് കാല്പനിക ജല്പനങ്ങൾ മാത്രം ഉത്പാദിപ്പിക്കാൻ കഴിയുന്ന അവതാരികയെഴുത്തുകാരനായി മാറുന്നത് എന്തൊരു പതനമാണ് ! ഇക്കാലത്ത് നിരൂപണ പഠനങ്ങളായി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന പുസ്തകങ്ങൾ മിക്കവാറും എല്ലാംതന്നെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരങ്ങൾ മാത്രമാണ്. പുസ്തകം എന്ന മാധ്യമത്തിനു യോജിക്കുന്ന വിധത്തിൽ അവയെ വിപുലീകരിക്കാനോ അഴിച്ചുപണിയാനോ എഴുത്തുകാർ മിനക്കെടാറില്ല. പുസ്തകമായി സങ്കല്പിച്ച് എഴുതുകയും അവയുടെ പല ഭാഗങ്ങൾ ലേഖനങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നത് അപൂർവം. സാധാരണ സംഭവിക്കുന്നത്, പ്രമേയപരമായി തുടർച്ചപോലുമില്ലാതെ പല കാലങ്ങളിൽ പല രീതികളിൽ എഴുതിയ ലേഖനങ്ങൾ സമാഹരിക്കപ്പെട്ട് പുസ്തകമായി പുറത്തുവരുന്നതാണ്. പുസ്തകക്കുറിപ്പിലേക്കു ഞെരുക്കപ്പെടുന്ന നിരൂപണചിന്തയ്ക്ക് ചിന്താപരമായ സ്വാതന്ത്ര്യവും, കൃതിയുടെ സാമൂഹികവും മനശ്ശാസ്ത്രപരവും ഭാഷാപരവുമായ തലങ്ങളെ സ്പർശിച്ചറിയാനുള്ള കഴിവും, കൃതിയെയും രചയിതാവിനെയും ചരിത്രപരമായി സ്ഥാനപ്പെടുത്താനുള്ള വിശാലമായ കാഴ്ചപ്പാടുമാണ് കൈമോശം വരുന്നത്. ഇവയെല്ലാം നീക്കിക്കഴിഞ്ഞാൽ അവശേഷിക്കുന്ന നിർഗുണമായ ഉത്പന്നത്തിൽ തൃപ്തരാകുന്ന നിരൂപകരാണ് സാഹിത്യവിമർശത്തിലെ സ്വത്വപ്രതിസന്ധിയുടെ മറ്റൊരു മുഖം. മലയാള സാഹിത്യം ലോകസാഹിത്യത്തിന്‍റെ ഭാഗമാണെന്നും ലോകോത്തരമായ നിരവധി രചനകൾ മലയാളത്തിലുണ്ടാകുന്നുണ്ട് എന്നും അഭിമാനത്തോടെ മലയാളിക്കു പറയാൻ കഴിയാത്തത് ആനുകാലികങ്ങളിലെ ലേഖനമെഴുത്തുകാരായി നിരൂപകർ സ്വയം നിർവചിച്ചിരിക്കുന്നതുകൊണ്ടാണ്. എൺപതുകളിൽ ഇറങ്ങിയ രണ്ടു മലയാള നോവലുകളിലേക്ക് തിരിഞ്ഞുനോക്കാം. സി.വി. ബാലകൃഷ്ണന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’ എത്ര ഗംഭീരമായ രചനയാണ്. പാപത്തിന്‍റെയും പാപബോധത്തിന്‍റെയും അർഥതലങ്ങളിൽക്കൂടി വായനക്കാരെ കൊണ്ടുപോകുന്നു ആ കൃതി.
ഈ രണ്ടു ചെറിയ നോവലുകളുടെ മൗലികതയോ ആശയപരമായ വിസ്തൃതിയോ സാഹിതീയമായ പ്രാധാന്യമോ വിലയിരുത്തുന്നതിൽ നാം അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ആനുകാലികങ്ങളിലെ ലേഖനങ്ങളിലൊതുക്കാൻ കഴിയുന്നതായിരുന്നില്ല അവയുടെ വിസ്തൃതി.
ബൈബിളിന്‍റെ ഭാഷയിലൂടെ സംസാരിക്കുമ്പോഴും എത്രത്തോളം കേരളീയമാണ് അതിലെ അന്തരീക്ഷം. ദസ്തേവിസ്കിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മനുഷ്യമനസ്സിലെ എന്തെല്ലാം പ്രഹേളികകൾ ആണ് അതു നമ്മുടെ മുന്നിൽ തുറന്നുവയ്ക്കുന്നത്. ഇനി സി.ആർ. പരമേശ്വരന്‍റെ ‘പ്രകൃതിനിയമം’ നോക്കൂ. പ്രത്യയശാസ്ത്രം അർബുദംപോലെ സമൂഹമനസ്സിലും വ്യക്തിയിലും വളർന്നുമുറ്റുന്ന മരവിപ്പിക്കുന്ന അനുഭവം ആവിഷ്കരിച്ചുകൊണ്ട് രാഷ്ട്രീയത്തിന്‍റെയും ചരിത്രത്തിന്‍റെയും കാണാപ്പുറങ്ങളെ ഒരു ദു:സ്വപ്നം പോലെ വരച്ചിടുന്ന കൃതി. ഈ രണ്ടു ചെറിയ നോവലുകളുടെ മൗലികതയോ ആശയപരമായ വിസ്തൃതിയോ സാഹിതീയമായ പ്രാധാന്യമോ വിലയിരുത്തുന്നതിൽ നാം അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ആനുകാലികങ്ങളിലെ ലേഖനങ്ങളിലൊതുക്കാൻ കഴിയുന്നതായിരുന്നില്ല അവയുടെ വിസ്തൃതി. അവ പ്രസിദ്ധീകരിച്ച കാലത്തു പുറത്തുവന്ന ചില പുസ്തകക്കുറിപ്പുകൾ അല്ലാതെ യാതൊരു നിരൂപണ പ്രതികരണവും മഹത്തായ ഈ രചനകളെക്കുറിച്ച് ഉണ്ടായിട്ടില്ല. മലയാള സാഹിത്യത്തിലുണ്ടായ മികച്ച രചനകളുടെയും എഴുത്തുകാരുടെയും എണ്ണം നിസ്സാരമല്ല. വി.കെ.എൻ എന്ന എഴുത്തുകാരനെ മാത്രം എടുക്കാം. ഇംഗ്ലീഷിനോ, വിവർത്തനങ്ങൾ വഴി നാം പരിചയപ്പെട്ടിട്ടുള്ള മറ്റു വലിയ ഭാഷകളിലെ സാഹിത്യങ്ങൾക്കോ വി.കെ.എന്നിനു സമശീർഷനായ ഒരു ഹാസ്യകാരനെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല എന്നു നിസ്സംശയം പറയാം. അത്ര ഉന്നതനായ ഈ എഴുത്തുകാരനെക്കുറിച്ച് നമ്മുടെ നിരൂപണപ്രതികരണം എന്തായിരുന്നു? മലയാളത്തിലെ മഹത്തായ രചനകളെയും വലിയ എഴുത്തുകാരെയും ഉൾക്കൊള്ളാനും വിലയിരുത്താനും കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, നമ്മുടെ നിരൂപണ സാഹിത്യത്തിന് അവയെയൊന്നും എത്തിത്തൊടാൻപോലും കഴിയുന്നില്ല. വളരെ അടുത്ത കാലത്തിറങ്ങിയ ചില നോവലുകൾ മാത്രം നോക്കൂ. ഇ. സന്തോഷ്കുമാറിന്‍റെ ‘ജ്ഞാനഭാരം’, ഹരീഷിന്‍റെ ‘മീശ’, രാജശ്രീയുടെ ‘കല്യാണിയും ദാക്ഷായണിയും എന്നു പേരായ രണ്ടു സ്ത്രീകളുടെ കത’, സന്ധ്യാമേരിയുടെ 'മറിയ വെറും മറിയ’ എന്നിവ ഓരോന്നും നോവൽസാഹിത്യത്തിലെ വലിയ നേട്ടങ്ങളാണ്. മലയാളത്തിന്‍റെ സർഗപ്രതിഭയുടെ വൈപുല്യത്തിന്‍റെയും വൈവിധ്യത്തിന്‍റെയും തനിമയുടെയും നിദർശനങ്ങളാണ് അവ. ആനുകാലികങ്ങളിലെ ലേഖനങ്ങളിലേക്ക് ഒതുക്കാവുന്നവയല്ല അവയൊന്നും. ചെറുകഥയിലും ഇതുപോലെ മികച്ച രചനകൾ ഉണ്ടാകുന്നുണ്ട്. (കവിതയിലും ഉണ്ട് എന്ന് ഞാൻ കരുതുന്നു. ചുള്ളിക്കാടിനു ശേഷമുള്ള കവികളുടെ രചനകളുമായി എനിക്ക് വേണ്ടത്ര പരിചയം ഇല്ലാത്തതിനാൽ അതിലേക്കു കടക്കുന്നില്ല.) ഇങ്ങനെ ഗംഭീരമായ ഒരു രചനാപ്രപഞ്ചം ഉയർത്തുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താനോ, അതിനോട് പ്രതികരിക്കാനോ കഴിയാത്ത നിരൂപണ സംസ്കാരമാണ് മലയാളത്തിനുള്ളത്. ഈ അവസ്ഥ മലയാള നിരൂപകർ തിരിച്ചറിയുന്നതുപോലുമില്ല.

5
വിമർശനമല്ല, വിമർശകരാണ് മലയാളത്തിൽ ആഘോഷിക്കപ്പെടുന്നത്. സുകുമാർ അഴീക്കോടിനെക്കുറിച്ച് എത്രയോ പുസ്തകങ്ങളും ലേഖനങ്ങളും ഓർമക്കുറിപ്പുകളും ഉണ്ടായിട്ടുണ്ട്; ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ നിരൂപണത്തെക്കുറിച്ച് നാം നിശ്ശബ്ദരാണ്. അതുപോലെയാണ് എം. ലീലാവതിയും. നിരൂപണത്തെ വിലയിരുത്തിയും അതിനോട് പ്രതികരിച്ചും അതിന്റെ പിന്നിലെ സാഹിതീയവും സാമൂഹികവുമായ പ്രേരണകൾ കണ്ടെത്തിയും അതിനെ ചരിത്രത്തിൽ സ്ഥാനപ്പെടുത്തിയുമാണ് നിരൂപണത്തെ ആഘോഷിക്കേണ്ടത്, നിരൂപകരെ വിഗ്രഹവത്ക്കരിച്ചുകൊണ്ടല്ല എന്ന ലളിതമായ പാഠം പഠിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. സ്വതന്ത്രമായ ചിന്തയിലും അന്വേഷണത്തിലും മൂല്യനിർണയത്തിലും ഊന്നിയുള്ള ബൗദ്ധിക സംസ്കാരം കേരളത്തിൽ ദുർബലമാണ് എന്നതാണ് ഇതിനു കാരണം. ഇന്നും ഒരു overgrown village ന്‍റെ സ്വഭാവങ്ങൾ ശക്തമാണ് നമ്മുടെ സമൂഹത്തിന്. വലിയ നിരൂപകരായി ചിലരെ വിഗ്രഹവത്ക്കരിക്കുകയും അവരുടെ അപദാനങ്ങൾ പാടുകയും ചെയ്യുന്നതിനപ്പുറം അവരുടെ ആശയങ്ങളെ വിലയിരുത്താൻ തുടർന്നുവരുന്ന നിരൂപകരോ ഗവേഷകരോ ശ്രമിക്കാറില്ല. (ഇവിടെയും കെ.പി. അപ്പൻ വേറിട്ടുനിൽക്കുന്നു. സമകാലികരായ പല നിരൂപകരുടെയും നിരീക്ഷണങ്ങളെയും ആശയങ്ങളെയും സൂക്ഷ്മമായി വിലയിരുത്തുകയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.) സാഹിത്യനിരൂപണം എന്നത് വലിയ ഒരു കാര്യമായി ആരും കരുതുന്നില്ല; അപ്പൻ കരുതിയതുപോലെ ഒരു minor art ആയിപ്പോലും അതിനെ ആരും ഇന്നു കണക്കാക്കുന്നില്ല. രാഷ്ട്രീയം, സാമൂഹിക-സാമ്പത്തിക സംഭവവികാസങ്ങൾ, കായികവിനോദങ്ങൾ, ആരോഗ്യകാര്യങ്ങൾ എന്നിവയെല്ലാം കഴിഞ്ഞ് ആനുകാലികങ്ങളിൽ സ്ഥാനം പിടിക്കുന്നവയാണ് സാഹിത്യലേഖനങ്ങൾ. അതേസമയം എഴുത്തുകാർക്ക് - അവരുടെ വ്യക്തിജീവിതത്തിനും അനുഭവങ്ങൾക്കും യാത്രാസ്മരണകൾക്കുമെല്ലാം നല്ല പ്രാധാന്യം ലഭിക്കുന്നുമുണ്ട്. സർവകലാശാലകളിലെ സെമിനാറുകളും ചർച്ചാപരിപാടികളുമെല്ലാം ശ്രദ്ധിക്കുന്നവർക്ക് അറിയാമായിരിക്കും സാഹിത്യവിമർശം അവിടെയൊന്നും ഒരു മുൻഗണനാവിഷയമല്ല എന്ന്.
ഈ ഗവേഷണങ്ങളുടെ നിഗമനങ്ങൾ നിരൂപണചിന്തയിലേക്കു കടന്നുവരുന്നതുപോയിട്ട് ഒരിടത്തും ഉദ്ധരിക്കപ്പെടുന്നതുപോലും കണ്ടിട്ടില്ല. അത്രയും ഉപയോഗശൂന്യമായ ഉത്പന്നമാണ് ഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ഒരു അടിസ്ഥാന ചിന്താപദ്ധതിയായിട്ടല്ല സാഹിത്യവിമർശം മലയാളത്തിൽ വളർന്നത്; ഒരു ഹോബിയായിട്ടാണ്. ഈ മനോഭാവം സമൂഹത്തിൽ പ്രതിഫലിക്കുന്നുണ്ട്; മറ്റൊരു വീക്ഷണകോണിൽനിന്നു നോക്കിയാൽ ദുർബലമായ ചിന്താപാരമ്പര്യം പേറുന്ന ഒരു സമൂഹത്തിൽ ഇങ്ങനെയൊരു വിമർശ പാരമ്പര്യം വളർന്നുവന്നതിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ല. ആനുകാലികങ്ങൾ സാഹിത്യവിമർശനത്തിന് പ്രാധാന്യം നൽകാത്തതുകൊണ്ടല്ല സാഹിത്യവിമർശം വളരാത്തത്; ആനുകാലികങ്ങളെ ലക്ഷ്യമാക്കിയുള്ള സാഹിത്യവിമർശത്തിനപ്പുറത്തേക്ക് നിരൂപകരുടെ വീക്ഷണം വ്യാപിക്കാത്തതുകൊണ്ടാണ്. സമൂഹമനസ്സും വിമർശകമനസ്സും തമ്മിൽ പരസ്പരപൂരകങ്ങളായ ബന്ധമുണ്ടെന്നുംവരാം. ഡോ. എം. ലീലാവതിയും ആഷാമേനോനും ഒക്കെ എഴുതുന്നത് നിരൂപണമായി സ്വീകരിക്കാൻ തയ്യാറാകുന്ന ഒരു സമൂഹത്തിൽ, ആശാന്‍റെ സീതാകാവ്യത്തെക്കുറിച്ച് എഴുതിക്കൊണ്ട് നിരൂപണ ജീവിതത്തിനു തുടക്കം കുറിച്ച അഴീക്കോട് ‘കുഞ്ഞിരാമൻനായരുടെ കാവ്യസാഗരത്തിന്‍റെ അപാരമായ പരപ്പിന്‍റെ അടിയിൽനിന്നുയരുന്ന ഭാവകല്ലോലങ്ങൾ നോക്കിനോക്കി മസ്തിഷ്കസ്ത്ബധത ബാധിക്കുന്ന’താണ് സാഹിത്യവിമർശം എന്ന തിരിച്ചറിവിലേക്കു പതിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. മലയാള വിമർശത്തിന്‍റെ സ്വത്വപ്രതിസന്ധിയെ പ്രതിനിധീകരിക്കുന്നത് ഈ വിഷമവൃത്തംതന്നെയാണ്.

6
മലയാള നിരൂപണത്തിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് ധാരണയുള്ളവർപോലും ശ്രദ്ധിക്കാത്ത ഒരു വശമുണ്ട് അതിന്. അത് കോളേജുകളിലും സർവകലാശാലകളിലും സാഹിത്യമേഖലയിൽ നടക്കുന്ന ഗവേഷണമാണ്. ഈ ഗവേഷണങ്ങളുടെ നിഗമനങ്ങൾ നിരൂപണചിന്തയിലേക്കു കടന്നുവരുന്നതുപോയിട്ട് ഒരിടത്തും ഉദ്ധരിക്കപ്പെടുന്നതുപോലും കണ്ടിട്ടില്ല. അത്രയും ഉപയോഗശൂന്യമായ ഉത്പന്നമാണ് ഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഉന്നതമായ നിരൂപണചിന്തയുടെ സ്വാധീനത്തിൽ അന്വേഷണത്തിന്‍റെയും വിലയിരുത്തലിന്‍റെയും പാതകളിൽകൂടി സഞ്ചരിച്ചുവളർന്ന വിദ്യാർഥികളല്ല ഗവേഷണത്തിനെത്തുന്നത് എന്നതാണ് ഇവിടുത്തെ പ്രശ്നം. എക്കാലത്തോ പ്രസിദ്ധീകരിച്ച ചില ആനുകാലിക ലേഖനങ്ങളുടെ ഫോട്ടോക്കോപ്പികളാണ് മലയാളത്തിലെ വലിയ എഴുത്തുകരെക്കുറിച്ച് പഠിക്കാൻ വിദ്യാർഥികൾക്കു ലഭ്യമായ പ്രഭവം. നല്ല നിരൂപണത്തിന്‍റെ അഭാവം സാഹിത്യവിദ്യാർഥികളുടെ പരിശീലനത്തെയും ഗവേഷണത്തെയും കാര്യമായി ബാധിക്കുന്നതുപോലെ, മികച്ച ശിക്ഷണം ലഭിച്ച വിദ്യാർഥികളെ സൃഷ്ടിക്കാൻ സർവകലാശാലകൾക്കു കഴിയാതെപോകുമ്പോൾ യുവനിരൂപകരുടെ തലമുറ ശുഷ്കമായിവരുകയും ചെയ്യുന്നു. സാഹിത്യവിമർശനത്തിനെക്കുറിച്ചുള്ള ഈ ലേഖനത്തിൽ ഇത് പരാമർശിക്കേണ്ടതാണെങ്കിലും, ഇതിന്‍റെ വിശകലനം ഇവിടെ സംഗതമല്ല. ഒരു കാര്യം പക്ഷേ പറയാതിരിക്കാൻ കഴിയില്ല. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്ന സർവകലാശാലയിലെ മലയാള വിഭാഗം ഈ ശോചനീയാവസ്ഥയിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. മലയാളത്തിലെ സാഹിത്യപഠനങ്ങളുടെയും ഗവേഷണത്തിന്‍റെയും പുറത്ത് വന്നുവീണ വലിയൊരു ശാപമാണ് സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം. തുടക്കം മുതൽ അവിടുത്തെ ഒരു കൂട്ടം അധ്യാപകർ, സാഹിത്യ പഠനമല്ല സംസ്കാര പഠനമാണ് ഇന്ന് ആവശ്യമായിട്ടുള്ളത് എന്നു വാദിച്ചിരുന്നു. മറ്റു സർവകലാശാലകൾ സാഹിത്യപഠനത്തിന് പ്രാധാന്യം നൽകുമ്പോൾ പുതിയൊരു സർവകലാശാല സംസ്കാര പഠനങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിൽ തെറ്റൊന്നുമില്ല എന്നു മാത്രമല്ല, അത് ഒരർഥത്തിൽ നല്ലൊരു മാറ്റമാണെന്നുതന്നെ പറയണം. എന്നാൽ സംസ്കാര പഠനം എന്താണെന്ന് പഠിക്കാൻ ശ്രമിക്കാതെ അതിന്‍റെ പേരിൽ ഒരു ഹൈപ് സൃഷ്ടിക്കുക മാത്രമാണ് അവർ ചെയ്തത്. സാഹിത്യപഠനമല്ലാത്ത എന്തും സംസ്കാരപഠനമായി മാറി. സംസ്കാര പഠനം എന്ന പേരിൽ അവിടെനിന്നു പുറത്തുവന്ന ഗവേഷണങ്ങൾ വലിയ തമാശകളാണ്. ഇതിലൊന്നാണ് സുനിൽ പി. ഇളയിടത്തിന്‍റെ ഗവേഷണ പ്രബന്ധം. കെ.സി.എസ് പണിക്കരുടെ ഒരു ചിത്രത്തെയും ഖസാക്കിന്‍റെ ഇതിഹാസത്തെയും ആധാരമാക്കി കേരളീയാധുനികതയെ വിശകലനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഈ ‘പഠനം’ നമ്മുടെ അക്കാദമിക ലോകത്തിന്‍റെ പൊള്ളത്തരത്തെയാണ് വെളിവാക്കുന്നത്. ആദ്യം തന്നെ, ചിത്രകലയെക്കുറിച്ച് ഗവേഷണപരമായ വിലയിരുത്തലുകൾ നടത്താൻ ഈ ഗവേഷകന് പ്രാപ്തിയുണ്ടെന്ന സൂചന തരുന്ന ഒരു വാക്യംപോലും ഇതിലില്ല. ഖസാക്കിനെക്കുറിച്ചു പറയുന്നതിൽ സാഹിത്യപരമോ സാംസ്കാരികമോ ആയ ഉൾക്കാഴ്ചകളൊന്നുമില്ല. ഫ്രെഡറിക് ജെയിംസണിന്‍റെ പൊളിറ്റിക്കൽ അൺകോൺഷ്യസ് എന്ന ആശയം വെറുതെയെടുത്ത് പ്രബന്ധത്തിൽ ഒട്ടിച്ചിരിക്കുന്നു. പഠനവിധേയമാകുന്ന ചിത്രവുമായോ ഖസാക്കിന്‍റെ ഇതിഹാസവുമായോ കേരളീയ ആധുനികതയുമായോ അതിനെ ഒരു വിധത്തിലും ബന്ധിച്ചിട്ടുമില്ല. ഇതൊക്കെയാണെങ്കിലും അർഥഗാംഭീര്യമുള്ള പദങ്ങൾ വിതറിക്കൊണ്ട് ആശയങ്ങളൊന്നുമില്ലാത്ത കാമ്പിനെ മറച്ചുപിടിക്കുന്ന അവതരണ ശൈലി ഈ പ്രബന്ധം വിലയിരുത്തിയ മിക്കവരെയും കബളിപ്പിച്ചു. വലിയൊരു സംഭവമായി അത് വാഴ്ത്തപ്പെട്ടു. ഈ പ്രബന്ധവും, അതിന്‍റെ പുസ്തകരൂപവും ഗവേഷണത്തിന്‍റെയും സാംസ്കാരിക പഠനങ്ങളുടെയും അത്യന്താധുനിക മാതൃകകളായി അവതരിപ്പിക്കുന്നതിൽ കാലടിയിലെ അധ്യാപകർ വിജയിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്ന സർവകലാശാലയിലെ മലയാള വിഭാഗം ഈ ശോചനീയാവസ്ഥയിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. മലയാളത്തിലെ സാഹിത്യപഠനങ്ങളുടെയും ഗവേഷണത്തിന്‍റെയും പുറത്ത് വന്നുവീണ വലിയൊരു ശാപമാണ് സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം
ഈ പുസ്തകത്തിനും ഇളയിടത്തിന്‍റെ മറ്റു ലേഖനങ്ങൾക്കും പുസ്തകങ്ങൾക്കും പ്രചാരം നൽകുന്നതിൽ പ്രഭാഷകൻ എന്ന നിലയിൽ ഇളയിടം നേടിയ പ്രശസ്തിയും കാരണമായി. കാലടിഗവേഷണ മാതൃക എന്ന പേരിൽ പിന്നീട് അറിയപ്പെട്ട ഈ ശൈലി മറ്റു സർവകലാശാലകളിലേക്കും വ്യാപിച്ചു. സാഹിത്യപാഠ വിശകലനം, ചിന്തയും വിലയിരുത്തലും, മൗലികമായ നിരീക്ഷണങ്ങൾ, ചിട്ടയോടെയുള്ള പ്രബന്ധാവതരണം എന്നിവയ്ക്കു പകരം സിദ്ധാന്തങ്ങൾ എഴുതിനിറയ്ക്കുകയും പല പ്രഭവങ്ങളിൽനിന്ന് ഉദ്ധരണികൾ കുത്തി നിറയ്ക്കുകയും ചെയ്യുന്ന പ്രബന്ധരചനാ ശൈലി വ്യാപകമായി. കാലടിശൈലി പിൻതുടർന്ന ഗവേഷകർ പൊതുവെ സാഹിത്യത്തെ മിക്കവാറും ഉപേക്ഷിക്കുകയായിരുന്നു. ഓണം, മുടിയേറ്റ്, ശരീരം, പരസ്യം, ഫാഷൻ, സ്ത്രൈണത, പ്രാദേശിക ചരിത്രം, ആധുനികത എന്നൊക്കെയായിരുന്നു അവരുടെ ഗവേഷണ വിഷയങ്ങൾ. ഇവയ്ക്കൊക്കെ ഗവേഷണപരമായ പ്രാധാന്യം ഉണ്ട് എന്നതിൽ തർക്കമില്ല. പക്ഷേ സംസ്കാരപഠന സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ഇവയെ പഠിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശിക്ഷണമോ കഴിവോ ഇതു പ്രചരിപ്പിച്ച അധ്യാപക സംഘങ്ങൾക്കോ അവരെ പിൻതുടർന്ന ഗവേഷകർക്കോ ഉണ്ടായിരുന്നില്ല. സാഹിത്യവിദ്യാർഥികൾ സാഹിത്യത്തിൽനിന്ന് അകന്നുപോവുകയും സംസ്കാരപഠനങ്ങൾ എന്നതിലേക്ക് അവർ എത്തിച്ചേരാതിരിക്കുകയും ചെയ്തു എന്നതായിരുന്നു ഇതിന്‍റെ പ്രാഥമികമായ ഫലം. ആശയങ്ങളുടെ അടിത്തറയിൽനിന്നുയരുന്ന ഭാഷ വിദ്യാർഥികൾക്ക് അന്യമാവുകയും, ഉദ്ധരണികളും സൈദ്ധാന്തിക പദാവലികളുമാൽ അലംകൃതമായ ഉൾക്കനമില്ലാത്ത ഭാഷ വ്യാപകമാവുകയും ചെയ്തു എന്നതാണ് രണ്ടാമതായി നടന്നത്. ഈ ഭാഷ ഇന്നത്തെ പല യുവനിരൂപകരിലും- സർവകലാശാലാ തലത്തിൽ മലയാളമല്ലാതെ മറ്റു വിഷയങ്ങൾ പഠിച്ചവരിൽപോലും- കാണാം. ഇന്നത്തെ നിരൂപണം നേരിടുന്ന വലിയൊരു പ്രശ്നം ഈ ‘ഇളയിടഭാഷ’യാണ്. സുനിൽ പി. ഇളയിടം രചിച്ച ‘മഹാഭാരതം-സംസ്കാരിക ചരിത്രം’ പോലുള്ള കൃതികൾ സംസ്കാര പഠനങ്ങളുടെ ഉദാത്ത മാതൃകയായി ഇന്നും വിദ്യാർഥികൾക്കു മുൻപിൽ അവതരിപ്പിക്കപ്പെടുകയാണ്.
ഇളയിടത്തെപ്പോലുള്ളവർ നടത്തുന്ന mosaic plagiarism -ത്തിന് സാധൂകരണം ഒരുക്കാൻ രൂപപ്പെടുത്തിയതായിരുന്നു ഈ സിദ്ധാന്തം. കാലടിയിലെ അധ്യാപകർ മലയാള സാഹിത്യ, സാംസ്കാരിക പഠനങ്ങൾക്കും ഗവേഷണത്തിനുംമേൽ ഏല്പിച്ച വലിയൊരു ആഘാതത്തിന്‍റെ തെളിവുകൂടിയാണ് ഈ പ്രസ്താവം.
അക്ഷരാർഥത്തിൽ പല പുസ്തകങ്ങളിൽനിന്ന് കട്ട് ആൻഡ് പേസ്റ്റ് ചെയ്യുകയും, അവയിൽ കുറേ ഭാഗം ഉദ്ധരണി ചിഹ്നത്തിൽ നൽകുകയും മറ്റു ഭാഗങ്ങൾ സ്വന്തമെന്ന നിലയിൽ അവതരിപ്പിക്കുകയും ഇത്തരം ഭാഗങ്ങളെ കൂട്ടിയിണക്കുന്ന കുറച്ചു വരികൾ മാത്രം എഴുതുകയും ചെയ്യുന്ന, mosaic plagiarism എന്നറിയപ്പെടുന്ന അങ്ങേയറ്റം അധാർമികമായ രചനാശൈലിയിൽ എഴുതപ്പെടുന്ന ഇത്തരം പുസ്തകങ്ങൾ മഹത്തായ വിമർശന ചിന്തയായി അംഗീകരിക്കപ്പെടുന്ന ഒരു സമൂഹത്തിൽനിന്ന് മികച്ച നിരൂപണം ഉണ്ടായിവരുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ? കാലടി പ്രഭൃതികൾ പറഞ്ഞുപരത്തിയ മറ്റൊരു സിദ്ധാന്തം സഹർഷം സ്വീകരിച്ച അധ്യാപക സമൂഹത്തെക്കുറിച്ച് എനിക്കു ലജ്ജ തോന്നാറുണ്ട്. ഒരു സാഹിത്യകൃതിയെക്കുറിച്ച് പഠിക്കുന്നത് പഴഞ്ചൻ രീതിശാസ്ത്രവും അതേ കൃതിയെക്കുറിച്ച് ഉണ്ടായ പഠനങ്ങളെക്കുറിച്ചു പഠിക്കുന്നത് പുതിയ രീതിശാസ്ത്രവും എന്നാണ് ഇവരുടെ സിദ്ധാന്തം. ഇതിനെക്കുറിച്ച ഞാൻ സംസാരിച്ചപ്പോഴും എഴുതിയപ്പോഴുമൊക്കെ, ഇങ്ങനെയൊരു വീക്ഷണം അവർ മുന്നോട്ടു വെച്ചിരുന്നു എന്നു പലരും വിശ്വസിക്കാൻപോലും തയ്യാറായിരുന്നില്ല. മൗലികമായ ചിന്തയെക്കാൾ മുകളിലാണ് അത്തരം ചിന്തകളെ ഉപജീവിച്ചു തയ്യാറാക്കുന്ന ദ്വിതീയ സൃഷ്ടികൾ എന്ന സിദ്ധാന്തം ഇളയിടം ഒരു അഭിമുഖത്തിൽ ഊന്നിപ്പറയുന്നത് അധികമാരും ശ്രദ്ധിച്ചിട്ടില്ല. ഇളയിടവുമായി നടത്തിയ അഭിമുഖങ്ങൾ അടങ്ങിയ, ‘അപരത്തെ തൊടുമ്പോൾ’ എന്ന പുസ്തകത്തിൽ (പ്രോഗ്രസ്സ് പബ്ലിക്കേഷൻ, 2018, രണ്ടാം പതിപ്പ് 2023) ഇങ്ങനെ വായിക്കാം: “ഇക്കാലംവരെ മഹാഭാരതം വായിച്ച ജ്ഞാനികൾ ഉണ്ടാക്കിയതിനെ ഞാൻ കൂട്ടിയിണക്കി പറയുന്നു. അവർക്കു മുകളിലാണ് ഞാൻ നിൽക്കുന്നത് ” (2023, പുറം113). (കൂട്ടിയിണക്കി പറയുന്നതിന്‍റെയും cut & paste ചെയ്യുന്നതിന്‍റെയും വ്യത്യാസം ഇവരുടെ ഇരകളായ വിദ്യാർഥികൾക്കു മനസ്സിലായതുമില്ല.) ഇളയിടത്തെപ്പോലുള്ളവർ നടത്തുന്ന mosaic plagiarism -ത്തിന് സാധൂകരണം ഒരുക്കാൻ രൂപപ്പെടുത്തിയതായിരുന്നു ഈ സിദ്ധാന്തം. കാലടിയിലെ അധ്യാപകർ മലയാള സാഹിത്യ, സാംസ്കാരിക പഠനങ്ങൾക്കും ഗവേഷണത്തിനുംമേൽ ഏല്പിച്ച വലിയൊരു ആഘാതത്തിന്‍റെ തെളിവുകൂടിയാണ് ഈ പ്രസ്താവം. വിദ്യാർഥികൾ മൂലകൃതികൾ വായിക്കുകയും പഠിക്കുകയും സ്വന്തമായി വ്യാഖ്യാനങ്ങളിലേക്ക് എത്തുകയും ചെയ്യുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ട്, മറ്റുള്ളവരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും പകർത്തി വയ്ക്കുകയും സൈദ്ധാന്തിക വാചാടോപം കുത്തിനിറച്ചു വയ്ക്കുകയും ചെയ്യുന്ന ഇത്തരം പ്രബന്ധങ്ങളുടെയും ലേഖനങ്ങളുടെയും പടുകുഴിയിലേക്ക് വിദ്യാർഥികളെ തള്ളിയിടുകയാണ് കാലടിയിലെ അധ്യാപകർ ചെയ്തത്. ഈ വിദ്യാർഥികൾ എങ്ങനെയാണ് നിരൂപണ ചിന്തയുടെ ഉദാത്ത തലങ്ങളിലേക്ക് എത്തുന്നത്? സാഹിത്യപഠനത്തിനെത്തുന്ന വിദ്യാർഥികളുടെ ചിന്തയെയും ഭാഷയെയും നശിപ്പിച്ച ഈ സംസ്കാരത്തെ ആരാണ് തിരുത്തുക, എങ്ങനെയാണ് തിരുത്തുക എന്ന ചോദ്യവും ഇവിടെ ഉയരുന്നു. നിരൂപണത്തിന്‍റെ സ്വത്വപ്രതിസന്ധികൾ പരിഹരിക്കാനുള്ള ഏതു ശ്രമവും യുവതലമുറയുടെ ചിന്തയിലെയും ഭാഷയിലെയും ‘കാലടിക്കറ’ കഴുകിക്കളഞ്ഞുകൊണ്ടായിരിക്കണം ആരംഭിക്കേണ്ടത്.